Campus Alive

ഫലസ്തീൻ പോരാട്ടവും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും

(ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തുകയും ഇസ്രായേൽ രൂപം കൊടുത്ത ഒന്നാണെന്ന് ആരോപിക്കുകയും ചെയ്യുന്ന പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മെഹ്ദി ഹസന്റെ The Intercept പ്രക്ഷേപണം ചെയ്ത എപ്പിസോഡിനോട് പ്രതികരിച്ചുകൊണ്ട് എഴുതിയ ലേഖനം)


1988 ഫെബ്രുവരി 14 ന് ഇസ്രായേലി ഏജന്റുമാർ സൈപ്രസിൽ 3 ഫലസ്തീൻ നേതാക്കളെ കാറിൽ ബോംബ് വെച്ചു കൊലപ്പെടുത്തുകയും ഫലസ്തീൻ പ്രസ്ഥാനമായ ഫതഹിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ അന്ത്യത്തിന് ഇത് കാരണമാവുകയും ചെയ്തു. ഫതഹിന്റെ ഒരു വിദ്യാർത്ഥി ശാഖയുടെ നേതാക്കളായ മുഹമ്മദ് ഹസൻ ബുഹൈസ് (അബു ഹസൻ കാസിം എന്നറിയപ്പെടുന്നു), മർവാൻ കയാലി, മുഹമ്മദ് ബാസിം അൽ തമീമി എന്നിവരായിരുന്നു അതിൽ കൊല്ലപ്പെട്ടത്. ഫലസ്തീന് വേണ്ടി അറബ് വിപ്ലവകാരികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉയർന്നുവന്ന ഒരു മാർക്‌സിസ്റ്റ്-മാവോയിസ്റ്റ് പ്രസ്ഥാനമായിരുന്നു ഫതഹ്. എന്നാൽ, 1979 ലെ ഇറാനിയൻ വിപ്ലവത്തിന് തൊട്ടുടനെ വർഷങ്ങളായുള്ള ആന്തരിക വിലയിരുത്തലിനും ബൗദ്ധിക സംവാദത്തിനും ശേഷം സംഘടന ഇസ്‌ലാമിസ്റ്റ് നിലപാട് സ്വീകരിച്ചു. മുനീർ ഷെഫീഖിനെ (ക്രിസ്ത്യൻ മാർക്സിസ്റ്റ് ആയിരുന്ന അദ്ദേഹം പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു) പോലുള്ള ഫലസ്തീൻ ബുദ്ധിജീവികളുടെ സ്വാധീനത്താൽ ഉണ്ടായ ഈ പ്രത്യയശാസ്ത്ര പരിവർത്തനം ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഇസ്‌ലാം ഒരു മാർഗ്ഗനിർദ്ദേശ മാതൃകയും പ്രചോദനവുമെന്ന നിലയിൽ ജനകീയ പോരാട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.

സ്റ്റുഡന്റ് ബ്രിഗേഡിന്റെ രൂപീകരണവും പരിവർത്തനവും അന്ത്യവുമെല്ലാം ഫലസ്തീനിയൻ ഇസ്‌ലാമിസ്റ്റുകളെ പാശ്ചാത്യൻ സാമ്രാജ്യത്വത്തെ പരസ്യമായി തന്നെ പ്രതിരോധിക്കാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഏറ്റവും ആസന്നമായ രൂപം ഇസ്രായേലിന്റെ ഫലസ്തീൻ കോളനിവൽക്കരണമായിരുന്നു. ഹിസ്ബുല്ലാഹ്, ഇസ്‌ലാമിക് ജിഹാദ്, ഹമാസ് എന്നിവയുടെ രൂപീകരണം സ്റ്റുഡന്റ് ബ്രിഗേഡിന്റെ ബൗദ്ധിക വ്യവഹാരങ്ങളോടാണ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്. വാസ്തവത്തിൽ, ഹിസ്ബുള്ളയുടെ മുൻനിര നേതാവ് ഇമാദ് മുഗ്‌നിയ ഈ പ്രസ്ഥാനത്തിലെ സജീവ അംഗമായിരുന്നു.

മെഹ്ദി ഹസൻ

ഏതൊക്കെയായിരുന്നാലും, ഇക്കഴിഞ്ഞ തിങ്കളാഴ്ച (ബുഹൈസ്, കയാലി, അൽ-തമീമി എന്നിവരുടെ കൊലപാതകത്തിന്റെ 30-ാം വാർഷികത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം), പ്രമുഖ പത്രപ്രവർത്തകനായ മെഹ്ദി ഹസൻ ഇന്റർസെപ്റ്റിലെ തന്റെ ഏറ്റവും പുതിയ എപ്പിസോഡായ ‘ബ്ലോ ബാക്ക്’ൽ ഹമാസും ഫലസ്തീനിയൻ ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റും ഇസ്രായേലിന്റെ സൃഷ്ടിയായിരുന്നു എന്ന് ആരോപിക്കുകയുണ്ടായി. പ്രസ്തുത അവതരണത്തിൽ, ഫലസ്തീൻ ദേശീയവാദ വിഭാഗങ്ങളെ, പ്രത്യേകിച്ച് ഫതഹിനെയും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെയും (പി.എൽ.ഓ) ദുർബലപ്പെടുത്താൻ വേണ്ടിയാണ് ഇസ്രായേൽ 20 വർഷത്തിലധികം കാലം പണം ചെലവഴിച്ച് ഹമാസിനെ ഉണ്ടാക്കിയതെന്ന് അദ്ദേഹം വാദിക്കുന്നു. അതിസങ്കീർണ്ണമായ ഒരു ചരിത്രത്തിന് ഹസൻ നൽകിയിരിക്കുന്ന ഈ ആഖ്യാനം ബൗദ്ധികമായി ഒട്ടും സത്യസന്ധമല്ലെന്ന് മാത്രമല്ല ആശയപരമായി പിഴവുകളുള്ളതുമാണെന്നാണ് ഈ ലേഖനം വാദിക്കുന്നത്. ഇസ്‌ലാമിസ്റ്റുകളെ അവർ പോരാടുന്ന ശത്രുക്കൾ തന്നെ സൃഷ്ടിച്ച തീവ്രവാദികളായി അവതരിപ്പിക്കുന്നതിലൂടെ, ഇസ്രായേലിനെതിരായ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിൽ ഇസ്‌ലാമിസ്റ്റുകൾ വഹിച്ച നിർണായക പങ്കിനെ ഹസൻ നിരാകരിക്കുകയും അവർക്ക് ലഭിക്കുന്ന ജനപിന്തുണയെ കുറച്ചു കാണുകയുമാണ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ ഫലസ്തീൻ പ്രശ്നത്തിന്റെയും ഇസ്‌ലാമിസത്തിന്റെയും ചരിത്രത്തെ കുറിച്ചുള്ള പ്രാഥമിക അറിവ് പോലും യുക്തിരഹിതമായ ഈ വാദങ്ങളെ നിരാകരിക്കും.

‘ഇസ്‌ലാമിക് റാഡിക്കലിസത്തെ’ സംബന്ധിച്ച, ലിബറൽ അനുമാനങ്ങളെയും ഭീകരവാദവിരുദ്ധ യുദ്ധ വ്യവഹാരങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട പരമ്പരാഗത വ്യാഖ്യാനങ്ങളിൽ നിന്നുകൊണ്ടാണ് ഹസൻ ഹമാസും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുന്നത്. ഇസ്‌ലാമിക സായുധ സംഘങ്ങൾ തിരിച്ചടിയെന്നോണമോ അല്ലെങ്കിൽ സ്വേച്ഛാധിപത്യ അടിച്ചമർത്തലിനോടുള്ള സ്വഭാവിക പ്രതികരണമായോ മാത്രം ഉണ്ടായതാണെന്ന് വാദിക്കുന്നതിലൂടെ, അടിച്ചമർത്തലിന് എതിരെയുള്ള കേവല മാനസിക പ്രതികരണം എന്ന നിലക്ക് ഇസ്‌ലാമിസത്തെ സ്വീകരിക്കുന്ന മതേതര ദേശീയ നേതാക്കളെയാണ് ഹസൻ പ്രതിനിധീകരിക്കുന്നത്. ഒപ്പം രാഷ്ട്രീയ പോരാട്ടവഴിയിൽ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി ഇസ്‌ലാമിനെ സ്വീകരിക്കുന്നതിനായുള്ള മുസ്‌ലിംകളുടെ ഏതെങ്കിലും തരത്തിലുള്ള ബൗദ്ധിക ശേഷിയേയും ഇത് നിഷേധിക്കുന്നു.

കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിൽ ഇസ്‌ലാമിസ്റ്റുകളുടെ പങ്ക്

സൈക്സ്-പിക്കോട്ട് കരാറിന് ശേഷമുള്ള ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനത്തിൽ ഇസ്‌ലാമിസ്റ്റുകൾ വഹിച്ച പങ്കാളിത്തത്തിന്റെ വിശദമായ ചരിത്രത്തെ അവഗണിക്കുക മാത്രമല്ല ഹസൻ ചെയ്യുന്നത്. മറിച്ച് സെക്കുലർ ഫതഹിന്റെയോ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഓഫ് ഫലസ്തീൻ ലിബറേഷന്റെയോ രൂപീകരണത്തിന് മുൻപും ശേഷവും, ഏതെങ്കിലും പ്രത്യയശാസ്ത്ര വിഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആയിരക്കണക്കിന് ഫലസ്തീനിയൻ മുസ്‌ലിംകൾ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളെയും പോരാട്ടത്തെയും കൂടിയാണ് അദ്ദേഹം നിരാകരിക്കുന്നത്. ബ്രിട്ടീഷുകാർക്കും ആദ്യകാല സയണിസ്റ്റ് കോളനിവൽക്കരണത്തിനും എതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗ്രാൻഡ് മുഫ്തി അമീൻ അൽ ഹുസൈനിയെ പോലുള്ളവരുടെ സാമ്പ്രദായിക നിലപാടുകൾക്കപ്പുറം വിദേശ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിൽ സായുധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടായി പ്രതിരോധ ജിഹാദിനെ സ്വീകരിക്കുകയും സായുധ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തവരാണ് ഇസ്സുദ്ദീൻ അൽ ഖസ്സാമിനെപ്പോലുള്ള ഇസ്‌ലാമിക പ്രബോധകർ. സിറിയക്കാരനായ അൽ ഖസ്സാം ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സായുധ പോരാട്ടത്തിന്റെ ഭാഗമാകാൻ പള്ളി മിമ്പറുകളിൽ നിന്നാണ് പുരുഷന്മാരോടും സ്ത്രീകളോടും ആഹ്വാനം ചെയ്തത്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന് സിറിയക്കാരനായ അൽ ഖസ്സാമിന്റെ പേര് തന്നെ നൽകിയത് ഫലസ്തീൻ പ്രശ്നത്തെ അതിർത്തികൾക്കപ്പുറത്ത് അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ ഇസ്‌ലാമിസ്റ്റുകൾക്കുള്ള പങ്കിന്റെ ചെറിയൊരു ഉദാഹരണമാണ്.

ഇസ്സുദ്ദീൻ അൽ ഖസ്സാം

കൂടാതെ ഹമാസിന്റെ മാതൃസംഘടനയായ മുസ്‌ലിം ബ്രദർഹുഡ് 1948 ലെ യുദ്ധത്തിൽ ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ അറബ് ലിബറേഷൻ ആർമിയിലേക്ക് അയക്കുക മാത്രമായിരുന്നില്ല ചെയ്തത്, മറിച്ച് യാഫ, ജെറുസലേം, ഗാസ എന്നിവിടങ്ങളിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരെ മുസ്‌ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിൽ പോരാടാനായി സായുധ സംഘത്തെയും അവരയച്ചിരുന്നു. തന്നെയുമല്ല, 1948 ലെ അറബ് പരാജയത്തിന് ശേഷം മുസ്‌ലിം ബ്രദർഹുഡ് ഗാസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും, ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്നതിനായി പിന്നീട് ഫതഹ് സ്ഥാപകരിൽ ഒരാളായി മാറിയ ഖലീൽ അൽ വസീർ, ഹമാസിന്റെ സഹസ്ഥാപകൻ ആയ ഖൈരി അൽ അഗ എന്നിവരടക്കമുള്ള പുതിയ അംഗങ്ങളെ നിയമിക്കുകയും ചെയ്തു. പിന്നീട് ഗാസയിലെ ഈ മുസ്‌ലിം ബ്രദർഹുഡ് പോരാളികൾ ഈജിപ്തിലെ ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റിന്റെ സഹസ്ഥാപകനും ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് അംഗവുമായ അബ്ദുൽ മോനിം അബ്ദുൽ റഊഫിൽ നിന്ന് പരിശീലനം നേടി.

1948 ന് ശേഷമുള്ള കാലഘട്ടത്തിലെ ഗാസയിലെ മുസ്‌ലിം ബ്രദർഹുഡിന്റെ പ്രവർത്തനം 1954 ൽ ഗമാൽ അബ്ദുൽ നാസർ സംഘടനയ്‌ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോഴും തുടർന്നുപോന്നു. ഇക്കാലയളവിൽ നിരവധി നേതാക്കൾ ജയിലിലടക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ഗാസയിലെ മുസ്‌ലിം ബ്രദർഹുഡ് കമ്മിറ്റികൾ ഒളിവിൽ പോകാൻ നിർബ്ബന്ധിതരാവുകയും ചെയ്തു. ഇതിനോടുള്ള പ്രതികരണമെന്നോണം ഖലീൽ അൽ വസീർ പ്രത്യക്ഷമായി ഇസ്‌ലാമിക അസ്തിത്വം ഇല്ലാത്ത ഒരു പുതിയ ദേശീയ സംഘടന രൂപീകരിക്കാനായി പ്രമുഖരായ മുസ്‌ലിം ബ്രദർഹുഡ് അംഗങ്ങളെ സംഘടിപ്പിച്ചു. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ പിൽക്കാല ഫതഹ് നേതാക്കളായ മുഹമ്മദ് യൂസഫ് അൽ നജ്ജാർ, സലാഹ് ഖലഫ്, കമാൽ അദ്‌വാൻ എന്നിവരും ഉൾപ്പെടുന്നു. ഈ അർത്ഥത്തിൽ, ഒരാൾക്ക് സെക്കുലർ ഫതഹ് പ്രസ്ഥാനത്തിന്റെ വേരുകൾ മുസ്‌ലിം ബ്രദർഹുഡിൽ കണ്ടെത്താനും സ്വേച്ഛാധിപത്യ രാഷ്ട്രീയ അടിച്ചമർത്തലിനോടുള്ള പ്രതികരണമായി ഉയർന്നുവന്നത് ഫതഹാണ് അല്ലാതെ ഹമാസല്ല എന്ന് വാദിക്കാനും കഴിയും.

ഹമാസിന്റെ അടിവേരുകൾ

യുഎൻ ജനറൽ അസംബ്ലിയിൽ യാസർ അറഫാത്ത് 1974 ൽ നടത്തിയ ചരിത്രപ്രസിദ്ധമായ ‘ഗൺ ആൻഡ് ഒലിവ് ബ്രാഞ്ച്’ എന്ന പ്രസംഗം ഹസൻ തന്റെ വീഡിയോയിൽ കാണിക്കുമ്പോൾ, ഇസ്രായേൽ വലതുപക്ഷത്താൽ ‘ശാക്തീകരിക്കപ്പെട്ട അർദ്ധ അന്ധനും വികലാംഗനുമായ’ ഫലസ്തീൻ പുരോഹിതൻ എന്ന നിലക്കാണ് ഷെയ്ഖ് അഹ്മദ് യാസീനെ വിശേഷിപ്പിക്കുന്നത്. ‘സമാധാനപ്രിയരായ മതേതരവാദിയും മാനസികവും ശാരീരികവുമായ അസുഖബാധിതനായ ‘റാഡിക്കൽ’ ഇസ്‌ലാമിസ്റ്റും’ എന്ന രീതിയിലുള്ള ഈ താരതമ്യം ജനകീയമാധ്യമങ്ങളിൽ നീണ്ട ചരിത്രമുള്ള ക്ലാസിക്കൽ ഓറിയന്റലിസ്റ്റ് ആഖ്യാനമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസത്തിലും സാമൂഹിക സ്ഥാപനങ്ങളുടെ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മുസ്‌ലിം ബ്രദർഹുഡിന്റെ ഫലസ്തീനിയൻ ശാഖ മാത്രമല്ല ഹമാസ്. ഇസ്രായേൽ അധിനിവേശത്തിനെതിരെ സായുധ പ്രതിരോധം തീർക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇസ്‌ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനം കൂടിയാണത്. എന്നിട്ടും, ചരിത്രപരവും രാഷ്ട്രീയപരവുമായ സന്ദർഭങ്ങൾ പരിഗണിക്കാതെ, ഗാസയിലെ ഇസ്‌ലാമിസ്റ്റുകളുടെ വ്യാപനത്തെ ഇസ്രായേൽ ‘പ്രോത്സാഹിപ്പിക്കുകയും’ ഫലസ്തീനികളെ ‘ഭിന്നിപ്പിച്ച് ഭരിക്കാൻ’ വേണ്ടി അവരുടെ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടക്കുകയും ചെയ്തൂവെന്നും ഹസൻ വാദിക്കുന്നു. ഹമാസ് സ്ഥാപകനായ ഷെയ്ഖ് അഹ്മദ് യാസീനും കൂട്ടരും അവരുടെ സമുദായങ്ങൾക്ക് അന്യരായിരുന്നില്ല എന്ന വസ്തുതയെ ഇത് നിരാകരിക്കുന്നു. മറിച്ച്, ഹമാസിന്റെ ഔപചാരികമായ രൂപീകരണത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ തങ്ങളുടെ ജനതയുടെ ക്ഷേമത്തിനായി പോരാടിയ പ്രമുഖ പ്രാദേശിക നേതാക്കളായിരുന്നു അവർ.

ഷെയ്ഖ് അഹ്മദ് യാസീൻ

ഉദാഹരണത്തിന്, 1970 കളുടെ അവസാനത്തിൽ ഹമാസിന്റെ ഔദ്യോഗിക രൂപീകരണത്തിന് മുമ്പ് തന്നെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്‌ലാമിസ്റ്റുകൾ യൂണിവേഴ്സിറ്റി കാമ്പസുകളിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയും ഇസ്‌ലാമിക് ഫലസ്തീൻ ബ്ലോക്ക് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. ഫതഹിനെയും പി‌എഫ്‌എൽ‌പിയെയും പിന്തുണക്കുന്ന വിദ്യാർത്ഥികൾക്കും മേൽപ്പറഞ്ഞ ഫലസ്തീൻ ബ്ലോക്കിനും ഇടയിൽ അഭിപ്രായവ്യതാസവും സംഘർഷവും ഇത് സൃഷ്ടിച്ചു. വിദ്യാർത്ഥി സംഘടനകൾക്കിടയിൽ ഭിന്നത വർദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇസ്രായേൽ അധികൃതർ ഇതിനെ മനസ്സിലാക്കി (ഫതഹിനും പി‌എഫ്‌എൽ‌പിക്കും ഇടയിൽ ഇതിനകം തന്നെ നിരവധി ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു). കൂടാതെ, പുതിയ ഇസ്‌ലാമിക പ്രസ്ഥാനം ഇസ്രായേൽ രാഷ്ട്രത്തിന് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിനുപകരം ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ അരാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുമെന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്തു.

സായുധ പ്രതിരോധത്തിലെ ഇസ്‌ലാമിസ്റ്റ് ഇടപെടൽ ഇസ്രായേൽ അധികൃതർ തിരിച്ചറിഞ്ഞ ഉടൻതന്നെ അധിനിവേശ സേന ഷെയ്ഖ് അഹ്മദ് യാസീനെയും ഡസൻ കണക്കിന് പ്രമുഖ ഹമാസ് നേതാക്കളെയും സായുധ സംഘങ്ങൾ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചതിന് ജയിലിൽ അടച്ചുവെന്ന വസ്തുത ചൂണ്ടിക്കാണിക്കാൻ ഹസന് കഴിയാതെ പോയി. 1985 ലെ ജിബ്രിൽ കരാറിലൂടെ മാത്രമാണ് ഫലസ്തീൻ സംഘടനകൾക്കും ഇസ്രായേലിനും ഇടയിൽ തടവുകാരുടെ കൈമാറ്റത്തിന് സൗകര്യമുണ്ടാവുകയും അങ്ങനെ അഹ്‌മദ്‌ യാസീൻ മോചിതനാവുകയും ചെയ്യുന്നത്. എന്നാൽ, ഹമാസ് രൂപീകരിച്ച് രണ്ട് വർഷത്തിന് ശേഷം 1987 ൽ, ഒന്നാം ഫലസ്തീൻ ഇൻതിഫാദയിലെ ഇസ്‌ലാമിസ്റ്റുകളുടെ ശക്തമായ സാന്നിധ്യത്തെ ചെറുക്കുന്നതിനുള്ള ഇസ്രായേൽ ശ്രമത്തിന്റെ ഭാഗമായി നിരവധി ഉന്നത ഹമാസ് നേതാക്കൾക്കൊപ്പം അഹ്‌മദ്‌ യാസീൻ വീണ്ടും പിടിയിലായി. സൈനിക കോടതികൾ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും 1997-ൽ ജോർദാനും ഇസ്രായേലും തമ്മിലുള്ള കരാറിന്റെ ഭാഗമായി അദ്ദേഹത്തെ വീണ്ടും മോചിപ്പിച്ചു. ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ അമ്മാനിൽ വെച്ച് വധിക്കാനുള്ള മൊസാദ് ഏജന്റുമാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്തരമൊരു കരാറിലേക്കെത്തിയത്.

ഹമാസിന്റെ ആത്മീയ നേതാവായ ഷെയ്ഖ് അഹ്‌മദ്‌ യാസീൻ ഹമാസിന്റെ രൂപീകരണ കാലയളവിൽ ഭൂരിഭാഗവും ഇസ്രായേൽ ജയിലിൽ ആയിരുന്നു എന്നത് വസ്തുത ആയിരിക്കെ, അറഫാത്തിന്റെയും ഫതഹിന്റെയും നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഇസ്രായേൽ അത്തരം ഇസ്‌ലാമിസ്റ്റുകളെ ‘ശാക്തീകരിച്ചു’ എന്ന് ഹസനെപ്പോലുള്ളവർ അവകാശപ്പെടുന്നത് യുക്തിസഹമാവുന്നതെങ്ങനെ? ഹസൻ അവകാശപ്പെടുന്നതു പോലെ, ഹമാസിന്റെ രൂപീകരണത്തിനായി രണ്ടു പതിറ്റാണ്ടോളം ഇസ്രായേൽ ക്ഷമയോടെ കാത്തിരുന്നതായിരുന്നു എങ്കിൽ, പിന്നെന്തിനായിരുന്നു 1980 കളുടെ തുടക്കത്തിൽ തന്നെ ഇസ്രായേൽ അഹ്‌മദ്‌ യാസീന്റെ കൂട്ടാളികളെ തടവിലാക്കുകയും വധിക്കുകയുമൊക്കെ ചെയ്തത്?

കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ വെസ്റ്റ് ബാങ്കിലെയും പ്രവാസികളുമായ (Diaspora) ഇസ്‌ലാമിസ്റ്റുകൾ വഹിച്ച പരമപ്രധാനമായ പങ്കിനെയും ഹസൻ കുറച്ചുകാണുന്നു. കുവൈറ്റിലെ മുസ്‌ലിം ബ്രദർഹുഡിലെ ഫലസ്തീൻ അംഗങ്ങളാണ് പ്രവാസികളായ ഹമാസ് സ്ഥാപകരുടെ പ്രധാന സംഘത്തെ രൂപീകരിച്ചത്. അതിനു വളരെ മുമ്പുതന്നെ, 1960 കളുടെ തുടക്കത്തിൽ, ജോർദാനിലെ ഫതഹിന്റെ സായുധ പരിശീലന ക്യാമ്പുകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കെടുത്തിരുന്നു. വാസ്തവത്തിൽ, ജോർദാനിൽ വെച്ചായിരുന്നു ഒരു ദശാബ്ദത്തിനുശേഷം ഖാലിദ് മിശ്അലും കൂട്ടരും 1984 ലെ സമ്മേളനത്തിൽ മുസ്‌ലിം ബ്രദർഹുഡിന്റെ ഏകീകൃത ഫലസ്തീൻ ശാഖയുടെ ഔദ്യോഗിക രൂപീകരണം നടത്തിയത്. ഫലസ്‌തീന്റെ അപകോളനീകരണം ആയിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, ഇസ്രായേലിന്റെ പിന്തുണയിൽ ഗാസയിൽ ഏകപക്ഷീയമായി ഉയർന്നുവന്ന ഒന്നല്ല ഹമാസ്; വർഷങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പുകളും സ്വയം വിലയിരുത്തലുകളും തന്ത്രരൂപീകരണങ്ങളും അടങ്ങിയ ചിട്ടയായ പ്രക്രിയയുടെ ഫലമായിരുന്നു ഈ സംഘടന. പശ്ചിമേഷ്യയിലെ പാശ്ചാത്യ അധിനിവേശത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ മുസ്‌ലിം ബ്രദർഹുഡ് നടത്തിയ വർഷങ്ങളുടെ പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണിത്.

ഖാലിദ് മിശ്അൽ

സൈനികാധിനിവേശത്തിന് കീഴിലുള്ള ജീവിതം

 ഇസ്‌ലാമിസ്റ്റുകളെ തെറ്റായി ചിത്രീകരിക്കുക മാത്രമല്ല മെഹ്ദി ഹസൻ ചെയ്യുന്നത്, ഇസ്രായേലീ ഉദ്യോഗസ്ഥരുടെ മൊഴികളെ സന്ദർഭോചിതമായി മനസ്സിലാക്കുന്നതിലും അദ്ദേഹം പരാജയപ്പെടുന്നു. ഉദാഹരണത്തിന്, ‘How Israel Helped to Spawn Hamas’ (ഹമാസിനെ വളർത്തിയെടുക്കാൻ ഇസ്രായേൽ സഹായിച്ചതെങ്ങനെ) എന്ന വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അവ്‌നർ കോഹന്റെ ലേഖനത്തിൽ ‘ഗാസയിലെ ഇസ്‌ലാമിസ്റ്റുകളെ തുടക്കത്തിൽ തന്നെ തടയാതിരുന്നതിനാൽ’ ഹമാസിന്റെ സൃഷ്ടിക്ക് ഇസ്രായേൽ ഉത്തരവാദിയാണെന്ന് കോഹൻ വാദിച്ചിരുന്നു. ഫതഹിനെയും ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷനെയും  ദുർബലപ്പെടുത്തുന്നതിനായി ഹമാസിന്റെ ഉയർച്ചയെ ചൂഷണം ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നതായും കോഹൻ വിമർശിച്ചിരുന്നു. ഓസ്‌ലോ കരാറിന് കാരണമായ രഹസ്യ നീക്കുപോക്കുകളിൽ പി‌.എൽ.‌ഓയെയും യാസർ അറഫാത്തിനെയും സമ്മർദ്ദത്തിലാക്കുന്നതോടൊപ്പം ഇസ്‌ലാമിസ്റ്റ് വിരുദ്ധ വാചാടോപങ്ങളിലൂടെ ഫലസ്തീൻ പോരാട്ടത്തെ ദുർബലപ്പെടുത്താനുള്ള അവസരമായി ഹമാസിന്റെ ഉയർച്ചയെ ഇസ്രായേൽ ഉപയോഗപ്പെടുത്തി. ഒരു ഫലസ്തീനിയൻ പ്രതിരോധ സംഘത്തിന്റെ പ്രത്യയശാസ്ത്രത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലഭിച്ച അപൂർവ്വ നിമിഷമായിരുന്നു അത്. ചുരുക്കത്തിൽ, ഹമാസിനെ ‘ഇസ്രായേലിന്റെ സൃഷ്ടി’ എന്ന് കോഹൻ ചിത്രീകരിക്കുന്നത് കേവലം അക്ഷരാർത്ഥത്തിലല്ല. മറിച്ച്, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ നിയമ-രാഷ്ട്രീയ മാനദണ്ഡങ്ങളെ മറികടന്ന് ഇസ്‌ലാമിസ്റ്റുകളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ വിമുഖതയെക്കുറിച്ച തന്റെ നിരാശ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

അധിനിവേശ ശക്തിക്കും അധിനിവേശ ജനതയ്ക്കും ഇടയിലുള്ള അധികാരത്തിലെ അന്തരത്തെയും ഹസൻ തന്റെ വീഡിയോയിൽ മറച്ചു വെക്കുന്നു. സ്ഥാപിതമായ നിയന്ത്രണങ്ങൾ വഴി ഫലസ്തീൻ ജീവിതത്തിന് മേലുള്ള വ്യവസ്ഥാപിതമായ നിരീക്ഷണവും, ശിക്ഷണവും, നിയന്ത്രണവും ഇസ്രായേലി കുടിയേറ്റ അധിനിവേശ ശക്തിക്ക് ആവശ്യമാണ്. പള്ളികൾ, സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ എന്നിവയെല്ലാം നടത്തുന്നതിന് കൊളോണിയൽ രജിസ്ട്രേഷൻ വഴിയുള്ള ഇസ്രായേലിന്റെ ഔദ്യോഗിക അംഗീകാരം വേണം. അല്ലാത്തപക്ഷം അവ ഏത് നിമിഷവും തകർക്കപ്പെടുകയോ അടച്ചു പൂട്ടപ്പെടുകയോ ചെയ്യാം. ഉദാഹരണത്തിന്, 1979-80 കാലഘട്ടങ്ങളിൽ ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണങ്ങൾക്കും ഉപദ്രവങ്ങൾക്കും ഒടുവിൽ, ഗാസയിലെ ഇസ്‌ലാമിസ്റ്റുകൾക്ക് അൽ മുജമഅ അൽ ഇസ്‌ലാമി (ക്ലിനിക്ക്, നഴ്സറി, യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള സ്കൂളുകൾ, ലൈബ്രറി എന്നിവ അടങ്ങിയ) എന്ന കമ്മ്യൂണിറ്റി സെന്റർ രജിസ്റ്റർ ചെയ്യാൻ നിർബന്ധതിതരായി. ഇത്തരത്തിൽ ഇസ്രായേൽ അധിനിവേശത്തിന്റെ കിരാതമായ നിരവധി സങ്കേതങ്ങൾ ഉണ്ടായിരുന്നിട്ടും 20,000 ത്തിലധികം ഫലസ്തീൻ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന ‘ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗാസ’ പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ഇസ്‌ലാമിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്രയേൽ അധിനിവേശത്തിനെതിരായ സൈനിക, രാഷ്ട്രീയ പ്രതിരോധത്തിൽ മാത്രമല്ല, ഫലസ്തീനിന്റെ സാമൂഹികവും നൈതികവുമായ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിലും പരിപാലിക്കുന്നതിലും ഇസ്‌ലാമിസ്റ്റുകൾ ഫലപ്രദരാണെന്ന് ഇത് വ്യക്തമാക്കുന്നു.

അധിനിവേശ ശക്തിയുടെ നിയമ പിന്തുണയെ ആശ്രയിക്കാൻ ഫലസ്തീനികളെ നിർബന്ധിതരാക്കുന്ന ഫലസ്തീനിയൻ പൗര സമൂഹത്തിനു മേലുള്ള ഇസ്രയേൽ നിയന്ത്രണവും ഇസ്രായേൽ ആധിപത്യത്തിന്റെ സുപ്രധാന ഭാഗമാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അന്താരാഷ്ട്ര നിയമം, ജനീവ കൺവെൻഷനുകൾ, അധിനിവേശ നിയമം എന്നിവ പ്രകാരം ഫലസ്തീനിയൻ പൗരജീവിതം സാങ്കേതികമായി അധിനിവേശശക്തിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഹസൻ തിരിച്ചറിയുന്നില്ല. എന്നാൽ ഹമാസിന് ഇസ്രായേൽ സാമ്പത്തിക സഹായം നൽകിയെന്ന ആരോപണം ഉന്നയിക്കുമ്പോൾ, ഹമാസിന് നേരിട്ട് ഫണ്ട് അയച്ചതായി സ്വയം പോലും അവകാശപ്പെടാത്ത സോഴ്സുകളെയാണ് ഹസൻ ഉദ്ധരിക്കുന്നത്. ഫലസ്തീനിയൻ പൗരസമൂഹത്തിനു മേലുള്ള ഇസ്രായേലിന്റെ വിശദവും സമഗ്രവുമായ നിയന്ത്രണം മാത്രമാണ് ഹസൻ മുന്നോട്ടുവെക്കുന്ന അവ്യക്തമായ മൊഴികൾ സൂചിപ്പിക്കുന്നത്. പക്ഷേ, ഹസനെ സംബന്ധിച്ചിടത്തോളം, ഈ കഥകൾ തന്നെ ഹമാസിനെ ഇസ്രായേലിന്റെ സൃഷ്ടിയും ഉൽപന്നവുമായി ചിത്രീകരിക്കാൻ മതിയായ ‘തെളിവുകൾ’ ആണ്.

ഉപസംഹാരം

തീവ്രവാദ ആരോപണങ്ങൾക്കെതിരെ മുസ്‌ലിംകളെ പ്രതിരോധിക്കാനുള്ള മാന്യമായ ഒരു ശ്രമമാണ് അദ്ദേഹത്തിന്റേതെങ്കിലും, അതിനായി മെഹ്ദി ഹസൻ ഇസ്രായേൽ അധിനിവേശത്തിനെതിരായ ഇസ്‌ലാമിസ്റ്റ് ചെറുത്തുനിൽപ്പിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ദുർബ്ബലമായ ഈ ചരിത്ര വിശകലനം ഇസ്‌ലാമിസ്റ്റുകളും പാശ്ചാത്യ സാമ്രാജ്യത്വവും തമ്മിലുള്ള കൂട്ടുകെട്ടെന്ന നിലയിൽ ലളിതമായ ഒരു ചിത്രം പടച്ചുണ്ടാക്കുന്നു എന്ന് മാത്രമല്ല, നിലവിൽ ലോകത്ത് ഇസ്‌ലാമിസ്റ്റുകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന ആഗോള ഭീകരവാദവിരുദ്ധ വ്യവഹാരത്തിൽ ഇസ്രായേൽ വഹിക്കുന്ന സുപ്രധാന പങ്കിനെ മറച്ചു വെക്കുകയും ചെയ്യുന്നു. ഒപ്പം ഫലസ്തീനിയൻ പൊതുജനാഭിപ്രായം സൂചിപ്പിക്കുന്നത് പോലെ ഫതഹ് മുഖ്യ രാഷ്ട്രീയ തത്ത്വങ്ങൾക്ക് വഴങ്ങുകയും 1970 കളുടെ അവസാനത്തോടെ അടിസ്ഥാന തത്വത്തിലേക്ക് വരികയുമാണ് ചെയ്തതെങ്കിൽ, ഹമാസിനെയും മറ്റ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളേക്കാളും ഫലപ്രദമായി ഫലസ്തീൻ പോരാട്ടത്തെ സ്ഥിരമായി സേവിച്ചത് മതേതര ദേശീയ പ്രസ്ഥാനങ്ങളാണെന്നാണ് മെഹ്ദി ഹസൻ മുന്നോട്ടുവെക്കുന്ന വാദഗതികളുടെ ധ്വനി.

അധിനിവേശ വിരുദ്ധ പ്രസ്ഥാനത്തിനകത്തെ പ്രത്യയശാസ്ത്ര വൈവിധ്യങ്ങളിലുള്ള ഹസന്റെ ഊന്നലിന് മിക്ക ഫലസ്തീനികളുടെയും കാഴ്ചപ്പാടിൽ നിസ്സാര പ്രാധാന്യമേ ഉള്ളൂ. സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കുന്ന അധിക ഫലസ്തീനികളെയും സംബന്ധിച്ച് ആസന്നമായ ശത്രുതയാണ് അധിനിവേശ ശക്തിയും കോളനിവൽകൃതരും, അക്രമകാരിയും അക്രമത്തിന് ഇരയായവനും, കുറ്റവാളിയും ഇരയും തമ്മിലുള്ള ബന്ധം പ്രതിനിധീകരിക്കുന്നത്. കാരണം കോളനിവൽകൃതരുടെ ആന്തരിക സവിശേഷതകൾ ഇസ്രായേലി കൊലപാതകയന്ത്രങ്ങളെ സംബന്ധിച്ച് വളരെ അപൂർവമായി മാത്രമേ പരിഗണനീയ വിഷയമാവുന്നുള്ളൂ. എന്നിരുന്നാലും ഇസ്രായേൽ, തീവ്രവാദവിരുദ്ധതയുടെ പേരിൽ ഇസ്‌ലാമിസ്റ്റ് വിരുദ്ധ വ്യവഹാരത്തെ തന്നെ നിരന്തരമായി അവതരിപ്പിക്കുന്ന ‘അന്താരാഷ്ട്ര സമൂഹ’ത്തിനു മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെയല്ല കാര്യങ്ങൾ.

ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനം എന്നതിന് പകരം ‘നിരപരാധികളായ ഇസ്രായേലികളുടെ’ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ഒരു തീവ്രവാദ സംഘടനയായി ഹമാസിനെ ചിത്രീകരിക്കുന്ന സയണിസ്റ്റ് പ്രചാരണത്തിനാണ് ഹസൻ ആത്യന്തികമായി സാധുത നൽകുന്നത്. ഹമാസിനെ സയണിസ്റ്റ് വിരുദ്ധമെന്നതിലുപരി സെമിറ്റിക് വിരുദ്ധ/യഹൂദ വിരുദ്ധ പ്രസ്ഥാനമായി വർഗ്ഗീകരിക്കുന്നത് നിലനിൽക്കുന്ന വ്യവഹാരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ തന്നെയാണ് വ്യക്തമാക്കുന്നത്. വിവേകരഹിതമായ ആരോപണങ്ങളിൽ നിന്ന് ഫലസ്തീനികളെ മോചിപ്പിക്കാനുള്ള സത്യസന്ധമായ ശ്രമമായിരിക്കാം ഹസൻ നടത്തിയത്. പക്ഷേ, ‘നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം’ എന്ന അത്യന്തം അപകടകരമായ ദ്വന്ദനിർമ്മിതിയിലൂടെയും ഒരു ജനകീയ ഇസ്‌ലാമിസ്റ്റ് സംഘടനയെ പൈശാചികവൽക്കരിക്കുന്നതിലൂടെയും ആണ് അദ്ദേഹം അത് ചെയ്യുന്നത്.

 

(മുസ്‌ലിം ഫലസ്തീൻ രാഷ്ട്രീയ സംഘാടകനും ഗവേഷകനുമായ ലേഖകൻ ബ്രൂക്ക്‌ലിൻ കോളേജിൽ ഇന്റർനാഷണൽ അഫയേഴ്സ് ബിരുദ വിദ്യാർത്ഥിയാണ്)


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

Courtesy: MilestonesJournal

റജാ അബ്ദുൽഹഖ്