Campus Alive

ഹിജാബ്: മുതലാളിത്തത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നുള്ള വിമോചനോപാധി

സമൂഹത്തിലെ ആണധികാര വ്യവസ്ഥയുടെ ഇരകളാണ് പലപ്പോഴും മുസ്‌ലിം സ്ത്രീകൾ, പക്ഷേ അവരുടെ ജീവിതഗതിയെ നിർണയിക്കാൻ പോന്നവർ കൂടിയാണവർ. സൂക്ഷ്മവും അനിശ്ചിതവുമായ ഈ വസ്തുതയെ നിഷേധിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളെ വെറും ഇരകളെന്ന അർത്ഥത്തിൽ മാത്രം സമീപിക്കുന്നതിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. തന്റെ വിശ്വാസത്തിനും ഫെമിനിസ്റ്റ് സ്വത്വത്തിനുമിടയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട നിർബന്ധിതാവസ്ഥയിലേക്ക് ഒരു സ്ത്രീയെ എത്തിക്കുന്നതിലൂടെ ലിബറലുകൾ എങ്ങനെയാണ് ‘മതം vs ആധുനികത’ എന്ന ദ്വന്ദം അവളിൽ അടിച്ചേൽപ്പിക്കുന്നതെന്ന് എഴുത്തുകാരിയും അക്കാദമിക വിദഗ്ധയുമായ ബി.എസ് ഷെറിൻ അവരുടെ ‘Gendering Minorities: Muslim Women And Politics of Modernity’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം സ്ത്രീയെ ‘അനാവരണം’ ചെയ്യുകയെന്നത് ഒരു കൊളോണിയൽ/പാശ്ചാത്യൻ ഫാന്റസിയായിരുന്നു എന്നും, പക്ഷേ ഇപ്പോൾ എല്ലാ വിഭാഗം ഫെമിനിസ്റ്റുകളും ‘മുസ്‌ലിം സ്ത്രീ സംരക്ഷണം’ എന്ന പേരിൽ ആ ഫാന്റസിയെ അശ്രദ്ധമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ വാദിക്കുന്നു. മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള അമിതമായ ഈ ആകുലതകളെ ചൂണ്ടിക്കാണിക്കുന്ന അവർ, “വലിയ പൊട്ടുകൾ ധരിക്കുകയും അതിനെ തങ്ങളുടെ സാംസ്കാര പ്രകടനത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന ‘പുരോഗമന ഫെമിനിസ്റ്റുകൾ’ നമുക്കിടയിലുണ്ട്. പക്ഷേ, ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് ഇത് സാധ്യമല്ല… ബിന്ദി ഒരാളുടെ തിരഞ്ഞെടുപ്പായി പരിഗണിക്കുമെങ്കിലും ഹിജാബോ ബുർഖയോ ആണെങ്കിൽ അതിനെ അടിച്ചേൽപ്പിച്ചതായേ കണക്കാക്കുകയുള്ളൂ,” എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. ബി.എസ് ഷെറിൻ ടൈംസ് ഓഫ് ഇന്ത്യയിലെ സുധ നമ്പൂതിരിയുമായി നടത്തിയ ഇ-മെയിൽ അഭിമുഖത്തിന്റെ മലയാള വിവർത്തനം വായിക്കാം.


ന്യൂനപക്ഷ സമുദായത്തിന്റെ പുരുഷാധികാര സംസ്കാരത്തിൽ നിന്ന് രക്ഷപ്പെടുത്തേണ്ട ഇരകളാണോ മുസ്‌ലിം സ്ത്രീകൾ എന്നതാണ് മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം. ഇടതുപക്ഷ സ്ത്രീവാദം, ഹിന്ദുത്വാനുകൂല കക്ഷികളുടെ വലതുപക്ഷ രാഷ്ട്രീയ ചട്ടക്കൂട്, മതേതര കക്ഷികൾ എന്നിങ്ങനെ നിരവധി ഘടകങ്ങളാൽ നെയ്തെടുക്കപ്പെട്ട ഒരു ആഖ്യാനം എന്ന നിലക്കാണ് താങ്കളീ ചർച്ചയെ വ്യാഖ്യാനിച്ചിരിക്കുന്നത്.

ബി.എസ് ഷെറിൻ: വ്യത്യസ പരിപ്രേക്ഷ്യങ്ങളിൽ നിന്നാണ് ‘മുസ്‌ലിം സ്ത്രീ സംരക്ഷണം’ എന്ന രാഷ്ട്രീയ അജണ്ട ഉയർന്നു വരുന്നത്. വലതുപക്ഷ ദേശീയത, പാശ്ചാത്യൻ സാമ്രാജ്യത്വം, സ്ത്രീവാദ രാഷ്ട്രീയം എന്നിവയുടെ വളരെ അസ്വാഭാവികമായ മിശ്രണം വരെ മുസ്‌ലിം സ്ത്രീ സംരക്ഷണം എന്നതിന്റെ ഭാഗമായി ഒരു ഘട്ടത്തിൽ നമുക്ക് കാണാനാവും.

ഗായത്രി ചക്രവർത്തി സ്പിവാക്ക് ചൂണ്ടിക്കാണിച്ച പോലെ, ചരിത്രപരമായി, ‘തവിട്ട് പുരുഷന്മാരിൽ നിന്നും തവിട്ട് സ്ത്രീകളെ രക്ഷിക്കുക’ എന്ന കൊളോണിയൽ ഭാരം കെളോണിയലിസത്തിനുള്ള ന്യായീകരണമായിരുന്നു. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയിൽ ലിബറൽ ഫെമിനിസ്റ്റുകൾ ഉയർത്തിയ ‘save Afghan women’ ക്യാമ്പയിൻ അഫ്ഗാന് മുകളിലുള്ള അമേരിക്കയുടെ രാഷ്ട്രീയ താൽപര്യങ്ങളെ ന്യായീകരിക്കുന്നതായിരുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ ഒരു ദേശത്തെയൊന്നടങ്കം ബോംബ് വെച്ച് തകർക്കുന്നതിലെ വൈരുദ്ധ്യത്തെ ലൈല അബൂ ലുഗ്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽ, മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനും അവരുടെ അവകാശ സംരക്ഷണത്തെ കുറിച്ചുമുള്ള അമിതമായ ഈ ഉത്കണ്ഠ വ്യത്യസ്ത രാഷ്ട്രീയ ശ്രേണികളും ദരിദ്ര രാഷ്ട്രങ്ങൾക്കു മേലുള്ള പാശ്ചാത്യൻ അധിനിവേശവും തയ്യാറാക്കുന്ന രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി പലപ്പോഴും മാറാറുണ്ട്. സ്ത്രീപക്ഷവാദികൾക്കും വലതുവക്ഷ ദേശീയവാദികൾക്കും ഒരേ അജണ്ടയാണെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. പക്ഷേ കാലക്രമേണ, വ്യത്യസ്ത ഘടകങ്ങൾ കൂടിച്ചേർന്ന ഒരു ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തിൽ മുസ്‌ലിം സ്ത്രീകളുടെ നീതിക്ക് വേണ്ടി ഉയരുന്ന ലിബറൽ മുറവിളികൾ മുസ്‌ലിം സമുദായത്തെ കുറിച്ചും സവിശേഷമായി, മുസ്‌ലിം പുരുഷന്മാരെ ആധുനികതയുടെ അപരരായി ചിത്രീകരിക്കുന്ന തരത്തിൽ വാർപ്പുമാതൃകകൾ സൃഷ്ടിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

ഗായത്രി ചക്രവർത്തി സ്പിവാക്ക്, ലൈല അബൂലുഗ്ദ്

ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ മുസ്‌ലിം സ്ത്രീയെയും ഫെമിനിസത്തെയും ബന്ധപ്പെടുത്തുന്ന വേളയിൽ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. സ്ത്രീപക്ഷവാദ പ്രതികരണങ്ങൾ കൃത്യവും ഉത്തരവാദിത്വപൂർണവും ആയിരിക്കണം. മുസ്‌ലിം സമുദായത്തിനകത്തെ ആഭ്യന്തരമായ മതകീയ പുരുഷാധികാരത്തെ കുറിച്ച് ഇന്ത്യയിലെ സ്ത്രീപക്ഷവാദികൾ വാചാലരാവുമെങ്കിലും മുസ്‌ലിം സ്ത്രീകൾ ഈ രാജ്യത്ത് അനുഭവിക്കുന്ന ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ കുറിച്ച് സംസാരിക്കാൻ സമാനമായ ഉത്സാഹം അവർ കാണിക്കുന്നതായി കാണാൻ കഴിയില്ല. ഉദാഹരണത്തിന്, തൊഴിൽ ക്ഷാമം, ആരോഗ്യമേഖല പോലെ മറ്റു മേഖലയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ നിഷേധം, വ്യദ്യാഭ്യാസ അവസരങ്ങളുടെ നിഷേധം – ന്യൂനപക്ഷ വിദ്യാർത്ഥകളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള മൗലാനാ ആസാദ് സ്കോളർഷിപ്പ് ഭരണകൂടം നിർത്തലാക്കിയത് ഈയടുത്താണ് – അല്ലെങ്കിൽ രാഷ്ട്രീയ കാലുഷ്യങ്ങളുടെ ഘട്ടങ്ങളിൽ മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികൾ, എന്നിവയൊന്നും മുസ്‌ലിം സ്ത്രീകളുടെ പർദ്ദയെ കുറിച്ചും അല്ലെങ്കിൽ മുസ്‌ലിം സമുദായത്തിനകത്തെ പുരുഷാധികാര നിലപാടുകളെന്ന് വിളിക്കപ്പെടുന്നവ സ്ത്രീപക്ഷവാദ വ്യവഹാരങ്ങളുടെ വിഷയമാവുന്നത് പോലെ വിഷയമാവില്ല.

ഇസ്‌ലാമിലെ മുസ്‌ലിം സ്ത്രീയുടെ ഇരവൽക്കരണത്തിനും വ്യക്തി നിയമത്തിലെ അവരുടെ കർതൃത്വത്തിനും ലഭിക്കുന്ന അമിതമായ ഈ ശ്രദ്ധ ഒരു നിർമ്മിതിയാണ്. കൊളോണിയലിസവും പിൽക്കാലത്ത് ഭൂരിപക്ഷ ദേശീയവാദം വികസിപ്പിച്ച മുഖ്യധാരാ രാഷ്ട്രീയ അജണ്ടയും ഇതിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്. കൊളോണിയലിസത്തിന്റെ കാര്യത്തിൽ, ആധുനികതയുടെ അപരം എന്ന നിലയിൽ ഇസ്‌ലാമിനെ കാണുന്ന പാശ്ചാത്യൻ ആശയത്തിൽ നിന്നാണ് ഇത് വരുന്നത്. ഭൂരിപക്ഷ ദേശീയവാദ അജണ്ടയാവട്ടെ, ഇന്ത്യാ വിഭജനം മുതൽ തന്നെ രാഷ്ട്രീയാധികാരം ക്ഷയിച്ചു തുടങ്ങിയ ഒരു സമുദായത്തിനെതിരെയുള്ള കൊളോണിയൽ മുൻവിധികളെ ശക്തിപ്പെടുത്തി കൊണ്ട് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുകയും ചെയ്തു. ഈ യാഥാർത്ഥ്യത്തെ സ്ത്രീപക്ഷവാദം അവഗണിക്കുകയാണ് ചെയ്തത്.

നെറ്റിയിൽ കുറി തൊട്ട് ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളായാലും അല്ലെങ്കിൽ ഹിജാബ്/നിഖാബ് ധരിക്കുന്ന സ്ത്രീകളായാലും ഇവരെയൊക്കെ ആധുനിക സമൂഹത്തിൽ ജീവിക്കവെ തന്നെ മത വിശ്വാസത്തെ പിന്തുടരാൻ സ്വയം തയ്യാറായ സ്ത്രീകൾ എന്നതിനപ്പുറം മതപരവും യാഥാസ്ഥിക ചിന്താ രീതിയുമുള്ളവരായി വർഗ്ഗീകരിക്കുന്നത് എന്ത് കൊണ്ടായിരിക്കും?

മതത്തെയും ആധുനികതയെയും എല്ലാകാലത്തും ദ്വന്ദങ്ങളായാണ് കാണാറുള്ളത്. ആധുനികനാവാൻ ഒരാൾ പൊതു ഇടത്തിൽ മതത്തിന്റെ എല്ലാ അടയാളങ്ങളെയും ഉപേക്ഷിക്കേണ്ടതുണ്ട്. ഫെമിനിസം ആശയപരമായി തന്നെ മതത്തെ എതിർക്കുന്ന രാഷ്ട്രീയമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്, കാരണം അതിന്റെ ആധുനിക യുക്തി പ്രകാരം സർവ്വ മതങ്ങളും പുരുഷാധികാര വ്യവസ്ഥിതിയിലധിഷ്ടിതം ആണ്/ആയിരുന്നു.

Gendering Minorities: Muslim Women And Politics of Modernity

പക്ഷേ സൂക്ഷിച്ചു നോക്കിയാൽ ജനങ്ങളുടെ പൊതു ജീവിതത്തിൽ ഇതിങ്ങനെയല്ല പ്രവർത്തിക്കുന്നതെന്ന് കാണാം. ആധുനികതയുടെയും സെക്കുലറിസത്തിന്റെയും ആശയങ്ങൾ ഏതൊക്കെ തരത്തിൽ പക്ഷപാതിത്വപരമാണ് എന്നത് പോസ്റ്റ്-സെക്കുലർ ചിന്തകൾ കാണിച്ചു തന്നിട്ടുണ്ട്. മത ചിഹ്നങ്ങളുടെ അർത്ഥങ്ങൾ വളരെയധികം സാന്ദർഭികമാണ്. പൊട്ടിനെ അല്ലെങ്കിയിൽ ഭസ്മക്കുറിയെ പർദ്ദയെ പരിഗണിക്കുന്നത് പോലെയല്ല പരിഗണിക്കാറുള്ളത്. വലിയ പൊട്ടുകൾ ധരിക്കുകയും തങ്ങളുടെ സാംസ്കാര പ്രകടനത്തിന്റെ ഭാഗമായി അതിനെ കാണുകയും ചെയ്യുന്ന ‘പുരോഗമന ഫെമിനിസ്റ്റുകൾ’ നമുക്കിടയിലുണ്ട്. പക്ഷേ, ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് ഇത് സാധ്യമല്ല. ഹിജാബിന്റെയോ ബുർഖയുടെയോ ദൃശ്യത അവളെ ഫെമിനിസ്റ്റ് ഇടങ്ങളിൽ നിന്ന് മാറ്റിനിർത്തുക മാത്രമേ ചെയ്യുകയുള്ളൂ. ബിന്ദി ഒരാളുടെ തിരഞ്ഞെടുപ്പായി പരിഗണിക്കുമെങ്കിലും ഹിജാബോ ബുർഖയോ ആണെങ്കിൽ അതിനെ അടിച്ചേൽപ്പിച്ചതായേ കണക്കാക്കുകയുള്ളൂ. ആധുനിക ലോകത്ത് അനേകം വസ്ത്രധാരണ രീതികൾ നമുക്കുണ്ടെങ്കിലും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണമാണ് അരിച്ചു പെറുക്കി പരിശോധനക്ക് വിധേയമാക്കാറുള്ളത്. നമ്മുടെ സമൂഹത്തിൽ ഒരു ഔപചാരിക പരിപാടിയിലും അനൗപചാരിക പരിപാടിയിലും എന്ത് ധരിക്കണമെന്നത് കൃത്യമായി നിർണിതമാണ്. പക്ഷേ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ കാണിക്കുന്ന ഉത്കണ്ഠ ഈ അടിച്ചേൽപ്പിക്കലിൽ ആരും കാണിക്കില്ല. ഒരാൾ മിനി സ്കേർട്ട് ധരിക്കുന്നതും മുടി കളർ ചെയ്യുന്നതും വിമോചനത്തിന്റെ ഭാഗമായി കാണാറുണ്ടെന്നും, അതേസമയം ഒരാൾ ഒരു മതകീയ ധാർമ്മിക ബോധത്തിൽ വിശ്വസിക്കുകയും ആ വിശ്വാസത്തിന്റെ ഭാഗമായി പ്രത്യേക തരം വസ്ത്ര ധാരണ രീതി പിന്തുടരുകയും ചെയ്യുന്നതിനെ പുരുഷാധികാരത്താൽ രൂപപ്പെട്ട ഒന്നായി കാണുകയും ചെയ്യുന്നുവെന്ന് പ്രശസ്ത നരവംശ ശാസ്ത്രജ്ഞ സബാ മഹ്മൂദ് പറയുന്നുണ്ട്. ഈ രണ്ട് കാഴ്ചപ്പാടുകളെയും ഒരാളെങ്ങനെയാണ് ബാലൻസ് ചെയ്യുക?

മുസ്‌ലിം സ്ത്രീകൾക്ക് അടുക്കളയിൽ ഭക്ഷണം വിളമ്പുന്നതിനെയും അവർ പുരുഷന്മാർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാത്തതിനുമെതിരെ അടുത്തിടെ മലയാള സിനിമാ നടി നിഖില വിമലിന്റെ ഒരു കമന്റ് ഉണ്ടായിരുന്നു. ലിബറൽ സ്ത്രീകൾക്ക് പോലും മാതൃകയായ അറക്കൽ ബീവിയുടെ പശ്ചാത്തലത്തിൽ കണ്ണൂരിനെ കുറിച്ചുള്ള നിഖിലയുടെ ഈ കമന്റിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇതു തന്നെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ച അശ്രദ്ധ. മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള ഈ അമിതമായ ആകുലതയും മുസ്‌ലിം സ്ത്രീയെ പ്രാചീനതയുടെ അടയാളമായി ഉപയോഗിക്കാനുള്ള സവിശേഷമായ ‘ഫെമിനിസ്റ്റ് ഭാരവും’ ഒക്കെ പുരുഷനോടൊപ്പം ഭഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് സർവ്വ സ്ത്രീകളും എന്ന യൂണിവേഴ്സൽ ധാരണയിൽ നിന്നുണ്ടാവുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത യാഥാർത്ഥ്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന പ്രയോഗരീതികൾ എല്ലാ സംസ്കാരങ്ങൾക്കുമുണ്ട്. ഇത്തരം പശ്ചാത്തലങ്ങളെക്കുറിച്ച് ഒരാൾക്ക് ധാരണയില്ലാതിരിക്കെ അവയെക്കുറിച്ച് അടച്ചുള്ള പ്രസ്താവനകൾ നടത്താതിരിക്കുന്നതാണ് ഉത്തമം. രാഷ്ട്ര സംവിധാനങ്ങളും ഭൂരിപക്ഷാധിപത്യത്തിന്റെ ഹിംസകളും കാരണം മുസ്‌ലിങ്ങൾ/മുസ്‌ലിം സ്ത്രീകൾ കടന്നു പോവുന്ന അതിക്രമങ്ങളെ കുറിച്ച് അതേ വ്യക്തിക്ക് ഖേദം തോന്നാത്തതിൽ നിന്ന് തന്നെ ഇതിലെ അസന്തുലിതത്വം പ്രകടമാണ്.

പർദ്ദ നിർബന്ധമാക്കപ്പെടുന്നത് മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് അവരുടെ സ്വത്വത്തിലുണ്ടാവുന്ന മാറ്റമാണോ? അതുപോലെ, പർദ്ദ ധരിക്കുകയെന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണോ അതല്ല, രാഷ്ട്രീയവും സാമൂഹികവുമായി അരക്ഷിതാവസ്ഥയുമായി ബന്ധപ്പെട്ട ഒരു സന്ദേശമാണോ?

പർദ്ദയോടുള്ള പ്രതികരണങ്ങളെ ചരിത്രപരമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. അൾജീരിയൻ സ്ത്രീകളെ നഗ്നരായി ചിത്രീകരിക്കുന്ന ഫ്രെഞ്ച് പോസ്റ്റ് കാർഡുകളെ കുറിച്ച് മാലിക് അല്ലൗല പഠിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളെ അനാവരണം (Unveil) ചെയ്യുകയെന്നത് ഒരു കൊളോണിയൽ ഫാന്റസിയായിരുന്നു എന്ന് ഈ പഠനം വാദിക്കുന്നു.

മാലിക് അല്ലൗല

പർദ്ദയെ ഒരു മർദ്ദകോപാധിയായി കാണുന്ന ഫെമിനിസ്റ്റ് ആകുലതകളോട് സംവദിച്ചു കൊണ്ട് ഒരു ക്യാപ്പിറ്റലിസ്റ്റ് ഉപഭോഗ സംസ്കാരത്തിനകത്ത് ഐഡിയൽ സ്ത്രീയെ കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങളിൽ നിന്നുള്ള വിമോചനോപാധിയായി ഹിജാബിനെ കാണാൻ സാധിക്കുമെന്ന് കാതറിൻ ബുള്ളക്ക് വാദിക്കുന്നുണ്ട്. അനുഷ്ഠാനിയായ ഒരു മുസ്‌ലിം സ്ത്രീയെ അവരുടെ പൊതു ഇടവുമായി പലതരത്തിൽ ബന്ധിപ്പിക്കുന്ന ഒന്നാണ് പർദ്ദ. ഇതിനെ അംഗീകരിക്കാതിരിക്കുന്നു എന്നതാണ് മുസ്‌ലിം സ്ത്രീകളെ ചൊല്ലിയുള്ള ഫെമിനിസ്റ്റ് ആകുലതകളിലടങ്ങിയിരിക്കുന്ന ഹിംസ. വിശ്വാസത്തെയോ അല്ലെങ്കിൽ ലിബറിലസത്തെയോ സ്വീകരിക്കാൻ വേണ്ടി ഒരു സ്ത്രീയെ നിർബന്ധിക്കുക വഴി ഫെമിനിസം അതിന്റെ തന്നെ അധികാരത്തെയും മർദ്ദക തന്ത്രങ്ങളെയും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. പല സമയത്തും നാം തിരഞ്ഞെടുത്തതെന്ന് നാം കരുതുന്ന നമ്മുടെ വസ്ത്രധാരണങ്ങൾ നമ്മുടെ തിരഞ്ഞെടുപ്പുകളായിരിക്കില്ല. മറിച്ച്, ഫാഷൻ ഇൻഡസ്ട്രികളും, ക്യാപ്പിറ്റലിസവും മറ്റ് സ്ഥാപനങ്ങളുമാണ് നമുക്ക് വേണ്ടി അത് തിരഞ്ഞെടുക്കുന്നത്…

കേരളത്തിലെ ലിബറലുകളിൽ നിന്ന് ഞാൻ പലപ്പോഴും കേട്ടിട്ടുള്ള ഒരു നിലവിളിയാണ് “മുൻപ് മുസ്‌ലിം സ്ത്രീകൾ ബുർഖ ധരിച്ചിരുന്നില്ല. അവർക്ക് നമ്മുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന വസ്ത്രങ്ങളുണ്ടായിരുന്നു,” എന്നത്. പക്ഷേ എന്തുകൊണ്ടാണ് ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളും മുൻപ് ധരിച്ചു കൊണ്ടിരുന്ന വസ്ത്രങ്ങളല്ല ഇപ്പോൾ ധരിക്കുന്നതെന്ന് നാം ചിന്തിക്കാത്തത്? അവരും സാംസ്കാരികമായുള്ള വസ്ത്രധാരണത്തെ ഉപേക്ഷിച്ച് സമകാലിക ഫാഷൻ വസ്ത്രധാരണ രീതികളെ സ്വീകരിച്ചവരാണ്. തങ്ങളുടെ വിശ്വാസത്തിനും ശേഷിക്കും സൗകര്യത്തിനും അനുയോജ്യമായ വസ്ത്രങ്ങളാണ് മുസ്‌ലിം സ്ത്രീകൾ തിരഞ്ഞെടുക്കുക. പൊതു മണ്ഡലത്തിലെ മതത്തിന്റെ ദൃശ്യത ബാബരിയാനന്തര ഇന്ത്യയിൽ ഒരു യാഥാർത്ഥ്യമാണ്. ഇത് മുസ്‌ലിങ്ങളെ സംബന്ധിച്ച് മാത്രമുള്ള യാഥാർത്ഥ്യമല്ല, മുഖ്യധാരയിലെ മറ്റുള്ളവരുടെ സ്വത്വ പ്രകാശനങ്ങളെ കുറിച്ച് പലപ്പോഴും ആരും സംസാരിക്കാറില്ല.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ഒരുപാട് സ്ത്രീകളുടെ രചനകളെ കുറിച്ച് താങ്കളുടെ പുസ്തകം ഗവേഷണം നടത്തിയിട്ടുണ്ട്. അവരുടെ രചനകളുടെ സ്വാധീനത്തെ കുറിച്ച് വിശദീകരിക്കാമോ?

കേരള ആധുനികതയോടും നവീകരണ പ്രസ്ഥാനങ്ങളോടുമുള്ള മുസ്‌ലിം ഇടപെടലുകളെ വളരെ വിരളമായി മാത്രമേ നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളൂ. നവീകരണ പ്രസ്ഥാനങ്ങളിൽ മുസ്‌ലിം സ്ത്രീകൾ വഹിച്ച പങ്ക് നിലവിലുള്ള രാഷ്ട്രീയ-ഫെമിനിസ്റ്റ് ചരിത്രങ്ങളിലൊന്നും വന്നിട്ടില്ല. 2006-ൽ എന്റെ ഗവേഷണം ആരംഭിച്ചപ്പോൾ അന്നത്തെ എഴുത്തുകാരിയും പത്രാധിപയും രാഷ്ട്രീയ പ്രവർത്തകയുമായ ഹലീമ ബീവിയെ കുറിച്ച് ലഭ്യമായ ഒരേയൊരു അവലംബം അവരെക്കുറിച്ചുള്ള ജെ. ദേവികയുടെ സമാഹാരമായിരുന്നു. ഹലീമ ബീവിയുടെ പ്രസംഗമായിരുന്നു അത്. മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള ഷംഷാദ് ഹുസൈന്റെ രചനയും ഹലീമ ബീവിയുടെ പ്രവർത്തനങ്ങളോട് സംവദിക്കുന്നുണ്ട്. പക്ഷേ 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നു ഇത്. അതുവരെ, മാധ്യമം, ചന്ദ്രിക പോലുള്ള ചില വാരികകളല്ലാതെ കേരളത്തിലെ മതേതര ചരിത്രകാരന്മാരോ പ്രസാധകരോ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലെ പങ്കാളികളെന്ന നിലയിൽ മുസ്‌ലിം സ്ത്രീകളുമായി ഇടപെട്ടിരുന്നില്ല.

എം. ഹലീമാബീവിയുടെ ജീവിതം, പത്രാധിപർ

സ്വന്തമായി പ്രസാധനാലയം നടത്തിയിരുന്ന ഒരു മുനിസിപ്പൽ കൗൺസിലറായിരുന്നു ഹലീമാ ബീവി. തന്റെ സ്വന്തം അച്ചടിശാലയിൽ സർ സി.പി ഭരണകൂടത്തിനെതിരെ ലഘുലേഖകൾ വരെ അച്ചടിച്ച അവർ കേരളത്തിന്റെ മാധ്യമ പ്രവർത്തന രംഗത്ത് വളരെ സവിശേഷമായ സംഭാവനകളാണ് നൽകിയത്. കൂടാതെ, ചങ്ങമ്പുഴ, തകഴി, ഓ.എൻ.വി, ബാലാമണി അമ്മ തുടങ്ങിയ അനേകം എഴുത്തുകാർ അവരുടെ ജേണലിൽ എഴുതാറുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ കുറച്ചുകാലം അവരുടെ ജേണലിൽ ജോലി ചെയ്തിരുന്നു. മുസ്‌ലിം വനിത, ഭാരത ചന്ദ്രിക, വനിത, ആധുനിക വനിത എന്നിവയൊക്കെ ഈ മുസ്‌ലിം സ്ത്രീ തുടങ്ങി പ്രസിദ്ധീകരിച്ച ആനുകാലികങ്ങളായിരുന്നു. ഹലീമ ബീവിയുടെ സംഭാവനകൾക്കുള്ള ഏറ്റവും വലിയ കൃതജ്ഞതയാണ് 2022-ൽ പ്രസിദ്ധീകരിച്ച യുവ മുസ്‌ലിം സ്ത്രീകളായ നൂറ, നൂർജഹാൻ എന്നിവർ ചേർന്നെഴുതിയ പത്രാധിപ എന്ന തലക്കെട്ടിലുള്ള ജീവചരിത്രം. ഹലീമ ബീവിയെക്കൂടാതെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ചെറിയ ചെറിയ ജേണലുകളിൽ എഴുതിയിരുന്ന അനേകം മുസ്‌ലിം സ്ത്രീകൾ വേറെയുമുണ്ടായിരുന്നു. സ്വത്വം, മതവും ആധുനികതയും തമ്മിലുള്ള സംഘർഷങ്ങൾ, വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത, തൊഴിൽ തുടങ്ങിയ അനേകം വിഷയങ്ങളായിരുന്നു പ്രസ്തുത ലേഖനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നിരുന്നാലും, മുസ്‌ലിം സ്ത്രീകളെ ഇരകളായി ചിത്രീകരിക്കുന്ന കേരള ആധുനികതയെക്കുറിച്ചുള്ള ചരിത്രങ്ങൾ ഇത്തരം ശ്രമങ്ങളെ രേഖപ്പെടുത്തിയിട്ടില്ല. സ്ത്രീകളെ പീഡിപ്പിക്കുന്ന കുടുസ്സായ ഘടനകളുള്ള, ആധുനിക വിരുദ്ധരായ, ഒരു മർദ്ദക സമുദായമെന്ന നിലയിൽ സമുദായത്തെക്കുറിച്ച് എഴുതുന്ന മുസ്‌ലിം സ്ത്രീ എഴുത്തുകാരികൾ മാത്രമാണ് മുഖ്യധാരയ്ക്ക് സ്വീകാര്യമായ എഴുത്തുകാരികൾ.

ആധുനിക വേഷഭാവങ്ങളുള്ള മുസ്‌ലിം വിശ്വാസികളെയും ശരിയായ ലിബറലുകളായി മനസ്സിലാക്കുന്ന ഫെമിനിസ്റ്റ്, നോൺ പ്രാക്ടീംസിംഗ് മുസ്‌ലിങ്ങളെയും താങ്കൾ ഒരേപോലെ മനസ്സിലാക്കുന്നു. ഇസ്‌ലാം അനുഷ്ഠിക്കുന്നവർക്ക് മതത്തെ ശരിയായ അർത്ഥത്തിൽ വിമർശിക്കാൻ സാധിക്കുമോ? അവർ സമുദായത്തിൽ നിന്ന് പുറത്തു പോകാൻ അത് കാരണമാവില്ലേ?

മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്‌ലാമിനും പ്രവർത്തിക്കാനാവശ്യമായ ഒരു ആന്തരിക ഇടമുണ്ട്. വിശ്വാസത്തിന്റെയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ, ഭക്തി സംഘങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, സാംസ്കാരിക സംഘടനകൾ, സർഗ്ഗാത്മക സംഘങ്ങൾ തുടങ്ങിയവയൊക്കെ ഇസ്‌ലാമിനകത്തുമുണ്ട്. ‘മുസ്‌ലിം സ്ത്രീയെ പ്രഹരിക്കുന്ന ഇസ്‌ലാ’മിന് ലഭിക്കുന്ന ദൃശ്യത ഏറെ ശ്രദ്ധേയമാണ്, എന്നാൽ അനുഷ്ഠാനിയായ ഒരു മുസ്‌ലിം സ്ത്രീക്ക് ഈ സ്വീകാര്യത പൊതുയിടത്തിൽ നിന്ന് ഒരിക്കലും ലഭിക്കുകയുമില്ല. ലിബറൽ രാഷ്ട്രീയ സർക്കിളുകളിൽ സ്വീകാര്യത ലഭിക്കാൻ മതത്തെ വിമർശിക്കുകയെന്നത് ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് അനിവാര്യതയാണ്. പക്ഷേ, ഹിന്ദു സ്ത്രീയെ ഈ അനിവാര്യത ബാധിക്കുകയില്ല. മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വളരെ സവിശേഷമായ ചില സന്ദർഭങ്ങളില്ലാതെ (ശബരിമല പ്രവേശനം പോലെയുള്ള) ഒരു ഹിന്ദു ഫെമിനിസ്റ്റിനോട് മതവുമായുള്ള അവരുടെ ബന്ധത്തെ പറ്റി ആരും ചോദിക്കുകയില്ല. അവരുടെ മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട നിലപാടിനെ വിശദീകരിക്കേണ്ട ആവശ്യവും അവർക്ക് വരില്ല.

ബി.എസ് ഷെറിൻ

ആധുനികതയെ പോലെ തന്നെ മതവും സ്ഥായിയായ ഒന്നല്ല; പക്ഷേ മത ഗ്രന്ഥങ്ങൾ അങ്ങനെയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവരുടെ സാന്നിധ്യം അടക്കം പ്രകടമായ മാറ്റങ്ങൾ മുസ്‌ലിങ്ങൾക്കിടയിൽ പ്രത്യേകിച്ച് കേരള മുസ്‌ലിങ്ങൾക്കിടയിലുണ്ട്. മണ്ഡലാനന്തര ഇന്ത്യൻ കേന്ദ്ര സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള മുസ്‌ലിം വിദ്യാർത്ഥികളുടെ പ്രകടമായ സാന്നിധ്യം തന്നെയുണ്ട്. അവരൊക്കെ അനുഷ്ഠാന മുസ്‌ലിങ്ങൾ ആയിരിക്കെ തന്നെ ഒരു പൂർവ്വാധുനിക മതാധികാര ഘടനയാൽ അടിച്ചമർത്തപ്പെട്ടവരായി ഞാൻ കണ്ടിട്ടില്ല. ആന്തരികമായ ഒട്ടനവധി പരിഷ്കരണ സംവാദങ്ങളിൽ അവർ ഭാഗഭാക്കാവാറുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിനിധാനം ചെയ്യുന്നവരാണവർ എന്നല്ല ഞാൻ പറയുന്നത്. പക്ഷേ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിലും സാമൂഹ്യ മാധ്യമങ്ങളിലുമുള്ള പ്രാക്ടീംസിംഗ് മുസ്‌ലിങ്ങളുടെ സാന്നിധ്യത്തെ കുറിച്ചും ആലോചിച്ചു നോക്കൂ, ഇത്തരം ശബ്ദങ്ങളെ കേൾക്കുക എന്നതും പ്രധാനമാണ്. ഇരവൽക്കരിക്കപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിലെ ലിംഗഭേദത്തെ കുറിച്ച് തീർത്തും വ്യത്യസ്തമായൊരു ചിത്രമാണ് തല്ലുമാല, ഹലാൽ ലൗ സ്റ്റോറി പോലുള്ള സിനിമകൾ മുന്നോട്ടു വെക്കുന്നത്.


വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

ബി.എസ് ഷെറിൻ