Campus Alive

ശാസ്ത്രവും തത്വചിന്തയും നേരിട്ട വിജ്ഞാന വിരുദ്ധ രാഷ്ട്രീയം

കാമ്പസ് അലൈവിൽ പ്രസിദ്ധീകരിച്ച “മുസ്ലിം ശാസ്ത്രത്തിൻറെ പുനർജീവിതം” എന്ന ലേഖനത്തിന്റെ തുടർച്ച

(പൂർവ്വ-മധ്യ കാലഘട്ടങ്ങളിലെ ശാസ്ത്ര-തത്വചിന്ത പാരമ്പര്യം ക്രിസ്ത്യൻ ദൈവശാസ്ത്രത്തിന്റെ അധികാര ബന്ധിതമായ വ്യാഖ്യാനങ്ങളോട് എങ്ങനെ പ്രതിപ്രവർത്തിച്ചു എന്ന അന്വേഷണം)

തത്വചിന്ത, ശാസ്ത്രം, ദൈവശാസ്ത്രം: പൂർവ്വാധുനിക പ്രവണതകൾ

ക്രിസ്ത്യൻ ബൗദ്ധിക ചരിത്രത്തിലെ ശാസ്ത്രീയ-തത്വചിന്ത വിജ്ഞാനങ്ങളെയും അന്വേഷണങ്ങളെയും സ്ഥാനപ്പെടുത്താൻ  ശ്രമിക്കുമ്പോൾ, നമുക്കൊരിക്കലും വിശ്വാസവും യുക്തിയും തമ്മിലുള്ള സംഘട്ടനമെന്ന ദ്വന്ത-പരികല്പനയിൽ മാത്രം അതിനെ വീക്ഷിക്കാൻ സാധിക്കുകയില്ല. കാരണം വിശ്വാസവും യുക്തിയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളും സംഘട്ടനങ്ങളും  മധ്യകാലഘട്ടം മുതൽ ആരംഭിച്ച്, പിൽക്കാലത്ത് യൂറോപ്പ് സ്വയം നിലക്ക് ഒരു ആധുനിക നവോത്ഥാന പദ്ധതിയായി മുന്നോട്ട് വന്നതിനു ശേഷം വ്യാപകമായ വ്യവഹാരങ്ങളാണ്. എന്നാൽ പൗരാണിക കാലഘട്ടത്തിൽ, ക്രിസ്ത്യൻ ബൗദ്ധിക ചരിത്രം തത്വചിന്തയെയും ശാസ്ത്രത്തെയും പൂർണമായും നിരാകരിച്ചിരുന്നില്ല. മറിച്ച് അറിവിന്റെ ഒരു രൂപം എന്ന നിലയിൽ ശാസ്ത്രീയ-തത്വചിന്ത ജ്ഞാനങ്ങളെ നോക്കികാണുകയും അംഗീകരിക്കുകയും ചെയ്യുന്ന സമീപനം നിലനിർത്തിയിരുന്നതായി മനസ്സിലാക്കാവുന്നതാണ്.

ഫിലോസഫിയുടെയും സയൻസിന്റെയും നിയമസാധുതയും അംഗീകാരവും പൂർണമായും ദൈവശാസ്ത്രപരമായ പരിഗണനകളിൽ നിന്നായിരുന്നു ഉത്ഭവിച്ചത് എന്ന പ്രത്യേകതയാണ് അന്നുണ്ടായിരുന്നത്. അഥവാ ശാസ്ത്ര തത്വചിന്താ വിജ്ഞാനങ്ങളുടെ ഭവശാസ്ത്രപരമായ അടിത്തറയും (ontological grounding), ജ്ഞാനശാസ്ത്രപരമായ ആഭിമുഖ്യവും (epistemological orientation) ദൈവശാസ്ത്രപരമായ പ്രതലത്തിൽ തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്ന രീതി പ്രബലമായിരിന്നു. എന്നിരുന്നാലും ശാസ്ത്ര ദർശനങ്ങളോട് (Philosophy of science) പലരീതിയിൽ വെച്ചുപുലർത്തിയ വിമുഖതയുടെ കാരണങ്ങളെ പരിശോധിക്കുമ്പോൾ, അത്തരം വിജ്ഞാനങ്ങളുടെ ഉത്ഭവം, അതിന്റെ സ്രോതസ്സുകൾ, പരിമിതികൾ, അതിനുള്ളിലെ മനുഷ്യ ജ്ഞാനത്തിന്റെയും യുക്തിയുടെയും അധികാര സ്ഥാനം തുടങ്ങിയവയെ കുറിച്ചുള്ള അങ്ങേയറ്റത്തെ ജാഗ്രതയും കാത്തു സൂക്ഷിച്ചിരുന്നതായി കാണാം. അഥവാ നിരീക്ഷണ പരീക്ഷണങ്ങളോടുള്ള എതിർപ്പോ, വിയോജിപ്പോ ഒരു ഘടകമല്ലായിരുന്നു എന്ന് ചുരുക്കം. ഭവശാസ്ത്രപരമായി പരിശോധിച്ചാൽ, പൗരാണിക ക്രിസ്ത്യൻ ബൗദ്ധിക ചിന്തയുടെ ഘടന നിലകൊണ്ടിരുന്നത് സൃഷ്ടാവും-സൃഷ്ടിപ്പും തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ പ്രാധാന്യത്തെ കണക്കാക്കിയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യന്റെ ഉല്പത്തിയും നിലനിൽപ്പും സ്വതന്ത്ര്യമായതും ദൈവത്തിന് പങ്കില്ലാത്ത വിധം സംഭവിക്കുന്നതാണ് എന്നുമുള്ള ആധുനിക ശാസ്ത്രത്തിന്റെ പരികല്പക്ക് വിരുദ്ധമായി, എല്ലാത്തിന്റെയും ഉല്പത്തിയും നിലനിൽപ്പും ആധാരമാകുന്നത് അത് സൃഷ്ടിക്കപ്പെട്ട അസ്തിത്വം ആയതിനാലും, അതിന് നിർണിതമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന്  മനസ്സിലാക്കുന്നതുമായ ഒരു ബൗദ്ധിക പാരമ്പര്യം ചരിത്രപരമായി തന്നെ ക്രിസ്ത്യാനിറ്റിക്ക് അവകാശപ്പെടാനുണ്ട്.

പിൽക്കാലത്ത് ആധുനിക ശാസ്ത്രം അവകാശപ്പെട്ടത് പോലെ പ്രകൃതി സ്വന്തം നിലക്ക് ബൗദ്ധികമായ സ്വാശ്രയത്വം ഉൾകൊള്ളുന്നു എന്ന വാദത്തെയും ക്രിസ്ത്യൻ ബൗദ്ധിക ചരിത്രം നിരാകരിക്കുന്നുണ്ട്. ദൈവിക ഇച്ഛയെ പ്രതിഫലിപ്പിക്കുന്നിടത്തോളം മാത്രമാണ് ശാസ്ത്രീയ അന്വേഷണങ്ങളും, കണ്ടെത്തലുകളും അർത്ഥവത്താകുന്നത് എന്നതായിരുന്നു ക്രിസ്ത്യൻ പാരമ്പര്യത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. ഇത്തരത്തിൽ ഭവശാസ്ത്രപരമായി തന്നെ ദൈവിക ഇച്ഛയെ ഉൾകൊള്ളുകയും ആശ്രയിച്ചു നിൽക്കുകയും ചെയ്യുന്ന സമീപനം നിലനിർത്തിയിരുന്നതിനാൽ തന്നെ ശാസ്ത്രത്തെ വിശകലനപരമായും പ്രായോഗികമായും സമീപിക്കാൻ സഹായിക്കുന്ന ജ്ഞാനശാസ്ത്രങ്ങളെ രൂപപ്പെടുത്തിയെടുക്കാനും പൗരാണിക ക്രിസ്ത്യൻ സമൂഹത്തിന് സാധിച്ചിരുന്നു. “ആത്യന്തികമായ യാഥാർഥ്യം ദൈവത്തെ മുൻനിർത്തിയുള്ളതാണ് എങ്കിൽ യഥാർഥ്യത്തെ കുറിച്ചുള്ള വിജ്ഞാനങ്ങൾ ഒരിക്കലും മനുഷ്യ യുക്തിയിലൂടെ മാത്രം സുരക്ഷിതമാക്കപ്പെടില്ല” മറിച്ച് ഉൾകാഴ്ച്ചയും, ധാർമിക ജീവിതവും, ലക്ഷ്യ ബോധവും ആത്യന്തികമായ യഥാർഥ്യങ്ങളെ കുറിച്ചുള്ള അറിവുകൾക്ക് ആവശ്യമാണ് എന്നും വിവക്ഷിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ ശാസ്ത്രത്തിന് ഒരിക്കലും കാര്യകാരണ ബന്ധങ്ങൾക്കും വിശദീകരങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന തരത്തിൽ അറിവിന്റെയും ആത്യന്തിക യഥാർഥ്യങ്ങളുടെയും ആധികാരിക സ്രോതസ്സായി നിലകൊള്ളാൻ കഴിയില്ല എന്നാണ് ക്രിസ്ത്യൻ ദൈവശാസ്ത്ര ബൗദ്ധിക പാരമ്പര്യം പറഞ്ഞു വെക്കുന്നത്.

സെന്റ് അഗസ്റ്റിൻ

സെന്റ് അഗസ്റ്റിന്റെ ജ്ഞാനശാസ്ത്രം ഈ കാഴ്ചപ്പാടിനെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും. മനുഷ്യന്റെ യുക്തി വിലപ്പെട്ടതാണെങ്കിലും, അത് പരിമിതവും ധാർമ്മികമായി ദുർബലവുമാണ്. മനുഷ്യൻ നടത്തുന്ന അനുഭവപരമായ നിരീക്ഷണത്തിന് പ്രകൃതിയുടെ ഘടനകളെ  വെളിപ്പെടുത്താൻ കഴിയുമെങ്കിലും ദൈവശാസ്ത്രപരമായ മാർഗ്ഗനിർദ്ദേശമില്ലാതെ അത്തരം അനുഭവ ജ്ഞാനങ്ങളെ സമീപിച്ചാലോ ഉപയോഗിച്ചാലോ അഹങ്കാരമോ പിശകോ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് അഗസ്റ്റിന്റെ പ്രതിപാദ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. അഥവാ അനുഭവ ജ്ഞാനത്തിന് ദൈവശാസ്ത്രപരമായ നിയമസാധുത ഉണ്ടാകണമെങ്കിൽ ദൈവികമായ ഉയർന്ന ലക്ഷ്യങ്ങൾക്ക് കീഴിൽ അത് കീഴൊതുങ്ങി നിൽക്കേണ്ടതുണ്ട്. അറിവിനോടുള്ള ശ്രേണീബന്ധിതമായ ഈ സമീപനം ഏകപക്ഷീയമായിരുന്നില്ല, മറിച്ച് അതിന് ദൈവശാസ്ത്രപരവും തത്വചിന്താപരവുമായ അടിസ്ഥാനം ഉണ്ടായിരുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം ദൈവിക മോക്ഷമാണ് അതിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തെയും ലോകത്തെയും കുറിച്ചുള്ള അനുഭവ ജ്ഞാനങ്ങളെ സമീപിക്കേണ്ടത്. അല്ലാതെ കേവലാർത്ഥത്തിൽ ഈലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള വിജ്ഞാനാന്വേഷണത്തിനും അതിന്റെ കണ്ടെത്തലുകൾക്കും പ്രത്യേകമായ മൂല്യം ലഭിക്കുന്നില്ല എന്ന് സാരം. ആ അർത്ഥത്തിൽ ശ്രേണീബന്ധമായി പരിശോധിച്ചാൽ ദൈവത്തെ കുറിച്ചുള്ള ജ്ഞാനത്തിന് (ദൈവ ശാസ്ത്രം) പ്രഥമ സ്ഥാനവും, ശാസ്ത്ര ജ്ഞാനത്തിനും തത്വചിന്തയ്ക്കും ദൈവശാസ്ത്രത്തിന് കീഴെയുമായിരുന്നു ഇടമുണ്ടായിരുന്നത്.

മധ്യകാലഘട്ടത്തിലെ തത്വചിന്ത, ശാസ്ത്രം, മതാധികാരം

വ്യവസ്ഥാപിതവും സ്ഥാപനപരവുമായ അധികാരത്തിലേക്ക് ക്രിസ്ത്യാനിറ്റി പരിവർത്തനം ചെയ്തപ്പോൾ മുതലാണ് ജ്ഞാനശാസ്ത്രപരമായ ഈ സമീപനം കൂടുതൽ പ്രശ്നകരമാകാൻ തുടങ്ങിയത്. മധ്യകാലഘട്ടത്തിൽ ക്രിസ്തുമതം സാമ്രാജ്യത്വ ശക്തിയുമായി കൈകോർത്തത്തോടെ ദൈവശാസ്ത്രം കേവലം അറിവിന്റെ ഒരു ഭാഗമായി മാറുകയും, അതിന്റെ ഉപയോഗം അറിവിനെ നിയന്ത്രിക്കാനുള്ള ഉപാദിയായി മാറുകയും ചെയ്തു. വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള തത്വാദിഷ്ഠിത സമീപനത്തിന് പകരം അതിനോടുള്ള താദാത്മ്യപ്പെടലിന്റെ സാധ്യതയെ അടിസ്ഥാനമാക്കിയാണ് വിജ്ഞാന പ്രവർത്തനങ്ങളെ ക്രിസ്ത്യൻ പണ്ഡിത സമൂഹം വിലയിരുത്തിയത്. മധ്യകാലത്തെ ക്രിസ്ത്യൻ പണ്ഡിത സമൂഹവും ചർച്ചും തത്വചിന്തയോടും, ശാസ്ത്രത്തിനോടും സ്വീകരിച്ച ഈ സമീപനം വിജ്ഞാനങ്ങളോടുള്ള ദൈവശാസ്ത്ര വിമർശനം മാത്രമായിരുന്നില്ല. മറിച്ച് പ്രത്യേക തരത്തിലുള്ള അന്വേഷണങ്ങൾക്ക് ലൈസൻസ് നൽകുകയും മറ്റുള്ളവയെ നിയമവിരുദ്ധമാക്കുകയും ചെയ്യുന്ന വിജ്ഞാന വിരുദ്ധ നിലപാടിന്റെ ഭാഗമായിട്ട് കൂടിയായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നിരുന്നാലും ഈ സന്ദർഭത്തിൽ പോലും, ക്രിസ്തീയ ചിന്ത ശാസ്ത്രത്തെയോ, അനുഭവ ജ്ഞാനങ്ങളെയോ നിരാകരിച്ചിരുന്നില്ല. അത് എപ്പോഴും നിരസിച്ചിരുന്നത് അതിന്റെ ജ്ഞാനശാസ്ത്രപരമായ സ്വയം നിലനിൽപ്പിനെയാണ്. ഉദാഹരണത്തിന് പ്രകൃതിയെകുറിച്ച് മനുഷ്യന് പഠിക്കാൻ കഴിയുമോ എന്നല്ല, മറിച്ച് ദൈവശാസ്ത്രത്തെ അന്തിമ വ്യാഖ്യാനത്തിൽ നിന്നും മാറ്റിസ്ഥാപിക്കുന്ന പ്രവണതയായി അത് മാറുമോ എന്നതായിരുന്നു പ്രശ്നം. അഥവാ ദൈവശാസ്ത്രപരമായ സ്ഥിരീകരണത്തിനുള്ള ഒരു ഉപകരണമായി ശാസ്ത്രവും തത്വചിന്തയും പ്രവർത്തിക്കുമ്പോൾ അത് സ്വീകാര്യമാകുകയും, എന്നാൽ കാര്യകാരണ ബന്ധത്തെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾക്കൊണ്ട് മാത്രം പ്രപഞ്ചോല്പത്തിയെക്കുറിചുള്ള വിശദീകരണങ്ങൾ സാധ്യമാകുമെന്ന് വരുമ്പോൾ ക്രിസ്ത്യൻ ചർച്ച് അതിനെ സംശയത്തോടെ കാണുകയും ഉന്മൂലനം ചെയ്യുകയും ചെയ്തിരുന്നു.

മധ്യകാലത്തെ ക്രിസ്ത്യൻ പണ്ഡിതമതമാണ് ഈ വിഷയത്തെ ഏറ്റവും സങ്കീർണമായി കൈകാര്യം ചെയ്തത്. ഗ്രീക്ക് പാരമ്പര്യത്തിലെ വിജ്ഞാനീയങ്ങൾ ഇസ്ലാമിക പാരമ്പര്യത്തിലൂടെ സഞ്ചരിച്ച് മധ്യകാല യൂറോപ്പ്യൻ സമൂഹങ്ങളിൽ കടന്നു കയറിയപ്പോൾ, ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരെ സംബന്ധിച്ച് പിന്നീട് അങ്ങോട്ട് ആഴമേറിയതും എന്നാൽ ലോകത്തെയും സംസ്കാരത്തെയും വിജ്ഞാനത്തെയും കുറിച്ചുള്ള ഏറെ പുരോഗമനപരവും യുക്തിഭദ്രവുമായ വിജ്ഞാനങ്ങളെയും തത്വചിന്താ പദ്ധതികളെയും അഭിമുഖീകരിക്കേണ്ടി വന്നു.

അക്കിനാസ്

അരിസ്റ്റോട്ടിലിന്റെ ചിന്തകൾ മധ്യകാല യൂറോപ്പിലേക്ക് എത്തിയത് നേരിട്ടായിരുന്നില്ല, മറിച്ച് ഇസ്ലാമിക തത്ത്വചിന്തകരുടെ പഠനങ്ങളിലൂടെയും വിവർത്തനങ്ങളിലൂടെയുമായിരുന്നു. ഇസ്ലാമിക തത്വചിന്തകർ അരിസ്റ്റോട്ടിലിനെ വായിക്കുകയും, വ്യാഖ്യാനിക്കുകയും, വികസിപ്പിക്കുകയും, വിമർശിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഇബ്നു സീനയും ഇബ്ന് റുഷ്ദും വളരെ വ്യത്യസ്തമായ പങ്കുകൾ വഹിച്ചിട്ടുണ്ട്. മധ്യകാല ക്രിസ്ത്യൻ ദൈവ ശാസ്ത്രജ്ഞനും ഏറക്കുറെ ഇബ്നു റുഷ്ദിന്റെ സമകാലീനനുമായിരുന്ന തോമസ് അക്കിനാസിന് തത്വചിന്താപരമായി പ്രതികരിക്കേണ്ടിയും ഇടപഴകേണ്ടിയും വന്ന വിഷയങ്ങളെ ചിന്താപരമായി ക്രമീകരിക്കുന്നതിൽ ഇസ്ലാമിക തത്വചിന്തകരുടെ സംഭാവനകൾ ധാരാളാമായി ഉപയോഗിച്ചിരുന്നതായി കാണാവുന്നതാണ്.

തോമസ് അക്കിനാസ് ബുദ്ധിയെയും യുക്തിയെയും വിശ്വാസത്തെയും തമ്മിൽ പരസ്പരം യോജിപ്പിക്കാനും സമന്വയിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യബുദ്ധിയും യുക്തിയും നല്ലതും പ്രയോജനകരവുമാണ്. പ്രപഞ്ചത്തെക്കുറിച്ച് കാര്യ-കാരണ ബന്ധങ്ങളെ മുൻനിർത്തി പഠിക്കാനും, ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ മനസ്സിലാക്കാനും മനുഷ്യന് ബുദ്ധികൊണ്ട് സാധിക്കും. അതിനാൽ ശാസ്ത്രം, തർക്കശാസ്ത്രം, തത്ത്വചിന്ത എന്നിവ ശരിയായ അറിവിന്റെ മാർഗങ്ങളാണ്. എന്നാൽ മനുഷ്യ ബുദ്ധിക്ക് പരിധികളുണ്ട് എന്നും അക്കിനാസ് മനസിലാക്കിയിരുന്നു. ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ, സൃഷ്ടിപ്പ്, മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അർത്ഥം, തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധി മാത്രം ഉപയോഗിച്ച് തീരുമാനിക്കാൻ കഴിയില്ല. ദൈവശാസ്ത്രത്തിന്റെ മേഖലയിലാണ് അവയെല്ലാം നിലകൊള്ളുന്നത്. അതിനാൽ അക്കിനാസ് ബുദ്ധിയെ പേടിച്ചില്ല. മറിച്ച് അദ്ദേഹം പേടിച്ചത്, യാഥാർത്ഥ്യത്തെ മുഴുവനായും ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് പറയുന്ന പ്രവണതയെയാണ്. ദൈവബന്ധിതമല്ലാതെ സ്വതന്ത്രമായി നിലനിൽക്കുന്ന ഒന്നായി പ്രപഞ്ചത്തെ കാണാൻ അദ്ദേഹം വിസ്സമ്മതിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് ദൈവം തന്നെയാണ് എല്ലാ നിലനിൽപ്പിന്റെയും ആധാരം. ആത്യന്തിക യഥാർഥ്യങ്ങളെക്കുറിച്ചുള്ള അവസാന വാക്ക് പറയേണ്ടത് ദൈവശാസ്ത്രമാണ് എന്ന് അക്കിനാസ് കരുതിയിരുന്നു.

എന്നാൽ ക്രിസ്ത്യൻ സഭയെന്ന  അധികാര സ്ഥാപനം എല്ലായ്പ്പോഴും അക്കിനാസ് മുന്നോട്ട് വെച്ച സൂക്ഷ്മവും സന്തുലിതവുമായ  സമീപനത്തിന്റെ എതിർ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അക്കാലഘട്ടത്തിൽ സർവകലാശാലകൾ ശക്തമായപ്പോൾ, ക്രിസ്ത്യൻ പണ്ഡിതന്മാർ ഇത്തരം ചിന്തകളെയും ആശയങ്ങളെയും കുറിച്ച് കൂടുതൽ സ്വതന്ത്രമായി ചർച്ച ചെയ്യാൻ തുടങ്ങി. അതിൽ ചില ആശയങ്ങൾ പ്രപഞ്ചം കർശനമായ നിയമങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും ദൈവത്തിന് പ്രകൃതി നിയമങ്ങളെ മറികടന്ന് പ്രവർത്തിക്കാൻ കഴിയില്ല എന്നും തുടങ്ങിയ കാഴ്ച്ചപ്പാടുകളെ മുന്നോട്ട് വെക്കാൻ തുടങ്ങി. ഇത് സഭയെ ആശങ്കപ്പെടുത്തി. കാരണം ബുദ്ധിയുടെയും യുക്തിയുടെയും പ്രയോഗം ദൈവശാസ്ത്രത്തിൽ നിന്ന് അകലുകയും സ്വതന്ത്ര്യമാകുകയും ചെയ്യുന്നുവെന്ന് ക്രിസ്ത്യൻ അധികാര സഭകൾ മനസ്സിലാക്കി. ഈ ഭയത്തിനുള്ള സഭയുടെ പ്രതികരണമാണ് 1277-ലെ നിരോധനങ്ങൾ (Condemnations of 1277-ദൈവശാസ്ത്രത്തിൽ നിന്ന് തത്ത്വചിന്ത സ്വതന്ത്രമാകുന്നത് തടയാനുള്ള സഭയുടെ ശ്രമമായിരുന്നു അത്).

തദ്ഫലമായി ചില ആശയങ്ങൾ ഔദ്യോഗികമായി നിരോധിക്കപ്പെടുകയും ചെയ്തു. അവകളെല്ലാം പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന് തെളിയിച്ചതു കൊണ്ടല്ല നിരോധിക്കപ്പെട്ടത്. മറിച്ച് ദൈവം സർവ്വശക്തനും സ്വതന്ത്രനുമാണ് എന്ന വിശ്വാസത്തെ അവ വെല്ലുവിളിച്ചതു കൊണ്ടാണ് എന്ന് കാണാൻ സാധിക്കും. അതായത്, പ്രശ്നം ശാസ്ത്രീയമായ കൃത്യതയുടേത് മാത്രമായിയിരുന്നില്ല. മറിച്ച് സത്യത്തെ നിർണ്ണയിക്കാനുള്ള അധികാരം ആരുടെ കൈയ്യിലാണ് എന്നതായിരുന്നു. സവിശേഷമായ ഈ രാഷ്ട്രീയ സാഹചര്യത്തിൽ, ശാസ്ത്രീയവും തത്വചിന്താപരവുമായ അന്വേഷണങ്ങൾ ചർച്ചിന്റെ വ്യാഖ്യാന പരിധിയിലുള്ള ദൈവശാസ്ത്രം നിശ്ചയിക്കുന്ന രീതിയിലാകണമെന്ന് ചർച്ചും സഭയും സർവകലാശാലകളെ ഓർമ്മിപ്പിച്ചു. മധ്യകാല നൂറ്റാണ്ടുകളിലെ ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ദൈവശാസ്ത്രത്തിന്റെ പേരിലുള്ള ക്രിസ്തു മതാധികാരം നടത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണമാണ് 1277 ലെ ഈ നിരോധനങ്ങൾ (Condemnations of 1277).

ക്രിസ്ത്യൻ ദൈവശാസ്ത്ര ബൗദ്ധിക പാരമ്പര്യം സാമ്രാജ്യത്വ കേന്ദ്രീകൃതമായി മധ്യകാല നൂറ്റാണ്ടുകളിൽ പ്രവർത്തിച്ചത്തിന്റെ ഫലമായി, വിജ്ഞാന പ്രവർത്തനങ്ങൾ അധികാര ബന്ധിതമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടുകയായിരുന്നു. മാത്രവുമല്ല അധികാരത്തിന്റെ സംരക്ഷണത്തിന് വേണ്ടി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ തത്വചിന്ത, ശാസ്ത്രീയ അന്വേഷണം, അനുഭവ പരിജ്ഞാനം എന്നിവകൾക്ക് നേരെയുണ്ടായ അക്രമാസക്തമായ നിയന്ത്രണങ്ങളെ കേവലം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ യുക്തിയിൽ മാത്രം മനസ്സിലാക്കാൻ സാധിക്കുകയില്ല. മറിച്ച് അധീശ-അധികാര താല്പര്യങ്ങൾക്ക് വിധേയമായിക്കൊണ്ട് രൂപപ്പെടുന്ന വിജ്ഞാന വിരുദ്ധ രാഷ്ട്രീയത്തിന്റെ കൂടി നേർച്ചിത്രമാണിത്.

മൈമോനിഡസ്

മദ്ധ്യകാലത്തിലെ തന്നെ ജൂത ബൗദ്ധിക പാരമ്പര്യം പരിശോധിച്ചാൽ ഈ വിഷയത്തിൽ വ്യത്യസ്ത സാഹചര്യമാണ് നിലനിന്നിരുന്നത് എന്ന് കാണാവുന്നതാണ്. ജൂത പണ്ഡിതർക്കു രാഷ്ട്രീയ അധികാരമോ അറിവിനെ നിയന്ത്രിക്കാൻ കഴിയുന്ന മതസ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മൈമോനിഡസിനെ (Moses ben Maimon) പോലുള്ള ജൂത ചിന്തകർ തത്ത്വചിന്തയെയും യുക്തിയെയും ആഴത്തിൽ സ്വീകരിച്ചത്. അവരിൽ മതപരത കുറവായത് കൊണ്ടല്ല ഇത് സംഭവിച്ചത്. മറിച്ച്, അവരുടെ ദൈവശാസ്ത്രത്തെ മുൻനിർത്തിയുള്ള അറിവിനെ ശാസിക്കാനുള്ള അധികാര സ്ഥാപനങ്ങൾ ഇല്ലാത്തതിനാലാണ് എന്ന് കാണാൻ സാധിക്കും. ദൈവശാസ്ത്രത്തെ സംരക്ഷിക്കാൻ യുക്തിയെ നിയന്ത്രിക്കുന്നതിനു പകരം, ജൂത പണ്ഡിതർ പലപ്പോഴും ഗ്രന്ഥങ്ങളെ (വെളിപ്പാടിനെ) യുക്തിയോട് പൊരുത്തപ്പെടുന്ന രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു. തത്ത്വചിന്തയെ ഒരു ഭീഷണിയായി കാണാതെ, വിശ്വാസത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു ഉപകരണമായി അവർ ഉപയോഗിച്ചു. ഇതിലൂടെ, ദൈവവിശ്വാസം കൂടുതൽ ഉറപ്പിച്ചു നിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകാൻ അവർക്ക് സാധിച്ചിരുന്നു. ഇവിടെയുള്ള പ്രധാന വ്യത്യാസം വിശ്വാസപരമോ സിദ്ധാന്തപരമോ ആയിരുന്നില്ല. മറിച്ച് അത് രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടതായിരുന്നു. അറിവിനെ നിയന്ത്രിക്കാൻ അധികാരം ഇല്ലാതിരുന്ന സാഹചര്യത്തിൽ, യുക്തിയും ദൈവശാസ്ത്രവും തമ്മിലുള്ള സഹവർത്തിത്വം ഇവിടെ സാധ്യമായിരുന്നു എന്ന് കാണാൻ സാധിക്കും..

ക്രിസ്തീയ പാരമ്പര്യത്തിനുള്ളിൽ തത്ത്വചിന്തയും ശാസ്ത്രീയ അന്വേഷണങ്ങളും അടിച്ചമർത്തപ്പെട്ടത്തിന്റെയും എതിർപ്പുകൾ നേരിട്ടത്തിന്റെയും കാരണം സാമ്രാജ്യത്വ താല്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറയുമ്പോഴും, അതിനുള്ളിലെ അധികാര ബന്ധങ്ങളെ മനസ്സിലാക്കാതെ വിശകലനം ചെയ്യുന്നതിൽ പരിമിതികളുണ്ട്. കാരണം അത് രൂപപ്പെട്ടത് ദൈവശാസ്ത്രം, രാഷ്ട്രീയ അധികാരം, സാമ്രാജ്യത്വ താൽപര്യങ്ങൾ, സാമൂഹിക പദവികൾ, തുടങ്ങിയവകൾ തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ്. ഫിലോസഫിയും സയൻസും ക്രിസ്ത്യൻ ദൈവശാസ്ത്രത്തോട് ഏറ്റുമുട്ടിയപ്പോൾ, അല്ലെങ്കിൽ അതിനോട് വെല്ലുവിളികൾ ഉയർത്തിയപ്പോൾ അതിലെ ശരി തെറ്റുകളെ  കുറിച്ചുള്ള ചർച്ചകൾക്കും ചോദ്യങ്ങൾക്കും ലഭിച്ച പ്രാധാന്യത്തേക്കാൾ “ആർക്കാണ് യഥാർഥ്യത്തെയും, അറിവിനെയും ധാർമിക വ്യവസ്തിഥിയെയും നിർവചിക്കാനുള്ള അധികാരം” എന്നു തുടങ്ങിയ ചോദ്യങ്ങൾക്കാണ് കൂടുതൽ പ്രസക്തി ഉണ്ടായത്. ഒരു സ്ഥാപനമെന്ന നിലയിൽ ക്രിസ്ത്യൻ സഭ ഒരു മതസ്ഥാപനം മാത്രമായിരുന്നില്ല; മറിച്ച് സാമ്രാജ്യ ഭരണത്തിന്റെ ഒരു പ്രധാന തൂണായിരുന്നു.

പുരാതന – മദ്ധ്യ നൂറ്റാണ്ടുകൾക്കിടയിലെ പ്രാരംഭ കാലഘട്ടത്തിലും (Late Antiquity) ദൈവശാസ്ത്രപരമായ വിശ്വാസ പ്രമാണങ്ങൾ രാഷ്ട്രീയത്തിന്റെ സുസ്ഥിരതയെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ദൈവത്തിന്റെ പരമോന്നതാധികാരം, ദൈവത്തിന്റെ വിധി കർതൃത്വ പദവി, സൃഷ്ടിപ്പിന്റെ ശ്രേണീബന്ധിതമായ ക്രമീകരണങ്ങൾ തുടങ്ങിയവകളെ ചോദ്യം ചെയ്യുന്ന ആശയങ്ങൾ, സാമൂഹിക ക്രമത്തിനുതന്നെ ഭീഷണിയായി പലപ്പോഴും കാണപ്പെട്ടിരുന്നു. അതിനാൽ, തത്വചിന്താപരമായ നിലപാടുകളെ അടിച്ചമർത്തിയത്, രാജാധിപത്യവും ഫ്യൂഡൽ അധികാരവും സഭാധികാരവും പോലുള്ള സാമൂഹിക ക്രമങ്ങളെ താങ്ങിനിർത്തുന്നതിനു വേണ്ടിയുള്ള കാഴ്ചപ്പാടുകളെ സംരക്ഷിക്കുന്നതിനായിരുന്നു. ഇതിൽ സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര സംഘർഷങ്ങളും നിർണായക പങ്കുവഹിച്ചിരുന്നു. ക്രിസ്തീയ ദൈവശാസ്ത്രം ഒരിക്കലും ഏകസ്വരമായിരുന്നില്ല. അഗസ്റ്റീനിയൻ, അരിസ്റ്റോട്ടിലിയൻ, മിസ്റ്റിക്കൽ, യുക്തിവാദി എന്നീ വിവിധ പ്രവണതകൾ തമ്മിൽ ആധിപത്യത്തിനായി മത്സരിസിച്ചിരുന്നു. അക്കാലത്ത് അരിസ്റ്റോട്ടിലിന്റെ വ്യാഖ്യാനങ്ങളോ പ്രപഞ്ചത്തേക്കുറിച്ചുള്ള ദർശനമോ നിരോധിക്കപ്പെട്ടത്തിലൂടെ, തത്വചിന്തയെ മുഴുവനായി നിരസിച്ചതായി മനസ്സിലാക്കാൻ സാധിക്കുകയില്ല. മറിച്ച് നിലവിലുള്ള ദൈവശാസ്ത്ര ചട്ടങ്ങളെ അസ്ഥിരമാക്കുന്ന വ്യാഖ്യാനങ്ങളെ അടിച്ചമർത്തുക എന്ന അധികാര ദൗത്യമായിരുന്നു നിർവഹിക്കപ്പെട്ടത് എന്ന് കാണാൻ സാധിക്കും. ചുരുക്കത്തിൽ ഏത് ദൈവശാസ്ത്രമാണ് ഔദ്യോഗികമായത് (ഓർത്തഡോക്സി) എന്നും ഏതാണ്  അനൗദ്യോഗികമായിത്തീരേണ്ടത് എന്നും നിർണ്ണയിച്ചിരുന്നത് ഇത്തരത്തിലുള്ള അധികാരബന്ധങ്ങളിലെ സംഘർഷങ്ങളിലൂടെയായിരുന്നു. ഈ പ്രക്രിയകളാകട്ടെ വംശീയവും സാംസ്കാരികവുമായ സാമൂഹിക പദവികളുമായി കൂടി ചേർന്നു നിൽക്കുന്നതായിരുന്നു. സംശയത്തോടെ കാണപ്പെട്ട നിരവധി തത്ത്വചിന്താപരമായ ആശയങ്ങൾ യൂറോപ്പിലേക്ക് കടന്നുവന്നതും ഈ സന്ദർഭത്തിലാണ്. അറബി-ജൂത ബൗദ്ധിക പാരമ്പര്യങ്ങളിലൂടെ കടന്നുവന്ന തത്വചിന്താ പാരമ്പര്യങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് കുരിശു യുദ്ധങ്ങളുടെ ഘട്ടത്തിൽ, മുസ്‌ലിം പണ്ഡിതരിൽ നിന്നും വിനിമയം ചെയ്യപ്പെട്ട വിജ്ഞാനങ്ങൾ കൂടുതലായി സംശയിക്കപ്പെടുന്ന സാഹചര്യം കടന്നു വന്നു. അഥവാ അറിവ് അതിന്റെ സ്വഭാവികതയിൽ വിലയിരുത്തപ്പെടുന്നതിന് പകരം, ആരുടേതാണ് യുക്തിപരമായ അറിവ്, ആരുടേതാണ് വിശ്വാസയോഗ്യമായ അറിവ് എന്ന മുൻവിധികളിലൂടെയായിരുന്നു പരിശോധിക്കപ്പെട്ടിരുന്നത്. ഇതിലൂടെ വിജ്ഞാനം അതിസൂക്ഷ്മമായ രീതിയിൽ വംശീയവത്കരണത്തിന് വിധേയമാക്കപ്പെടുകയായിരുന്നു.

മാത്രവുമല്ല വിജ്ഞാനത്തിന്റെ ദൈവശാസ്ത്ര നിയന്ത്രണമെന്നത്  അടിമത്തം, കോളനിവത്ക്കരണം പോലുള്ള ആധിപത്യ ഘടനകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ മെറ്റാഫിസിക്സും പ്രപഞ്ച നിയമ സിദ്ധാന്തങ്ങളും സാമ്രാജ്യത്വ അധിനിവേശത്തെയും വംശീയമായ സാമൂഹിക പദവികളെയും സംരക്ഷിക്കാൻ ഉപയോഗിക്കപ്പെട്ടത്തിനെ മത യഥാസ്തികതയുടെ പ്രശ്നമായി മാത്രം മനസിലാക്കാൻ കഴിയില്ല. മറിച്ച് അത് അറിവിനെ നിയന്ത്രിക്കുന്ന ഒരു സാമ്രാജ്യത്വ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. ഇക്കാര്യത്തിൽ ദൈവശാസ്ത്രം ഒരു കവാടമായി പ്രവർത്തിക്കുകയായിരുന്നു. അഥവാ മധ്യകാല യൂറോപ്പിൽ ജ്ഞാനാന്വേഷണങ്ങൾ രാഷ്ട്രീയ അധികാരത്തോടും, വംശീയ – സാമൂഹിക പദവികളോടും, സാംസ്കാരിക ആധിപത്യത്തോടും പൊരുത്തപ്പെടുമ്പോൾ മാത്രമാണ് സ്വീകരിക്കപ്പെട്ടത് എന്നതാണ് യാഥാർഥ്യം.

ചുരുക്കത്തിൽ ദൈവശാസ്ത്രമെന്നത് ശുദ്ധമായ ദൈവിക വെളിപാടല്ല എന്നതിനാൽ തന്നെ, അത് മനുഷ്യയുക്തിയുടെയും മനുഷ്യ താൽപര്യങ്ങളുടെയും വ്യാഖ്യാനഭൂമികയായി തന്നെയാണ് എപ്പോഴും വികസിച്ചു വന്നിട്ടുള്ളത്. ദൈവിക വെളിപ്പാട് സ്വയം അതിന്റെ വ്യാഖ്യാന പദ്ധതി നിർവഹിക്കില്ല എന്നിരിക്കെ പ്രത്യേകിച്ചും. സമൂഹത്തിലെ അധികാരബന്ധങ്ങൾ, മനുഷ്യന്റെ ഭയം, സ്ഥാപിത താല്പര്യങ്ങൾ, വംശീയ അജണ്ടകൾ, എന്നിവയിലൂടെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളും കടന്നുപോയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ദൈവശാസ്ത്രത്തിൽ ദുർവിനിയോഗങ്ങളും അധികാരതാൽപര്യങ്ങളും കടന്നുകൂടുന്നത്. വിജ്ഞാനവിരുദ്ധ രാഷ്ട്രീയവും ദൈവിക വെളിപ്പാടിൽ നിന്നല്ല ഉരുത്തിരിയുന്നത്; മുകളിൽ സൂചിപ്പിച്ച പ്രവണകൾ അതിലും പ്രവർത്തിക്കുന്നുണ്ട്.

ഐസക് ന്യൂട്ടൺ

ദൈവശാസ്ത്ര വ്യാഖ്യാനം സ്ഥാപനാധികാരവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ, വിജ്ഞാനത്തെ അടിച്ചമർത്തുന്നത് വിശ്വാസസംരക്ഷണമെന്ന പേരിൽ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ചരിത്രപരമായി നോക്കിയാൽ ഇത്തരം അടിച്ചമർത്തലുകൾ ദൈവിക വെളിപാടുകളെക്കാൾ മനുഷ്യ അധികാരങ്ങളെ തന്നെയാണ് സംരക്ഷിച്ചിട്ടുള്ളത്. ഈ പ്രവണത എല്ലാ മതപാരമ്പര്യങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒന്നല്ല. ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തിൽ ഇതിൽ വ്യത്യസ്തമായ ചരിത്രമാണ് അവതരിപ്പിക്കാനുള്ളത്. രാജാധികാരത്തിന്റെ അനീതികളെയും ദുര്‍നടപ്പുകളെയും ചോദ്യം ചെയ്ത മുസ്‌ലിം പണ്ഡിതന്മാർ പലപ്പോഴും മുസ്‌ലിം രാജാക്കന്മാരാൽ ഉപദ്രവിക്കപ്പെട്ടുവെങ്കിലും ഈ പീഡനങ്ങൾ വിജ്ഞാനവിരുദ്ധമായ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളിൽ നിന്നല്ല ഉരുത്തിരിഞ്ഞത്. ഇസ്ലാമിക ദൈവശാസ്ത്ര വ്യാഖ്യാനങ്ങൾക്കുള്ളിൽ വൈവിധ്യങ്ങളും, വ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ധാരാളമായി കാണാമെങ്കിലും അടിസ്ഥാനപരമായി വിജ്ഞാന വിരുദ്ധ സമീപനമായിരുന്നില്ല അതെന്ന് കാണാൻ സാധിക്കും. ഇസ്ലാമിക പാരമ്പര്യത്തിൽ അധികാരം, യുക്തി, ശാസ്ത്രീയ അന്വേഷണം, തത്വചിന്ത,എന്നിവകൾ തമ്മിലുള്ള ബന്ധങ്ങളെയും പ്രതി പ്രവർത്തനങ്ങളെയും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാകുന്നതാണ്.

(പൂർവ-ആധുനിക കാലഘട്ടത്തിൽ”ശാസ്ത്രം ” എന്ന പദം ഇന്ന് നാം മനസ്സിലാക്കുന്നത് പോലെയുള്ള പരീക്ഷണാത്മകവും സാങ്കേതികവിദ്യയുടെ ഭാഗമായി നിലനിൽക്കുന്നതുമായ ആധുനിക ശാസ്ത്രത്തത്തിന് സമാനമല്ല. ലാറ്റിൻ പദമായ scientia യിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടത്; അതിന്റെ അർത്ഥം” ക്രമബദ്ധമായ അറിവ് “എന്നതാണ്. അഥവാ യാഥാർഥ്യത്തെക്കുറിച്ച് മെറ്റാഫിസിക്സും ദൈവശാസ്ത്രവും അടിസ്ഥാനപ്പെടുത്തി ക്രമബദ്ധമായി കൈവരിക്കുന്ന ബോധ്യമെന്ന നിലയിലാണ് ശാസ്ത്രത്തെ അന്ന് മനസ്സിലാക്കപ്പെട്ടിരുന്നത്. മദ്ധ്യകാലത്തിലെയും ആധുനികതയുടെ പ്രാരംഭ ഘട്ടത്തിലെയും ശാസ്ത്രീയ അന്വേഷണങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളുടെ കാരണം, അതിന്റെ ലക്ഷ്യം, പ്രാപഞ്ചിക ക്രമം എന്നിവ മനസ്സിലാക്കുന്നതിലായിരുന്നു പ്രധാനമായും ശ്രദ്ധിച്ചത്. അല്ലാതെ പ്രകൃതിയെ നിയന്ത്രിക്കുന്നതിനെക്കുറിച്ചോ, പ്രകൃതിയെ കുറിച്ചുള്ള ഫലങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനെക്കുറിച്ചോ നടത്തുന്ന ശാസ്ത്രീയ അന്വേഷണങ്ങളല്ലായിരുന്നു. ഐസക് ന്യൂട്ടന്റെ Philosophiæ Naturalis Principia Mathematica എന്ന ഗ്രന്ഥം  പോലും ദൈവിക നടപടിക്രമവും (Divine Order)അതിന്റെ ലക്ഷ്യവും (teleology) വിശകലനം ചെയ്യുന്നത്തിന്റെ ഭാഗമായി നാച്ചുറൽ ഫിലോസഫിയുടെ പരിധിയിലാണ് എഴുതപ്പെട്ടിരുന്നത്. അതുപോലെ, മദ്ധ്യകാലഘട്ടത്തിലെ ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയിലെ ഗ്രന്ഥങ്ങൾ പോലും ദൈവശാസ്ത്രപരവും തത്ത്വചിന്താപരവുമായ മേഖലകളിൽ നിന്നും വേർതിരിച്ച് കാണാൻ കഴിയാത്തവയായിരുന്നു. അതിനാൽ”ശാസ്ത്രമെന്നത് കൊണ്ട് ഈ ലേഖനത്തിൽ വിവക്ഷിക്കുന്നതിനെ” പൂർണമായും ആധുനികവും മതേതരവുമായ ശാസ്ത്ര സങ്കൽപ്പത്തിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കേണ്ടതാണ്.)

(തുടരും…)

ഷിഹാസ് എച്ച്