Campus Alive

ഹിജാബോ-ഫോബിയക്കാലത്തെ കാമ്പസനുഭവങ്ങൾ

(കർണാടകയിലെ ഹിജാബ് നിരോധനത്തെത്തുടർന്ന് മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ച ചര്‍ച്ചകൾ പൊതുസമൂഹത്തില്‍ ഒരിക്കൽകൂടി ഉയർന്നുവന്നിരിക്കുകയാണ്. പൊതുസമൂഹത്തിന്റെ ഭാഗമായ കാമ്പസുകളില്‍ നിന്നും മുന്‍വിധികൾ കലര്‍ന്ന ചോദ്യങ്ങളാണ് ശിരോവസ്ത്രത്തെ കുറിച്ച് പലപ്പോഴും ഉയര്‍ന്നുവരാറുള്ളത്. ഈ സന്ദർഭത്തിൽ കാമ്പസ് അലൈവിന്റെ 2013 ആഗസ്റ്റ് ലക്കം പ്രിന്റിൽ പ്രസിദ്ധീകരിച്ച കാമ്പസിലെ മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ/ഹിജാബ് അനുഭവ/ചർച്ച കുറിപ്പുകൾ പുനഃപ്രസിദ്ധീകരിക്കുന്നു.)


സംടൈംസ് എ ഹിജാബ് ഈസ് ജസ്റ്റ് എ ഹിജാബ്; സംടൈംസ് ഇറ്റ് ഈസ് നോട്ട്

/ഉമ്മുൽ ഫായിസ

അമേരിക്കയിൽ 2001 സെപ്റ്റംബര്‍ പതിനൊന്നിനു ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട ഒരു വ്യവഹാരം എന്നത് മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള നവീനമായ ഒരു ഉത്കണ്ഠയാണ്. നേരിട്ടുള്ള കൊളോണിയലിസം നടന്ന കാലത്തില്‍ നിന്ന് വ്യത്യസ്തമായ ഉത്കണ്ഠയാണെങ്കിലും അത് കൊളോണിയല്‍ വ്യവഹാരങ്ങളുടെ തന്നെ ആകാര പരിധികളില്‍ വരുന്നതായി ധാരാളം പഠനങ്ങള്‍ കാണിക്കുന്നു. കൊളോണിയല്‍ കാലത്ത് ഹിജാബ് നിരോധിക്കപ്പെട്ടതും സദാചാര പോലീസിങ്ങിനു വിധേയമായതും ഏഷ്യയിലും ആഫ്രിക്കയിലും ഒക്കെ ഉള്ള കോളനിവത്കരിക്കപ്പെട്ട മുസ്‌ലിം സമൂഹങ്ങളില്‍ ആണെങ്കില്‍ (ഉദാ: അള്‍ജീരിയ, ഈജിപ്ത്) പോസ്റ്റ്‌കൊളോണിയൽ കാലത്ത് ഹിജാബ് നിരോധിക്കപ്പെട്ടതും വിലക്കുകള്‍ക്കു വിധേയമായതും സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം തുടങ്ങിയ ആശയങ്ങളുടെ ജന്മ സ്ഥലം എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുറോപ്പിലാണ്.

ഫ്രാന്‍സ്, ബെല്‍ജിയം, സ്‌പെയിനിലെ ബാഴ്‌സിലോണ, ജര്‍മനിയിലെ ഹെസ്സ് സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ വസ്ത്രം നിരോധിക്കപ്പെട്ടു. ക്യുബെക്, ഡെന്മാര്‍ക്ക്, ഫ്രഞ്ച്, കാനഡ, ജര്‍മനി, സ്‌പെയിൻ എന്നിവിടങ്ങളിലൊക്കെ മുസ്‌ലിം സ്ത്രീ വസ്ത്രത്തെ വിലക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇസ്രയേലും ഇത് തന്നെ ആലോചിക്കുന്നുണ്ട്. ഫ്രാന്‍സിൽ മുഖം മൂടുന്ന വസ്ത്രം മാത്രമല്ല, തല മാത്രം മറക്കുന്ന ഹിജാബുവരെ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഈ വിലക്കുകള്‍ ഉണ്ടാവുന്നത് തന്നെ പാശ്ചാത്യ സമൂഹങ്ങളിലെ ‘സ്വാതന്ത്ര്യം’ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. സ്ത്രീ, ശരീരം, സ്വാതന്ത്ര്യം ഇവയെ കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്നിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ആഗോള സാഹചര്യത്തിന്റെ തനിയാവര്‍ത്തനം പോലെ കേരളത്തിലും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം, ഹിജാബ് (ബുര്‍ഖയല്ല) എന്നിവ ക്ലാസ്‌റൂമിന് പുറത്താകുന്നത്. ഇവര്‍ മതചിഹ്നങ്ങള്‍ ധരിച്ചു ‘വര്‍ഗീയത’യുണ്ടാക്കുന്നുവെന്നും സ്‌കൂളിന്റെ ‘യൂനിഫോമിറ്റി’ തകര്‍ക്കുന്നുവെന്നും സ്‌കൂൾ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടുന്ന മുസ്‌ലിം സംഘടനകളെ ‘മത സ്പര്‍ധ’ വര്‍ധിപ്പിക്കുന്നവരായി ആരോപിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ശരിക്കും എന്താണ് ഈ ഹിജാബിനെ കുറിച്ചുള്ള സമകാലിക സംവാദം എന്ന ചോദ്യം വളരെ നിര്‍ണായകമാണ്. കേരളീയ സാഹചര്യത്തില്‍ ഗള്‍ഫ് കുടിയേറ്റത്തിന് ശേഷവും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന് ശേഷവും പൊതുവെ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നിന്നിരുന്ന മുസ്‌ലിംകൾ കൈവരിക്കുന്ന സാമൂഹിക ചലനത്തിന്റെ ഭാഗമായി കാണേണ്ട ഒരു വസ്ത്രമാണ് ഹിജാബ്. വിശിഷ്യാ ഗള്‍ഫ് കുടിയേറ്റം നല്‍കിയ കോസ്‌മോപോളിറ്റൻ ഐഡന്റിറ്റിയുടെ ഭാഗമായി വികസിച്ചു വന്ന ഒരു വസ്ത്രമാണ് ഹിജാബ്.

പുത്തന്‍ സാങ്കേതിക സംസ്‌കാരത്തെ എളുപ്പം സ്വീകരിക്കുന്ന മുസ്‌ലിം യുവതീ യുവാക്കള്‍ പുതിയ വസ്ത്രത്തെയും എളുപ്പം സ്വീകരിക്കുന്നു എന്ന് ഫിലിപ്പോ ഒസേല്ലയും കരോളിന്‍ ഒസേല്ലയും ‘മുസ്‌ലിം സ്‌റ്റൈൽ ഇന്‍ സൗത്ത് ഇന്ത്യ’ എന്ന പഠനത്തില്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം, ഇതൊന്നും പരിഗണിക്കാതെ തന്നെ മുസ്‌ലിം സ്ത്രീകളുടെ മതപരമായ നൈതികതയുടെ തുടര്‍ച്ച കൂടിയാണ് ഹിജാബ്. വേറൊരു രീതിയില്‍ വായിച്ചാല്‍ ദേശീയ ജീവിതത്തില്‍ സാരി പോലുള്ള ‘പൊതു’ വസ്ത്രങ്ങള്‍ കൈവരിച്ചിട്ടുള്ള ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത വിമോചിത സ്ഥാനം ഉലയ്ക്കുന്ന ഒരു സാംസ്‌കാരിക സ്വത്വം ആയും ഹിജാബ് മാറുന്നു. ഇങ്ങിനെ ഹിജാബ് പല രീതിയിലുള്ള സാമൂഹിക ജീവിതത്തിലെ പ്രവണതകളെയും സൂചിപ്പിക്കുന്നതാണ്. അതോടൊപ്പം തന്നെ മേല്‍ പറഞ്ഞ പല സമീപനങ്ങളും ഹിജാബിനെ കുറിച്ച് സംസാരിക്കുന്ന അടിച്ചമര്‍ത്തൽ/വിമോചനം എന്ന സമീപനത്തില്‍ നിന്ന് അകലം പാലിച്ചു കൊണ്ട് സംസാരിക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. കാരണം, ഹിജാബ് അടിച്ചമര്‍ത്തൽ ആണെന്നുള്ള ഒരു സമീപനം നമ്മെ വളരെ വേഗം അതിന്റെ വിമോചന സാധ്യതകള്‍ തിരയുന്നതിലേക്ക് നയിക്കുമെങ്കിലും മുസ്‌ലിം സ്ത്രീ ജീവിതത്തിന്റെ പ്രത്യേകതകള്‍ ഇതില്‍ ഒതുങ്ങി നില്‍ക്കുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

വേറൊരു രീതിയില്‍ ഹിജാബ് സ്ത്രീകളുടെ തെരഞ്ഞെടുപ്പ് (choice) ആണ് എന്നു ലിബറലുകളില്‍ തന്നെ ഒരു വിഭാഗം പറയുമ്പോള്‍ തന്നെ എ.എസ് അജിത്കുമാര്‍ ഫെയ്‌സ്ബുക്കിൽ എഴുതിയ ഒരു കുറിപ്പില്‍ നിരീക്ഷിച്ചത് പോലെ അത് മുസ്‌ലിം സ്ത്രീകളെ പോലെയുള്ള ‘അപര’ സ്ത്രീകളുടെ കാര്യത്തില്‍ എത്രത്തോളം പ്രായോഗികമായി അനുവദിക്കപ്പെടുന്നു എന്ന ചോദ്യവും പ്രധാനമാണ്. അതിലേറെ പല പുതിയ പഠനങ്ങളും ചൂണ്ടിക്കാട്ടുന്ന പോലെ സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ലിബറല്‍ ആശയങ്ങള്‍ അതിന്റെ തന്നെ സാമൂഹ്യ സാഹചര്യങ്ങളുടെ ഉല്‍പന്നമെന്ന നിലയില്‍ പരിശോധിച്ചാല്‍ മുസ്‌ലിം സ്ത്രീകളുടെ ലിബറല്‍ ബാഹ്യ ജീവിത ആവിഷ്‌കാരങ്ങളെ വിവരിക്കുന്നതിനു ചോയ്‌സ് അടക്കമുള്ള സംസര്‍ഗങ്ങള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ടെന്ന മുസ്‌ലിം സ്ത്രീകളിലൂടെ സംസാരിക്കുന്ന പല പോസ്റ്റ് സെക്കുലർ ഫെമിനിസ്റ്റ് അന്വേഷണങ്ങളും കാണിക്കുന്നു. ഇതൊക്കെ ഒരു മുസ്‌ലിം ‘സ്ത്രീ’, ന്യൂനപക്ഷ രാഷ്ട്രീയത്തിനുള്ളിലെ ‘ന്യൂനപക്ഷമാവുന്ന’ ഇന്ത്യ പോലുള്ള ‘മതേതര’ സാഹചര്യങ്ങളില്‍ വിശേഷിച്ചും ആലോചിക്കേണ്ട വിഷയങ്ങളാണ്.


ഇത് ധരിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടതായി തോന്നാറില്ലേ?

/ഡോ. വര്‍ഷ ബഷീര്‍

കഴിഞ്ഞ സെപ്റ്റംബറില്‍, ഹൈദരബാദ് സെന്‍ട്രൽ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സ് നടന്നു. ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിൽ പഠിക്കുന്ന, കേരളത്തിൽ നിന്നുളള വിദ്യാര്‍ത്ഥിയെ അവിടെ വെച്ച് പരിചയപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നതിനിടയില്‍ വെറുതെ അവന്‍ ചോദിച്ചു: “നിനക്ക് ശ്വാസം കിട്ടാത്തത് പോലെ തേന്നുന്നുണ്ടോ?” (എന്റെ ഹിജാബിനെ നോക്കി) “ഇത്, കാറ്റിനെ തടഞ്ഞ് നിര്‍ത്തുന്നില്ല എനിക്ക് ശ്വാസം കിട്ടാത്ത പ്രശ്‌നമൊന്നുമില്ല”. ചിരിയോടെ അന്വേഷിച്ചു: “യഥാര്‍ത്ഥതിൽ നീ ഇത് തന്നെയാണോ ഉദ്ദേശിച്ചത്?” അവന്‍ മനസ്സ് തുറന്നു; ഞാന്‍ ഉദ്ദേശിച്ചത്, നിനക്ക് ഇത് ധരിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടതായി തോന്നാറില്ലേ? കേരളത്തില്‍ നിന്ന് (പുരുഷ മേധാവിത്വം ഇപ്പോഴും ഉളള സ്ഥലം) ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ഞാന്‍ മൂന്ന് ദിവസം കോണ്‍ഫറന്‍സിൽ പങ്കെടുക്കുന്നു (പേപ്പര്‍ അവതരിപ്പിക്കുന്നു), വീട്ടില്‍ നിന്ന് 3500 കിലോമീറ്റര്‍ അകലെ ഈ സ്ഥലത്ത് രാത്രി 10 മണിക്ക് നിന്റെ കൂടെ സംഭാഷണത്തിൽ എർപ്പെട്ടിരിക്കുന്നു, എന്നിട്ടും നീ വിചാരിക്കുന്നു ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവളാണെന്ന്? അവന്‍ ചെറിയൊരു ചിരിയേടെ “ഞാന്‍ അത്ര ചിന്തിച്ചില്ല” എന്ന് മറുപടി പറഞ്ഞു. ഞാന്‍ പ്രതികരിച്ചു “ഇത് തന്നെയാണ് പ്രശ്‌നം, നിങ്ങള്‍ എന്റെ തലയില്‍ ചുറ്റിയ 1 മീറ്റര്‍ തുണിയെ കാണുന്നു, പക്ഷേ ഞാന്‍ ഇവിടെ എത്തിപ്പെട്ടതിന്റെ ഘടകങ്ങളെ നിങ്ങള്‍ കാണുന്നില്ല… ചുറ്റുപാടുളള മനുഷ്യരെ കാണാനും മനസ്സിലാക്കാനും, നമ്മുടെ കണ്ണും കാതും നാം ഉപയോഗിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു”.


എന്റെ തട്ടം, എന്റെ പ്രതിരോധം

/ഫാസില എ.കെ

ആദ്യമായി മഫ്തയിട്ട് പുറത്ത് പോവുന്നത് മദ്രസയില്‍ പഠിക്കുമ്പോഴാണ്. മദ്രസ വിട്ട് തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അതതിന്റെ സ്ഥാനത്തു നിന്നൊക്കെ ഇറങ്ങി ഒരു പരുവമാവുമായിരിക്കും. തല മറക്കുക എന്ന ശീലം വളര്‍ത്തുന്നതിന്റെ ആദ്യ പടികളിലൊന്നായിരുന്നു അത്. തല മറക്കാത്തതിനു, നേരെ പറഞ്ഞാല്‍ പിന്നു കുത്തി മഫ്തയിടാത്തതിനു ആദ്യമായി വഴക്കു കേട്ടത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സ്‌കൂൾ വിട്ടൊരു വൈകുന്നേരം വീട്ടിലേക്കുള്ള വഴിയെ തട്ടമൊക്കെ അഴിച്ച് കയ്യില്‍ പിടിച്ച് സ്‌റ്റൈലായി നടന്നു വരുമ്പോള്‍ ‘ഇത്രെം പോന്നിട്ടിനിയും ഇതൊന്നും നേരെയിടാനായില്ലേ’ എന്നു ചോദിച്ച് നാട്ടിലെ വേണ്ടപ്പെട്ടൊരു താത്ത ഒച്ച വെച്ചു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വരെയും മഫ്ത എന്നിലെ ദൈവ ഭയത്തിന്റെയും മാന്യതയുടെയും അച്ചടക്കത്തിന്റെയും മാത്രം അടയാളങ്ങളായിരുന്നു. എന്റെ നാടിന്റെ സവിശേഷ സ്വഭാവം കൊണ്ട്, പഠിച്ച വിദ്യാലയങ്ങളിലും നാട്ടുകാര്‍ക്കിടയിലും അംഗീകാരത്തിന്റെയും പ്രശംസയുടെയും പാത്രമാവാനും ഈ വസ്ത്രധാരണം കാരണമായി. എന്റെ വസ്ത്ര ധാരണം എന്നെ അംഗീകരിക്കുന്നതിനുള്ള കാരണമായ ഒരിടത്ത് അതിനെ കുറിച്ച് സന്ദേഹപ്പെടുകയോ നിരാശപ്പെടുകയോ ചൊദ്യം ചെയ്യപ്പെടുകയോ അതിനു വേണ്ടി വാഗ്വാദത്തില്‍ ഏർപ്പെടുകയോ അതിന്റെ പേരില്‍ തഴയപ്പെടുകയോ ചെയ്യുന്ന അനുഭവങ്ങള്‍ ചിന്തകളില്‍ പോലും കടന്നു വരാനിടയുണ്ടായിരുന്നില്ല.

അതിനാല്‍ തന്നെ തുടര്‍പഠനാര്‍ഥം കോഴിക്കോട് താമസമായ ആദ്യ ദിവസം മുതല്‍ എന്റെ വസ്ത്രധാരണം എന്നെ സവിശേഷമായ ഒരു ജീവിയായി പരിഗണിക്കുന്ന അനുഭവങ്ങള്‍ അസ്വസ്ഥാജനകമായിരുന്നു. ഒരേസമയം നിരാശയും ദേഷ്യവും അപകര്‍ഷതാബോധവും എന്നിലുളവായി. ഹോസ്റ്റല്‍മേറ്റ്‌സും ക്ലാസ്‌മേറ്റ്‌സും, എന്തിനേറെ അത്രയും മഫ്താധാരിണികള്‍ പുറത്തിറങ്ങുന്ന കോഴിക്കോടങ്ങാടി വരെ എന്നെ ഞാന്‍ സ്വയം മൂടി വെച്ചതിന്റെ കാരണമന്വേഷിച്ചു, എന്റെ ഉഷ്ണവും തലവേദനയും ആലോചിച്ച് അവര്‍ വിയര്‍ത്തു. അന്നത്തെ ഹോസ്റ്റലിലേക്കും കോളേജിലേക്കും അരയിടത്തുപാലം മുതല്‍ മാവൂര്‍ റോഡ് ജംഗ്ഷന്‍ വരെയുള്ള നടത്തങ്ങളില്‍ നീട്ടി സലാം പറഞ്ഞ് നടന്നു പോയ, ഇത്താത്തെയ് എന്നു കളിയാക്കി വിളിച്ച കുറേ അപരിചിതരായ ആളുകളും, ചന്ദ്രനില്‍ പോവുകയാണോ എന്നന്വേഷിച്ചിരുന്ന ബസ്സിലെ കിളിയും ഭര്‍ത്താവിന്റെ നിര്‍ബന്ധം കൊണ്ടാണോ ഈ വേഷമെന്നു അടക്കാന്‍ പറ്റാത്ത ആകാംക്ഷ കൊണ്ട് ചോദിച്ചു പോയ ഒപ്പം ബസ്സു കാത്തു നിന്ന ചേച്ചിയും പത്തൊമ്പത് വര്‍ഷങ്ങൾ കൊണ്ടു ‘എന്റെ കേരളത്തെ’ കുറിച്ച് ഞാനുണ്ടാക്കിയ സുന്ദര സ്വപ്നങ്ങളിലെ വിഡ്ഢിത്തം എനിക്കു ബോധ്യപ്പെടുത്തി തന്നു.

കോളേജിലെ ആദ്യ ദിവസങ്ങളിലൊന്നില്‍, ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാനെത്തിയ സീനിയര്‍ ചേച്ചിമാരും ചേട്ടന്‍മാരും കൂടി മഫ്തയുടെയും ഫുള്‍സ്ലീവ് ഡ്രസ്സിന്റെയും ഉദ്ദേശ്യം ചോദിച്ച് കളിയാക്കി കൊണ്ടിരുന്നു. അതിനിടയില്‍ ഒരു ചേച്ചി എന്റെ ചുരിദാറിന്റെ കൈ മുകളിലേക്കു വലിച്ചു കയറ്റി ‘നിന്റെ തൊലിയും ഞങ്ങളുടേതും തമ്മിലെന്താ വ്യത്യാസമെന്നറിയട്ടെ’ എന്നു പറയുമ്പോഴാണ് ജീവിക്കാന്‍ പോകുന്ന ലോകത്തിന്റെ അസഹിഷ്ണുതയുടെയും സങ്കുചിതത്വത്തിന്റെയും ആഴമറിയുന്നത്. അന്നു മുതലാണ് എന്റെ തട്ടം എന്റെ പ്രതിരോധത്തിന്റെ കൂടി അടയാളമായി മാറിയത്. തുടര്‍ന്നിങ്ങോട്ട്, തല മറച്ചവളുടെ സൗന്ദര്യം, ആരോഗ്യം, സ്വാതന്ത്യം, രാഷ്ട്രീയ ബോധം, ദേശീയ ബോധം, വിദ്യാഭ്യാസം, ദൈവ വിശ്വാസം, കുടുംബബന്ധം, സര്‍ഗാത്മകത, ചൂട്, തണുപ്പ് തുടങ്ങി നേരിടേണ്ടി വന്ന ചോദ്യങ്ങൾ മുഴുവന്‍ ഒരേ സമയം കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. തല മറക്കുന്നത് കൊണ്ട് ‘സൗന്ദര്യം കുറഞ്ഞ് പോവുന്നു’, ‘നീ വലിയ ദൈവഭക്തയാണെന്നു കാണിക്കാനല്ലേ?’, ചൂടെടുക്കുന്നില്ലേ’, ‘തല വേദനിക്കില്ലെ’, വീട്ടുകാരെ പേടിച്ചിട്ടല്ലെ’, ‘കുടുംബം വളരെ ഓര്‍ത്തഡോക്‌സാണല്ലെ’, ക്ലാസെടുക്കുമ്പോള്‍ അധ്യാപികയോട് ‘pardon’ എന്നു പറഞ്ഞപ്പൊ ‘കുന്തം തലേന്നങ്ങ് വലിച്ചൂരി കള’ എന്നു വരെ കേട്ടിട്ടുണ്ട്. ഏറ്റവും ഭംഗിയില്‍ കളര്‍ഫുളായി സ്‌കാര്‍ഫ് ധരിച്ചാണ് ഈ അസഹിഷ്ണുതയോടും അവഹേളനങ്ങളോടും മറുപടി പറയാനുറച്ചത്. ദൈവ വിശ്വാസത്തിന്റെ അടയാളമെന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ ശിരോവസ്ത്രത്തിലേക്ക് അതോടൊപ്പം പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും പ്രതിഷേധത്തിന്റെയും രാഷ്ട്രീയ മാനങ്ങള്‍ കൂടി ചേര്‍ത്തുവെച്ചു.

ഒടുക്കം ഈ കഴിഞ്ഞ വനിതാ ദിനത്തിന് എത്തിക്‌സ് പിരിയഡിൽ അധ്യാപകന്‍ വളരെ തമാശയെന്നോണം ഒരു സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതിനെ എണീറ്റു നിന്നു ചോദ്യം ചെയ്തു. തുടര്‍ന്നു gender justice നെ കുറിച്ചും മറ്റും നടന്ന ചര്‍ച്ചയിൽ കാര്യമായിട്ടിടപെട്ടപ്പോൾ എന്റെ വായടക്കാനെന്ന വണ്ണം സാറാരു ചോദ്യമടങ്ങിയ പ്രസ്താവന നടത്തി.. താനൊരു മതേതര വിശ്വാസിയാണെന്നും ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിലുള്ള എന്റെ വിശ്വാസത്തില്‍ നിങ്ങള്‍ സംശയിക്കാന്‍ ഇടയാവരുതെന്നും അദ്ദേഹം ആദ്യമേ ജാമ്യമെടുത്തു. പെണ്ണിനു വസ്ത്ര സ്വാതന്ത്ര്യം അനുവദിക്കാത്ത, പൊതു വേദികളില്‍ അവളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ ഒരു മതവിശ്വാസത്തെ പെഴ്‌സണൽ ലോ ബോര്‍ഡ് വഴി രാജ്യത്തിന്റെ ഔദ്യോഗിക നിയമവ്യവസ്ഥയുടെ പരിധിയില്‍ വരുത്തുന്ന നടപടി ഇന്ത്യന്‍ സെക്യുലരിസത്തിനു വെല്ലുവിളിയല്ലേ? മതത്തിന്റെ ഈ സ്ത്രീ വിരുദ്ധ നിലപാടിനോടാദ്യം മറുപടി പറയാന്‍ പറഞ്ഞ് അറ്റന്റന്‍സു പോലുമെടുക്കാതെ അദ്ദേഹം ക്ലാസില്‍ നിന്നിറങ്ങിയോടി. അന്നാണെനിക്ക് ഇന്ത്യന്‍ സെക്യുലരിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മുസ്ലിം പെണ്ണിന്റെ ശിരോവസ്ത്രമാണെന്ന ബോധ്യമുറച്ചത്!!


പെണ്ണും പിന്നും പിന്നെ മഫ്തയും

/സംറ അബ്ദുറസാഖ്

എട്ടാമത്തെ വയസ്സ് മുതല്‍ മഫ്ത/ഹിജാബ് ധരിക്കാന്‍ തുടങ്ങിയ എനിക്ക്, വസ്ത്രധാരണ രീതിയെ പിന്തുടരുക എന്നതിലപ്പുറം ആ വസ്തുവിനൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. സ്‌കൂളിൽ പോവുമ്പോള്‍ മഫ്ത ഇട്ടില്ലെങ്കില്‍ ടീച്ചര്‍ കണ്ണുരുട്ടും എന്ന് പേടിപ്പിക്കുന്ന ഇത്താത്തമാരും, നാട്ടിലുള്ള ഹിജാബിനുള്ളിലെ സ്ത്രീ സാന്നിധ്യങ്ങളും മാത്രമായിരുന്നു അങ്ങനെ ഒരു ശീലം വളര്‍ത്തിക്കൊണ്ട് വന്നത്. എന്റെ വസ്ത്രധാരണ ശീലം പോലെ തന്നെ നാട്ടിലും സ്‌കൂളിലും മഫ്തക്കുള്ളില്‍ ഞാന്‍ സുരക്ഷിതയായിരുന്നു. എന്നാൽ, ഈ സാഹചര്യങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമായ ഒരു ക്രിസ്ത്യന്‍ മാനേജ്മന്റിന് കീഴിലുള്ള കാമ്പസില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് സമൂഹത്തില്‍ വേറിട്ട ജീവികള്‍ ആണ് മഫ്തധാരിണികള്‍ എന്ന് മനസിലാക്കിയത്. തട്ടമിട്ട കുട്ടികള്‍ മൊഞ്ചുള്ള കുട്ട്യാളാന്നു പാടി നടക്കുമ്പോള്‍ തന്നെ മഫ്തക്കുള്ളിലെ വീര്‍പ്പ് മുട്ടുന്ന പെണ്‍കുട്ടികളെ പുറത്തു ചാടിക്കാന്‍ ഒരുപാട് ‘ഏട്ടന്മാര്‍’ രംഗത്ത് വന്നു. മതം ഞങ്ങളില്‍ നിന്ന് മറച്ചു വെക്കുന്ന, ഞങ്ങള്‍ മനസ്സിലാക്കാത്ത കുറെ പാഠങ്ങളെ ആവര്‍ത്തിച്ച് പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു.

ക്ലാസ്സുകളിലെ സംഭാഷണങ്ങള്‍ക്കിടയിൽ അറിയാതെ ഒരു ‘ഇസ്‌ലാമോ’, ‘മുസ്‌ലിമോ’ വീണാല്‍ വര്‍ഗീയവാദിയായി മാറും. നിരീക്ഷിക്കപ്പെടും. ഇംഗ്ലീഷ് literature വിദ്യാര്‍ഥി എന്ന നിലക്ക് ‘ലിബറല്‍’ ആയി ചിന്തിക്കുക എന്നത് അടിസ്ഥാനമായിരിക്കെ തീര്‍ത്തും പ്രാചീന ചുവയുള്ള പ്രാകൃത വേഷം അണിയുന്ന എന്റെ വാക്കുകളില്‍, ഇടപെടലുകളിൽ ഒക്കെയും ഒരു മതതീവ്രവാദിയെ അവര്‍ വളര്‍ത്തിയെടുത്തു. ‘പണ്ട് സ്ത്രീകളുടെ കാലുകളെ പോലെ തോന്നിക്കുന്നു എന്നും പറഞ്ഞ് അലമാരിയുടെ കാലുകളില്‍ stockings ഇട്ടു കൊടുക്കുമായിരുന്നു. ‘സംറ മഫ്ത ഇടും പോലെ’ എന്ന് പറഞ്ഞു ക്ലാസ്സില്‍ എല്ലാവരെയും കൂടെ മാഷ് ചിരിച്ചപ്പോള്‍ കൂടെ ചിരിക്കുകയല്ലാതെ സ്വന്തത്തെ ന്യായീകരിക്കാന്‍ ഞാന്‍ നിന്നില്ല. ജീവനില്ലാത്ത വസ്തു മറക്കുന്നതിലെന്തു കാര്യമെന്ന് ചോദിക്കുന്നവരോട് ഇത് എന്റെ വിശ്വാസ പ്രഖ്യാപനമാണെന്ന് ന്യായീകരിക്കുന്നതിലെന്തു കാര്യം..!!! മഫ്തയിലെ അപകടത്തെ പലപ്പോഴും പല രീതിയിലും എല്ലാവരോടും എന്നോടും വിശദീകരിച്ചു കൊണ്ട് കുട്ടികളെ ‘progressive’ ആയി ചിന്തിക്കാന്‍ അധ്യാപകര്‍ സദുപദേശം നല്‍കുമ്പോൾ മനസ്സിലെവിടെയോ പഠിപ്പിക്കുന്ന അധ്യാപകരോട് വരെ വെറുപ്പ് തോന്നിയിട്ടുണ്ട്. ‘ഫിലിം സ്റ്റഡീസി’ന്റെ ഭാഗമായി സെമിനാര്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരെയും ചോദ്യം ചെയ്തത് പോലെ ആഴത്തിലുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും പ്രതീക്ഷിച്ചിരിക്കെ, ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയിൽ നിന്നു വന്ന ഒരു ചോദ്യം, ‘നിങ്ങള്‍ക്ക് സിനിമ ഒക്കെ കാണാന്‍ പറ്റ്വോ?’ എന്നാണ്.

കാമ്പസിലെ എല്ലാ പരിപാടികളിലും tea talk കളിലും സെമിനാറുകളിലും ഫ്രണ്ട് സര്‍ക്കിളുകളിലും ഭാഗമായിരിക്കെ തന്നെ ഞാന്‍ അവരില്‍ നിന്നും വേറിട്ട ഒരു അത്ഭുതമായത് ‘വണ്ടി ഓടിക്കുന്ന ഇത്താത്തയെ’ കണ്ടപ്പോഴാണ്. ഫാഷനും ട്രെൻഡും നിലനിർത്തി ക്യാമ്പസിന്റെ പുറം തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലിബറല്‍ ആയ സെകുലര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇതൊരു ചീത്തപ്പേരായി. അവരുടെ മോഡേണിറ്റിയെ ഇത് ബാധിച്ചു. ‘പര്‍ദ്ദ ധരിച്ചു കാറോടിച്ചു വരുന്ന ഇത്താത്ത’യായപ്പോള്‍ കോളേജിലെ പഞ്ചാര രാഷ്ട്രീയക്കാര്‍ക്ക് ഞാന്‍ സ്വീകാര്യമായി. പക്ഷെ എന്റെ മഫ്ത അപ്പോഴും ഒരു പ്രശ്‌നമായിരുന്നു. എന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു കപടസദാചാരമായി അവരതിനെ വ്യാഖ്യാനിച്ചു. ദൈവിക ചിഹ്നം എന്ന നിലക്ക് കാണുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ ഒരുപാട് ഉണ്ടായിരിക്കെ തന്നെ, പലപ്പോഴും സെന്റ് ഓഫ്കളിലെയും സംഘ ഗാനങ്ങളിലെയും ഡ്രസ്സ് കോഡ്കള്‍ക്ക് ഒരു ‘മറ’ ആയി മാറി. വിദ്യാഭ്യാസത്തിലും ആര്‍മാദങ്ങളിലും ആഘോഷങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയത്തിന് എപ്പോഴും വിനയാവുന്നതും ഈ ‘മറ’ ആണ്. അങ്ങനെയാണ് മുസ്‌ലിം പെണ്ണിനെ നിര്‍വചിക്കുന്ന രാഷ്ട്രീയം ഒളിഞ്ഞുകിടക്കുന്നത് കാമ്പസുകളിലെ സഖാക്കളുടെയും അച്ചായന്മാരുടെയും സംരക്ഷണത്തിലാണെന്നും തട്ടത്തിനുള്ളിലെ മൊഞ്ച് കാത്തു സൂക്ഷിക്കല്‍ ‘മഫ്ത’ വലിച്ചൂരിക്കൊണ്ടുമാണെന്നു ബോധ്യപ്പെട്ടത്!!!


Illustration Credit: Fahmida Azim for The Intercept

ഉമ്മുൽ ഫായിസ/ഡോ. വർഷ ബഷീർ/ഫാസില എ.കെ/സംറ അബ്ദുറസാഖ്