Campus Alive

‘തഫ്കീര്‍’- ഇസ്ലാമും മുസ്ലിം നിയമവും ഇന്ത്യയില്‍

നിയമവും അതിന്റെ വ്യവസ്ഥാപിത രൂപങ്ങളും ആഗോളതലത്തില്‍ തന്നെ ജനങ്ങളുടെ എല്ലാ ജീവിത പരിസരങ്ങളിലേക്കും ചൂഴ്ന്നിറങ്ങിയ അവസ്ഥയാണ് ഇന്നുള്ളത്. സ്വകാര്യമോ പൊതുവോ ആയ ഇടങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ ചോദ്യങ്ങളെ കുറിച്ച് തീര്‍പ്പാക്കുന്നതില്‍ കോടതി മുറികളുടെ പങ്ക് വര്‍ധിച്ചു വരുന്നുവെന്നത് സമകാലിക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയായി തീര്‍ന്നിരിക്കുന്നു. പൌരന്റെ/പൌരിയുടെ  അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ആശ്രയിക്കാവുന്ന ‘അവസാനത്തെ അത്താണിയാണ്’ ജുഡീഷ്യറി എന്ന് പറയപ്പെടുമ്പോഴും പ്രസ്തുത പരാമര്‍ശത്തെ അന്വര്‍ത്ഥമാക്കും വിധം  സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ  പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ കോടതികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ/കഴിയുന്നുണ്ടോ എന്നത് ഒരു സുപ്രധാന ചോദ്യമാണ്‌.

രാഷ്ട്രത്തിലെ നിയമവും മതവും തമ്മിലുള്ള ബന്ധം ദേശരാഷ്ട്രങ്ങള്‍ക്ക് അതിന്റെ ആവിര്‍ഭാവകാലം മുതല്‍ക്കേ ഒരു പ്രശ്നപരിസരമായി നിലകൊണ്ടിരുന്നു. ഇന്ത്യയിലെ  പൊതുവിടങ്ങളില്‍ മതത്തിന്‍റെ പങ്കിനെ കുറിച്ച് അക്കാദമിക ലോകത്തും പൊതുമധ്യത്തിലും സജീവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നിരുന്നാലും, പൊതു ഇടങ്ങളില്‍ മതത്തിന്‍റെ പങ്കിനെ കുറിച്ചുള്ള ഭരണഘടനാപരവും നിയമപരവുമായ അടിസ്ഥാനങ്ങളെ കുറിച്ചുള്ള വിമര്‍ശനാത്മക വായനയുടെ അഭാവം ഇന്നുണ്ട്. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം, ഭരണഘടനാ ധാര്‍മികത തുടങ്ങിയവയെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ജുഡീഷ്യറി എങ്ങനെയാണ് വ്യാഖ്യാനിച്ചതെന്നും അത്തരം വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് മതേതരത്വത്തെ കുറിച്ചും ദേശീയതയെ കുറിച്ചുമുള്ള അക്കാദമികവും അല്ലാത്തതുമായ വ്യവഹാരങ്ങളെ സ്വാധീനിച്ചത് എന്നതാണ് ഏറ്റവും കാതലായ ചോദ്യങ്ങളില്‍ ഒന്ന്. മതത്തിന്‍റെ നിര്‍വചനത്തെ കുറിച്ചും, മതങ്ങളിലെ പ്രധാനപ്പെട്ട ആചാരങ്ങള്‍ എന്ത് എന്ന് നിര്‍ണയിക്കുന്നതില്‍ കോടതി രൂപപ്പെടുത്തിയ സിദ്ധാന്തത്തെ -Essential Practices Doctrine- കുറിച്ചുമുള്ള ചര്‍ച്ചകളില്‍ വിമര്‍ശനാത്മകമായ വിശകലനം ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്. മതകാര്യങ്ങളില്‍ കോടതിക്ക് ഇടപെടുന്നതില്‍ എത്രത്തോളം അധികാരമുണ്ട്? ഇടപെടലിന്റെ   പരിധിയും സ്വഭാവവുമെന്ത്? തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിലൂടെ മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടുള്ള വിവിധ ചലനങ്ങളുടെയും കോടതി വിധികളുടെയും രാഷ്ട്രീയത്തെ നീതിയെ സംബന്ധിച്ചുള്ള  മുസ്ലിം സ്ത്രീ ആശങ്കകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുകയും, മുസ്ലിം വ്യക്തി നിയമം, ശരീഅത്ത് എന്നിവ സംബന്ധിച്ച് മുസ്ലിം സമുദായതിനകത്ത് പ്രത്യേകിച്ചും നിയമ വ്യവഹാരങ്ങളില്‍ പൊതുവായും നടക്കുന്ന ചര്‍ച്ചകള്‍ക്ക് വെളിച്ചമേകുകയും ചെയ്യേണ്ടതുണ്ട്.

അതേ സമയം ഹിന്ദു ഭൂരിപക്ഷ രാജ്യത്തിലെ ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ്‌ തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു സാഹചര്യം ഇന്നീ രാജ്യത്തിലുണ്ട്. അകാരണമായ വെറുപ്പിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ആക്രമണങ്ങളിലൂടെയും ആള്‍കൂട്ട കൊലപാതകങ്ങളിലൂടെയും, ഭരണകൂടത്തിന്റെയും അതിന്റെ വിവിധ സംവിധാനങ്ങളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെ നടത്തപ്പെടുന്ന ആസൂത്രിത വംശഹത്യാ ശ്രമങ്ങളിലൂടെയും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം തന്നെ മുസ്ലിങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. പല തരത്തിലുള്ള കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളായ മനുഷ്യരെ ഭീകരവാദത്തിന്റെ പേരില്‍ സാധാരണ ഗതിയില്‍  ബാധമാക്കാറുള്ള  നിയമത്തിന്‍റെ യഥാര്‍ത്ഥ നടപടിക്രമങ്ങളില്‍ (due process) നിന്നെല്ലാം ഒഴിവാക്കി വര്‍ഷങ്ങളോളം ജയിലില്‍ അടക്കുകയും പിന്നീട് നിരപരാധിയെന്ന് കണ്ട് യാതൊരു നഷ്ട്ടപരിഹാരമോ പുനരധിവാസത്തിനുള്ള നടപടികളോ ഇല്ലാതെ വിട്ടയക്കപ്പെടുകയും ചെയ്യുന്നു.

ഈ സെമിനാര്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പല തരത്തിലുള്ള ഇസ്ലാമോഫോബിയ അനുഭവങ്ങളെ നിലവിലുള്ള നിയമ വ്യവഹാരങ്ങളുമായി ചേര്‍ത്ത് വായിക്കാനും പൌരന്മാരുടെ മതകീയ സ്വത്വം മൂലം അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കാനുള്ള പുതിയ നിയമനിര്‍മാണങ്ങളുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കാനും ഉദ്ദേശിക്കുന്നു. സമകാലിക ലോകത്ത് കോടതികള്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും സമൂഹത്തില്‍ മാറ്റം കൊണ്ടു വരാന്‍ നിയമത്തിനുള്ള സാധ്യതകളെയും പരിമിതികളെയും സംബന്ധിച്ചും മുസ്ലിം വീക്ഷണത്തിലൂടെ വിലയിരുത്താനും ഈ സെമിനാര്‍ ശ്രമിക്കുന്നു. എങ്ങനെയാണ് ഇന്ത്യയിലെ വിവിധ സമുദായങ്ങളും ദേശീയതകളും ഇന്ത്യന്‍ ഭരണഘടനയെ സമീപിച്ചതെന്നും/സമീപിച്ചു കൊണ്ടിരിക്കുന്നതെന്നും എന്താണ് അവയോട് ജുഡീഷ്യറിയുടെ സമീപനമെന്നും സെമിനാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് പൊതുവായും, മുസ്ലിംങ്ങളുടെ അവകാശങ്ങളെ, പ്രത്യേകിച്ചും ഭരണഘടന എങ്ങനെ കാണുന്നുവെന്നതിനെ വിമര്‍ശനാത്മകമായി സമീപിക്കാനും സെമിനാര്‍ ശ്രമിക്കുന്നു.

ഡിസംബര്‍ 30ന് എസ് .ഐ ഒ തിരുവനന്തപുരം നടത്തുന്ന തഫ്കീര്‍- ഇസ്ലാമും മുസ്ലിം നിയമവും ഇന്ത്യയില്‍ എന്ന സെമിനാറിന്റെ concept note

സ്വാതന്ത്ര്യ പരിഭാഷ: അഡ്വ. സി അഹമ്മദ് ഫായിസ്