Campus Alive

ജോസഫ് മസദിനെതിരായ പ്രചാരണം; അക്കാദമിക സ്വാതന്ത്ര്യത്തിൻ്റെ ലംഘനം

(കൊളമ്പിയ യൂണിവേഴ്സിറ്റി പ്രൊഫസറും മിഡിലീസ്റ്റ് സ്റ്റഡീസ് വിദഗ്ദ്ധനുമായ ജോസഫ് മസദ് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായീൽ അധിനിനവേശത്തിന് എതിരെയുള്ള ഫലസ്ത്വീൻ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായീലിനെ വിമർശിച്ചു കൊണ്ട് ഒരു ലേഖനം എഴുതുകയും കാമ്പസ് അലൈവ് പ്രസ്തുത ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ ലേഖനത്തിന്റെ പേരിൽ കൊളമ്പിയ യൂണിവേഴ്സിറ്റിക്കകത്ത് നിന്ന് പ്രൊഫസർ മസദിനെതിരെ വധഭീഷണികളും വിദ്വേഷ പ്രചാരണങ്ങളും വരെ ഉണ്ടായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൊളമ്പിയ വിദ്യാർത്ഥകളും അദ്ധ്യാപകരും മറ്റ് പണ്ഡിതരും ഒപ്പു വെച്ച പ്രൊഫസർ മസദിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവനയുടെ മലയാള പരിഭാഷയാണ് ചുവടെ)


പ്രൊഫസർ ജോസഫ് മസദിന്റെ ഈയടുത്ത് പ്രസിദ്ധീകരിച്ച  “Just another battle or the Palestinian war of liberation,” (കാമ്പസ് അലൈവ് പ്രസിദ്ധീകരിച്ച മലയാള വിവർത്തനം; ഇത് ഫലസ്തീനിന്റെ വിമോചന യുദ്ധമോ?) എന്ന ലേഖനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെയും വധ ഭീഷണികളുടെയും പശ്ചാത്തലത്തിൽ MESAAS (Middle Eastern, South African, and African Studies), കൊളമ്പിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും, യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തവരും, യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള മറ്റ് പണ്ഡിതരും പ്രൊഫസർ മസദിന് നിരുപാധികം പിന്തുണ അറിയിച്ചു കൊണ്ട് എഴുതുന്നതാണ് ഈ കുറിപ്പ്. കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ഫലസ്ത്വീൻ, മദ്ധ്യേഷ്യ, ഗ്ലോബൽ സൗത്ത് എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ പാണ്ഡിത്യവും അദ്ധ്യാപനവും നമ്മുടെയൊക്കെ മതിപ്പ് പിടിച്ചു പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെയും അതേപോലെ യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശാരീരികമായ സുരക്ഷയും അക്കാദമിക സ്വാതന്ത്ര്യവും ഉറപ്പുവരുത്തുക എന്ന ആവശ്യം യൂണിവേഴ്സിറ്റി പ്രസിഡന്റ് ശഫീക്കിന് മുൻപാകെ ഉന്നയിക്കുന്നതിൽ പങ്കു ചേരാൻ മുഴുവൻ അദ്ധ്യാപകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

പ്രൊഫസർ ജോസഫ് മസദ്

ഒക്ടോബർ 13, 2023-ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സിലെ ഭാഗമായിരുന്ന കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി പ്രൊഫസർ ജോസഫ് മസദ് തന്റെ അക്കാദമിക സ്വാതന്ത്ര്യാവകാശം വിനിയോഗിച്ചതിന്റെ പേരിൽ അദ്ദേഹത്തെ യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രചരിപ്പിച്ച വിദ്വേഷാത്മകവും അപകീർത്തിപ്പെടുത്തുന്നതുമായ പെറ്റീഷൻ തീർത്തും അപലപനീയമാണ്. പ്രൊഫസർ മസദിന്റെ വീക്ഷണങ്ങളെ ‘തീവ്രവാദത്തെ പിന്തുണക്കുകയും അംഗീകരിക്കുകയും’ ചെയ്തു എന്ന തരത്തിൽ തെറ്റായി ചിത്രീകരിക്കുന്ന ലേഖനങ്ങൾ ഫോക്സ് ന്യൂസ്, ജറുസലേം പോസ്റ്റ് തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പെറ്റീഷൻ പ്രചരിപ്പിക്കപ്പെടുകയും തുടർന്ന് അദ്ദേഹത്തിന്റെ അക്കാദമിക സ്വാതന്ത്ര്യത്തിനും വ്യക്തിപരമായ സുരക്ഷയ്ക്കും നേരെ കടന്നാക്രമണങ്ങളുണ്ടാവുകയും ചെയ്തത്.

പ്രൊഫസർ മസദിന്റെ അക്കാദമിക സ്വാതന്ത്ര്യത്തിനും വ്യക്തി സുരക്ഷക്കുമെതിരായ ഭീഷണികൾ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിനും പുറത്തും രാഷ്ട്രീയവും നൈതികവും ബൗദ്ധികവുമായി ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ബൗദ്ധികാന്വേഷണങ്ങളെ പരിമിതപ്പെടുത്താനും അമർച്ച ചെയ്യാനുമുള്ള ശ്രമമായി ഞങ്ങളിതിനെ കാണുന്നു. അത്തരം അതിക്രമങ്ങളെ അപലപിക്കാൻ കഴിയാതെ പോകുന്നത് വിദ്വേഷത്തെയും അതിക്രമങ്ങളെയും അംഗീകരിക്കലാണെന്ന് ഈ പ്രസ്താവനയിൽ ഒപ്പു വെച്ചവർ മനസ്സിലാക്കുകയും അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. കാമ്പസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനുള്ള ആഹ്വാനങ്ങൾ നടന്ന ഒരു സമയം കൂടിയാണിത്. യൂണിവേഴ്സിറ്റിയുടെ ഇടക്കാല അധികാരി (Provost) ഡെന്നിസ് മിഷേൽ ഇ-മെയിൽ വഴി നടത്തിയ പ്രസ്താവനയിലെ ഭാഗം വായിക്കുക;

ആശയങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി വിനിമയം ചെയ്യപ്പെടുന്ന ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന, എല്ലായ്പ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും തുറന്ന സംഭാഷണങ്ങൾക്കും ഒപ്പം നിന്ന യൂണിവേഴ്സിറ്റിയാണ് നമ്മുടേത്. നാം മുറുകെ പിടിക്കുന്ന, നമ്മുടെ ബൗദ്ധിക വളർച്ചയ്ക്കും വിമർശന ചിന്തയ്ക്കും വ്യത്യസ്ത വീക്ഷണങ്ങളെ മനസ്സിലാക്കുവാനും സഹായകരമായ ഒരു അടിസ്ഥാന മൂല്യമാണ് അഭിപ്രായ സ്വാതന്ത്ര്യം.

Minouche Shafik, President of the University of Columbia

ഇത്തരം ആക്രമണങ്ങൾ അധികരിക്കാൻ ഉതകുന്ന ഒരു അന്തരീക്ഷം കാമ്പസിൽ രൂപപ്പെടുത്തുകയും മിഡിലീസ്റ്റ് സ്റ്റഡീസിൽ യൂണിവേഴ്സിറ്റിയുടെ ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ സംഭാവനകളർപ്പിച്ച അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യുകയും ചെയ്ത യൂണിവേഴ്സിറ്റി പ്രസിഡന്റ് ശഫീകിന്റെ പരസ്യ പ്രസ്താവന യൂണിവേഴ്സിറ്റിയുടെ മുഴുവൻ ആളുകളെയും അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നത് ഖേദകരമാണ്. നാനാവിധത്തിലുള്ള ആളുകളുള്ള കൊളമ്പിയ യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റിയോടുള്ള (അറബികളും, മുസ്‌ലിങ്ങളും സയണിസ്റ്റ് വിരുദ്ധ ജൂതരും, ഫലസ്തീനിയൻ സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുന്ന ഇസ്രായീലി പോളിസികളുടെ വിമർശകരും ഉൾപ്പെടെയുള്ളവർ ഇതിൽ പെടും) പ്രതിബദ്ധതയും ജാഗ്രതയും പ്രകടിപ്പിക്കുന്നതിൽ സംഭവിച്ചിട്ടുള്ള പരാജയം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു സ്ഥാപനത്തിന് ചേർന്നതല്ല. കൊളമ്പിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമുള്ള ഏറ്റവും അടിസ്ഥാനപരമായ കടമയെ തീർത്തും അവഗണിച്ച പ്രസിഡന്റ് ശഫീകിന്റെ ചെയ്തിയെ ഞങ്ങൾ നിരുപാധികം അപലപിക്കുന്നു.

പ്രസിഡന്റ് ശഫീകിന്റെ വീഴ്ചകളെ കാമ്പസിൽ അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ യൂണിവേഴ്സിറ്റി മുൻകാലങ്ങളിൽ കാണിച്ചിട്ടുള്ള അവഗണനകളുടെ ഭാഗവും ബാക്കിപത്രവുമായി ഞങ്ങൾ കാണുന്നു. 2004-ൽ ജോസഫ് മസദ്, ജോർജ് സലീബ, ഹാമിദ് ദബാശി തുടങ്ങിയവർ “Columbia unbecoming” എന്ന പേരിൽ വിദ്വേഷ ജനകമായ ഒരു ഡോക്യുമെന്ററിക്ക് വിധേയരാവുകയും ഇത് പ്രൊഫസർ മസദിന്റെ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗത്തെ വരെ ബാധിക്കുകയും ക്ലാസ് മുറികളിൽ ഭയത്തിന്റെയും പ്രതികാരത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അക്കാദമിക അന്വേഷണങ്ങളെയും പ്രകടനങ്ങളെയും അനിശ്ചിതത്വത്തിലാക്കുക വഴി യൂണിവേഴ്സിറ്റിയുടെ ഇത്തരം അവഗണനകൾ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ബൗദ്ധിക ദൗത്യങ്ങൾക്ക് തന്നെ ഭീഷണിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രൊഫസർ മസദിനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ ആക്രമണങ്ങൾ ഫലസ്ത്വീൻ  വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ശക്തമായ പാണ്ഡിത്യത്തെ നിയന്ത്രിക്കാനും അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുമുള്ള 10 വർഷത്തിനു മുകളിലായി തുടർന്നു വരുന്ന ശ്രമങ്ങളുടെ ഭാഗമാണ്. ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന് നേരെ നിരന്തരം ഉണ്ടാവുന്ന, യൂണിവേഴ്സിറ്റി അപലപിക്കാതെ വിട്ട, ആഴത്തിലുള്ള ഇസ്ലാമോഫോബിക്, അറബ് വിരുദ്ധ, ഫലസ്തീൻ വിരുദ്ധ വംശീയതയുടെയും ഒപ്പം യൂണിവേഴ്സിറ്റി കാമ്പസിന് അകത്തും ലോകത്തൊട്ടാകെയും ഫലസ്തീനിയൻ, മുസ്‌ലിം, അറബ് വിഭാഗങ്ങളിൽ പെട്ട മുതിർന്നവർക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ശാരീരികവും വാചികവുമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആയിരിക്കണം ഇത്തരം അക്രമങ്ങളെ മനസ്സിലാക്കേണ്ടത്.

കൊളമ്പിയ യൂണിവേഴ്സിറ്റിയും പ്രസിഡന്റ് ശഫീകും യൂണിവേഴ്സിറ്റിയുടെ ബൗദ്ധിക പ്രവർത്തനങ്ങൾക്കെതിരെ നിലവിൽ നടക്കുന്നതും ഭാവിയിൽ നടക്കാനിടയുള്ളതുമായ അതിക്രമങ്ങളിൽ നിന്നും യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റിയെ നിർബന്ധമായും സംരക്ഷിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റിക്കും പ്രസിഡന്റ് ശഫീകിനും മുമ്പാകെ താഴെ പറയുന്ന ആവശ്യങ്ങൾ ഞങ്ങളുന്നയിക്കുന്നു;

1. പ്രൊഫസർ മസദിന്റെ ഓഫീസിൽ വധഭീഷണി കത്ത് കൊണ്ടിട്ട വ്യക്തിയെ/വ്യക്തികളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുക. അക്രമങ്ങൾക്ക് പ്രേരിപ്പിച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തിയാൽ പരസ്യമായി മറുപടി പറയിക്കുകയും കൊളമ്പിയയുമായി ബന്ധപ്പെട്ട ആളാണെന്ന് കണ്ടെത്തിയാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുകയോ അല്ലാത്തപക്ഷം കാമ്പസിൽ നിന്ന് വിലക്കുകയോ ചെയ്യണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു.

2. ജോസഫ് മസദിന്റെ സ്വകാര്യ നമ്പറിലൂടെയും ഔദ്യോഗിക നമ്പറിലൂടെയും ഇ-മെയിലിലൂടെയും വധ ഭീഷണി നടത്തിയ വ്യക്തികൾക്കെതിരെ സുതാര്യമായ അന്വേഷണം പ്രഖ്യാപിക്കുക.

3. യൂണിവേഴ്സിറ്റിയുടെ മിഷനിൽ പറഞ്ഞത് പ്രകാരമുള്ള പ്രൊഫസർ മസദിന്റെ അക്കാദമിക സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിരുപാധികം പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കുക. ഫലസ്തീൻ വിമോചനത്തെ പിന്തുണക്കുകയോ, ഇസ്രായേലിന്റെ ഗാസക്ക് നേരെയുള്ള വംശഹത്യാ ആക്രമണങ്ങളെ അപലപിക്കുകയോ ചെയ്തതിന്റെ പേരിൽ ഉണ്ടായേക്കാവുന്ന എല്ലാതരം പ്രതികാര നടപടികളിൽ നിന്നും യൂണിവേഴ്സിറ്റി അദ്ധ്യാപകർക്ക് സംരക്ഷണം ഉറപ്പു നൽകുന്നതാവണം ഈ പ്രസ്താവന. കാമ്പസിലെ അറബ് വിരുദ്ധവും, ഫലസ്ത്വീൻ വിരുദ്ധവും, ഇസ്ലാമോഫോബിക്കുമായ വയലൻസുകളെയും വോചാടോപങ്ങളെയും തിരിച്ചറിഞ്ഞ് നിരുപാധികം എതിർക്കുന്നതായിരിക്കണം പ്രസ്താവന. അതേപോലെ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ, അറബ്, മുസ്‌ലിം വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതുമായിരിക്കണം.


വിവർത്തനം: മൻഷാദ് മനാസ്

Admin Admin