Campus Alive

രാഷ്ട്രീയത്തിന്റെ ദുരന്തമോ അരാഷ്ട്രീയ ദുരന്തമോ? ഹല്ലാഖിന്റെ പുസ്തകത്തെക്കുറിച്ച്

(പ്രമുഖ ഇസ്‌ലാമിക നിയമ പണ്ഡിതനായ വാഇ ഹല്ലാഖിന്റെ ഏറെ പ്രസിദ്ധമായ പുസ്തകമാണ് 2009 ൽ പ്രസിദ്ധീകൃതമായ Shari’a: Theory, Practice, Transformations’. ഇസ്‌ലാമിക ശരീഅത്തും ആധുനിക നിയമ വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെ സൂക്ഷ്മമായി പഠനവിധേയമാക്കിയ ഈ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഇസ്‌ലാമിക ശരീഅത്തിനെ മനസ്സിലാക്കുന്നതിൽ തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടതുമാണ്. ഈ പുസ്തകത്തിന് കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക നിയമ വിഭാഗം പ്രൊഫസറായ മുഹമ്മദ് ഫദ്ൽ 2011 ൽ എഴുതിയ നിരൂപണമായ A Tragedy of Politics or an Apolitical Tragedy’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനത്തിന്റെ ഒന്നാം ഭാഗമാണിത്)

 

1.

ദീർഘകാലമായി ഇസ്‌ലാമിക നിയമ പഠനത്തിന് ആമുഖമായി ഗണിക്കപ്പെടാറുള്ളത് ജോസഫ് ഷാഹ്തും (Joseph Schacht) നോയല്‍ കള്‍സനും (Noel Coulson) ചേര്‍ന്നെഴുതിയ പുസ്തകമാണ്. ഇസ്‌ലാമിക നിയമപഠനം അവരിരുവരേയും മറികടന്ന് ഏറെ മുന്നോട്ടു പോയെങ്കിലും അതിനെ പ്രതിഫലിപ്പിക്കുന്ന ഒരു ആമുഖ പഠനം നിലവിലുണ്ടായിരുന്നില്ല. ഈയൊരു പ്രതിസന്ധിയെ മറികടക്കുന്ന ഒന്നാണ് വാഇൽ ഹല്ലാഖിന്റെ ‘Sharia: Theory, Practice, Transformations’ എന്ന പുസ്തകം. ഇസ്‌ലാമിക നിയമത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയിലെഴുതപ്പെട്ട ഏറ്റവും ബൃഹത്തായ പുസ്തകം എന്നിതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇസ്‌ലാമിന്റെ പ്രാരംഭം മുതൽ ഈ കാലം വരെയുള്ള, ഇസ്‌ലാമിക നിയമവും അതിന് മുസ്‌ലിം സമൂഹവുമായുമുള്ള ബന്ധത്തെയും കുറിച്ചുള്ള വിശദമായ പഠനമാണിത്. തുല്യതയില്ലാത്ത ആഴവും പരപ്പും കാരണം ഇസ്‌ലാമിക നിയമത്തെയും നിയമ ചരിത്രത്തെയും കുറിച്ചുള്ള പഠനത്തിന്റെ ഇംഗ്ലീഷിലെ പുതിയ അംഗീകൃത ആമുഖമിതായി മാറുമെന്നുറപ്പാണ്. ആധുനിക ഇസ്‌ലാമികനിയമ പഠന രംഗത്ത് ഫലപ്രദമായൊരു വിപ്ലവം തന്നെ സൃഷ്ടിച്ച ഹല്ലാഖിന്റെ ദീര്‍ഘകാല പഠനങ്ങളുടെ പൂര്‍ണ്ണതയാണ് ഈ പുസ്തകം. 1984 ലെ ‘ഇജ്തിഹാദിന്റെ വാതില്‍ അടഞ്ഞതാണോ’ (Was the Gate of Ijthihad Closed?) എന്ന ലേഖനത്തോടെ ആരംഭിച്ച അദ്ദേഹത്തിന്റെ കരിയര്‍ നിലനില്‍ക്കുന്ന പല സ്വീകാര്യ സത്യങ്ങളെയും തകര്‍ത്ത അഭിലഷണീയമായ ഒന്നാണ് എന്ന് കാണാം.

1984 ൽ ജുവൈനിയുടെ രാഷ്ട്രീയ ചിന്തകളെക്കുറിച്ചെഴുതിയ ലേഖനം മാറ്റി നിര്‍ത്തിയാൽ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയോ ആധുനിക കാലത്തെ ഇസ്‌ലാമിക നിയമമോ ഹല്ലാഖിന്റെ പഠന പരിഗണനയായിരുന്നില്ല. എന്നാല്‍ 9/11 ന് ശേഷം, ആധുനികതയിലെ ഇസ്‌ലാമിക നിയമം പ്രത്യേകിച്ച് ആധുനികതയുടെ ആഗോള, പ്രാദേശിക ശക്തികള്‍ എങ്ങിനെയാണ് ഇസ്‌ലാമിക നിയമത്തെ രൂപപ്പെടുത്തുന്നത് എന്നത് ഹല്ലാഖിന്റെ എഴുത്തുകളുടെ കേന്ദ്രമായിത്തുടങ്ങി. ഈ പുസ്തകവും ഇസ്‌ലാമിക നിയമം പ്രവാചകന്റെ കാലം മുതല്‍ പരിശോധിച്ചുകൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും പ്രാഥമികമായി ആധുനിക (ഉത്തരാധുനികവും) ലോകത്ത് ഇസ്‌ലാമിക നിയമത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനത്തിനാണത് പ്രാമുഖ്യം നൽകുന്നത്. രീതിശാസ്ത്രപരമായി ഹല്ലാഖിന്റെ ഇതര പഠനങ്ങളിൽ നിന്നുള്ള വിച്ഛേദനമാണീ പുസ്തകം. അദ്ദേഹം ‘ലീഗല്‍ ഓറിയന്റലിസം’ എന്ന് വിളിക്കുന്ന പഠനരീതിക്കപ്പുറം പോവാനുള്ള അഭിലാഷമിതില്‍ കാണാം. ഒരു വശത്ത് നിയമ നരവംശശാസ്ത്രവും സാമൂഹിക ചരിത്രവും മറു വശത്ത് മിഷേല്‍ ഫൂക്കോയുടെ ആധുനികതയെയും ഭരണകൂടത്തെയും കുറിച്ചുള്ള സിദ്ധാന്തങ്ങളുമാണ് ലീഗൽ ഓറിയന്റലിസത്തിന്റെ പരിമിതികള്‍ക്കുള്ള മറുപടിയായി അദ്ദേഹം മുന്നോട്ടു വെക്കുന്നത്.

9/11 ന് ശേഷം അക്കാദമിക രംഗത്തു നിന്നും അല്ലാതെയും ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദയമായ അക്രമത്തിനെതിരെ ശരീഅത്തിന്റെ സത്യസന്ധതയെ പ്രതിരോധിക്കുന്നതാണ് ഹല്ലാഖിന്റെ പഠനങ്ങൾ. എന്നാല്‍ നിര്‍ഭാഗ്യകരമായി അദ്ദേഹത്തിന്റെ പല വാദങ്ങള്‍ക്കും ‘ഭീകരതെക്കെതിരായ യുദ്ധ'(war on terror) ത്തിന്റെ അടിസ്ഥാന ആശയമായ ‘ഇസ്‌ലാമും ആധുനികതയും തമ്മിൽ അപരിഹാര്യമായൊരു സംഘട്ടനമുണ്ട്’ എന്ന വാദത്തെ ദൃഢീകരിക്കുന്ന അനന്തരഫലമാണുള്ളത്. ഹല്ലാഖ് ഏറെ വിമര്‍ശിക്കുന്ന ലീഗൽ ഓറിയന്റലിസത്തിന്റെ തീര്‍പ്പിന്റെ കേവലമൊരു മിനുക്കിയ തിരിച്ചിടലാണ് അദ്ദേഹത്തിന്റെ വാദങ്ങളെന്ന് വായിച്ചേക്കാവുന്നതാണ്. ലീഗല്‍ ഓറിയന്റലിസ്റ്റുകൾ ശരീഅത്തിന്റെ ന്യൂനതയായി കണ്ടതിനെ അദ്ദേഹമതിന്റെ നശിക്കാത്ത കരുത്തായി പരിഗണിക്കുന്നു. വായനക്കാര്‍ ശരീഅത്തിന്റെ ധാര്‍മികമായ നേട്ടങ്ങളെ വിലമതിക്കുകയും ആധുനിക ലോകത്ത് അതിന്റെ വിധി എന്നത് അടിസ്ഥാനപരമായി ദുരന്തമായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യണം എന്നതാണ് ഹല്ലാഖിന്റെ ഉദ്ദേശ്യം. എങ്ങിനെയാണ് കാര്യക്ഷമമായതും എന്നാൽ അധാര്‍മ്മികവുമായ മുതലാളിത്താടിസ്ഥാനമായ ആധുനികത പരമ്പരാഗതമായ ഇസ്‌ലാമിക സമൂഹത്തെ കീഴടക്കിയത് എന്നതിന്റെ വിവരണമാണദ്ദേഹം നല്‍കുന്നത്.

എന്നാല്‍ ഈ വിവരണത്തിന്റെ പരിമിതി എന്നത്, സങ്കീര്‍ണ്ണമായ നിയമ, സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളെ അതീവലളിതവല്‍ക്കരിക്കുന്നതും, ബോദ്ധ്യപ്പെടുത്തുന്നതിനായി ആധുനിക നിയമവും ഇസ്‌ലാമിക നിയമവും തമ്മിൽ ക്രമപ്രകാരമല്ലാത്ത താരതമ്യത്തിലേര്‍പ്പെടുന്നതുമാണ് എന്നുള്ളതാണ്. സാധാരണക്കാരായ വായനക്കാരെക്കൂടി മുന്‍നിര്‍ത്തിയുള്ള ഇതുപോലെയൊരു പൊതുവായ പഠനത്തിന് ചില ലളിതവല്‍ക്കരണങ്ങൾ അനിവാര്യമാണെങ്കില്‍പോലും ഹല്ലാഖിന്റെ വിവരണം അപൂര്‍ണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ധാരണയാണ് ഇസ്‌ലാമിക നിയമത്തെക്കുറിച്ച് നല്‍കുന്നത്. ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള തീര്‍ത്തും അരാഷ്ട്രീയമായ കാഴ്ചപ്പാടാണ് ഹല്ലാഖിന്റെ വിശകലനത്തിന്റെ അടിസ്ഥാന പ്രശ്‌നം. ഈ ആഖ്യാനത്തില്‍ രാഷ്ട്രീയത്തിന് നല്‍കുന്ന കേന്ദ്ര സ്ഥാനത്തെ പരിഗണിക്കുമ്പോള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച നോര്‍മേറ്റീവായ ഒരു കാഴ്ച്ചപ്പാട് അദ്ദേഹം മുന്നോട്ടു വെക്കേണ്ടതുണ്ട്; എന്നാലീ പുസ്തകമത് നല്‍കുന്നില്ല; അതിന്റെ അഭാവത്തില്‍ ഇസ്‌ലാമിക നിയമത്തിന്റെ കാഴ്ചപ്പാടിൽ ആധുനിക രാഷ്ട്രത്തിന്റെ സാധുതയെന്താണ് എന്ന് പരിശോധിക്കുക സാധ്യമല്ല.

 

2.

ആമുഖത്തില്‍ ഹല്ലാഖ് തന്നെ സൂചിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ മുന്‍കാല പഠനങ്ങളിൽ നിന്നുള്ള വിച്ഛേദനമാണീ പുസ്തകം. നേരത്തേ നിയമ സിദ്ധാന്തത്തില്‍ കേന്ദ്രീകരിച്ചിരുന്ന ഒരാളെ സംബന്ധിച്ച് ആശ്ചര്യകരമായ രീതിയിൽ നിയമ നരവംശശാസ്ത്രജ്ഞരുടേയും ഓട്ടോമന്‍ കാലത്തെക്കുറിച്ചു പഠിച്ച സാമൂഹിക, നിയമ ചരിത്രകാരന്മാരുടേയും ഭരണകൂടത്തെക്കുറിച്ച സിദ്ധാന്തങ്ങള്‍ക്കായി ഫൂക്കോയുടേയും മാര്‍ഗ്ഗദര്‍ശനങ്ങളെ പിന്തുടരുകയാണ് ഹല്ലാഖ് ഈ പുസ്തകത്തില്‍. ആധുനിക വ്യവസ്ഥയിലെ ഇസ്‌ലാമിക നിയമത്തിന്റെ വിധി മനസ്സിലാക്കുന്നതിന് മാത്രമല്ല പൂര്‍വ്വാധുനിക(pre-modern) ലോകത്തെ ഇസ്‌ലാമിക നിയമത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിനും ഇത് അനിവാര്യമാണ് എന്നാണ് ഹല്ലാഖ് വിശ്വസിക്കുന്നത്.

വാഇല്‍ ഹല്ലാഖ്‌

പരമ്പരാഗതമായ, അല്ലെങ്കിൽ ലീഗൽ ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ പരിമിതികള്‍ ഹല്ലാഖ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘നിയമം’ എന്നതിനെ മനസ്സിലാക്കുന്നതില്‍ തന്നെയുള്ള സങ്കീര്‍ണ്ണതകൾ അതിലൊന്നാണ്. നിയമവും ധാര്‍മികതത്വവും വേര്‍തിരിക്കാത്തത് ഇസ്‌ലാമിക നിയമത്തിന്റെ പരിമിതിയായാണ് ഓറിയന്റലിസ്റ്റുകൾ മനസ്സിലാക്കിയത്. എന്നാലിത് ആധുനിക നിയമവ്യവസ്ഥിതി സദാചാരരഹിതമാണ് എന്ന അനുഭവത്തില്‍ നിന്നുള്ള അവരുടെ അനുമാനമാണെന്നും അത് മാറ്റി വെച്ചാലോചിച്ചാല്‍ യഥാര്‍ത്ഥത്തിൽ ഇതിലൂടെ ഇസ്‌ലാമിക നിയമവ്യവസ്ഥിതി കാര്യക്ഷമവും സാമുദായികാടിത്തറയുള്ളതും, സാമൂഹികമായി ഉള്‍ച്ചേര്‍ന്നതും അടിത്തട്ടില്‍ നിന്ന് മുകളിലേക്ക് വരുന്നതും മെച്ചപ്പെട്ട അനുസരണത്തെ നേടിയെടുത്തതിലൂടെ യൂറോപ്പിലെ മറ്റേതൊരു നിയമസംവിധാനത്തേക്കാളും, ബലാല്‍ക്കാരം കുറഞ്ഞ്മാത്രം പ്രയോഗിക്കുന്നതും ആണ് എന്ന് കാണാന്‍ കഴിയും. അതേ പോലെ തന്നെ നിയമവും പ്രയോഗവും തമ്മിലുള്ള അന്തരത്തേയും ഹല്ലാഖ് പരിശോധിക്കുന്നുണ്ട്. ഓറിയന്റലിസ്റ്റുകളിതിനെ ഇസ്‌ലാമിക നിയമത്തിന്റെ പരാജയമായി മനസ്സിലാക്കുമ്പോള്‍ ഹല്ലാഖ് പറയുന്നത് ഈ അന്തരം ഇസ്‌ലാമിക നിയമം കാത്തുസൂക്ഷിക്കുന്ന ആന്തരിക അതിരുകളെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ്. എല്ലാവര്‍ക്കുമേലും നിയമമടിച്ചേല്‍പ്പിക്കുന്ന ആധുനികതയുടെ ശിക്ഷണ ദണ്ഡന (discipline and punish) രീതിക്കപ്പുറത്ത് മാധ്യസ്ഥങ്ങളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓറിയന്റലിസത്തിന്റെ ഈ ആധുനിക പക്ഷപാതിത്വം കേവലമായ വിശകലനപ്പിഴവുകളല്ല എന്നാണ് ഹല്ലാഖ് വാദിക്കുന്നത്, മറിച്ച് അത് പരമ്പരാഗത വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ട് മുതലാളിത്തത്തിനനുസൃതമായ നിയമ വ്യവസ്ഥിതി സ്ഥാപിക്കാനുള്ള ആധുനികതയുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് എന്നാണ്. മുസ്‌ലിംകള്‍ക്കു മേൽ ആധുനികതയെ അടിച്ചേല്‍പ്പിച്ച അധിനിവേശ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്തരം പഠനങ്ങൾ. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക നിയമപഠനമെന്നത് ആധുനികതയുടെ മര്‍ദ്ദകപരമായ രാഷ്ട്രീയപദ്ധതിയോട് വേര്‍പെടുത്താൻ കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. നിയമ സിദ്ധാന്തത്തിൽ നിന്നും സാമൂഹിക ശാസ്ത്രത്തിലേക്കും സാമൂഹിക സിദ്ധാന്തങ്ങളിലേക്കുമുള്ള ഹല്ലാഖിന്റെ വഴിതിരിയലിന്റെ ന്യായമിതാണ്.

നിയമ ആധുനികതയും ഇസ്‌ലാമിക നിയമവും തമ്മിലുള്ള സംഘര്‍ഷത്തെ ഹല്ലാഖ് വിശദമായും വ്യവസ്ഥാപിതമായും പരിശോധിക്കുന്നുണ്ട്. നിയമത്തിന് മേല്‍ ഭരണകൂടത്തിനുള്ള അധികാരം, പരമാധികാരം ഭരണകൂടത്തിനാണോ അതോ നിയമത്തിനു തന്നെയാണോ, കേന്ദ്രീകരണവും വികേന്ദ്രീകരണവും, നിയമവ്യവസ്ഥിതിയുടെ ചായ്‌വ്, നിയമം അടിച്ചേല്‍പ്പിക്കുന്ന/നടപ്പില്‍ വരുത്തുന്ന രീതി, നിയമ വ്യവസ്ഥിതിയുടെ ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെത്തന്നെ ആധുനിക വ്യവസ്ഥയും ഇസ്‌ലാമിക നിയമവും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഹല്ലാഖ് വാദിക്കുന്നു. എന്നാല്‍ സ്റ്റേറ്റിനെക്കുറിച്ചുള്ള ഹല്ലാഖിന്റെ വിശേഷണം Essentialist ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇരപിടിയന്‍ സ്വഭാവമുള്ള, മാറ്റാന്‍ കഴിയാത്ത സവിശേഷതകളുള്ള ഒരു ജീവവസ്തുവിനോടാണ് അദ്ദേഹമതിനെ ഉദാഹരിക്കുന്നത്(pp. 360-61). സ്‌റ്റേറ്റിന്റെ ഏറ്റവും സുപ്രധാനമായ ഉല്‍പന്നമാണ് ‘ക്രമവും, കൃത്യതയും, വ്യക്തതയും, ആധിപത്യവും ഉല്‍പ്പാദിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള’ നിയമസംഹിത എന്നത്. സാമൂഹിക ബന്ധങ്ങളുടെ സ്ഥാനമേറ്റെടുത്തുകൊണ്ടും മറ്റെല്ലാ കാര്യനിര്‍വ്വഹണ അധികാരങ്ങളെയും തട്ടിമാറ്റിക്കൊണ്ടുമാണ് നിയമസംഹിത ഈ ലക്ഷ്യം കൈവരിക്കുന്നത്. എന്നാല്‍ ശരീഅത്ത് ഒരിക്കലും തന്നെ ഇങ്ങനെയൊരു സവിശേഷാധികാരം അവകാശപ്പെട്ടിരുന്നില്ല എന്ന് ഹല്ലാഖ് ചൂണ്ടിക്കാണിക്കുന്നു. ആധുനിക അഭിഭാഷകരെപ്പോലെ ഭരണകൂടത്തിന്റെ ഏജന്റുമാരായിരുന്നില്ല മുസ്‌ലിം നിയമജ്ഞരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഹല്ലാഖിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക നിയമത്തിന്റെ ചരിത്രം പിന്തുടരുന്നത് ഒരു ദുരന്ത പര്യവസാനിയായ വക്രരേഖയെയാണ്. ആദ്യകാലത്ത് അധികാര വ്യവസ്ഥക്ക് പുറത്ത് പണ്ഡിതന്മാര്‍ നിയമങ്ങള്‍ക്ക് രൂപം കൊടുക്കുകയും അത് വികസിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്ന കാലമായിരുന്നു ഈ വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ മാതൃക എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. നിയമജ്ഞരുടെ ധാര്‍മികമായ പ്രതിബദ്ധതയുടെ മറുവശത്ത് ഭരണകൂടവും വരേണ്യരും നിലകൊള്ളുന്നു. അവരുടെ അധികാരത്തെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് നിയമത്തിനവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്; ജനങ്ങളുടെ സാധുത നേടിയെടുത്തുകൊണ്ടാണ് അവര്‍ക്കത് നിലനിര്‍ത്തേണ്ടിയിരുന്നത്. ജനങ്ങളാവട്ടെ ഭരണകൂടത്തേക്കാൾ ശരീഅത്തിനും അതിന്റെ പ്രതിനിധികളായ പണ്ഡിതരോടുമാണ് കൂറ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ചരിത്രം മുന്നോട്ടു പോവുന്നതിനനുസരിച്ച് പണ്ഡിതന്മാർ ഭരണകൂടത്തിന്റെ ഭാഗമാവുകയും നിയമ വ്യവസ്ഥയുടെ സ്വയാധികാരം നഷ്ടപ്പെടുകയും ചെയ്തു. അന്തിമമായി നിയമജ്ഞര്‍ ധാര്‍മികമായി രാജിയാവുകയും പതിനേഴാം നൂറ്റാണ്ടോടു കൂടി ഒട്ടുമിക്ക നിയമ പണ്ഡിതരും ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു. ഉഥ്മാനീ വ്യവസ്ഥയാണ് ഈയൊരു അധപതനത്തെ പൂര്‍ണ്ണമാക്കിയത് എന്ന് ഹല്ലാഖ് നിരീക്ഷിക്കുന്നു. ഉഥ്മാനികള്‍ ഇസ്‌ലാമിക ചരിത്രത്തിൽ മുമ്പില്ലാത്ത വിധം നിയമവ്യവസ്ഥയെ ഭരണവ്യവസ്ഥയുടെ ഉപകരണമാക്കി മാറ്റിയിട്ടുണ്ടെങ്കിലും അതിനെ രാഷ്ട്രീയവും നിയമവും തമ്മിലുള്ള സങ്കലനമായി മനസ്സിലാക്കുന്നതിനപ്പുറത്ത് ഹല്ലാഖ് ഇതിനെ ഇസ്‌ലാമിക ശരീഅത്തിന്റെ ശിരഛേദനമായിട്ടാണ് വിലയിരുത്തുന്നത്. ഇസ്‌ലാമിക നിയമവും മുസ്‌ലിം സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. താരതമ്യേനെയുള്ള കേന്ദ്രീകൃത നിയമനിര്‍മ്മാണത്തിന്റെ അഭാവവും അനൗപചാരിക പ്രശ്‌നപരിഹാര സംവിധാനങ്ങളുമാണ് ഇതിൽ പ്രധാനമായുള്ളത്. ആധുനിക നിയമ സംവിധാനങ്ങളില്‍ നിന്ന് വിത്യസ്തമായി പ്രാദേശിക സ്വയംഭരണങ്ങളുടെ ഒരു ധാര്‍മിക വ്യവസ്ഥയാണ് ഇതിലൂടെ മുസ്‌ലിം സമൂഹങ്ങളിൽ രൂപപ്പെട്ടത് എന്ന് അദ്ദേഹം വാദിക്കുന്നു.

പൂര്‍വ്വാധുനികമായ ഇസ്‌ലാമിക നിയമവ്യവസ്ഥ സങ്കീര്‍ണ്ണമായ ഒരു ആവാസ വ്യവസ്ഥയെ രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്തു എന്ന് ഹല്ലാഖ് ചൂണ്ടിക്കാണിക്കുന്നു. ബഹുസ്വരമായ ജനവിഭാഗങ്ങളടങ്ങിയ ഒരു സമൂഹവും ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ പ്രത്യേകതകള്‍ കാരണം ബഹുസ്വരമായ നിയമങ്ങളും രൂപപ്പെട്ടു. ഇങ്ങനെയുള്ള സാമൂഹിക നിയമ വ്യവസ്ഥ ജനജീവിതത്തില്‍ ഏറ്റവും കുറഞ്ഞുമാത്രം ഇടപെടുന്ന ഭരണകൂടത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഇസ്‌ലാമിക നിയമവ്യവസ്ഥക്കും അതിനു കീഴില്‍ കുടുംബ സാമൂഹിക സംവിധാനങ്ങള്‍ക്കും പുഷ്ടിപ്പെടാവുന്ന ഒരു ആവാസ വ്യവസ്ഥയാണ് ഇതിലൂടെ രൂപപ്പെട്ടത്. എന്നാല്‍ ആധുനികതയും യൂറോപ്പിന്റെ മുസ്‌ലിം ലോകത്തേക്കുള്ള അധിനിവേശവും പരസ്പരപൂരകമായ ഈയൊരു ജ്ഞാന-സാമൂഹിക-ആവാസ വ്യവസ്ഥയെ തകര്‍ത്തെറിയുകയാണുണ്ടായത്. അവിടങ്ങളിലുള്ള നിയമ വ്യവസ്ഥകളെ തകര്‍ത്ത് ആധുനിക വ്യവസ്ഥ പുനസ്ഥാപിക്കുക എന്നതാണ് അധിനിവേശ ശക്തികൾ കീഴടക്കിയ നാടുകളിൽ നടപ്പിലാക്കിയത്. മുസ്‌ലിം സമൂഹങ്ങളിൽ അധികാരമുറപ്പിക്കുന്നതിനായുള്ള അവരുടെ ഏറ്റവും സുപ്രധാനമായ തന്ത്രങ്ങളിലൊന്നായിരുന്നു നിയമസംഹിതയുടെ ക്രോഡീകരണം. ക്രോഡീകരണം ഇസ്‌ലാമിക പണ്ഡിതരുടെ കര്‍ത്തവ്യത്തെ അരികുവല്‍ക്കരിക്കുക മാത്രമല്ല, ഇസ്‌ലാമിക നിയമ രൂപീകരണത്തിന്റെ രീതിശാസ്ത്രങ്ങളെ ഇല്ലാതാക്കുകയും നിയമത്തെ അതിന്റെ പരിതസ്ഥിതിയില്‍ നിന്ന് അടര്‍ത്തിമാറ്റുകയും അതിലൂടെ മാറുന്ന സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവിനെ തടയുകയും ചെയ്തു. അതിന്റെ ധാര്‍മിക സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെട്ടതോടെ ഇസ്‌ലാമിക നിയമവും ആധുനികവല്‍ക്കരണത്തിന്റെ മറ്റൊരുപകരണം മാത്രമായി മാറി എന്ന് ഹല്ലാഖ് നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് സ്വാതന്ത്രലബ്ധിക്കുശേഷം ശരീഅത്തിനെ ഭരണകൂടത്തിന്റെ ഭാഗമാക്കാനും കേന്ദ്രീകരിക്കാനുമുള്ള പദ്ധതികളൊക്കെത്തന്നെ അധിനിവേശ യുക്തിയുടെ തുടര്‍ച്ച മാത്രമായി മാറിയത്.

 

3.

പ്രത്യേകതരം കഥയെ കണ്ടെത്തിക്കൊണ്ടാണ് ചരിത്രകാരന്മാര്‍ തങ്ങളുടെ വിവരണത്തിന് അര്‍ത്ഥം നല്‍കുന്നത് എന്ന് ഹൈഡൻ വൈറ്റ് (Hayden White) നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ഹല്ലാഖിന്റെ വിവരണം ദുരന്തപര്യവസാനിയായ (tragedy) ഒന്നാണ് എന്ന് നമുക്ക് കാണാന്‍ കഴിയും. ആധുനികതയെക്കുറിച്ചുള്ള ഹല്ലാഖിന്റെ വിവരണത്തില്‍ മുസ്‌ലിംകൾ അവരുടെ നൈതിക ലോകത്തെ വീണ്ടെടുക്കാൻ ശേഷിയില്ലാത്തവരും സനാതനമായ പതിതാവസ്ഥയിൽ കഴിയാന്‍ വിധിക്കപ്പെട്ടവരുമാണ്. ഹല്ലാഖിന്റെ വാദങ്ങള്‍ കേവലമൊരു അനുചിതമായ ഗൃഹാതുരത മാത്രമല്ല മറിച്ച് അതിന് ആഴത്തില്‍ വേരുകളുണ്ട്. തന്റെ ഇതിവൃത്തത്തിന് വിരുദ്ധമായ മൂര്‍ത്തമായ തെളിവുകളെ അവഗണിക്കുകയോ അതിനോടു നിസ്സംഗത പുലര്‍ത്തുകയോ ആണ് അദ്ദേഹം ചെയ്യുന്നത്. ചരിത്രപരമായുള്ള ഭരണവ്യവസ്ഥകളെയും അധികാര വര്‍ഗ്ഗത്തേയും ഇസ്‌ലാമിക നിയമത്തിന് പുറത്തായാണ് ഹല്ലാഖ് പരിഗണിക്കുന്നത്. അതിലൂടെ ഒരു ഭരണ വ്യവസ്ഥ സ്ഥാപിക്കുകയല്ല മറിച്ച്, ശരീഅത്തിന്റെ വാഹകരായ പണ്ഡിതന്മാരെപ്പോഴും ഭരണാധികാരികളുമായി പ്രായോഗിക നീക്കുപോക്കുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഭരണാധികാരികള്‍ നിയമത്തിന്റെ ബാഹ്യമായ അനുബന്ധമോ അല്ലെങ്കിൽ അനിവാര്യമായ തിന്മയോ ആണ് എന്ന് വരുന്നു. അവര്‍ക്ക് സൗകര്യപ്രദമായിരിക്കുന്നിടത്തോളം മാത്രമാണ് അവര്‍ നിയമജ്ഞരുമായി സഹകരിച്ചിരുന്നത്.

മുഹമ്മദ് ഫദ്ൽ

പൂര്‍വ്വാധുനികമായ മുസ്‌ലിം ഭരണാധികാരികള്‍ക്ക് ഇസ്‌ലാമിക നിയമവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥത്തിൽ ഇങ്ങനെയൊരു ബന്ധമായിരുന്നോ ഉണ്ടായിരുന്നത് എന്നതല്ല എന്റെ താല്‍പര്യം, മറിച്ച് എന്റെ വിമര്‍ശനമെന്നത് ആധുനിക ഭരണവ്യവസ്ഥയും ആധുനിക പൂര്‍വ്വമായ ഭരണ വ്യവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യമാണ് ആ കാലഘട്ടങ്ങള്‍ തമ്മിലുള്ള പ്രധാന വിത്യാസമെന്ന് വാദിക്കുമ്പോഴും ഭരണകൂടത്തിന്റെ നിയമപരമായ ഒരു വിശദീകരണം ഹല്ലാഖ് നല്‍കുന്നില്ല എന്നുള്ളതാണ്. ഹല്ലാഖിന്റ ‘നീതിയുടെ വൃത്ത'(circle of justice) ത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ അദ്ദേഹം തന്നെ പറയുന്നതുപോലെ ഭരണകൂടത്തെക്കുറിച്ചുള്ളതല്ല; അതുകൊണ്ടുതന്നെ ഇസ്‌ലാമിക നിയമത്തിനകത്ത് ഭരണകൂടത്തിന്റെ സാധുതയെന്താണ് എന്നത് വിശദീകരിക്കാനതിനാവില്ല. അതിനാല്‍ തന്നെ ഭരണകൂടത്തിന്റെ നിയമാധികാരങ്ങൾ, അതിന്റെ സാധുത്വമുള്ള അധികാരം, നിയമപരമായ ഉത്തരവാദിത്തങ്ങള്‍, അതിനെ ഭരിക്കുന്ന മാനദണ്ഡങ്ങള്‍, അതിന്റെ നിയമപരമായ തീരുമാനങ്ങളുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകം നിശ്ശബ്ദമാണ്. ആധുനിക ദേശ രാഷ്ട്രത്തിന്റെ ഉദയത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ചരിത്രത്തെ അപഗ്രഥിക്കുന്ന പുസ്തകത്തിൽ പൂര്‍വ്വാധുനിക പണ്ഡിതരുടെ ഭരണകൂടത്തെക്കുറിച്ചുള്ള നോര്‍മാറ്റീവായ സിദ്ധാന്തങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നു. അത്തരത്തിലൊന്നിന്റെ അഭാവം സ്റ്റേറ്റിനെ എളുപ്പത്തിൽ തള്ളിക്കളയുന്നതിനപ്പുറത്ത് അതിനോടുള്ള നോര്‍മാറ്റീവായ ഒരു ഇസ്‌ലാമിക വിമര്‍ശനത്തെ രൂപപ്പെടുത്താനുള്ള സാധ്യതയെ അടച്ചുകളയുകയാണ്. ഇസ്‌ലാമിക ഭരണഘടനാ നിയമത്തെ(constitutional law) ക്കുറിച്ചുള്ള ചരിത്രപരമായ ഒരു പഠനവും ഹല്ലാഖ് നല്‍കുന്നില്ല എന്നതിനാൽ തന്നെ എല്ലാ ആധുനിക പരിഷ്‌കരണ പരിശ്രമങ്ങളെയും ‘രാഷ്ട്രീയപരം’ എന്ന് പറഞ്ഞു തള്ളിക്കളയുകയാണദ്ദേഹം. അദ്ദേഹത്തിന്റെ ശ്രേഷ്ഠ മാതൃകയായ ഉസൂലുല്‍ ഫിഖ്ഹ് അനുസരിച്ചുള്ള വിശകലനത്തിൽ അവയൊക്കെയും പരാജയപ്പെടുന്നു എന്ന് കാണിക്കാന്‍ മാത്രമാണദ്ദേഹം അത്തരം പരിശ്രമങ്ങൾ ഉദ്ധരിക്കുന്നത്. മുഹമ്മദ് ഷഹ്‌റൂർ, മുഹമ്മദ് സഈദ് അഷ്മാവി തുടങ്ങിയവരെപ്പോലെയുള്ള ഉസൂലുല്‍ ഫിഖ്ഹിലെ താഴെക്കിടയിലുള്ള പണ്ഡിതരെ വരെ അദ്ദേഹം പിന്തുടരുമ്പോള്‍ ആധുനിക അറബ് സിവിൽ കോഡ് രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിച്ച അബദുൽ റസാഖ് അൽ സന്‍ഹൂരിയെ പൂര്‍ണ്ണമായും അവഗണിക്കുകയാണദ്ദേഹം. തന്റെ ‘കോഡ്’ പൂര്‍ണ്ണമായും ഇസ്‌ലാമികമാണ് എന്ന സൈദ്ധാന്തികമായ പിന്‍ബലമുള്ള സന്‍ഹൂരിയുടെ നോര്‍മാറ്റീവായ വാദത്തെയും ഹല്ലാഖ് അഭിമുഖീകരിക്കുന്നില്ല. അതേ പോലെ നെപ്പോളിയന്‍ കോഡിന് ആ കാലത്തെ ഈജിപ്തിലെ പ്രമുഖ പണ്ഡിതരെഴുതിയ വിശകലനങ്ങളെയും വിമര്‍ശനങ്ങളെയും അദ്ദേഹം അവഗണിക്കുന്നു. ഔസാമ അറബി(Oussama Arabi), ഛിബ്ലി മല്ലത്(Chibli Mallat), ബാബെര്‍ ജൊഹാന്‍സൺ (Baber Johansen) തുടങ്ങിയ ആധുനിക ഇസ്‌ലാമിക നിയമനിര്‍മാണത്തെ ഗൗരവമായി പഠിച്ച പണ്ഡിതരേയും ഹല്ലാഖ് പരിഗണിക്കുന്നില്ല.

അദ്ദേഹത്തിന്റെ ഉസൂലുല്‍ ഫിഖ്ഹിന്റെ മാനദണ്ഡമനുസരിച്ച് പോലും ആധുനിക ഇസ്‌ലാമിക നിയമനിര്‍മ്മാണത്തോട് ഏറെ പരുഷമാണ് ഹല്ലാഖിന്റെ നിലപാട്. ഉദാഹരണത്തിന് തഖയ്യുര്‍ (ഒരു പ്രശ്‌നത്തിന് വിത്യസ്ത മുജ്തഹിദുകൾ നിര്‍ദ്ദേശിച്ച വിത്യസ്ത പരിഹാരങ്ങളില്‍ നിന്ന് മുഖല്ലിദ് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്ന രീതി) പോലെയുള്ള ആധുനികരുടെ സങ്കേതങ്ങളെ ഇസ്‌ലാമിക നിയമമനുസരിച്ച് നിയമജ്ഞര്‍ക്കും ഭരണകൂട വക്താക്കള്‍ക്കും നിരോധിക്കപ്പെട്ടിരുന്നു എന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുന്നുണ്ട്(p 448). എന്നാല്‍ അതിനെ സാധൂകരിക്കുന്ന അവലംബങ്ങളൊന്നും അദ്ദേഹം നല്‍കുന്നുമില്ല. തഖയ്യുര്‍ തര്‍ക്കമുള്ള വിഷയമായിരുന്നു എന്ന് മാത്രമാണ് ന്യായമായി പറയാൻ കഴിയുക. ഗസ്സാലിയെയും ശാത്വിബിയെയും പോലുള്ള പണ്ഡിതര്‍ അതിനെ തള്ളിക്കളഞ്ഞവരാണെങ്കില്‍ ഇസ്സ്ബ്‌നു അബ്ദുസ്സലാമിനെയും അൽ ഖറ്‌റാഫിയെയും പോലുള്ളവർ അതിനെ പിന്തുണച്ചിട്ടുണ്ട്. ശാത്വിബിയുടെ വിയോജിപ്പ് പോലും ഹല്ലാഖ് മുന്നോട്ടു വെക്കുന്ന അര്‍ത്ഥത്തിലല്ലായിരുന്നു എന്ന് കാണാൻ കഴിയും. ന്യായാധിപര്‍ തഖയ്യുര്‍ ഉപയോഗപ്പെടുത്തുന്നത് കക്ഷികളോട് വിവേചനം പുലര്‍ത്താൻ കാരണമാവുമോ എന്നായിരുന്നു അദ്ദേഹം ഭയപ്പെട്ടിരുന്നത്. എന്നാല്‍ ആധുനിക നിയമ വ്യവസ്ഥ എല്ലാവര്‍ക്കും ഒരുപോലെ (തത്വത്തിലെങ്കിലും) ബാധകമാവും എന്നതിനാല്‍ ഈ അടിസ്ഥാനത്തെ അപ്രസക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ഹല്ലാഖിന്റെ ആധുനിക നിയമ നിര്‍മാണങ്ങൾ ഇസ്‌ലാമികമല്ല എന്ന വാദം ഷാഹ്തിന്റെയും മറ്റു പൂര്‍വ്വകാല ഓറിയന്റലിസ്റ്റുകളുടെയും വാദത്തെ അനുസ്മരിപ്പിക്കുന്നതാണ്.

(തുടരും)

വിവർത്തനക്കുറിപ്പ്:

  1. ഫദ്ൽ Islamic law എന്ന് പറയുന്നതിനെ ഇസ്‌ലാമിക നിയമം എന്നും ചിലയിടത്ത് ശരീഅ എന്നും പ്രയോഗിച്ചിട്ടുണ്ട്. വിവർത്തനത്തിൽ ചില അവ്യക്തതകള്‍ നിലനിൽക്കാന്‍ സാധ്യതയുണ്ട്.
  2. Normative – മൂല്യനിർണയം നടത്താവുന്ന അംഗീകൃത മാനദ്ണ്ഡങ്ങളെയാണ് നോർമാറ്റീവ് എന്ന് ഉദ്ദേശിക്കുന്നത്.
  3. Essentialise – ഒരു കാര്യത്തിന് മൗലികവും മാറ്റാന്‍ കഴിയാത്തതുമായ സവിശേഷതകളുണ്ട് എന്ന കാഴ്ച്ചപ്പാട്.

വിവർത്തനം: റമീസ് ഇ കെ

മുഹമ്മദ് ഫദ്ൽ