Campus Alive

ഫലസ്ത്വീനികൾക്കെന്താ ചെറുത്തുനിൽപ്പിനുള്ള അവകാശമില്ലേ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം

ഇത് എഴുതിക്കൊണ്ടിരിക്കവേ, വർഷങ്ങളായി സ്വയം മനുഷ്യത്വമുള്ളവരല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രവും അതിനെ പിന്തുണക്കുന്നവരും ചേർന്ന് (ഏറ്റവും ഒടുവിൽ മാപ്പുസാക്ഷിയായവരിൽ പെട്ടയാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായീലി യുദ്ധ കുറ്റകൃത്യങ്ങൾക്കെതിരിൽ ഒരു സംഗമവും നടക്കാത്ത ഒരേയൊരു സുപ്രധാന ആഗോള നഗരവും ഇന്ത്യയിലെ ന്യൂഡൽഹിയാണ്) ഗസ്സയിൽ ഇപ്പോഴും ബോംബുവർഷം നടത്തിക്കൊണ്ടിരിക്കുകയും അവിടത്തെ പൗരന്മാരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുകയുമാണ്. ഇതാവട്ടെ, എല്ലാ ദശകത്തിലും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു പക്ഷങ്ങളും തമ്മിൽ രാഷ്ട്രീയവും ധാർമ്മികവും സൈനികവും ആയ യാതൊരു തരത്തിലുള്ള സമീകരണവും സാധ്യമല്ല. അമേരിക്കൻ സഹായത്താൽ ആയുധ സമ്പന്നമായ ഒരു ന്യൂക്ലിയാർ രാഷ്ട്രമാണ് ഇസ്രായേൽ. അതിന്റെ നിലനിൽപ്പിന് യാതൊരു ഭീഷണിയുമില്ല. ഫലസ്തീനികളും അവരുടെ ഭൂമിയും ജീവിതവുമാണ് സ്ഥിരമായി അക്രമത്തിന് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സാധ്യമായ ഏതു മാർഗ്ഗത്തിലൂടെയും ഇതിനെ ചെറുക്കേണ്ടതുണ്ട്. അതല്ല ജൂതഹത്യയുടെ പരോക്ഷമായ ഇരകളായ ഫലസ്തീനികളും ക്രമേണ ഉന്മൂലനം ചെയ്യപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നത് പാശ്ചാത്യൻ നാഗരികത നോക്കി നിൽക്കുകയാണോ? പുതിയൊരു നക്ബ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. ഈ പുതിയ പ്രശ്നങ്ങളൊക്കെ അതിന്റെ ഭാഗമാണ്.

ചില പ്രധാനികളായ ഫാസിസ്റ്റുകൾ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഇസ്രായീലിന്റെ തീവ്ര വലതുപക്ഷ ഭരണകൂടം ഉന്മൂലനത്തിന്റെ ഭാഷയിൽ സംസാരിക്കുകയും അവയിൽ ചിലത് നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പതിവുപോലെ തന്നെ നിലവിൽ നടന്നുക്കൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങൾക്ക് ഇരകളെയാണ് അവർ പഴി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ഇറാഖിനെ കുറിച്ച് പച്ചക്കള്ളങ്ങൾ എഴുതി വിട്ടിരുന്ന (വിനാശകരമായ ആയുധങ്ങൾ കൈവശമുണ്ട് മുതലായവ) ന്യൂയോർക്ക് ടൈംസ്, സമാനമായി ഗാസയിലെ ഹോസ്പിറ്റലിൽ ബോംബിട്ട സംഭവത്തിൽ ഫലസ്തീൻ ഗ്രൂപ്പുകളെ തന്നെ കുറ്റവാളികളാക്കുന്ന ഏറെ വിചിത്രമായ ഇസ്രായേൽ പ്രോപ്പഗണ്ടക്ക് പിന്തുണ നൽകി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ ഘട്ടത്തിൽ വളരെ കുറച്ച് പേർ മാത്രമേ ഈ പ്രോപ്പഗണ്ടയിൽ വീണുപോയിട്ടുള്ളൂ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കൂറ്റൻ പ്രകടനങ്ങൾ ഇത്തരം എല്ലാ അസത്യങ്ങളെയും വെല്ലുവിളിക്കുകയും തുറന്നു കാണിക്കുകയും ചെയ്തു. ഇസ്രായേൽ സൈന്യത്തിന്റെ വടക്കൻ ഗസ്സയിലെ അധിനിവേശത്തിലൂടെയും തെക്കൻ ഗസ്സയിലെ ജനങ്ങളെ ഈജിപ്തിലേക്ക് ആട്ടിപ്പായിക്കുകയും കൊന്നൊടുക്കുകയും ചെയ്യുക വഴിയും കഴിയാവുന്നത്ര ഫലസ്തീനികളെ കൊന്നൊടുക്കുകയാണ് ഇസ്രായേലികൾക്ക് വേണ്ടത്. അടുത്തതായി അവർ താമസിയാതെ വെസ്റ്റ്ബാങ്കിലേക്ക് നീങ്ങും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മേനി പറഞ്ഞതു പോലെ, ഒരു അതോറിറ്റേറിയൻ അപ്പാർത്തീഡ് ഇസ്രായേൽ രാഷ്ട്രം മാത്രമേ ഇവിടെ നിലനിൽക്കുകയുള്ളൂ. വാസ്തവത്തിൽ, മിക്ക ഇസ്രായേൽ നേതാക്കൾക്കും തുടക്കം മുതൽ തന്നെ വേണ്ടിയിരുന്നതും അതായിരുന്നു. ഇസ്രായേൽ പുണ്യ ഭൂമി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

1987 ഡിസംബറിൽ നാല് ഫലസ്തീനികളുടെ കൊലപാതകത്തിന് കാരണമായ ഗസ്സ-ഇസ്രായേൽ അതിർത്തിയിൽ വെച്ചു നടന്ന ഒരു ട്രാഫിക് ആക്സിഡന്റിന് ശേഷം ഇസ്രായേലിനെയും അറബ് പ്രമാണികളെയും പിടിച്ചു കുലുക്കിക്കൊണ്ട് പുതിയൊരു ഇൻതിഫാദയ്ക്ക് തുടക്കമായി. ഇത് വളരെ നൈസർഗ്ഗികമായി ആരംഭിക്കുകയും ത്വരിതഗതിയിൽ പ്രചരിക്കുകയും ചെയ്തു. സയണിസ്റ്റ് വീക്ഷണങ്ങളുള്ള ഇസ്രായേൽ ചരിത്രകാരൻ ബെന്നി മോറിസ് ഇതിനെ കൃത്യമായി വിശദീകരിക്കുന്നുണ്ട്; “അതൊരു സായുധ പോരാട്ടമായിരുന്നില്ല, മറിച്ച്, ഒരു ബഹുജന പങ്കാളിത്തമുള്ള, ശക്തമായ പൗരസമരമായിരുന്നു അത്. സമരങ്ങളും വ്യാപാര ബന്ധുകളും അധിനിവേശ സൈന്യങ്ങൾക്ക് എതിരെയുള്ള അക്രമാസക്തമായ പ്രകടനങ്ങളും (പക്ഷേ നിരായുധമായ) അതിന്റെ ഭാഗമായിരുന്നു. കല്ലുകളും ചിലപ്പോഴൊക്കെ പെട്രോൾ ബോംബുകളും കത്തികളും അതിന്റെ ചിഹ്നങ്ങളായിരുന്നു.” പക്ഷേ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത്? മോറിസ് തുടരുന്നു; “ഏകദേശം എല്ലാ മാർഗ്ഗങ്ങളും പയറ്റി നോക്കി; വെടിവെച്ച് കൊല്ലാൻ നോക്കി, വെടിവെച്ചു പരിക്കേൽപ്പിക്കാൻ നോക്കി, അടിച്ചമത്താൻ നോക്കി, കൂട്ടമായി അറസ്റ്റ് ചെയ്യാൻ നോക്കി, പീഢനങ്ങൾ, വിചാരണകൾ… (കൊല്ലപ്പെട്ട പലസ്തീനികളിൽ) മിക്കവരും കുട്ടികളായിരുന്നു.”

ഓസ്ലോ സമ്മേളനം

തുനീസിലെ പി.എൽ.ഓ നേതൃത്വത്തെയും ഇസ്രായേൽ ഭരണകൂടത്തെയും ഞെട്ടിച്ചു കൊണ്ടാണ് ഈ പ്രക്ഷോഭം ആരംഭിച്ചത്. തുടർന്ന് നോർവീജിയൻ മദ്ധ്യസ്ഥർ മുഖേന യിത്സാക്ക് റോബിനിലേക്ക് യാസർ അറഫാത്ത് പ്രതിനിധികളെ അയക്കുകയും, അതീവ രഹസ്യമായ ചർച്ചകൾക്ക് ശേഷം ഓസ്ലോ സമ്മേളനം നടക്കുകയും ചെയ്തു. ഇൻതിഫാദയുടെ പ്രത്യക്ഷമായ ഫലമായിരുന്നു അത്. ഇൻതിഫാദയുടെ യഥാർത്ഥ നേതാക്കൾ മാറ്റിനിർത്തപ്പെട്ടു. ഇസ്രായേൽ പി.എൽ.ഓയുമായി നീക്കുപോക്കുകൾ നടത്തി.

ആഴ്ചകൾക്ക് ശേഷം പ്രമുഖ സിറിയൻ കവി നിസാർ ഖബ്ബാനി സുദീർഘമായ ഒരു കവിതയെഴുതി; കല്ലിന്റെ സന്താനങ്ങളെപ്പറ്റി: മൂന്ന് കവിതകൾ എന്നായിരുന്നു കവിതയുടെ പേര്. ഫലസ്തീൻ നേതാക്കളിലെ പഴയ തലമുറയെ (അധഃപതിച്ച, ഇസ്രായേലുമായി സഹകരിക്കുന്ന ഇന്നത്തെ ഫലസ്തീനിയൻ അധികാരികൾ) തള്ളിപ്പറയുന്നതായിരുന്നു പ്രസ്തുത കവിത. ഒട്ടേറെ അറബ് – ഫലസ്തീൻ കഫേകളിൽ പ്രസ്തുത കവിത പാരായണം ചെയ്യപ്പെട്ടു;

കല്ലുകളുടെ സന്താനങ്ങൾ

ഞങ്ങളുടെ കടലാസുകൾ ചീന്തിക്കളഞ്ഞിരിക്കുന്നു

ഞങ്ങളുടെ വസ്ത്രത്തിൽ മഷി ചിന്തിയിരിക്കുന്നു.

വിരസമായ പഴയ ഗ്രന്ഥങ്ങളെ കളിയാക്കിയിരിക്കുന്നു.

ഹേ, ഗാസയുടെ മക്കളെ,

ഞങ്ങളുടെ ബ്രോഡ്കാസ്റ്റുകളെ നിങ്ങൾ വകവെയ്ക്കല്ലേ,

ഞങ്ങൾ പറയുന്നതിന് ചെവി കൊടുക്കല്ലേ,

കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന

വികാരശൂന്യമായ കണക്കുകൂട്ടലുകളുടെ ആളുകളാണ് ഞങ്ങൾ,

ഞങ്ങളെ വിടൂ, പുറപ്പെട്ടു പോകൂ, യുദ്ധം ചെയ്യൂ,

കല്ലറ ഇല്ലാത്ത മൃത്യരാണ് ഞങ്ങൾ,

കണ്ണുകളില്ലാത്ത അനാഥർ.

ഗസ്സയുടെ സന്തതികളെ,

ഞങ്ങളുടെ എഴുത്തുകളെ നിങ്ങൾ അവലംബമാക്കല്ലേ,

ഞങ്ങളെ പോലെയാവല്ലേ.

നിങ്ങളുടെ വിഗ്രഹങ്ങളാണ് ഞങ്ങൾ,

ഞങ്ങളെ ആരാധിക്കല്ലേ,

ഗസ്സയിലെ ഭ്രാന്തരായ ജനങ്ങളെ,

നിങ്ങളുടെ ഭ്രാന്തിന് ഒരായിരം അഭിവാദ്യങ്ങൾ

രാഷ്ട്രീയ യുക്തിയുടെ കാലം കഴിഞ്ഞിട്ട് ഏറെയായി

അതിനാൽ, ഞങ്ങളെ കൂടി ആ ഭ്രാന്തൊന്ന് പഠിപ്പിക്കൂ…

നിസാർ ഖബ്ബാനി

അർത്ഥവത്തായ ഏതെങ്കിലും തരത്തിലുള്ള സ്വയം നിർണയാവകശം നേടിയെടുക്കാൻ എല്ലാ തരം വഴിയും ഫലസ്ത്വീനികളും അവരുടെ സംഘടനകളും പരീക്ഷിച്ചു. എന്നാൽ സകല ഇസ്രായേലി രാഷ്ട്രീയ പാർട്ടികളും ഈ പ്രതീക്ഷയെ തകർക്കുകയാണുണ്ടായത്. “ഹിംസ ഉപേക്ഷിക്കൂ,” അവരോട് പറഞ്ഞു. പക്ഷേ ഏതെങ്കിലും ഇസ്രായേലി അതിക്രമങ്ങളോടുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ, ഫലസ്ത്വീനികളും ഹിംസ ഉപേക്ഷിക്കുക തന്നെ ചെയ്തിരുന്നു. ഇസ്രായേലിനു മേലിൽ സമ്മർദ്ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച വേണ്ടി ബി.ഡി.എസ് മൂവ്മെന്റിന് ഫലസ്ത്വീനിൽ വസിക്കുന്ന ഫലസ്തീനികൾക്കിടയിലും പ്രവാസികളായ ഫലസ്ത്വീനികൾക്കിടയിലും വ്യാപകമായ പിന്തുണയുണ്ടായിരുന്നു. ഇത് തീർത്തും സമാധാനപരവും ഭാഗികമായി വിജയകരവുമായ ഒരു പ്രസ്ഥാനമായിരുന്നു. ഈയൊരു കാരണം കൊണ്ടു മാത്രം നാറ്റോയും അമേരിക്കയും ബി.ഡി.എസ് മൂവ്മെന്റിനെ യൂറോപ്പിലും അമേരിക്കയിലും കുറ്റകരമാക്കാൻ ശ്രമിക്കുകയാണ്. ഐ.സി.എച്ച്.ആർ (Independent Commission for Human Rights) പോലുള്ള സംഘടനകളുടെ നിർവചന പ്രകാരം ബി.ഡി.എസ് മൂവ്മെന്റിനെ പിന്തുണക്കുകയും ഫലസ്തീനൊപ്പം നിൽക്കുകയും ചെയ്യുന്നത് സെമിറ്റിക് വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തുല്യമാണ്.

ഇതെഴുതിക്കൊണ്ടിരിക്കെ യു.കെയിലെ ലേബർ പാർട്ടി അതിന്റെ കോൺഫറൻസിൽ ‘അപാർത്തീഡ്’ എന്ന പദമുപയോഗിക്കുന്ന എല്ലാ മീറ്റിംഗുകളും നിരോധിച്ചിരിക്കുകയാണ്. ലേബർ ലെഫ്റ്റ് പാർട്ടിയാണെങ്കിൽ പുറത്താക്കപ്പെടുമെന്ന ഭയമുള്ളതു കൊണ്ട് ഇവ്വിഷയകമായി മൗനം ദീക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു തരം ഖേദകരമായ അവസ്ഥയാണ് ഈ രാജ്യത്ത് നിലനിൽക്കുന്നത്. സൗത്താഫ്രിക്ക, ബൊളീവിയ, വെനസ്വേല, ചിലി, മെക്സിക്കോ തുടങ്ങിയ രാഷ്ട്രങ്ങൾ ബി.ഡി.എസ് മൂവ്മെന്റിനെയും ഫലസ്തീനെയും പിന്തുണക്കുന്നു. എന്നാൽ ഈജിപ്തോ തുർക്കിയോ മിക്ക അറബ് രാഷ്ട്രങ്ങളോ പോലും ഫലസ്തീന് വേണ്ടി സംസാരിക്കില്ല. കൂടാതെ മുസ്‌ലിങ്ങളുടെ പുണ്യ നഗരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നഗരത്തിന്റെ സംരക്ഷകരായ സൗദി അറേബ്യ നിലവിൽ ഇസ്രായേൽ ഭരണകൂടവുമായി വൈറ്റ് ഹൗസിനോടെന്ന പോലെ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അവസാനം നടന്ന ചില സംഭവങ്ങൾ ഈ പ്രക്രിയയെ വൈകിപ്പിക്കുമെങ്കിലും, അതധികം നീണ്ടു പോകില്ല.

കുടിയേറ്റക്കാരുടെ ഫാസിസത്തിന് നൽകുന്ന പിന്തുണ

ദശകങ്ങളായി ഇസ്രായേൽ സൈന്യം ഫലസ്തീനികളെ അക്രമിക്കുകയും അകാരണമായി വധിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ജോലിയിൽ നിന്ന് വിരമിച്ച ഐ.ഡി.എഫിലെ ഒരു പറ്റം ജനറൽമാരും മൊസാദ് ഉദ്യോഗസ്ഥരും ഫലസ്തീനികളോട് ചെയ്തു കൊണ്ടിരിക്കുന്നത് നാണം കെട്ട പ്രവർത്തിയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, വിരമിച്ചു കഴിഞ്ഞതിന് ശേഷം ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം? അധിനിവിഷ്ട പ്രദേശത്തെ കുടിയേറ്റക്കാരായ ഫാസിസ്റ്റുകൾ വീടുകൾ കത്തിക്കുകയും ഒലീവ് തോട്ടങ്ങൾ നശിപ്പിക്കുകയും കിണറുകളിൽ സിമന്റ് കോരിയൊഴിക്കുകയും ഫലസ്തീനികളെ ആട്ടിപ്പായിക്കുകയും ‘അറബികൾക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കുകയും യുവാക്കളെ ഉന്നം വെച്ച് കൊല്ലുകയുമൊക്കെ ചെയ്യുമ്പോൾ പാശ്ചാത്യൻ നേതൃത്വം അപൂർവമായി മുറുമുറുപ്പ് മാത്രം കാണിക്കുകയും ഐ.ഡി.എഫും മൊസാദുമാണെങ്കിൽ ഇവരെ പിന്തുണച്ച് കൂടെനിൽക്കുകയുമാണ് ചെയ്തത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഗസ്സക്കാർ തിരഞ്ഞെടുത്ത ഫലസ്തീനിയൻ നേതൃത്വം തിരിച്ചടിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ ഫലസ്തീൻ വിഷയത്തെ വീണ്ടും വാർത്തകളിലേക്കെത്തിച്ചു. ഞെട്ടലുകൾ, ഭയപ്പാടുകൾ. അവർ വീണ്ടും പ്രതിരോധിക്കുകയാണ്! എന്തു കൊണ്ടവർക്ക് പ്രതിരോധിച്ചു കൂടാ? പതിവുപോലെ അമേരിക്കയുടെയും മൃദുഭാഷിയായ യൂറോപ്യൻ യൂണിയന്റെയും പിന്തുണയോടെ ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ഭരണകൂടം ഏറ്റവും മോശമായ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന് മറ്റാരെക്കാളും നന്നായി അവർക്ക് തന്നെ അറിയാം. അവരെന്താണ് കരുതിയത്? ഒരു തരത്തിലുള്ള തിരിച്ചടിയും ഉണ്ടാവില്ലെന്നാണോ അവർ കരുതിയത്? അല്ലെങ്കിൽ നെതന്യാഹുവും അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ മറ്റു ചില ക്രിമിനലുകളും ചേർന്ന് ഫലസ്തീനികളെ പതിയെപ്പതിയെ പുറന്തള്ളുകയോ കൊന്നു തീർക്കുകയോ ചെയ്യുമെന്നോ? ഒരു സംശയവും വേണ്ട. ഇസ്രായേൽ ഗവണ്മെന്റിലെ ചില ഫാസിസ്റ്റ് വിഭാഗങ്ങൾ ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് തങ്ങൾ തുടക്കം കുറിക്കുമെന്ന് ഇതിനോടകം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിലൊരാൾ ഫലസ്തീനികളെ ‘മനുഷ്യ മൃഗങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്. ജൂതന്മാർ, സ്ലാവുകൾ, റോമർ, ഭിന്നശേഷിയുള്ളവർ എന്നീ വിഭാഗങ്ങളെ നാസികൾ ‘അർദ്ധ മനുഷ്യർ’ (Untermensch) എന്നായിരുന്നു വിശേഷിപ്പിച്ചത്.

തനിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ രാജ്യത്തെ ഉന്നത കോടതി സംവിധാനത്തെ തന്നെ ഷണ്ഡീകരിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു എന്ന കാരണത്താൽ ഇസ്രായേലിന് അകത്തും പുറത്തുമുള്ള ജൂത ലിബറലുകൾ ഏറെ അസ്വസ്ഥരാണ്. തീവ്ര വലതു പക്ഷ ഗവണ്മെന്റിന്റെ ഭീഷണികളിൽ നിന്നും തങ്ങളുടെ സുപ്രീം കോടതിയെ സംരക്ഷിക്കാൻ വേണ്ടി തെൽ അവീവിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലികളുടെ വലിയ പ്രക്ഷോഭങ്ങൾ ഫലസ്തീനികളുടെ കാര്യം പരിഗണിക്കുമ്പോൾ അത്ര പ്രാധാന്യമില്ലാത്തതാണ്. ജൂതരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരൊന്നും ഫലസ്തീനികളുടെ അവകാശത്തെ ലവലേശം ഗൗനിക്കുകയില്ലെന്ന് അവർക്ക് നന്നായറിയാം. ഉപോരോധമനുഭവിക്കുന്ന, അധിനിവിഷ്ട ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ അപ്പാർത്തീഡിന്റെ വ്യവസ്ഥാപിതമായ അടിച്ചമർത്തലിൽ ഇപ്പറയുന്ന സുപ്രീം കോടതിയും ഭാഗഭാക്കാണെന്നും അവർക്ക് ധാരണയുണ്ട്. തങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന അന്ത്യമില്ലാത്ത പീഢനങ്ങളെ ചെറുത്തു നിൽക്കാനുള്ള അവകാശം മർദ്ദിതരായ ഫലസ്തീനികൾക്കുണ്ടോ? ഒരൊറ്റ ഉത്തരമേ ഇതിനുള്ളൂ; അതെ. മർദ്ദിതരായ വിഭാഗങ്ങൾ ചെറുത്തുനിൽപ്പിനുള്ള തങ്ങളുടെ അവകാശത്തെ പണ്ടേ നേടിയെടുത്തിട്ടുള്ളതാണ്. അവർ തങ്ങൾക്ക് സ്വയം തന്നെ നൽകിയ ഒരവകാശമാണിത്. റോമൻ സാമ്രാജ്യത്തിനെതിരെ വെള്ളക്കാരായ അടിമകളുടെ നേതാവ് സ്പാർട്ടക്കസും ഫ്രഞ്ച് സാമ്രാജ്യത്തിനെതിരെ കറുത്ത അടിമകളുടെ നേതാവ് ടൗസന്റ് ഒവേച്ചറും നേടിയെടുത്ത അവകാശം ഉദാഹരണം. ചൈന, വിയറ്റ്നാം, കൊറിയ, അൾജീരിയ, അംഗോള, മൊസാംബിക്യൂ തുടങ്ങിയ ദേശങ്ങളിൽ 20-ാം നൂറ്റാണ്ടിലുടനീളം കൊളോണിയൽ വിരുദ്ധ പോരാളികൾ ചെയ്തതും ഇതുതന്നെയാണ്. ഫലസ്തീനിൽ അധിനിവേശം നടത്തുന്ന, മർദ്ദകരായ, ആളുകളെ കൊല്ലുന്ന, നശീകരണ പ്രവർത്തനം നടത്തുന്ന കൂട്ടരുടെ മുൻഗാമികൾ ജൂതഹത്യയിൽ കത്തിയമർന്നവരുടെ പിൻമുറക്കാരാണെന്ന ഒറ്റക്കാരണത്താൽ ഫലസ്തീനികളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാനോ, ഈ കാരണത്തെ അമേരിക്കയും ബ്രിട്ടനും സോവിയറ്റ് യൂണിയനുമടങ്ങുന്ന സഖ്യകക്ഷി ജൂഹത്യ നടക്കവേ ഒന്നും ചെയ്യാതെ നോക്കി നിന്ന രണ്ടാം ലോക യുദ്ധത്തിന്റെ ന്യായമാക്കാനോ ഇനി കഴിയില്ല. ട്രെബ്ലിൻക, ഓഷ്വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പുകൾ ബോംബിട്ട് നിലം പരിശാക്കുവാൻ ജൂത ഏജൻസി വിൻസ്റ്റൺ ചർച്ചിലിനോടാവശ്യപ്പെട്ടു. ആർ.എം.എഫ് (The Royal Air Force) ബിസിയാണെന്നായിരുന്നു അവർക്ക് കിട്ടിയ മറുപടി. ഫലസ്തീനികളും ജൂതഹത്യയുടെ പരോക്ഷമായ ഇരകളാണെന്ന് മനസ്സിലാക്കാൻ യൂറോപ്പ് കൂട്ടാക്കാത്തതിന്റെ ഭാഗികമായ ഒരു വിശദീകരണം യൂറോപ്പിന് അനുഭവപ്പെട്ട ഈ കുറ്റുബോധമാണ്. ആ 6 മില്ല്യനാളുകൾ കൊല്ലപ്പെടാതിരിക്കുകയും ഫലസ്തീനിൽ ഒരു സയണിസ്റ്റ് സ്ഥാപനത്തെ നിലനിർത്തുകയും ചെയ്തിരുന്നു എങ്കിൽ എത്രയോ നന്നായേനെ എന്ന് എന്റെ ചില സയണസിറ്റ് വിരുദ്ധ ജൂത സുഹൃത്തുക്കൾ പറയാറുണ്ട്.

നെതന്യാഹുവിനെതിരെ നടക്കുന്ന സമരത്തിൽ നിന്ന്

പിൻനിര വിട്ട് മുൻനിരയിലേക്ക്

അമേരിക്കയുടെ സമ്മതം ലഭിച്ചാലുടൻ ഗസ്സയിലേക്ക് ഇടിച്ചു കയറി കൂടുതൽ കെട്ടിടങ്ങൾ തകർക്കാനും കൂടുതൽ ആളുകളെ വധിക്കാനും കാത്ത് നിൽക്കുകയാണ് ഇസ്രായേല്യർ. ലെബനാനിലെ ഹിസ്ബുല്ലയെ നേരിടാനുള്ള അനുമതി വൈറ്റ് ഹൗസിൽ നിന്ന് അവർക്കിതുവരെ ലഭിച്ചിട്ടില്ല. ഇറാന്റെ ചൈനയുമായുള്ള അടുപ്പത്തിൽ ആശങ്കയുള്ള അമേരിക്ക തെഹ്റാനുമായി നയതന്ത്ര ചർച്ചകളിലേർപ്പെടുകയും നിലവിൽ ആ ബന്ധം തകർക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണുള്ളത്. ഇസ്രായേലിന്റെ ഈ കാത്തിരിപ്പിനിടയിൽ തന്നെ അവർ ഗസ്സയെ ദിവസവും ദ്രോഹിച്ചു കൊണ്ടേയിരിക്കും. ഗസ്സയിൽ നിന്നും അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്നും ബന്ദികളെ അവർ പിടിച്ചു കൊണ്ടു പോവുന്നു. ഹമാസിന്റെ പ്രത്യാക്രമണമാണ് ഫലസ്തീനികൾക്ക് ഇപ്പോൾ വ്യാപകമായ ആഗോള പിന്തുണ നേടിക്കൊടുത്തത് എന്ന് അവർക്ക് അറിയാവുന്നതു കൊണ്ടു തന്നെ അവരിങ്ങനെ അസ്വസ്ഥപ്പെട്ടു കൊണ്ടേയിരിക്കും. അമേരിക്കൻ-ഇസ്രായേൽ നിയന്ത്രണത്തിലുള്ള രാജ്യങ്ങളേക്കാൾ ചെറിയൊരു രാഷ്ട്രമായ ജോർദാനിലെ രാജാവ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യുകയും ഈയിടെ അവിടെ നടന്ന ഒരു പ്രാദേശിക ഉച്ചകോടിയിൽ ഫലസ്തീനെയും അതിന്റെ സ്വയംനിർണയാവകാശത്തെയും പിന്തുണച്ചുകൊണ്ട് അദ്ദേഹം നടത്തിയ ശക്തമായ പ്രസംഗവുമൊക്കെ ഫലസ്തീൻ വിഷയം ഇനി മുതൽ അപ്രധാനമായ പിൻനിരയിലുള്ള ഒരു വിഷയമായിരിക്കല്ല എന്നതിന്റെ വ്യക്തമായ സൂചനകളാണ്.

ഫലസ്തീനികൾ ഉത്സാഹമില്ലായ്മയുടെയും നൈരാശ്യത്തിന്റെയും പിടിയിലാണെന്ന് കരുതിയിരിക്കുന്നവർക്കൊക്കെ ക്രൂരമായ ആഘാതമാണ് ഏൽക്കേണ്ടി വന്നിട്ടുള്ളത്. ഹമാസിന്റെ യഥാർത്ഥ വിജയമാണിത്. പക്ഷേ, അമേരിക്കൻ-യൂറോപ്യൻ യൂണിയൻ ലോകത്തു നിന്ന് ആരും ഫലസ്തീനിൽ പുതിയൊരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടില്ല. ജനാധിപത്യത്തെ ഭയമാണവർക്ക്. മഹ്മൂദ് അബ്ബാസും അദ്ദേഹത്തിന്റെ കൂട്ടാളികളെയും തൂത്ത് വാരി ഹമാസോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ തദ്സ്ഥാനത്ത് വരുമെന്ന് അവർ ഭയപ്പെടുന്നു. മൊറോക്കൻ രാജാവിന്റെയും ഈജിപ്തിലെ അബ്ദുൽ ഫത്താഹ് അൽ സീസിയുടെയുമൊക്കെ കാര്യത്തിലെന്ന പോലെ ഫലസ്തീനിയൻ അതോറിറ്റിയുടെയും സ്വീകാര്യത ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുന്നു.

അറബ് ലോകത്തു നിന്നുണ്ടാവുന്ന പ്രകടനങ്ങൾ താഴേത്തട്ടിൽ നിന്നുള്ള ഐക്യം രൂപപ്പെടുത്തിയിട്ടുണ്ട്. അര മില്യൺ ജനങ്ങൾ (ഇസ്രായേലിനെ തിരിച്ചറിയുന്ന) മൊറോക്കൻ തെരുവുകളിലുണ്ട്; തുടർന്നുള്ള ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം ജനങ്ങൾ അമ്മാനിലെ രണ്ട് തെരുവുകളിലായി കൂറ്റൻ സംഗമം നടത്തി. കെയ്റോയിലെ തഹ്രീർ സ്ക്വയർ ഒരിക്കൽ കൂടി ആളുകൾ കീഴടക്കുകയും നഗരത്തിന്റെ മറ്റ് ഭാഗങ്ങൾ ആയിരക്കണക്കിന് ആളുകളെ കൊണ്ട് നിറയുകയും ചെയ്തു. അൾജീരിയൻ ഗവണ്മെന്റ് ഫലസ്തീന് എല്ലാതരത്തിലുള്ള പന്തുണയും നൽകിയിരിക്കുകയാണ്.

ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം വ്യത്യസ്ത രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുന്ന അറബ് ദേശത്തുള്ള മിക്ക രാഷ്ട്രങ്ങളും ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും കാർമ്മികത്വത്തിൽ രൂപീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ അറബ് ദേശീയത ശക്തമായി വളരുകയും ഈജിപ്ഷ്യൻ നേതാവ് ഗമാൽ അബ്ദുൽ നാസർ പ്രദേശത്തെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. ആ ലോകത്തെ ഏകീകരിക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നു. ഇസ്രായേലും ബ്രിട്ടനും ഫ്രാൻസും (അമേരിക്കയുടെ സമ്മതമില്ലാതെ) 1956 ഈജിപ്ത് ആക്രമിച്ചെങ്കിലും ഗമാൽ അബ്ദുന്നാസറിനെ അട്ടിമറിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അന്ന് പാകിസ്ഥാൻ ബ്രിട്ടനെയാണ് പിന്തുണച്ചതെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഈജിപ്തിനെ ആയിരുന്നു ശക്തമായി പിന്തുണച്ചത്. അന്ന് ഈജിപ്തിൽ കുട്ടികൾക്ക് ഇട്ടിരുന്ന ഏറ്റവും ജനകീയമായ പേരായി ജവഹർ എന്ന പേര് മാറി. 1956—ലെ ഈ യുദ്ധത്തിന്റെ സമയത്ത് ഇസ്രായേൽ ഗസ്സ ആക്രമിക്കുകയും നാല് മാസത്തോളം അധിനിവേശത്തിന് കീഴിലാക്കുകയും ചെയ്തു. അതിന് ശേഷമുണ്ടായ സംഭവവികാസങ്ങൾ ഇന്നത്തേതിന്റെ ഒരു മാതൃകയാണെന്ന് പറയാം. 1957 മാർച്ചിൽ അമേരിക്ക ഇസ്രായേലിനോട് ഗസ്സയിൽ നിന്ന് പിൻവലിയാൻ ഉത്തരവിട്ടു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഐസൻഹോവർ പലവിധത്തിലുള്ള നയന്ത്രപരമായ സമ്മർദ്ദങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇസ്രായേലിനെ പ്രതിസന്ധിയിലാക്കുകയും ഒടുവിൽ ഇസ്രായേൽ പിന്മാറുകയും ചെയ്തു.

ആന്റണി ബ്ലിങ്കണും, മുഹമ്മദ് ബിൻ സൽമാനുൽ സൗദും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുൽ സൗദുമായി അടുത്തിടെ നടന്ന യോഗത്തിൽ സൽമാനുൽ സൗദ് ഗസ്സയിൽ വെടിനിർത്തലിനും ഉപരോധം അവസാനിപ്പിക്കാനും ഉത്തരവിറക്കാൻ അമേരിക്കയോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാം അവസാനിപ്പിച്ച് ഒരു സ്വതന്ത്ര ഗസ്സ കൊണ്ടുവരാനുള്ള ഏറ്റവും ഫലവത്തും എളുപ്പത്തിലുള്ളതുമായ മാർഗ്ഗം ഈ ഘട്ടത്തിൽ തീർച്ചയായും ഇത് തന്നെയായിരിക്കും. ചർച്ചക്കുള്ള ഒരു ഇടമുണ്ടാക്കി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികൾ ആലോചിക്കുക.

ഇസ്രായേലിന് താക്കീതു കൊടുക്കുമ്പോൾ ബൈഡൻ അഗീകരിച്ച പോലെ, ബോംബിടലും അധിനിവേശവും അപൂർവ്വമായേ വിജയിക്കുകയുള്ളൂ എന്ന് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ അനുഭവത്തിൽ നിന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. ജറുസലേമിലെ തങ്ങളുടെ കക്ഷി രാഷ്ട്രത്തിനും അമേരിക്ക ഇതൊന്ന് വിശദീകരിച്ച് കൊടുക്കണം.

മറ്റേതൊരു അധിനിവേശത്തെയും പോലെ ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും, ഇസ്രായേൽ ചരിത്രകാരൻ ബെന്നി മോറിസ് പറയുന്ന പോലെ “ബലാൽക്കാരത്തിലൂടെയും ഭയപ്പെടുത്തിയും അടിച്ചമർത്തിയും സഹകരണത്തിലൂടെയും വഞ്ചനയിലൂടെയും മർദ്ദനങ്ങളിലൂടെയും പീഢന മുറികളിലൂടെയും ഭീഷണികളിലൂടെയും നിന്ദയിലൂടെയും കൗശലത്തിലൂടെയുമൊക്കെ സ്ഥാപിതമായതാണ്, അധിനിവേശം ചെയ്യപ്പട്ട ജനങ്ങൾക്കാകട്ടെ ഇത് എല്ലായ്പ്പോഴും ക്രൂരവും അപമാനകരവുമായിരുന്നു.”

ഏരിയൽ ഷാരോണിനോ ബെഞ്ചമിൻ നെതന്യാഹുവിനോ അദ്ദേഹത്തിന്റെ കൂട്ടാളികൾക്കോ ഇതുവരെയും ഗസ്സയെ തകർക്കാൻ കഴിഞ്ഞിട്ടില്ല. ലോകം ഒരിക്കൽ കൂടി വീക്ഷിക്കുകയാണ്. വിട്ടുമാറാത്ത വേദനയ്ക്കും ക്രൂരതകൾക്കും ഇടയിലും സാധാരണക്കാരായ, പല വർണങ്ങളിലുള്ള എല്ലാ ഫലസ്തീനികളും ആഘോഷിക്കുന്ന വിജയമാണിത്.


(പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയും ന്യൂ ലെഫ്റ്റ് റിവ്യൂ എഡിറ്ററുമാണ് താരീഖ് അലി. 2023 ഒക്ടോബർ 30-ാം തിയ്യതി ഫ്രണ്ട് ലൈൻ മാഗസിനാണ് ലേഖനം പ്രസിദ്ധീകരിച്ചത്)

വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട്: Front line

താരീഖ് അലി