Campus Alive

ഹിംസ എങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മർമ്മമാവുന്നത്?

 ഏതാണ്ട് ഇരുപതു വർഷങ്ങൾക്കു മുൻപ്, പോൾ ബ്രാസ് എന്ന രാഷ്ട്രീയ ശാസ്ത്രജ്ഞൻ, വർത്തമാനകാല ഇന്ത്യയിൽ എങ്ങനെയാണ് ഹിന്ദു-മുസ്‌ലിം ഹിംസകളുടെ ‘ഉൽപാദനം’ നടക്കുന്നത് എന്ന് വിശദീകരിക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അലീഗഢ് കലാപങ്ങളുടെ അര നൂറ്റാണ്ടു കാലത്തെ ചരിത്രം മുന്നിൽ വെച്ചുകൊണ്ട്, ഹിംസ ഉൽപാദിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളിൽ പോലീസ്, മറ്റു ക്രിമിനൽ ഘടകങ്ങൾ, അലീഗഢിലെ ബിസിനസ് സമുദായം, മുൻനിര രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പങ്ക് അദ്ദേഹം ബോധ്യപ്പെടുത്തുന്നു.

‘സ്ഥാപനവത്കൃത കലാപ സംവിധാനങ്ങൾ’ ആണ് ഇന്ത്യയിൽ ഉള്ളതെന്ന് ബ്രാസ് വാദിച്ചു. എന്നാൽ യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയമീമാംസകനായ അശുതോഷ് വാർഷനേ ഈ ആശയത്തെ എതിർക്കുകയും, ഹിംസയെ അവസാനിപ്പിക്കും വിധം വ്യത്യസ്ത വിഭാഗങ്ങൾ ഒരു സംഘടിത പൗരബോധത്തിൽ ഒത്തുചേരുന്ന ‘സ്ഥാപനവത്കൃത സമാധാന സംവിധാനങ്ങളാണ്’ ഇന്ത്യയിൽ ഉള്ളതെന്ന് വാദിക്കുകയും ചെയ്തു. ബ്രാസ് ഉൾപ്പെടെയുള്ള പലരും വാർഷനേയുടെ രചനയെ നിശിതമായി വിമർശന വിധേയമാക്കുകയുണ്ടായി.

അക്കാദമിക യുക്തികൾക്കുപരിയായി, സുകേതു മെഹ്ത്തയുടെ ‘മാക്സിമം സിറ്റി’ എന്ന പുസ്തകം, എങ്ങനെയാണ് സംഘടിത ഹിംസ ഇന്ത്യയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുന്നത് എന്ന് കാണിക്കുന്നു. അദ്ദേഹം എഴുതുന്നു: “ജീർണിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാനഗരത്തിലെ ജീവിതത്തിൽ അടിഞ്ഞുകൂടിയ നിരാശയും അവമതിയും ഭർസനവുമെല്ലാം വികാരവിക്ഷോഭമായ കോപത്തിന്റെ രൂപത്തിൽ പുറത്തുവരുന്നു. പെട്ടെന്ന് നിങ്ങൾക്ക് ശക്തിമാന്മാരായി അനുഭവപ്പെടുന്നു. ആരെയും നിങ്ങൾക്ക് കയ്യേറാമെന്ന് വരുന്നു. ഈ നഗരം ഇനി മുതൽ അവരുടേതല്ല, നിങ്ങളുടേതാവുന്നു”. ഒരു കാലത്ത് തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചു നടന്നിരുന്ന ഇത്തരം ഹിംസകൾ, ഇപ്പോൾ സർവവ്യാപിയായി മാറിയിരിക്കുന്നു.

പോൾ ബ്രാസ്, അശുതോഷ് വാർഷനേ, സുകേതു മെഹ്ത്ത

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്താണ് ഹിംസയുടെ സ്ഥാനം എന്നാണ് യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യ നരവംശശാസ്ത്രജ്ഞൻ തോമസ് ബ്ലോം ഹാൻസൻ അദ്ദേഹത്തിന്റെ ‘ദി ലോ ഓഫ് ഫോഴ്സ്: ദി വയലന്റ് ഹാർട്ട് ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്’ എന്ന പുതിയ പുസ്തകത്തിൽ വാദിക്കുന്നത്. ശിവ സേനയെക്കുറിച്ചും മുംബൈയിലെ രാഷ്ട്രീയ ഹിംസകളെ കുറിച്ചും അനേകം നരവംശശാസ്ത്ര ഗ്രന്ഥങ്ങൾ ഹാൻസൻ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥയെ വിലയിരുത്തുന്നതിന് മുംബൈയിലെയും ഔറംഗാബാദിലെയും ചില എതനോഗ്രഫിക് വിവരണങ്ങളെയാണ് ഈ പുസ്തകത്തിൽ അദ്ദേഹം ഉപയോഗിക്കുന്നത്.

ഒരു വശത്ത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്ഥിവാരമാണ് ഹിംസയെന്ന് ഹാൻസെൻ വാദിക്കുന്നു. സംഘടിത ഹിംസയെ ചെറുക്കുന്നതിന് അതിയായ ശക്തി പ്രയോഗം വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് കൊളോണിയൽ സ്റ്റേറ്റ് അംഗീകാരം നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1857ലെ ശിപായി ലഹള, കോളനിവത്കൃതരുടെ കലാപ ശേഷിയെ തൊട്ട് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തുകയുണ്ടായി. എന്നാൽ, കൊളോണിയൽ സ്റ്റേറ്റിനെക്കൾ, വിഭജനത്തോടെ ശക്തിപ്രാപിച്ച ഹിന്ദു-മുസ്‌ലിം വൈര്യത്തെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹിംസാത്മക അടിത്തറയായി ഹാൻസൻ കണ്ടത്. അഥവാ, സമുദായങ്ങൾ തമ്മിൽ ഒരേസമയം ഉള്ള അടുപ്പവും അകൽച്ചയുമാണ് വംശപരവും മതപരവുമായ ഹത്യകളിലേക്ക് നയിച്ചത്.

മറ്റൊരു വശത്ത്, 1980കൾക്കു ശേഷം സംഘടിത ഹിംസകളുടെ സ്വഭാവത്തിൽ നടകീയമായ മാറ്റങ്ങൾ വന്നതായി ഹാൻസൻ നിരീക്ഷിക്കുന്നു. കീഴ്ജാതി സമൂഹങ്ങൾക്കിടിൽ നിന്ന് വലിയതോതിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങൾ ഇക്കാലയളവിലുണ്ടായി. ഹിംസാത്മകമായ പ്രത്യാഘാതങ്ങളിലാണ് ഇത് ചെന്നുപതിച്ചത്. 1992ലെ ബാബരി മസ്ജിദ് തകർച്ചക്ക് മുൻപും ശേഷവുമുണ്ടായ ആർഎസ്എസ് സംഘടനകളുടെ ശക്തിപ്പെടലാണ് മറ്റൊരു പ്രധാന മാറ്റം. പൊതു ഹിംസയെ രാഷ്ട്രീയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നതിനാണ് ഇവയെല്ലാം കാരണമായിത്തീർന്നത്.

രാഷ്ട്രീയമീമാംസകനായ പാർത്ഥ ചാറ്റർജി രാഷ്ട്ര പരമാധികാരത്തിന്റെ ഭാഗമായ അവകാശങ്ങളുള്ള പൗരന്മാർ/നിരന്തരമായ പോലീസിങ്ങിനു വിധേയമാകുന്ന സാധാരണ ജനങ്ങൾ എന്ന് പൗരസമൂഹത്തെ രണ്ടായി വേർതിരിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. ‘നിയമത്തിന്റെ ശക്തി’ തികച്ചും അസമത്വപരമായാണ് പ്രയോഗിക്കപ്പെടുന്നത് എന്നതിനോട് ഹാൻസനും യോജിക്കുന്നുണ്ട്. കൂടാതെ, ‘നിയമത്തിന്റെ ശക്തി’ (force of law) എന്നത് ‘ശക്തിയുടെ നിയമത്തിന്’ (law of force) വഴിമാറി എന്ന മറ്റൊരു കാഴ്ചപ്പാടും അദ്ദേഹം മുന്നോട്ടു വെക്കുന്നു.

അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: “പതിറ്റാണ്ടുകളായുള്ള ഇലക്ഷൻ രാഷ്ട്രീയം ജനകീയ പരമാധികാരത്തെ ഒരു കേന്ദ്ര ആശയമായി ഇന്ത്യയിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ഹൃദയം കീഴടക്കാനും പിന്തുണ നേടാനും സാധിക്കുന്നവർക്ക് മാത്രമാണ് ഭരണം ലഭിക്കുക; ഒപ്പം, ഈ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷകളെയും കോപത്തെയും കലാപ ശേഷിയെയും നിയന്ത്രിക്കാനും സാധിക്കണം”.

ഒരു ‘ശരിയായ ജനതയെ’ തിരഞ്ഞുകൊണ്ടിരിക്കുന്ന ജനായത്തത്തിന്റെ (populism) ഒരു ചെറു നിർവചനം ഇതിൽ കാണാൻ കഴിയും. എന്നാൽ അനവധി ഭാഷാ/സമുദായ/ജാതി വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ അത്തരമൊരു തിരച്ചിൽ ഏറെ സങ്കീർണമാണ്. ജനങ്ങളുടെ താൽപര്യത്തിന് ഉപരിയായി സ്വജന താൽപര്യങ്ങൾക്കു വേണ്ടി അധികാരം പിടിച്ചെടുക്കുന്നവർ എന്ന് ‘പുറത്തുള്ളവരെ’ പഴിചാരിക്കൊണ്ട്, “ശരിയായ/യഥാർഥ ജനം” എന്ന ആശയത്തെ പോപ്പുലിസം മുന്നോട്ടു നിർമ്മിച്ചെടുക്കുന്നു.

ട്രംപ്, മോഡി, ഉർദുഗാൻ, ഡ്യൂട്ടെർട്ടെ തുടങ്ങിയവർ അധികാരത്തിലേറിയതിനു ശേഷം, അത്തരം രാഷ്ട്രീയ മേലാളന്മാരായി അവർ മാറിയിട്ടുണ്ട്. പോപുലിസ്റ്റുകൾ അധികാരത്തിൽ വന്നാൽ, വൈദേശികമോ ആഭ്യന്തരമോ ആയ ചില ഗൂഢശക്തികളിൽ രാഷ്ട്രഭീഷണി ആരോപിച്ചു കൊണ്ട് മാത്രമാണ് അവർക്കതിൽ തുടരാൻ സാധിക്കുക. തന്നെയുമല്ല അപ്രകാരം അധികാരത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി ഉൽപാദിപ്പിക്കപ്പെടുന്ന ഹിംസകൾ രാഷ്ട്രത്തിന്റെ പ്രതിരോധ സംവിധാനം എന്ന നിലക്ക് ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ വ്യക്തമായ ഉദാഹരണമാണ് യുഎസ്സിലെ ക്യാപിറ്റോൾ ഹില്ലിൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണം. ഒരു അദൃശ്യ ദേശത്തിന്റെയോ നിശബ്ദ ഭൂരിപക്ഷത്തിന്റെയോ പേരിൽ പോപുലിസം സ്റ്റേറ്റിനെ തന്നെ അസാധുവാക്കുന്നു. അതിന്റെ വീക്ഷണം ഏകജാതീയതയും ശുദ്ധതയുമാകെയാൽ, നിരന്തര ശുദ്ധീകരണവും അതാവശ്യപ്പെടുന്നു.

ഹിംസയുടെ മുഖ്യധാരാവത്കരണം

ഹിംസ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് മാറ്റപ്പെട്ടിട്ടുണ്ട് എന്നതാണ് ഹാൻസന്റെ പുസ്തകത്തിലെ പ്രധാന വാദം. പ്രാഥമികമായി എന്താണ് അത്തരം ഹിംസകൾ? സിഗ്മണ്ട് ഫ്രോയിഡിനെ ഉപയോഗിച്ചുകൊണ്ട് ശാക്തീകരണത്തിനു വേണ്ടിയുള്ള സംഘടിത കാമന, അഥവാ തെരുവുകൾ കയ്യേറാനും ജനത്തിന്റെ ശത്രുക്കളെ കൊന്നുകളയാനുമുള്ള കാമന എന്ന നിലക്കാണ് ഹാൻസൻ ഹിംസയെ വ്യാഖ്യാനിക്കുന്നത്. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ മുറിച്ചുകടക്കുന്ന, വിദ്വേഷത്തിന്റെയും ദേശീയ അഭിമാനത്തിന്റേതുമായ ഒരു ഭാഷ അതുപയോഗിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയ ദൈവശാസ്ത്രത്തെ ഏറെക്കുറെ നിർമിച്ചെടുക്കുന്ന ‘ത്യാഗം’, ‘രക്തസാക്ഷ്യം’ തുടങ്ങിയ രൂപകങ്ങളെല്ലാം ആ ഭാഷയുടെ ഭാഗമായി വരുന്നു. ഇതിന്റെയൊക്കെ മറുവശത്ത് ഗാന്ധിയൻ അഹിംസയെയും കണ്ടെത്താൻ കഴിയും.

തോമസ് ബ്ലോം ഹാൻസൻ

ഹിന്ദു ആചാരരൂപങ്ങളെ ആധുനിക രാഷ്ട്രീയ ധർമചിന്തകളായി ഗാന്ധിജി മാറ്റിയെടുത്തു എന്നു വാദിക്കാൻ ‘ത്യാഗം, ആത്മ ത്യാഗം’ തുടങ്ങിയവയുടെ ഇന്ത്യാപഠനത്തിലെ പതിവു വ്യാഖ്യാനങ്ങൾ തന്നെയാണ് ഹാൻസൻ പിന്തുടരുന്നത്. ദേവലോകത്തിനു പകരം, മനുഷ്യരുടെ ലോകത്തെ അഭിമുഖീകരിക്കുക വഴി ഇവയെല്ലാം മതേതര മൂല്യങ്ങളുമായി മാറി. ഗാന്ധിയുടെ നിരാഹാര വ്രതങ്ങളെല്ലാം അഹിംസാപരമായിരുന്നുവെങ്കിലും, അവയെല്ലാം സംഘടിത ഹിംസ അഴിച്ചുവിടാനുള്ള സാധ്യതകളെ ഉൾക്കൊള്ളുന്നതുമായിരുന്നു. അഹിന്ദുക്കൾ എത്രത്തോളം ‘ത്യാഗം’ എന്ന ഹിന്ദു മൂല്യത്തെ ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. തങ്ങളുടെ പരിപ്രേക്ഷ്യത്തിനകത്ത് തന്നെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ ഉണ്ടായിരിക്കെ മുസ്‌ലിംകളെയും ദലിതരെയും ഹിന്ദു ‘ത്യാഗ/ബലി’ പ്രത്യശാസ്ത്രത്തിന്റെ കേവല ബലി ഇരകളായിട്ടാണ് അവതരിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഹിന്ദു വീക്ഷണങ്ങളുടെ വിവരണമാണ് പുസ്തകം പ്രധാനമായും അവതരിപ്പിക്കുന്നത്, അതേസമയം അവ്വിഷയകമായി ഉള്ള മുസ്‌ലിം വീക്ഷണങ്ങൾ പുസ്തകത്തിൽ കുറവാണ് താനും.

ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടുകൾ ഹിംസാത്മകമാണ് എന്ന വസ്തുതയെ നിരാകരിക്കുക പ്രയാസമാണ്. പ്രത്യേകിച്ച് ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങൾക്കു ശേഷം അതിയായ ശക്തിപ്രയോഗമില്ലാതെ ഗുരുതരമായ അസമത്വങ്ങളെ നിലനിർത്തുക കൂടുതൽ ദുഷ്കരമായി. സൗത്തമേരിക്കൻ സംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന ആകസ്മിക കൊലപാതകങ്ങളാണ് മറ്റൊരു പ്രധാന മാറ്റം. ഇന്ത്യയിലെ മുസ്‌ലിം ശരീരങ്ങളെ ലക്ഷ്യം വെച്ചുള്ള ലിഞ്ചിങ്ങുകളുടെ ഒരു പരമ്പര തന്നെ അടുത്ത കാലങ്ങളിലായി അരങ്ങേറുകയുണ്ടായി.

2018 ജൂണിൽ, ഹാപ്പൂരിൽ, ആൾക്കൂട്ടം കാസിം എന്നൊരാളെ കൊല്ലുന്നതിന്റെയും, അദ്ദേഹം സഹായത്തിനു വേണ്ടി കേഴുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടിരുന്നു. മുസ്‌ലിംകൾ ബീഫ് കഴിക്കാനോ, പശുക്കടത്ത് നടത്താനോ പദ്ധതിയിടുന്നു എന്നാരോപിച്ചാണ് മിക്ക ആൾക്കൂട്ടകൊലകളും അരങ്ങേറുന്നത്. നിരന്തരമായ ഈ ലിഞ്ചിങ്ങുകൾ ഒരു സാധാരണ സംഭവമായി ഈയിടെ മാറിയിരിക്കുന്നു.

ഒരു പഠനമനുസരിച്ച്, പശു സംബന്ധിയായ ഹിംസകളുടെയും കൊലകളുടെയും 60 ശതമാനവും നടന്നത് 2010-2017 കാലയളവിലാണ്. അതിനിരയായവരിൽ 84 ശതമാനവും മുസ്‌ലിംകളാണ്. 2014ൽ മോദി അധികാരത്തിൽ വന്നതിനു ശേഷമാണ് 94 ശതമാനം അക്രമങ്ങളും നടന്നത്.

1980കൾക്കു ശേഷം ഇന്ത്യയിൽ എന്തെങ്കിലും മൗലികമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയുക പ്രയാസമാണ്. എന്നിരിക്കിലും, ബിജെപിയുടെ രാഷ്ട്രീയാധിപത്യം മുസ്‌ലിംകൾക്കെതിരിൽ തുറന്ന അക്രമങ്ങൾ അഴിച്ചുവിടുന്നതിന് കാരണമായിട്ടുണ്ട് എന്ന് വ്യക്തമാണ്. ഹൈന്ദവ ദേശീയതയുടെ ആർഎസ്എസ് മാതൃകയുടെ അരങ്ങേറ്റത്തിന് ഒടുക്കേണ്ടി വന്ന വിലയാണിവ!

ഇന്ത്യൻ മുസ്‌ലിംകൾ തങ്ങൾ നേരിടുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ അരികുവത്കരണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ഒരാൾക്ക് താൽപര്യമുണ്ടാകും. കുറച്ച് നാളുകൾക്കു മുൻപ്, ഇന്ത്യൻ ജാനാധിപത്യം അവരുടെ സംരക്ഷണമേറ്റെടുക്കുന്നു എന്നതുകൊണ്ട് ഇന്ത്യൻ മുസ്‌ലിംകൾ അതിനെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു എന്ന് ഇർഫാൻ അഹ്‌മദ്‌ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇനിയത് ഉണ്ടായിരിക്കണമെന്നില്ല.

നാസി ജർമനിയിൽ ജൂതർക്കെതിരെ നടന്ന വംശഹത്യാപരമായ ഹിംസകളുടെ മനസ്സ് മരവിപ്പിക്കുന്ന റെഫറൻസുകളോടെയാണ് ഹാൻസൻ പുസ്തകം അവസാനിപ്പിക്കുന്നത്. യുഎസിലെ ആഫ്രിക്കൻ-അമേരിക്കക്കാർക്കു നേരെ നടന്ന ഹിംസകളാണ് കൂടുതൽ അനുയോജ്യമായ ഉദാഹരണങ്ങൾ. ഹിന്ദു പോപ്പുലിസത്തിന്റെ കുടക്കു കീഴിൽ നടക്കുന്ന വിവേചനങ്ങളും വ്യാപകമായ ഹിംസയുമാണ് ഇന്ത്യയെ ഇന്ന് നിർവചിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയെ കുറിച്ചുള്ള അതീന്ദ്രിയമായ വസ്തുതയൊന്നുമല്ല, മറിച്ച് തിരിച്ചെടുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ തെരഞ്ഞെടുപ്പുകളുടെ അനന്തരഫലം മാത്രമാണ്.


വിവർത്തനം: അഫ്സൽ ഹുസൈൻ

കടപ്പാട്: TheWire

പീറ്റർ വാൻ ഡെർ വീർ

പ്രശസ്ത ഗ്രന്ഥകാരനും അക്കാദമീഷ്യനുമാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ ലേഖകൻ, 'Religious Nationalism', 'The Value of Comparison', 'Imperial Encounters' എന്നിവയാണ് പ്രധാന കൃതികൾ.

പീറ്റർ വാൻ ഡെർ വീർ

പ്രശസ്ത ഗ്രന്ഥകാരനും അക്കാദമീഷ്യനുമാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ ലേഖകൻ, 'Religious Nationalism', 'The Value of Comparison', 'Imperial Encounters' എന്നിവയാണ് പ്രധാന കൃതികൾ.