Campus Alive

അത് അവരുടെ മെഷിനുകൾ മാത്രമായിരുന്നു: യഹ്യാ സിൻവാറിന്റെ അവസാന നിർത്തം

തങ്ങൾക്ക് മുന്നിൽ കിടക്കുന്നത് സിൻവാറിൻ്റെ മയ്യിത്താണെന്നറിഞ്ഞപ്പോൾ ഇസ്രായേലി സൈനികർ ധൃതിപിടിച്ച് അതിന്റെ  ദൃശ്യം പുറത്തു വിടുകയാണ് ചെയ്തത്. ഇവിടെയിതാ, ഒടുവിൽ, വിജയത്തിൻറെ, കീഴടക്കലിന്റെ, തങ്ങളുടെ വിനാശകാരിയായ ശത്രുക്കളിലേക്ക് എത്താനും അവരെ തകർക്കാനുമുള്ള കരുത്തിന്റെ അടയാളം എന്ന പ്രഖ്യാപനമായിരുന്നു. തങ്ങളുടെ വിലയേറിയ സമ്മാനം പിടിച്ചെടുത്തത് പ്രഖ്യാപിക്കുന്ന തിരക്കിനിടയിൽ, ഇസ്രായേലി പട്ടാളക്കാർ ജയിച്ചടക്കിയ സൈനികരുടെ രൂപത്തിലേ ആയിരുന്നില്ല, മറിച്ച് ചേതനയറ്റ് കിടക്കുന്ന ശത്രുവിന്റെ ശരീരത്തിന് ചുറ്റും കൂടി നിൽക്കുന്ന കൊള്ളക്കാരുടെ സംഘത്തെ പോലെയായിരുന്നു. അവരുടെ വിജയം അഭിമാനാർഹമായിരുന്നില്ല, മറിച്ച് അധികാരത്തിന്റെ മായയിൽ അഭിരാമിച്ച, കീഴടക്കലിന്റെ ഭ്രമത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ട ഒരു ജനതയുടെയും ഒരു സൈന്യത്തിന്റെയും നിരാശയുടേതായിരുന്നു.  

അവ്യക്തമാണെങ്കിലും, ആ ദൃശ്യം പുറത്തുവിട്ടത് മുൻകൂർ അനുമതി ഇല്ലാതെയാണെന്നും സിവാറിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച ആഖ്യാനം ഇസ്രായേൽ ശ്രദ്ധാപൂർവ്വം ക്രമീകരിക്കുന്നതിനും മുമ്പായിരുന്നു എന്നത് വ്യക്തമാണ്. വിവര വിതരണത്തിൽ കടുത്ത നിയന്ത്രണവും ഇസ്രായേലി സൈന്യത്തിന്റെ സെൻസർ ചെയ്യാനുള്ള അധികാരവും ഉണ്ടായിരിക്കെ, തന്റെ ജനതയുടെ വേദനകളോട് പുറം തിരിഞ്ഞുനിന്ന സ്വാർത്ഥനായ നേതാവാണ് സിൻവാർ എന്ന് പൊതു സമൂഹത്തിനു മുന്നിൽ ഇസ്രായേൽ കഴിഞ്ഞ ഒരു വർഷമായി നിർമ്മിച്ചെടുത്ത ആഖ്യാനത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടും എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് ഇസ്രായേൽ തങ്ങളുടെ വിജയത്തിൻറെ ദൃശ്യം പുറത്ത് വിട്ടത്. എന്താണെന്ന് വെച്ചാൽ, ഫലസ്തീനിയൻ നേതാക്കളെ പൈശാചികവൽക്കരിക്കാനും അവരുടെ മേൽ തങ്ങളുടെ ബീബിയുടെ പര്യായമായ അഴിമതിയുടെയും ഭീരുത്വത്തിൻ്റെയും ചാപ്പകൾ കുത്താനും പലസ്തീനിയൻ സമൂഹത്തിനിടയിൽ ഭിന്നത ഉണ്ടാകാനും വേണ്ടി ഡിസൈൻ ചെയ്ത് സ്രായേൽ പറയാനാഗ്രഹിച്ച കഥയുടെ ദൗർബല്യത്തെയാണ് ഈ വിജയ ചിത്രം തുറന്നു കാട്ടിയത്.   

തന്റെ സൈനിക വേഷം, മുഖത്തു ചുറ്റും ചുറ്റിയ കഫിയ, അവസാനത്തെ നിഷേധത്തിന്റെ ഇരുത്തം-ഇതൊക്കെ അടങ്ങിയതായിരുന്നു സിൻവാറിന്റെ അവസാന നിമിഷങ്ങൾ. ഇസ്രായേൽ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ഈ നേതാവ്, അവരുടെ സൂക്ഷ്മമായ ഇന്റലിജൻസിൽ വീണു പോയതായിരുന്നില്ല, അല്ലെങ്കിൽ തടവുകാരാൽ ചുറ്റപ്പെട്ട ഏതെങ്കിലും ഇരുണ്ട തണലിൽ പിടിക്കപ്പെട്ടതല്ല. മറിച്ച്, ജീവനിൽ ഭയമുള്ള, അദ്ദേഹത്തെ നേരിട്ട് നേരിടാൻ ധൈര്യം ഇല്ലാതെ ദൂരെ നിന്ന് ടാങ്കുകളിൽ നിന്ന് ഷെല്ലുകൾ ഉതിർത്ത ശത്രുക്കളോട് നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു അദ്ധേഹം.  

വിപരീതം എന്ന് പറയട്ടെ, ഇസ്രായേലിന്റെ വിജയത്തിന്റെ ചിത്രം ഒട്ടും വിജയകരമല്ലായിരുന്നു. അതെ, യഹ്‌യാ സിൻവാറിനെ കൊലപ്പെടുത്തിയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിൽ അവർ തങ്ങളുടെ തന്നെ ശക്തിയിലുള്ള വിള്ളലുകളെ അല്ലെങ്കിൽ ഒരിക്കൽ അജയ്യമായിരുന്നു എന്ന് കരുതിയ മിലിട്ടറിസത്തിന്റെ അപരിഹാര്യമായ നഷ്ടത്തെ തുറന്ന് കാണിക്കുകയായിരുന്നു.  

 ഇസ്രായേലി-ഫലസ്തീൻ നേതാക്കൾ തമ്മിലുള്ള താരതമ്യം നടത്തുമ്പോൾ ഈ വൈരുദ്ധ്യം കൂടുതൽ വ്യക്തമാകുന്നു. ഇസ്രായേലി നേതാക്കൾ, ഇത് ഒരു ജനതയുടെ അതിജീവനത്തിന്റെ യുദ്ധമാണ് എന്ന ഭാഷ്യം പറഞ്ഞുകൊണ്ട് തങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങളെ മറച്ചു പിടിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അതിജീവനത്തിന് വേണ്ടി പോരാടുമ്പോൾ, തങ്ങളുടെ കാലുകൾ തങ്ങൾ നിൽക്കുന്ന മണ്ണിനോട് ഉറപ്പിച്ച് നിർത്തികൊണ്ട് പലസ്തീനിയൻ നേതാക്കൾ തങ്ങളുടെ പല്ലും നഖവും ഉപയോഗിച്ചു ഇസ്രായേലിനെതിരെ പോരാടുകയാണ്. ഇസ്രായേലി നേതാക്കൾ അകലങ്ങളിൽ നിന്ന് വാചാടോപങ്ങൾ നടത്തുമ്പോൾ പലസ്തീനി നേതാക്കൾ യുദ്ധഭൂമിയിൽ രക്തം പൊഴിക്കുകയാണ്. ഇസ്രായേലി നേതാക്കൾ തങ്ങളുടെ മക്കളെ  കടലുകൾക്കപ്പുറത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുമ്പോൾ, പലസ്തീനി നേതാക്കൾ തങ്ങളുടെ കുടുംബത്തോടൊപ്പം യുദ്ധഭൂമിയിലാണ്.  

 അവരുടെ തന്നെ വാർത്താമാധ്യമങ്ങൾ, ഇസ്രായേലി നേതാക്കളെ സൈക്കോപ്പാത്തിക്, വ്യാജന്മാർ, ഇസ്രായേലി തടവുകാരുടെ കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കുന്നവർ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ഫലസ്തീനി നേതാക്കൾ തങ്ങളുടെ തടവുകാരെ വിമോചിപ്പിക്കാൻ വേണ്ടി പോരാടുകയും രക്തസാക്ഷിയാവുകയും ചെയ്യുന്നുണ്ട്. 

സൈനികശക്തി എന്ന മിത്ത്

കൊലപാതകങ്ങൾക്ക് പ്രതിരോധത്തെ തകർക്കാനുള്ള കരുത്തുണ്ട് എന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. അതായത് ഒരു നേതാവിനെ കൊലപ്പെടുത്തുന്നതിലൂടെ താൽക്കാലികമായി പോരാട്ടത്തെ അവസാനിപ്പിക്കാമെന്ന്. സിൻവാറിനെ തങ്ങൾ ആഗ്രഹിച്ചത് പോലെയല്ല കൊലപ്പെടുത്തിയതെങ്കിലും, അറബികൾ, തങ്ങളുടെ ഷെയ്ഖിൻ്റ മരണത്തോടു കൂടി തകർന്ന് പോകുന്ന, തീർത്തും അസംഘടിതരായ ഗോത്രങ്ങളാണ് എന്ന മൂഢ വിശ്വാസത്തിലാണവരിപ്പോഴും. ഈ വംശീയമായ ഓറിയന്റലിസ്റ്റ് ഫാന്റസിയിൽ വിശ്വസിച്ചത് കൊണ്ട് ഇസ്രായേലിന് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് ഒക്ടോബർ ഏഴിന് മുമ്പുള്ള ഹമാസിന്റെ കരുത്ത് അവഗണിച്ചതിൽ. അതേ മനോഭാവം തന്നെയാണ് പ്രതികാരത്തെ വിജയമായും, ശിക്ഷാ നടപടികളെ സൈനിക വിജയമായും, ടാക്ടിക്സിനെ തന്ത്രപരമായ മാറ്റമായും സ്വയം തെറ്റിദ്ധരിച്ചുകൊണ്ട്, ഇസ്രായേലികൾക്ക് മാത്രമാണ് വ്യവസ്ഥാപിതമായ സംവിധാനങ്ങൾ നിർമ്മിക്കാനും ആസൂത്രണം ചെയ്യുവാനുമുള്ള കരുത്തുള്ളത് എന്ന കരുതുന്നത്. 

 ഇസ്രായേലി വാർത്ത മാധ്യമങ്ങൾ സിൻവാറിന്റെ മരണത്തെ ഗെയിം ചെയിഞ്ചർ എന്നാണ് വിശേഷിപ്പിച്ചത്. തങ്ങൾ അംഗീകരിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ സങ്കീർണമായ ചലനാത്മകതയുള്ള ഒരു പ്രസ്ഥാനത്തെ എത്ര ആഴത്തിലാണ് ഇസ്രയേൽ തെറ്റായി മനസ്സിലാക്കുന്നത് എന്ന് ഈ മനോഭാവം വെളിപ്പെടുത്തുന്നു.  

 അതോടൊപ്പം, രാജ്യത്തെ അറ്റമില്ലാത്ത യുദ്ധത്തിലേക്ക് തള്ളിവിടുന്ന വലതുപക്ഷ ശക്തികളോട്, സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് സമയമായെന്ന സന്ദേശം നൽകാൻ ഉള്ള  നിരവധി ഇസ്രായേലികളുടെ ആഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബന്ധി കൈമാറ്റവും വെടിനിർത്തലും ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന ഇസ്രായേലി പ്രതിഷേധക്കാരുടെ ഒരു മുദ്രാവാക്യം ഇതാണ്: ‘നിങ്ങൾക്ക് നിങ്ങളുടെ സിവാറിനെ കിട്ടി, ഇനി ഞങ്ങളുടെ തടവുകാരെ തിരിച്ചുകൊണ്ടുവരു’.

എല്ലാറ്റിലും ഉപരി, ഒരാളുടെ കൊലപാതകം യുദ്ധത്തിൻറെ ഘടനയിൽ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല, അത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനം എന്ന ആഗ്രഹത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. സാമ്പത്തികമായ പ്രതിസന്ധികൾ തുടരുകയും ഇസ്രായേലി സമൂഹത്തിനുള്ളിലുള്ള വിള്ളലുകൾ ആഴത്തിലുള്ളതും ഉണങ്ങാത്തതുമായി തുടകരുകയാണ്. ഇസ്രായേലി സമൂഹത്തിലെ അന്തരികമായ വൈരുദ്ധ്യങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച്, ഒരു കൊലപാതകത്തിലൂടെയും പുറത്ത് കടക്കാൻ കഴിയാത്ത വിധത്തിൽ  അത് ഇസ്രായേലിനെ കൂടുതൽ വരിഞ്ഞുമുറുക്കുന്നതിനെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. 

 നസ്രുള്ളയുടെ മരണം ചരിത്രപരമായ വിജയമാണെന്നും അത് മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറ്റിമറിക്കും എന്നും അത്യാനന്ദത്തോടുകൂടി പ്രിവിലേജുകളുടെ പോസ്റ്റർ ബോയായ ജാരദ് കൂഷ്നർ എക്സിൽ കുറിച്ചപ്പോൾ, ഇത് ഇസ്രായേലിന്റെ പൊള്ളയായ ആത്മവിശ്വാസത്തിലേക്കുള്ള ഒരു അപൂർവമായ സൂചനയായാണ് അനുഭവപ്പെട്ടത്. അയാളുടെ അമിതാവേശം ഇസ്രായേലി രാഷ്ട്രീയത്തെ ദീർഘകാലമായി പൊതിഞ്ഞിരിക്കുന്ന ആഴത്തിലുള്ള വ്യഥയെ ഒറ്റുകൊടുക്കുന്നതായിരുന്നു. ഒക്ടോബർ ഏഴിന് ശേഷം അനുഭവിക്കുന്ന അസ്തിത്വപരമായ വിള്ളലുകളെ അടക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിൻറെ പ്രതിധ്വനി കേൾക്കാവുന്നതാണ്. പക്ഷേ ആ ദിവസം ഉണ്ടാക്കിയ മുറിവിന്റെ ആഴം ഒരു കൊലപാതകം കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതിനേക്കാൾ എത്രയോ അഗാധമാണ്.  

ചരിത്രം കീഴ്മേൽ മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാതെ, സൈനിക ബലത്തിൽ അമിതമായ വിശ്വാസം വച്ചുകൊണ്ട് തങ്ങൾക്ക് ചരിത്രത്തിൽ നിന്ന് ഒന്നും മനസ്സിലാക്കാനുള്ള കഴിവില്ല എന്നാണ് ഇസ്രായേൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഒരുപക്ഷെ മുൻകാലത്ത്, ചില പ്രത്യേക സാഹചര്യങ്ങളിൽ, ഇസ്രായേൽ അതിയായി ആഗ്രഹിച്ച വിജയം ഒരു കൊലപാതകം കൊണ്ട് ലഭിച്ചേക്കാം, പക്ഷേ ഇന്ന് കണക്കുകൂട്ടലുകൾ മാറിയിരിക്കുന്നു.  രഹസ്യമായ ഓപറേഷനുകൾ, ലക്ഷ്യം വെച്ചുകൊണ്ടുള്ള കൊലപാതകങ്ങൾ, അല്ലെങ്കിൽ സാമൂഹികമായ ശിക്ഷാ നടപടികൾകൊണ്ടൊന്നും ഇനി തങ്ങളൊരിക്കൽ വാഗ്ദാനം ചെയ്തതുപോലെയുള്ള അന്തിമമായ ഫലം ഉണ്ടാകില്ല എന്നത് യാഥാർത്ഥ്യമാണ്. 

 ഒന്നാമതായി, യുദ്ധം വെറും ഭൗതിക ഭൂപ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ച് ആളുകളുടെ കാഴ്ചപ്പാടിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. അവിടെ ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ അവരുടെ ആധിപത്യത്തേക്കാൾ തീവ്രമായ നിരാശയെയാണ് വെളിപ്പെടുത്തുന്നത്. രണ്ടാമതായി, ഫലസ്തീനികളും അറബികളും തങ്ങളുടെ നേതാക്കൾക്കപ്പുറം അതിജീവിക്കുന്ന സാമൂഹികവും ആശയപരവും രാഷ്ട്രീയവുമായ സംഘടനകൾക്ക് രൂപം നൽകിയിരിക്കുന്നു. തങ്ങളുടെ നേതാക്കളോടുള്ള വൈകാരികമായ ബന്ധം നിലനിൽക്കുമ്പോൾ ഇത്തരം കൊലപാതകങ്ങൾക്ക് ടാക്ടിക്കൽ ആയ ഫലങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. തങ്ങളുടെ ദീർഘമായ ഇസ്രായേലുമായുള്ള പോരാട്ടത്തിനിടയിൽ പലസ്തീനികൾക്ക് നേതാക്കളെ നഷ്ടപ്പെടുന്നതും അതിനനുസരിച്ച് ക്രമീകരണം നടത്തുന്നതും അവർക്ക് ശീലമായിരിക്കുന്നു.  യഹ്യാ സിൻവാറിന്റെ മരണം  ഇസ്രായേലിന് താൽക്കാലികമായ പ്രതികാരത്തിന്റെ സന്തോഷം നൽകിയേക്കാം. മരണത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരു രാജ്യം എന്ന നിലക്ക്, തങ്ങൾ അജയ്യരാണ് എന്ന മിത്തിനെ ആഘോഷിക്കാനുള്ള ഒരു നിമിഷമായാണ് ഇസ്രായേൽ ഇതിനെ കണ്ടത്. സിവാറിന്റെ മരണത്തിൽ അവർക്ക് അതിതീവ്രമായ ആനന്ദം ഉണ്ടാവുമെങ്കിലും, ഇസ്രായേൽ ഊന്നിപ്പറയാൻ ആഗ്രഹിച്ച ഗെയിം ചേഞ്ചർ എത്രയോ അകലത്തിലാണ്. 

 കുട്ടിയും ഭാവനയും

യഹ്യാ സിൻവാറിന്റെ ജീവിതം ഫലസ്ഥീനിയൻ ചെറുത്തുനിൽപ്പിന്റെ തന്നെ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നത്. ഖാൻ യൂനിസിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് അദ്ദേഹം ജനിച്ചത്. ഇടുങ്ങിയ ഇടനാഴികളിൽ ജീവിതം തുടങ്ങന്ന അവിടെ, തങ്ങൾക്ക് വിധിക്കപ്പെട്ട ഹീനമായ യാഥാർത്ഥ്യത്തെ അനുകരിക്കുന്ന അറബ് ആൻഡ് ആർമി എന്ന ഒരുതരം ഒളിച്ചുകളി കളിച്ചാണ് അദ്ദേഹം വളർന്നത്. ഈ കളിയിൽ കുട്ടികൾ, തങ്ങൾക്ക് അടുത്ത കാലത്ത് തന്നെ പരിചിതമാകുന്ന വ്യത്യസ്ത തരം റോളുകൾ അഭിനയിക്കുകയാണ്: സൈനികർ ഒച്ചവെക്കുന്നതും വെടിവെക്കുന്നതും, അറബികൾ ഓടിപ്പോകുന്നതും കല്ലെറിയുന്നതും. 

 ആ ഇടുങ്ങിയ വഴികളിൽ, ഹിമവെട്ടാത്ത ആകാശത്തിനടിയിൽ, തലക്കു മുകളിൽ ചുറ്റിത്തിരിയുന്ന മരണ യന്ത്രങ്ങളുടെ സാന്നിധ്യത്തിൽ ജീവിതം ഒരു വിദൂര സ്വപ്നമായിട്ടല്ല, മറിച്ച് ഒരു യുദ്ധഭൂമി ആയിട്ടാണ് തെളിഞ്ഞു വരുന്നത്. ഇവിടെ നിഷ്കളങ്കത പെട്ടെന്നില്ലാതാകുന്നു. സംസാരിക്കാൻ ബാക്കിയാകുന്ന ഏക ഭാഷ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഈ തെരുവുകളിലും ഇടനാഴികളിലും പ്രതിരോധം ജനിക്കുന്നത് അല്ലെങ്കിൽ രൂപപ്പെടുന്നത് ഒരു തെരഞ്ഞെടുപ്പായിട്ടല്ല, മറിച്ച് ആത്മാഭിമാനത്തിലേക്കുള്ള ഏക വഴി പ്രതിരോധമാണ് എന്ന് തങ്ങളുടെ ജീവിതത്തിൽ കൊത്തിവെച്ചവർക്കത് അനിവാര്യമാണ്.

 സ്വാതന്ത്ര്യവും അഭിമാനവുമുള്ള, ഒട്ടും വിദൂരമല്ലാത്ത ഒരു വ്യത്യസ്തമായ ലോകത്തെ നിരന്തരം സ്വപ്നം കണ്ടു കൊണ്ടാണ് മറ്റേതൊരു ഫലസ്തീനിയേയും പോലെ സിൻവാറും വളർന്നത്. അധിനിവേശത്തിന് കീഴിൽ ജീവിക്കുക എന്ന് വെച്ചാൽ “എന്താണ് ചെയ്യേണ്ടത്” എന്ന എന്നെന്നും നിലനിൽക്കുന്ന ചോദ്യത്തോടൊപ്പം ജീവികലാണ്.  ഇത് ഒരു അമൂർത്തമായ ചോദ്യമല്ല, തങ്ങളുടെ അസ്ഥിത്വത്തെ തന്നെ നിഷേധിക്കുന്ന ഒരു യാഥാർത്ഥ്യത്തിനെതിരെയുള്ള ദൈനംദിനമായ പോരാട്ടത്തിന്റെ,ഓരോ കാൽവെപ്പിലും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. അഭയാർത്ഥി ക്യാമ്പുകളിലെ സങ്കീർണമായ ജീവിത പരിസരങ്ങളിൽ സൈദ്ധാന്തികമായും ഭൗദ്ധികമായും കാര്യങ്ങളെ അവലോകനം ചെയ്യാൻ കുറഞ്ഞ സമയം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. വെറും അതിജീവനം മാത്രമല്ല, പഴയ ലോകത്തിൻറെ അവശിഷ്ടങ്ങളിൽ നിന്ന് പുതിയൊരു ലോകം പടുത്തുയർത്തുകയെന്ന ലക്ഷ്യമാണ് മറ്റനേകം ഫലസ്തീനികളേ പോലെ സിൻവാറിനെ മുന്നോട്ട് നയിച്ചതും അദ്ധേഹത്തിന്റെ ജീവിതത്തെ രൂപപ്പെടുത്തിയതും.

വളർന്നുവരുന്നതിനനുസരിച്ച്, ഇസ്രായേലിന്റെ അനിയന്ത്രിതമായ അധികാരത്തിലും നിഷ്ഠൂരമായി വധിക്കാനുള്ള കഴിവിലും മോഹഭംഗപ്പെട്ട് ചിലരെങ്കിലും തങ്ങളെ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുന്ന ലോകവുമായി ഇണങ്ങുന്നവരായി കാണാം. ചിലർക്കെങ്കിലും, അഴികൾക്കുള്ളിൽ അദൃശ്യനാകും എന്നുള്ള പേടി സഹിക്കാൻ കഴിയുന്നതിനു അപ്പുറമാണ്. അവർ അതിജീവനത്തിലേക്ക് പിൻവലിയുകയും പുറത്ത് കടക്കാൻ വഴിയില്ലെന്ന് തോന്നുന്ന സംവിധാനവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

 നിരാശ ബോധം ശക്തമാകുമ്പോൾ, ഒരിക്കൽ ഒരേ ലക്ഷ്യത്തിൽ പരസ്പര ബന്ധിതരാവുകയും പൊതു രഹസ്യങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്ന സഹപ്രവർത്തകർ പ്രസ്ഥാനത്തെ വഞ്ചിക്കുകയും കൂട്ടായ പോരാട്ടത്തിനേക്കാൾ വ്യക്തിപരമായ സുരക്ഷ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ മുറിവേറ്റ യാഥാർത്ഥ്യത്തിൽ, ചെറുത്തുനിൽപ്പിനുള്ള ഒരു പ്രചോദനം നിലനിൽക്കുന്നുണ്ടെങ്കിലും, വഞ്ചനയും പരാജയവും വളരെ അടുത്ത് നിന്ന് വീക്ഷിച്ചവർക്ക് എന്താണ് വഴിയിൽ നഷ്ടപ്പെട്ടത് എന്നതിൻറെ കൈപ്പേറിയ അനുഭവമുണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം ഉയർത്തുമ്പോൾ തന്നെ അവർ അടച്ചുപൂട്ടിയ വാതിലുകൾക്ക് പിന്നിലേക്ക് പിന്മാറുകയും ഇതിനു മുൻകൈയെടുക്കുന്നവരെ ശപിക്കുകയും ചെയ്യുന്നു..

 നിരാശക്കോ ഭയത്തിനോ അടിയറവ് പറഞ്ഞ ഒരാളായിരുന്നില്ല സിൻവാർ. അറബികളും സൈന്യവും എന്ന കളി അദ്ദേഹം ജീവിതത്തിലും തുടർന്നു. പക്ഷേ അതൊരു കുട്ടിക്കളിയായിരുന്നില്ല. അദ്ദേഹത്തിന് ആ കളി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പോരാട്ടമായി രൂപാന്തരപ്പെട്ടു. അതിലെ ഓരോ റോളുകളും യാഥാർത്ഥ്യമാവുകയും യുദ്ധഭൂമി ഇടുങ്ങിയ ഇടനാഴികൾക്കപ്പുറത്തേക്ക് വികസിക്കുകയും ചെയ്തു. സൈനികർ വെറും സങ്കല്പം മാത്രമായിരുന്നില്ല, കല്ലുകൾ പ്രതീകാത്മകവുമായരുന്നില്ല. അദ്ദേഹം ആ കളിയിൽ മികച്ചു നിന്നു. ഒക്ടോബർ 7 ഫലസ്തീനിയൻ പോരാളികൾക്കു മുന്നിൽ പ്രതിരോധിക്കാൻ തങ്ങളുടെ യന്ത്രങ്ങൾ ഇല്ലാതിരുന്നപ്പോൾ ഇസ്രായേലി സൈനികരുടെ ഭീരുത്വവും കഴിവില്ലായ്മയും തുറന്നുകാട്ടിക്കൊണ്ടായിരുന്നു അത്. അവരുടെ സൈന്യം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു.

 അകലങ്ങളിൽ നിന്ന് മാത്രം അതിജീവിക്കുന്ന, ആർമറുകളാൽ കവചം ചെയ്യപ്പെട്ട,അമിതമായി ആയുധങ്ങളുടെ സംഹാര ശക്തിയെ ആശ്രയിക്കുന്ന ഇസ്രായേലി സൈന്യത്തെയാണ് സിൻവാർ തുറന്നു കാട്ടിയത്. ധീരമായി നേരിട്ട് ഏറ്റുമുട്ടുക എന്ന രീതി തന്നെ ഇസ്രായേൽ കാലങ്ങൾക്കുമുമ്പേ ഉപേക്ഷിചിരുന്നു. പകരം, സുരക്ഷിതമായ ഡ്രോണുകളിൽ നിന്നും പീരങ്കികളിൽ നിന്നും വിമാനങ്ങളിൽ നിന്നും ആക്രമണം തൊടുത്തുവിടുന്ന മിലിട്ടറിയെ സംസ്ഥാപിച്ചിരിക്കുന്നു. സിവാറിന്റെ അവസാന നിമിഷങ്ങളിൽ ഇസ്രായേലിന്റെ ഈ ഭയം തുറന്നു കാട്ടപ്പെട്ടു- നേരിട്ടുള്ള പോരാട്ടത്തിന്റെ അപകട സാധ്യത കുറയ്ക്കുവാനും അകലങ്ങളിൽ നിന്ന് നശീകരണ ആയുധങ്ങൾ മാത്രം പ്രയോഗിച്ചുകൊണ്ട് ശത്രുവിനോട് നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ലാത്ത ഒരു സൈന്യത്തിന്റെ  യഥാർത്ഥ രൂപം. നിരായുധനായ, മുറിവേറ്റു നിൽക്കുന്ന ഒരു പോരാളിയെ ബോംബിടാൻ തിരഞ്ഞെടുക്കുന്നത് അത്യാവശ്യമായതുകൊണ്ടല്ല, മറിച്ച് കൊല്ലുന്നതിനുള്ള ആനന്ദവും സ്വയം മരണത്തെ നേരിടുന്നതിനുള്ള ഭയവും മൂലമാണ്. 

 അതിലൂടെ ഉടനടിയുള്ള നാശത്തിനു വേണ്ടി ഒരു തന്ത്രപരമായ വിജയത്തിനുള്ള സാധ്യതയാണ് ഇസ്രയേൽ ഒഴിവാക്കിയത്. ബന്ദികളെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾക്ക് സമ്മർദ്ധം ചെലുത്താൻ കഴിയുമായിരുന്നെങ്കിലും -വിലപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചേക്കാം എന്നത് മാത്രമല്ല, ഒരു നേതാവിനെ ജീവനോടെ പിടികൂടിയെന്ന ശക്തമായ സന്ദേശവും കൊടുക്കാമായിരുന്ന- അദ്ധേഹത്തെ പിടികൂന്നതിനേക്കാൾ അദ്ധേഹത്തിന്റെ കൊലപാതകമാണ് ഇസ്രായേൽ തിരഞ്ഞെടുത്തത്.  

 ഈ തെരഞ്ഞെടുപ്പ് അസാധാരണമായിരുന്നില്ല: തന്ത്രപരമായ വിജയത്തെക്കാൾ നശീകരണത്തിന് മുൻഗണന നൽകുന്ന, അല്ലെങ്കിൽ നശീകരണവും കൂട്ടക്കൊലകളും ഒരു തന്ത്രമായി പരിഗണിക്കുന്നത് ഇസ്രായേലിന്റെ ഈ കോൺഫ്ലിക്ടിനോടുള്ള വിശാലമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഫലസ്തീനിയൻ പ്രതിരോധ സംഘത്തോട്  നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറാവാതെ, ഭയത്തിൽ ഊന്നിയ ഒരു രീതിശാസ്ത്രമാണ് ഇസ്രായേൽ അവലംബിക്കുന്നത്. അവിടം സൈനിക ശക്തി കൊണ്ടുമാത്രം യുദ്ധക്കളത്തിൽ വിജയിക്കാൻ കഴിയില്ല.  ഇസ്രായേലിനുള്ള ഏക ധൈര്യം അമേരിക്കൻ നിർമ്മിത യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള ധൈര്യമാണ്.  

യഹിയ സിനിമാറിന്റെ സ്വാധീനം അദ്ദേഹത്തിൻറെ വ്യക്തിപരമായ കരുത്ത് കൊണ്ട് മാത്രമല്ല. അദ്ദേഹത്തിൻറെ വിജയം അതിനും മീതെയാണ്. ദീർഘകാലം ജയിലിൽ ആയിരുന്നെങ്കിലും അച്ചടക്കമുള്ളതും സുസംഘടിതവുമായ ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനത്ത കെട്ടിപ്പടുക്കാനും നിലനിർത്തുവാനും കഴിഞ്ഞു എന്നുള്ളതാണ്. അതുകൊണ്ട്, അദ്ദേഹത്തിൻറെ ജീവിതം കേവലം ഒരു വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കഥയല്ല. മറിച്ച് ഫലസ്തീനിനെ വ്യവഹാങ്ങളുടെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരാനും സാമ്രാജ്യത്വത്തെയും അതിൻറെ മാനേജർമാരെയും അസ്വസ്ഥരാക്കാനും കഴിവുള്ള ഒരു കൂട്ടായ ശക്തിയുണ്ടായിരുന്നു. ഫലസ്തീനികൾ വഴങ്ങാനും കീഴടങ്ങാനും പോകുന്നില്ലെന്നും കീഴടങ്ങുക എന്നത് അവരുടെ നിഘണ്ടുവിൽ തന്നെ ഇല്ല എന്നും ഇസ്രായേലികളെ അദ്ദേഹം ഓർമ്മപ്പെടുത്തി.  

 ഇതിനു മറുപടിയായി ഇസ്രായേൽ തെരഞ്ഞെടുത്തത് വംശഹത്യയുടെ പാതയായിരുന്നു. അത് ചെയ്തതാകട്ടെ തികഞ്ഞ ആസൂത്രത്തോട് കൂടിയും പക്ഷേ ഭീരുത്വത്തോടും കൂടിയായിരുന്നു. തങ്ങളുടെ ദുർബലമായ നിലനിൽപ്പിനെ സുരക്ഷിതമാക്കാൻ വേണ്ടി ഒരു ജനതയെയും അവരുടെ ചരിത്രത്തെയും തുടച്ചുമാറ്റി പൂർണ്ണ നശീകരണത്തിലൂടെ ഒരു രാജ്യം നിർമ്മിക്കാം എന്ന് ബാലിശമായ കാല്പനികതയിൽ ഊന്നിയായിരുന്നു അവർ പ്രതികരിച്ചത്. അനുരഞ്ജനത്തിന് പകരം ഉന്മൂലനം തെരഞ്ഞടുത്തതോടുകൂടി ഇസ്രായേൽ തങ്ങളുടെ ധാർമികവും രാഷ്ട്രീയവുമായ പാപ്പരത്തവും തങ്ങളുടെ ആഖ്യാനത്തിലെ പൊള്ളത്തരവും തുറന്നു കാട്ടുകയും, പലസ്തീനിന്റെ ,അവശിഷ്ടങ്ങളിൽ നിന്നും ഉയർന്നുവരുന്ന അവസാനിക്കാത്ത ചെറുത്തുനിൽപ്പിന്റെ കരുത്ത് വെളിപ്പെടുത്തുകയും ചെയ്തു. 

തൻറെ ജീവൻ തന്നെ കൊടുക്കേണ്ടി വരും എന്ന പൂർണ ബോധത്തോടു കൂടിയാണ് സിൻവാർ, ഇസ്രായേലിന്റെ തങ്ങളെക്കുറിച്ച ബോധ്യത്തിൽ തന്നെയുള്ള ആഴത്തിലുള്ള ശൂന്യതയെ തുറന്നു വെച്ചത്. അഭയാർത്ഥി ക്യാമ്പിലെ ഇടുങ്ങിയ ഇടനാഴികളിൽ അറബിയും സൈന്യവും കളിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു പയ്യൻ, ഇസ്റായേൽ ഇത്രയും നാളും ഭയന്നുകൊണ്ടിരുന്നതിനെ അഭിമുഖീകരിക്കാനും അവരുടെ മിഥ്യ  ബോധങ്ങളെ തുറന്നു കാട്ടാനും നിർബന്ധിതനാക്കിയ, തങ്ങളുടെ നിലൽപ്പിനെ കുറിച്ച ചോദ്യങ്ങളാൽ നിരന്തരം വേട്ടയാടപ്പെടാനും സ്വന്തം വാളിനാൽ തന്നെ മരണത്തിലേക്ക് നയിക്കപ്പെടാനും കാരണക്കാരനായി.

അവസാനത്തെ ഫലസ്തീനിയെ നിഷ്കാസനം ചെയ്യാൻ ഇസ്രായേലിന് കഴിഞ്ഞാലും ലോകം ഒരു സത്യം മനസ്സിലാക്കുന്നു- ഇസ്രായേലികൾ അല്ല ജയിച്ചത്, അവരുടെ യന്ത്രങ്ങൾ മാത്രമായിരുന്നു.

 

അബ്ദുൽ ജാവേദ് ഉമർ