Campus Alive

‘ജയ് ശ്രീ റാം ഒരു’ കൊലവിളിയായി മാറിയിരിക്കുന്നു

ഉത്തരാഖണ്ഡിലെ കുംഭമേളക്കും പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ പശ്ചിമ ബംഗാൾ റാലിക്കും ശേഷം കോവിഡ് 19 ന്റെ രണ്ടാം തരംഗം അതിവേഗം പടർന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഓക്സിജൻ സിലിണ്ടറുകളുടെയും വെന്റിലേറ്ററുകളുടേയും ദൗർലഭ്യതയും രൂക്ഷമാണ്. രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോളും ഇന്ത്യയിലെ ഹിന്ദു ദേശീയവാദികൾ ഹരിയാനയിലെ മേവാത്തിലെ ഒരു മുസ്‌ലിം യുവാവിനെകൂടി നിർബന്ധിതമായി ജയ് ശ്രീറാം വിളിപ്പിക്കുകയും ആൾക്കൂട്ട കൊലപാതകത്തിന് ഇരയാക്കുകയും ചെയ്തിരിക്കുന്നു. ദൗർഭാഗ്യകരമായ ഇത്തരം കൊലപാതകവും ജയ് ശ്രീ റാം വിളിപ്പിക്കലും ഇതാദ്യത്തെ സംഭവമല്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതു മുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരായ കേസുകളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നത് നേരാണ്. പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ ചരിത്രത്തേക്കാൾ ദൈർഘ്യമേറിയ ചരിത്രം ‘ജയ് ശ്രീ റാം’ എന്ന മുദ്രാവാക്യത്തിനുണ്ട്.

2019 ജൂൺ 17 ന് മോഷണം നടത്തിയെന്നാരോപിച്ച് ഹിന്ദു യുവാക്കൾ ഒരാളെ കെട്ടിയിട്ട്  ആക്രമിക്കുന്നതിന്റെ ഭയാനകമായ വീഡിയോ ദൃശ്യം സോഷ്യൽ മീഡികളിൽ പ്രചരിച്ചിരുന്നു. തബ്‌രീസ് അൻസാരി എന്ന ആ മനുഷ്യൻ പിന്നീട് ലിഞ്ചിങ്ങിൽ കൊല്ലപ്പെടുകയായിരുന്നു. ‘ജയ് ശ്രീ റാം’ വിളിക്കാൻ പലപ്രാവശ്യം അവർ അയാളെ നിർബന്ധിച്ചിരുന്നു. ഒരു ദിവസത്തിനുശേഷം, 2019 ജൂൺ 18 ന് ഹൈദരാബാദിലെ എ.ഐ.എം.ഐ.എമ്മിന്റെ പ്രസിഡന്റും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഒവൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി പാർലമെന്റ് അംഗങ്ങൾ അതേ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്തി.

തബ്‌രീസ് അൻസാരിയെ മർദ്ദിക്കുന്ന ദൃശ്യം

തബ്‌രീസ് അൻസാരിയുടെയും അസദുദ്ദീൻ ഒവൈസിയുടെയും ഈ ഉദാഹരണങ്ങൾ  ഹിന്ദുരാഷ്ട്രം അടിച്ചേൽപ്പിക്കുന്ന ഒരു വലിയ രാഷ്ട്രീയ-സാംസ്കാരിക മേധാവിത്വത്തിന്റെ ഭാഗമാണ്. ‘ജയ് ശ്രീ റാം’ എന്ന മുദ്രാവാക്യത്തിന്റെ ഉപയോഗത്തിൽ പ്രകടമാകുന്നതും ഇതുതന്നെ. ‘ശ്രീരാമൻ വാഴട്ടെ’ എന്നർത്ഥം വരുന്ന ജയ് ശ്രീ റാം മുദ്രവാക്യം സ്വയം അക്രമാസക്തമല്ല. പക്ഷേ, ചരിത്രപരവും രാഷ്ട്രീയവും സാമൂഹിക-സാംസ്കാരികവുമായി അതിനുള്ള അർത്ഥങ്ങളുടെ പശ്ചാത്തലത്തിൽ അതിനെ കാണേണ്ടതുണ്ട്. 1992 ലെ ബാബരി മസ്ജിദ് ധ്വംസനത്തിലേക്ക് വഴിതെളിയിച്ച, മുതിർന്ന ബിജെപി നേതാവും ആർ‌എസ്‌എസ് അംഗവുമായ എൽ.കെ അദ്വാനി ആരംഭിച്ച കുപ്രസിദ്ധമായ രഥയാത്രയിലൂടെയാണ് ഈ മുദ്രാവാക്യം തിരിച്ചറിയപ്പെടാൻ തുടങ്ങിയത്.

എഴുത്തുകാരനും ഭരണഘടനാ വിദഗ്ധനുമായ എ.ജി. നൂറാനി തന്റെ ‘ദി ബാബരി മസ്ജിദ് ക്വസ്റ്റ്യൻ’ എന്ന പുസ്തകത്തിൽ എഴുതുന്നു: “1992 ഡിസംബർ 6 ന് പള്ളിയിലേക്കുള്ള റോഡുകൾ പ്രകോപിതരും അക്രമാസക്തരുമായ കർസേവകരേയും, സാധുക്കളേയും, സന്ന്യാസിമാരേയും കൊണ്ട് നിറഞ്ഞിരുന്നു,  ത്രിശൂലങ്ങളും തൽ‌വാറുകളും കയ്യിലേന്തിയ ആൾക്കൂട്ടം ഉച്ചത്തിൽ ‘ജയ് ശ്രീ റാം, ജയ് ശ്രീ റാം’ എന്ന് മുഴക്കിക്കൊണ്ടിരുന്നു”.

അനേകം ഹിന്ദു ദൈവങ്ങൾക്കിടയിൽ നിന്നും ഹിന്ദു ദേശീയതയെ പ്രതിനിധീകരിക്കാനായി പ്രത്യേകം തിരഞ്ഞെടുത്തതായിരുന്നു ദൈവമായ രാമൻ; രാമരഥയാത്രയ്ക്ക് മുന്നോടിയായി “അനുകമ്പയും ദയാലുവായ” ദൈവം എന്ന രാമന്റെ പ്രതിച്ഛായയെ കോപാകുലനായ, ‘ത്രിശൂലവും, വാളും, മഴുവും’ കയ്യിലേന്തി ഉന്മൂലനം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ദൈവമായി മാറ്റിചിത്രീകരിക്കുന്ന പോസ്റ്ററുകളും പുസ്തകങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന് എഴുത്തുകാരനായ സുചിത്ര വിജയൻ എഴുതുന്നുണ്ട്. “രാമന്റെ ഈ പുതിയ ചിത്രീകരണം ടെലിവിഷൻ ഇതിഹാസങ്ങളിൽ നിന്നാണ് വന്നത് – രാമാനന്ദ് സാഗറിന്റെ രാമായണം, ബി ആർ ചോപ്രയുടെ മഹാഭാരതം എന്നിവ. ഇതിൽ മഹാഭാരതം പ്രത്യേകിച്ചും ഹിന്ദുമതത്തെ സായുധവും പൗരുഷവുമായ ഒന്നായി കാല്പനികവൽക്കരിക്കുന്നതായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ തുടർന്നായിരുന്നു ഈ ഇതിഹാസങ്ങൾ ദൂരദർശനിൽ സംപ്രേഷണം ചെയ്തത്” – എജി നൂറാനി തന്റെ ‘ദി ആർ‌എസ്‌എസ്: എ മെനൈസ് ടു ഇന്ത്യ’ എന്ന പുസ്തകത്തിൽ എഴുതുന്നു.

എ.ജി നൂറാനി

‘മുസ്‌ലിങ്ങൾ രാമനെ ഒരു ഇന്ത്യൻ ചിഹ്നമായി തിരിച്ചറിയേണ്ടത് പ്രധാനമാണ്’ എന്ന് ആർ‌എസ്‌എസ് നേതാവ് എംഡി ഡിയോറസ് പറഞ്ഞതായി മുതിർന്ന പത്രപ്രവർത്തകൻ സയീദ് നഖ്‌വി അദ്ദേഹത്തിന്റെ ‘റിഫ്ലെക്ഷൻസ് ഓഫ് ആൻ ഇന്ത്യൻ മുസ്‌ലിം’ എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ആർ.എസ്.എസ് നേതാക്കൾ രാമനെ ഒരു ഇന്ത്യൻ ഹീറോയായി സ്ഥാപിക്കാൻ വേണ്ടി ഒരു പ്രഖ്യാപനം ആവർത്തിച്ചുന്നയിക്കുതായി ഗ്യാനേന്ദ്ര പാണ്ഡേയും അദ്ദേഹത്തിന്റെ ‘ഹിന്ദൂസ് ആൻഡ് അദേഴ്സ്’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു: ‘രാമൻ ഒരു മതനായകൻ മാത്രമല്ല, മറിച്ച് ഒരു സാംസ്കാരിക നായകനും കൂടിയാണ്, അദ്ദേഹത്തെ ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കണം, അവൻ ഹിന്ദു ആണെങ്കിലും അല്ലെങ്കിലും’.

ഇതിനൊക്കെ മുമ്പ്, എം‌കെ ഗാന്ധിക്ക് ഇന്ത്യയിൽ രാമരാജ്യം (രാമ ഭരണം) കൊണ്ടുവരണമെന്ന ലക്ഷ്യമുണ്ടായിരുന്നു. അതേക്കുറിച്ച് 1929 ൽ അദ്ദേഹം ഇങ്ങനെ എഴുതി: “രാമായണത്തിന്റെ പുരാതന ആദർശം നിസ്സംശയമായും ഒരു യഥാർത്ഥ ജനാധിപത്യമാണ്, ഏറ്റവും താഴ്ന്ന പൗരന് പോലും അതിൽ വിശാലവും ചെലവേറിയതുമായ നടപടിക്രമങ്ങളില്ലാതെ വേഗം നീതി ലഭിക്കുമെന്ന് ഉറപ്പാണ്… ഒരു യഥാർത്ഥ രാമരാജ്യം ഉള്ളവനും ഇല്ലാത്തവനും തുല്യാവകാശം ഉറപ്പാക്കും”. ഇതേ ഗാന്ധിയുടെ ഘാതകരായ ആർ‌എസ്‌എസ്സാണ് രാമരാജ്യം സ്ഥാപിക്കുകയെന്ന ഗാന്ധിയുടെ ലക്ഷ്യത്തെ പിന്നീട് ഏറ്റെടുത്തതെന്നത് രസകരമാണ്.  1980 ഡിസംബർ 28 ന് മുംബൈയിൽ നടന്ന ഒന്നാം ബിജെപി കൺവെൻഷനിൽ നിരവധി ആർ‌എസ്‌എസ് അംഗങ്ങൾ ബിജെപി ഭരണഘടനയിലെ ‘ഗാന്ധിയൻ സോഷ്യലിസം’ എന്ന പ്രയോഗത്തെ എതിർക്കുകയും അതുമാറ്റി ‘ഗാന്ധിയൻ രാമരാജ്യം’ പകരം വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മുൻപ്രൊഫസർ പ്രീതം സിംഗ് പറയുന്നു; “ഒരു ഹിന്ദു മതഭ്രാന്തന്റെ കൈകളാൽ ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ചിന്തയുടെ അവ്യക്തവും പരസ്പരവിരുദ്ധവുമായ സ്വഭാവം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ചില പതിപ്പുകൾക്ക് സാധുത നൽകുന്ന ഒരു പ്രധാന അവലംബമായി അദ്ദേഹത്തെ മാറ്റുമായിരുന്നു”.

എന്നിരുന്നാലും ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദു ആശയം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിപ്പിക്കാൻ രാമ രാജ്യം എന്ന ഗാന്ധിയൻ വാക്യം ഉപയോഗിക്കുന്നതിൽ നിന്ന് ആർ‌എസ്‌എസ് നേതാക്കൾ വിട്ടുനിന്നിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാനി പറയുന്നു; “മഹാത്മാഗാന്ധി രാമരാജ്യം സ്വപ്നം കണ്ടിരുന്നു, ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി”. സർവോപരി, 1992 ഡിസംബർ 6 ന് ഹിന്ദു ദേശീയവാദികൾ പള്ളി പൊളിച്ചുനീക്കിയ സ്ഥാനത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്ന രാം മന്ദിറിനെ പരാമർശിച്ചുകൊണ്ടാണ് രൂപാനി ഇക്കാര്യം പറയുന്നത്.

നരേന്ദ്ര മോദി, എൽ.കെ അദ്വാനി

മസ്ജിദ് ധ്വംസനത്തെതുടർന്ന്, ‘ജയ് ശ്രീ റാം’ മുദ്രാവാക്യം ഹിന്ദു ദേശീയവാദികൾക്കിടയിൽ വിജയബോധം പകരുകയും, തൽഫലമായി അക്രമോത്സുക ഹിന്ദു ദേശീയതയെ ഊട്ടിയുറപ്പിക്കാൻ അത് തുടർച്ചയായി ഉപയോഗിക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. അവിടുന്നങ്ങോട്ട് അപ്രതിരോധ്യരായ മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ക്രൂരമായി കൊലപ്പെടുത്താനും പ്രസ്തുത മുദ്രാവാക്യം ഉപയോഗിക്കപ്പെട്ടു കൊണ്ടിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും സർവോപരി എൽകെ അദ്വാനിയുടെ അനുയായിയുമായ, നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ നടന്ന കുപ്രസിദ്ധമായ 2002 ലെ ഗുജറാത്ത് വംശഹത്യയിൽ കൊലയാളികളും പോലീസുകാർ പോലും ഈ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു എന്ന് പർവീസ് ഗാസെം-ഫചന്ദിയുടെ ‘പോഗ്രം ഇൻ ഗുജറാത്ത്’ എന്ന പുസ്തകത്തിലും, ഒർനീത് ഷാനിയുടെ ‘കമ്മ്യൂണലിസം, കാസ്റ്റ് ആൻഡ് ഹിന്ദു നാഷണലിസം’ എന്ന പുസ്തകത്തിലും പറയുന്നുണ്ട്.

ഈയടുത്ത കാലത്ത്, 25-കാരനായ കപിൽ ഗുജ്ജാർ സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്ന മുസ്‌ലിംകൾക്ക് നേരെ തോക്ക് ചൂണ്ടിക്കാട്ടി  ‘ജയ് ശ്രീറാം’ എന്ന് അലറിവിളിക്കുകയുണ്ടായി. ഇന്ത്യയിലുടനീളമുള്ള എല്ലാ ബിജെപി, ആർ‌എസ്‌എസ് റാലികളിലും വിദ്വേഷകരമായ വാചാടോപങ്ങളുടെയും പ്രസംഗളുടെയും തുടർച്ചയായി ഈ മുദ്രാവാക്യം പലപ്പോഴും ആക്രോശിക്കപ്പെടാറുണ്ട്. ‘ജയ് ശ്രീ റാം: ദി ഹിന്ദു ചാന്റ് ദാറ്റ് ബികെയിം എ മർഡർ ക്രൈ’ എന്ന ശീർഷകത്തിൽ ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അപ്രതിരോധ്യരായ മുസ്‌ലിംകളെ ആക്രമിക്കാൻ ഈ മുദ്രാവാക്യം ഉപയോഗിച്ച ഏകദേശം ഒരു ഡസനോളം സംഭവങ്ങളെങ്കിലും എഴുത്തുകാരൻ ഉദ്ധരിക്കുന്നുണ്ട്. ഒരു ഡസനിലൊന്നും ഒതുങ്ങുന്നതല്ല ആ പട്ടിക; തബ്‌രീസ് അൻസാരി, 66 കാരനായ മൗലാന അസ്ജദ് ഹുസൈൻ സൈദിയും നൂറിൽ പരം വരുന്ന അദ്ദേഹത്തിന്റെ മദ്രസ വിദ്യാർത്ഥികളും, 18 കാരനായ മുഹമ്മദ് ഇസ്രായേൽ, 17 കാരനായ ഹാഫിസ് സമീർ ഭഗത്, സുഹൃത്തുക്കളായ ഹാഫിസ് സൽമാൻ ഗീത്‌ലി, ഹാഫിസ് സുഹൈൽ ഭഗത്, 15 വയസ്സുള്ള ഖാലിദ് അൻസാരി, ഇമ്രാൻ ഇസ്മായിൽ പട്ടേൽ, 11 വയസുകാരൻ റജബ് ആലം, യുവാവ് അബ്ദുൾ വാരിസ്, മുഖദ്ദിസ്, ഹാറൂൺ, 16 കാരനായ താജ് മുഹമ്മദ്, എന്നുതുടങ്ങി നിരവധി പേർ ജയ് ശ്രീ റാം വിളിയുടെ ഇരകളായി പരിക്കേൽക്കുകയും മരിക്കുകയും ചെയ്തവരായുണ്ട്.

 

മേവാത്തിൽ കൊല്ലപ്പെട്ട ആസിഫ് ഖാന്റെ മൃതദേഹം, Credit: Maktoob

നിരപരാധികളായ അനേകം മുസ്‌ലിംകളെ ഭീതിപ്പെടുത്താനും ആക്രമിക്കാനും അപമാനിക്കാനും പീഡിപ്പിക്കാനും കൊല്ലാനും ഉപയോഗിക്കുന്ന ഒരു യുദ്ധവിളി ആണ് ജയ് ശ്രീ റാം എന്ന് വാദിക്കാൻ ആസിഫിന്റെ ലിഞ്ചിംഗ് വീണ്ടും നമ്മെ ഒരുപാട് പ്രേരിപ്പിക്കുന്നു. മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്തിന്റെ  പേരിൽ മാത്രമാണ് നമ്മിൽ പലരും ഈ മുദ്രാവാക്യങ്ങൾ കേട്ടിട്ടുള്ളത്. നല്ല ഉദ്ദേശങ്ങളുള്ള എത്രയോ പേർ മതത്തെ കുറ്റപ്പെടുത്തരുതെന്ന് നമ്മോട് ആവശ്യപ്പെടുന്നു. ഞങ്ങൾ ഉള്ളടക്കത്തിലല്ല ഉപയോഗത്തിലാണ് പ്രശ്നം കാണുന്നത് എന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്.

ഈ മുദ്രാവാക്യം ഹിംസ്രമായ ഒരു ഉപകരണമായി മാറിയിരിക്കുന്നതിനാൽ, അതിനെ അങ്ങനെ തന്നെ വിളിക്കണം. മുദ്രാവാക്യം ചൊല്ലി മുസ്‌ലിംകളെ ലിഞ്ച് ചെയ്യുന്നത് മതാചാരത്തിന്റെ രൂപത്തിൽ ഒരനുഷ്ഠാനമായി മാറിയിട്ടുണ്ടെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടിരുന്നു. മുദ്രാവാക്യത്തെ എങ്ങനെ ഉപയോഗിക്കണം എന്ന് പറയുന്നവരെ ആക്രമിക്കുകയല്ല വേണ്ടത്. ഹിന്ദുജനത തങ്ങളുടെ മതമുദ്രാവാക്യം ഒരു യുദ്ധവിളി ആയി മാറിയിരിക്കുന്നുവെന്ന് അംഗീകരിക്കുകയും ഹിംസക്കും ഭീകരതയ്ക്കും വേണ്ടി അതിനെ ഉപയോഗിക്കുന്നവരിൽ നിന്ന് വീണ്ടെടുക്കാൻ പരിശ്രമിക്കുകയുമാണ് വേണ്ടത്. അവരാണ്, അവർ മാത്രമാണ് അത് ചെയ്യേണ്ടത്.


വിവർത്തനം: ഇവാന

കടപ്പാട്: മക്തൂബ് മീഡിയ

അഫ്രീൻ ഫാത്തിമ