Campus Alive

മതേതരത്വം വിശുദ്ധപശുവല്ല

(2011 ജനുവരി ലക്കം കാമ്പസ് അലൈവ് പ്രിന്റിൽ പ്രസിദ്ധീകരിച്ച അഭിമുഖം)


മതം, ദേശ-രാഷ്ട്രം, മതേതരത്വം (Religion, Nation-state, Secularism) എന്ന ലേഖനത്തിൽ മതത്തെ പഴഞ്ചൻ സമ്പ്രദായം എന്ന നിലയിൽ വിലയിരുത്തുന്നതിനെ താങ്കൾ വിമർശിക്കുന്നു. എന്തുകൊണ്ടാണ് മതത്തിന് ആചാരങ്ങൾ, ജീവിതചര്യകൾ തുടങ്ങിയവയുടെ കെട്ടുപാടുകളെ പൊട്ടിച്ചെറിയാൻ കഴിയാതെ വരുന്നത്? എങ്ങിനെയാണ് മതത്തിനൊരു ബദൽ നിർവചനം നൽകുന്നതിലേക്ക് താങ്കൾ എത്തിച്ചേർന്നത്?

അവിടെ ചെറിയൊരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. സത്യത്തിൽ മതത്തിന് (Religion) മറ്റൊരു വ്യാഖ്യാനം നൽകുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. കുറച്ചുകൂടി ചടുലതയുള്ള, സമഗ്രമായ വ്യാഖ്യാനം ലഭിക്കുമെന്നതിനെപ്പറ്റിയും ഞാൻ ചിന്തിച്ചിരുന്നില്ല. ആകെ ആഗ്രഹിച്ചത് മതം ഒരു വർഗ്ഗം (category) എന്ന നിലക്ക് ചരിത്ര-സാമൂഹിക സന്ദർഭങ്ങളിൽ നിന്നുകൊണ്ട് നിരന്തരം നിർവചിക്കപ്പെടണമെന്നും എല്ലാവർക്കും തങ്ങളുടേതായ രീതിയിൽ മതപ്രകാശനത്തിന് അവസരം ഒരുക്കണമെന്നുമാണ്. മതം വിവിധ തരത്തിലുള്ള അനുഭവങ്ങൾ, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, സംവാദങ്ങൾ എന്നിങ്ങനെ പലതിനോടും ബന്ധപ്പെട്ടിരിക്കുന്നു. ഈയൊരു പോയിന്റാണ് എന്നെ ആകർഷിച്ചത്; അല്ലാതെ മതത്തിന് നൽകുന്ന അമൂർത്തമായ നിർവ്വചനങ്ങളല്ല. മതത്തിന് അമൂർത്തമായ നിർവചനങ്ങൾ നൽകുന്നവർ മതം സാമൂഹികവും ചരിത്രപരവുമായ യാഥാർത്ഥ്യമാണെന്നും നിയമപരവും ഗാർഹികവും രാഷ്ട്രീയവുമായ മാനങ്ങൾ അതിനുണ്ടെന്നുമുള്ള പ്രധാനപ്പെട്ട കാര്യം വിസ്മരിക്കുന്നു. ഇവർ, മാറിയ ചുറ്റുപാടുകൾ പരിഗണിക്കാതെ അവർക്കാവശ്യമുള്ളതും അവർ ആഗ്രഹിക്കുന്നതും മതത്തിനു മേൽ ആരോപിക്കുന്നു. വിവിധ സംസ്കാരങ്ങളിൽ ഒരേപോലെ പ്രായോഗികമാക്കാവുന്ന ഒന്നായി മനസ്സിലാക്കി മതത്തെ വിശകലനം ചെയ്യുകയല്ല; മറിച്ച് ഈ സമൂഹങ്ങളിലെ മതത്തിന്റെ സാന്നിദ്ധ്യത്തെ ചരിത്രപരമായി പിന്തുടരുകയായിരുന്നു ‘Genealogies of Religion’-ൽ ഞാൻ. ഇതാണ് ഞാൻ പറയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ആധുനികത അതിന്റെ പാരമ്യതയിലെത്തുന്നത് മതം സ്വകാര്യ ജീവിതത്തിലേക്ക് പിൻവലിഞ്ഞ സന്ദർഭത്തിലാണെന്ന് സാധാരണ വാദിക്കാറുണ്ട്. അതിനാൽ സാമൂഹിക ജീവിതത്തിൽ മതത്തിന്റെ ഇടപെടലിനെ, ആധുനികതയുടെ അപൂർണമായതോ പരാജയപ്പെട്ടതോ ആയ പ്രൊജക്റ്റ് മൂലമാണെന്നാണ് വിലയിരുത്താറുള്ളത്. പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങൾ ആധുനികതയുടെ അനിവാര്യമായ വിജയം നിഷേധിക്കുന്നു എന്നും പറയപ്പെടാറുണ്ട്, എങ്ങനെയാണ് നിങ്ങളതിനോട് പ്രതികരിക്കുന്നത്?

തീർച്ചയായും തിയറി അങ്ങനെയാണ്. പക്ഷെ, കുറച്ച് കാലങ്ങളായി, ചരിത്രം ഇങ്ങനെയല്ലായിരുന്നു എന്ന് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാരംഭിച്ച ‘മതത്തിന്റെ പിൻവാങ്ങൽ’ ലളിതമായ സംഗതിയായിരുന്നില്ലെന്നും തിരിച്ചറിവുണ്ടായിരിക്കുന്നു. മതത്തെയും രാഷ്ട്രത്തെയും വേർതിരിച്ചുകൊണ്ടുള്ള മതേതരത്വത്തെക്കുറിച്ച ജനങ്ങളുടെ ധാരണ തികച്ചും വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള രാഷ്ട്രങ്ങളെക്കുറിച്ച നിരീക്ഷണങ്ങളിൽ എന്നെ കൊണ്ടുചെന്നെത്തിച്ചു.

ലിബറൽ-മതേതര ജനാധിപത്യ സ്വഭാവമുള്ള ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ മൂന്ന് പാശ്ചാത്യ രാജ്യങ്ങളെ നമുക്കുദാഹരണമായെടുക്കാം. കൃത്യമായ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഫ്രാൻസ് സെക്കുലറായ സ്റ്റേറ്റും സമൂഹവുമുള്ള രാജ്യമാണ്. ഇംഗ്ലണ്ടിൽ വ്യവസ്ഥാപിത സ്വഭാവത്തിലുള്ള മതമുണ്ട്, അതുപോലെ തീർത്തും സെക്കുലറായ സമൂഹവുമുണ്ട്. അമേരിക്കയിലാണെങ്കിൽ വളരെ മതകീയമായ സമൂഹവും സെക്കുലറായ സ്റ്റേറ്റിനെയും കാണാം. അതുകൊണ്ട് മതവും രാഷ്ട്രീയവും തമ്മിലുള്ള ഇടപാടുകളിൽ വ്യത്യസ്തമായ തലങ്ങൾ നമുക്ക് ദർശിക്കാനാകും. ഈ മൂന്ന് ആധുനിക രാഷ്ട്രങ്ങളിലെ സമൂഹങ്ങളിൽ പോലും വ്യത്യസ്ത തരത്തിലുള്ള സംവേദനങ്ങളുണ്ട്. ‘സെക്കുലർ’ ആദർശങ്ങളെ മറികടക്കുന്ന പൊതുജനങ്ങളുടെ പലതരത്തിലുള്ള പ്രതികരണങ്ങൾ ഇപ്പോൾ നിലവിലുണ്ട്. ഉദാഹരണത്തിന് മുസ്‌ലിം പെൺകുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാമോ ഇല്ലയോ എന്ന സംവാദം. സാന്ദർഭികമായി തോന്നുന്ന രസകരമായ ഒരു കാര്യം യാർമെൽകെ[1] (Yarmulke) സ്കൂളുകളിൽ നിരോധിക്കണമെന്നുള്ള കാര്യത്തിൽ മതേതരത്വക്കാർ എതിരാണെന്നതാണ്! എന്തുകൊണ്ടാണ് ഹിജാബ് ധരിക്കുമ്പോൾ രാഷ്ട്രത്തിന്റെ മതേതര പാരമ്പര്യം തകർന്ന് പോകുന്നതും യാർമെൽകെ ധരിക്കുമ്പോൾ മറിച്ചാകുന്നതും? ഇവിടെയുള്ള നീതി പൂർവ്വകമല്ലാത്ത വിവേചനമല്ല ഞാൻ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നത്. മറിച്ച് മതേതര കക്ഷികളിൽ പോലും പൊതുസ്ഥലങ്ങളിലെ ‘മതചിഹ്ന’ങ്ങളുടെ പ്രവേശനത്തെപ്പറ്റി വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്ന് സൂചിപ്പിക്കാനാണ്. ഇനി അമേരിക്കയുടെ കാര്യത്തിലാണെങ്കിൽ, മതത്തെയും സ്റ്റേറ്റിനെയും കൃത്യമായി വിഭജിക്കുന്ന നിയമങ്ങളുണ്ടവിടെ. പക്ഷെ അതൊന്നും സമകാലിക രാഷ്ട്രീയത്തിൽ മതേതരമല്ലാത്ത ഇടപെടലുകളെ തടയാൻ പര്യാപ്തമാകുന്നില്ല. നമുക്കെല്ലാം അറിയുന്നതുപോലെ തീവ്രക്രിസ്ത്യൻ വലതുപക്ഷമാണ് ബുഷ് ഭരണകൂടത്തിന്‍റെ ഹൃദയം. ഇറാഖിനെതിരെയുള്ള യുദ്ധത്തെ അർമെഗഡൺ[2] (Armageddon) എന്നാണിവർ വിശേഷിപ്പിക്കുന്നത്. അഥവാ ‘മതപര’മായ കാരണങ്ങളുടെ പിൻബലത്തോടെയുള്ള ‘മതേതര’ യുദ്ധമാണ് അവിടെ നടക്കുന്നത്. മതപരമായ അവകാശങ്ങളെപ്പറ്റി സംസാരിക്കാനല്ല ഇവിടെ ഇതെല്ലാം സൂചിപ്പിക്കുന്നത് എന്ന് ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. പകരം എന്‍റെ വാദം ഇതാണ്; മതേതര രാഷ്ട്രത്തിനും വലിയ പ്രയാസങ്ങളില്ലാതെ മതതാൽപര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്.

എന്താണ് ആധുനികം, ആധുനികമല്ലാത്തത്, എങ്ങനെയാണ് ആത്യന്തികമായി ലിബറൽ മതേതര സ്റ്റേറ്റായി മാറുക തുടങ്ങിയ ചോദ്യങ്ങളിലേക്ക് തിരിച്ചു വരാം. നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി, ആധുനികമെന്ന അവസ്ഥയിലേക്ക് ഒരു രാജ്യം പരിവർത്തിക്കപ്പെടുന്നത് പല തരത്തിലുള്ള മാറ്റങ്ങളെയും പുനർക്രമീകരണങ്ങളെയും അനുകൂല്യങ്ങളെയും ഉൾക്കൊള്ളുമ്പോഴാണ്. ‘മതേതര’ രാഷ്ട്രീയം ഭാഗികമായി രൂപപ്പെടുന്നത് ഇത്തരം മാറ്റങ്ങളിലൂടെയാണ്. ഇങ്ങനെ നോക്കിയാൽ ആധുനികവത്കരണം/മതേതരവത്കരണം അത്ര ലളിതമായ സംഗതിയല്ലെന്ന് മനസ്സിലാകും. ആധുനികത എല്ലാവർക്കും നേരിട്ട് കടന്നു ചെല്ലാവുന്ന ലക്ഷ്യമാണോ എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്.

ആധുനികവത്കരണ പ്രക്രിയയിൽ സെക്കുലറിസം പ്രധാനപ്പെട്ട ഘടകമായാണ് കരുതപ്പെടുന്നത്. മതവും സെക്കുലറിസവും തമ്മിലുള്ള ബന്ധത്തെ നിങ്ങൾ എങ്ങനെയാണ് നിർവ്വചിക്കുന്നത്?

സെക്കുലറിസത്തിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ ഞാൻ പരിശോധിച്ചു. അതുപോലെ ആധുനിക രാഷ്ട്രങ്ങളിൽ മതേതരവത്കരിക്കപ്പെട്ട നിയമത്തെയും സദാചാര ധാർമ്മിക മൂല്യങ്ങളെയും. ഇതെല്ലാം സങ്കീർണമായ ചോദ്യങ്ങളാണെന്ന് ഞാൻ വിചാരിക്കുന്നു. മതേതര രാഷ്ട്രീയത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട നിത്യജീവിതത്തിലെ സെക്കുലർ മാതൃകകൾ നമുക്ക് ഇനിയും പൂർണമായി മനസ്സിലായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ഇത്തരം വിഷയങ്ങൾ ഇതുവരെയുണ്ടായിരുന്നതിൽ കൂടുതൽ ആഴത്തിൽ മാനവികശാസ്ത്ര വിഷയങ്ങളിൽ ഉൾപ്പെടുത്തി പഠിപ്പിക്കേണ്ടതുണ്ട്.

ഒരു രാഷ്ട്രീയസിദ്ധാന്തമെന്ന നിലക്ക് സെക്കുലറിസത്തെ മതവുമായി വളരെ അടുത്ത് ബന്ധമുള്ള ഒന്നായാണ് ഞാൻ കാണുന്നത്. മതകീയ തത്വങ്ങളുടെ ‘അപരം’ (other) എന്ന നിലയിൽ. മതത്തെ പൂർണമായി മാറ്റിനിർത്തുന്ന ഒരു സെക്കുലർ രാഷ്ട്രത്തിൽ വളരെ സൂക്ഷ്മമായും കൃത്യതയോടെയും എന്താണ് ‘അസ്സൽ’ മതമെന്നും ശുദ്ധമായ സ്റ്റേറ്റെന്നും ആവർത്തിച്ചാവർത്തിച്ച് നിർവ്വചിക്കേണ്ടിവരും. അതായത് സ്റ്റേറ്റെന്നത് കൃത്യമായി നിർവചിക്കപ്പെട്ട ഒന്നല്ലെന്നർഥം. വിരോധാഭാസമെന്ന് പറയട്ടെ, മതത്തിനും രാഷ്ട്രത്തിനും അതിന്റേതായ ഇടങ്ങൾ ഉണ്ടാകണമെന്ന സെക്കുലറിസത്തിന്റെ അശ്ലീല ഭാഷ്യം സാധ്യമല്ലെന്നതാണ് സത്യം. സ്റ്റേറ്റിന് (രാഷ്ട്രീയ സ്വത്വം) ‘മത’ത്തിന്റെ പൊതു സ്വീകാര്യമായ മുഖത്തെ നിർവ്വചിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ!

ഇസ്‌ലാമിക നവീകരണ പ്രസ്ഥാനങ്ങൾ (മുസ്‌ലിം രാജ്യങ്ങളിൽ മാത്രമുള്ളതല്ല) ആധുനികപൂർവ്വമോ കാലഹരണപ്പെട്ടതോ അല്ലെന്നും മറിച്ച് ആധുനിക സ്വഭാവസവിശേഷതകൾ ഉൾവഹിക്കാനുള്ള സാധ്യതകൾ ഇവക്കുണ്ടെന്നും വാദങ്ങളുണ്ട്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?

ഒരു പരിധിവരെ ഇത് തീർച്ചയായും ശരിയാണ്. ദേശ-രാഷ്ട്രത്തെയും ദേശ-രാഷ്ട്രത്തിന്റെ ആഗ്രഹാഭിലാഷങ്ങളെയും “സാധ്യതകളുടെ ആധുനിക സാഹചര്യത്തിൽ”(the modern condition of possibility) ഉൾപ്പെടുത്തുകയാണെങ്കിൽ ഞാനിതംഗീകരിക്കും. 19-ാം നൂറ്റാണ്ടിന് ശേഷം വൻ തീവ്രമതപ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ ലിബറൽ രൂപങ്ങളും രാഷ്ട്രത്തിന്റെ കർതൃത്വരൂപീകരണത്തിനോടും മുഴുവൻ ജനസംഖ്യയുടെ ജനനമരണ നിയന്ത്രണങ്ങൾക്കുമേലുള്ള രാഷ്ട്രത്തിനുള്ള ആഗ്രഹാഭിലാഷങ്ങളോടും ഉരസിയിരുന്നു. ഇത്തരം കാര്യങ്ങൾ മുമ്പ് വിവിധ ഏജൻസികളുടെ പരിഗണനയിലുള്ള വിഷയമായിരുന്നു. മതം എന്ന് വിളിച്ചിരുന്ന ഏജൻസി ഉൾപ്പെടെ. എന്നാൽ ഇന്ന് ഒറ്റ ഏക രാഷ്ട്രീയ ഘടന, അതായത് ആധുനിക ദേശ-രാഷ്ട്രം ആണ് കൈകാര്യ കർതൃത്വം നിർവഹിക്കുന്നത്.

മതങ്ങളിലെ റാഡിക്കൽ പ്രസ്ഥാനങ്ങൾക്കും ലിബറൽ രൂപങ്ങൾക്കും ആധുനിക രാഷ്ട്ര വ്യവഹാരങ്ങളിൽ സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിന്റെ ലിബറൽ സ്വരൂപങ്ങൾ എന്തിനെയായാലും പ്രാവർത്തികവും നിയമാനുസൃതവുമായ സ്വകാര്യതയും സ്വയാധികാരവും ഉപയോഗിച്ച് സമ്പൂർണ രാഷ്ട്രീയാധികാരത്തെയും അതിന്റെ ഇടങ്ങളെയും പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നു. ഒരിക്കൽ നിയന്ത്രണ വിധേയമല്ലാതിരുന്ന രാഷ്ട്രത്തിന്റെ അധികാരങ്ങളെ ആധുനിക കാലത്ത് തങ്ങൾക്കുപയോഗപ്പെടുത്താൻ കഴിയുമെന്ന ധാരണയിൽ റാഡിക്കൽ പ്രസ്ഥാനങ്ങളും ഇവയിൽ ഇടപെടുന്നു.

തലാൽ അസദ്

ഈയൊരു വീക്ഷണ കോണിൽ ഈ പ്രസ്ഥാനങ്ങളെല്ലാം ആധുനികമാണ്. ഇപ്പോൾ ലഭ്യമായതും പ്രവർത്തനത്തിലിരിക്കുന്നതുമായ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളും ആശയവിനിമയ മാർഗങ്ങളും അവർ ഉപയോഗിക്കുന്നു. അതിനാൽ ഈ പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത ആവിഷ്കാരങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആധുനിക രീതിയിലാണെന്നത് സത്യമാണ്. അതേ സമയം ഈ പ്രസ്ഥാനങ്ങൾ വിയോജിപ്പിന്റെയും തർക്കങ്ങളുടെയും ശാരീരിക സംഘർഷങ്ങളുടെയും ചരിത്രത്തിൽ നിന്നാണ് പുനരാവിഷ്കാരങ്ങളുടെയും പുനർവായനകളുടെയും സമകാലിക സംവാദങ്ങളിൽ ഏർപ്പെടുന്നതെന്ന കാര്യവും മറക്കരുത്.

സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ മതേതര ആധുനികതയെക്കുറിച്ചുള്ള (Secular Modernity) പാശ്ചാത്യ ധാരണകളെ പുനരാലോചിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ? അവർ അങ്ങനെ കഴിയേണ്ടതുണ്ടോ?

മൊത്തം സംഗതികൾ വച്ച് നോക്കിയാൽ റാഡിക്കൽ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്കോ ലിബറൽ ഇസ്‌ലാമിനോ സെക്കുലർ മൊഡേണിറ്റിയെപ്പറ്റിയുള്ള പുനരാലോചനകൾക്ക് പരിമിതികളുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ആധുനിക പ്രസ്ഥാനങ്ങൾ എന്ന നിലയിൽ പൊതുസമൂഹത്തിലെ ഇവരുടെ ഇടപെടലുകൾ രാഷ്ട്രീയത്തെക്കുറിച്ച ആധുനിക സങ്കൽപങ്ങളെ പലപ്പോഴും മറികടക്കുന്നുണ്ട്. മറ്റൊരു കാരണം ഇസ്‌ലാമിനോടും ഇസ്‌ലാമിക പാരമ്പര്യത്തിൽ നിന്ന് വരുന്ന എന്തിനോടും പാശ്ചാത്യർക്കുള്ള നിഷേധാത്മകതയാണ്. തീർച്ചയായും വിജയകരമായ ജീവിതം നയിക്കുന്ന പാശ്ചാത്യ സമൂഹങ്ങളും പ്രത്യക്ഷത്തിൽ ദുർബലരായ മുസ്‌ലിം സമൂഹങ്ങളും തമ്മിലുള്ള അസമാനതകളും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാകാം.

പക്ഷെ, ഇസ്‌ലാമിസം എന്ന പ്രതിഭാസവും അതോടൊപ്പം ഇതേ സ്വഭാവത്തിൽ ലോകത്തെമ്പാടുമുള്ള മതപ്രസ്ഥാനങ്ങളും വിജയാഘോഷത്തിൽ മതിമറന്നാടുന്ന സെക്കുലറിസത്തെക്കുറിച്ചും രാഷ്ട്രീയപരമായും ആദർശപരമായും ആധുനിക ജീവിതത്തിന് അനിഷേധ്യമെന്ന് കരുതുന്ന ലിബറൽ ധാരണകളെക്കുറിച്ചും പുനരാലോചനക്ക് ഇടയാക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്.

ലിബറൽ ജനാധിപത്യത്തിന്റെ (Liberal Democracy) സ്വഭാവ സവിശേഷതകളായ സമത്വം, വ്യക്തിവാദം (Individualism), മനുഷ്യാവകാശങ്ങൾ, ബഹുസ്വരത, സഹിഷ്ണുത എന്നിവക്ക്  നേർവിപരീതമാണ് ഇസ്‌ലാം എന്ന രീതിയിൽ ധാരാളം ചർച്ചകൾ ഇക്കാലത്ത് നടക്കുന്നുണ്ട്. എന്താണ് താങ്കൾക്ക് പറയാനുള്ളത്?

മുമ്പ് ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്. ഇസ്‌ലാമും ഇസ്‌ലാമിക പാരമ്പര്യവും ഒരിക്കലും മാറാൻ കഴിയാത്ത ദൃഢമായി ഉറപ്പിച്ച് നിർത്തപ്പെട്ട ഒന്നായി നിങ്ങൾ കരുതിയാൽ ലിബറൽ ജനാധിപത്യത്തിന് വിപരീതമാണെന്നും ആധുനികത യഥാർഥത്തിൽ ഇസ്‌ലാമല്ലെന്നും ഇസ്‌ലാമിന് ഒരിക്കലും ആധുനികമാവാൻ കഴിയില്ലെന്നും നിങ്ങൾക്ക് വാദിക്കാൻ കഴിയും.

തീർച്ചയായും ചിലയാളുകൾ ഇസ്‌ലാമിനെ ലിബറൽ ജനാധിപത്യവുമായി ചേർത്തുവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ഇസ്‌ലാമിക പാരമ്പര്യം നമ്മെ കൊണ്ടെത്തിക്കുന്ന ലിബറൽ വിഭാഗങ്ങളെക്കുറിച്ച (Category) ചോദ്യങ്ങളിലാണ് എന്റെ താൽപര്യം. “ശരി, ഞങ്ങൾക്കും നിങ്ങളെപ്പോലെയാകാൻ കഴിയും” എന്നതിനേക്കാൾ, ലിബറൽ വിഭാഗങ്ങൾ എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്നും ചരിത്രപരമായി എന്തിനെയാണത് പ്രതിനിധീകരിക്കുന്നത് എന്നും ചോദിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് വ്യക്തിവാദത്തെക്കുറിച്ച (Individualism) ചോദ്യം: “പാശ്ചാത്യലോകത്ത് വ്യക്തിവാദത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാകും അത് പ്രശ്നപൂരിതമാണെന്ന്. അതുപോലെത്തന്നെയാണ് സമത്വത്തെക്കുറിച്ച ചോദ്യവും. ലിബറൽ ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സമത്വം നിയമസമത്വം മാത്രമാണെന്ന് നമുക്കറിയാം. സാമ്പത്തിക സമത്വം അതിന്റെ പരിധിയിലേ വരുന്നില്ല. ഈ രണ്ട് സമത്വങ്ങളെയും എന്തായാലും വേർതിരിച്ച് നിർത്താനാകില്ല. എന്തിന്, നയരൂപീകരണത്തിൽ സംഭാവനകൾ അർപ്പിക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനുമുള്ള രാഷ്ട്രീയ സമത്വം പോലും എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല. സമത്വത്തെക്കുറിച്ചും വ്യക്തിവാദത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പാശ്ചാത്യ ലിബറൽ ചിന്തകൾക്ക് എന്താണ് പറയാനുള്ളത്? ഞാൻ വിചാരിക്കുന്നത് ഇത്തരം ചോദ്യങ്ങളെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്നാണ്. “ഞങ്ങൾക്കും ലിബറലാകാൻ കഴിയും എന്ന പ്രസ്താവനയിലേക്ക് എടുത്ത് ചാടുന്നതിന് പകരം എന്താണ് സഹിഷ്ണുത എന്നതുകൊണ്ട് ലിബറലിസം യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എന്നാണ് ചോദിക്കേണ്ടത്. നമ്മളുമായി ഏറ്റുമുട്ടാത്ത പ്രശ്നങ്ങളുമായി, ആശയങ്ങളുമായി, പ്രസ്ഥാനങ്ങളുമായി, വ്യക്തികളുമായി സഹിഷ്ണുത പുലർത്താൻ നമുക്ക് എളുപ്പം കഴിയും. ഈ തത്വമാണ് സത്യത്തിൽ ലിബറൽ സമൂഹങ്ങളെ നയിക്കുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് തല ഉയർത്തിപ്പിടിച്ചോ അല്ലാതെയോ സംസാരിക്കാം. അതുകൊണ്ട് പ്രത്യേകിച്ചൊരു ലാഭവും നഷ്ടവും ആർക്കും ഉണ്ടാകുന്നില്ല. മറിച്ച് അഭിപ്രായവ്യത്യാസങ്ങളോടും സംഘർഷങ്ങളോടും സംവദിക്കുമ്പോൾ മാത്രമേ സഹിഷ്ണുതക്ക് അർത്ഥമുണ്ടാകുന്നുള്ളൂ. പരിമിതികളുണ്ടെങ്കിലും ഇസ്‌ലാമിക പാരമ്പര്യവും വർത്തമാനവും ഇത്തരം സഹിഷ്ണുതകളോടാണ് ചേർന്ന് നിൽക്കുന്നത്.

അതിനാൽ നിസ്സംഗമായും കീഴടങ്ങലിന്റെ സ്വരത്തിലും ഇസ്‌ലാമിക പാരമ്പര്യങ്ങൾ വളരെ ലിബറലാണ് എന്ന് പറയുന്നതിന് പകരം, ബഹുസ്വരത കൊണ്ടും സഹിഷ്ണുത കൊണ്ടും ലിബറലിസം എന്താണ് ഉദ്ദേശിക്കുന്നത്? വ്യക്തിവാദം ശരിയായ അർഥത്തിൽ ആവശ്യമായ സംഗതിയാണോ? ഇസ്‌ലാമിക പാരമ്പര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ നടത്തിയാൽ വ്യക്തിവാദം, സഹിഷ്ണുത, ബഹുസ്വരത എന്നിവയെക്കുറിച്ചെല്ലാം വിമർശനാത്മകവും ആഴത്തിലുമുള്ള ധാരണകൾ നമുക്ക് ലഭിക്കില്ലേ? എന്നീ ചോദ്യങ്ങളാണ് നാം ഉയർത്തേണ്ടത്. ജനങ്ങൾ അവരുടെ ലിബറൽ യോഗ്യതകൾ തെളിയിക്കുന്നതിന് പകരം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കണമെന്നതാണ് എന്റെ ആഗ്രഹം.

 

കുറിപ്പുകൾ

[1] ഓർത്തഡോക്സ് ജൂത പുരുഷന്മാർ ധരിക്കുന്ന തൊപ്പി

[2] നന്മയും തിന്മയും തമ്മിൽ നടക്കാനിരിക്കുന്നതായി വെളിപാടുപുസ്തകത്തിൽ പറയുന്ന അന്തിമസമരത്തിന്റെ വേദി.


വിവർത്തനം: ഉബൈദുർറഹ്മാൻ

തലാൽ അസദ്