Campus Alive

മുറാദാബാദ് മുസ്‌ലിം കൂട്ടക്കൊല നാൽപത് വർഷം തികയുമ്പോൾ

1980 ഓഗസ്റ്റ് പതിമൂന്നിന് ഈദ്ഗാഹിൽ നമസ്കരിച്ചുകൊണ്ടിരുന്ന ആയിരത്തോളം പേർക്ക് നേരെ മുറാദാബാദ് പോലീസ് വകതിരിവില്ലാതെ നിറയൊഴിച്ചു. നൂറോളം പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഏറെയും കുട്ടികളായിരുന്നു. വൈശാഖി ആഘോഷങ്ങൾക്ക് വേണ്ടി ജാലിയൻ വാലാബാഗിൽ ഒരുമിച്ചുകൂടിയ ജനാവലിക്ക് നേരെ ജനറൽ ഡയറിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോട് ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ ജാലിയൻ വാലാബാഗിൽ നിന്ന് ഭിന്നമായി, മുസ്‌ലിംകൾക്ക് നേരെയുള്ള വേട്ട അവിടം കൊണ്ടൊന്നുമവസാനിച്ചില്ല.

സംഭവത്തിന്‌ തൊട്ടുശേഷം, മുസ്‌ലിംവിരുദ്ധ മനോഭാവത്തിന് ഏറെ പേരുകേട്ട ഉത്തർപ്രദേശ് പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റാബുലറി (പി.എ.സി) മുറാദാബാദിൽ തമ്പടിച്ചു. പോലീസ് മുസ്‌ലിംകൾക്ക് നേരെ നിറയൊഴിച്ചു എന്ന് പി.എ.സി ക്യാമ്പിനോട് ചേർന്നുള്ള കേന്ദ്ര പോലീസ് സേനാ ക്യാമ്പിൽ കഴിയുകയായിരുന്ന കൗമാരപ്രായക്കാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ, കലാപശ്രമം ആരോപിച്ച് നൂറുകണക്കിന് മുസ്‌ലിംകളെ മാത്രം അറസ്റ്റ് ചെയ്ത് പി.എ.സി ക്യാമ്പിൽ കൊണ്ടുവന്ന പോലീസ്, ബസിൽ നിന്നിറങ്ങിയ ഉടനെ അവർക്കുനേരെ അതിക്രൂരമായ മർദനമഴിച്ചുവിട്ടു. ബസിൽ നിന്നും അൽപം മാറി രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു അവരിൽ പലരും. പലരും പി.എ.സി ക്യാമ്പിൽ വെച്ച് ഏറ്റ മർദ്ദനത്താൽ അബോധാവസ്ഥയിലായി. അവിടെയും ചിലർ മരിച്ചുവീണിട്ടുണ്ടാവണം. പുറംലോകവുമായി ബന്ധപ്പെടാൻ മാർഗങ്ങളില്ലാതിരുന്നതിനാൽ സത്യമറിയാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു.

മൂന്ന് മാസത്തോളം നീണ്ട കർഫ്യുവിനിടെ 2500ഓളം ആളുകൾ മുറാദാബാദിൽ കൊല്ലപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങളുടെ കണക്കിൽ 400 മാത്രമാണ് മരണസംഖ്യ. ഒരുപാട് പേരെ കാണാതായിട്ടുമുണ്ട്. എന്നാൽ പോലീസിന്റെയോ പി.എ.സിയുടെയോ പക്കൽ കാണാതായവരെ കുറിച്ച് യാതൊരു രേഖകളുമില്ല.

‘നസീമിന്’ തന്റെ പിതാവിനെയാണ് നഷ്ടപ്പെട്ടത്. പിച്ചളപാത്ര വ്യാപാരിയും സമ്പന്നനുമായ നസീമിന്റെ പിതാവിനെ പി.എ.സി കൊണ്ടുപോവുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസ്, ജീപ്പിൽ അദ്ദേഹത്തെയും കയറ്റിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ തിരക്കി ഉദ്യോഗസ്ഥരെ കാണുകയും ജയിലുകൾ സന്ദർശിക്കുകയും ചെയ്തു. പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണോ, സുരക്ഷിതനായി തിരിച്ചുവരാൻ വേണ്ടിയാണോ താൻ പ്രാർത്ഥിക്കേണ്ടത് എന്ന് നസീമിന് ഇപ്പോഴും അറിഞ്ഞുകൂടാ. അതിനേക്കാൾ പരിതാപകരമായി മറ്റെന്താണുള്ളത്? ഒരുപാട് പേർ മരണപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുത ഒരു വശത്തുള്ളപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ ഒരുപാട് പേർ മറ്റൊരു വശത്തുമുണ്ട്.

കാണാതായ മൃതശരീരങ്ങളുടെ കാര്യവും ദയനീയമാണ്. ആലമിന്റെ ഉമ്മ മരണപ്പെട്ടത് വീട്ടിലേക്ക് എറിയപ്പെട്ട ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചാണ്. മൂന്ന് ദിവസത്തോളം അവർ മയ്യത്ത് വീട്ടിൽ സൂക്ഷിച്ചു. ശേഷം ജില്ലാ ഭരണകൂടം മൃതശരീരം എടുത്തുകൊണ്ടു പോയി. പിന്നീടൊരിക്കലും അത് തിരിച്ചു ലഭിച്ചിട്ടില്ല. മുസ്‌ലിം പ്രദേശങ്ങൾക്ക് നേരെയുള്ള അന്യായമായ അക്രമങ്ങളുടെ തെളിവായി അത് രേഖപ്പെടുത്തപ്പെട്ടേക്കും എന്നതായിരിക്കും അതിന്റെ കാരണം.

മുറാദാബാദിലെ ലോകപ്രശസ്ത തകരക്കച്ചവടക്കാർക്ക് – അവരിലധികവും മുസ്‌ലിംകളാണ് – തങ്ങളുടെ വിപണി മൂല്യം നഷ്‌ടപ്പെട്ടു. കലാപവും കർഫ്യൂവും, പുരോഗതി പ്രാപിച്ചുകൊണ്ടിരുന്ന മുറാദാബാദിന്റെ സാമ്പത്തിക മേഖലയെ താറുമാറാക്കി.

മുസ്‌ലിംകൾ സായുധരായിരുന്നു എന്നും അതിർത്തി സേനാംഗങ്ങൾ (ബി.എസ്.എഫ്) മുസ്‌ലിംകളാൽ കൊല്ലപ്പെടുകയോ കാണാതാക്കപ്പെടുകയോ ചെയ്തു എന്നുമുള്ള വ്യാജവാർത്തകൾ എഴുതിപ്പിടിപ്പിച്ച് മുസ്‌ലിംകളുടെ സാമുദായിക വികാരത്തെ പഴിചാരാൻ ശ്രമിക്കുന്ന മധ്യമങ്ങളെയാണ് പിന്നീട് കണ്ടത്. വെടിവെപ്പ് നടന്നത് എം.പി സയ്യിദ് ശിഹാബുദ്ധീന് വേണ്ടിയല്ലാതിരിക്കുകയും (അദ്ദേഹമാണ് വെടിവെപ്പിന് ആഹ്വാനം ചെയ്തത്), വിരോധാഭാസം എന്ന് തോന്നാമെങ്കിലും, ബി.ജെ.പി മെമ്പറായ എം.ജെ അക്ബർ സംഭവം യഥാവിധി റിപ്പോർട്ട് ചെയ്യുകയും ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മൾ പലരും ഇത് വ്യാജമാണെന്ന് അറിയുക പോലുമില്ലായിരുന്നു.**

മുസ്‌ലിംകൾക്ക് നേരെയുള്ള ഏകപക്ഷീയമായ പോലീസ് ആക്രമണത്തിന് ശേഷം നാൽപ്പതാണ്ടുകൾ പിന്നിടുന്ന സന്ദർഭത്തിലും, സംഭവത്തെ കുറിച്ചും, അത് മൂടിവെക്കാൻ എക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ കാണിച്ച വ്യഗ്രതയെ കുറിച്ചും സുസ്ഥാപിതമായ യാതൊരു ഓർമയും നിലനിൽക്കുന്നില്ല.

എന്റെ വീട് മുറാദാബാദിലാണ്. ഘെറ്റോകളിൽ കഴിയുന്ന മുസ്‌ലിം അയൽപക്കങ്ങളെ കുറിച്ചോർത്ത് വ്യസനിക്കുന്ന മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഞാൻ കാണാറുണ്ട്. നീതി കാത്ത്, മൃതദേഹങ്ങൾ കാത്ത്, തങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും കാത്ത് പലരും ഇന്നും വിഷമിച്ചിരിക്കുന്നുണ്ടാവും. അനേകം പേർ എന്തെങ്കിലും വാർത്തക്ക് വേണ്ടി കാതോർത്തിരിക്കുകയാണ്. ഒരു ചെറിയ വിവരമെങ്കിലും ലഭിക്കുന്നതിന് വേണ്ടി. തങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാനുള്ള കാത്തിരിപ്പാണ് ഇന്ന് അവരുടേത്. അവർ നീതിക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാൽ മതനിരപേക്ഷതയിൽ നിന്ന് വളരെയേറെ തെന്നിമാറിയ ഇന്ത്യയിൽ നിന്ന് അവർക്കിനി നീതി ലഭിക്കുമെന്ന് എങ്ങനെയാണ് നാം കരുതുക!

 


വിവർത്തക കുറിപ്പ്

** ആ സമയത്ത്‌ മാധ്യമപ്രവർത്തകനായി ജോലി ചെയ്തിരുന്ന എം.ജെ അക്ബർ, അദ്ദേഹത്തിന്റെ ‘റയട്ട്സ് ആഫ്റ്റർ റയട്ട്സ്’ എന്ന പുസ്തകത്തിൽ എഴുതുന്നു: “ഈദ് നമസ്കാരത്തിലായിരുന്ന 40,000 മുസ്‌ലിംകൾക്കെതിരെ പി.എ.സി നിറയൊഴിച്ചു. എത്ര പേർ മരണപ്പെട്ടെന്ന് കൃത്യമായി ആർക്കും അറിഞ്ഞുകൂടാ. മുറാദാബാദ് സംഭവം ഹിന്ദു – മുസ്‌ലിം കലാപമല്ല, മറിച്ച് വർഗീയ വാദികളായ പോലീസിനെ ഉപയോഗിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മുസ്‌ലിം വംശഹത്യയാണ് എന്നതാണ് എനിക്കറിയാവുന്ന വസ്തുത. പിന്നീട് ഹിന്ദു – മുസ്‌ലിം കലാപം എന്ന പേരിൽ സംഭവത്തെ പോലീസ് മറച്ചുപിടിക്കുകയായിരുന്നു”.

വിവർത്തനം: അഫ്സൽ ഹുസൈൻ

Courtesy: Two Circles

തസീൻ ജുനൈദ്

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി