Campus Alive

‘ഡീകോളനൈസിങ് പാലസ്തീൻ’: സോംദീപ് സെൻ സംസാരിക്കുന്നു

(ഗ്രന്ഥകാരനും റോസ്കിൽഡ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ സോംദീപ് സെൻ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘Decolonizing Palestine: Hamas Between the Anticolonial and the Postcolonial’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുന്നു. ‘The Palestinian Authority in the West Bank’ ആണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകം)


എന്താണ് ഈ പുസ്തകം എഴുതാൻ നിങ്ങളെ പ്രേരിപ്പിച്ചത്?

സോംദീപ് സെൻ: വിമോചനസമരങ്ങളോടും അവയുടെ പ്രവർത്തനഘട്ടങ്ങളോടുമുള്ള എന്റെ താൽപര്യമാണ് ഈ പുസ്തകത്തിലേക്കെത്തിച്ചത്. ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിലാണ് എന്റെ ഈ താൽപര്യത്തിന്റെ വേരുകൾ കിടക്കുന്നത്. ഈ പുസ്തകത്തിൽ, വിമോചനവും വിമോചനമില്ലായ്മയും എന്നതിന്റെ അർത്ഥത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ ചോദ്യങ്ങളെ ഫലസ്തീനിയൻ പോരാട്ടത്തെ അടിസ്ഥാനപ്പെടുത്തി അഭിമുഖീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു കൊളോണിയൽ ഭരണത്തിനു കീഴിൽ തങ്ങളുടെ സ്വത്വപരമായ സ്വാതന്ത്രത്തെ സംരക്ഷിക്കാനുള്ള ഒരു കോളനിവൽകൃത ജനതയുടെ പരിശ്രമങ്ങളുടെ വ്യതിരിക്തതയെയും വെല്ലുവിളികളെയും ഞാൻ പരിഗണിക്കുന്നു. ഹമാസ് ഭരണത്തിനു കീഴിലുള്ള ഗാസയിലെ ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച എന്റെ ചർച്ചകളുടെ കേന്ദ്രബിന്ദു ഇതാണ്. പൊതുവിൽ, എങ്ങനെയാണ് കാലങ്ങളായുള്ള കോളനിഭരണത്തിന്റെ നിഴലുകൾ കോളനിവൽകൃത ജനതയുടെ വിമോചിത സ്വത്വ രൂപീകരണ ശ്രമങ്ങളെ പ്രത്യേക രീതിയിൽ രൂപപ്പെടുത്തുന്നത് എന്ന് പരിശോധിക്കുന്നതിനായി മറ്റ് വിമോചന പോരാട്ടങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ചർച്ചയെ വികസിപ്പിക്കുന്നുമുണ്ട്.

ഏതൊക്കെ തരം വിഷയങ്ങളെയും, പ്രശ്നങ്ങളെയും, സാഹിത്യങ്ങളെയുമാണ് ഈ പുസ്തകത്തിൽ അഭിസംബോധന ചെയ്യുന്നത്?

സോംദീപ് സെൻ: ഹമാസിന്റെ പ്രവർത്തനങ്ങളെ നിന്ദ്യമായി കാണുകയും ഗാസയെ ഇസ്രായേൽ/ഫലസ്തീൻ “നോർമൽ” രാഷ്ട്രീയത്തിന്റെ പുറത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. എന്നാൽ ഈ പുസ്തകത്തിൽ ഹമാസിനെയും ഗാസയെയും നോർമലൈസ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ജനസംഖ്യാപരമായി, ഫലസ്തീൻ അഭയാർത്ഥികൾ ഭൂരിപക്ഷമുള്ള പ്രദേശം എന്നതിലുപരി, ചരിത്രപരമായി ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിന്റെ വിനാശകരമായ എല്ലാ പ്രത്യാഘാതങ്ങളും ഏറ്റവും കൂടുതൽ അനുഭവിച്ച പ്രദേശമായിരുന്നു എല്ലായ്പ്പോഴും ഗാസ. അതുകൊണ്ടു തന്നെ ഇസ്രായേലിന്റെ കുടിയേറ്റ കൊളോണിയലിസത്തിന് എതിരെയുള്ള കൊളോണിയൽ വിരുദ്ധ പ്രതികാരം ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടത് ഇവിടെയാണെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. വിഖ്യാതമായ ഒട്ടേറെ ഫലസ്തീനിയൻ വിപ്ലവ നായകന്മാർക്കും ഇൻതിഫാദകൾക്കും ജന്മം നൽകുന്നത് ഈ പ്രദേശമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കുടിയേറ്റ കൊളോണിയലിസത്തെക്കുറിച്ചുള്ള കൃതികളുടെ വെളിച്ചത്തിൽ ഗാസയ്‌ക്കെതിരെ ഇസ്രായേൽ അടിച്ചേൽപ്പിക്കുന്ന ഉപരോധവും സൈനിക അക്രമങ്ങളും ഒട്ടും വ്യത്യസ്തമല്ലെന്ന് ഞാൻ വാദിക്കുന്നു. പകരം, ഒരു കുടിയേറ്റ കൊളോണിയൽ ശക്തി, ശക്തമായ കൊളോണിയൽ വിരുദ്ധതയും സ്വതന്ത്ര സ്വത്വബോധവുമുള്ള ഫലതീൻ ജനതയെ പോലുള്ള തദ്ദേശീയ ജനതകളെ കൈകാര്യം ചെയ്യുന്ന സ്വാഭാവിക രീതികളാണവ.

കൂടാതെ, ഫലസ്തീന് പുറത്തുള്ള വിമോചന പ്രസ്ഥാനങ്ങളെയും കോളനിയാനന്തര സന്ദർഭങ്ങളെയും കുറിച്ചുള്ള കൃതികൾ ഉപയോഗിച്ച് ഹമാസിന്റെ രാഷ്ട്രീയത്തെ സിദ്ധാന്തവൽക്കരിക്കാനും ഞാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ഫ്രാൻസ് ഫനോണിന്റെ രചനകൾ ഉപയോഗിച്ച്, ഹമാസിന്റെ സായുധ പ്രതിരോധത്തിന്റെ സ്വഭാവം ആഗോളതലത്തിൽ വിമോചന-വിപ്ലവ വിഭാഗങ്ങൾ സ്വീകരിച്ച കൊളോണിയൽ വിരുദ്ധ ഹിംസയെക്കാൾ ഒട്ടും വ്യത്യസ്തമല്ലെന്ന് ഞാൻ സ്ഥാപിക്കുന്നു. അതുപോലെ, ഗാസയിലെ ഹമാസിന്റെ രാഷ്ട്ര സ്വഭാവത്തിലുള്ള പ്രവർത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട് മറ്റു കോളനിയാനന്തര രാഷ്ട്രങ്ങളുടെ രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ പോലെ തന്നെയാണതെന്നും ഞാൻ തെളിയിക്കുന്നു. ഈ അർത്ഥത്തിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോളാനുഭവം, പോസ്റ്റ് കൊളോണിയൽ രാഷ്ട്രങ്ങൾ, വിമോചനത്തെ കുറിച്ചുള്ള സങ്കൽപനം തുടങ്ങി ഫലസ്തീനിന്റെ പരിധിക്കപ്പുറം നിന്നുകൊണ്ട് ഹമാസിന്റെ രാഷ്ട്രീയത്തെ ആഗോളമായി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് പുസ്തകത്തിൽ ഞാൻ നടത്തുന്നത്.

നിങ്ങളുടെ മുൻ കൃതികളുമായി ഈ പുസ്തകത്തിനുള്ള അടുപ്പത്തെയും വ്യത്യാസത്തെയും കുറിച്ച് പറയാമോ?

സോംദീപ് സെൻ: 2003 ലാണ് ഈ പുസ്തകത്തിന്റെ ആലോചന തുടങ്ങുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഞാൻ ഫലസ്തീൻ വിമോചന പ്രസ്ഥാനത്തെ ആദ്യമായി പരിചയപ്പെടുന്നത് അന്നായിരുന്നു. അക്കാലത്ത്  എന്റെ സൂപ്പർവൈസറായിരുന്ന ജോൺ കോളിൻസ് (ഗ്ലോബൽ പാലസ്തീൻ എന്ന പുസ്തകത്തിന്റെ രചയിതാവ്) ഇസ്രായേൽ കുടിയേറ്റ കൊളോണിയലിസത്തിന്റെയും ഫലസ്തീൻ കോളോണിയൽ വിരുദ്ധ വിമോചന പോരാട്ടത്തിന്റെയും ആഗോള പ്രാധാന്യത്തെ കുറിച്ച് പഠിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. അന്നുമുതൽ ഫലസ്തീനിലെ അധിനിവേശ ഭരണത്തിനു കീഴിലുള്ള ദൈനംദിന ജീവിതത്തെയും രാഷ്‌ട്രീയത്തെയും മറ്റു കൊളോണിയൽ വിരുദ്ധ വിമോചന പോരാട്ടങ്ങളുടെ രാഷ്ട്രീയവും തമ്മിലുള്ള (സൗത്തേഷ്യയിലോ, ലാറ്റിനമേരിക്കയിലോ സൗത്താഫ്രിക്കയിലോ ഉള്ള) താരതമ്യ പഠനമായിരുന്നു എന്റെ പ്രധാന ഗവേഷണ താൽപര്യം. എന്റെ ഡോക്ടറൽ ഗവേഷണത്തിന്റെ പ്രേരണ അതായിരുന്നു. ഈ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് ‘ഡീകോളനൈസിങ് പാലസ്തീൻ’ രചിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈജിപ്ത്-ഗാസ അതിർത്തിയിലെ റാഫ ക്രോസിംഗ് പോയിന്റിലെ എത്നോഗ്രഫിക്ക് വിവരണങ്ങൾ മുതൽ ടാൻസാനിയയിലെ ദാറു സലാമുമായുള്ള എന്റെ അനുഭവങ്ങൾ വരെയുള്ള ഫലസ്തീനിലും മറ്റിടങ്ങളിലുമുള്ള കാര്യങ്ങൾ ഇതിലുൾക്കൊണ്ടിരിക്കുന്നു.

ഏതുതരം വായനക്കാരാണ് പുസ്തകം വായിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നത്? അവരിൽ പുസ്തകം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷയെന്താണ്?

സോംദീപ് സെൻ: ഇസ്രായേൽ/ഫലസ്തീൻ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളും ഗവേഷകരും ഈ പുസ്തകം വായിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ, ഹമാസിനെയും ഗാസയെയും കുറിച്ചുള്ള എന്റെ ചർച്ചകൾ വിമോചന സമരങ്ങളുടെ പ്രവർത്തനഘട്ടങ്ങളിലും പോസ്റ്റ്‌കൊളോണിയലിസത്തിലും താൽപ്പര്യമുള്ളവരെ സംബന്ധിച്ചു കൂടി പ്രസക്തമാണെന്ന് ഞാൻ കരുതുന്നു. പുസ്തകം മുന്നോട്ടു വെക്കുന്ന കാര്യങ്ങളും സ്വാധീനവും കണക്കിലെടുക്കുമ്പോൾ, ഹമാസ് ഭരിക്കുന്ന ഗാസാ പ്രദേശത്തെക്കുറിച്ച് പഠിക്കാനുള്ള പുതിയ ചില മാർഗ്ഗങ്ങൾ അത് തുറന്ന് തരുമെന്ന് തോന്നുന്നു. കൂടാതെ, വിമോചന പോരാട്ടങ്ങളെ കുറിച്ച വിശാലമായ ചോദ്യങ്ങളെ സംബന്ധിച്ച ആലോചനയിൽ ഗാഢമായ എത്നോഗ്രഫിക് വിവരണങ്ങളെ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന രീതി തികച്ചും സവിശേഷമാണ്.

മറ്റേതൊക്കെ പ്രൊജക്റ്റുകളിലാണ് താങ്കൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്?

സോംദീപ് സെൻ: “Globalizing Collateral Language:  From 9/11 to Endless Wars” എന്ന തലക്കെട്ടുള്ള പുസ്തകത്തിന്റെ അവസാനഘട്ട പണിയിലാണ് ഞാനും പ്രൊഫസർ ജോൺ കോളിൻസും. 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ പേരിലുള്ള ട്രൂപ്പുകൾക്ക് ആഗോളതലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുരണനങ്ങളെയും ഭീകരവാദ വിരുദ്ധതയുമായി ഒരു ബന്ധവുമില്ലാത്ത അമേരിക്കൻ രാഷ്ട്രീയ പദ്ധതികളെയുമാണ് പുസ്തകം അന്വേഷിക്കുന്നത്. ഒരു ഡിസിപ്ലിൻ എന്ന നിലയിൽ ഇന്റർനാഷണൽ റിലേഷൻസിന്റെ രൂപീകരണത്തിൽ വംശം, വംശീയത, കൊളോണിയലിസം എന്നിവയുടെ പങ്കെന്താണ് എന്നത് സംബന്ധിച്ച ചർച്ചകളിലും ഞാൻ ഇടപെടുന്നുണ്ട്. ഒപ്പം, വംശീയ വിരുദ്ധ ഇന്റർനാഷണൽ റിലേഷൻസിന്റെ സാധ്യതകളെക്കുറിച്ച് രണ്ട് ലേഖനങ്ങൾ ഞാൻ നിലവിൽ എഴുതിക്കൊണ്ടിരിക്കുന്നു. ഇന്റർനാഷണൽ റിലേഷൻസിന്റെ മേഖലയിൽ ഒരു അപകോളനീകരണ വീക്ഷണത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച പ്രത്യേക ലക്കവും ഞാൻ എഡിറ്റു ചെയ്തു കൊണ്ടിരിക്കുന്നു. അവസാനമായി, ഇസ്രായേൽ വാസസ്ഥലങ്ങളുടെ സ്ഥല രൂപകൽപ്പനയുടെയും ആസൂത്രണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ച ഒരു പുസ്തകത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഞാൻ. 2015 ലും 2016 ലും ഇസ്രായേലി സെറ്റിൽമെന്റുകളിൽ ഞാൻ നടത്തിയ എതനോഗ്രഫിക് ഫീൽഡ് വർക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുസ്തകത്തിന്റെ രചന.


പുസ്തകത്തിന്റെ ആമുഖം

അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയില്ല. ജീവിതം തന്നെ അനിശ്ചിതത്വത്തിലാണ്. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് കാഴ്ചപ്പാടുള്ളവരാവാൻ അനുവദിക്കപ്പെട്ടിട്ടില്ലാത്തവരാണ് ഞങ്ങൾ. ഹ്രസ്വ കാലത്തേക്കു മാത്രം ചിന്തിക്കുന്നവരാണ് ഇവിടത്തെ ആളുകൾ, അന്നന്നത്തെ അടിയന്തര ആവശ്യങ്ങളെ പറ്റി മാത്രമേ ഞങ്ങൾ ആകുലപ്പെടാറുള്ളൂ, കാരണം  എന്തായിരിക്കും ഭാവിയിൽ ‌ഞങ്ങളുടെ വിധിയെന്ന് അറിയില്ല. ഒരുപക്ഷേ അതിർത്തികൾ അടച്ചുപൂട്ടിയേക്കാം, ഒരുപക്ഷേ ഞങ്ങൾക്ക് വിസ ലഭിച്ചെന്ന് വരില്ല. ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ ഫലസ്തീനികൾ അനുവദിക്കപ്പെട്ടിട്ടില്ല” – (അഹമ്മദ് യൂസഫ്, അഭിമുഖം, ഗാസ സിറ്റി, മെയ് 2013)

2013 മെയ് 16 ന്, കെയ്‌റോയിൽ നിന്ന് ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം, ഈജിപ്തിനും ഗാസക്കുമിടയിലുള്ള റാഫ അതിർത്തിയിൽ ഞാൻ എത്തി. അതിർത്തിയിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ എന്നെ ഇറക്കിവിട്ടു, ഈജിപ്ഷ്യൻ സൈന്യം സ്ഥാപിച്ച സുരക്ഷാ വലയത്തിലൂടെ ബാക്കി വഴി നടക്കേണ്ടിവന്നു. അതിർത്തി കടക്കുന്ന ടെർമിനലിന്റെ ഗേറ്റിൽ എത്തിയപ്പോൾ ഞാൻ എന്റെ പാസ്‌പോർട്ടും ഒരു കത്തും അവിടത്തെ ഈജിപ്ഷ്യൻ പട്ടാളക്കാരന് നൽകി. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആ കത്ത്, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഗാസയിലേക്ക് പ്രവേശിക്കാനുള്ള റാഫ അതിർത്തി കടക്കാൻ എനിക്ക് അനുമതി നൽകുന്നതായിരുന്നു. അദ്ദേഹം എന്റെ രേഖകൾ കുറച്ച് സമയം പരിശോധിച്ച ശേഷം ഒരു ഉയർന്ന ഉദ്യോഗസ്ഥന് കൈമാറി. അടുത്ത ഇരുപത് മിനിറ്റ് നേരം ഞാൻ കാത്തിരുന്നു. വടക്കൻ സീനായിയുടെ വിശാലവും ശൂന്യവുമായ ഭൂപ്രകൃതിയിൽ കനത്ത ചൂടുള്ള ആ വെയിലിൽ പാസ്‌പോർട്ടില്ലാതെ ഞാൻ നിന്നു. അതിർത്തി കടക്കാനുള്ള അനുമതിക്കായി ആശങ്കയോടെ കാത്തിരിക്കുന്ന പലസ്തീൻ യാത്രക്കാരായിരുന്നു എന്റെ പിന്നിൽ. അവിടെയെങ്ങും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഹമാസിലെ ഒരു പ്രമുഖ അംഗമായ അഹമ്മദ് യൂസഫ് ഫലസ്തീൻ ജീവിതത്തെ കുറിച്ച് മുകളിൽ പറഞ്ഞ അതേ അനിശ്ചിതത്വമായിരിക്കാം ഇതും.

സോംദീപ് സെൻ

ശേഷം എന്റെ രേഖകൾ മടക്കിനൽകുകയും അതിർത്തി കടക്കാനുള്ള ഭാഗത്തേക്ക് പ്രവേശിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു. പിന്നീട് ഈജിപ്ഷ്യൻ പാസ്‌പോർട്ട് കൺട്രോൾ ടെർമിനലിനകത്ത് ഞാൻ കണ്ട കാഴ്ചകൾ അഹമ്മദ് യൂസുഫിന്റെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു. മതിയായ വായുസഞ്ചാരമില്ലാത്ത മുറിയും വേനലിന്റെ ചൂടുമൊക്കെയായി താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കൂടാതെ ചില മുതിർന്ന യാത്രക്കാരെ മുറിയുടെ പുറകിലുള്ള കസേരകളിൽ നിർബന്ധിച്ച് പിടിച്ച് ഇരുത്തിയിട്ടുണ്ടായിരുന്നു. മറ്റ് മിക്ക യാത്രക്കാരും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർ തങ്ങളുടെ പേര് വിളിക്കുന്നതും കാത്ത് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് ചുറ്റും ക്ഷമയോടെ തടിച്ചുകൂടിയിരുന്നു. പേര് വിളിച്ചുകഴിഞ്ഞാൽ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് അവർക്ക് നേരെ  എറിഞ്ഞുകൊടുക്കും. ഫലസ്തീനികൾക്ക് ഗാസയിലേക്ക് മടങ്ങാൻ അനുമതി നൽകുന്ന അംഗീകാര മുദ്രയായിരുന്നു ഇത്. ഈ അംഗീകാര സ്റ്റാമ്പ് ലഭിക്കാൻ “ഭാഗ്യമില്ലാത്ത” ആളുകളെ കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഒരു രഹസ്യമുറിയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെല്ലാം സാക്ഷിയായി ഗാസ സിറ്റിയിലെ തന്റെ കുടുംബത്തെ കാണാൻ നിരാശനായി കാത്തുനിൽക്കുന്ന ഒരു ഫലസ്തീൻ ഡോക്ടർ എന്നോട് പറഞ്ഞു: “കണ്ടോ, കന്നുകാലികളെപ്പോലെയാണ് അവർ ഫലസ്തീനികളോട് പെരുമാറുന്നത്”.

അധിനിവേശം ചെയ്യപ്പെട്ട ഒരു പ്രദേശത്തിന്റെ എല്ലാ തരം സവിശേഷതകളെയും കണ്ട് പരിചയിച്ച ഒരാളായിരുന്നിട്ടും, റാഫയിൽ വച്ച് വളരെ വ്യത്യസ്തമായ മറ്റൊരു ചിത്രം ഞാൻ കണ്ടു; അതായത്, കോളനിവൽക്കരണ കാലഘട്ടത്തിൽ നിന്ന് ഇതിനകം ഉയർന്നുവന്ന ഒരു പോസ്റ്റ് കൊളോണിയൽ രാഷ്ട്രത്തിന്റെ ചിത്രം. അതിർത്തി പ്രദേശത്തെ ഈജിപ്ഷ്യൻ ഭാഗത്ത് രണ്ട് മണിക്കൂർ ചെലവഴിച്ച ശേഷം ഫലസ്തീൻ ടെർമിനലിലേക്ക് ഞാൻ കടന്നു. എന്റെ അതേ സമയത്ത് തന്നെ അകത്തേക്ക് കടക്കാൻ അനുമതി ലഭിച്ച ഒരു കൂട്ടം ഫലസ്തീൻ സഞ്ചാരികളോടൊപ്പം ‘വെൽകം ടു ഫലസ്തീൻ’ എന്ന ബോർഡോടുകൂടിയ ഒരു ഗേറ്റിലൂടെ എന്നെ കൊണ്ടുപോയി. യൂണിഫോമും ഫലസ്തീൻ അതോറിറ്റിയുടെ ചിഹ്നങ്ങളും ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ അതിനടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാനടക്കമുള്ള ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും ഒരു ഇമിഗ്രേഷൻ ടെർമിനലിനു മുന്നിൽ ലൈനിൽ നിന്നു. ശേഷം, മറ്റേതൊരു സാധാരണ പാസ്‌പോർട്ട് കൺട്രോൾ ഡെസ്‌കിലെയും പോലെ, ഔദ്യോഗിക ഇമിഗ്രേഷൻ അതോറിറ്റി എനിക്ക് നൽകിയ എൻട്രി പെർമിറ്റ് അവിടെ ഹാജരാക്കേണ്ടിയിരുന്നു. ഗാസയിലേക്കുള്ള പ്രവേശനാനുമതി, ഗാസയിലെ ‘റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ’ എനിക്ക് നൽകിയിരുന്നു. “നിങ്ങളിവിടെ എന്താണ് ചെയ്യുന്നത്?” “ആരാണ് നിങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചത്?” കൂടാതെ “ഇവിടെ എത്രകാലം തങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” തുടങ്ങിയ ചില ചോദ്യങ്ങൾ പാസ്‌പോർട്ട് കൺട്രോൾ ഓഫീസർ എന്നോട് ചോദിച്ചു. അവർക്കാവശ്യമായ ഉത്തരം നൽകിയ ശേഷം എനിക്ക് ഫലസ്തീൻ പ്രവേശന സ്റ്റാമ്പ് ലഭിച്ചു. സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ഫലസ്തീൻ രാഷ്ട്രത്തിൽ എത്തിയതായി ആ നിമിഷം എനിക്കനുഭവപ്പെട്ടു.

റഫാ ക്രോസിങ് പോയിന്റ്

തീർച്ചയായും ഇവ രണ്ടിന്റെയും സാന്നിധ്യം ഒരു വൈരുദ്ധ്യമുള്ളതായി തോന്നിക്കും. റാഫ ബോർഡർ ക്രോസിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല ഇവ. 2006 ലെ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ഹമാസ് രണ്ട് തരം പ്രവർത്തനരീതി സ്വീകരിച്ചത് മുതൽ ഗാസ മുഴുവൻ ഈ വൈരുദ്ധ്യത്തിന്റെ കേന്ദ്രമായി. തെരഞ്ഞെടുപ്പിലെ ഇസ്ലാമിസ്റ്റ് പാർട്ടിയുടെ വ്യക്തമായ വിജയത്തിനുശേഷം ഫതാഹ് എന്ന പാർട്ടി ഹമാസ് സർക്കാറിന്റെ ഭാഗമാകാൻ വിസമ്മതിച്ചു. 2007 ലെ ഗാസ യുദ്ധത്തെ തുടർന്ന്, സായുധ പ്രതിരോധം നിലനിർത്തിക്കൊണ്ട് തന്നെ ഹമാസ് ഗാസയിൽ ഭരണം സ്ഥാപിച്ചു. അതിലൂടെ ഒരേസമയം ഒരു പോസ്റ്റ് കൊളോണിയൽ രാഷ്ട്രത്തിന്റെയും കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ആന്ദോളനങ്ങൾ സൃഷ്ടിക്കാൻ ഹമാസിന് കഴിഞ്ഞു. ഗാസയിലെ ഭരണകൂടം എന്ന നിലയിൽ ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന്റെ പൗരാധികാരത്തെ അത് പ്രതിനിധീകരിക്കുന്നു. അതേ സമയം, സായുധ പോരാട്ടത്തെ നിലനിർത്തുക വഴി, ഫലസ്തീൻ രാഷ്ട്രം വിമോചനത്തിൽ നിന്നു എത്രയോ അകലയാണെന്ന വസ്തുതയും ഹമാസ് തിരിച്ചറിയുന്നു.

ഗാസ മുനമ്പിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ മിക്ക ഹമാസ് പ്രതിനിധികളിലും ഈ രണ്ട് പ്രത്യേകതയും കാണാൻ കഴിയും. വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് ഉപവിദേശകാര്യ മന്ത്രിയായ ഗാസി ഹമാദുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റേറ്റിന്റെ ഒരു ഏജന്റിനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ഭാവങ്ങൾ. സ്യൂട്ടും ഫലസ്തീൻ അതോറിറ്റിയുടെ ദേശീയ ചിഹ്നവും ധരിച്ചുകൊണ്ട്, അരികിൽ ഒരു ഫലസ്തീൻ പതാകയും വെച്ചായിരുന്നു അദ്ദേഹം ഇരിക്കുന്നത്. കെഫിയ ധരിച്ച ഫലസ്തീൻ ഗറില്ലാ പോരാളിയെക്കാളോ (ഫിദായീൻ) അല്ലെങ്കിൽ മുഖംമൂടിധാരിയായ അൽ-ഖസ്സാം പോരാളിയെക്കാളൊക്കെ ഒരു രാഷ്ട്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഹാവഭാവങ്ങൾ. പക്ഷേ, ഒരു ഉദ്യോഗസ്ഥനെ പോലെ തോന്നിക്കുമ്പോഴും പെട്ടെന്നുതന്നെ വിമോചന സമരത്തെക്കുറിച്ച് വാചാലനാവാനും അദ്ദേഹത്തിന് സാധിച്ചു. ഒരു സംഘടനയെന്ന നിലയിൽ ഹമാസിന്റെ ഭാവിയെക്കുറിച്ച് പറയാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു; “ആദ്യം ഈ നാടിനെ ഞങ്ങൾക്ക് സ്വതന്ത്രമാക്കേണ്ടതുണ്ട്, മറ്റെന്തിനേക്കാളും മുമ്പ് കൃത്യമായ ഒരു വിമോചന വേദി സൃഷ്ടിക്കുകയും അതിനെ ഒരു ഫലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് ഉപയോഗിക്കുകയും വേണം”.

ഹമാസിന്റെ ഈ ഇരട്ട പ്രകൃതത്തെയാണ് ഈ പുസ്തകത്തിൽ ഞാൻ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. കോളോണിയൽ വിരുദ്ധതക്കും പോസ്റ്റ്കൊളോണിയലിനുമിടയിൽ നിൽക്കുന്ന ഒന്ന് എന്ന നിലയിൽ എങ്ങനെയാണ് ഹമാസിന്റെ രാഷ്ട്രീയത്തെ വിഭാവനം ചെയ്യുക? എങ്ങനെയാണ് ഹമാസിന്റെ കൊളോണിയൽ വിരുദ്ധ പോരാട്ടം അതിജീവിക്കുകയും ഇസ്രായേലിന്റെ കൊളോണിയലിസത്തെ തകർക്കുന്ന തരത്തിൽ ഫലസ്തീൻ പോരാട്ടത്തിന് അർത്ഥം കണ്ടെത്തുകയും ചെയ്യുന്നത്? കൊളോണിയൽ ശക്തിയുടെ പിന്മാറ്റത്തിന് ശേഷമുള്ള ഒരു യുഗത്തെ ദ്യോതിപ്പിക്കുന്ന ഹമാസിന്റെ കോളനിയാനന്തര ഭരണത്തെ എങ്ങനെയാണ് രാഷ്ട്രരഹിതനായ ഒരു ഫലസ്തീനിയൻ നോക്കികാണുന്നത്? കൊളോണിയലിസത്തിനെതിരായി പോരാടിക്കൊണ്ടിരിക്കെ തന്നെ എങ്ങനെയാണ് അതിന്റെ ഭരണത്തിലെ കോളനിയാനന്തര സ്വഭാവത്തെ അത് യുക്തിസഹമാക്കുന്നത്? കൊളോണിയൽ വിരുദ്ധതയുടെയും കോളനിയാനന്തരത്വത്തിന്റെയും ഒരുമിച്ചുള്ള നിലനിൽപ്പ് വിമോചനത്തെയും വിമോചനമില്ലായ്മയെയും സംബന്ധിച്ച നമ്മുടെ ധാരണകളെ എങ്ങനെയാണ് സങ്കീർണ്ണമാക്കുന്നത്? ഇങ്ങനെ തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങൾ പുസ്തകത്തിൽ ഞാൻ ഉന്നയിക്കുന്നു.

2013 നും 2016 നും ഇടയിൽ ഗാസ, വെസ്റ്റ് ബാങ്ക്, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിൽ ഞാൻ നടത്തിയ ഫീൽഡ് വർക്കാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞാൻ ആശ്രയിക്കുന്നത്. അതുവഴി ഒരു കോളനിവൽകൃത അവസ്ഥയിലെ കൊളോണിയൽ വിരുദ്ധ ഹിംസയെയും കോളനിയാനന്തര രാഷ്ട്രരൂപീകരണത്തെയും കുറിച്ച ഒരു എത്നോഗ്രഫി അവതരിപ്പിക്കാനും ശ്രമിക്കുന്നു. ഉദാഹരണത്തിന്, കൊളോണിയൽ വിരുദ്ധ ഹിംസയുടെ വ്യത്യസ്ത അനുഭവങ്ങൾ മനസ്സിലാക്കുന്നതിനായി, ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിന് സായുധ പോരാട്ടം അനിവാര്യമാണെന്ന ഒരു ഹമാസ് അംഗത്തിന്റെ അഭിപ്രായത്തെയും ഒരു ഫലസ്തീൻ ഹോട്ടലുടമയുടെ ഇസ്രായേൽ ജയിലിൽ വെച്ചനുഭവിച്ച പീഡനങ്ങളുടെ ഓർമകളും ഇസ്രായേൽ സൈന്യം തന്റെ ശരീരത്തിലേൽപ്പിച്ച മുറിവ് കാരണം പലസ്തീനിയൻ സായുധ പോരാട്ടത്തെക്കുറിച്ച് ഉറച്ച നിലപാടെടുത്ത ഒരു ഗാസക്കാരനായ യുവാവിനെയും ചേർത്തുവെച്ച് വിശകലനം ചെയ്യുന്നു. അതുപോലെ, ഹമാസിന്റെ കോളനിയാനന്തര രാഷ്ട്രരൂപീകരണത്തെ കുറിച്ച് പറയുന്ന ഭാഗത്ത്, ഭരണാധികാരം വിമോചന സമരത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന ഹമാസ് അംഗത്തിന്റെ അഭിപ്രായത്തോടൊപ്പം ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെ വ്യക്തമാക്കുന്ന ഗാസയിലെ ചില വ്യക്തികളുടെയും എന്റെ തന്നെയും ചില അനുഭവങ്ങളെയും ഞാൻ വിശകലനം ചെയ്യുന്നു.

ഇസ്രായേലിൽ വെച്ച് ഞാൻ നേരിട്ട കൊളോണിയൽ ആഖ്യാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിവരണങ്ങളെയെല്ലാം ഞാൻ പ്രതിഷ്ഠിക്കുന്നത്. ഇസ്രായേൽ സ്വാതന്ത്ര യുദ്ധത്തിന്റെ ആഘോഷത്തോടനുബന്ധിച്ച് തെൽ അവീവ് മ്യൂസിയത്തിൽ നടന്ന പ്രദർശനത്തിൽ ഫലസ്തീനികളെ അവഹേളിക്കുന്ന തരത്തിലല്ലാത്ത ഒന്നും തന്നെയില്ല എന്നത് ഇസ്രായേലിന്റെ അത്തരം കൊളോണിയൽ ആഖ്യാനങ്ങളിൽ ഒന്നാണ്. അവസാനമായി, പുസ്തകത്തിൽ പരാമർശിക്കുന്ന ഫലസ്തീനിയൻ ജനങ്ങളെ പോലെ തന്നെ, ഈ പുസ്തകവും മാറ്റത്തിനായുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ പ്രതിസന്ധിയ്ക്കും ഉന്മേഷത്തിനുമിടക്കുള്ള ഒരു ആന്ദോളനമാണ്. അതേസമയം, ഈ പോരാട്ടത്തെ പൊതിഞ്ഞിരിക്കുന്ന അനിശ്ചിതത്വങ്ങളെ തുറന്നു കാണിക്കുന്നതിനായി പലപ്പോഴും അതിനെ പുസ്തകം ലംഘിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, വിമോചനത്തിലേക്കുള്ള പാതയിൽ കൊളോണിയൽ വിരുദ്ധതയെയും ഉത്തരകോളനീകരണത്തെയും അഭിമുഖീകരിക്കുന്ന വേളയിൽ.


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

സോംദീപ് സെൻ