Campus Alive

ഹമാസ് വിരുദ്ധത: ഫലസ്തീൻ പിന്തുണകളിലെ അകക്കാമ്പുകൾ

(ഗസ്സക്ക് നേരെ നിലവിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തോട് സമാനമായ രീതിയിൽ 2014-ൽ ഇസ്രായേൽ നടത്തിയ ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മിഡിലീസ്റ്റ് മോണിറ്റർ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ)


കഴിഞ്ഞ പത്തു വർഷത്തിന്റെ ചിത്രം ലളിതമായി വരച്ചിടുന്നതിനെക്കാൾ ബൃഹദ് ആഖ്യാനങ്ങളാൽ മൂടപ്പെട്ടതാണ് നമ്മുടെ ചരിത്രങ്ങൾ. സമകാലിക ലോകത്തിന്റെ രാഷ്ട്രീയ വ്യവസ്ഥകളും അധികാര സമവാക്യങ്ങളുമായി മാറിയ യൂറോപ്പ്യൻ നവോത്ഥാനത്തിന്റെ ബാക്കി പത്രത്തിലാണ് ‘അപര’ന്റെ ആഗോള നിർമ്മിതി കിടക്കുന്നത് എന്നതു കൊണ്ട് തന്നെ കഴിഞ്ഞ 500 വർഷത്തെ ചരിത്രത്തിന്റെ ആഖ്യാനം വളരെ പ്രധാനമാണ്. അപമാനത്തിനും അപമാനവീകരണത്തിനും വിധേയരായ “അപരർ” നിരന്തര പരിഷ്കരണവും ഉപദേശവും ആവശ്യമുള്ളവരും എല്ലായ്പ്പോഴും തീവ്രമായ ഹിംസയുമായി ചേർന്നു നിൽക്കുന്നവരുമാണ് എന്ന് ഉദ്ഘോഷിക്കുന്ന പാശ്ചാത്യൻ ആശയങ്ങൾ മുസ്‌ലിങ്ങളുടെ മേലും മദ്ധ്യകാല യൂറോപ്പിലെ യഹൂദരുടെ മേലും എല്ലാ കാലത്തും അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, കഴിഞ്ഞ ഒരു നൂറ്റാണ്ടായി സയണിസ്റ്റ് പദ്ധതി യഹൂദ സ്വത്വത്തെ കവർന്നെടുക്കുകയും കോളനിവൽക്കരണത്തിന്റെ ഇരുണ്ട പക്ഷത്തേക്ക് കാലു മാറുകയും കുടിയേറ്റ കോളനിവൽക്കരണത്തിന്റെ മകുടോദാഹരണമായി സ്വയം അവതരിപ്പിക്കുകയും ചെയ്തതോടെ മുസ്‌ലിങ്ങളാണ് ഇതിന് മുഖ്യമായും വിധേയരായി കൊണ്ടിരിക്കുന്നത്.

ഈ ‘അപര മുസ്‌ലിങ്ങളെ’ കുറിച്ചുള്ള ഭാവനാ രൂപീകരണത്തിന് ആധുനിക ലോകത്തെ മനസ്സിലാക്കുന്നതിനപ്പുറത്ത് നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്— വിശേഷിച്ച് അറബ് ലോകത്തെ തൊഴിൽ വിഭജനത്തിന്റെയും ആഗോള മൂലധന വിഭജനത്തിന്റെയും പരിപ്രേക്ഷ്യത്തിൽ മാത്രം മനസ്സിലാക്കുന്നതിൽ നിന്ന്. പ്രൊഫസർ റമോൺ ഗ്രോസ്ഫുഗലിന്റെ അഭിപ്രായ പ്രകാരം “ലോകഭൂപടത്തെ കുറിച്ചുള്ള വ്യത്യസ്തമായൊരു ചിത്രം നമുക്ക് ലഭിക്കണമെങ്കിൽ അറിവിന്റെ ഭൗമരാഷ്ട്രീയത്തെയും ശരീര രാഷ്ട്രീയത്തെയും ഉത്തര കേന്ദ്രീകൃത വീക്ഷണകോണിൽ നിന്ന് ദക്ഷിണ കേന്ദ്രീകൃത വീക്ഷണകോണിലേക്ക്,” നാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഗ്രോസ്ഫുഗൽ കൂട്ടിച്ചേർക്കുന്നു; മാർക്സിസ്റ്റ് ആഖ്യാനത്തിൽ നിന്ന് മാറിയുള്ള അത്തരമൊരു വീക്ഷണം “ഇസ്‌ലാമോഫോബിയയെ കേവലമൊരു ഉപപ്രതിഭാസമെന്നതിലുപരി അന്താരാഷ്ട്ര തൊഴിൽ വിഭജനത്തിന്റെ ഘടനാപരമായ ഭാഗമായി കാണുന്ന കൂടുതൽ സങ്കീർണമായ ലളിത വൽക്കരിക്കാത്ത ഘടനാപരവും ചരിത്രപരവുമായ ഒരു വിശകലനത്തിലേക്ക് നമ്മെ നയിക്കും”. ശ്രേണീകൃതമായ വ്യത്യസ്ത അധികാര ഘടനകളിലൂടെ സാധ്യമാക്കപ്പെട്ട കൊളോണിയൽ നിയന്ത്രണാധികാര ഘടനയിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സങ്കീർണതകളെ തിരിച്ചറിയാതെ പോവുന്നതിന്റെ ഫലമായാണ് ഹമാസിനെയും അല്ലെങ്കിൽ ഹമാസിന്റെ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിനെയും പോലുള്ള ഏതൊരു ഇസ്‌ലാമിക പ്രതിരോധ ആഖ്യാനങ്ങളെയും ഒന്നുകിൽ തീവ്രവാദികളോ അല്ലെങ്കിൽ സായുധ സംഘങ്ങളോ ആയി പലരും മുദ്രകുത്തുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ ആഖ്യാനം അങ്ങേയറ്റം പ്രശ്നകരമാണ്. പ്രാഥമികമായി, ഈ ആഖ്യാനം മുസ്‌ലിം കർതൃത്വത്തെ, അല്ലെങ്കിൽ നിലവിലെ പശ്ചാത്തലത്തിൽ ഫലസ്തീനിയൻ കർതൃത്വത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ കൂട്ടാക്കുന്നില്ല എന്നതാണ്. ഈ കുറവ്, നേരെ തിരിച്ച് ഇസ്രായേലിനെ നിർഭാഗ്യവശാൽ ക്രൂരമായ ആക്രമണങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന ഒരു ലിബറൽ ജനാധിപത്യ രാജ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായ ഒട്ടേറെ വ്യക്തിത്വങ്ങൾ ദശകങ്ങളായി വംശീയമായ പുറന്തള്ളൽ, വംശഹത്യ, കൂട്ടക്കൊല തുടങ്ങിയ ആരോപണങ്ങൾ ഗൗരവമായി  ഇസ്രായേലീന് ചാർത്തി നൽകിയിട്ടുണ്ടെങ്കിലും, ഇസ്രായേലിന്റെ ‘വെളുത്ത സ്വത്വത്താൽ’ നമ്മുടെ ഉപബോധ മണ്ഡലങ്ങൾ മൂടിപ്പോയിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ഈ വസ്തുതയെ ഗ്രഹിക്കാൻ നമുക്ക് സാധിക്കുന്നില്ല. “വെള്ളക്കാരൻ വംശഹത്യ നടത്തില്ല… അത് വെറും അപകടം മാത്രമായിരുന്നു…” എന്ന താളത്തിനൊത്ത് തുള്ളുകയാണ് നമ്മൾ.

റമോൺ ഗ്രോസ്ഫുഗൽ

1990-കളുടെ തുടക്കത്തിലെ സോവിയറ്റ് യൂണിയന്‍റെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പദ്ധതിയുടെയും പതനം വരുത്തിവെച്ച അപായങ്ങളിൽ ഒന്ന് “സ്വാതന്ത്ര്യ സമര പോരാളി” (Freedom fighter) എന്ന സംവർഗ്ഗം പാടേ ഇല്ലാതായി എന്നതാണെന്ന് ഡോ. സൽമാൻ സയ്യിദ് അദ്ദേഹത്തിന്റെ ക്ലാസിക്കൽ രചനയായ ‘ഫണ്ടമെന്റൽ ഫിയർ’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരസ്പര വൈരികളായ രണ്ട് വൻശക്തികൾ നിലനിന്നിരുന്ന ഒരു ദ്വിധ്രുവ ലോകക്രമത്തിൽ, കോളനിയാനന്തര സമൂഹങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെ അമേരിക്കയോ അല്ലെങ്കിൽ സോവിയറ്റ് യൂണിയനോ അംഗീകരിക്കുന്നത് ആര് ആരെ എതിർക്കുന്നു എന്നത് അനുസരിച്ചായിരുന്നു, എങ്കിലും അങ്ങനെയൊരു സംവർഗ്ഗം ശരിക്കും നിലനിന്നിരുന്നു. പക്ഷേ അത്തരമൊരു സംവർഗ്ഗത്തിന്റെ അന്ത്യമായിരുന്നു അമേരിക്കൻ യുഗത്തിന്റെ ഉദയത്തോടെ ഉണ്ടായത്. അറിയപ്പെട്ടിരുന്ന എല്ലാ സ്വേച്ഛാധിപതികളും മർദ്ദക ഭരണകൂടങ്ങളും ഷെയ്ഖുമാരുടെ സാമ്രാജ്യങ്ങളും അമേരിക്കയുമായി ചേർന്നു നിൽക്കുകയും അതുകൊണ്ട് തന്നെ ‘സ്വാതന്ത്ര സമര പോരാളികൾ’, അഥവാ നിലവിലെ ലോകക്രമത്തെ എതിർക്കുന്ന ആരെയും തീവ്രാവാദികളായി കണക്കാക്കുകയും ചെയ്തു എന്നതായിരുന്നു ഇതിന്റെ പ്രഥമ കാരണം. ഏതൊരു മർദ്ദക ഭരണകൂടത്തിനെതിരെയുമുള്ള പ്രതിരോധ പ്രവർത്തനങ്ങളെ ഈ അന്തർദേശീയ പാശ്ചാത്യാധിപത്യ വ്യവഹാരങ്ങൾ അസാധുവാക്കി തീർത്തു, പ്രത്യേകിച്ച് അത്തരം മർദ്ദക ഭരണകൂടങ്ങൾ നവലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളാണെങ്കിൽ അത് പൂർണമാവുകയും ചെയ്തു. ഹമാസ്, മുസ്‌ലിം ബ്രദർഹുഡ് പോലുള്ള തിരഞ്ഞെടുപ്പുകളിലൂടെ അധികാരം നേടിയ തദ്ദേശീയ മുസ്‌ലിം പ്രസ്ഥാനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകളേതുമില്ലാതെ അട്ടിമറിക്കപ്പെട്ടു. കാരണം ജനാധിപത്യത്തെയും വെള്ളക്കാരുടെ മാത്രം പ്രത്യേകാവകാശമായി കണക്കാക്കപ്പെട്ടതായിരുന്നു. ഇന്ന് ആഗോള രംഗത്തു നിന്ന് സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടുണ്ടെങ്കിലും ഒരു ബൃഹദ് ആഖ്യാനമെന്ന നിലയിൽ മാർക്സിസം ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷേ ഇടതുപക്ഷ വ്യവഹാരങ്ങൾ, അമേരിക്കൻ നവലിബറൽ പദ്ധതികളെ പൂർണമായി എതിർക്കുന്നുണ്ടെങ്കിലും ലോകത്തെ ഇസ്‌ലാമിക തദ്ദേശീയ പുനരുത്ഥാന പ്രസ്ഥാനങ്ങളെപ്പറ്റി അവരുടെ ശത്രുക്കളുടേതിന് സമാനമായ സങ്കുചിത വീക്ഷണമാണ് നിർഭാഗ്യവശാൽ അവരും സ്വീകരിച്ചിരിക്കുന്നത്. ഈ പക്ഷത്തെ സംബന്ധിച്ച് സാമ്രാജ്യത്വത്തിനെതിരെയുള്ള ഏതൊരു പോരാട്ടവും സ്വീകാര്യമാവണമെങ്കിൽ അതിന് ഒരു ഇടതുപക്ഷ/സോഷ്യലിസ്റ്റ് പാരമ്പര്യം ആവശ്യമാണ്. അതല്ലാത്ത മറ്റെല്ലാ പ്രതിരോധ ആഖ്യാനങ്ങളെയും, ഇസ്‌ലാമിക ലോകവീക്ഷണത്തിൽ അധിഷ്ടിതമായവയെ സവിശേഷമായും, പരിഹാസപൂർവം നോക്കിക്കാണുകയും ബോധപൂർവ്വം മറച്ചു വെക്കുകയും ചെയ്തിരുന്നു. സമകാലീന ലിബറൽ വ്യവഹാരങ്ങളിൽ അന്തർലീനമായിരിക്കുന്ന ആക്ഷേപകരമായ ഈ മനോഭാവം ഒരു ഇസ്‌ലാമോഫോബിക് ആഖ്യാനത്തെ ഊട്ടിവളർത്താനും ഒപ്പം ഈ വംശീയ അധികാര ഘടനയെ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ്.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഭാഗമായി 420 കുട്ടികൾ ഉൾപ്പെടെ 1875 ഫലസ്തീനികൾ കൊലചെയ്യപ്പെടുകയും 8000ത്തിനടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും അര മില്ല്യണടുത്ത് ജനങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി, സൗത്തമേരിക്കയിൽ നിന്നുള്ള ചില രാജ്യങ്ങളുൾപ്പെടെ ആഗോള തലത്തിൽ വലിയ തരത്തിലുള്ള രോഷപ്രകടനങ്ങൾ ഈ അവസരത്തിലുണ്ടായി വന്നിട്ടുണ്ട്. ഫലസ്തീനിയൻ ജനതയോടുള്ള ഐക്യദാർഢ്യത്തെ കൃത്യമായ പരിപ്രേക്ഷ്യത്തിലൂടെ നാം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചില വംശീയമായ പ്രതിബന്ധങ്ങൾ നമുക്ക് മുന്നിലുണ്ടാവാറുണ്ട്. ഗസ്സയിലെ ജനങ്ങളല്ല ഇസ്രായേലിന്റെ ശത്രുക്കളെന്നും മറിച്ച് ഹമാസാണ് ഇസ്രായേലിന്റെ ശത്രുവെന്നും നിലവിൽ പൗരന്മാർക്ക് സംഭവിച്ചിരിക്കുന്ന അപകടങ്ങൾ “ഹമാസ് തന്നെ വരുത്തിവെച്ച ദുരന്തം” ആണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജെറുസലേമിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ പ്രസ്താവിക്കുകയുണ്ടായി. “ഫലസ്തീനിലെ സാധാരണ ജനങ്ങളെ മാത്രം ഞങ്ങൾ പിന്തുണക്കുന്നു,” അല്ലെങ്കിൽ “ഹമാസിനെ ഞങ്ങൾ പിന്തുണക്കുന്നില്ല,” തുടങ്ങിയ ചില പ്രസ്താവനകൾ ഏതാണ്ട് നെതന്യാഹുവിന്റേതിനോട് ചേർന്നു നിൽക്കുന്ന വീക്ഷണങ്ങൾ തന്നെയാണ് ആവർത്തിക്കുന്നതെന്ന് കാണാം. ഫലസ്തീനിയൻ പോരാട്ടത്തോട് സഹതാപ പൂർണമായ ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്ന നമുക്ക് ഹമാസിനെ ദഹിക്കാത്തത് എന്തു കൊണ്ടാണ്? ചില ചോദ്യങ്ങൾ അനിവാര്യമായും ഉന്നയിക്കപ്പെടേണ്ടതുണ്ട്; അംഗവിച്ഛേദരും കൊലചെയ്യപ്പെട്ടവരുമായ കുഞ്ഞുങ്ങളെ കാണുമ്പോഴുണ്ടാവുന്ന താൽക്കാലികവും ബാഹ്യവുമായ സഹതാപം മാത്രമാണോ നമ്മുടെ പ്രകടനങ്ങളൊക്കെയും? അതല്ല, വംശീയ കുടിയേറ്റ കോളനിവൽക്കരണത്തിനും സാമ്രാജ്യത്വ പദ്ധതികൾക്കും വംശഹത്യക്കും എതിരായ ഫലസ്തീനികളുടെ പോരാട്ടത്തിന്റെ ഫലസ്തീനിയൻ രാഷ്ട്രീയ താൽപര്യങ്ങളുടെ രാഷ്ട്രീയമായ വിപുലീകരണമാണ് നമ്മുടെ പ്രതിഷേധ പ്രകടനങ്ങൾ എന്ന് പറയാനൊക്കുമോ?

ഹ്യൂഗോ ചാവിസ്, നെൽസൺ മണ്ടേല

ലോകത്തെ മറ്റ് പോരാട്ടങ്ങളോട് സമാനമായി നാം കാണിക്കുന്ന ഐക്യദാർഢ്യ പ്രകടനങ്ങളിലുള്ള നമ്മുടെ മനോഭാവത്തിന്റെ നേർവിപരീതമാണ് ഈ കാപട്യം. നമ്മുടെ എഴുത്തുകളും മുദ്രാവാക്യങ്ങളും വെനസ്വേലൻ ജനത അമേരിക്കൻ സാമ്രാജ്യത്തെ പരസ്യമായി വെല്ലുവിളിച്ചെന്ന കേവല പ്രസ്താവനയോ അല്ലെങ്കിൽ വെനസ്വേലയിലെ സാധാരണ ജനങ്ങളുടെ മാത്രം ചിത്രങ്ങളുള്ള പോസ്റ്ററുകളോ അല്ല നമ്മുടേത്. സൗത്താഫ്രിക്കൻ ജനത ദീർഘമായ പോരാട്ടത്തിലൂടെ വംശീയ ഭരണകൂടത്തിന് അന്ത്യം കുറിച്ചെന്ന ആഹ്ലാദത്തോടെയുള്ള കേവല പ്രഖ്യാപനമോ അതിന്റെ ഭാഗമായി സൗത്താഫ്രിക്കയിലെ സാധാരണ ജനങ്ങളുടെ ചിത്രമോ അല്ല നാം മുന്നോട്ടു വെക്കാറുള്ളത്. മറിച്ച്, വെനസ്വേലൻ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതിനിധിയും നേതാവുമെന്ന നിലയിൽ ഹ്യൂഗോ ചാവിസിനെയും വെള്ള വംശീയവാദികൾക്കെതിരെ പോരാടിയ നെൽസൺ മണ്ടേലയെയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെയും നാം അഭിമാനപുരസരം ആഘോഷിക്കുകയും മഹത്വവൽക്കരിക്കുയുമാണ് ചെയ്തിട്ടുള്ളത്. ആ അർത്ഥത്തിൽ ജനങ്ങളുടെ അഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും കർതൃത്വം എല്ലാ കാലത്തും നിലനിന്നിരുന്നു, അതിന്നും നിലനിൽക്കുന്നുമുണ്ട്. പ്രതിരോധ മുന്നേറ്റങ്ങൾക്ക് ഒരു ഘടനയും പ്രസ്ഥാനവും നേതൃത്വവും എല്ലാകാലത്തും ഉണ്ടായിരുന്നു. ഈ പ്രസ്ഥാനങ്ങളും നേതാക്കളും പാർശ്വവൽകൃത ജനതയുടെ പ്രതിനിധികളാണ്. ഇത്തരം ജനതയോട് പിന്തുണയും ഐക്യദാർഢ്യവുമർപ്പിച്ചിട്ടുള്ള എല്ലാ പ്രകടനങ്ങളും അവരുടെ നേതൃത്വത്തെയും അഭിലാഷങ്ങളെയും പിന്തുണക്കുയും വേണം. തന്നെയുമല്ല, ഇത്തരം പ്രസ്ഥാനങ്ങളും നായകരും എല്ലാ കാലത്തും കാല്പനികവൽക്കരിക്കപ്പെടുകയും അവരെ പ്രതി കവിതകൾ രചിക്കപ്പെടുകയും വിഗ്രഹവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. വിയറ്റ്നാം, ലാറ്റിൻ അമേരിക്ക, സൗത്തമേരിക്ക, ആഫ്രിക്ക, സൗത്തേഷ്യ തുടങ്ങിയ എല്ലാ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭ സന്ദർഭങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത്ഭുകരമെന്നു പറയട്ടെ, അറബ്—മുസ്‌ലിം ലോകത്തെ ഉദാഹരണങ്ങളിൽ ഈ പ്രവണത നന്നേ പരിമിതമാണ്.

ഒരു വംശീയ ഭരണകൂടത്തിന്റെ മാരകമായ കടന്നാക്രമണങ്ങൾക്കെതിരിൽ ഫലസ്തീനിയൻ ജനതയോട് ഐക്യദാർഢ്യപ്പെടുമ്പോൾ, അതേ വംശീയതയുടെ വർണം നമ്മെ മൂടുന്നതിനാലാണ് ആ ഐക്യദാർഢ്യം രാഷ്ട്രീയമായ യാതൊരു പ്രകാശനങ്ങളുമില്ലാത്ത ഒരു കൂട്ടമെന്ന നിലയിൽ ഫലസ്തീൻ ജനതയ്ക്കു മാത്രമായുള്ള ഐക്യദാർഢ്യമായി മാറുന്നത്. “ഇസ്രായേലിന്റെ ബോംബാക്രമണങ്ങളും ഹമാസിന്റെ റോക്കറ്റുകളും, രണ്ടും യുദ്ധക്കുറ്റകൃത്യങ്ങളാണ്,” “ഇരു പക്ഷങ്ങളും ആയുധം താഴെ വെക്കണം,” തുടങ്ങിയ പ്രസ്താവനകളും “ഇസ്രായേലി-ഫലസ്തീനിയൻ മനുഷ്യ ചങ്ങലകൾ,” “ഇസ്രായേൽ പട്ടാളക്കാർക്ക് റോസാപ്പൂ നൽകുന്ന ഗസ്സയിലെ സ്ത്രീകളും കുട്ടികളും,” തുടങ്ങിയ മൂഢമായ നിർദ്ദേശങ്ങളുമൊക്കെ വാസ്തവത്തിൽ നിഷ്ക്രിയരായ ഇരകളായി തുടരുന്നിടത്തോളം നിങ്ങളെ ഞങ്ങൾ പിന്തുണക്കുകയും, ചെറുത്തുനിൽപ്പിനുള്ള നിങ്ങളുടെ അവകാശത്തെ ഞങ്ങൾ നിഷേധിക്കുകയും ചെയ്യും എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. യൂറോ കേന്ദ്രീകൃതമായ ലോകവീക്ഷണം പ്രബലമായ കൊളോണിയൽ വ്യവഹാരങ്ങളിൽ ഒരു തരത്തിലുമുള്ള കർതൃത്വവും പേറാത്തവരാണ് മർദ്ദിതരായ ജനവിഭാഗങ്ങൾ. അഥവാ, ഫലസ്തീനികൾ എങ്ങനെ പ്രതിരോധിക്കണമെന്നും, അവർ ആർക്ക് വോട്ട് ചെയ്യണമെന്നും വിദ്യാസമ്പന്നരായ, പാശ്ചാത്യൻ, ലിബറൽ, നാഗരിക പുരുഷന്മാരായ ഞങ്ങൾ തീരുമാനിക്കും എന്നു ചുരുക്കം. ക്ലാസിക്കൽ മാർക്സിസത്തിലും സാക്ഷാൽ മാർക്സിൽ തന്നെയും ഈ രക്ഷാധികാരി ഭാവവും മുസ്‌ലിം കർതൃത്വത്തിന്റെ നിഷേധവും പ്രകടമാണെന്നു കാണാം.

സബ്കമാന്റന്റ് മാർകോസ്

ഇസ്‌ലാമോഫോബിയയുടെ ഇത്തരമൊരു ആഗോള പശ്ചാത്തലത്തിൽ ഇസ്‌ലാമികമായ ഏതൊരു പ്രകാശനത്തെയും നേരിടുമ്പോൾ നമ്മുടെ ബോധമണ്ഡലത്തിലേക്ക് ഇരച്ചെത്തുന്ന ചില വാക്കുകളാണ് മധ്യകാല, ബാർബേറിയൻ, ഭീകരവാദം, ഹിംസാത്മകം, സായുധം, നിരക്ഷരത തുടങ്ങിയ അനേകം നെഗറ്റീവ് വാക്കുകൾ. ഹമാസിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫലസ്തീനിയൻ പ്രതിരോധ സംഘങ്ങളിലോ പ്രശ്നകരമായി നാം കാണുന്നതെന്താണ്? തുടക്കക്കാരെ സംബന്ധിച്ച് വിഷ്വൽ ഇമേജറി എന്നു പറയുന്നത് മുൻവിധിയിലധിഷ്ടിതമായ ഒരു മനോഘടന രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. ഫലസ്തീനിയൻ ചെറുത്തുനിൽപ്പിന്റെ ബാർബേറികും അപരിഷ്കൃതവുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ചില വിദേശ അക്ഷരങ്ങളുള്ള പശ്ചാത്തലത്തിൽ നിൽക്കുന്ന മുഖം മറച്ച ആയുധധാരിയുടെ ചിത്രം, അവർ ‘നമ്മുടെ’ രൂപത്തിലേക്ക് നവീകരിക്കപ്പെടേണ്ടവരാണെന്ന അർത്ഥത്തിൽ പലരും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ മെക്സിക്കോയിലെ സപ്പാറ്റിസ്റ്റ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സബ്കമാന്റന്റ് മാർകോസ് ഇതേ രൂപം അതിനേക്കാൾ കൂടുതൽ തവണ ഉപയോഗിച്ചപ്പോഴൊക്കെ ഇടതു ലിബറൽ മനസ്സുകൾ ആ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവ് അർത്ഥങ്ങളെയും മാറ്റിവെച്ച് അതിനെ ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ശേഷം മുഖം മറച്ച ഉത്തരാധുനിക നേതാവിനെയും അദ്ദേഹത്തിന്റെ ‘സായുധ’ പ്രസ്ഥാനത്തെയും പറ്റി കവിതയും കാല്പനിക ആഖ്യാനങ്ങളും ജീവചരിത്രങ്ങളും എഴുതുകയും ചെയ്യുന്നതാണ് നാം കണ്ടത്. അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായ ഇടതുപക്ഷ ചിന്തകരും ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തകരും സപ്പാറ്റിസ്റ്റ് പ്രസ്ഥാനത്തിന് സ്തുതി പാടുകയും മെക്സിക്കൻ ഭരണകൂടത്തിന്റെ സപ്പാറ്റിസ്റ്റ് പ്രസ്ഥാനത്തിന് എതിരെയുള്ള ഏതൊരു നീക്കത്തെയും അപലപിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സമാനമായ രീതിയിൽ ഹമാസിനെ സങ്കല്പിക്കാൻ കഴിയാത്തത് എന്തു കൊണ്ടായിരിക്കും? ഹമാസിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അവരുടെ ചെറുത്തുനിൽപ്പിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ഇസ്ലാം എന്ന ഘടകം വക്രീകരിക്കപ്പെട്ട ഈ ആഖ്യാനത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ തലച്ചോറുകളും സർവ്വവ്യാപിയായ ഈ ആഖ്യാനത്തിൽ തളച്ചിടപ്പെട്ടിരിക്കുകയാണ് എന്നതാണ് ഖേദകരമായ യാഥാർത്ഥ്യം. ഇസ്രായേൽ പ്രധാനമന്ത്രിയുടെ മുഖ്യ വക്താവ് വംശഹത്യയ്ക്കും വംശീയ ഉന്മൂലനത്തിനും കൂട്ടക്കൊലക്കും ആഹ്വാനം ചെയ്യുമ്പോൾ നാം ശാന്തമായി അത് കണ്ടിരിക്കുകയും നന്നേ കുറഞ്ഞ അളവിൽ മാത്രം നമ്മെ അത് അസ്വസ്ഥപ്പെടുത്തുകയും അതേസമയം ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ മുഖം മറച്ച ഒരു നേതാവ് ഞങ്ങൾ പൗരന്മാരെ ഒരിക്കലും ആക്രമിക്കില്ല എന്ന് പ്രസ്താവിക്കുമ്പോൾ നാം അസ്വസ്ഥരാവുകയും ചെയ്യുന്നതിൽ നിന്ന് ഇത് വ്യക്തമാണ്. ഒരുപക്ഷേ ഇംഗ്ലീഷ് സംസാരിക്കാത്ത മുഖം മറച്ച ഒരു സ്വാതന്ത്ര്യ പോരാളിയെക്കാൾ, പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെങ്കിലും നാം സ്വയം ആവാൻ ആഗ്രഹിക്കുന്ന രൂപം ടൂപീസ് സ്യൂട്ട് ധരിച്ച ക്ലീൻ ഷേവ് ചെയ്ത ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വെള്ളക്കാരനായ പുരുഷനായിരിക്കും.

ഫലസ്തീനെ പിന്തുണക്കുന്ന ‘കറുത്ത തൊലിയുള്ള വെളുത്ത മാസ്ക് ധാരികളായ’ (ഫനോണിന്റെ ‘black skin, white-mask’ ഉദ്ദേശം) ആളുകളെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു സംഗതി ഹമാസ് ഉൾപ്പെടെയുള്ള ഇസ്‌ലാമിക പ്രതിരോധ സംഘങ്ങളിൽ അടങ്ങിയിരിക്കുന്ന ഹിംസയാണ്. അതുകൊണ്ട് തന്നെ ഒരു ഫലസ്തീനിയൻ ഗാന്ധിക്ക് വേണ്ടി തേടുകയാണവർ. ഒരു നൂറ്റാണ്ടിന്റെ ഭൂരിഭാഗവും വംശഹത്യാ ആക്രമണങ്ങളുടെ ഉഗ്രരൂപം അനുഭവിച്ചവരെന്ന നിലയിൽ ഹിംസയെ മറ്റാരെക്കാളും വെറുക്കുകയും ‘ജീവിതത്തെ പഠിപ്പിക്കുകയും’ ചെയ്യുന്നവരാണ് ഫലസ്തീനികൾ. എന്നാൽ, അപര സ്വത്വങ്ങളെ സൃഷ്ടിച്ചുകൊണ്ട് വംശീയ വർഗ്ഗ ഘടനകളിൽ കെട്ടിപ്പടുത്ത, ഈ അപര സ്വത്വങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും അല്ലെങ്കിൽ ജനാധിപത്യവൽക്കരിച്ച് പരിഷ്കരിച്ചെടുക്കാനും വേണ്ടി ഹിംസയെ സ്ഥാപനവൽക്കരിക്കുകയും നോർമ്മലൈസ് ചെയ്യുകയും ചെയ്ത ഒരേയൊരു സ്ഥാപനം ദേശരാഷ്ട്രങ്ങൾ മാത്രമാണ്. നാഗരികബോധത്തിൽ നിന്നുള്ള താൽക്കാലികമായ വ്യതിചലനം മാത്രമല്ലിത്; മറിച്ച് പാശ്ചാത്യൻ നാഗരികതയുടെയും ദൈവവിളി പ്രകാരം അവർ ലോകത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന ദൗത്യത്തിന്റെയും ഘടന തന്നെ ഇതാണ്. യുദ്ധമുഖത്ത് ഉണ്ടായതിന്റെ (പ്രതിരോധത്തിന് വേണ്ടിയാണെങ്കിൽ കൂടി) പേരിൽ അൽ-ഖസ്സാം ബ്രിഗേഡിനെ നാം കാപട്യത്തോടെ അപലപിക്കുകയും, അതേസമയം ക്യൂബയിലും കൊളംബിയയിലും മെക്സിക്കോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും പോരാടിയ ഫിദൽ കാസ്ട്രോയ്ക്ക് വേണ്ടി സ്തുതി ഗീതങ്ങൾ വരെ നാം രചിക്കാൻ നാം തയ്യാറാവുകയും ചെയ്യുന്നു എന്നതാണ് നിലവിൽ നാം നേരിടുന്ന പ്രതിസന്ധി. മുമ്പ് ക്യൂബയിലും പിന്നീട് അവിടം വിട്ട് കോംഗോയിലും ബൊളീവിയയിലും പോരടിച്ച് രക്തസാക്ഷിയായ, ഗറില്ല യുദ്ധ തന്ത്രങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയ ചെഗുവേരെയുടെ ചിത്രങ്ങൾ നാം ടീ ഷർട്ടുകളിൽ ആലേഖനം ചെയ്യും. സ്വന്തമായി സായുധ സേന (ഉംഖോന്തോ വെ സിസ്വെ) ഉണ്ടായിരുന്ന എ.എൻ.സിയുടെ (ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്) നേതാവ് നെൽസൺ മണ്ടേലയുടെയും പ്രസിഡന്റായിരിക്കെ ലെസോത്തോയിൽ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കാൻ വേണ്ടി സായുധ ഇടപെടൽ നടത്തിയ മദീബയുടെയും നാമങ്ങൾ സ്ഥാപനങ്ങൾക്കും പഠന കേന്ദ്രങ്ങൾക്കും വേണ്ടി നാം തിരഞ്ഞെടുക്കും. (ഇസ്രായേലിനെ സംബന്ധിച്ച് നെൽസൺ മണ്ടേല ഇപ്പോഴും ഭീകരവാദിയാണെന്നും 2008-ൽ മാത്രമാണ് അമേരിക്കയുടെ ഭീകരവാദ പട്ടികയിൽ നിന്ന് മണ്ടേലയുടെ പേര് നീക്കം ചെയ്തതെന്നും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേപോലെ, അന്തർദേശീയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഭീകരരും വിദേശ ജിഹാദികളുമെന്ന് മുദ്ര കുത്തുമ്പോൾ ഇടതുപക്ഷ അന്തർദേശീയ വിപ്ലവ പ്രസ്ഥാനങ്ങളെ വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത് എന്നുള്ള വസ്തുതയാണ് മറ്റൊരു കൗതുകം). ഈ വ്യക്തികളും നായകരും സപ്പാറ്റിസ്റ്റ ഉൾപ്പെടെയുള്ള തദ്ദേശീയ മറ്റെല്ലാ സാമ്രാജ്യത്വ വിരുദ്ധ പോരാളികളും നമ്മുടെ ബഹുമാനവും അകമഴിഞ്ഞ പ്രശംസയും ആദരവും അർഹിക്കുകയും നാമത് നൽകുകയും ചെയ്യുമ്പോഴും, സ്വന്തം ഭൂമിയും ജീവനും പ്രതിരോധിക്കാൻ വേണ്ടി മാത്രം ഹിംസയെ ആശ്രയിക്കുന്ന ഹമാസിനെ ഈ ആഖ്യാനത്തിൽ നിന്ന് ഒഴിവാക്കുകയും പകരം ആവർത്തിച്ചു കൊണ്ടിരിക്കുന്ന ‘മുസ്ലിംകൾ ഹിംസ പ്രവർത്തിക്കുന്നവരാണ്’ എന്ന വംശീയ പ്രചാരണത്തെ ശക്തിപ്പെടുത്തുന്ന തരത്തിൽ ഹമാസിന് അധിക്ഷേപങ്ങളും ബഹിഷ്കരണങ്ങളും മാത്രം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന പ്രശ്നം.

കോളനിവൽക്കരണത്തിന്റെയും വംശീയതയുടെയും ആഘാതങ്ങളെ കുറിച്ച് പഠനം നടത്തിയ ഈ നൂറ്റാണ്ടിലെ പ്രമുഖനായ സൈദ്ധാന്തികൻ ഫ്രാൻസ് ഫനോൺ അദ്ദേഹത്തിന്റെ വിഖ്യാത രചനയായ “The Wretched of the Earth” ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ദേശീയ വിമോചനം, ദേശീയ പുനരുത്ഥാനം, ജനതയുടെ ദേശീയബോധത്തിന്റെ പുനഃസ്ഥാപനം, കോമൺ വെൽത്ത്; പുതിയതായി നടപ്പിലാക്കുന്ന സമവാക്യങ്ങളുടെ തലക്കെട്ടുകൾ എന്തുതന്നെ ആവട്ടെ, അപകോളനീകരണം ഹിംസാത്മകമായ ഒരു പ്രതിഭാസമാണ്.” ഇവിടെ ഫനോൺ പരാമർശിക്കുന്ന അൽജീരിയൻ വിപ്ലവ പ്രസ്ഥാനമുൾപ്പെടെയുള്ള തദ്ദേശീയ ചെറുത്തുനിൽപ്പു പ്രസ്ഥാനങ്ങൾ ഹിംസ പ്രവർത്തിക്കാൻ മുട്ടി നിൽക്കുകയാണെന്ന് ഇതിനർത്ഥമില്ല. മറിച്ച് അവരുടെ കൊളോണിയൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിംസ പ്രവർത്തിക്കാൻ അവർ നിർബന്ധിതരായതാണ്. തങ്ങളുടെ വിമോചന പോരാട്ടങ്ങളിൽ സമാധാന മാർഗ്ഗങ്ങൾ ഇത്തരം പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടേയില്ലെന്നും ഇതിനർത്ഥമില്ല. ദശകങ്ങളായി അംഹിംസയിലധിഷ്ടമായ പ്രതിരോധ സമരങ്ങൾ നയിക്കുന്നവരാണ് ഫലസ്തീനികൾ. അധിനിവേശത്തിന് 35 വർഷങ്ങൾക്ക് ശേഷം മാത്രമാണ് ആദ്യത്തെ റോക്കറ്റ് സയണിസ്റ്റുകൾക്കെതിരെ അവർ അയച്ചത്. ഫലസ്തീനിയൻ ഗാന്ധിമാർ യഥാർത്ഥത്തിലുണ്ട് എന്നർത്ഥം, പക്ഷേ ഫലസ്തീന്റെ ഖബറിസ്ഥാനുകളിലെ ആറടി മണ്ണിനടിയിലോ അല്ലെങ്കിൽ ഇസ്രായേലിന്റെ കാരാഗൃഹങ്ങളിൽ പീഢങ്ങളേറ്റു കഴിയുന്നവരായോ മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂവെന്നു മാത്രം. അമേരിക്കൻ കറുത്തവർഗ്ഗക്കാരുടെയും ഇന്ത്യക്കാരുടെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങളെ പോലീസ് ലാത്തികൾ കൊണ്ടും അറസ്റ്റുകൾ കൊണ്ടും സ്വീകരിച്ച അമേരിക്കൻ ഭരണകൂടത്തിൽ നിന്നും ബ്രിട്ടീഷ് രാജിൽ നിന്നും വ്യത്യസ്തമായി ഏഴ് മുതൽ എഴുപത് വയസ്സു വരെ പ്രായ ഭേദമുള്ള ജനങ്ങളെ ഉന്നം വെച്ച് തിരയൊഴിക്കുന്ന ഇസ്രായേലിന്റെ സ്നൈപ്പറുകളാണ് ഫലസ്തീനിയൻ പ്രക്ഷോഭങ്ങളെ സ്വീകരിച്ചിരുന്നത്. ലോകം ഇതിനെയൊന്നും ഗൗനിക്കുന്നേയില്ലെന്നതാണ് അതിലേറെ പ്രശ്നകരം. ഏതാണ്ട് നൂറിനടുത്ത് സമാധാനപരമായ പ്രക്ഷോഭ പരിപാടികളെ ഫലസ്തീനിയൻ വാർത്താ മാധ്യമ ശൃംഖലകൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യാറുണ്ട്, പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങൾ അതൊക്കെ മറക്കാറാണ് പതിവ്. മാധ്യമ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധങ്ങൾ കൊണ്ട് കാര്യമുള്ളൂ. തന്നെയുമല്ല, ഗാന്ധിയുടെ ശ്രേഷ്ഠവൽക്കരിക്കപ്പെട്ട അഹിംസ എന്ന ഈ ആശയത്തിനപ്പുറത്തേക്ക് സഞ്ചരിക്കാൻ തന്നെ നമുക്ക് കഴിയേണ്ടതുണ്ട്. ഗാന്ധി തന്നെ ഹിംസ ന്യൂനപക്ഷങ്ങൾക്ക് മേൽ പ്രയോഗിക്കപ്പെടുമ്പോൾ അതിനോട് മമത കാണിക്കുകയും ചിലയവസരങ്ങളിൽ സമാധാനപരമായ ഉടമ്പടി ചർച്ചകളൊക്കെ വിടുകയും ഒരു ഘട്ടത്തിൽ സ്പാർട്ടൻ സായുധ വിഭാഗത്തെ തന്നെ മാതൃകയെന്ന നിലയിൽ ഉദ്ധരിക്കുകയും മറ്റൊരു ഘട്ടത്തിൽ ഹിറ്റ്ലറെയും നാസി ക്രൂരതകളെയും (ഫലസ്തീനികൾ ഇന്ന് അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയും സമാനമാണ്) കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതിനെ കുറിച്ചുമൊക്കെ തന്റെ ഈയിടെ പ്രസിദ്ധീകരിച്ച ‘ഗാന്ധി, ഫലസ്തീൻ, ഇസ്രായേൽ’ എന്ന ലേഖനത്തിൽ ഡോ. ഇർഫാൻ അഹ്മദ് ചൂണ്ടിക്കാണിക്കുന്നു.

ഹമാസ് മനുഷ്യരെ കവചങ്ങളായി ഉപയോഗിക്കുകയാണെന്ന ഇസ്രായേൽ വാദം പൊളിഞ്ഞതിന് ശേഷം പൗരന്മാർ താമസിക്കുന്ന മേഖലകളിൽ നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ (റോക്കറ്റ് വിക്ഷേപിക്കുക) നടത്തുക വഴി ഹമാസ് പൗരന്മാരെ മനഃപൂർവ്വം അപകടത്തിലാക്കുകയാണെന്ന ഇസ്രായേലിന്റെ ഇപ്പോഴത്തെ വാദത്തെ ഗസ്സയിലെ സ്ത്രീകളോടും കുട്ടികളോടും സഹാതാപം കാണിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ അപ്പാടെ വിഴുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഹമാസ് റോക്കറ്റ് വിക്ഷേപണം നടത്തുന്നത് പൗരന്മാരുള്ള ഏരിയയിൽ നിന്നാണോ അല്ലയോ എന്നതല്ല ഇവിടെ ചർച്ചാ വിഷയം. അത്തരമൊരു ചർച്ച സൈനിക തന്ത്രത്തെയും ഗറില്ല യുദ്ധമുറകളെയും മുൻ നിർത്തി നടത്തേണ്ടുന്ന ഒന്നാണ്, അതിനെനിക്ക് അവകാശമില്ല. പ്രതിരോധ പോരാട്ടത്തെ ജനങ്ങളിൽ നിന്ന് വിച്ഛേദിക്കുകയും വെസ്റ്റ് ബാങ്കിൽ നിന്നുള്ള കല്ലേറുകളും ഗസ്സയിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണവും ഉൾപ്പെടെയുള്ള പ്രതിരോധ പോരാട്ടങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ട് തങ്ങളുടെ കുറ്റകൃത്യങ്ങളെ വെള്ളപൂശാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളായിരിക്കണം ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന സൂക്ഷ്മതലങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ചെറുത്തുനിൽപ്പ് പോരാട്ടങ്ങളെ വിമർശിക്കുന്നത് പ്രതിരോധത്തെക്കുറിച്ചോ സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചോ ഉള്ള നമ്മുടെ ധാരണക്കുറവിനെ തന്നെ ഒറ്റുകൊടുക്കലാണ്. ഫലസ്തീനികളെ സംബന്ധിച്ചേടത്തോളം നിലനിൽപ്പു തന്നെ ചെറുത്തു നിൽപ്പാണ്.

രണ്ടാം ലോക യുദ്ധത്തിന്റെ ഘട്ടത്തിലെ പ്രസിദ്ധമായ ജൂത ചെറുത്തുനിൽപ്പ് മാത്രം എടുത്തു നോക്കിയാൽ മതിയാകും. നാസി ആക്രമണങ്ങൾക്കെതിരെയുള്ള ജൂത പ്രതിരോധത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1943—ലെ ഐതിഹാസികമായ വാർസോ ഗെറ്റോ ലഹള (Warsaw Ghetto Uprising). 1939-ൽ നാസികൾ പോളണ്ട് ആക്രമിച്ചപ്പോൾ 3.5 ചതുരശ്ര മൈൽ മാത്രം വരുന്ന വാർസോ എന്ന പ്രദേശത്തേക്ക് നാല് ലക്ഷത്തോളം വരുന്ന ജൂത ജനതയെ നാസികൾ ഒതുക്കി. പത്തടി ഉയരമുള്ള മതിലിനാൽ ചുറ്റപ്പെട്ട ഈ ഏരിയ 1940 നവംബർ 15-ന് പൂർണമായി കൊട്ടിയടയ്ക്കപ്പെട്ടു. അവിടെ നിന്ന് പുറത്തു പോകാൻ ജൂതന്മാർക്ക് അനുവാദമുണ്ടായിരുന്നില്ല. പുറത്തു പോയാൽ വെടിവെച്ചിടുമായിരുന്നു. പുറം ലോകവുമായുള്ള യാതൊരു ബന്ധവും അവർക്ക് അനുവദിച്ചിരുന്നില്ല. ഗെറ്റോയ്ക്കകത്തേത്ത് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും നാസികൾ സമ്മതിച്ചില്ല. തുടർന്നുള്ള രണ്ടു വർഷങ്ങളിലായി വലിയൊരു ഭാഗം ജൂതരും നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് നാടു കടത്തപ്പെടുകയും ഗ്യാസ് ചേമ്പറിൽ വെച്ച് ക്രൂരമായി ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. 1943 ആയപ്പോഴേക്കും ZOB എന്ന പേരിൽ ഒരു പോരാട്ട സംഘടന രൂപം കൊള്ളുകയും അവർ നാസി വിരുദ്ധ ശക്തികളിൽ നിന്ന് രഹസ്യ തുരങ്കങ്ങൾ വഴി ആയുധങ്ങൾ സംഭരിക്കുകയും ചെയ്തു. തുടക്കത്തിൽ, മേൽക്കൂരയിൽ നിന്നും മച്ചിൽ നിന്നും ഭൂഗർഭ അറകളിൽ നിന്നുമൊക്കെ ആക്രമണം അഴിച്ചു വിട്ടുകൊണ്ട് നാസികളെ വിജയകരമായി ചെറുക്കാൻ ജൂത പ്രതിരോധങ്ങൾക്ക് സാധിച്ചിരുന്നു. 1943 ഏപ്രിൽ 19-ന് ജൂതന്മാരുടെ പെസഹാത്തിരുനാളിന്റെ അന്ന് നാസികൾ ടാങ്കുകളും പീരങ്കികളുമുൾപ്പെടുന്ന സർവ്വ സന്നാഹങ്ങളുമായി ജൂതർക്കെതിരെ ആക്രമണമഴിച്ചു വിട്ടു. നാസി സേനയുടെ ആദ്യത്തെ ആക്രമണത്തിനെതിരെ ജൂതർ തിരിച്ചടിക്കുകയും 12 ജർമനിക്കാർ കൊല്ലപ്പെടുകയും ചെയ്തു. ജർമനിക്കാർ ആക്രമണം വീണ്ടും പുനരാരംഭിച്ചെങ്കിലും തുരങ്കങ്ങളിലൂടെയും ഭൂഗർഭ അറകളിലൂടെയും മറ്റ് രഹസ്യ വഴികളിലൂടെയും രക്ഷപ്പെട്ട് തെന്നിമാറുന്ന ജൂതരുടെ ചെറിയ ചെറിയ സംഘങ്ങളെ കൊലപ്പെടുത്താനും ബന്ധികളാക്കാനും അങ്ങേയറ്റം പ്രയാസകരമായിരുന്നു. യുദ്ധം തുടങ്ങി അഞ്ചാം നാൾ ആ ഗെറ്റോ ഒന്നടങ്കം ചുട്ടെരിക്കാൻ നാസി ശക്തികൾ തീരുമാനിച്ചു. 1943 മെയ് 16-ന് നിർദ്ദയമായ ജർമ്മൻ ആക്രമണങ്ങൾക്ക് ഒടുവിൽ ജൂതരുടെ പ്രതിരോധം പര്യവസാനിക്കുകയും വിജയികളായ നാസി സൈന്യത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ജനറൽ ജർഗൻ സ്ട്രൂപ്പ് ഇപ്രകാരം എഴുതിയ യുദ്ധ റിപ്പോർട്ട് അയക്കുകയും ചെയ്തു: “പഴയ വാർസോ ജൂതസംഘം ഇനിയില്ല. 2015 മണിക്കൂർ നീണ്ടുനിന്ന യുദ്ധത്തിന് വാർസോ സിനഗോഗ് തകർത്തുകൊണ്ട് ഞങ്ങൾ അന്ത്യം കുറിച്ചു… തടവുകാരാക്കപ്പെട്ടതും നിഷ്കാസിതരാക്കപ്പെട്ടതുമായവർ ഉൾപ്പെടെ 56,065 ജൂതന്മാരെ തീർത്തു കഴിഞ്ഞു.” അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം നിഷേധിക്കപ്പെട്ട, തുരങ്കങ്ങൾ നിർമ്മിക്കേണ്ടി വന്ന, മേൽക്കൂരകളിൽ നിന്ന് യുദ്ധം ചെയ്യുന്ന, സായുധ പ്രതിരോധ സംഘങ്ങളെ രൂപീകരിച്ച, മതപരമായ വിശേഷാവസരങ്ങളിൽ കൂട്ടമായ ബോംബാക്രമണങ്ങൾക്ക് വിധേയരാവേണ്ടി വന്ന, അഴുക്കു ചാലുകളും രഹസ്യ അറകളും തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളാക്കി മാറ്റിയ, അക്രമികളാൽ വലിയ പ്രദേശങ്ങളൊന്നടങ്കം തകർക്കപ്പെട്ട ഒരു ജനതയുമായുള്ള ഈ സാമ്യത ഇവിടെ സ്വയം വിളിച്ചോതുന്നതാണ്. വാർസോ യുദ്ധത്തിലുണ്ടായ ഭീകരമായ നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ജൂത പ്രതിരോധ സേനകളുടെ ചുമലിലിട്ട ഹിറ്റ്ലറുടെ വലം കൈയും ഹോളോകോസ്റ്റിൽ നേരിട്ടു പങ്കെടുത്തയാളുമായ ഹെയിൻറിച്ച് ഹിമ്ലറുടെ ചെയ്തിയിലും ഈ സാമ്യത കാണാനാവുന്നതിൽ അത്ഭുതമില്ല. ഇന്ന് നാസി കൈപ്പുസ്തകം നോക്കി അതേപടി പ്രവർത്തിക്കുന്നതാരാണെന്ന് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും.

വാർസോ ഗെറ്റോ ലഹളയുടെ സമയത്ത് ബന്ധികളാക്കപ്പെട്ട ജൂതന്മാർ. PC: Encyclopædia Britannica

ഫലസ്തീന്റെ ദുർബലമായ റോക്കറ്റാക്രമങ്ങളോടുള്ള പ്രതികരണമായാണ് ഇസ്രായേൽ ഫലസ്തീനിലെ വീടുകളും ആശുപത്രികളും സ്കൂളുകളും ബോംബിട്ടു തകർക്കുന്നത് എന്ന് കരുതുന്നത് അവിശ്വസനീയമാം വിധമുള്ള ഒരു മണ്ടത്തരമാവുകയേ ഉള്ളൂ. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ബോംബു വർഷിക്കുന്നത് അവരുടെ ലക്ഷ്യം സ്ത്രീകളും കുട്ടികളും ആയതു കൊണ്ടു തന്നെയാണ്. കഴിഞ്ഞ 60 വർഷമായുള്ള ഇസ്രായേലിന്റെ പ്രവർത്തന രീതിയും ഇതു തന്നെയായിരുന്നു. ഇസ്രായേൽ നേതൃത്വം കീടങ്ങൾ, മുതലകൾ, ശല്യങ്ങൾ എന്നൊക്കെ വിളിച്ചാക്ഷേപിക്കുകയും അവരുടെ അമ്മമാരെ പീഡിപ്പിച്ച് അവരെയൊരു പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതു പോലെയുള്ള ഫലസ്തീനിയൻ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും നേരെയുള്ള അപരിഷ്കൃതവൽക്കരണത്തെ ആന്തരികവൽക്കരിച്ചവരാണ് ഇസ്രായേലിന്റെ സായുധസേന. ഒരു മുൻ ഇസ്രായേലി സൈനിക ജനറൽ ഗസ്സയിൽ പൗരന്മാരില്ലെന്നും എല്ലാവരും ആക്രമണോത്സുകരാണെന്നും അതിനാൽ സൈനിക നടപടിക്ക് വിധേയരാവേണ്ടവരുമാണെന്നും ഈ അടുത്ത് പറയുകയുണ്ടായി. അവരുടെ മനുഷ്യാവകാശത്തിന്റെയും മനുഷ്യത്വത്തിന്റെ തന്നെയും നിഷേധമാണിത്.

നമുക്ക് വേണ്ടപ്പെട്ടവരോടുള്ള നമ്മുടെ സ്നേഹവും കരുണയും ദയയും ‘വൈറ്റ്-ആംഗ്ലോ-സാക്സൺ’ സ്വഭാവമുള്ളതും അതേസമയം ഹമാസ് അറബ്-മുസ്‌ലിങ്ങൾ ആണെന്ന ഒറ്റക്കാരണത്താൽ തങ്ങളുടെ പ്രിയപ്പെട്ടവരെ അപകടത്തിലാക്കുന്നതിൽ യാതൊരു മനസ്താപവും ഇല്ലാത്തവരാണെന്ന് നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്യുന്ന, നാം വിശ്വസിക്കുന്ന ഈ വംശീയ ആഖ്യാനം ഇസ്രായേലിന്റെ മാഹാത്മ്യത്തെ വിമർശനരഹിതവും പശ്ചാത്തല രഹിതവും അന്ധവുമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. കുടുംബം, സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങളും ഗുണങ്ങളും വെള്ളക്കാരുടേത് മാത്രമാണെന്ന കെട്ടുകഥ ആവർത്തിക്കുക വഴി ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനെതിരെയുള്ള ജുഗുപ്സാവഹമായ അപമാനവീകരണമെന്ന കുറ്റകൃത്യത്തിൽ നമ്മളും പങ്കാളികളാവുകയാണ് ചെയ്യുന്നത്. സപാനിഷ് ഇൻക്വിസിഷന്റെ സമയം മുതൽ തന്നെ ഗ്ലോബൽ സൗത്തിലെ തദ്ദേശീയ ജനവിഭാഗങ്ങളെയും അവരുടെ ചെറുത്തുനിൽപ്പ് ശ്രമങ്ങളെയും അപമാനവീകരിക്കുന്ന പദ്ധതികൾ ഏറ്റവും വിജയകരമായി നടപ്പിലാക്കാൻ കൊളോണിയൽ സാമ്രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നാം നൽകുന്ന നിശബ്ദമായ അംഗീകാരവും സ്വീകാര്യതയും ഈ വിജയത്തിന് കാരണമാണ്.

ഈ നഗ്നസത്യങ്ങളെ മറച്ചു പിടിക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു വിഭാഗമാണ് ഐ.ഡി.എഫിന്റെയും ഹമാസിന്റെയും യുദ്ധക്കുറ്റകൃത്യങ്ങളെയും നിയമലംഘനങ്ങളെയും ഒരുപോലെ അന്വേഷണ വിധേയമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചും, ഐക്യ രാഷ്ട്രസഭയും അതേപോലെ മറ്റു ചില പ്രമുഖ മാധ്യമ പ്രവർത്തകരും. നീതി, അന്താരാഷ്ട്ര നിയമങ്ങൾ, ജനീവ കൺവെൻഷൻ തുടങ്ങിയവയോടുള്ള അചഞ്ചലമായ പ്രതിബദ്ധത ‘നിഷ്പക്ഷമായ വിശുദ്ധ പക്ഷം’ പിടിക്കാൻ അവരെ നിർബന്ധിതരാക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. അല്ലെങ്കിലും ആത്യന്തികമായി അന്താരാഷ്ട്ര നിയമങ്ങൾക്കും ജനീവ കൺവെൻഷനും വിധേയരാണല്ലോ നാമെല്ലാവരും എല്ലായ്പ്പോഴും! നീതിയെന്നത് നിഷ്പക്ഷമായ, ന്യൂട്രലായ ഒന്നല്ല. നമ്മളാണെങ്കിൽ ഈ ആശയങ്ങളിൽ അന്തഃസ്ഥിതമായിരിക്കുന്ന ജ്ഞാനശാസ്ത്രങ്ങളാൽ ഈ നിഷ്പക്ഷ സങ്കൽപ്പത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുകയുമാണ്. ഈ അന്താരാഷ്ട്ര നിയമങ്ങളുടെ പശ്ചാത്തല സ്വഭാവത്തെ വിശദീകരിച്ചു കൊണ്ട് സുഹൃത്ത് അസീസാ കഞ്ചി നിരീക്ഷിക്കുന്നത് കാണുക: “അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങൾ പൊതുവെ കൊളോണിയൽ സന്ദർഭങ്ങൾക്ക് യോജിച്ചതല്ല. രണ്ട് പരമാധികാര (യൂറോപ്യൻ എന്നു വായിക്കുക) രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷം എന്ന അടിസ്ഥാനീയത്തെ മുൻനിർത്തി ആയിരുന്നു യുദ്ധത്തിന്റെ നിയമങ്ങൾ നിർമ്മിക്കപ്പെട്ടത്, അതേപോലെ ഒരു യൂറോപ്യൻ ശക്തിയുടെ അധികാരത്തിന് കീഴിലുള്ള പ്രദേശത്തെ മറ്റൊരു ശക്തിയുടെ താൽക്കാലികമായ അധിവാസത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്തതായിരുന്നു അധിനിവേശ നിയമങ്ങൾ. ഈ അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയിൽ ദീർഘകാലം നീണ്ടു നിന്ന കൊളോണിയൽ സന്ദർഭങ്ങൾ ഉൾപ്പെട്ടിരുന്നില്ല, അത്തരം സന്ദർഭങ്ങളിലെ ‘അപരനെ’ എതിരിട്ടു കൊണ്ടാണ് യൂറോപ്യൻ ശക്തികൾ നിർവ്വചിക്കപ്പെട്ടിരുന്നതും.” പശ്ചാത്തല രഹിതവും ചരിത്രത്തിന്റെ സങ്കീർണതകളെ അവഗണിക്കുകയും ചെയ്യുന്ന, ചിലരെ ഒഴിവാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന യൂറോപ്പിന്റെ ഇത്തരം നിയമങ്ങൾക്ക് ഫലസ്തീനികളോട് നീതി കാണിക്കാനോ ഇസ്രായേലിനെ പ്രതിസ്ഥാനത്ത് നിർത്താനോ ശേഷിയില്ല.

ഈ ബൗദ്ധിക മരവിപ്പിനെ മറികടക്കാനും കൊളോണിയൽ അടിമത്വത്തിൽ നിന്ന് നമ്മുടെ ബോധമണ്ഡലത്തെ വിമോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ നാം അനിവാര്യമായും നടത്തേണ്ടതുണ്ട്. കൂടാതെ നീതിയെയും സ്വാതന്ത്ര്യത്തെയും ഇഷ്ടപ്പെടുന്നവരെന്ന നിലയിൽ ഫലസ്തീനികളുടെ അഭിലാഷത്തെ മാനിക്കാനും അതിനോട് ചേർന്നു നിൽക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. ആഗോള സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിലുള്ള കൂട്ടരാണ് ആത്യന്തികമായി ഹമാസും മറ്റ് ഫലസ്തീനിയൻ പ്രതിരോധ സംഘങ്ങളും. ലോകത്തിലെ വൻകിട ദേശരാഷ്ട്രങ്ങളുടെയും രാജാക്കന്മാരുടെയും പിന്തുണയുള്ള ഒരു സാമ്രാജ്യത്തെ നേരിട്ടു വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച കൂട്ടരാണവർ. ആ സാമ്രാജ്യത്തിന്റെ കോട്ടകൊത്തളങ്ങൾക്ക് ഇപ്പോൾ വിള്ളൽ വീണു തുടങ്ങിയിരിക്കുന്നു. നിലവിലെ ശക്തമായ അധികാര സമവാക്യങ്ങളിൽ മാറ്റം വരുത്താൻ ശേഷിയുള്ള ഭൗമരാഷ്ട്രീയപരമായ സങ്കീർണതകൾ ഈ ഫലസ്തീനിയൻ ചെറുത്തു നിൽപ്പ് പ്രസ്ഥാനത്തിനുണ്ട്. ഫലസ്തീനിയൻ ചെറുത്തുനിൽപ്പിനോടുള്ള നമ്മുടെ നിരുപാധികമായ പിന്തുണയിലൂടെയും പ്രതിബദ്ധതയിലൂടെയും മാത്രമേ അധിനിവേശത്തിന്റെയും നിയന്ത്രണത്തിന്റെയും കൊളോണിയൽ ഘടനകളെ തകർത്തെറിയാൻ നമുക്ക് സാധിക്കുകയുള്ളൂ. സംശയങ്ങൾ കൊണ്ട് മൂടിയ ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തെ മറികടന്ന് ഫലസ്തീനിയൻ പ്രതിരോധത്തെ ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങളുടെ തന്നെ വികസിത രൂപമായി കാണാനും കൊളോണിയൽ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ നിർണായക ഭാഗമായി അവരെക്കുറിച്ചുള്ള ഇമേജുകളെ പൊതുമണ്ഡലത്തിൽ നോർമലൈസ് ചെയ്യാനും നമുക്ക് സാധിക്കേണ്ടതുണ്ട്. “പോസ്റ്ററുകളിലും ബാനറുകളിലും ടീ ഷർട്ടുകളിലും ഫലസ്തീനിയൻ പ്രതിരോധ പ്രസ്ഥാനവും അതിന്റെ നേതാക്കളും ആഘോഷിക്കപ്പെടുന്നത് കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു,” എന്നു ഞാൻ പറഞ്ഞാൽ അതിനോടുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സത്യസന്ധത. ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തെയും അതിന്റെ ആഖ്യാനങ്ങളെയും തിരിച്ചറിയാനും അതിനോട് ഇടപെടാനുമുള്ള നമ്മുടെ വിമുഖതയെ എതിർക്കാനും പകരം അതിനെ സാമ്രാജ്യത്വത്തിനെതിരായ നമ്മുടെ തന്നെ സംഘടിത നിലപാടിന്റെ ഭാഗമായി കാണാനും നാം തയ്യാറാകണം. തദ്ദേശീയ കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങൾ എല്ലാകാലത്തും വിസ്മയകരവും മില്ല്യൺ കണക്കിന് ആളുകൾക്ക് പ്രചോദനമുണ്ടാക്കുന്നതും ആയിരുന്നു. ഫലസ്തീനിയൻ മുന്നേറ്റത്തിൽ സകലരും അമ്പരന്നിരിക്കുന്ന ഈ ഘട്ടത്തിൽ മഹ്മൂദ് ദർവേശിന്റെ “The silence of Gaza” എന്ന കവിതയാണ് ഓർമ്മ വരുന്നത്;

അവളരയിൽ കെട്ടിയ ബോംബുമായി…

അവൾ പൊട്ടിത്തെറിച്ചു…

മരണമോ ആത്മഹത്യയോ അല്ലത്…

ഗസ്സ ജീവിതത്തിന്റെ വില കാണിക്കുന്നത് അങ്ങനെയാണ്…

മക്കളുടെ നെഞ്ചിലും സ്ത്രീകളുടെ വയറ്റിലും അവർക്ക് വളർത്താനായ ടാങ്കുകൾ…

കടലിലോ, പൂഴിയിലോ, ചോരയിലോ… പക്ഷേ..

അവളിനി കളവാവർത്തിക്കില്ല, അക്രമികളോട് അതെയെന്ന് പറയുകയുമില്ല.

പൊട്ടിത്തെറി അവളിനിയും തുടരും

മരണമോ ആത്മഹത്യയോ അല്ലത്…

ഗസ്സ ജീവിതത്തിന്റെ വില കാണിക്കുന്നത് അങ്ങനെയാണ്…

അതെ, പൊട്ടിത്തെറി അവളിനിയും തുടരും

ഗസ്സ ജീവിതത്തിന്റെ വില കാണിക്കുന്നത് അങ്ങനെയാണ്…


വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട്: Middle East Monitor