ഖിലാഫത്ത്
മനുഷ്യകുലത്തിന്റെ പ്രാരംഭവുമായി ബന്ധപ്പെട്ടതാണ് അറബിയിലെ ഖിലാഫഃ എന്ന പദം. ഖുർആനിൽ പ്രതിപാദിക്കുന്നതു പ്രകാരം അല്ലാഹു ആദം (അ) നബിയെ പടച്ച വേളയിൽ, ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികളാവുകയെന്ന ദൗത്യം അദ്ദേഹത്തിലും സന്താനപരമ്പരയിലും അല്ലാഹു ഏല്പിച്ചു. പരിമിതമായ രാഷ്ട്രീയാർത്ഥത്തിൽ, സകല മുസ്‌ലിങ്ങളുടെയും ഉന്നത നേതൃത്വം എന്നാണീ പദത്തിന്റെ അർത്ഥം. എന്നിരുന്നാലും പോയ നൂറ്റാണ്ടുകളിലുടനീളം മുസ്‌ലിം നേതാക്കളുടെ രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടി മാത്രമല്ല, ദൈവശാസ്ത്ര സാധൂകരണത്തിനും വേണ്ടിയുള്ള കിടമത്സരത്തിനനുസരിച്ച് ഖിലാഫത്തെന്ന സങ്കല്പം കൂടുതൽ സൈദ്ധാന്തികവൽക്കരണങ്ങൾക്ക് വിധേയമായി. പ്രവാചകന്റെയും (സ്വ) ഖുലഫാഉ റാഷിദുകളായ ഖലീഫമാരുടെയും (റ) ഓർമ്മകളോടുള്ള ആത്മീയമായ അടുപ്പത്തെയും ഖിലാഫത്ത് പ്രതിനിധാനം ചെയ്യാനാരംഭിച്ചു. മുസ്‌ലിങ്ങളെ സംബന്ധിച്ച് ഖിലാഫത്തിനുള്ള സത്താപരമായ പ്രാധാന്യത്തെ മനസ്സിലാക്കാൻ ഈ സംഗതി നിർണായകമാണ്. ലോകത്ത് മുസ്‌ലിങ്ങൾക്കൊരു നാമം നൽകിയത് ഇസ്‌ലാമാണെന്ന് Recalling the Caliphate എന്ന ഗ്രന്ഥത്തിൽ സൽമാൻ സയ്യിദ് വാദിക്കുന്നു. ആയിത്തീരുകയെന്ന പ്രക്രിയയുടെ (act of becoming) സമാനാർത്ഥം പങ്കിടുന്ന നാമകരണ പ്രക്രിയയിലൂടെ ഇസ്‌ലാമാണ് “മുസ്‌ലിങ്ങളെ ചരിത്രത്തിലേക്ക് കൊണ്ടുവന്നത്.” അതിനാൽ, ഇസ്‌ലാമാണ് ഖിലാഫത്തിന്റെ ജ്ഞാനശാസ്ത്രപരവും സത്താപരവുമായ (epistemic and ontological) അടിസ്ഥാനീയങ്ങളെ നിർണയിക്കുന്നതെങ്കിൽ, ഖിലാഫത്തിന്റെ സത്താപരമായ വിവക്ഷകളെ മുസ്‌ലിം കർതൃത്വത്തിൽ നിന്ന് വിച്ഛേദിക്കുക സാധ്യമല്ല.
ഖിലാഫത്തിന് പ്രവാചകനുമായുള്ള (സ്വ) ആത്മീയാടുപ്പത്തെ കൂടുതൽ വിശദീകരിച്ചു കൊണ്ട് സയ്യിദ് അദ്ദേഹത്തിന്റെ A Fundamental Fear എന്ന ഗ്രന്ഥത്തിൽ, ഉമ്മഃയെ ഏകീകരിച്ചുനിർത്തുന്ന കേന്ദ്രവും ഇസ്‌ലാമിന്റെ ഗുരു സൂചകവും (master-signifier) പ്രവാചകൻ (സ്വ) ആയിരുന്നുവെന്ന് വാദിക്കുന്നു. പ്രവാചകരുടെ (സ്വ) വിയോഗത്തിന് ശേഷം ഇസ്‌ലാം തന്നെ ഐക്യത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുകയും പ്രവാചകന്റെ (സ്വ) പിൻഗാമികളായ ഖലീഫമാർ ഒരു ഗുരു സൂചകമെന്ന അർത്ഥത്തിലുള്ള ഇസ്‌ലാമിന്റെ പ്രതിനിധികളും രാഷ്ട്രീയവും സാംസ്കാരികവുമായ മുസ്‌ലിം സ്വത്വത്തിന്റെ കേന്ദ്രവുമായി മാറുകയും ചെയ്തു. ചരിത്രപരമായ ഖിലാഫത്തിനെ കുറിച്ചുള്ള അസാമാന്യ സത്യമിതാണെന്നല്ല ഇതിനർത്ഥം. മറിച്ച്, അതാത് കാലത്തെ രാഷ്ട്രീയാന്തരീക്ഷത്തിന് വിധേയമായ ഒരു സ്ഥാപന തന്നയായിരുന്നു ഖിലാഫത്ത്. മാറിമറിയുന്ന മുന്നണികളും പരസ്പരം മത്സരിക്കുന്ന എതിരാളികളുമൊക്കയായി നാമമാത്ര രാഷ്ട്രീയാധികാരം മുതൽ രാഷ്ട്രീയാധികാരം ഇല്ലാത്ത ഘട്ടങ്ങൾ വരെ ഖിലാഫത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എങ്കിലും അതിന്റെ നാമമാത്രമായ വാഴ്ച നിലനിൽക്കുന്ന ഘട്ടങ്ങളിൽ പോലും ഖിലാഫത്ത് തകർക്കാനോ ഉപേക്ഷിക്കാനോ വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയർന്നുവന്നിട്ടില്ല എന്നത് പ്രധാനമാണ്. ഇക്കാരണത്താൽ തന്നെ, ഖിലാഫത്തിന്റെ തകർച്ചയ്ക്കും അതിനെ തുടർന്നുവന്ന മുസ്‌ലിം ചരിത്രത്തിന്റെ ഖിലാഫത്താനന്തര കാലഘട്ടത്തിനും ഇന്നത്തെ മുസ്‌ലിങ്ങളെ സംബന്ധിച്ചേടത്തോളം ചരിത്രപരമായ പ്രാധാന്യം മാത്രമല്ല, ചെറുതാക്കികാണാൻ കഴിയാത്ത സത്താപരമായ പ്രാധാന്യവും അതിനുണ്ട്.
മോന ഹസൻ അവരുടെ Longing for the Lost Caliphate എന്ന ഗ്രന്ഥത്തിൽ ഖിലാഫത്തിനെ പറ്റിയുള്ള സങ്കീർണമായ ആഖ്യാനവും അതിന്റെ ചിഹ്നപരമായ മാനങ്ങളും വ്യത്യസ്ത സ്ഥലകാലങ്ങളിലുള്ള മുസ്‌ലിങ്ങളുടെ സംഘടിത ഓർമ്മയുടെ ഭാഗമാവുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്;
“മുസ്‌ലിം സംഘടിത ഓർമ്മയുടെ വാഹനമെന്ന നിലയിൽ ഖിലാഫത്ത് എന്നു പറയുന്നത് ലൗകികതയുടെയും (അഥവാ സമുദായത്തിന്റെ ഐഹികമായ ആഖ്യാന ചരിത്രം) പ്രവാചകപരതയുടെയും (അഥവാ, സമുദായത്തിന്റെ വ്യവഹാരങ്ങളിൽ നിന്നും പ്രയോഗങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന മതപരമായ അനുശാസനങ്ങൾ) സാകല്യമാണ്. ലൗകികമായതും, അല്ലെങ്കിൽ മതേതരവും, ദൈവികമായതും, അല്ലെങ്കിൽ അതിഭൗതികമായതും ഒത്തുചേർന്ന് വിശാലമായ ഭൂമികകളും നൂറ്റാണ്ടുകളും കടന്നു വ്യാപിക്കുന്ന വിധത്തിലുള്ള സാംസ്കാരികാനുരണനങ്ങൾ അത് ഖിലാഫത്തിനു നൽകി… ഖലീഫയുടെയും അവരുടെ കുടുംബത്തിന്റെയും തകർച്ച പ്രവാചകനുമായും (സ്വ) അവരുടെ ചരിത്രവുമായും ബന്ധപ്പെടാനുള്ള സുപ്രധാനവും രൂപകപരവുമായ കണ്ണി ഇല്ലാതാക്കി.”
മുസ്‌ലിം ലോകത്തെ ഈ ബദൽ രാഷ്ട്രീയ രൂപീകരണം മുസ്‌ലിം ഐക്യവുമായോ കർതൃത്വവുമായോ മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. പകരം, ഉമ്മത്തീ ഓർമ്മയിലൂന്നിയ ബദൽ രാഷ്ട്രീയ രൂപീകരണം എന്ന സങ്കല്പം തന്നെ സ്ഥല കാലങ്ങളെയും ദേശീയാതിർത്തികളെയും അതിലംഘിക്കുന്ന വിധത്തിൽ ഈ ലോകത്ത് ആയിരിക്കുക എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഖലീഫയെന്ന രൂപകത്തിൽ അന്തർലീനമായിരിക്കുന്ന ഈ ഉമ്മത്തീ മാനം ഖിലാഫത്തെന്ന ആശയത്തിന്ന് വേണ്ടി അനേകം മുസ്‌ലിങ്ങൾ കാത്തിരിക്കുന്നതെന്തു കൊണ്ടെന്ന് മനസ്സിലാക്കാൻ നിർണായകമാണ്. ഒവാമിർ അഞ്ജും വിശദീകരിക്കുന്നതു പോലെ, “സർവ്വ മുസ്‌ലിങ്ങളുടെയും സ്ഥലപരമായ തുടർച്ചയെയാണ് (അല്ലെങ്കിൽ ഐക്യത്തയാണ്)” ഖിലാഫത്ത് എല്ലാ കാലത്തും പ്രതിനിധീകരിച്ചിട്ടുള്ളത്. അതിനാൽ ഉമ്മത്തീ ഓർമ്മയെ അത് പ്രതിനിധീകരിക്കുന്നു. തുടർച്ചയുടെ ഈ മണ്ഡലത്തിൽ വെച്ചാണ് മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഖിലാഫത്തിന്റെ ഓർമ്മയുമായി മുസ്‌ലിങ്ങൾ സ്വയം ബന്ധപ്പെടുത്തുന്നത്. ദേശാന്തരീയമായ അതിന്റെ സ്വഭാവം കാരണം ഉമ്മത്തീ ഓർമ്മയുടെ ഈ പ്രകടനം, സമകാലിക അധീശത്വ ലോകക്രമത്തിന് കാര്യമായ വെല്ലുവിളി ഉയർത്തുന്നു. ആധുനിക ദേശരാഷ്ട്രത്തിന്റെ ദേശീയതാബോധത്തോടും, സ്വയം ദിവ്യത്വം കല്പിക്കുന്ന അതിന്റെ പ്രകൃതത്തോടും നേരിട്ടിടയുന്ന ചുരുക്കം ചില ചട്ടക്കൂടുകളിലൊന്നാണിത് എന്നതാണിതിന്റെ കാരണം. ഈ തർക്കസ്ഥലമാണ് ഖിലാഫത്തിന്റെയും ഖിലാഫത്തിനെ കുറിച്ചുള്ള ഓർമ്മയുടെ ആവിഷ്കാരത്തെയും കുറിച്ചുള്ള കുറ്റവൽക്കരണത്തിന്റെ ഉത്ഭവകേന്ദ്രം. ഇസ്‌ലാമുയർത്തുന്ന വെല്ലുവിളിയെയും മുസ്‌ലിം ലോകത്തിലെ മറ്റൊരു രാഷ്ട്രീയ മാതൃകയുടെ ഉയർച്ചയെയും കേവലം ലഘൂകരിക്കുക മാത്രമല്ല അധീശത്വ ലോകക്രമം ചെയ്യുന്നത്. ഈ സാധ്യതയെ കുറിച്ചുള്ള ഭയത്തിലധിഷ്ടിതമായ ഒരു തരം അധികാര പ്രയോഗവും ആധുനിക ദേശരാഷ്ട്രങ്ങൾ നടത്തുന്നുണ്ട്. ഈ വെല്ലുവിളി സാക്ഷാൽക്കരിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ഈ ഘട്ടത്തിൽ അപ്രസക്തമാണ്. അനിശ്ചിതത്വത്തിലുള്ള ഈ സാധ്യത ഉയർത്തുന്ന വെല്ലുവിളി തന്നെ അതിനെ എതിർക്കാൻ മതിയായ കാരണമാണ്.
ബ്രയാൻ മസൂമി അദ്ദേഹത്തിന്റെ Ontopower: Wars, Powers, and the State of Perception എന്ന പുസ്തകത്തിൽ ഇതാണ് വിശദീകരിക്കുന്നത്. മസൂമിയുടെ അഭിപ്രായത്തിൽ, “അധികാരത്തിന്റെ പ്രവർത്തന യുക്തി” എന്ന നിലയിലുള്ള പൂർവ്വക്രയാധികാരം (preemption) നമ്മുടെ കാലഘട്ടത്തെ നിർവ്വചിക്കുന്ന രാഷ്ട്രീയ യുക്തിയായി ഉയർന്നുവന്നിട്ടുണ്ട്. What makes this logic so potent is how it marries “an ontology with an epistemology in such a way as to trace itself out as a self-propelling tendency that is not in the sway of any particular existing formation but sweeps across them all.” മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഒരുകാലത്ത് പ്രത്യേകതരം അറിവ് (ഒരു ജ്ഞാനശാസ്ത്രം) സവിശേഷതയായുണ്ടായിരുന്ന ഒരു ഭീഷണി ഇന്ന് ഒരു തരം പ്രതീക്ഷിത ഭീതിയാൽ (ഒരു ഭവശാസ്ത്രം) നിർവ്വചിക്കപ്പടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി രൂപാന്തരപ്പട്ടിരിക്കുന്നു. അനുഭവപരമായ തെളിവുകളുടെ പിന്തുണയേതുമില്ലാതെ തന്നെ രാഷ്ട്രങ്ങളെ മുൻകൂട്ടിയുള്ള അധികാരപ്രയോഗം നടത്താൻ പ്രാപ്തമാക്കുന്ന ഒന്നെന്ന നിലയിൽ “ഭയം, രാഷ്ട്രീയമായി കണ്ടീഷണലാവാൻ നല്ലൊരു കാരണമാണ്” എന്ന് മസൂമി സൂചിപ്പിക്കുന്നു.
പൂർവ്വക്രയാധികാരം നമ്മുടെ കാലത്തെ പ്രവർത്തനയുക്തിയായി മാറിയിരിക്കുന്നു എന്ന മസൂമിയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുവെങ്കിലും മുസ്‌ലിം ലോകത്തെ കോളനിയാനന്തര കാലത്തിന്റെ ആദ്യഘട്ടം മുതൽക്കു തന്നെ ഈ യുക്തിയുടെ ഘടകങ്ങൾ നിലനിന്നിരുന്നുവെന്ന വാദവും എനിക്കുണ്ട്. ഈ പ്രബന്ധമുന്നയിക്കുന്ന പ്രധാന വാദമെന്ന നിലയിൽ, 1920-കളുടെ തുടക്കത്തിൽ തന്നെ ഖിലാഫത്തിന്റെ ഉമ്മത്തീ മാനത്തെ കുറിച്ചുള്ള ഓർമ്മകളെ കുറ്റവൽക്കരിക്കാനായി പ്രതീക്ഷിത ഭീതി എന്ന ആശയം പ്രയോഗിക്കപ്പെട്ടതെങ്ങനെ എന്നാണ് അടുത്ത ഭാഗത്ത് പരിശോധിക്കുന്നത്. ഇതിന് ശേഷമാണ് ഖിലാഫത്തിന്റെ തകർച്ചയും തുർക്കി റിപ്പബ്ലിക്കിന്റെ ഉയർച്ചയും ഉണ്ടാവുന്നത്. കൂടാതെ, അധികാരത്തിന്റെ ഈ പ്രവർത്തന യുക്തി പിന്നീട് 9/11 അനന്തര കാലഘട്ടത്തിന്റെ ഭീകരവാദത്തിനെതിരായ യുദ്ധമെന്ന പദ്ധതികൾക്കു കീഴിൽ മുസ്‌ലിം കർതൃത്വത്തിനെതിരെയുള്ള നിരീക്ഷണ സംവിധാനമായി ക്രമേണ വളർന്നതെങ്ങനെയെന്നും ഞാൻ പരിശോധിക്കുന്നു. 1924 മുതൽ 2001 വരെയുള്ള കാലഘട്ടത്തിനിടക്ക് നടന്ന സംഭവവികാസങ്ങൾ മുസ്‌ലിം കർതൃത്വത്തിന്റെ കുറ്റവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടില്ലെന്നല്ല ഇതിനർത്ഥം. പക്ഷേ, ഈ പ്രബന്ധത്തിന്റെ സ്ഥലപരിമിതി മൂലം ആ കാലഘട്ടം വിശകലനവിധേയമാക്കുന്നില്ലെന്ന് മാത്രം.
1924 മുതൽ 9/11 അനന്തരകാലം വരെ; ഖിലാഫത്തിന്റെ കുറ്റവൽക്കരണം
മുസ്‌ലിം ലോകം ഒരു സന്ദിഗ്ധ ഘട്ടത്തിലായ കാലഘട്ടമായിരുന്നു ഖിലാഫത്തിന്റെ ഉന്മൂലനത്തിലേക്കും ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയിലേക്കും നയിച്ച വർഷങ്ങൾ. ആധുനികതയുടെയും ജ്ഞാനോദയകാല ആശയങ്ങളുടെയും വിജയവും അതോടനുബന്ധിച്ച യൂറോപ്യൻ കൊളോണിയൽ ആധിപത്യത്തിന്റെ വ്യാപനവും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വരേണ്യർക്കിടയിൽ രാഷ്ട്രത്തിലും സമൂഹത്തിലും ഇസ്‌ലാമിന്റെ കേന്ദ്രീയത നഷ്ടപ്പെടുന്ന ഒരു ഭാവി സ്വപ്നം കാണാനുള്ള ആഗ്രഹത്തിന്റെ വിത്തുകൾ പാകി. പരാജയപ്പെട്ടില്ലാതായ ഒട്ടോമൻ ഖിലാഫത്തിന്റെ ഭസ്മങ്ങളിൽ നിന്നുയിരു കൊണ്ട തുർക്കിഷ് റിപ്പബ്ലിക്കിന്റെ കാര്യത്തിൽ ഇത് സവിശേഷമായും ശരിയാണ്. ഒട്ടോമൻ സമൂഹത്തിന്റെ സർവ്വ തലങ്ങളിലും വ്യാപിച്ചു കിടന്നിരുന്ന ഈ ഉമ്മത്തീ ഓർമ്മയെ ചവിട്ടിമെതിച്ചുകൊണ്ടാണ് റിപ്പബ്ലിക്കിന്റെ ആദ്യവർഷങ്ങളിൽ മതേതരത്വം വിജയം നേടുന്നത്. രാഷ്ട്രീയ ഭീഷണികളും, അവസരവാദവും, വിമതത്വങ്ങൾക്കതിരായ അടിച്ചമർത്തലും വഴി മുസ്തഫ കെമാൽ അദ്ദേഹത്തിന്റെ പിൽക്കാല രാഷ്ട്രീയ ജീവിതത്തിൽ തന്റെ ദേശനിർമ്മാണ പദ്ധതിയുടെ വിജയത്തിന് ഈ ഓർമ്മയെ കുറ്റവൽക്കരിക്കുകയും പ്രതീക്ഷിത ഭീതിയെ ആയുധമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് തെളിയിച്ചു.
യൂറോപ്പ്യൻ കൊളോണിയൽ ശക്തികൾക്കെതിരായ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലുള്ള തന്റെ വിജയത്തിന് ശേഷം, പഴയ ഒട്ടോമൻ രാഷ്ട്ര സംവിധാനത്തോടുള്ള തന്റെ അവജ്ഞ കമാൽ ഒട്ടും രഹസ്യമാക്കി വെച്ചില്ല. പോസിറ്റീവിസം, സോളിഡറിസം പോലുള്ള ജ്ഞാനോദയാശയങ്ങളോടുള്ള അദ്ദേഹത്തിന്റെ ചായ്‌വ്, ഇസ്‌ലാമിനെ പൊതുജീവിതത്തിൽ നിന്ന് പിൻവലിയാൻ നിർബന്ധിപ്പിക്കുന്ന മതേതരവൽക്കരണ പദ്ധതിയെ മുന്നോട്ടുവെച്ചു. ആറു നൂറ്റാണ്ടോളം ദൈവത്തിന്റെ പേരിൽ ഭരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഇസ്‌ലാമിനുള്ള ശക്തമായ സ്വാധീനം തിരിച്ചറിഞ്ഞ കമാൽ, ഈ ഉമ്മത്തീ ഓർമ്മയെ കുറ്റവൽക്കരിച്ച് തന്റെ മതേതരവൽക്കരണ പദ്ധതിക്കെതിരെയുള്ള വിമതത്വവും, വിപ്ലവവുമുൾപ്പെടെയുള്ള ഭീഷണിയുടെ എല്ലാ സാധ്യതയെയും വരുതിയിലാക്കിയെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്ര നിർമ്മാണ പദ്ധതിയുടെ ഔന്നത്യത്തെ അംഗീകരിക്കുന്ന മതേതര മേലാളരുടെ കാർമ്മികത്വത്തിലുള്ള ഒരു ദേശീയവാദ തദ്ദേശീയ ഇസ്‌ലാമിന്റെ നിർമ്മാണമെന്നതായിരുന്നു ഇതിന്റെയർത്ഥം. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, മതാനുഷ്ഠാനങ്ങളെ അനുവദിക്കുകയും ആരാണ് ‘നല്ല മുസ്‌ലിം’ ആരാണ് ‘മോശം മുസ്‌ലിം’ എന്നു നിർണയിക്കുകയും ചെയ്യുന്നത് ദൈവത്തിനു പകരം രാഷ്ട്രമായി മാറി.
പൊതുജീവിതത്തിൽ നിന്നും ഇസ്‌ലാമിനെ വിച്ഛേദിക്കാനായി നടപ്പിലാക്കിയ അനേകം പരിഷ്കാരങ്ങളിൽ ഖിലാഫത്തിന്റെ സ്ഥാപനപരമായ ഘടനയിലേക്ക് മുസ്തഫ കമാൽ ശ്രദ്ധ തിരിച്ചു. 1922 ഒക്ടോബർ 30–ാം തിയ്യതി തുർക്കിഷ് അസംബ്ലിയിൽ അദ്ധ്യക്ഷത വഹിക്കവേ, ഒട്ടോമൻ രാജവംശത്തെ അധികാരഭ്രഷ്ഠമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ആദ്യത്തെ കരടുരേഖ കമാലും സഹകാരികളും ചേർന്ന് അവതരിപ്പിച്ചു. സൽത്തനത്തെന്ന സ്ഥാപനത്തെ ഖിലാഫത്തിൽ നിന്ന് വേർതിരിക്കാനുള്ള ഈ ആവശ്യമായിരുന്നു ഖലീഫയുടെ രാഷ്ട്രീയവും മതപരവുമായ അധികാരം ഇല്ലാതാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ്. സകല വിയോജിപ്പുകളെയും അടിച്ചമർത്താൻ അദ്ദേഹം ശ്രമിച്ചിട്ടും, ഈ അവതരണം കമാലിസ്റ്റുകൾക്കും ശരീഅഃ കമ്മിറ്റിക്കും ഇടയിൽ ശക്തമായ സംവാദത്തിന് തുടക്കം കുറിച്ചു. സൽത്തനത്തിനെയും ഖിലാഫത്തിനെയും വേർതിരിക്കാൻ കഴിയില്ലെന്നതായിരുന്നു അവരുടെ വാദം. തന്റെ രാഷ്ട്ര നിർമ്മാണ ആഗ്രഹങ്ങളെ ന്യായീകരിക്കാൻ മത വ്യവഹാരത്തെ കൂട്ടുപിടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും, രാഷ്ട്രീയ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും പകരം ശത്രുതാപരമായ ഒരു സമീപനം മുസ്തഫ കമാൽ വൈകാതെ തന്നെ സ്വീകരിച്ചു. പ്രസംഗപീഠം കീഴടക്കിക്കൊണ്ട്, തന്റെ കയ്യിൽ വാളുണ്ടെന്ന പോലെ കൈവീശുകയും പ്രസിദ്ധ പണ്ഡിതനായ ഹോജ മുസ്തഫ എഫന്തിയുടെ കഴുത്തിനു നേരെ ചൂണ്ടി കമാൽ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു:
“ബലപ്രയോഗവും അധികാരവും ഹിംസയുമുപയോഗിച്ചാണ് പരമാധികാരം നേടിയെടുക്കുന്നത്… അതെന്തു വില കൊടുത്തും ചെയ്തിരിക്കും. [നിങ്ങളെല്ലാം ഇതിനോട് യോജിച്ചാൽ] എന്റെ വീക്ഷണത്തിൽ അതേറെ ഉചിതമായ കാര്യമായിരിക്കും. അങ്ങനെയല്ലായെങ്കിൽ, യാഥാർത്ഥ്യം പുലരുക തന്നെ ചെയ്യും. പക്ഷേ ആ വേളയിൽ ചില ശിരസ്സുകൾ ഛേദിക്കപ്പെടാൻ സാധ്യതയുണ്ട്.”
ഖിലാഫത്തിന്റെ പ്രാധാന്യത്തിനും ഒട്ടോമൻ സമൂഹത്തിന്റെയും മുസ്‌ലിം ലോകത്തിന്റെയും ഭാവിയിൽ അതിനുള്ള സ്ഥാനത്തിനും വേണ്ടി വാദിച്ച എല്ലാവർക്കു നേരെയും അദ്ദേഹം പ്രയോഗിച്ച ഭീഷണിയുടെ രാഷ്ട്രീയത്തിന്റെ ഒരംശം മാത്രമാണ് കുപ്രസിദ്ധമായ ഈ വാക്കുകൾ. അധികാരം നേടിയെടുക്കാനുള്ള കമാലിന്റെ ഏറ്റവും അവസരവാദപരമായ നീക്കങ്ങളിലൊന്നായിരുന്നു ഖിലാഫത്തിനെ സൽത്തനത്തിൽ നിന്ന് വേർതിരിക്കുകയെന്നത്. ആക്രമണ ഭീഷണിയും മരണ ഭീഷണിയും ‘പ്രശ്നക്കാരായ’ ഉലമാക്കളെ ഗ്രാൻഡ് അസംബ്ലിയിൽ നിന്ന് പുറത്താക്കലുമൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന തന്ത്രങ്ങളിൽ സാധാരണമായിരുന്നു.
അടിച്ചമർത്തലും ഭീഷണിയുമടങ്ങിയ ഈ പ്രവർത്തനങ്ങൾ തുടരുമ്പോൾ തന്നെ, ഔദ്യോഗിക ഇസ്‌ലാമിക സ്ഥാപനങ്ങൾ അടിയന്തിരമായി പിരിച്ചുവിടാനും രാഷ്ട്രത്തിന്റെ ഖലീഫയുടെ ഓഫീസിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കാനും അതിലൂടെ അതിന്റെ അധികാരം ദുർബ്ബലപ്പെടുത്താനും കമാൽ ഉത്തരവ് പുറപ്പെടുവിച്ചു. അതിനെക്കാളൊക്കെ പ്രധാനമായി, അന്ന് അധികാരത്തിലുണ്ടായിരുന്ന ഖലീഫ സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമൻ (ഭരണകാലം: 1922-1924) സ്വയം ഖലീഫെ റസൂലുല്ലാഹ് (പ്രവാചകന്റെ പിൻഗാമി) എന്നു വിശേഷിപ്പിക്കുന്നത് നിരോധിച്ചു. ഒപ്പം വെള്ളിയാഴ്ച ഖുതുബകളിലെ ഖലീഫക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ദേശത്തിനും റിപ്പബ്ലിക്കിനും വേണ്ടിയുള്ളതാക്കി മാറ്റി. ഖിലാഫത്തെന്ന സ്ഥാപനത്തോടുള്ള മൗലികമായ ഈ വിരോധം മുസ്‌ലിം കർതൃത്വത്തെ പ്രവാചകന്റെ (സ്വ) ഓർമ്മകളുമായി ബന്ധപ്പടുത്തുന്ന ഉമ്മത്തീ ഓർമ്മയുടെ കുറ്റവൽക്കരണത്തെയാണ് കാണിക്കുന്നത്. രാഷ്ട്രാധികാരത്തിന് കീഴിലേക്ക് ഇസ്‌ലാമിനെ ഒതുക്കുകയും ഇസ്‌ലാമിക സ്ഥാപനങ്ങളെ പിരിച്ചുവിടുകയും ഒടുവിൽ 1924–ൽ ഖിലാഫത്തവസാനിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാമും മുസ്‌ലിങ്ങളും അവരുടെ ചരിത്രവും തമ്മിലുള്ള ആത്മീയവും സ്ഥലികവുമായ ബാന്ധവത്തെ വിച്ഛേദിക്കുന്നതിൽ കമാൽ വിജയം കൈവരിച്ചു. സർവ്വോപരി, മുസ്‌ലിം കർതൃത്വത്തിലും മുസ്‌ലിം ഭാവനയിലുമുള്ള ഇസ്‌ലാമിന്റെ സ്വാധീനം യഥാർത്ഥത്തിൽ ഖിലാഫത്തെന്ന സ്ഥാപനത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് റിപ്പബ്ലിക്കിന്റെ മതേതരവൽക്കരണ പദ്ധതിക്കെതിരെയുള്ള വെല്ലുവിളിയെ പരാജയപ്പെടുത്തുന്നതിനായി ഈ ഖിലാഫത്തെന്ന സ്ഥാപനത്തെ തകർക്കുകയെന്നതായിരുന്നു കമാലിന്റെ മുന്നിലുണ്ടായിരുന്ന വഴി. നിലവിൽ സജീവമായിരിക്കുന്ന വെല്ലുവിളിയെ മാത്രമല്ല, ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള വെല്ലുവിളിയെയും ലഘൂകരിക്കുകയെന്ന ലക്ഷ്യാർത്ഥം കമാലിസ്റ്റ് ഭരണകൂടം ഭയത്തെക്കുറിച്ചുള്ള ഒരു സത്താവാദത്തെ (ontology of fear) പ്രയോഗവൽക്കരിച്ചുവെന്ന് ഞാൻ വാദിക്കുന്നു. അങ്ങനെ, മുസ്‌ലിം ലോകത്തെ, ഭാവിയിലേക്ക് സ്വയം ആഖ്യാനപ്പെടുത്താനും അതുവഴി മതേതര ഭരണകൂടത്തിന്റെ ദേശീയവാദാധിഷ്ടിത ആഗ്രഹങ്ങളെ കശക്കിയെറിയാനും ശേഷിയുള്ള ഖിലാഫത്തെന്ന സ്ഥാപനത്തോടുള്ള ഭീതിയാൽ നിർവ്വചിക്കപ്പെട്ട ഒന്നായി തുർക്കിഷ് റിപ്പബ്ലിക്ക് മാറി. അത്തരത്തിൽ, ഖിലാഫത്തിനെ കുറിച്ച് സ്വപ്നം കാണുകയോ അതിനെക്കുറിച്ചോർക്കുകയോ പോലും ചെയ്യുന്ന പ്രവർത്തികളെ കുറ്റവൽക്കരിക്കുന്ന സംവിധാനമെന്ന നിലയിൽ ഈ പ്രതീക്ഷിത ഭീതി ആയുധവൽക്കരിക്കപ്പെട്ടു.
ഈ കുറ്റവൽക്കരണ തന്ത്രം എല്ലായ്പ്പോഴും പ്രത്യക്ഷമായിരുന്നില്ലെന്ന് പ്രത്യേകം എടുത്തുപറയുക പ്രധാനമാണ്. ഖിലാഫത്തിന്റ ആധികാരികതയും, വിശ്വാസ്യതയും, നിയമസാധുതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അതിന്റെ തകർച്ചയ്ക്ക് ഒരുപാട് മുന്നേ തന്നെ ആരംഭിക്കുന്നുണ്ട്. സുൽത്താൻ വഹീദുദ്ദീന്റെ (ഭരണകാലം. 1918–1922) ഭരണകാലത്ത്, നൂറുല്ലാഹ് അർദിച്ച് ബൃഹദ് വ്യാവഹാരിക തന്ത്രം (meta-discursive strategy) എന്നു വിശേഷിപ്പിച്ച ഇസ്‌ലാമിക ന്യായങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒട്ടോമൻ ഖിലാഫത്തിന്റെ “അനിസ്‌ലാമിക” സ്വഭാവം സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങൾ മതേതരവാദ ബുദ്ധിജീവികൾ നടത്തിയിരുന്നു. ചരിത്രപരമായ ഖിലാഫത്തിലെ ചോദ്യം ചെയ്യപ്പെടാവുന്ന ചില സംഭവങ്ങളെ ഉദ്ധരിക്കുകയും പ്രവാചകവചനങ്ങളെ പുനർവ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട്, ഭരണത്തിലുള്ള ഖലീഫയ്ക്കെതിരെ അഴിമതിയും സ്വേച്ഛാധിപത്യവും ആരോപിക്കാൻ വേണ്ടി മാത്രമല്ല, ‘യഥാർത്ഥ’ ഖലീഫമാരുടെ ഓർമ്മകളോടുള്ള വഞ്ചനയായിക്കൊണ്ടും ഗ്രാൻഡ് നാഷണൽ അസംബ്ലിയിലെ മതേതര ചിന്തകന്മാരും മുസ്തഫ കമാലും ഇത്തരം ദാർശനിക വാദങ്ങളെ കൂട്ടുപിടിച്ചു. അർദിച്ച് കൃത്യമായി സങ്കല്പനവൽക്കരിക്കുന്നതു പോലെ, മതേതരവാദികൾ “അവരുടെ രാഷ്ട്രീയ-മത വാദങ്ങളെയും പ്രത്യയശാസ്ത്ര നിലപാടുകളെയും ന്യായീകരിക്കുന്നതിനു വേണ്ടി ഇസ്‌ലാമും ദേശീയവാദവും സമ്മിശ്രമായ ഒരു വാചാടോപത്തെയാണ് പലപ്പോഴും കൂട്ടുപിടിച്ചിരുന്നത്.”
ഫെയ്സി ബേയുടെ സങ്കീർണമായ ഒരു വിവരണം മതേതരവാദികൾ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മതത്തെ എത്രത്തോളം ഉപയോഗിക്കാൻ തയ്യാറായിരുന്നുവന്ന് വ്യക്തമാക്കുന്നതാണ്. ഇസ്‌ലാമിക ഭരണത്തിന്റ ദൈവശാസ്ത്രപരവും കർമ്മശാസ്ത്രപരവുമായ തത്വങ്ങളെ അവലംബമാക്കികൊണ്ട് ഖലീഫ ‘മഹാനായ ഇമാം’ മാത്രമല്ല, ഒരു മുജ്തഹിദ് കൂടിയായിരിക്കണമെന്ന വാദം മതേതര മേലാളർ ഉന്നയിച്ചു. ഈ അവകാശ വാദങ്ങളെ സൂചിപ്പിച്ചുകൊണ്ട് അനാതോലിയയിലെ വിശ്വാസി സമൂഹം നിലവിലെ ഖലീഫ ഈ നിബന്ധനകൾ ഉൾക്കൊള്ളുന്നില്ലെന്ന മതേതരവാദികളുടെ ആഖ്യാനത്തെ അംഗീകരിക്കുകയും അതിനാൽ ഭരണത്തിലുള്ള സുൽത്താന്റെ പേരിൽ നടത്തുന്ന ജുമുഅ നമസ്കാരം സാധുവാകുകയില്ലെന്ന് വാദിക്കുകയും ചെയ്തതായി ഫെയ്സി ബേയ് നിവേദനം ചെയ്യുന്നു. അക്കാലത്ത് പ്രബലമായിരുന്ന ഇത്തരം മതേതര വാചാടോപങ്ങളെ കുറിച്ചുള്ള ഗഹനമായ വിശകലനം ഈ പ്രബന്ധത്തിൽ പരിധിയിലുൾപ്പെടുത്താൻ നിലവിൽ നിർവാഹമില്ല. എങ്കിലും, അക്കാലത്ത് ഭരണത്തിലുണ്ടായിരുന്ന ഖിലാഫത്തിനെ അസാധൂകരിക്കാനും സർവ്വോപരി ഖിലാഫത്തിനെ അതിന്റ ഉമ്മത്തീ ഓർമ്മയിൽ നിന്ന് ഒറ്റപ്പെടുത്താനും ഇസ്‌ലാമിനെ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഇത്തരം വിവരണങ്ങൾ വ്യക്തമാക്കുന്നു.
ഇനി 9/11–ന് ശേഷമുള്ള ആഗോള ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ കാലഘട്ടത്തിലേക്ക് പോയാൽ, തുർക്കിഷ് റിപ്പബ്ലിക്കിന്റെ ആദ്യവർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന പൂർവ്വക്രയാധികാരത്തിന്റെയും മുൻകൂർഭീതിയുടെയും ഈ പ്രവർത്തന യുക്തി മുസ്‌ലിം കർതൃത്വത്തിനും ഭാവനയ്ക്കുമെതിരെയുള്ള കുറ്റവൽക്കരണത്തിന്റെയും സുരക്ഷാവൽക്കരണത്തിന്റെയും വ്യവസ്ഥയായി പരിണാമം പ്രാപിച്ചതായി കാണാം. മുസ്‌ലിം കർതൃത്വം, രാഷ്ട്രം, പ്രതിഭീകരവാദം എന്നീ വിഷയങ്ങളിൽ അനേകം പഠനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണ്ഡിതർ നടത്തിയിട്ടുണ്ട്. “സാധാരണ രാഷ്ട്രീയ നടപടിക്രമങ്ങൾക്ക് പുറത്തു നിൽക്കുന്ന അസാധാരണവും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമായ ഒരു അസ്തിത്വ ഭീഷണി എന്ന നിലയിൽ” ഇസ്‌ലാമിന്റെ ആവിഷ്കാരങ്ങളെ നിർമ്മിച്ചെടുക്കപ്പെട്ടിട്ടുള്ള ഒരു രാഷ്ട്രീയ കാലഘട്ടത്തെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് മുസ്‌ലിങ്ങളെന്ന കാര്യം ഇതിൽ മിക്ക പണ്ഡിതരും അംഗീകരിക്കുന്നുണ്ട്. സാമ്പ്രദായിക യുദ്ധമുന്നണികൾക്ക് പിടിച്ചുകെട്ടാനാവാത്തതും കണ്ടുപിടിക്കാനാവാത്തതുമായ ഒരു ശത്രുവിനെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചെടുക്കുന്നതിനായി മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള വലിയ കുടിയേറ്റങ്ങൾ, ‘തീവ്രവാദം’ തുടങ്ങിയ ഘടകങ്ങളെ വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രത്തിന് നേരെയുണ്ടെന്ന് പറയപ്പെടുന്ന ഈ ഭീഷണി നിർണിതാതീതമായ ഒരു സംഭവ്യതയാണെന്നിരിക്കെ, മസൂമി ചൂണ്ടിക്കാണിക്കുന്നതു പോലെ, “അനിർദ്ദിഷ്ടമായ ഒരു ഭീഷണിക്കെതിരെ പോരാടാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിന്റെ ഉൽപ്പാദനത്തിൽ സഹായിക്കുകയെന്നതാണ്.”
ആഗോള തലത്തിലുള്ള മുസ്‌ലിം സമുദായങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം, മതത്തിന്റെ ബാഹ്യപ്രകടനപരതയെ ഭീഷണിയായി കാണുന്ന ഒരു സമൂഹത്തിലെ ഇസ്‌ലാമിന്റെ ദൃശ്യതയാണ്. യൂറോപ്പിനെ ഒരുദാഹരണമായി എടുത്താൽ, ഫ്രാൻസിലും, സ്പെയിനിലും, ഇറ്റലിയിലുമുള്ള പ്രമുഖരായ നിരവധി രാഷ്ട്രീയ വ്യക്തിത്വങ്ങളും ബുദ്ധിജീവികളും ഇസ്‌ലാമിനെ യൂറോപ്പ്യൻ ജീവിതരീതിയെ കവച്ചുവെക്കുകയും തകർക്കുകയും ചെയ്യുന്ന സത്താപരമായി ഹിംസാത്മകമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഇസ്‌ലാമിനെ ഒരു ഭീകരസ്വരൂപമായി ചിത്രീകരിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസിയിലും മാധ്യമങ്ങളിലും മാത്രമല്ല ഈ വിരോധം സുവ്യക്തമായിട്ടുള്ളത്, മറിച്ച് മുസ്‌ലിം കർതൃത്വത്തിന് കല്പിക്കപ്പെട്ട നിർവചനത്തിനുള്ളിൽ (സമൂഹത്തിനെതിരായ ഭീഷണിയെന്ന നിലയിൽ) നിലനിർത്തുകയും സ്വയം നിർവ്വചിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നിടത്തോളം പൊതു ജീവിതത്തിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെ സുവർണ മാതൃകയെന്ന നിലയിൽ ഫ്രാൻസിനെയെടുത്ത് പരിശോധിച്ചാൽ, അടുത്തകാലത്ത് നിലവിൽ വന്ന 2020–ലെ വിഘടനവാദ വിരുദ്ധ ബില്ല് (Anti-Seperatism Bill, 2020) പൊതുമണ്ഡലത്തിലെ ഇസ്‌ലാമിന്റെ ആവിഷ്കാരങ്ങളെ വേട്ടയാടാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നു. ഈ ബില്ല് നിലവിൽ വന്ന് ആദ്യത്തെ രണ്ട് വർഷങ്ങൾക്കകം തന്നെ ‘ഇസ്‌ലാമിസ്റ്റുകളുടെ’ നേതൃത്വത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന 1030 പൊതുസ്ഥാപനങ്ങളുടെ (പള്ളികൾ, വിദ്യാലയങ്ങൾ, സാംസ്കാരിക, കായിക സ്ഥാപനങ്ങൾ, പൊതുഭവനങ്ങൾ) നിയന്ത്രണം ഭരണകൂടമേറ്റെടുക്കുകയും, 2021 ആവുമ്പോഴേക്ക്, 37 പള്ളികളും, 4 സ്കൂളുകളും, ഫ്രഞ്ച് മുസ്‌ലിങ്ങൾ നടത്തുന്ന 210 പൊതു ഭവനങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് ഇതെത്തുകയും ചെയ്തു.
മുസ്‌ലിം രാഷ്ട്രീയൈക്യവും കർതൃത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടലെടുക്കുമ്പോൾ അനിർദ്ദിഷ്ടമായ ഈ ഭീഷണി രാഷ്ട്ര സുരക്ഷയുമായി കൂടുതൽ ബന്ധപ്പെട്ടതായി മാറുന്നു. ഉമ്മഃയുടെ രാഷ്ട്രീയവും മതപരവുമായ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ അഭാവം മൂലം മുസ്‌ലിം വിഷയിയും, രാഷ്ട്രീയ കർതൃത്വവും, മുസ്‌ലിം ഭാവനയുമായി ബന്ധപ്പെട്ട ചർച്ചകൾ സാമൂഹികവും സാമുദായികവുമായ തലത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഖിലാഫത്തിന്റെ ഉന്മൂലനം മുതൽ, മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ ബദൽ മാതൃകയെ കുറിച്ചുള്ള സങ്കല്പനവൽക്കരണം ഉൾപ്പെടെയുള്ള മുസ്‌ലിം ഐക്യത്തിന്റെയും കർതൃത്വത്തിന്റെയും ആവിഷ്കാരങ്ങളും കുറ്റവൽക്കരണത്തിന്റെ ലക്ഷ്യമായി മാറിയിട്ടുണ്ടെന്നാണ് എന്റെ വാദം. ഉമ്മത്തീ ഓർമ്മയുടെ ഇടമെന്ന നിലിയിൽ ഖിലാഫത്തിനെ കുറിച്ചോർക്കുകയും, ആ ഓർമ്മയുടെ അടിസ്ഥാനത്തിൽ സ്വാധികാരമുള്ള മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ ഭാവിയെ കുറിച്ച് വിഭാവന ചെയ്യുകയും ചെയ്യുന്ന ഇടങ്ങൾ, രാഷ്ട്ര സുരക്ഷയുടെ പേരിൽ ഇസ്‌ലാമികാവിഷ്കാരങ്ങളെയും മുസ്‌ലിമത്വത്തെയും അസ്തിത്വ ഭീഷണിയായി രാഷ്ട്രങ്ങൾക്ക് ചിത്രീകരിക്കാൻ മതിയായ കാരണമായി മാറിയിരിക്കുന്നു. കൂടാതെ, ഈ ഭീഷണിയെ സജീവമായി ഉൽപ്പാദിപ്പിക്കുന്നതിനായി, അതിനെ രാഷ്ട്രം ആഗ്രഹിക്കുവിധം നിർവ്വചിക്കാനുള്ള അധികാരപ്രയോഗവും അത് നടത്തുന്നു. മുസ്‌ലിം വിഷയിയെയും കർതൃത്വത്തെയും കുറിച്ചുള്ള ചർച്ചകളിൽ നിന്ന് അവയെ കുറിച്ചുള്ള കല്പിത നിർവ്വചനങ്ങൾക്ക് പുറത്ത് ആഖ്യാനം ചെയ്യാനുള്ള അധികാരം എടുത്തുമാറ്റപ്പെടുന്നു. അങ്ങനെ, മുസ്‌ലിം ഭാവനയും ഉമ്മത്തീ ഓർമ്മയുമെന്ന നിലയിൽ ഖിലാഫത്ത് നിർവ്വചിക്കപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും, കുറ്റവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ അമേരിക്കൻ ഉന്നതതല ഉദ്യോഗസ്ഥർ “ശരീഅഃ നിയമത്തിനു കീഴിൽ ഭരിക്കപ്പെടുന്ന സ്പെയിൻ മുതൽ ഇന്തോനേഷ്യ വരെയുള്ള ഒരു ഇസ്‌ലാമിക ഖിലാഫത്ത്” എന്ന നിർവ്വചനത്തെ അവലംബമാക്കി ഖിലാഫത്തിനെ ഭയപ്പെടേണ്ടുന്ന ഭീഭത്സമായ ഒന്നായി ബോധപൂർവ്വം അവതരിപ്പിച്ചത് ഇതിന്റെ മകുടോദാഹരണമാണ്.
മുകളിൽ വിശദീകരിച്ച രണ്ട് കാലഘട്ടങ്ങളുടെയും പൊതു സവിശേഷതയാണ് ഭയത്തെ കുറിച്ചുള്ള സത്താവാദം എന്നത്. തുർക്കിഷ് രാഷ്ട്രത്തിന്റെ ആദ്യകാല റിപ്പബ്ലിക്കൻ കാലഘട്ടവും 9/11-ന് ശേഷമുള്ള മുസ്‌ലിങ്ങൾക്കെതിരായ സുരക്ഷാവൽക്കരണത്തിന്റെ കാലഘട്ടവും മുസ്‌ലിങ്ങൾ തന്നെ സ്വന്തം വിധിനിർണ്ണയിക്കുന്നവരാവുകയും അവരുടെ കർതൃത്വം തിരിച്ചുപിടിക്കുകയും ചെയ്യുന്ന ഒരു ഭാവി സംഭവ്യതയെ കുറിച്ചുള്ള ഭയത്താലാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. ഒരു ഉമ്മത്തീ ഓർമ്മയുടെ ഇടമെന്ന നിലയിൽ ഖിലാഫത്തിന് ഊന്നൽ കൊടുക്കുന്നതിലൂടെ ഈ രണ്ടു കാലഘട്ടങ്ങളിലെയും ഉമ്മത്തീ ഓർമ്മകൾക്കും മുസ്‌ലിം കർതൃത്വത്തിനും നേരെയുള്ള കുറ്റവൽക്കരണത്തെ അടിവരയിട്ടു കാണിക്കുക എന്നത് മാത്രമല്ല എന്റെ ഉദ്ദേശം, മറിച്ച് അത്തരമൊരു കുറ്റവൽക്കരണം മുസ്‌ലിം ഭാവനയെയും ഓർമ്മിക്കലിനെയും പുനസംഘടിപ്പിക്കുകയും ഖിലാഫത്തെന്ന പദത്തെ കുറിച്ച് മുസ്‌ലിം ചിന്തകന്മാർ അതിജയിക്കാൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അതേ ചട്ടക്കൂടുകൾക്കകത്ത് വെച്ച് എങ്ങനെയാണ് പുനഃരൂപീകരിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് പ്രശ്നവൽക്കരിക്കുക കൂടി എന്റെ ഉദ്ദേശമായിരുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഖിലാഫത്തിന്റെ ചരിത്ര രൂപത്തെയും അതിന്റെ സകാലിക സങ്കല്പനങ്ങളെ കുറിച്ചുമുള്ള വായനക്കാരുടെ ധാരണകളെ പുനഃപരിശോധിക്കുവാനാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. അങ്ങനെ ചെയ്യുക വഴി, ചരിത്രഖിലാഫത്തിന കുറിച്ച സങ്കല്പങ്ങളെ രൂപപ്പെടുത്തിയ ഓറിയന്റലിസ്റ്റ് മാതൃകകളെ കണ്ടുമുട്ടുക മാത്രമല്ല ഒരാൾ ചെയ്യുന്നത്, പകരം മുസ്‌ലിം രാഷ്ട്രീയൈക്യത്തിനു മേൽ മുഖ്യധാരാ രാഷ്ട്രീയ ഭാവന സ്ഥാപിച്ച പരിമിതകളെയും അത് വെളിവാക്കുന്നു.
ഖിലാഫത്തോർമ്മകളെ കുറ്റവൽക്കരിക്കുകയും അടിച്ചൊതുക്കുകയും ചെയ്യാനുള്ള സംഘടിത ശ്രമങ്ങൾ നേരത്ത സൂചിപ്പിച്ചതു പോലെ ഉണ്ടായിട്ടുണ്ടെങ്കിലും, കാലഘട്ടത്തിന്റെ പരീക്ഷണങ്ങളെ അതിജയിച്ച് പിടിച്ചുനിൽക്കാനുള്ള ശേഷി ഈ ഉമ്മത്തീ ഓർമ്മ തെളിയിച്ചിട്ടുണ്ട്. മുസ്‌ലിം വിഷയിയും കർതൃത്വവും കുറ്റവൽക്കരിക്കപ്പെടുന്ന സാമൂഹിക ഇടങ്ങളിൽ ഒരു ഉമ്മത്തീ ഓർമ്മയെ പുനരാഖ്യാനം ചെയ്യുകയും ഓർമ്മിക്കുകയും ചെയ്യുക വഴി സ്മരണയെ പ്രതിരോധമായി പരിവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വാദിക്കുന്നു. ഇതുകൂടാതെ, പ്രാദേശികാന്തര ദേശങ്ങളുടെ (translocalities) ഉയർച്ചയിൽ ആഗോളവൽക്കരണം ചെലുത്തിയ സ്വാധീനവും തുടർന്ന് വികസിച്ചുവന്ന ഇത്തരം പ്രദേശങ്ങൾ തമ്മിലുള്ള ബാന്ധവങ്ങളും ദേശരാഷ്ട്രത്തിന്റെ പ്രകൃതത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ ഉമ്മത്തീ ഓർമ്മയുടെ പ്രാദേശികതയെ മറികടക്കുന്ന സ്വഭാവവും, അത് ചർച്ച ചെയ്യപ്പെടുന്ന സാമൂഹിക ഇടങ്ങളും, ചരിത്രത്തിന്റെ തടവറയിൽ തളച്ചിടപ്പെടുന്നതിന് പകരം ചരിത്രത്തിൽ നിന്ന് പാഠങ്ങളുൾക്കൊള്ളുന്ന മുസ്‌ലിം ലോകത്തെ ഒരു ബദൽ ഭരണ മാതൃകയുടെ സാധ്യതയെ ത്വരിതപ്പെടുത്തുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, ഖിലാഫത്തിന്റെ കുറ്റവൽക്കരണം എന്ന സങ്കല്പം ഖിലാഫത്തിനെ കുറിച്ചുള്ള മുസ്‌ലിം ഭാവന അവർക്കു മേൽ നിർമ്മിക്കപ്പെട്ട ഒന്നെന്നതിനു പകരം എത്രത്തോളം അവരുടെ സ്വന്തം ആനുഭവ ജ്ഞാനത്താലും ചരിത്രത്താലും സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന ചോദ്യമുയർത്തുന്നു. അതുകൊണ്ട്, ഖിലാഫത്തിനെ കുറിച്ചുള്ള ഏതൊരു പുനഃപരിശോധനാ ശ്രമവും ഖിലാഫത്തിനെ ഓറിയന്റൽവൽകൃതവും, മാറ്റരഹിതവുമായ മധ്യകാല രാഷ്ട്രീയ രൂപമായി കാണുന്ന സങ്കല്പത്തെ ഒന്നാമതായി ചോദ്യം ചെയ്യണമെന്നു ഞാൻ കരുതുന്നു. ഖിലാഫത്തിനെ കുറിച്ച ഭാവനകളിലെ ഓറിയന്റലിസ്റ്റ് സ്വാധീനങ്ങളെ തകർക്കാനുള്ള ബാഹ്യശ്രമങ്ങൾ മാത്രം മതിയാവുകയില്ല. പകരം, ഭാവിയിലേക്ക് സ്വയം ആഖ്യാനപ്പെടുത്താനുള്ള ഖിലാഫത്തിന്റെ ശേഷി നഷ്ടപ്പെടുത്തുന്ന ഖിലാഫത്തിനെ കുറിച്ച നമ്മുടെ തന്നെ ധാരണകളെ പരിശോധിക്കുകയും വെല്ലുവിളിക്കുകയും ചെയ്യണം.
ദേശരാഷ്ട്ര ഇതര സംഘങ്ങളുടെ സാന്നിധ്യവും പ്രാദേശിക ഭരണസംവിധാനങ്ങളിലേക്കുള്ള അധികാരത്തിന്റെ പുനർവിതരണവും വർദ്ധിക്കുമ്പോൾ, ഓറിയന്റലിസ്റ്റ് ഭാവനകളിൽ നിന്ന് സ്വതന്ത്രമായ ദേശാന്തരീയമായ അല്ലെങ്കിൽ ദേശാനന്തരമായ ഒരു ഖിലാഫത്ത് മാതൃകയെ പുനരൂപീകരിക്കാനുതകുന്ന പരിതസ്ഥിതികളെ കുറിച്ചുള്ള പ്രതീക്ഷയാണുണ്ടാവുന്നത്. ഒരു ആഗോള ലോക ഭരണകൂടമെന്ന കോസ്മോപോളിറ്റൻ വീക്ഷണത്തോടുള്ള പ്രതികരണമെന്ന നിലയിൽ ഒരു തരം പോപുലിസ്റ്റ് ഉയർച്ച ലോകത്തൊന്നടങ്കം ഉണ്ടായിട്ടുണ്ടെങ്കിലും, ലോകത്തെ വികേന്ദ്രീകരണത്തിലേക്കുള്ള നീക്കത്തെ വിഘ്നപ്പെടുത്താൻ അതിന് കഴിയുമെന്ന് തോന്നുന്നില്ല. ദേശരാഷ്ട്രങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സാമ്പത്തികമായ പരസ്പരാശ്രയത്വം, ബഹുധ്രുവ ലോകക്രമത്തിന്റെ ഉയർച്ച, ദേശരാഷ്ട്ര സമ്പദ് ഘടനകൾക്കു മുകളിലുള്ള ബഹുരാഷ്ട്ര, ദേശന്തരീയ സമ്പദ്ഘടനകളുടെ വളർച്ച തുടങ്ങിയവ അധികാരത്തിനു മേലുള്ള ദേശരാഷ്ട്രത്തിന്റെ സമഗ്രമായ സ്വാധീനത്തെ കാലഹരണപ്പെടുത്തുന്നു. തൽഫലമായി, സംഘടിതമായ ഇസ്‌ലാമികാശയങ്ങളിൽ അധിഷ്ടിതമായ സ്ഥലികവും, സാമൂഹികവും, രാഷ്ട്രീയവും, സാംസ്കാരികവുമായ ശൃംഖലകളുടെ സംഘാടനത്തിനാവശ്യമായ ഫലഭൂയിഷ്ഠമായ മണ്ണ്, ഒരു ഉമ്മത്തീ ഓർമ്മയെന്ന നിലയിൽ ഖിലാഫത്തിനെ പുനർവിഭാവനം ചെയ്യുന്ന ഇത്തരം സാമൂഹിക ഇടങ്ങൾ ഒരുക്കുന്നു.
ഉപസംഹാരം
പ്രബല ദേശരാഷ്ട്രങ്ങൾ സാമ്രാജ്യങ്ങളായി പ്രവർത്തിക്കുന്ന സമകാലിക ലോകക്രമത്തിൽ, ദേശരാഷ്ട്രങ്ങളുടെ ദീർഘകാല സുസ്ഥിരത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്, പ്രത്യേകിച്ച് മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അതിന്റെ ശേഷിയെ സംബന്ധിച്ച്. ലോകത്താകമാനമുള്ള രാഷ്ട്രീയ, പൗര സമൂഹങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗഹനമായ വിള്ളലുകൾ പരമ്പരാഗ രാഷ്ട്രതന്ത്രത്തിന്റെ സമഗ്രമായ പുനഃപരിശോധന അനിവാര്യമാക്കി മാറ്റിയിരിക്കുകയാണ്. ഒരു ഓർമ്മയും മുസ്‌ലിം ലോകത്ത് സംഭവ്യമായ ഒരു രാഷ്ട്രീയ ചട്ടക്കൂട് എന്ന നിലയിലും ഖിലാഫത്തെങ്ങനെയാണ് കുറ്റവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നാണ് ഈ ലഘു പ്രബന്ധം അന്വേഷിച്ചത്. രണ്ട് സുപ്രധാന കാലഘട്ടങ്ങളെ വിശകലനവിധേയമാക്കിക്കൊണ്ട് ഇത് വരച്ചുകാണിച്ചു; ഒന്ന്, 1924-ലെ തുർക്കി റിപ്പബ്ലിക്കിന്റെ ഉയർച്ചയുടെ ഘട്ടത്തിൽ ഖിലാഫത്തിന്റെ തകർച്ചയിലേക്ക് നയിച്ച വർഷങ്ങളും, രണ്ട്, റാഡിക്കൽ ഇസ്‌ലാമിനെ എതിർക്കുകയും പ്രതിഭീകരവാദ നീക്കങ്ങൾ നടപ്പിലാക്കുകയും ചെയ്യുകയെന്ന പേരിൽ മുസ്‌ലിം സ്വത്വം കർക്കശമായ സുരക്ഷാവൽക്കരണത്തിന് വിധേയമാവുന്ന 9/11–ന് ശേഷമുള്ള കാലഘട്ടവും.
ഈ രണ്ട് കാലഘട്ടങ്ങളെയും പരിശോധനാവിധേയമാക്കുന്നതിനായി, ബ്രയാൻ മസൂമിയുടെ മുൻകൂർ ഭീതി എന്ന സങ്കല്പനത്തെ ഈ പ്രബന്ധം ഉപയോഗിക്കുകയും ആധുനിക ദേശരാഷ്ട്രത്തിന്റെ അധീശത്വ ഘടനയ്ക്ക് നേരെയുള്ള ഏതൊരു വെല്ലുവിളിയെയും—ഇവിടെ ഇസ്‌ലാം—അടിച്ചൊതുക്കുന്ന കുറ്റവൽക്കരണത്തിന്റെ ഉപകരണമായി അതെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുകയും ചെയ്തു. മുസ്‌ലിം സ്വത്വത്തിലെ ഖിലാഫത്തിന്റെ സത്താപരമായ പ്രാധാന്യത്തിലൂന്നിക്കൊണ്ട് ദേശരാഷ്ട്ര മാതൃക മുസ്‌ലിം ലോകത്ത് നേരിടുന്ന രാഷ്ട്രീയവും ധാർമ്മികവുമായ പ്രതിസന്ധകളെയും ഈ പ്രബന്ധം സംഗ്രഹരൂപത്തിൽ വരച്ചു കാട്ടി. ഉമ്മത്തീ ഓർമ്മയുടെ അടയാളമെന്ന നിലയിൽ ഖിലാഫത്തിനെ കുറ്റവൽക്കരിക്കുന്ന ഇടങ്ങളിൽ സ്മരണയെ പ്രതിരോധമാക്കി പരിവർത്തിപ്പിക്കാനുള്ള സാധ്യത ഉള്ളടങ്ങിയിട്ടുണ്ടെന്നതാണ് ആത്യന്തികമായി എന്റെ വാദം. മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ ഭാവി വിഭാവന ചെയ്യുന്നതിനായി നടത്തുന്ന മുസ്‌ലിം ലോകത്തെ ഖിലാഫത്തീ മാതൃകയെ കുറിച്ചുള്ള ഏതൊരു പുതിയ സങ്കല്പനവൽക്കരണവും സംഘടിത മുസ്‌ലിം ഭാവനയുടെ ഡീ-ഓറിയന്റലൈസേഷൻ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.
ദേശരാഷ്ട്രം അതിന്റെ അധീശത്വ സ്വഭാവത്തിലൂടെ നമ്മുടെ കാലത്തെ പരമമായ സാക്ഷാൽ രാഷ്ട്രീയ രൂപമെന്ന നിലയിൽ മാത്രമല്ല കീഴടക്കിയിരിക്കുന്നത്, മറിച്ച് ചിന്തിക്കുന്ന ജീവികളെന്ന നിലയിലുള്ള നമ്മുടെ ഭാവനാ ശക്തിയെക്കൂടി അത് കീഴടക്കിയിരിക്കുന്നു. ബൗദ്ധിക ധീരതയും വിവേകവിചാരത്തിലൂടെയും മാത്രമേ ഈ സമഗ്രാധിപത്യത്തെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ സമകാലി സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അതിസങ്കീർണതകളെ ലളിതവൽക്കരിക്കാനോ, മുസ്‌ലിം ലോകത്തിനിന്ന് സാധ്യമാവുന്ന ഒരേയൊരു ബദൽ ഭരണമാതൃകയെ കുറിച്ചുള്ള ശുഭപ്രതീക്ഷയുള്ള അസന്ദിഗ്ദ സത്യത്തെ ഉണർത്തിക്കാട്ടാനോ വേണ്ടിയല്ല ഈ വാദങ്ങളുന്നയിക്കുന്നത്. എന്നിരുന്നാലും, ഭാവനാശക്തിയാൽ ഭരിക്കപ്പെടുന്ന ഒരു ലോകത്ത് പ്രസ്തുത ഭാവനാ ശക്തിയെ നാം പരിഗണിക്കുകയെങ്കിലും ചെയ്യണമെന്നാണ് ഞാൻ പറയുന്നത്. അധികാര ഘടനകളുടെ സൃഷ്ടിയുൾപ്പെടെയുള്ള ലോക നിർമ്മാണ പ്രക്രിയ “അതിനി എത്ര ദീർഘകാല ചരിത്രമുള്ളതാണെങ്കിലും, സുസ്ഥിരമായി നിൽക്കുന്നതല്ലെന്നും, സാവധാനത്തിലോ അല്ലെങ്കിൽ ധ്രുതഗതിയിലോ അത്തരം ഘടനകൾ മാറുകയോ രൂപമാറ്റം സംഭവിക്കുകയോ അല്ലെങ്കിൽ ഒന്നടങ്കം അപ്രത്യക്ഷമാവുകയോ” ചെയ്യുമെന്നാണ് ചരിത്രം നൽകുന്ന പാഠം. നിലവിൽ മുസ്‌ലിം ലോകത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയവും ദാർശനികവുമായ അസ്ഥിരതകൾ സൂചിപ്പിക്കുന്നതു പോലെ 19, 20 നൂറ്റാണ്ടുകളിലെ സംഭവങ്ങളുടെ തീവ്രതകൾ ഇന്നും പ്രകടമായ ഈയവസരത്തിൽ ദാർശനിക കവിയായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ വാക്കുകൾ ഓർത്തെടുക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു; ലോകം “ബന്ധനസ്ഥനായൊരു പ്രപഞ്ചമോ, അവസാനിച്ച പദ്ധതിയോ, ചലനശേഷിയില്ലാത്തതോ മാറ്റത്തിന് വിധേയമാവാത്തതോ അല്ല,” മറിച്ച്, “പുനർജന്മത്തിനായുള്ള സ്വപ്നമാണ് അതിന്റെ ഉണ്മയുടെ ആഴങ്ങളിലുള്ളത്.”
ഇസ്താംബൂളിലെ ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഗ്രാജ്വേറ്റ് വിദ്യാർത്ഥിയാണ് ഇൽഹാം. സോഷ്യോളജി ഓഫ് റിലീജ്യൻ, സെക്കുലറിസം, എത്നോഗ്രഫി ഓഫ് സ്റ്റേറ്റ്, ആന്ത്രോപ്പോളജി ഓഫ് ഇസ്‌ലാം, എന്നിവയാണ് ഗവേഷണ മേഖലകൾ.
വിവർത്തനം: മൻഷാദ് മനാസ്