മയക്കുമരുന്നിനും ദാരിദ്രത്തിനും കമ്മ്യൂണിസത്തനും ശേഷം കോവിഡെന്ന മറ്റൊരു ‘ആഗോള ശത്രു’ ദേശാതിര്‍ത്തികളില്‍ കുടിയേറ്റ ജനതക്കും തീവ്രവാദികൾക്കുമെതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ സമയത്ത് ഡറൈല്‍ ലീയുടെ ‘ദി യൂണിവേഴ്സൽ എനിമി; ജിഹാദ്, എമ്പയർ ആൻഡ് ദി ചലഞ്ച് ഓഫ് സോളിഡാരിറ്റി’ എന്ന പുസ്തകം വായിക്കുന്നത് പുതിയ ചില ഉള്‍ക്കാഴ്ച്ചകള്‍ നല്‍കും. ലീ മുന്നോട്ടുവെക്കുന്ന ഐക്യത്തിന്റെ പുതിയ ഭാഷയും, ‘ലിബറലിസത്തിന്റെ യുക്തിക്കും അതിന്റെ ഹിംസാത്മക രൂപങ്ങള്‍ക്കുമുള്ള’ ബദലാണ് സോളിഡാരിറ്റി എന്ന അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തലും അത് അതിര്‍ത്തികളും അടച്ചുപൂട്ടലുകളും(Lockdown) മറികടക്കുമെന്ന പ്രതീക്ഷയുമൊക്കെ മുന്നോട്ടുവെക്കുന്ന ലീയെ വായിക്കാൻ ഏറ്റവും നല്ല സമയം ഇതാണ്.
പലതും ചെയ്യുന്നില്ലെന്ന് പറയുകയും അതേസമയം ഒരുപാട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു പുസ്തകമാണ് ദി യൂണിവേഴ്‌സല്‍ എനിമി. ‘നെഗറ്റീവ് ആന്ത്രപോളജി’ (നെഗറ്റീവ് തിയോളജിക്ക് ശേഷം) എന്ന നിലക്ക് ഒരാള്‍ക്ക് ആ പുസ്തകം വായിക്കാം. പുസ്തകത്തില്‍, ‘താന്‍ ചെയ്യുന്നില്ല’ എന്ന് ലീ പറയുന്ന കാര്യങ്ങളുടെ ഒരു പട്ടിക തന്നെ വേണമെങ്കിൽ ഒരാള്‍ക്ക് ഉണ്ടാക്കാം. ആ പട്ടികയാണ് മറ്റാരേക്കാളും ഏണസ്റ്റ് റെനനിലേക്ക് എന്നെ എത്തിക്കുന്നത്. താന്‍ ഇസ്‌ലാമിന്റെ ആന്ത്രപ്പോളജിയല്ല മുന്നോട്ടു വെക്കുന്നത് എന്ന കാര്യം ലീ വ്യക്തമാക്കുന്നു. ജിഹാദ്, ജിഹാദി, ജിഹാദിസം എന്നിവയെ കുറിച്ചുള്ള പഠനവുമല്ല അത്. ഭീകരവാദ പഠനങ്ങള്‍ക്ക് സംഭാവനകളർപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ‘യൂഗോസ്ലാവിയയുടെ പതനം’ എന്ന വിഷയത്തിൽ പുതിയൊരു വ്യാഖ്യാനവും അത് നല്‍കുന്നില്ല. നിയമത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചല്ല അദ്ദേഹത്തിന്റെ നിയമത്തിന്റെ നരവംശശാസ്ത്രം പറയുന്നത്, ആഗോളപരതയുമായി (Universalism) ബന്ധപ്പെട്ട ‘അനുഭവ യാഥാര്‍ഥ്യ’മാണ് ഈ പുസ്തകമെന്നും അദ്ദേഹം അവകാശപ്പെടുന്നില്ല. അന്താരാഷ്ട്ര ഐക്യപ്പെടലിന്റെ ചരിത്രം പറയുന്നതോ, അതല്ലെങ്കില്‍ അതിനുള്ള ഒരു മാന്വല്‍ ആയോ അല്ല പുസ്തകമുള്ളത്. അതിനാല്‍ തന്നെ, ജെ.ഗ്ലെന്‍ ഗ്രേ വിശേഷിപ്പിച്ച ‘അപകടത്തിന്റെ സാഹോദര്യൈക്യം'(Confraternity of danger) എന്നതിനെ വിശകലനം ചെയ്യാനുമല്ല പുസ്തകം ശ്രമിക്കുന്നത്. അവസാനമായി, അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ പൊളിറ്റിക്കൽ വയലൻസ് സംഘടിപ്പിക്കാനുള്ള ആഹ്വാനവുമല്ല പുസ്തകം.
എന്നാല്‍, ‘ദി യൂണിവേഴ്‌സല്‍ എനിമി’ ഈ വിഷയങ്ങളെയെല്ലാം ഉള്‍ക്കൊള്ളുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വായനക്കാര്‍ക്ക് വ്യക്തമാകും.

‘ഐക്യത്തിന്റെ വെല്ലുവിളി’ (ദി ചലെഞ്ച് ഓഫ് സോളിഡാരിറ്റി), അഥവാ പോരാട്ടത്തിന്റെ, പ്രത്യേകിച്ചും സായുധ പോരാട്ടത്തിന്റെ, ഐക്യം എന്നത് പുസ്തകത്തിന്റെ കേന്ദ്ര വിഷയമാണെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. സാമ്രാജ്യത്തിനെതിരായ, സാമ്രാജ്യത്തിന്റെ ഹിംസകളോടുള്ള, അത് മുന്നോട്ടു വെക്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന ‘ആഗോള വര്‍ണ ഘടന’യോടുമുള്ള പോരാട്ടമാണത്. ലിബറലിസത്തിനുമപ്പുറമുള്ള ഒരു ബദല്‍ ഐക്യത്തിനായുള്ള സമരമാണത്. ഇതിലും നിർണായകമായ മറ്റൊരു പ്രശ്നം ഇന്നില്ല.
ഭാഷാപരമായി, ‘solodarite’ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ‘Solidarity’ എന്ന പദമുണ്ടാവുന്നത്. ‘നിലം’ എന്നർത്ഥം വരുന്ന ‘solum’ എന്ന ലാറ്റിന്‍ മൂലപദത്തില്‍ നിന്നാണ് അതിന്റെ ഉത്ഭവം. കുറച്ചുകൂടി സൂക്ഷ്മമായി പഠനം നടത്തുന്ന ഭാഷാ ശാസ്ത്രജ്ഞര്‍ ‘മണ്ണ്’ എന്നാണ് ആ പദത്തിന്റെ അർത്ഥം കണ്ടെത്തുന്നത്. ഭൂമിയുടെയും കൃഷിയുടെയും ശാസ്ത്രത്തെ സൂചിപ്പിക്കുന്ന പദം, ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അതിര്‍ത്തികളെ ഓര്‍മപ്പെടുത്തുന്നു. ഇവയെ കൂടുതൽ അന്വേഷിച്ചു പോയാല്‍, അല്ലെങ്കിൽ നാം ധരിക്കുന്ന ഷൂവിന്റെ അടിഭാഗത്തിന് പറയുന്ന sole എന്ന പദം ശ്രദ്ധിക്കുകയാണെങ്കില്‍, ലാറ്റിന്‍ വാക്കായ solium എന്ന പദത്തിലേക്ക് നാം എത്തിച്ചേരും. പഴയ ഫ്രഞ്ചിലെ soel, suel, sueil എന്നീ പദങ്ങളും ‘പ്രാരംഭം, അതിര്'(Threshold) എന്നൊക്കെ അർത്ഥം വരുന്ന ആധുനിക ഫ്രഞ്ചിലെ seuil എന്ന പദവും അതില്‍ നിന്നുമുണ്ടായതാണ്. അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നതും വ്യക്തമായും അടുപ്പം കാണാന്‍ പറ്റുന്നതുമായ ഇംഗ്ലീഷ് പദം, ‘Solid’ ആണ്. ഫ്രഞ്ച് വിശേഷണമായ ‘solidiare’ ഇംഗ്ലീഷിലേക്കെത്തുകയും, ‘Solidarity’ എന്ന പദം പൊതുവെ പ്രചാരത്തില്‍ വരികയും ചെയ്തു -സ്പ്രിംഗ് ഓഫ് നാഷന്‍സിന്റെ സമയത്താണ് ഇത് സംഭവിക്കുന്നത്- ഫ്രഞ്ച് പദത്തില്‍ നിന്നും ‘solidary’ എന്ന മറ്റൊരു വാക്ക് ആദ്യം ഉത്ഭവിച്ചിരുന്നു, നിയമ നീതിന്യായ ഭാഷയുടെ ഭാഗമായാണ് ആ പദമുണ്ടായിരുന്നത്. ഒന്നുകൂടെ സൂക്ഷ്മമായി പറഞ്ഞാല്‍ ബാധ്യതകളെയും കരാറുകളെയും സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിച്ചിരുന്നത്.
എന്നാലും എന്തിനാണ് റെനൻ? അള്‍ജീരിയയിലെ കൊളോണിയല്‍ സ്‌റ്റേറ്റ് സാമ്രാജ്യത്തോട് എല്ലാ കാലത്തും ചേര്‍ന്ന് പ്രവര്‍ത്തിച്ച അവരുടെ അടുത്ത വ്യക്തി ഐക്യത്തെ കുറിച്ചുള്ള തന്റെ ആലോചനകളിലൂടെയായിരിക്കാം ചിലപ്പോൾ റെനന്‍ ഓര്‍മിക്കപ്പെടുക; ഐക്യത്തെ കുറിച്ചുള്ള പഴയതും പുതിയതുമായ ചോദ്യങ്ങള്‍. റെനാന്‍ 1882ല്‍ എഴുതിയ തന്റെ വിഖ്യാത ലേഖനത്തില്‍ പറയുന്നത് പോലെ, ഒരു ദേശം ‘ഒരു ദൈനംദിന ജനഹിതം (Plebiscite)’ മാത്രമല്ല, മറിച്ച് സഹനവും സമരവും ആവശ്യമുള്ള ‘വിശാലമായ ഐക്യത്തിനായുള്ള’ പദ്ധതി കൂടിയാണ്. ആ ലേഖനത്തില്‍ മനുഷ്യ സമൂഹത്തിന്റെ വ്യത്യസ്ത രൂപങ്ങളെ റെനന്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്;
“ചൈനയിലും ഈജിപ്തിലും പൗരാണിക ബാബിലോണിയയിലും കാണപ്പെട്ട ജനസഞ്ചയങ്ങള്‍, ഹീബ്രുവിലെയും അറബിലെയും ഗോത്രസമൂഹങ്ങള്‍, ഏതന്‍സിലും സ്പാര്‍ട്ടയിലും നിലനിന്നിരുന്ന നഗരങ്ങള്‍, കാരോലിംഗിയന്‍ സാമ്രാജ്യത്തിലെ വ്യത്യസ്ത നാടുകളില്‍ കാണപ്പെട്ട സഭകൾ, ഇസ്രായേലികളുടെയും പാര്‍സികളുടെയും പോലുള്ള ദേശപരമായ അതിര്‍വരമ്പുകൾക്കപ്പുറം മതപരമായ ബന്ധങ്ങളാല്‍ നിലനിന്നു പോന്ന സമുദായങ്ങള്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങി ആധുനിക യൂറോപ്പിലെ ഒട്ടുമിക്ക സ്വതന്ത്ര രാജ്യങ്ങളുമുൾപ്പെടെയുള്ള നാഷനുകൾ, സ്വിറ്റ്‌സര്‍ലന്റിലും അമേരിക്കയിലും നിലനില്‍ക്കുന്ന കോണ്‍ഫെഡറേഷനുകള്‍, ജര്‍മനുകളിലും സ്ലാവ് ജനതയിലും കണ്ടുവരുന്ന വംശത്തെയും ഭാഷയെയും അടിസ്ഥാനപ്പെടുത്തിയുള്ള ബന്ധങ്ങള്‍. ഇത്തരത്തിൽ നിലനില്‍ക്കുന്ന, അല്ലെങ്കില്‍ നിലനിന്നിരുന്ന ഗണരൂപങ്ങളില്‍ ഏതെങ്കിലുമൊരു ഗണത്തെ മറ്റൊന്നായി തെറ്റിദ്ധരിക്കുകയാണെങ്കില്‍ അത് മാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.. അങ്ങനെയുള്ള വലിയ തെറ്റ് ഇന്ന് സംഭവിച്ചിട്ടുണ്ട്; വംശത്തെ ദേശമായി തെറ്റിദ്ധരിക്കുകയോ യഥാർത്ഥത്തിൽ നിലനിൽക്കുന്ന ജനതയുടേതിന് സമാനമായ ഒരു പരമാധികാരത്തെ വംശഗണങ്ങൾക്കോ ഭാഷാഗണങ്ങൾക്കോ ചാർത്തി നൽകുകയോ ചെയ്തു”.
മനുഷ്യർ സാധ്യമെന്ന് തെളിയിച്ച വ്യത്യസ്തതരം ഗണ/സമൂഹ രൂപീകരണ രീതികളെ (‘modes de groupment’) പരാമര്‍ശിക്കാനാണ് റെനന്‍ ഉപയോഗിച്ച ശൈലികളെ ഞാന്‍ പ്രത്യേകം അടിവരയിട്ടത്. റെനനെ സംബന്ധിച്ചേടത്തോളം, മനുഷ്യര്‍ (അവര്‍ക്കെല്ലാം റെനന്‍ മാനവികത -ഹ്യുമാനിറ്റി- കല്‍പ്പിച്ചു നല്‍കുന്നു) എല്ലാവരും സമൂഹത്തില്‍ ഒരേ തരത്തില്‍ ഗ്രൂപ്പുകളായി മാറാനോ, ഒരേ തരത്തില്‍ തിരിച്ചറിയപ്പെടാനോ, ഒരേ പോലെ പെരുമാറാനോ കഴിയുന്നവരല്ല. അതിനാല്‍ തന്നെ വിശകലനാത്മകമായ വേര്‍തിരിവുകൾ പ്രധാനപ്പെട്ട ഒരു കാര്യമാണ് (അപ്പോഴും, നാം ഒന്നിനെ മുന്‍നിര്‍ത്തി മറ്റൊന്നിനെ സംശയത്തോടെ കാണുകയോ, അതിനെ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്, ഉദാഹരണത്തിന് ഗ്രീക് നഗരങ്ങളും അറബ് ഗോത്രങ്ങളും). അതോടൊപ്പം തന്നെ അത്തരം വേര്‍തിരിവുകള്‍ മുന്നോട്ടുവെക്കുന്ന ഭാഷാ-ഭൗമരാഷ്ട്രീയ വ്യത്യാസങ്ങളെ റെനന്‍ ലേഖനത്തിലെവിടെയും നിരാകരിക്കുന്നുമില്ല.
ഈ കാര്യങ്ങളിലൂന്നി നിന്നുകൊണ്ട്, ‘ചരിത്രത്തിന്റെ പരീക്ഷണശാല’കള്‍ക്ക് (1914ല്‍ ബാള്‍ക്കൺ ജനതയെ വിശേഷിപ്പിക്കാൻ കൊളംബിയ പ്രഫസര്‍ വില്യം സ്ലൊയേന്‍ ഉപയോഗിച്ച പദം) അകത്തും പുറത്തും നടക്കുന്ന ഐക്യപ്പെടലുകള്‍ നമ്മെ ഇനിയും വെല്ലുവിളിക്കുമെന്നും നമ്മുടെ സഹ്യതയുടെയും ഭാവനയുടെയും പരിധികളെ വികസിപ്പിക്കുമെന്നും ഞാന്‍ കരുതുന്നു. അതിന്റെ ഒരു കാരണം, പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ‘ദേശ’ത്തിന് ലഭിച്ചിട്ടുള്ള ആധിപത്യം മറ്റു തരത്തിലുള്ള ‘ഗണരൂപീകരണങ്ങളിൽ’ നിന്ന് സ്വതന്ത്രമായി ഉണ്ടായതല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഭൂമിശാസ്ത്രം, രാഷ്ട്രീയാധികാരം, വംശം, ഭാഷ, മതം തുടങ്ങി വ്യത്യസ്ത തരം ബന്ധങ്ങളെ പരിഗണിച്ചുകൊണ്ടാണ് റെനന്‍ ദേശത്തെ കുറിച്ച് സംസാരിക്കുന്നതും. എന്നാല്‍ എങ്ങനെയാണ് ഇവയുടെയെല്ലാം സ്വഭാവത്തെ നാം മനസ്സിലാക്കുക? അല്ലെങ്കില്‍ അവയുടെ വേര്‍തിരിവുകളെയും വിഭജനങ്ങളെയും എങ്ങനെയെല്ലാമാണ് നാം തിരിച്ചറിയുക?
‘തുര്‍ക്കിഷ് വ്യവസ്ഥ’യെക്കുറിച്ച് വിവരിക്കുന്നിടത്ത് അതിനെ ‘മതത്തിന്റെ പേരിൽ മനുഷ്യരെ വേര്‍തിരിക്കുന്ന’ ഒന്നായി റെനന്‍ വിവരിക്കുന്നുണ്ട്; ‘തങ്ങളുടെ മതത്തിനനുസരിച്ച് ദേശീയതകളെ തരം തിരിച്ചുകൊണ്ടാണ് അതിന്റെ പോളിസി പ്രവര്‍ത്തിക്കുന്നത്’. ഇവിടെ ദേശം, മതം എന്നീ രണ്ടു സങ്കല്‍പ്പനങ്ങളെയും രണ്ടായി കാണുന്നത് മാത്രമല്ല പ്രധാന പ്രശ്‌നം, മറിച്ച്, അവ തമ്മിലുള്ള പരസ്പര ബന്ധത്തെ നാം മനസ്സിലാക്കുന്ന രീതിയും, ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിലും ഐക്യം നിലനിര്‍ത്തുന്നതിലും അവ വഹിക്കുന്ന റോളും അല്ലെങ്കിൽ അവയ്ക്ക് കല്‍പ്പിക്കപ്പെട്ട റോളും എല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ തന്നെയാണ്. സ്ലാവുകളെ നിരന്തരം പരാമര്‍ശിച്ചുകൊണ്ടുള്ള റെനന്റെ ആഖ്യാനം അവ്യക്തമായ മനസ്സിലാക്കലുകളാണ്, യൂഗോസ്ലാവിയയെയും ഇസ്‌ലാമിനെയും പറ്റി സംസാരിക്കുന്നിടത്ത് ഇതിനെതിരെ ലീ പ്രതികരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ലീ പറയുന്നു; ‘ദേശീയതയുടെ പുറത്ത് മാത്രമല്ല യൂഗോസ്ലാവിയ കെട്ടിപ്പടുത്തത്, മറിച്ച്, മതം, മതമല്ലാത്തത് തുടങ്ങിയ കാറ്റഗറികളെ നിരന്തരം സ്ഥാപിച്ചെടുക്കുകയും നിയന്ത്രിച്ചുകൊണ്ടു പോവുകയും ചെയ്യുന്ന ഭരണയുക്തിയായ മതേതരത്വത്തിനെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ്’. കൂടാതെ, ‘ഭാഷാപരവും ദേശപരവുമായ വൈവിധ്യങ്ങളെയും’ ‘മതവും’ ‘ദേശവും’ തമ്മിലുള്ള വ്യത്യസ്ത തരത്തിലുള്ള അടുപ്പത്തെ അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ബോസ്‌നിയാക്ക് (അല്ലെങ്കില്‍ മുസ്‌ലിം ആണോ?) സമുദായം ‘യൂഗോസ്ലാവിയയുടെ തന്നെ ചെറുപതിപ്പ്’ നിര്‍മിച്ചെടുത്തതെന്ന് ലീ വിവരിക്കുന്നു. ഇവിടെ, യൂഗോസ്ലാവിയയുടെ നിര്‍മാണത്തിലും തകര്‍ച്ചയിലും പ്രവര്‍ത്തിച്ച ‘വംശം’ എന്ന യാഥാര്‍ഥ്യത്തിന്റെ പങ്കിനെയും ലീ വ്യക്തമായും വരച്ചു കാട്ടുന്നു. വ്യത്യസ്ത തരം ഐക്യ പദ്ധതികളുടെയും ആഗോളപരതയുടെയും അടിസ്ഥാനമായി അദ്ദേഹം ‘വംശത്തെ’ മനസ്സിലാക്കുകയും ചെയ്യുന്നു.
അപ്പോള്‍ എന്താണ് ഐക്യപ്പെടലിന്റെ അടിസ്ഥാനം? എങ്ങനെയാണ് അല്ലെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ്, ഒരു കൂട്ടം എന്താണോ അതായിത്തീരുന്നത്? ഭാഷയോ അതിന്റെ അടിസ്ഥാനം, അല്ലെങ്കില്‍ വംശമോ? ദേശീയതയാണോ അതോ മതമോ? സാമ്രാജ്യത്തിനെതിരായ പോരാട്ടം, ആഗോള വംശങ്ങളുടെ അധികാര ശ്രേണികളോടുള്ള പോരാട്ടം കൂടിയാണെന്ന് ലീ പറയുന്നു. വ്യത്യസ്ത അടിത്തറകള്‍ -വംശം അതിലൊന്നാണ്- എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത് എന്ന കാര്യമാണ് ഇനി മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് വ്യത്യസ്ത തരത്തില്‍, വ്യത്യസ്ത ശ്രേണികളിലായി അവ സ്ഥാപിക്കപ്പെടുന്നത്? ഉദാഹരണത്തിന്, മതം ദേശമോ വംശമോ അല്ലെന്ന വാദം, തെറ്റോ ശരിയോ ആയ ഒരു വേര്‍തിരിവിനെ (ഒരു ചരിത്രപരമായ രൂപപ്പെടലിനെ) കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ റെനന്‍ ഉദാഹരിക്കുന്നത് പോലെ, അത് ആധികാരികത (Legitimation) നേടാൻ വേണ്ടിയുള്ള ഒരു മെക്കാനിസമായും ഐക്യത്തെകുറിച്ച ഭാവനയുടെ പരിധിയായും വര്‍ത്തിക്കുന്നു. ‘വംശത്തിന്റെ’ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്നത് പോലെ (അതേ സമയം അതിന്റെ അധികാരരൂപം വ്യക്തികളെയും കൂട്ടങ്ങളെയും രൂപപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നത് തുടരുന്നത് പോലെ), വംശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ‘മതം’ അരാഷ്ട്രീയപരമാണെന്നും, ദുര്‍ബല കാറ്റഗറിയാണെന്നും, ചരിത്രപരത കുറഞ്ഞതാണെന്നും ആഗോള ശ്രേണിയുടെ ഉപയോഗശൂന്യമായ ഉപകരണമാണെന്നും പറയുന്ന വിശകലന രൂപങ്ങളെ നാം ചോദ്യം ചെയ്യേണ്ടതുണ്ട്. നിശ്ചിതമായ വർഗ്ഗീകരണങ്ങള്‍ നമ്മെ വ്യത്യസ്ത തരം ഗ്രൂപ്പുകളിലേക്ക് ഒതുക്കുമെന്നും നാം പുതിയതരം ഐക്യപ്പെടലുകളെ തടസ്സപ്പെടുത്തുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
റെനൻ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ അത് വംശവും മതവും, മതവും രാഷ്ട്രീയവും നാം കരുതുന്നതു പോലെ എളുപ്പം വേര്‍തിരിക്കാന്‍ കഴിയുന്നവയല്ലെന്ന കാര്യമാണ്. അപ്പോള്‍ പിന്നെന്തിനെയാണ് ബാല്‍ക്കണ്‍സിലെയോ ഇസ്‌ലാമിലെയോ വിദ്യാര്‍ഥികൾ വിയോജിക്കുന്നത്? ഐക്യപ്പെടലിന്റെ മറ്റു രൂപങ്ങളെ (‘modes de groupment’), മറ്റു ആഗോളപരതകളെ (Universalisms) റെനന്‍ ഭയപ്പെട്ടിരുന്നു. മതത്തെ വംശത്തില്‍ നിന്നും, മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പെടുത്താന്‍ അദ്ദേഹം കഠിനമായി പ്രവര്‍ത്തിച്ചു. മതത്തെയും ദേശത്തെയും, മതത്തെയും രാഷ്ട്രീയത്തെയും ഒന്നിച്ചുചേര്‍ക്കുന്ന അസഹിഷ്ണുക്കളായ വിഭാഗങ്ങള്‍ എന്ന് അദ്ദേഹം മനസ്സിലാക്കിയ കൂട്ടുചേരലുകളെയും (Grouping) ഐക്യപ്പെടലുകളെയും ഇല്ലാതാക്കാനും അദ്ദേഹം പ്രയത്‌നിച്ചു. സെമിറ്റുകളും സെര്‍ബുകളും മതത്തെയും രാഷ്ട്രീയത്തെയും ഒന്നിച്ചു നിര്‍ത്തിയ അത്തരം അസഹിഷ്ണുക്കളായ ഐക്യപ്പെടലിന്റെയും കൂട്ടുചേരലിന്റെയും ഉദാഹരണങ്ങളാണ്. കാലങ്ങളായി ‘ഇസ്‌ലാമും’ അതാണ് ചെയ്യുന്നത്. (മറ്റു മതങ്ങളും, വംശങ്ങളും ദേശങ്ങളും ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഏതൊക്കെയാണത്? ഇപ്പോൾ തല്‍ക്കാലം നമുക്കവയെ മാറ്റി വെക്കാം) അതുകൊണ്ട്, പ്രശസ്ത യൂണിവേഴ്‌സലിസ്റ്റ് ആയ റെനന്‍ ആത്യന്തികമായി, ‘സെമിറ്റിക് ആയതിന്’(Semitic thing) എതിരെയുള്ള ഭീകര യുദ്ധമായ ആഗോള ഭീകരവിരുദ്ധ യുദ്ധത്തിന്റെ വക്താവായിരുന്നു എന്നതിൽ അത്ഭുതപ്പെടാനില്ല.

റെനന്റെ വാദങ്ങളെ, ഫ്രാന്‍സിലെ ഏറ്റവും പ്രഗത്ഭ അക്കാദമിക കേന്ദ്രമായ കോളേജ് ഡി ഫ്രാന്‍സിന്റെ സെമിറ്റിക് സ്റ്റഡീസ് ഉദ്ഘാടന വേളയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് അവസാനിപ്പിക്കാം.
“ഭാവിയില്‍, ഇന്തോ-യൂറോപ്യന്മാരുടെ വിജയം ഞാന്‍ കാണുന്നു… യൂറോപ്പിന്റെ ഖണ്ഡിതമായ വിജയം… അതുല്യമായ കഴിവുകള്‍ കൊണ്ട് യൂറോപ്യന്മാര്‍ ഉയര്‍ന്നു പൊങ്ങുന്നു; മറുവശത്ത്, ഇസ്‌ലാമിസം പതിയെ ക്ഷയിക്കുന്നു, നമ്മുടെ കാലത്ത് അത് തകര്‍ന്നു വീഴുന്നത് നാം കാണുന്നു. ഇന്ന് സെമിറ്റിക് കാര്യങ്ങളുടെ (la chose sémitique) പ്രത്യേകമായ തകര്‍ച്ച വളര്‍ന്നുവരുന്ന നാഗരികതയുടെ അനിവാര്യതയാണ്, ഇസ്‌ലാമിസത്തിന്റെ ദൈവശാസ്ത്ര അധികാരത്തിന്റെ തകര്‍ച്ച; അഥവാ ഇസ്‌ലാമിസത്തിന്റെ തന്നെ തകര്‍ച്ച; അവിടെ ഇസ്‌ലാമിസം ഒരു ഔദ്യോഗികമതമായി മാത്രം നിലനില്‍ക്കും; പിന്നീടത് വ്യക്തിയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നായി മാത്രം അവശേഷിക്കും… അത് തകരും… അവിടെ നിലക്കാത്ത പോരാട്ടം നടക്കും; ഇശ്മയേലിന്റെ അവസാന പുത്രനും ദുരിതമനുഭവിച്ച് മരണപ്പെടുന്നത് വരെ ആ പോരാട്ടം തുടരും, അല്ലെങ്കില്‍ ഭയം അവനെ മരുഭൂമിയുടെ ആഴങ്ങളിലേക്ക് നയിക്കുന്നത് വരെ”.
മരുഭൂമിയിലേക്കോ, അല്ലെങ്കില്‍ ബോസ്‌നാട്ടനോമോ തടവറയിലേക്കോ അതിനപ്പുറത്തേക്കോ…
വിവർത്തനം: അസ്ഹർ അലി