Campus Alive

തൂഫാനുൽ അഖ്‌സയും ഫലസ്തീനിന്റെ ഭാവിയും

മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും സ്വപ്‌നമായി അവശേഷിക്കുകയാണ് ഫലസ്തീന്റെ വിമോചനം. ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ 1948-ല്‍ ഇസ്രായേല്‍ നിലവില്‍ വന്നതു മുതല്‍ തുടരുന്ന പോരാട്ടങ്ങള്‍ 1967-ലും 1973-ലും അറബ് രാജ്യങ്ങള്‍ അണിനിരന്ന യുദ്ധങ്ങളിലൂടെയും പി.എല്‍.ഒ ഉള്‍പ്പെടെയുള്ള പോരാട്ട സംഘടനകള്‍ നടത്തിയ ഗറില്ലാ ഓപറേഷനുകളിലൂടെയും ഹമാസും ഇസ്‌ലാമിക് ജിഹാദും നടത്തിയ ചാവേര്‍, റോക്കറ്റ് ആക്രമണങ്ങളിലൂടെയും സഞ്ചരിച്ചാണ് 2023 ഒക്ടോബര്‍ ഏഴിലെ ‘അല്‍ അഖ്‌സ പ്രളയം’ എന്ന പേരില്‍ അറിയപ്പെടുന്ന ‘തൂഫാനുല്‍ അഖ്‌സ’യില്‍ എത്തി നില്‍ക്കുന്നത്.

സയണിസ്റ്റ് രാജ്യത്തിന്റെ ഹൃദയത്തില്‍ നടത്തിയ ഓപറേഷന്‍ എന്ന നിലയിലാണ് ഫലസ്തീന്‍ പോരാട്ട സംഘടനകള്‍ ഇതപര്യന്തം നടത്തിയ മറ്റു ഓപറേഷനുകളില്‍ നിന്നും തൂഫാനുല്‍ അഖ്‌സയെ വ്യത്യസ്തമാക്കിയത്. ഇതിനു മുമ്പ് ക്രോസ് ബോര്‍ഡര്‍ ആക്രമണങ്ങള്‍ ഗസ്സയുടെ കമ്പിവേലിക്കെട്ടുകള്‍ ഭേദിക്കുന്നതില്‍ ഒതുങ്ങിയപ്പോള്‍ ‘തൂഫാനുല്‍ അഖ്‌സ’ അക്ഷരാര്‍ഥത്തില്‍ ഇസ്രായിലിന്റെ കോട്ട കൊത്തളങ്ങള്‍ തകര്‍ത്തുള്ളതായിരുന്നു. പാരാഗ്ലൈഡറുകള്‍ ഉപയോഗിച്ച്് തെക്കന്‍ ഇസ്രായേലില്‍ പറന്നിറങ്ങിയ ഹമാസ് സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ പോരാളികളും അവര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയിലെ ഏഴിടങ്ങള്‍ ഭേദിച്ചെത്തിയവരും സെദറോത്തിലെ പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം കയ്യടക്കി നടത്തിയ ഓപറേഷന്‍ ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. ഹമാസ് ആക്രമണത്തില്‍ 373 ഭടന്മാര്‍ ഉള്‍പ്പെടെ 1,139 പേര്‍ കൊല്ലപ്പെടുകയും 250-ഓളം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്ത സംഭവം സയണിസ്റ്റ് അധിനിവേശകര്‍ക്ക് കിട്ടിയ കനത്ത തിരിച്ചടി തന്നെയായിരുന്നു. തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനം അറിയാതെ ഒരു ഈച്ച പോലും പറക്കില്ലെന്ന അധിനിവേശ ശക്തിയുടെ ഹുങ്കിനേറ്റ പ്രഹരവും.

തിരിച്ചടി പ്രതീക്ഷിച്ചു തന്നെയാണ് ഹമാസ് ഓപറേഷന്‍ ആസൂത്രണം ചെയ്തതെങ്കിലും പ്രത്യാഘാതം അവര്‍ കരുതിയതിലും രൂക്ഷമായിരുന്നുവെന്നതാണ് സത്യം. നാല്‍പതിനായിരത്തോളം മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും ഗസ്സയുടെ 80 ശതമാനത്തിലേറെ പ്രദേശങ്ങളും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. പതിവിനു വിപരീതമായി ഹമാസിനെ അവസാനിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു നെതന്യാഹുവും കൂട്ടരും. അഴിമതിക്കേസുകളില്‍ ജയിലില്‍ പോകാനുള്ള സാധ്യത നിലനില്‍ക്കെ, തന്റെ ഭാവി സുരക്ഷിതമാക്കാന്‍ യുദ്ധം നീട്ടിക്കൊണ്ടു പോകേണ്ടത് അയാളുടെ ആവശ്യമായിരുന്നു.

ഹമാസിന് കുറേ പോരാളികളെ നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. പരമോന്നത നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ അതിഥിയായി എത്തിയപ്പോള്‍ സയണിസ്റ്റുകള്‍ വധിച്ചു. എന്നാല്‍, തൂഫാനുല്‍ അഖ്‌സയുടെ മുഖ്യ സൂത്രധാരന്‍ യഹ്‌യ സിന്‍വാറിനെ തൊടാന്‍ സയണിസ്റ്റ് പട്ടാളത്തിന് കഴിഞ്ഞിട്ടില്ല. ഹനിയ്യയുടെ മരണ ശേഷം സംഘടനയുടെ നേതൃത്വം സിന്‍വാറിനെ ഏല്‍പിച്ചാണ് ഇസ്രായേലിന് ഹമാസ് മറ്റൊരു പ്രഹരം നല്‍കിയത്. ഇസ്രായേലിന് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ടണലുകളിലൂടെ ഹമാസ് അതിജീവനം ഉറപ്പാക്കുമെന്നാണ് മുതിര്‍ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോര്‍ക്ക് ടൈംസ്’ (ഏപ്രില്‍ 22) റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത്തിനാലു വര്‍ഷം സി.ഐ.എയില്‍ പ്രവര്‍ത്തിച്ച ഡഗ്ലസ് ലണ്ടന്റെ നിരീക്ഷണമാണ് ശ്രദ്ധേയം. ഹമാസിന്റെയും മറ്റു പോരാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഫലസ്ത്വീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ് കായികപരമായി മാത്രം കാണരുതെന്നാണ് അദ്ദേഹം പറയുന്നത്. ‘ഹമാസ് ഒരു ആശയമാണ്. എത്ര ആഘാതമേല്‍ല്‍പിച്ചാലും പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ സംഘടനക്ക് സാധിക്കും. അധിനിവേശ വിരുദ്ധ പോരാട്ടത്തിനായി നിരവധി പേര്‍ തയാറായി നില്‍ക്കുന്നlത്. അവര്‍ക്കുള്ള ഫണ്ടിംഗ് തടയാനാവില്ല-‘ ഡഗ്ലസ് ലണ്ടന്‍ വ്യക്തമാക്കുന്നു.

ഫലസ്തീന്റെ ഭാവി

അമ്പത്തേഴ് വര്‍ഷമായി ഇസ്രായേല്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടില്ല. അടിസ്ഥാന വിഷയം ഇതായിരിക്കെ, കേവലം വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വിഷയത്തെ ഒതുക്കുകയാണ് അമേരിക്കയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും. രാജ്യങ്ങള്‍ ഒന്നാവുകയും വിഭജിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഫലസ്തീന്‍ പ്രശ്‌നം മാത്രം പരിഹാരമില്ലാതെ തുടരുന്നതിന് രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണുള്ളത്. സ്വതന്ത്ര ഫലസ്തീന്‍ രാജ്യം അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ ധാര്‍ഷ്ട്യവും സയണിസ്റ്റുകളെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാടും. അന്തിമമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉന്നം വെക്കുന്ന 1993-ലെ ഓസ്‌ലോ കരാറിന് കാര്‍മികത്വം വഹിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍, അത് യാഥാര്‍ഥ്യമാക്കുന്നതിന് ഒരു നീക്കവും അവര്‍ നടത്തിയില്ല. അതൊരു ട്രാപ്പായിരുന്നു. യു.എസും ഇസ്രായേലും ഒരുക്കിയ കെണിയില്‍ തലവെച്ചു കൊടുക്കുകയായിരുന്നു പി.എല്‍.ഒയും യാസര്‍ അറഫാത്തും.

Yasser Arafat

സ്വതന്ത്ര ഫലസ്തീന് ആഗോള തലത്തിലുള്ള പിന്തുണ വര്‍ധിച്ചു വരുന്നു എന്നത് ശരിയാണ്. ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സെപ്റ്റംബര്‍ മൂന്നാം വാരം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സായത്. അംഗ രാജ്യങ്ങളില്‍ 124-ഉം ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ അമേരിക്ക ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് എതിര്‍ത്തത്. അമേരിക്കയുടെ സഹായത്താല്‍ നിലനില്‍ക്കുന്ന പെസഫിക് ദ്വീപിലെ കൊച്ചു രാജ്യങ്ങളാണ് ഇവയിലേറെയും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ മിക്കവാറും രാജ്യങ്ങളും പ്രമേയത്തോടൊപ്പമായിരുന്നു. വിട്ടുനിന്ന 43 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഒരു പരിപാടിയാണ് ജനറല്‍ അസംബ്ലിയിലെ പ്രമേയം. ഔദ്യോഗിക രേഖയായി കിടക്കുമെന്നല്ലാതെ ബലം പ്രയോഗിച്ച് ഈ പ്രമേയം നടപ്പാക്കാനാവില്ല. അധിനിവേശ മണ്ണില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് രക്ഷാസമിതി പാസ്സാക്കിയ കൊട്ടക്കണക്കിന് പ്രമേയങ്ങള്‍ പോലും പുഛിച്ചു തള്ളുന്ന സയണിസ്റ്റ് ഭരണകൂടത്തിന് ഇതൊരു വിഷയമേയല്ല.

1967-ലെ അധിനിവേശത്തിന് മുമ്പുള്ള അതിരുകളിലേക്ക് ഇസ്രായേല്‍ വന്നാല്‍ അനിശ്ചിതകാല വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, കിഴക്കന്‍ ജറൂസലം സംബന്ധിച്ച് ചര്‍ച്ച പോലുമില്ലെന്നാണ് ഇസ്രായേല്‍ നിലപാട്. വെസ്റ്റ് ബാങ്കും ഗസ്സയും അതിനപ്പുറമുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് വിശാല ഇസ്രായേല്‍ പദ്ധതിക്കാണ് അവര്‍ ഒരുങ്ങുന്നത്. 2017 ഡിസംബറില്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ചര്‍ച്ചയുടെ വാതിലുകള്‍ കൊട്ടിയടച്ച അമേരിക്ക സ്വതന്ത്ര ഫലസ്തീന് അനുകൂലമാണെന്ന് വിശ്വസിക്കുന്നതാണ് വലിയ മണ്ടത്തരം. ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അമേരിക്കയുടെ വീറ്റോയെ മറികടന്ന് അത് നടക്കില്ല. പിന്നെ എന്തുണ്ട് വഴി?

‘തൂഫാനുല്‍ അഖ്‌സ’ സ്വതന്ത്ര ഫലസ്തീന് വഴി തുറന്നില്ലെങ്കില്‍ മറ്റൊരു അവസരം ഇനി വന്നുകൊള്ളണമെന്നില്ല. ഇസ്രായേലിനെ പിടിച്ചു കുലുക്കുന്നതും അമേരിക്കയുടെ ഏകഛത്രാധിപത്യത്തെ ചോദ്യം ചെയ്യുന്നതുമായ രണ്ട് സുപ്രധാന ലക്ഷ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പോരാട്ടത്തിന് പറയാനുണ്ട്. അത് ഫലസ്തീനികളെ സംബന്ധിച്ചേടത്തോളം ചരിത്ര പ്രധാനമാണ്. സയണിസത്തിനു പരവതാനി വിരിച്ചു കൊടുക്കുന്ന ചുരുക്കം ചില രാജ്യങ്ങള്‍ ഒഴിച്ച് നിർത്തിയാൽ ഇസ്രായേലിന്റെ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ ലോകാടിസ്ഥാനത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതില്‍ തൂഫാനുല്‍ അഖ്‌സ വിജയിച്ചിട്ടുണ്ട്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള ചില അറബ് രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും തടയിടാനും ഹമാസ് ഓപറേഷനിലൂടെ കഴിഞ്ഞു. ലോക ക്രമം മാറുകയും ഗ്ലോബല്‍ സൗത്ത് സജീവ യാഥാര്‍ഥ്യമാവുകയും ചെയ്ത സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കപ്പുറത്തു നിന്നുള്ള പിന്തുണ ഫലസ്തീന്‍ രാജ്യത്തിന് കിട്ടുന്നുണ്ട്.

 

ഇതൊക്കെയാണെങ്കിലും, ശക്തമായ ചെറുത്തുനില്‍പിലൂടെ മാത്രമേ ഖുദ്‌സ് വിമോചനവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും യാഥാര്‍ഥ്യമാവൂ. കുരിശു സാമ്രാജ്യത്വത്തിന്റെ 88 വർഷം നീണ്ടുനിന്ന അധിനിവേശം അവസാനിപ്പിച്ചാണ് സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സ് മോചിപ്പിച്ചത്. അധിനിവേശം തുടരുവോളം ചെറുത്തുനില്‍പും തുടരും. ശൈഖ് അഹ്‌മദ് യാസീനും അബ്ദുല്‍ അസീസ് രന്‍തീസിക്കും ഇസ്മാഈല്‍ ഹനിയ്യക്കും പിന്‍ഗാമികള്‍ ഉദയം ചെയ്തുകൊണ്ടേയിരിക്കും. അബ്ബാസ് അല്‍ മൂസവിക്ക് പിന്‍ഗാമിയായി വന്ന സയ്യിദ് ഹസ്സന്‍ നസറുല്ല പോരാളികള്‍ക്ക് ഉത്തേജനം നല്‍കി മൂന്നു പതിറ്റാണ്ടിനു ശേഷം മടങ്ങിയെങ്കിലും ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പും അവസാനിക്കുന്നില്ല. നോണ്‍ സ്‌റ്റേറ്റ് ആക്റ്റര്‍മാരാണ് ഇക്കാലമത്രയും ഫലസ്തീന്‍ പോരാട്ടത്തെ നെഞ്ചിലേറ്റിയത്. യുദ്ധവിമാനങ്ങളോ അത്യാധുനിക സൈനിക സംവിധാനങ്ങളോ ഇല്ലാതെ മിഡിലീസ്റ്റിലെ വന്‍ സൈനിക ശക്തിയോട് പിടിച്ചുനില്‍ക്കുന്നത് തന്നെ അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും കരുത്താണ് സൂചിപ്പിക്കുന്നത്.

പി കെ നിയാസ്