Campus Alive

ഹമാസിനെ അപകീർത്തിപ്പെടുത്തുമ്പോൾ (മെഹ്ദി ഹസന്റെ വാദങ്ങളെ പരിശോധിക്കുന്നു )

1988 ഫെബ്രുവരി 14ന് ഇസ്രായേല്‍ ഏജന്റുമാര്‍ സൈപ്രസിൽ വെച്ച് നടത്തിയ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് ഫലസ്തീനി നേതാക്കളെ വധിക്കുന്നതോടെയാണ് ഫതഹിന്റെ സ്റ്റുഡന്റ് ബ്രിഗേഡിന് അന്ത്യമായത്. ഇരകളായവര്‍ ഫലസ്തീന്റെ വിമോചനത്തിനു വേണ്ടി അറബ് വിപ്ലവകാരികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ് സംഘടനയായ ഫതഹിന്റെ വിദ്യാര്‍ഥി വിഭാഗത്തിലെ നേതാക്കള്‍, മുഹമ്മദ് ഹസ്സന്‍ ബുഹൈസ് (അബു ഹസന്‍ ഖാസിം) മര്‍വാന്‍ കയ്യാലി, മുഹമ്മദ് ബാസിം അല്‍തമീമി എന്നിവരാണ്. 1979ലെ ഇറാന്‍ വിപ്ലവത്തിനു പിന്നാലെ ആഭ്യന്തരമായ വിലയിരുത്തലുകള്‍ക്കും ധൈഷണിക സംവാദങ്ങള്‍ക്കും ശേഷം ആ സംഘടന ഇസ്‌ലാമിസം ആശയമായി സ്വീകരിച്ചിരുന്നു. ഇസ്രായേലിനെതിരായ ജനകീയ സമരത്തില്‍ മാര്‍ഗരേഖ രൂപീകരിക്കാനും പ്രചോദനകേന്ദ്രമായും ഇസ്‌ലാം പ്രഥമപങ്ക് വഹിക്കുന്ന തരത്തില്‍ ആശയപരിവര്‍ത്തനത്തിന്റെതായ പുതിയ യുഗത്തിന്റെ തുടക്കം ക്രിസ്ത്യന്‍ മാര്‍ക്‌സിസ്റ്റായിരുന്ന, പിന്നീട് ഇസ്‌ലാം സ്വീകരിച്ച മുനീര്‍ ചഫീഖിനെപ്പോലുള്ള ഫലസ്തീന്‍ ചിന്തകരുടെ സ്വാധീനഫലമായുണ്ടായതാണ്.

സ്റ്റുഡന്റ് ബ്രിഗേഡിന്റെ തുടക്കവും ആശയമാറ്റവും ഒടുക്കവുമെല്ലാം ഇസ്രായേല്‍ അധിനിവേശത്തിന്റെ നേര്‍കാഴ്ച്ചയായ പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തെ തുറന്നെതിര്‍ക്കാന്‍ ഫലസ്തീനിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് പ്രചോദനമായി. പറഞ്ഞുവരുമ്പോള്‍ സ്റ്റുഡന്റ് ബ്രിഗേഡിന്റെ ധൈഷണികവ്യവഹാരത്തോടാണ് ഹിസ്ബുല്ലയും ഇസ്‌ലാമിക് ജിഹാദും ഹമാസുമെല്ലാം കടപ്പെട്ടിരിക്കുന്നത്. ഹിസ്ബുല്ലയുടെ അന്തരിച്ച മുതിര്‍ന്ന നേതാവ് ഇമാദ് മുഗ്നിയാ ഈ സംഘടനയുടെ ഒരു സജീവപ്രവര്‍ത്തകനുമായിരുന്നു.

ബുസൈസ്, കയ്യാലി, അല്‍ തമീം എന്നിവരെ വധിച്ചതിന്റെ മുപ്പതാം വാര്‍ഷിക വേളയില്‍ ‘ദ ഇന്റര്‍സെപ്റ്റിലെ’ ‘ബ്ലോ ബാക്ക്’ എന്ന പരിപാടിയില്‍ മെഹ്ദി ഹസന്‍ പറഞ്ഞത് ഹമാസും ഇസ്‌ലാമിക് ജിഹാദും ഇസ്രായേലിന്റെ തന്നെ സൃഷ്ടികളാണെന്നായിരുന്നു. ഫതഹും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും അടക്കമുള്ള പ്രമുഖ ഫലസ്തീനി ദേശീയവാദ പ്രസ്ഥാനങ്ങളെ ഒതുക്കാന്‍ ഇസ്രായേല്‍ 20 വര്‍ഷത്തോളം ഫണ്ട് ചെയ്താണ് ഹമാസിനെ ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. മെഹ്ദി ഹസന്റെ ഈ ആഖ്യാനം വീണ്ടുവിചാരമില്ലാത്തതും ഒരു സങ്കീര്‍ണമായ ചരിത്രത്തെക്കുറിച്ച് ധൈഷണിക സത്യസന്ധതയില്ലാത്തതും ആണെന്ന് മാത്രമല്ല, ആശയപരമായിത്തന്നെ പൊള്ളയാണ്. അവര്‍ പോരാടുന്ന ശത്രുവാല്‍ തന്നെ രൂപീകരിക്കപ്പെട്ട ഭീകരവാദി മതഭ്രാന്തരായി ഇസ്‌ലാമിസ്റ്റുകളെ ചിത്രീകരിക്കുന്നതിലൂടെ ഇസ്രായേല്‍ കോളനിവല്‍ക്കരണത്തിനെതിരെ ഇസ്‌ലാമിസ്റ്റുകള്‍ നടത്തിയ ചെറുത്തുനില്‍പ്പിനെ റദ്ദുചെയ്യുക മാത്രമല്ല അവര്‍ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയെ വിലകുറച്ചുകാണുകയുമാണ് ചെയ്യുന്നത്. ഇത്തരം എടുത്തുചാട്ട വാദങ്ങളെ തള്ളാന്‍ ഫലസ്തീനിയന്‍ പോരാട്ടത്തിന്റെയും മിഡില്‍ ഈസ്റ്റിലെ ഇസ്‌ലാമിസത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള അടിസ്ഥാനധാരണ മതി.

ഹമാസും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാന്‍ മെഹ്ദി ഹസന്‍ ‘ഇസ്‌ലാമിക് റാഡിക്കലിസ’ത്തെക്കുറിച്ചുള്ള പഴഞ്ചന്‍ വ്യാഖ്യനങ്ങളെ -അതാകട്ടെ ലിബറല്‍ ഊഹാപോഹങ്ങളാല്‍ നിറഞ്ഞതും വാര്‍ ഓണ്‍ ടെറര്‍ വ്യവഹാരത്താല്‍ നിര്‍മിതമായതും- ആണ് ആശ്രയിക്കുന്നത്. സ്വേഛാധിപത്യ അടിച്ചമര്‍ത്തലിനെതിരായ വെറും പ്രതികരണവും പ്രതിഷേധവുമായി ഇസ്‌ലാമിക സായുധസംഘങ്ങളുടെ ഉയിര്‍പ്പിനെ അവതരിപ്പിക്കുന്നതിലൂടെ സെക്യുലറിസ്റ്റ് നാഷനലിസ്റ്റ് നേതാക്കള്‍ ഇസ്‌ലാമിസത്തെ കിരാതഭരണത്തിനെതിരായ സ്വാഭാവികപ്രതികരണമായി അവതരിപ്പിക്കുന്ന രീതിയെ മെഹ്ദി ഹസന്‍ പുല്‍കുകയാണ്. ആ സമീപനം രാഷ്ട്രീയ പ്രക്ഷോഭത്തിന് മാര്‍ഗരേഖ നല്‍കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ കാണുന്ന വിവിധ ചിന്താസരണികളിലെ മുസ്‌ലിംകളെ അപമാനിക്കലുമാണ്.

കോളനിവിരുദ്ധ സമരങ്ങളിലെ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക്

സൈക്‌സ്-പൈകോട്ട് കരാറാനന്തരം നടന്ന ഫലസ്തീനി വിമോചന പോരാട്ടങ്ങളിലെ ഇസ്‌ലാമിസ്റ്റുകളുടെ പങ്കിന്റെ വിശദചരിത്രത്തെ മെഹ്ദി ഹസന്‍ അവഗണിക്കുകയാണ്. ഒപ്പം സെക്യുലരിസ്റ്റ് ഫതഹോ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനോ രൂപീകരിക്കുന്നതിന് മുമ്പും പിമ്പും യാതൊരു പ്രത്യയശാസ്ത്ര ബന്ധവുമില്ലാത്ത ആയിരക്കണക്കായ സാധാരണ ഫലസ്തീന്‍ ജനതയുടെ രാഷ്ട്രീയ ഇടപെടലിനെയും സമരത്തെയും അദ്ദേഹം റദ്ദുചെയ്യുകയും കൂടി ചെയ്യുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനും ഫലസ്തീനിലെ ആദ്യകാല സയണിസ്റ്റുകള്‍ക്കും എതിരെ പോരാട്ടം നയിച്ച ഗ്രാന്ഡ് മുഫ്തി അമീന്‍ അല്‍ ഹുസൈനിയെപ്പോലുള്ള ഇസ്‌ലാമിക പണ്ഡിതരുടെയും വൈദേശിക അധിനിവേശത്തെ ആയുധം കൊണ്ട് ചെറുക്കണമെന്ന ഇസ്‌ലാമിക പ്രതിരോധ ജിഹാദ് സങ്കല്‍പത്തെ മുറുകെപ്പിടിച്ച് സായുധ സംഘമുണ്ടാക്കിയ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിനെപ്പോലുള്ള ഇസ്‌ലാമിക പ്രബോധകരുടെയെല്ലാം പങ്ക് ചെറുതല്ല. സിറിയക്കാരനായ അല്‍ ഖസ്സാം സ്ത്രീ-പുരുഷന്‍മാരെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സായുധ പോരാട്ടത്തില്‍ പള്ളി മിമ്പറില്‍ നിന്ന് അണിചേര്‍ത്തയാളാണ്. അല്‍ ഖസ്സാമിന്റെ ദേശം സിറിയ ആണെന്ന യാഥാര്‍ഥ്യം നില്‍ക്കെത്തന്നെ ഫലസ്തീന്‍ പ്രശ്‌നത്തെ അതിര്‍ത്തികള്‍ കടത്തി അന്താരാഷ്ട്രവല്‍കരിക്കുന്നതില്‍ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക് കാണിക്കുന്നതിന് ചെറിയ ഒരു ചൂണ്ടുപലകയായി ഹമാസിന്റെ സായുധവിഭാഗത്തിന്റെ പേര് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് എന്നതാണെന്നോര്‍ക്കണം.

ഹമാസ് കൂടെ ഭാഗമായ മുസ്‌ലിം ബ്രദര്‍ഹുഡ് 1948ലെ യുദ്ധത്തില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ് എന്നിവടങ്ങളില്‍ നിന്നും അറബ് ലിബറേഷന്‍ ആര്‍മിയിലേക്ക് സന്നദ്ധസേവകരെ അയക്കുക മാത്രമായിരുന്നില്ല ചെയ്തത്; ബ്രദര്‍ഹുഡിന്റെ കൊടിക്കൂറക്ക് കീഴില്‍ ഗസ്സയിലും ജെറുസലേമിലും യാഫയിലും സയണിസ്റ്റ് അധിനിവേശത്തിനെതിരെ പോരാടാന്‍ പോരാളികളെയും അയച്ചിട്ടുണ്ട്. അതിലുപരി 1948 ലെ അറബ് സേനയുടെ പരാജയത്തിനു പിന്നാലെ ഫതഹിന്റെ സഹസ്ഥാപകനായ ഖലീല്‍ അല്‍ വസീര്‍, ഹമാസ് സഹസ്ഥാപകനായ ഖൈരി അല്‍ ആഗ ഉള്‍പ്പെടെയുള്ള പുതിയ അംഗങ്ങളെ ഇസ്രായേലിനെതിരായ പോരാട്ടം നയിക്കുന്നതിനും ഗസ്സയിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനുമായി മുസ്‌ലിം ബ്രദര്‍ഹുഡ് നിയോഗിച്ചു. ശേഷം ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗവും ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റ് സഹസ്ഥാപകനുമായ അബ്ദുല്‍ മുൻഈം അബ്ദുല്‍ റഊഫാണ് ഗസ്സയിലെ ബ്രദര്‍ഹുഡ് പോരാളികള്‍ക്ക് പരിശീലനം നല്‍കിയത്.

1948 ന് ശേഷം 1954 വരെയും ഗസ്സയില്‍ ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി. 1954ല്‍ ജമാല്‍ അബ്ദുല്‍ നാസര്‍ നേതാക്കളെ വധിക്കുകയും ജയിലിലടക്കുകയും ചെയ്തുകൊണ്ട് സംഘടനക്കെതിരെ നടത്തിയ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ കാരണം ഗസ്സയില്‍ ബ്രദര്‍ഹുഡ് ഒളിപ്രവര്‍ത്തനം നടത്തേണ്ടി വന്നു. അതുകൊണ്ട് പ്രകടമായ ഇസ്‌ലാമിക സ്വഭാവം കാണിക്കാത്ത ഒരു പുതിയ ദേശീയവാദ പ്രസ്ഥാനം രൂപീകരിക്കാന്‍ ഖലീല്‍ അല്‍ വസീര്‍ ബ്രദര്‍ഹുഡ് നേതാക്കളെ നിയോഗിച്ചു. റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ഭാവി ഫതഹ് നേതാക്കളായ മുഹമ്മദ് യൂസഫ് അല്‍-നജ്ജാറും സലാ ഖലാഫും, കമാല്‍ അദ്വാനും ഉള്‍പ്പെടുന്നു. ആ അര്‍ഥത്തില്‍ സ്വേഛാധിപത്യ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ പ്രതികരണമായി ഉയര്‍ന്നുവന്നത് ഹമാസല്ല സെക്യുലറിസ്റ്റായ ഫതഹാണെന്ന് അതിന്റെ ബ്രദര്‍ഹുഡ് വേരുകള്‍ ചൂണ്ടി ഒരാള്‍ക്ക് വേണമെങ്കില്‍ വാദിക്കാം.

ഹമാസിന്റെ വേരുകള്‍

യാസര്‍ അറഫാത്ത് 1974ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ‘തോക്കും ഒലിവിലയും’ എന്നറിയപ്പെടുന്ന ഉജ്വലപ്രഭാഷണത്തെ മെഹ്ദി ഹസന്‍ തന്റെ വീഡിയോയില്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഇസ്രായേലി വലതുപക്ഷം ‘പ്രബലനാക്കിയ’ ‘അര്‍ധഅന്ധനായ’ ‘അംഗവൈകല്യമുള്ള’ ഫലസ്തീനി പുരോഹിതനായാണ് ശൈഖ് യാസീനെ അവതരിപ്പിക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ‘റാഡിക്കല്‍’ ഇസ്‌ലാമിസ്റ്റും ‘സമാധാനവാദി’യായ സെക്യുലരിസ്റ്റും എന്ന ഈ നീചമായ താരതമ്യം ജനകീയ മാധ്യമങ്ങളിലെ ക്ലാസിക്കല്‍ ഓറിയന്റലിസ്റ്റ് സമീപനത്തിന്റെ ചരിത്രം ആവര്‍ത്തിക്കലാണ്.

ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹികസ്ഥാപനങ്ങളുടെ നിര്‍മാണം എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഫലസ്തീന്‍ ശാഖ മാത്രമല്ല ഹമാസ്, ഇസ്‌ലാമിക പ്രമാണങ്ങള്‍ധഷ്ടിതമായിത്തന്നെ ഇസ്രായേലി അധിനിവേശത്തിനെതിരെ സായുധ പ്രതിരോധം മാര്‍ഗമായി സ്വീകരിച്ച പ്രസ്ഥാനമാണത്. ചില രാഷ്ട്രീയ-ചരിത്ര പശ്ചാത്തലങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഫലസ്തീനികളെ ‘ഭിന്നിപ്പിച്ചു ഭരിക്കാന്‍ വേണ്ടി’ ഇസ്രായേല്‍ ‘ഗസ്സയില്‍ ഇസ്‌ലാമിസ്റ്റുകളെ ‘പ്രോത്സാഹിപ്പിക്കുകയും’ അവരുടെ പ്രവര്‍ത്തനങ്ങളോട് കണ്ണടക്കുകയും ചെയ്‌തെന്നാണ് മെഹ്ദി ഹസന്‍ പറയുന്നത്. ഹമാസ് സ്ഥാപകരായ ശൈഖ് അഹ്‌മദ് യാസീനും കൂട്ടാളികളും തങ്ങളുടെ സമുദായത്തിനുള്ളില്‍ അന്യരായിരുന്നില്ല എന്ന വസ്തുതയെ കയ്യൊഴിയുകയാണ് ഇപ്പറഞ്ഞതിലൂടെ, അല്ലെങ്കില്‍ ‘ഫലസ്തീനി ഇസ്‌ലാമിസ്റ്റുകളിലെ ഒരു തീവ്രവിഭാഗം’ എന്ന തന്റെ പ്രസ്താവനയിലൂടെ മെഹ്ദി ഹസന്‍ ചെയ്യുന്നത്. ഹമാസിന്റെ ഔദ്യോഗികമായ രൂപീകരണത്തിനും പതിറ്റാണ്ടുകള്‍ മുമ്പേ മുതല്‍ തന്നെ തങ്ങളുടെ ജനതയ്ക്ക് വേണ്ടി പോരാടിയിട്ടുള്ള പ്രമുഖ പ്രാദേശികനേതാക്കളാണവര്‍.

ഉദാഹരണത്തിന്, 1970-കളുടെ അവസാനത്തില്‍, ഹമാസിന്റെ ഔദ്യോഗിക രൂപീകരണത്തിന് മുമ്പ്, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്ലാമിസ്റ്റുകള്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഇസ്ലാമിക് ഫലസ്തീന്‍ ബ്ലോക്ക് രൂപീകരിച്ചിരുന്നു. ഇത് ഫതഹും പോപുലര്‍ഫ്രണ്ടും ആയി ബന്ധപ്പെട്ട വിദ്യാര്‍ഥികളുമായി ചെറിയ ഏറ്റുമുട്ടലുകള്‍ക്കും കാരണമായിട്ടുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനുള്ള അവസരമായി ഇസ്രായേല്‍ അധികൃതര്‍ ഈ പ്രശ്‌നത്തെ കാണുകയും (ഫതഹിനും പോപുലര്‍ ഫ്രണ്ടിനും ആഭ്യന്തര കലഹങ്ങള്‍ കാര്യമായുണ്ടായിരുന്നു) ഈ പുതിയ ഇസ്‌ലാമിക പ്രസ്ഥാനം അരാഷ്ട്രീയമായ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച് തങ്ങള്‍ക്ക് സുരക്ഷാഭീഷണിയാവില്ലായിരിക്കും എന്നുമവര്‍ തെറ്റിദ്ധരിച്ചു.

1983ലെ സായുധ ചെറുത്തുനില്‍പ്പില്‍ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക് മനസിലാക്കിയ ഉടന്‍ സായുധ സംഘങ്ങളെ രൂപീകരിച്ചുവെന്ന കുറ്റത്തില്‍ ശൈഖ് അഹ്‌മദ് യാസീനെയും ഡസന്‍ കണക്കിന് ഹമാസ് നേതാക്കളെയും ഇസ്രായേല്‍ അധിനിവേശ സേന ജയിലലടച്ചു എന്നതാണ് മെഹ്ദി ഹസന്‍ പരാമര്‍ശിക്കാതെ വിട്ട ഒരു കാര്യം. 1985 ലെ ജിബ്രീല്‍ ഉടമ്പടിയിലൂടെ ഫലസ്തീനും ഇസ്രായേലും തമ്മില്‍ തടവുകാരെ കൈമാറിയപ്പോളാണ് യാസീന്‍ മോചിപ്പിക്കപ്പെടുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം 1987ല്‍ ഹമാസ് രൂപീകരിക്കുന്നു. ആദ്യത്തെ ഇന്‍തിഫാദയില്‍ ഇസ്ലാമിസ്റ്റുകളുടെ ശക്തമായ സാന്നിധ്യത്തെ അടിച്ചമര്‍ത്താന്‍ അദ്ദേഹത്തെ മറ്റു ഹമാസ് നേതാക്കളോടൊപ്പം വീണ്ടും ജയിലിലടക്കുന്നുണ്ട്. അഹ്‌മദ് യാസീനെ അന്ന് മിലിട്ടറി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും 1997ല്‍ അമ്മാനില്‍ വെച്ച് ഖാലിദ് മിശ്അലിനെ വധിക്കാന്‍ മൊസാദ് നടത്തിയ പരാജയപ്പെട്ട ശ്രമത്തിനു പിന്നാലെ ജോര്‍ദാനും ഇസ്രായേലും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പില്‍ അദ്ദേഹം മോചിപ്പിക്കപ്പെടുന്നു. ഹമാസിന്റെ രൂപീകരണ കാലത്തെ ഭൂരിഭാഗം വര്‍ഷങ്ങളും ജയിലില്‍ കഴിഞ്ഞ, സംഘടനയുടെ ആത്മീയനേതാവ് ശൈഖ് അഹ്‌മദ് യാസീന്‍ യാഥാര്‍ഥ്യമായി നില്‍ക്കുമ്പോള്‍ അറഫാത്തിന്റെയും ഫതഹിന്റെയും നേതൃത്വത്തെ ഒതുക്കാന്‍ ഇസ്രായേല്‍ ഇസ്‌ലാമിസ്റ്റുകളെ ‘ശക്തിപ്പെടുത്തി’ എന്ന മെഹ്ദി ഹസന്റെ വാദത്തിന് എന്തു ന്യായീകരണമാണുള്ളത്? മെഹ്ദി ഹസന്‍ വാദിച്ച പോലെ ഇസ്രായേല്‍ രണ്ടു പതിറ്റാണ്ടുകാലത്തെ സാവകാശത്തോടെ ഹമാസിനെ നട്ടുവളര്‍ത്തിയെങ്കില്‍ 1980കളില്‍ അഹ്‌മദ് യാസീന്റെ കൂട്ടാളികളെ വധിക്കുകയും തടവിലാക്കുകയും ചെയ്തത് എന്തിനായിരുന്നു?

പ്രവാസഫലസ്തീനികളില്‍ ഇസ്‌ലാമിസ്റ്റുകളുടെ പങ്കിനെയും അധിനിവേശ വിരുദ്ധ പ്രസ്ഥാനത്തിന്റെ വെസറ്റ്ബാങ്കിലെ പ്രവര്‍ത്തനത്തെയും മെഹ്ദി ഹസന്‍ കുറച്ചുകാണുന്നുണ്ട്. പ്രവാസത്തിലെ ഹമാസ് സ്ഥാപകനേതാക്കളുടെ പ്രധാന ഗ്രൂപ്പ് രൂപീകരിക്കുന്നത് കുവൈത്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഫലസ്തീന്‍ അംഗങ്ങളാണ്. അതിലുമൊരുപാട് മുമ്പ് 1960കളില്‍ ജോര്‍ദാനില്‍ വെച്ചു നടന്ന ഫതഹിന്റെ സായുധ വിഭാഗത്തിന്റെ പരിശീലനത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ പങ്കെടുത്തിട്ടുണ്ട്. അതിന് ഒരു പതിറ്റാണ്ട് ശേഷം ഫലസ്തീനെ അധിനേിവേശമുക്തമാക്കുന്നതിനായി മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഐക്യ ഫലസ്തീന്‍ ശാഖ ഖാലിദ് മിശ്അലും സംഘവും രൂപീകരിക്കുന്നത് ജോര്‍ദാനില്‍ വെച്ചുതന്നെ നടന്ന 1984ലെ സമ്മേളനത്തിലാണ്. ചുരുക്കത്തില്‍, ഇസ്രായേലിന്റെ ആശീര്‍വാദത്താല്‍ ഗസ്സയില്‍ പൊട്ടിയുണ്ടായ ഒരു പ്രസ്ഥാനമല്ല ഹമാസ്; വര്‍ഷങ്ങളായുള്ള വ്യവസ്ഥാപിതമായ ആസൂത്രണത്തിന്റെയും ആലോചനയുടെയും തയ്യാറെടുപ്പിന്റെയും ഫലമാണത്. പശ്ചിമേഷ്യയിലെ പാശ്ചാത്യന്‍ അധീശത്വത്തെ ചെറുക്കാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് വര്‍ഷങ്ങളായി നടത്തുന്ന നിക്ഷേപത്തിന്റെയും പുരോഗതിയുടെയും ഫലമാണത്.

പട്ടാള അധിനിവേശത്തിനു കീഴിലെ ജീവിതം

ഇസ്‌ലാമിസ്റ്റുകളെ തെറ്റായി അവതരിപ്പിക്കുക മാത്രമല്ല, ഇസ്രായേല്‍ അധികൃതരുടെ മൊഴികളെ സന്ദര്‍ഭത്തിനനുസരിച്ച് വ്യഖ്യാനിക്കുന്നതില്‍ പരാജയപ്പെടുക കൂടിയാണ് മെഹ്ദി ഹസന്‍. ഉദാഹരണത്തിന്, വാള്‍സ്ട്രീറ്റ് ജേണലിലെ ‘ഹമാസിന് വളരാന്‍ ഇസ്രായേല്‍ സഹായിച്ചതെങ്ങനെ’ എന്ന ലേഖനത്തിലെ അവ്‌നര്‍ കോഹന്റെ വാക്കുകള്‍- ‘ഗസ്സയിലെ ഇസ്‌ലാമിസ്റ്റുകളുടെ വളര്‍ച്ചയെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് തടയിടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഹമാസിന്റെ രൂപീകരണത്തില്‍ ഇസ്രായേല്‍ ഉത്തരവാദികളാകുന്നത്’ . ഹമാസിന്റെ വളര്‍ച്ച ഫതഹിനെയും പിഎല്‍ഒയെയും ഒതുക്കാനുള്ള വഴിയായി കണ്ട ഇസ്രായേലിന്റെ സമീപനത്തെയും കോഹന്‍ വിമര്‍ശിക്കുന്നുണ്ട്. ഓസ്ലോ കരാറിന് കാരണമാകുംവിധം പിഎല്‍ഒയുമായും യാസര്‍ അറഫാത്തുമായും ഇസ്രായേല്‍ രഹസ്യചര്‍ച്ചകള്‍ നടത്തിയതിന് പുറമെ ഇസ്‌ലാമിസ്റ്റ് വിരുദ്ധ പ്രചാരണത്തിലൂടെ ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പിനെ ഒതുക്കാന്‍ ഹമാസിന്റെ വളര്‍ച്ചയെ ഇസ്രായേല്‍ അവസരമായി കണ്ടു. ചുരുക്കത്തില്‍ ‘ഇസ്രായേലിന്റെ സൃഷ്ടി’ എന്ന് ഹമാസിനെക്കുറിച്ച് കോഹന്‍ അഭിപ്രായപ്പെട്ടത് അക്ഷരാര്‍ഥത്തിലല്ല. മറിച്ച് അന്താരാഷ്ട്ര ഡിപ്ലോമസിയുടെ നൈയാമിക-രാഷട്രീയ മാര്‍ഗങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ട് ഇസ്‌ലാമിസ്റ്റുകളെ ഉന്‍മൂലനം ചെയ്യുന്നതില്‍ ഇസ്രായേല്‍ കാണിച്ച വൈമനസ്യത്തോടുള്ള രോഷമാണ് അദ്ദേഹം പങ്കുവെച്ചത്.

അധിനിവേശകരും ഇരകളും തമ്മിലെ അധികാരവിടവിനെ മെഹ്ദി ഹസന്‍ തന്റെ വീഡിയോയില്‍ ഇരുട്ടിലാക്കുകയാണ്. വ്യവസ്ഥാപിതമായ രീതിയില്‍ സര്‍വൈലന്‍സും, ഡിസിപ്ലിനിങ്ങും ഫലസ്തീന്‍ ജീവിതത്തിന്റെ മേല്‍ സര്‍വതന്ത്ര നിയന്ത്രണവും സ്ഥാപിച്ചാല്‍ മാത്രമേ ഇസ്രായേല്‍ അധിനിവേശ കൊളോനിയല്‍ ശക്തിക്ക് നിലനില്‍പ്പുള്ളൂ. പള്ളികളും സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ആശുപത്രികളുമടക്കം കൊളോണിയല്‍ രജിസ്‌ട്രേഷനിലൂടെ ഇസ്രായേലിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.
ഉദാഹരണത്തിന്, 1979-80 ല്‍, വര്‍ഷങ്ങളോളം തുടര്‍ന്ന ആക്രമണങ്ങള്‍ക്കും ദ്രോഹനടപടികള്‍ക്കും ശേഷം ഒരു ക്ലിനിക്ക്, കിന്റര്‍ഗാര്‍ട്ടന്‍, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സ്‌കൂളുകള്‍,
പുസ്തകശാല എന്നിവയടങ്ങിയ അല്‍-മുജാമ അല്‍-ഇസ്ലാമിയെന്ന കമ്മ്യൂണിറ്റി സെന്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗസ്സയിലെ ഇസ്ലാമിസ്റ്റുകളുടെ മേല്‍
ഭരണകൂട സേന സമ്മര്‍ദ്ദം ചെലുത്തി.

ഇസ്രായേല്‍ കൊളോണിയല്‍ മാനേജ്മെന്റിന്റെ കുതന്ത്രങ്ങള്‍ക്കിടയിലും 20,000-ത്തിലധികം ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസ പോലുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സാധിച്ചു. ഈ രാഷ്ട്രീയ ചലനാത്മകത
ഇസ്രായേലി കുടിയേറ്റ-കൊളോണിയലിസത്തിനെതിരായ സൈനിക രാഷ്ട്രീയ പ്രതിരോധത്തില്‍ മാത്രമല്ല, ഫലസ്തീനിന്റെ സാമൂഹികവും ധാര്‍മ്മികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും.ഇസ്ലാമിസ്റ്റുകളുടെ കഴിവ് തെളിയിക്കുന്നു.

തങ്ങളുടെ അധിനിവിശ്ട ശക്തിയില്‍ നിന്നും നിയമ ‘പിന്തുണ’ തേടേണ്ട വിധത്തില്‍ ഫലസ്തീനി സിവില്‍ സൊസൈറ്റിയെ ആശ്രിതരാക്കി മാറ്റി ഇസ്രായേല്‍ അവരുടെ മേധാവിത്വം ഉറപ്പിക്കുന്നവരാണെന്ന് ഓര്‍ക്കണം. അന്താരാഷ്ട്രനിയമം, ജനീവ കണ്‍വെന്‍ഷന്‍സ്, അധിനിവേശ നിയമം എന്നിവയൊക്കെ അനുസരിച്ച് ഫലസ്തീനി ജനജീവിതത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സാങ്കേതികമായി അധിനിവേശകരുടെതാണെന്ന കാര്യം മെഹ്ദി ഹസന്‍ തിരിച്ചറിയുന്നില്ല. പക്ഷെ ഹമാസിന് ഇസ്രായേലിന്റെ സാമ്പത്തിക സഹായമുണ്ടെന്ന് ആരോപിച്ച് മെഹ്ദി ഹസന്‍ ഉദ്ധരിക്കുന്നവരാരും തങ്ങള്‍ ഹമാസിന് നേരിട്ട് ധനസഹായം നടത്തിയതായി അവകാശപ്പെടുന്നില്ല. ഫലസ്തീനികളുടെ മേലുള്ള ഇസ്രായേലിന്റെ അടിമുടി നിയന്ത്രണത്തിലേക്കാണ് മെഹ്ദി ഹസന്‍ മുന്നോട്ടുവെക്കുന്ന അഴകൊഴമ്പന്‍ വാദങ്ങള്‍ ചൂണ്ടുന്നത്. പക്ഷെ അദ്ദേഹത്തിന് ഈ കഥകളൊക്കെ ഹമാസ് ഇസ്രായേല്‍ സൃഷ്ടിയാണെന്ന് വാദിക്കാനുള്ള മതിയായ ‘തെളിവുകളാണ’്.

ഒടുക്കം

മുസ്‌ലിംകളെ ഭീകരവാദികള്‍ എന്ന വിളിയില്‍ നിന്നും കാക്കണമെന്ന വ്യഗ്രതയിലാവണം മെഹ്ദി ഹസന്‍ ഇസ്രായേലി അധിനിവേശത്തിനെതിരായ ഇസ്‌ലാമിസ്റ്റ് ചെറുത്തുനില്‍പ്പിന്റെ സമ്പന്ന ചരിത്രത്തെ വളച്ചൊടിച്ചും വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തും അവതരിപ്പിച്ചത്. ഇസ്‌ലാമിസ്റ്റുകളും പാശ്ചാത്യന്‍ ശക്തികളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ നിസ്സാരമാക്കി കാണിക്കുക മാത്രമല്ലഅദ്ദേഹത്തിന്റെ വക്കുപൊട്ടിയ ചരിത്രാവലോകനം ചെയ്യുന്നത്, ഇന്ന് ഇസ്‌ലാമിസ്റ്റുകളെ ഉന്നം വെച്ച് നടത്തുന്ന ആഗോള ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇസ്രായേലിന്റെ നേതൃപരമായ പങ്കിനെക്കൂടി അദ്ദേഹം അദൃശ്യമാക്കുകയാണ്. 1970കളോടെ തങ്ങളുടെ പ്രധാന രാഷ്ട്രീയ തത്വങ്ങളൊക്കെ കൈവിട്ട് താഴേക്ക് കൂപ്പുകുത്തിയ ഫതഹ് യാഥാര്‍ഥ്യമായി ഇരിക്കുമ്പോഴാണ് ഹമാസിനെക്കാളും മറ്റ് ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളെക്കാളും ഫലപ്രദമായി ഫലസ്തീന്‍ പ്രശ്‌നത്തെ സെക്യുലര്‍ നാഷനലിസ്റ്റ് പ്രസ്ഥാനങ്ങളാണ് കൈകാര്യം ചെയ്തതെന്ന മെഹ്ദി ഹസന്റെ വാദം.

അധിനിവേശവിരുദ്ധ സമരത്തില്‍ വ്യത്യസ്ത ആദര്‍ശങ്ങളുടെ പങ്കാളിത്തം എന്ന മെഹ്ദി ഹസന്റെ ആശയത്തിന് ഒട്ടുമിക്ക ഫലസ്തീനികളും പ്രാധാന്യം കല്‍പിക്കുന്നില്ല. കോളനൈസറും കോളനിവല്‍ക്കരിക്കപ്പെട്ടവരും തമ്മിലെ, അധിനിവേശകരും അധിനിവിഷ്ട ജനതയും തമ്മിലെ, വേട്ടക്കാരനും ഇരയും തമ്മിലെ ബന്ധം ആരോപിക്കല്‍ സയണിസ്റ്റ് അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനികള്‍ക്കു നേരെയുള്ള വിരോധമായേ പെട്ടെന്ന് മനസിലാക്കാന്‍ കഴിയൂ. തങ്ങള്‍ അധിനിവേശം നടത്തിയവരുടെ ആന്തരികമായ വിശദാംശങ്ങളെക്കുറിച്ച് ഇസ്രായേലി കൊലയന്ത്രം അപൂര്‍വമായേ അവബോധമാകാറുള്ളൂ എന്നാല്‍ ഭീകരതക്കെതിരെ ഇസ്‌ലാമിസ്റ്റ് വിരുദ്ധ വ്യവഹാരം സ്ഥിരമായി ഉയര്‍ത്തുന്ന ‘അന്താരാഷ്ട്ര സമൂഹ’ത്തിന്റെ കാര്യം അങ്ങനെയല്ല.

ആത്യന്തികമായി, ‘നിരപരാധികളായ ഇസ്രായേലികളെ’ കൊന്നൊടുക്കുന്ന ഹമാസിനെ ജനകീയ പ്രസ്ഥാനമായി കാണുന്നതിന് പകരം ഭീകരസംഘടനയായി ചിത്രീകരിക്കുന്ന ഇസ്രായേലി പ്രചരണത്തിനാണ് മെഹ്ദി ഹസന്‍ നിയമസാധുത നല്‍കുന്നത്. ഹമാസിനെ ആന്റി സെമിറ്റിക് (ആന്റി സയണിസ്റ്റ് എന്നല്ല) ആയി മുദ്രകുത്തുന്ന അദ്ദേഹം തന്റെ കൂറ് എന്തിനോടാണെന്ന് തെളിയിക്കുന്നുണ്ട്. ഫലസ്തീനികളെ നിഷ്ഠൂരകൃത്യങ്ങള്‍ ചെയ്യുന്നവരായി മുദ്രകുത്തന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ മെഹ്ദി ഹസന്‍ നടത്തുന്ന സത്യസന്ധമായ ശ്രമങ്ങള്‍ പക്ഷെ നല്ല മുസ്ലിം ചീത്ത മുസ്‌ലിം എന്ന അപകടരമായ ദ്വന്ദത്തിന് പ്രചാരവേല ചെയ്യുകയാണ്. ഒപ്പം ഒരു ജനകീയ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനത്തെ നീതീകരിക്കാനാവാത്ത വിധം പൈശാചികവല്‍ക്കരിക്കുക കൂടിയാണ്.

വിവ: റമീസുദ്ദീൻ വി എം

റജാ അബ്ദുൽഹഖ്