Campus Alive

വിശ്വാസവും വിപണിയും: ദേശരാഷ്ട്രത്തിന്റെയും ഉമ്മത്തിന്റെ സന്ദർഭങ്ങളിലെ ധാർമിക സമ്പദ് വ്യവസ്ഥ

ഈ പ്രഭാഷണത്തിനായി നിശ്ചയിച്ച തലക്കെട്ടിനെ തിരുത്തിക്കൊണ്ട് ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഈ തിരുത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട് എന്ന കാരണത്താലാണ് നേരത്തെ തിരുത്താതിരുന്നതും; യഥാർത്ഥത്തിൽ ‘ഇസ്ലാം vs വിപണി യുക്തി’ അല്ല, മറിച്ച് ‘ഇസ്ലാമിക വിപണി vs മുതലാളിത്ത വിപണി’ എന്നതാണ് കൂടുതൽ കൃത്യമായ പ്രയോഗം. കാരണം ഇസ്ലാം എന്നത് അങ്ങേയറ്റം വിപണി സൗഹൃദമായ  മതമാണ്. വാസ്തവത്തിൽ, വാണിജ്യമെന്നത് ഇസ്ലാമിന്റെ മുഖമുദ്രകളിലൊന്ന് പോലുമാണ്. പ്രൊഫസർ അദീൽ മാലികുമായി സംസാരിക്കവേ അദ്ദേഹം പ്രാഥമികമായി ചൂണ്ടിക്കാട്ടിയ ഒരു സംഗതിയും ഇതാണ്; ഇസ്ലാം എത്രത്തോളം വിപണി സൗഹൃദമാണ് എന്നതിനെക്കുറിച്ചുള്ള പുസ്തക രചനയിലാണ് അദ്ദേഹം.

Adeel Malik

മൂന്ന് കാര്യങ്ങളാണ് ഞാനീ പ്രഭാഷണത്തിൽ ചെയ്യാനാഗ്രഹിക്കുന്നത്; ഒന്നാമതായി, മുതലാളിത്തത്തെ നിർവ്വചിക്കുക; രണ്ടാമതായി, ഇസ്ലാമിന്റെ നിലപാടെന്താണ്, ഈ ഭാഗത്ത് യാസിർ ഖാദി പറഞ്ഞുവെച്ച കാര്യങ്ങളുടെ കേവലമൊരു അടിക്കുറിപ്പ് എന്ന നിലയിലായിരിക്കും ഞാൻ പറയുന്ന കാര്യങ്ങൾ; മൂന്നാമതായി, ഇതേപറ്റി എന്താണ് നമുക്ക് ചെയ്യാൻ കഴിയുകയെന്ന പ്രശ്നവും ഞാൻ പരിശോധിക്കും.

ആധുനികലോകത്തെ സൃഷ്ടിച്ചെടുത്ത, സമകാലിക സാഹചര്യത്തിലെ അങ്ങേയറ്റം പ്രബലവും വിനാശകരവുമായ ഒരു പ്രതിഭാസമാണ് മുതലാളിത്തം. എങ്കിലും അതിനെ നിർവ്വചിക്കുകയെന്നത് പ്രയാസകരമായൊരു ദൗത്യമാണ്. അത്തരത്തിലുള്ള ഏതൊരു ശ്രമത്തിനും ചില വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഒന്നാമതായി, മുതലാളിത്തം സ്വതന്ത്ര വിപണിയാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും, അതൊരു സ്വതന്ത്ര വിപണിയല്ലെന്നതാണ് യാഥാർത്ഥ്യം. സ്വതന്ത്ര വിപണിക്കനുയോജ്യമായ സാഹചര്യങ്ങൾക്ക് ആഗോള തലത്തിലുള്ള വർദ്ധിത ഹിംസയിലൂടെ രൂപംകൊടുത്ത ദേശരാഷ്ട്രങ്ങളുമായി ബന്ധിതമാണ് മുതലാളിത്തം. എങ്കിലും, ഞാൻ പ്രാഥമികമായി ഊന്നാനാഗ്രഹിക്കുന്നത് ഇനി പറയുന്ന വൈരുദ്ധ്യത്തിലാണ്; പലിശ അല്ലെങ്കിൽ കൊള്ളപ്പലിശ (interest or usury) എന്നിവയുമായുള്ള മുതലാളിത്തത്തിന്റെ ബാന്ധവം. പക്ഷേ, പലിശയും കൊള്ളപ്പലിശയുമൊക്കെ മുതലാളിത്ത പൂർവ്വ കാലഘട്ടത്തിലും നിലനിന്നിരുന്നുവെന്നതും ശരിയാണ്. അതിനാൽ, മുതലാളിത്തമെന്നത് തീർച്ചയായും പലിശ മാത്രമല്ല.

മുതലാളിത്തത്തിന് മതേതരത്വവുമായുള്ള ബാന്ധവമാണ് രണ്ടാമത്തെ വൈരുദ്ധ്യം. ഇത് ശരിയാണെങ്കിലും, മുതലാളിത്തം മതപാരമ്പര്യങ്ങളുടെ പൊതു താൽപര്യങ്ങളുമായി ചാർച്ചയിലെത്തുന്നത് ഒരപൂർവ്വ സംഗതിയല്ലെന്നതും നേരാണ്. അമേരിക്കൻ കൃസ്ത്യാനികളെ സംബന്ധിച്ച് മുതലാളിത്തം എങ്ങനെയാണ് മതമായി മാറുന്നതെന്ന് വിശദീകരിക്കുന്നതാണ് To Serve God and Wal-Mart എന്ന പ്രശസ്തമായ ഗ്രന്ഥം. ‘നിന്റെ സമ്പത്ത് ദൈവത്തിന് നിന്നോടുള്ള കാരുണ്യത്തെ കുറിക്കുന്നു’ എന്ന സമൃദ്ധിയെക്കുറിച്ചുള്ള കൃസ്ത്യൻ സുവിശേഷം പ്രൊട്ടസ്റ്റന്റിസത്തിന്റെ കേന്ദ്ര ആശയമാണ്. ഈ ആശയത്തിന് ഇസ്ലാമിൽ ദൈവശാസ്ത്ര അടിത്തറയില്ലെങ്കിലും, പിൻവാതിൽ വഴി ഇസ്ലാമിലേക്കും ഇത് പ്രവേശിച്ചിട്ടുണ്ട്. നമ്മുടെ പെരുമാറ്റങ്ങളിലൂടെയും ദുർബലമായ ഹദീസ് പാരമ്പര്യങ്ങളിലൂടെയും ഇത് സ്ഥാപിച്ചെടുത്തിട്ടുണ്ട്.

Yasir Qadhi

ലാഭത്തിന്റെ അധികരണത്തെ മറ്റു തരത്തിലും മതം സഹായിക്കുന്നുണ്ട്. മുതലാളിത്തം മതേതരമാണെങ്കിൽ പിന്നെ ഇതെങ്ങനെയാണ് സാധ്യമാകുന്നത്? മുതലാളിത്തം മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്ലാമുമായി, ചില പൊതുവായ താൽപര്യങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കുന്നു എന്നതാണ് മൂന്നാമത്തെ വൈരുദ്ധ്യം. വംശീയ ദേശീയത, സാമുദായികവും ആചാരപരവുമായ ചില പ്രത്യേക പ്രമാണങ്ങൾ- പ്രമാണിമാർ തുടങ്ങിയ പൊതുവായ വിപരീതങ്ങൾക്കെതിരെ  വില്പനക്കും ഉപഭോഗത്തിനുമുള്ള സ്വാതന്ത്ര്യത്തിനായാണ് മുതലാളിത്തം നിലകൊള്ളുന്നത്. പലതരം പ്രാദേശിക ആചാരങ്ങളും കുത്തകകളും ഇതിനെ തടയുകയും ചെയ്യുന്നു. ഇത്തരത്തിൽ, മൗലികമായ ചില ശക്തികൾക്കെതിരെ ചുരുക്കം ചിലഘട്ടങ്ങളിൽ മുതലാളിത്തവും ഇസ്ലാമും പരസ്പരം സഹകരിക്കുന്നു എന്നതാണ് മൂന്നാമത്തെ വൈരുദ്ധ്യം. എ.കെ.പി എന്ന തുർക്കിഷ് പാർട്ടി മതേതര സൈനികശക്തിക്കെതിരെ നവ-ഉദാരശക്തികളുമായി കൈകോർക്കുന്ന തുർക്കിഷ് ദൃഷ്ടാന്തം ഇതിനുദാഹരണമാണ്. അനേകം സങ്കീർണതകൾ നമുക്ക് മുന്നിലുണ്ടെന്ന് ചുരുക്കം.

അതിനാൽ, മുതലാളിത്തത്തെ സൂക്ഷ്മമായി മനസ്സിലാക്കാതിരിക്കുന്നതിന്റെ അപകടങ്ങൾ ഏറെയാണ്. മുതലാളിത്തത്തെ ഉപരിപ്ലവമായി മനസ്സിലാക്കിയാൽ, അതിനൊരു ബദൽ മാതൃക അവതരിപ്പിക്കുകയാണ് നമ്മളെന്നോ അല്ലെങ്കിൽ മുതലാളിത്തം സൃഷ്ടിച്ച പ്രശ്നങ്ങളെ പരിഹരിക്കുകയാണ് നമ്മളെന്നോ ഒരുപക്ഷേ നാം തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, യഥാർത്ഥത്തിൽ മുതലാളിത്തത്തിന്റെ കേവല ചട്ടുകങ്ങളായി മാറുക മാത്രമായിരിക്കും നാം ചെയ്യുന്നത്. മുതലാളിത്തത്താൽ സൃഷ്ടിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ, മുതലാളിത്തത്തെ കൃത്യമായി മനസ്സിലാക്കുകയെന്നത് അതിനെ ചെറുക്കുന്നതിനും, സ്വയം മുതലാളിത്തമായി മാറാതിരിക്കുന്നതിനും, അല്ലെങ്കിൽ, ചില അയഥാർത്ഥ പ്രേതസങ്കല്പങ്ങൾക്കെതിരെയുള്ള (സ്വതന്ത്ര വിപണി ഉദാഹരണം) പ്രതിരോധമായി നമ്മുടെ പ്രവർത്തനങ്ങൾ മാറാതിരിക്കുന്നതിനും അനിവാര്യമാണ്.

Ovamir Anjum

മുതലാളിത്തത്തെ വിശദീകരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുതലാളിത്തത്തെ ലാഭ വർദ്ധനവിന്റെ (profit maximization) ദൈവീകരണം, അഥവാ ലാഭം അധികരിപ്പിക്കാനുള്ള ആഗ്രഹത്തെ ഒരു ദൈവമാക്കി മാറ്റുക, എന്ന നിലയിൽ നിർവ്വചിക്കുക എന്നതാണ്. ഈ നിർവ്വചനത്തെ കൂടുതൽ അടുത്തറിയുന്നതിനായി ചാൾസ് ട്രിപ്പ് അദ്ദേഹത്തിന്റെ ഇസ്ലാം ആൻഡ് ദി മോറൽ എക്കോണമി എന്ന ഗ്രന്ഥത്തിൽ നൽകിയ പ്രസിദ്ധമായ നിർവ്വചനം പരിശോധിക്കുക: “മിക്ക സാമൂഹിക ഇടപാടുകളുടെയും ഉന്നത സ്ഥാപനവും പ്രബല രൂപകവുമായുള്ള വിപണിയുടെ പരിണാമമാണ് മുതലാളിത്തം. മിക്ക നൈതിക നിയന്ത്രണങ്ങളും ഇത്തരമൊരു പ്രക്രിയയുടെ ഭാഗമായിരിക്കില്ല“. ഇതുപ്രകാരം, ഒന്നാമതായി എന്താണ് നന്മയും തിന്മയും, ലാഭകരമായതെന്ത് ലാഭകരമല്ലാത്തത് എന്ത്, മൂല്യവത്തായതെന്ത് അല്ലാത്തതെന്ത്, എന്നിങ്ങനെയുള്ള ജീവിതത്തെക്കുറിച്ചുള്ള മനസ്സിലാക്കലിന്റെ കേന്ദ്ര രൂപകമായി മുതലാളിത്തം മാറുന്നു. രണ്ടാമതായി, ലാഭത്തിന്റെ അധികരണത്തിനായി മുതലാളിത്ത ശക്തികൾ നടപ്പിലാക്കുന്ന നിയന്ത്രണ ചട്ടങ്ങളല്ലാത്ത മറ്റൊരു നിയന്ത്രണങ്ങളെയും മുതലാളിത്തം ഇഷ്ടപ്പെടുന്നില്ല; താരിഫ്, നികുതി പോലുള്ള നിയന്ത്രണങ്ങൾ ലാഭത്തെ അധികരിപ്പിക്കുന്ന കാലത്തോളം മുതലാളിത്തത്തിന് അഭിലഷണീയമാണ്. എന്നാൽ, നൈതികവും മതകീയവും ആചാരപരവുമായ നിയന്ത്രണങ്ങളിൽ അതിന് താൽപ്പര്യമില്ല.

ദൈവമല്ലാതെ മറ്റൊരാരാധ്യനില്ല (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ഒരേസമയം നിഷേധാത്മകവും അതേസമയം അംഗീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണ്. കൊള്ളപ്പലിശയും, അത്യാഗ്രഹമെന്ന അതിന്റെ പ്രവർത്തന യുക്തി, അല്ലാഹുവിനെയും പരലോകജീവിത്തതെയും കുറിച്ചുള്ള മറവിയുടെ ഉപയോഗത്തിലൂടെയുള്ള മതേതരവൽക്കരണത്തിന്റെ നിർവ്വഹണം തുടങ്ങിയവയൊക്കെ നേരത്തെ ഉള്ള പാപങ്ങളാണെങ്കിലും, ആദ്യകാല ആധുനിക യൂറോപ്പിലെ ഒരു കൂട്ടം ഘടകങ്ങൾ കൊള്ളപ്പലിശക്കും അത്യാഗ്രഹത്തിനുമെതിരെ നിലകൊണ്ട യൂറോപ്പിലെ സ്ഥാപനങ്ങളെയും ആത്മീയതയെയും ദുർബ്ബലപ്പെടുത്തി. ഒന്ന്, തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രൊട്ടസ്റ്റന്റ് ക്രൈസ്തവതയിലെ മതകീയ പ്രത്യയശാസ്ത്രവും അതിൽ നിന്നുരുത്തിരിഞ്ഞുവന്ന വൈഞ്ജാനികശാഖാപരമായ വിപ്ലവവും; രണ്ട്, യൂറോപ്പ്യൻ യുദ്ധശക്തികൾക്കിടയിലെ സൈനികമായ കിടമത്സരങ്ങൾ (ആധുനിക രാഷ്ട്രങ്ങൾ യുദ്ധങ്ങളെ സൃഷ്ടിക്കുകയും, തിരിച്ച് യുദ്ധങ്ങൾ ആധുനിക രാഷ്ട്രങ്ങളെ നിർമ്മിക്കുകയുമാണ് ചെയ്തത്. ഇതിൽ നിന്നാണ് മുതലാളിത്തം അതിന്റെ പ്രാരംഭ ഊർജ്ജം കൈവരിക്കുന്നത്); മൂന്ന്, നാവികവിദ്യയുടെയും വെടിമരുന്നിന്റെയും കണ്ടുപിടിത്തവും പരിണാമവും (ഇത് മുതലാളിത്തത്തിന്റെ തനതായ പ്രത്യേകതയല്ലെങ്കിൽ അതുമൊരു ആകസ്മിക ഘടകമായിരുന്നു); നാല്, കൊളോണിയൽ ചൂഷണങ്ങൾക്ക് വേണ്ടിയുള്ള പ്രത്യാശ (ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം, അമേരിക്കയുടെ ‘കണ്ടെത്തൽ’ മുതലായവ ഉദാഹരണം) എന്നിവയാണ് അത്തരം ഘടകങ്ങളിൽ ചിലത്. ഈ ശക്തമായ സൂത്രവാക്യം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ അത് കൈവശം വെക്കുന്ന കക്ഷിക്ക് അതിയായ ഹ്രസ്വകാലഗുണങ്ങൾ നൽകുന്ന ഊർജ്ജശക്തി അത് പ്രദാനം ചെയ്തു. അതില്ലാത്തവരാവട്ടെ, അത് സ്വീകരിക്കാൻ നിർബന്ധിതരാവുകയോ അല്ലെങ്കിൽ മുതലാളിത്ത യുദ്ധത്തിൽ പരാജയപ്പെടുകയോ ചെയ്തു.

To Serve God and Wal-Mart

മറ്റൊരർത്ഥത്തിൽ, രണ്ട് കാര്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് മുതലാളിത്തം അതിജീവിക്കുന്നത്; കൊള്ളപ്പലിശ, അത്യാർത്തി, ദുര തുടങ്ങിയ പൗരാണിക പാപങ്ങളിലേക്കുള്ള പ്രയാണത്തിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെ നിഷ്കാസനമാണ് ഒന്നെങ്കിൽ, രണ്ടാമതായി സാമൂഹിക ജീവിതത്തിന്റെ ആകസ്മിക സവിശേഷതകൾ മാത്രമായിരുന്ന ഈ പാപങ്ങളെ ജീവിതത്തിന്റെ ഏക ദൈവമായി ഉയർത്തുകയും ചെയ്യുന്നു. സകലകാലത്തും നിലനിന്നിരുന്ന പാപങ്ങളായിരുന്നു അവയെങ്കിലും, പിന്നീട് അതേക്കുറിച്ചുള്ള സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും ഗവേഷണവിഭാഗങ്ങൾ പോലും ഈ മാറ്റത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്നു. ക്രൈസ്തവത, ഇസ്ലാം തുടങ്ങിയ മതപാരമ്പര്യങ്ങളിലെ പലിശക്കും അത്യാർത്തിക്കുമെതിരായ നൈതിക മൂല്യങ്ങൾ ഈ മുതലാളിത്ത പ്രയാണത്തിൽ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾക്ക് ഉദാഹരണമാണ്. എങ്കിലും അതിൽ പ്രധാനമായ പ്രതിബന്ധം മത നിയമം തന്നെയാണ്, അതാവട്ടെ ഇസ്ലാമിന്റെ സവിശേഷമായ പ്രത്യേകതയുമാണ്. അതുകൊണ്ടാണ് ഇസ്ലാം മുതലാളിത്തത്തിനെതിരെയുള്ള ഗൗരവതരമായ ഒരു പ്രതിരോധമായി മാറുന്നത്; കാരണം, നൈതിക മൂല്യങ്ങളെന്നത് അനായാസമായി പുനർനിർവ്വചനത്തിന് വിധേയമാക്കാവുന്നവയാണ്, മതനിയമങ്ങളുടെ സ്ഥിതി അപ്രകാരമല്ല താനും. നിയമത്തെ ദ്വിതീയമായി മാത്രം കണക്കാക്കുന്ന ഡോ. വലീദ് അൻസാരിയുടെ വീക്ഷണത്തോട് ഞാൻ വിയോജിക്കുന്നതും ഇവിടെയാണ്. ഇസ്ലാമിനെ വിഴുങ്ങാനുള്ള മുതലാളിത്ത ശ്രമങ്ങൾ ഇത്രയേറെ പ്രയാസകരമാകുന്നത് അതുകൊണ്ടാണ്.

സ്വത്തുടമസ്ഥത വിപണിയിൽ നിന്ന് മാറി ചില പ്രത്യേക കുടുംബങ്ങളിൽ സംക്ഷിപ്തമാകുന്ന ഫ്യൂഡലിസം പോലുള്ള സമ്പ്രദായങ്ങളും മുതലാളിത്തം നേരിടുന്ന പ്രതിബന്ധങ്ങളിലൊന്നാണ്. അഥവാ, മുതലാളിത്തത്തിന് തടയിടുന്ന ഘടകങ്ങളിൽ ചിലത് നല്ലതായിരിക്കാം, ചിലത് താരതമ്യേന നല്ലതല്ലെന്നും വരാം.

അതേപോലെ, മതേതരവൽക്കരണ പ്രക്രിയയും ചരിത്രപരമായി മുതലാളിത്തത്തിന്റെ അതിജീവനത്തിന് അനിവാര്യമായിരുന്നു.കാരണം നൈതികതയെയും നിയമത്തെയും നിർവ്വചിക്കാനുള്ള മതത്തിന്റെ അധികാരത്തെ, അത് ഈ ലോകത്തെ മൂലധനവും അധികാരവും കൈവശം വെച്ചിരിക്കുന്ന സമ്പന്ന വർഗ്ഗത്തിൻ്റെയുംമൂലധനത്തിൻ്റെയും ദേശരാഷ്ട്രത്തിൻ്റെയും അധികാരമാക്കി മതേതരവൽക്കരണം അവർക്ക് കൈമാറി. എങ്കിലും, മുതലാളിത്തം സംസ്ഥാപിതമായിക്കഴിഞ്ഞാൽ, മതത്തെ പുനർനിർവ്വചിക്കാനുംപുനർനിർണ്ണയിക്കാനും അതിന് കഴിയും. അതിനാലാണ്, മനുഷ്യന്റെ ആത്മത്തിലും, കുടുംബ വ്യവസ്ഥയിലും, രാഷ്ട്രീയ വ്യവസ്ഥയിലും അർത്ഥവത്തായ സ്വാധീനം ചെലുത്താനുള്ള ശക്തി നഷ്ടപ്പെട്ട മതം മുതലാളിത്തത്തെ സംബന്ധിച്ച് ഉപയോഗപ്രദമായ അതിന്റെ ചട്ടുകങ്ങളിലൊന്നായി മാറുന്നത്. അഥവാ, മതത്ത നിർവ്വചിക്കാനുള്ള അധികാരം പരസ്പരം സംവാദത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ഉലമാക്കളിൽ നിന്നും മതസ്ഥാപനങ്ങളിൽ നിന്നും പിൻവലിച്ച് കോടതികൾ പോലെയുള്ള ആധുനിക അധികാരികൾക്കും സ്ഥാപനങ്ങൾക്കും മുതലാളിത്തത്തിന്റെ വക്താക്കൾക്കും കൈമാറുമ്പോൾ മതം മുതലാളിത്തത്തിന്റെ ഉപയോഗപ്രദമായ ഒരു സാമഗ്രിയായി പരിണമിക്കുന്നു. മുതലാളിത്തം മതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കാരണവും അതാണ്. അതുകൊണ്ടാണ്, മുതലാളിത്തം സൃഷ്ടിച്ച പ്രതിസന്ധികൾക്കെതിരെ പോരാടുന്ന മതകീയരാണ് ഞങ്ങളെന്ന കേവല പ്രസ്താവനകൾ മതിയാകാതെ വരുന്നത്. കേവലം മതകീയരാവുന്നതിലുപരി, മതത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ അതുൾക്കൊള്ളുകയും ഇസ്ലാമിന്റെ അധികാരത്തെ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്.

ഒരു നൂറ്റാണ്ട് മുമ്പുള്ള ഒട്ടോമൻ ഖിലാഫത്തിന്റെ അന്ത്യവും കൊളോണിയലിസത്തിനെതിരായ രാഷ്ട്രീയ പ്രതിരോധം കെട്ടടങ്ങുകയും ചെയുന്നതിന് ഒരു നൂറ്റാണ്ട് മുമ്പാണ് മുതലാളിത്തത്തോടുള്ള പ്രതിരോധമെന്ന നിലയിൽ ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര വ്യവഹാരം രൂപം കൊള്ളുന്നതെന്ന് പറയാം. രൂക്ഷവും ദീർഘദൃഷ്ടിയുള്ളതുമായ ഈ വ്യവഹാരത്തെ വീണ്ടെടുക്കുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്ലാമിക നിയമശാസ്ത്രത്തിലെയും നൈതികശാസ്ത്രത്തിലെയും ശകലങ്ങളും പാർശ്വങ്ങളുമുപയോഗിച്ച് ഇസ്ലാമിക സമ്പദ്ഘടനയെന്ന ആശയത്തിന് ഈ പ്രസ്ഥാനം രൂപം കൊടുത്തു. സക്കാത്തിന്റെ പ്രാധാന്യവും പലിശയുടെ നിരോധനവുമായിരുന്നു സ്പഷ്ടമായും ഈ ആശയത്തിന്റെ ശ്രദ്ധാ കേന്ദ്രം. എങ്കിലും, ശീതയുദ്ധാനന്തര രാഷ്ട്രീയത്താലും തുടർന്നുണ്ടായ നവദേശരാഷ്ട്രങ്ങളാലും നിയന്ത്രിതവും പരിമിതവുമായിരുന്നു പ്രസ്തുത വ്യവഹാരം. എൺപതുകളിലെ നവഉദാരവാദ ആഗോളവൽക്കരണ ശക്തികൾ പിന്നീട് ഈ വ്യവഹാരത്തെ ഏറ്റെടുക്കുകയുണ്ടായി.

ഊർജ്ജവൽക്കരിക്കപ്പെട്ട മുതലാളിത്ത വ്യവസ്ഥിതിയെന്ന നിലയിലാണ് നവഉദാരവാദത്തെ (നിയോലിബറലിസം) ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുക; അതിന്റെ ഒരേയൊരു എതിരാളിയായ സോഷ്യലിസത്തെ പരാജയപ്പെടുത്തിയതിന്റെ ലഹരിയിൽ വിരാജിക്കുന്ന ഒന്ന്. ഇസ്ലാം ഇന്ന് കാണുന്ന പോലെ ആഗോള രംഗത്തിന്റെ ശത്രുവായിരുന്നില്ല. രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച് പ്രസക്തമാണെന്നതിനാൽ, ഇസ്രായേലിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പടിഞ്ഞാറിനെ ശിക്ഷിക്കുക എന്ന നിലക്ക് OPEC (Organization of the Petroleum Exporting Countries) എണ്ണ വില വർദ്ധിപ്പിക്കുകയും, അത് വാസ്തവത്തിൽ നാമിന്ന് കാണുന്ന ലോകത്തിലേക്ക് നയിക്കുകയും ചെയ്തു; അഥവാ മദ്ധ്യേഷ്യൻ രാഷ്ട്രങ്ങൾക്ക് ഇനിയൊരിക്കലും അവ്വിധം — എണ്ണവില വർദ്ധിപ്പിച്ചു കൊണ്ട് സമ്മർദ്ദം ചെലുത്തുക —സാധ്യമല്ല,പ്രവർത്തിക്കാൻ സാധിക്കാത്ത വിധം അവരുടെ ശേഷിയെ പടിഞ്ഞാറ് ഇല്ലാതാക്കി. തുടർന്ന് മദ്ധ്യേഷ്യയിലുണ്ടായ കൊലപാതകങ്ങളുടെയും ഭരണ അട്ടിമറികളുടെയും പശ്ചാത്തലത്തിൽ ഇസ്ലാമിക സാമ്പത്തികശാസ്ത്രം ശക്തിപ്രാപിക്കുകയും സ്വീകാര്യമാവുകയും ചെയ്തു. എങ്കിലും, എണ്ണ ലാഭത്തിൻ്റെ (oil Rent) വർദ്ധനവ് ഈ ആശയങ്ങളെ അവയുടെ ജൈവിക വേരുകളിൽ നിന്ന് എടുത്ത് മാറ്റുകയും ആഗോള മുതലാളിത്തത്തിന്റെ തീവ്ര രൂപത്തിന്റെ തണലിൽ അതിനെ ആവിഷ്കരിക്കുകയും ചെയ്തു. ഇസ്ലാമിക് എക്കണോമിയിൽ നിന്നും ഇസ്ലാമിക് ഫൈനാൻസിലേക്കുള്ള അതിന്റെ പരിവർത്തനവും മുസ്ലിം ലോകത്തെ ചെറിയ ചെറിയ വരേണ്യ വിഭാഗങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കും വിധം വളർച്ചയുമാണ് ഇതിന്റെയുദ്ദേശം.

Prof. Valeed Ansari

ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്ലാമിക സാമ്പത്തിക പ്രയോഗങ്ങൾ ഒരുതരത്തിൽ മുതലാളിത്ത വിപണിയുടെ വിജയകരമായ ഒരു ഭാഗമായി മാറുകയും അതിന്റെ വ്യവസ്ഥാപിതമായ ധാർമ്മിക പരിഗണനകളുടെയും പ്രതിസന്ധി ഘട്ടങ്ങളിലെ അതിന്റെ ദൃഢതയുടെയും കാര്യത്തിൽ പ്രശസ്തമായിത്തീരുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിജയകരമായിത്തീരുന്നതിന് അനുസരിച്ച് വിശാലമായ മുതലാളിത്ത വിപണിയുടെ സവിശേഷതകളെ അനുകരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്കും അത് വിധേയമായിട്ടുണ്ട്. അഥവാ, ധനം അധികരിക്കുന്നതിനനുസരിച്ച് മുസ്ലിങ്ങൾ മുതലാളിത്ത വ്യവസ്ഥയിലെ ഇതര വിഭാഗങ്ങൾക്ക് സമാനമായി പ്രവർത്തിക്കാനാരംഭിച്ചു; ഈയർത്ഥത്തിൽ ഇസ്ലാമിക സാമ്പത്തികശാസ്ത്രവും മുതലാളിത്തവും തമ്മിലുള്ള വ്യത്യാസമെന്താണെന്നും മുതലാളിത്ത വ്യവസ്ഥിതിയിൽ ഒരു മതാധിഷ്ഠിത സ്വത്വനിർമ്മിതിക്ക് വേണ്ടി മാത്രമാണോ അത് ശ്രമിക്കുന്നതെന്നുമുള്ള വിമർശകരുടെ ചോദ്യങ്ങൾ ന്യായമാണ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പഠിതാക്കൾക്ക് ചിന്തനീയമായ ചില ചോദ്യങ്ങൾ ഈ വിമർശകർ മുന്നോട്ടുവെക്കുന്നുണ്ട്. നവഉദാരവാദ യുഗത്തിലെ ആഗോളവും പ്രാദേശികവുമായ ഉമ്മത്തിൽ നിന്നുള്ള ഇസ്ലാമിക ഫൈനാൻസിന്റെയും ഇസ്ലാമിക് എക്കണോമിയുടെയും വിച്ഛേദനവുമായി ഈ പരാജയത്തെ ചേർത്തുവായിക്കാമെന്ന് തോന്നുന്നു.

ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ നൈതികവും സാമുദായികവുമായ അടിത്തറയെ പുനരുദ്ധരിക്കുന്നതിന് മുതലാളിത്തം ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു സംഗതി ചെയ്യേണ്ടതുണ്ട്; ഉപഭോഗസംസ്കാരത്തിൽ സംതൃപ്തി കണ്ടെത്തുന്ന മനുഷ്യർക്ക് പകരം പ്രാർത്ഥനയിലും, കുടുംബസേവയിലും സംതൃപ്തി കണ്ടെത്തുകയും, വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കേണ്ടതുണ്ട് എന്നതിനാൽ ജോലിക്കായി അവരെ ഉപേക്ഷിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന മനുഷ്യരെ രൂപീകരിക്കുക എന്നതാണത്. മുതലാളിത്തത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളാണിതൊക്കെയും. മുസ്ലിം സമുദായങ്ങളുടെ അടിത്തറയെ രൂപീകരിക്കുന്ന പ്രാദേശികമായ സമുദായത്തിന്റെ മുഖാമുഖ ഇടപഴകലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രധാനമാണ്. പരസ്പരധർമ്മം, പരസ്പര വിശ്വാസം, സാമൂഹിക പ്രതിബദ്ധത എന്നിവയൊക്കെ ശക്തമായ പ്രാദേശിക സമുദായങ്ങളിൽ മാത്രം വളർത്തിയെടുക്കാൻ കഴിയുന്ന കേന്ദ്രഘടകങ്ങളാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് വലിയൊരു തുക വായ്പ നൽകുകയും അയാൾക്കത് തിരിച്ചടക്കാൻ കഴിയാതെ വന്നാൽ പൊറുത്തു കൊടുക്കുകയും ചെയ്യുമെന്നത് പരസ്പര വിശ്വാസവും അവധാനതയും ആഴത്തിലുള്ള പശ്ചാത്തലത്തിലേ യാഥാർത്ഥ്യമാവുകയുള്ളൂ. ഇവയെ കേവലം മൂല്യങ്ങൾ/ഗുണങ്ങൾ എന്നതിലുപരി നമ്മുടെ ജീവിതശൈലിയുടെ ഘടനയെന്ന നിലയിലാണ് ഞാൻ കണക്കാക്കുന്നത്. വ്യക്തിയുടെ കർമ്മങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും തമ്മിലുള്ള വലിയ വിദൂരതയാണ് മുതലാളിത്തത്തിന്റെ വിജയത്തിന്റെ കേന്ദ്രം – അഥവാ ഒരു വ്യക്തിയുടെ ഒരു പ്രവർത്തിക്ക് വിശാലാർത്ഥത്തിൽ ഒരു ഗ്രാമത്തെ ചുട്ടെരിക്കാനുള്ള ഫലപ്രാപ്തിയുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ തിരികെപ്പോയി തന്റെ സന്താനങ്ങളെ പരിപാലിക്കാൻ മുതലാളിത്തത്തിൽ ഒരു വ്യക്തിക്ക് കഴിയുന്നു.

ഈ പശ്ചാത്തലത്തിൽ നമുക്കെന്താണ് ചെയ്യാനുള്ളത് എന്നതാണ് എന്റെ രണ്ടാമത്തെ പോയിന്റ്. ആഗോള സമുദായൈക്യത്തിലും പ്രാദേശിക സമുദായങ്ങളിലും (അഥവാ ഗ്ലോബലും ലോക്കലുമായ ഉമ്മത്തിനകത്ത്) അധിഷ്ടിതമാണെങ്കിൽ മാത്രമേ ഇസ്ലാമിക സാമ്പത്തികശാസ്ത്രത്തിന് ആത്യന്തികമായി വിജയിക്കാൻ സാധിക്കുകയുള്ളൂ. സാമ്പത്തിക ജീവിതത്തിന്റെ നൈതികവും, സാമുദായികവും, ആത്മീയവുമായ മാനങ്ങളെ പുനരുദ്ധരിക്കുക വഴി, സമകാലിക ലോകത്തിന്റെ ഭൂരിഭാഗത്തെയും ഗ്രസിച്ചിരിക്കുന്ന മതേതര വ്യക്ത്യാധിഷ്ഠിത മുതലാളിത്ത മാതൃകക്കൊരു ഫലപ്രദമായ ബദൽ മുന്നോട്ടുവെക്കാൻ ഇസ്ലാമിക സാമ്പത്തിശാസ്ത്രത്തിന് സാധിക്കും. അപ്പോഴും, മുതലാളിത്തം ഒരു ആഗോള എക്സ്പാൻഷനിസ്റ്റ് ശക്തിയായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്. മുതലാളിത്ത ആഗോളീകരണത്തെ പുൽകുകയും അതേസമയം ഗാർഹികമായ ആത്മീയാനുഷ്ഠാനത്തിൽ മാത്രം മുഴുകുകയും ചെയ്യുന്നതിലൂടെ മുതലാളിത്തത്തെ പ്രതിരോധിക്കാൻ കഴിയുകയില്ല. പകരം ഉമ്മത്തിയ്യായ രീതിയിൽ ആലോചിക്കേണ്ടതുണ്ട്.

Islam and the Moral Economy

മേൽപറഞ്ഞ മൂന്ന് സംഗതികളെ സംഗ്രഹിച്ചുകൊണ്ട് അവസാനിപ്പിക്കാം. ഒന്നാമതായി, വലീദ് അൻസാരിയും യാസിർ ഖാദിയും വിശദീകരിച്ച പോലെ, അല്ലാഹുവിനോട് ഏറ്റവും അടുത്തവരായി (മുഖർറബൂൻ) മാറുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഹീനമായ മുതലാളിത്ത വ്യവസ്ഥിതിയോടുള്ള ഏറ്റവും വലിയ പ്രതിരോധം അതാണ്. രണ്ടാമതായി, വിജയത്തെ അംഗീകരിക്കുക; നമ്മുടെ കുടുംബങ്ങളുടെ വിജയം, ഭൂതകാല ഇസ്ലാമിക പാരമ്പര്യത്തിന്റെ വിജയം, കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്ലാമിക സാമ്പത്തികശാസ്ത്ര വ്യവഹാരത്തിന്റെ വിജയം എന്നിവയെയൊക്കെ തിരിച്ചറിയുക. എങ്കിലും, ചരിത്രത്തെ — സമകാലികവും ഭൂതകാലികവുമായ — അദൃശ്യ തടസ്സങ്ങൾ (Glass ceiling) എന്നതിലുപരി പ്രചോദനങ്ങളായാണ് പരിഗണിക്കേണ്ടത്. അഥവാ, ചരിത്രത്തിൽ കഴിഞ്ഞുപോയതിനെക്കാളും കാര്യങ്ങളെ മെച്ചപ്പെടുത്താൻ നമുക്ക് സാധിക്കും. മൂന്നാമതായി, ഓരോ വ്യക്തികളും അവരവരുടെ ശേഷി തിരിച്ചറിയുക എന്നതാണ്, ഈ വ്യക്തികളെ അമൂല്യമുത്തുകൾ (gems) എന്നാണ് ഞാൻ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത്. ലോകത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള നിങ്ങളുടെ ഗുരുത്വ കേന്ദ്രം ഉമ്മത്തായിരിക്കണമെന്ന് മനസ്സിലാക്കുകയും, അവ്വിധം ഉമ്മത്തിയ്യായി ആലോചിക്കുകയും, സ്വയം ഉമ്മത്തിനോട് ബന്ധിപ്പിക്കാനും ഉമ്മത്തിനെ തിരശ്ചീനമായി ബന്ധിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുക. ഡോ. മുഫലിസീൻ പറഞ്ഞുവെച്ച് ഇന്തോനേഷ്യയിലെ സാമ്പത്തീക പരീക്ഷണങ്ങൾ ഇതിന്റെ നല്ലൊരുദാഹരണമാണ്. പടിഞ്ഞാറിൽ നിന്ന് പഠിക്കുന്നതിലുപരി ലോകത്തെ 56 മുസ്ലിം രാജ്യങ്ങൾക്കും ഇന്തോനേഷ്യയിൽ നിന്ന് ഒരുപാട് പാഠമുൾക്കൊള്ളാനും പരസ്പരം പങ്കുവെക്കാനുമുണ്ട്. അത്തരം തിരശ്ചീനമായ പരസ്പരാദ്ധ്യാപനങ്ങൾ സാധ്യമാക്കുന്ന യാതൊരു സംവിധാനവും നമുക്കിന്നില്ല. മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള പ്രദേശിക വ്യാപാര ബന്ധങ്ങൾ എടുത്ത് പരിശോധിച്ചാൽ അത് വെറും 3 ശതമാനം മാത്രമാണെന്ന് കാണാൻ കഴിയും; അഥവാ, മുസ്ലിം രാജ്യങ്ങളുടെ വ്യാപാരബന്ധങ്ങൾ ഭൂരിഭാഗവും തങ്ങളുടെ പൂർവ്വ കൊളോണിയൽ തമ്പുരാക്കന്മാരായ സാമ്രാജ്യത്വ ശക്തികളുമായാണെന്ന് ചുരുക്കം. ഈയർത്ഥത്തിലുള്ള വ്യാപാര ബന്ധത്തിൽ പോലും വർദ്ധനവുണ്ടാക്കണമെങ്കിൽ വലിയൊരു വിപ്ലവം തന്നെ ആവശ്യമാണ്.

ഈയർത്ഥത്തിൽ കാശ്മീരിലും, ഇന്ത്യയിലും, ഗസ്സയിലും ഒക്കെ അനീതി വാഴുന്ന സമയത്ത് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തിട്ടുണ്ടെന്ന് ദൈവത്തോട് പറയാൻ കഴിയുന്നവരുടെ കൂട്ടത്തിൽ നാം ഉൾപ്പെടുമാറാകട്ടെ – ആമീൻ!

വിവർത്തനം: മൻഷദ് മനാസ്

ഒവാമിർ അഞ്ജൂം