Campus Alive

ഹിന്ദുത്വത്തിന്റെ വംശഹത്യാമണമുള്ള വാക്കുകൾ

 

പുതിയ ലോകക്രമത്തിൽ ജനങ്ങളെ തങ്ങളാഗ്രഹിക്കുന്ന തലത്തിലേക്ക് കൊണ്ടുവരാൻ വെറുപ്പിനെ ഒരു രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യം ആർക്കും അറിയാത്ത ഒന്നല്ല. വെറുപ്പിന്റെ രാഷ്ട്രീയ സാമൂഹിക പ്രയോഗങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. സൈബറിടങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയുമുള്ള സംഘടിതവും വ്യവസ്ഥാപിതവുമായ നുണപ്രചാരണങ്ങൾ, വംശീയ ചുവയുള്ള പരിഹാസങ്ങൾ എന്നിവയിലൂടെ വെറുപ്പിന്റെ വംശഹത്യാ രാഷ്ട്രീയം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ലളിതമായി പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനം.

സാമൂഹികമായ വിഭജനവും പുറന്തള്ളലും നിലനിൽക്കുന്ന സമൂഹത്തിൽ പലപ്പോഴും ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കാൻ പലപ്പോഴായി ഉപമകളും, പരിഹാസ പദങ്ങളും ഉപയോഗിക്കാറുണ്ട്. ക്ലാസ്സ് ഡിഫമേഷനെക്കുറിച്ചും അതിലെ ജാതി, ഇസ്ലാമോഫോബിയ, വംശീയവും പ്രാദേശികവുമായ വെറുപ്പ്, മുൻവിധി എന്നിവയെക്കുറിച്ചെല്ലാം ഈയടുത്ത കാലത്ത് ഒരു അവബോധം പാർശ്വവത്കൃത സമൂഹങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള പല തരം  ബൗദ്ധിക സമരങ്ങളിലൂടെ രൂപപ്പെട്ടതാണ് അത്. പലപ്പോഴും നമ്മുടെ അരാഷ്ട്രീയമായ ധാർമ്മിക ബോധം വ്യക്തിപരമായ പരിഹാസങ്ങളെ മാത്രമേ മുഖവിലക്കെടുക്കാറുള്ളൂ എന്നു തോന്നുന്നു. സാമൂഹികമായി നിലനിൽക്കുന്ന അനീതികളെയും അസമത്വങ്ങളെയും കുറിച്ചുള്ള അവബോധമില്ലായ്മ നമ്മുടെ ധാർമ്മിക ബോധത്തെ പോലും പൊള്ളയായ തോന്നലുകളായി അവശേഷിപ്പിക്കും. വിശുദ്ധ ഖുർആനിൽ സൂറത്തുൽ ഹുജറാത്തിൽ സാമൂഹികമായ ഒന്നായിട്ടാണ് പരിഹാസത്തെ കണ്ടിട്ടുള്ളത് (ആയത്ത് പതിനൊന്നിൽ ഖൗമ്, നിസാഅ് എന്നീ ബഹുവചനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്). പലപ്പോഴും വ്യക്തിപരമായ പരിഹാസങ്ങളേക്കാൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സാമൂഹികമായ അധിക്ഷേപങ്ങൾ. ഒരു വ്യക്തിയുടെ മതം, വംശം മറ്റെന്തെങ്കിലും വ്യതിരിക്തത ഉള്ള സാമൂഹിക വിഭാഗങ്ങളിലുള്ള അംഗത്വം  എന്നിവയുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തിയോടോ ഗ്രൂപ്പുകളോടോ ബോധപൂർവ്വം ശക്തമായ ശത്രുത ഉൽപ്പാദിപ്പിക്കുന്ന വിധത്തിൽ വാക്കിലൂടെയോ പ്രതീകാത്മകമായോ നടത്തുന്ന ആശയവിനിമയ രീതിയാണ് വെറുപ്പ് എന്ന് പറയാം.

ലിൻ ടിറൽ

റുവാണ്ടൻ വംശഹത്യയിൽ എങ്ങനെയാണ് വാക്കുകൾ ഉപയോഗിക്കപ്പെട്ടത് എന്ന തന്റെ ‘Genocidal Language Games’ എന്ന ലേഖനത്തിൽ ലിൻ ടിറൽ (Lynne Tirrell) പറയുന്നത് നാം-അവർ എന്ന ദ്വന്ദ്വം എപ്പോഴും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം വെറുപ്പിന്റെ വാക്കുകൾ ഉപയോഗിക്കുന്നത് എന്നാണ്. ഞങ്ങൾ എന്ന  സ്വത്വത്തെ ശക്തിപ്പെടുത്താനും ടാർഗറ്റ് ചെയ്യപ്പെടുന്ന അപരസമൂഹത്തെ ദുർബലപ്പെടുത്താനും എങ്ങനെയാണ് വാക്കുകൾ റുവാണ്ടൻ വംശഹത്യയിൽ ഉപയോഗിക്കപ്പെട്ടത് എന്ന് അവർ വിശദീകരിക്കുന്നു. തങ്ങളുടെ അയൽവാസികളായ ന്യൂനപക്ഷങ്ങളെ കൊല്ലാൻ തയ്യാറാകുമാറ് സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കാൻ ഇത്തരത്തിലുളള ഭാഷാ പ്രയോഗങ്ങൾക്ക് കഴിഞ്ഞുവെന്ന് റുവാണ്ടൻ വംശഹത്യയെ മുൻ നിറുത്തി അവർ പറയുന്നു. തങ്ങളല്ലാത്ത അപരരെ മനുഷ്യരായി കാണാൻ കഴിയാതെ വെറുപ്പും ഭയവും ഉൽപ്പാദിപ്പിക്കാൻ ഇത്തരം വാക്പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടുന്നതിന് പല ഉദാഹരണങ്ങളും കാണാൻ കഴിയും. വാക്കുകളെ തുടർന്ന് അക്രമത്തിലേക്ക് നയിക്കുന്ന തരത്തിൽ, മുമ്പ് കണ്ടിട്ടില്ലാത്ത വിധം റുവാണ്ടൻ വംശഹത്യയിൽ എങ്ങനെയാണ് വാക്കുകൾ ഉപയോഗിക്കപ്പെട്ട‌ത് എന്ന് അന്വേഷിക്കുന്ന അവരുടെ പഠനം സമകാലിക ഇന്ത്യയിലെ വെറുപ്പിന്റെ മൊത്തക്കച്ചവടക്കാരെ സൈദ്ധാന്തികമായി മനസ്സിലാക്കാൻ ഉപകരിക്കും. വ്യാവഹാരികമായ ഇടപെടലികളിലൂടെ (Discursive behavior), അതായത് പ്രസംഗത്തിലൂടെയും മറ്റും കൈമാറ്റം ചെയ്യപ്പെടുന്ന, വെറുപ്പിന്റെ വാക്കുകൾക്ക് ടാർഗറ്റ് സമൂഹങ്ങളുടെ മേൽ ശാരീരികമായ അക്രമങ്ങൾക്ക് അനുവാദം നൽകാനും (കൊലപാതകം, മർദ്ദനം തുടങ്ങിയവ) മാനസികവും, സാമൂഹികവുമായ ആഘാതങ്ങളേൽപ്പിക്കാനും കഴിയും.

പണ്ടേക്കു പണ്ടേ വെറുപ്പു നിലനിൽക്കുന്ന സമൂഹത്തിൽ പോലും വ്യവസ്ഥാപിതമായ പ്രചരണങ്ങളിലൂടെയാണ് സാമൂഹികമായ പുറംതള്ളലും വിവേചനങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നത്.  ഭാവനാത്മകമായ ഒരു ശത്രുവിന്റെ അക്രമത്തിനെതിരായ സ്വയം പ്രതിരോധമായി അക്രമങ്ങൾ സാധൂകരിക്കപ്പെടുകയും, ക്രൂരതകൾ മഹത്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഗുജറാത്ത് കലാപക്കേസിലെ പ്രതിയും വിഎച്ച്പി നേതാവുമായിരുന്ന ബാബു ബജ്റംഗി ഒരു അഭിമുഖത്തിൽ എത്ര സന്തോഷത്തോടെയും അഭിമാനത്തോടും കൂടിയാണ് കലാപത്തിലെ തന്റെ പങ്കിനെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെ താൻ എങ്ങനെയാണ് ബലാത്സംഗം ചെയ്തതെന്നും വിവരിച്ചത് എന്ന് നമ്മിൽ പലരും കണ്ടതാണല്ലോ.

പരസ്പരപൂരകമാണെങ്കിലും അപരവത്കരണത്തിന്റേതായ ഈ പ്രക്രിയയെ സാമൂഹ്യശാസ്ത്രജ്ഞർ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമതായി, ഒരു ഇൻഗ്രൂപ്പ് ഐഡന്റിറ്റി ഔട്ട് ഗ്രൂപ്പ് ഐഡന്റിറ്റിയെ പുറം തള്ളാനുതകുന്ന തരത്തിൽ വ്യാഖ്യാനങ്ങളിലൂടെ നിർമ്മിച്ചെടുക്കുക എന്നതാണ്. തുടർന്ന് ന്യൂനപക്ഷങ്ങളെ ഇൻഗ്രൂപ്പ് വിഭാഗം ഒരു  പ്രശ്‌നമായി, അതായത് കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഭീഷണിയായി വ്യാഖ്യാനിച്ചെടുക്കുന്നു. ഈ ഔട്ട് ഗ്രൂപ്പൂകളെ അപമാനവീകരിക്കാനുള്ള ശ്രമമാണ് അടുത്തത്. വംശഹത്യാ ഭരണകൂടങ്ങൾ ഉപയോഗിച്ച ഇമേജുകളിലൂടെ ഔട്ട് ഗ്രൂപ്പുകൾ പലപ്പോഴും അർദ്ധ മനുഷ്യനോ അല്ലെങ്കിൽ അതിമാനുഷികനായോ (Sub-human and Superhuman) ചിത്രീകരിക്കപ്പെടുന്നു.

ഹുടു തീവ്രവാദ പ്രോപഗണ്ടയിൽ ടുട്‌സികൾ ചില സമയത്ത് കൂറകളായും മറ്റു ചില സമയങ്ങളിൽ ടഫ് ഫൈറ്റേഴ്‌സായും ചിത്രീകരിക്കപ്പെട്ടിരുന്നു. അതുപോലെ നാസി പ്രോപഗണ്ടയിൽ ജൂതന്മാർ പുഴുക്കളായും എലികളായും മൃഗങ്ങളായും മാലിന്യം പേറുന്ന ക്ഷുദ്ര ജീവികളായും മാത്രമല്ല, മറിച്ച് എല്ലാം അറിയുന്ന പവർഫുൾ ഫിഗറുകളായും ചിത്രീകരിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള വ്യത്യസ്ത ഇമേജുകൾ ചിലപ്പോൾ ഭൗതികമായ നാശവും മറ്റു ചിലപ്പോൾ ഇൻഗ്രൂപ്പ് ഐഡന്റിറ്റിയുടെ മൂല്യങ്ങൾക്കും ജീവിത ശൈലിക്കും ഭീഷണി ഉയർത്തുന്ന പ്രതീകാത്മകമായ നാശവുമായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരം ആഖ്യാനങ്ങളിലൂടെ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് അക്രമത്തിലധിഷ്ഠിതമായ പരിഹാരമാണ് വേണ്ടതെന്ന ധാരണയെ സാധൂകരിക്കുകയും  ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

കൂറകൾ, പാമ്പുകൾ എന്നിങ്ങനെയുള്ള വാക്കുകളാണ് ടുട്സികൾക്കെതിരായി റുവാണ്ടയിൽ പ്രയോഗിക്കപ്പെട്ടത് എന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ. ഇത്തരം വാഗ്പ്രയോഗങ്ങളിലൂടെ ചെറിയ രീതിയിലുള്ള ആക്രമണങ്ങൾ മാത്രമല്ല മറിച്ച് കൊലപാതകങ്ങൾ പോലും ന്യായീകരിക്കപ്പെട്ടിരുന്നു. ചില സംസ്കാരങ്ങളിൽ പാമ്പിനെ തല്ലിക്കൊല്ലുന്നത് ആൺകുട്ടികളുടെ ധീരതയായി കരുതപ്പെട്ടിരുന്നതിനാൽ ഇത്തരം വാക്കുകളുടെ നിരന്തരമായ ഉപയോഗം ടുട്സികൾ തല്ലിക്കൊല്ലപ്പെടേണ്ടവരാണെന്ന ധാരണ ഭൂരിപക്ഷ സമൂഹത്തിന് ഉളവാക്കി എന്നവർ പറയുന്നു. ഇത്തരം പദങ്ങളുടെ വശ്യമായ ശക്തി (action enchanting force) കാരണം, അക്കാലം വരേ അചിന്തനീയമായ കാര്യങ്ങൾക്ക് സാമൂഹ്യ സ്വീകാര്യത കൈവരികയും പലപ്പോഴും അനിവാര്യമെന്നവർക്ക് തോന്നിക്കുകയും ചെയ്തു.

റുവാണ്ടയിൽ ടുട്സികൾക്കെതിരെ ഉപയോഗിച്ച ‘Inyenzi’ (കൂറകൾ) എന്ന പ്രയോഗം നോക്കുക; രാത്രിയിൽ റുവാണ്ടൻ അതിർത്തി പ്രദേശങ്ങളിലൂടെ  അയൽ രാജ്യങ്ങൾ ബേസ് ആക്കി ആക്രമിക്കുന്ന ടുട്സി റെബൽ ഗ്രൂപ്പുകളെ പ്രത്യേകിച്ചും ടുട്സികളെ പൊതുവായും സൂചിപ്പിക്കാനുപയോഗിച്ച പദമാണ് കൂറകൾ; കൂറകൾ രാത്രിയാണല്ലോ പുറത്തിറങ്ങാറ്. ടുട്സികളെ കൊല്ലുന്നതിനെ സൂചിപ്പിക്കാൻ വർക്ക് ഫിനിഷ് ചെയ്യുക, ഉയരമുള്ള മരങ്ങളെ വെട്ടിമാറ്റുക എന്നിങ്ങനെയുള്ള പ്രയോഗങ്ങളാണ് വംശഹത്യാകാലത്ത് ഉപയോഗിക്കപ്പെട്ടത് എന്ന് ലിൻ ടിറൽ പറയുന്നു. ശത്രുക്കളെ സാഹചര്യത്തിനനുസരിച്ച് മനുഷ്യപദവിക്ക് താഴെയും ചിലപ്പോൾ അതിമാനുഷികരായും വിശേഷിപ്പിക്കാറുണ്ടെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. സംഘപരിവാർ പ്രവർത്തകർ പലപ്പോഴും മുസ്‌ലിംകളെ പന്നികളോട് ഉപമിക്കുന്നതും, സാമൂഹ്യ മാധ്യമങ്ങളിൽ പന്നിയുടെ സ്റ്റിക്കർ കമന്റ് ചെയ്യുന്നതും കാണുമ്പോൾ ‘മുസ്‌ലിംകൾക്ക് ഹറാമായ പന്നിയെ ഇവരെന്തിനാ ഒട്ടിക്കുന്നത്, സംഘ്പരിവാരുകാർക്ക് പശു വിശുദ്ധ മൃഗം എന്ന പോലെ മുസ്‌ലിംകൾക്ക് പന്നി വിശുദ്ധമാണെന്നാണോ ഇവർ കരുതുന്നത്’ എന്ന് സോഷ്യൽ മീഡിയയിൽ ചിലർ ആശ്ചര്യപ്പെടുന്നത് കാണാം. എന്നാൽ, കൂടുതൽ തവണ പ്രസവിക്കാൻ കഴിയുന്ന ജീവിയെന്ന നിലയിൽ പന്നി എന്ന പ്രയോഗം മുസ്‌ലിംകളുടെ ജനസംഖ്യാവർദ്ധനവുമായി ബന്ധപ്പെട്ട് നിരന്തരമായ ഭീതി ഉൽപ്പാദിപ്പിക്കുന്ന സംഘ്പരിവാർ രീതിയുടെ ഭാഗമാണ്. പന്നി എന്ന പ്രയോഗം അത്തരത്തിൽ അവരുടെ വംശഹത്യാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജൂതൻമാർ പന്നികളെപ്പോലെ പെറ്റു പെരുകുന്നു എന്നതായിരുന്നു ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയ വ്യാപക പ്രചരണം. ഇതേ സംഗതി യാതൊരു മാറ്റവുമില്ലാതെ മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റു കൂട്ടുന്നതു പോലെ പെറ്റു കൂട്ടുന്നു എന്നൊരു സംഘ്പരിവാർ പ്രഭാഷകൻ പറഞ്ഞത് ഈയടുത്താണ്.

വംശഹത്യ എന്നത് കേവലമായ കൂട്ടക്കൊല എന്നതല്ല, മറിച്ച് 1948ലെ വംശഹത്യാ കൺവെൻഷന്റെ ആർട്ടിക്കിൾ രണ്ട് വംശഹത്യക്ക് നൽകിയ നിർവ്വചനം പ്രകാരം ഒരു പ്രത്യേക സമൂഹത്തിൽ ജനനനിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതും വംശഹത്യയെന്ന ഗണത്തിൽ പെടും. അതിനാൽ തന്നെ മുസ്‌ലിംകളെ പന്നികളോടുപമിക്കുന്ന ചിഹ്നങ്ങളും പ്രയോഗങ്ങളും മുസ്‌ലിമിനെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമായി കാണേണ്ടതുണ്ട്. മുസ്‌ലിമിനെ ഒരു ഭീഷണിയായി അവതരിപ്പിക്കാനും മുസ്‌ലിമിന്റെ മനുഷ്യപദവി നിരാകരിക്കാനും വംശഹത്യ നടത്താനും, മനുഷ്യാവകാശങ്ങൾ നിഷേധിക്കാനും, വധിക്കാനുമുള്ള ലൈസൻസ് ആണ് പന്നി തുടങ്ങിയ പദങ്ങളുടെ നിരന്തര ഉപയോഗത്തിലൂടെ സംഘ്പരിവാർ ലക്ഷ്യമിടുന്നത്. വൃത്തിയില്ലാത്തതിനാൽ വെറുക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമായ ജീവിയാണ് പന്നി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. പന്നിയോട് ഗുസ്തി പിടിക്കരുത് കാരണം ദേഹത്ത് അഴുക്കാകും എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. അതിനാൽ മുസ്‌ലിംകളെ പന്നികളോടുപമിക്കുമ്പോൾ അത് മുസ്‌ലിംകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കൂടിയാണ്.

ലവ് ജിഹാദുമായി ബന്ധപ്പെട്ട് വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയക്കാർ വളരേ വലിയ പ്രചരണം നടത്തുകയുണ്ടായി. കൂടാതെ, മുസഫർ നഗർ അടക്കമുള്ള സ്ഥലങ്ങളിൽ മുസ്‌ലിം വംശഹത്യക്കും അത് കാരണമായി. റോമിയോ ജിഹാദി എന്ന പ്രയോഗം ഒരു ഉദാഹരണമാണ്. ഇത് അർദ്ധ-മനുഷ്യൻ എന്നതിൽ നിന്നു വ്യത്യസ്തമായി, അത്യധികം ഭീഷണിയായ മനുഷ്യ സാന്നിധ്യമായാണ് മുസ്‌ലിമിനെ അവതരിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അതിമാനുഷിക ഭീഷണിയായും (super-human threat) മുസ്‌ലിമിനെ ആവിഷ്കരിക്കാറുണ്ട്. അനിൽ പനച്ചൂരാനെഴുതിയ ‘പ്രണയത്തിലൂടെ ജിഹാദ് പൊൻമാരീചനായി വരുന്നു കുഞ്ഞുങ്ങളേ…’ എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണഗാനത്തിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സൂപ്പർഹ്യൂമൻ ത്രെട്ടായിട്ടാണ് മുസ്‌ലിം വർണ്ണിക്കപ്പെടുന്നത്. രാമായണത്തിൽ സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണനെ സഹായിച്ച രാക്ഷസനായിട്ടാണല്ലോ  മാരീചൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. ഇമ്രാൻ കുഞ്ഞ്, ഇമ്രാനോളി തുടങ്ങിയ പദങ്ങളും പലപ്പോഴായി സാമൂഹ്യ മാധ്യമങ്ങളിൽ കാണാറുണ്ട്.

പാക്കിസ്ഥാൻ എന്ന ഹിന്ദുത്വവാദികൾ ശത്രുക്കളായി കാണുന്ന മുസ്‌ലിം രാജ്യത്തോട് ഇന്ത്യൻ മുസ്‌ലിമിനെ കൂട്ടിക്കെട്ടി അവനെ രാജ്യത്തിന്റെ തന്നെ ശത്രുവായി ചിത്രീകരിക്കുക എന്നത് സംഘ്പരിവാറിന്റെ അടിസ്ഥാന അജണ്ടയാണ്. അത്തരം അജണ്ടകളെ ഒരൊറ്റ പദപ്രയോഗത്തിലൂടെ പ്രസരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇത്തരം വാക്കുകളുടെ പ്രത്യേകത. വംശീയവിഭജനമുള്ള സമൂഹത്തിൽ പലപ്പോഴും ടാർഗറ്റ് സമൂഹത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഇത്തരം അധിക്ഷേപവാക്കുകൾ‌ പ്രയോഗിക്കാറുണ്ട്. ഇന്ത്യൻ മുസ്‌ലിംകൾ ഒരു പ്രത്യേക വംശമല്ലെങ്കിലും, ചേലാകർമ്മം ചെയ്യുക എന്നത് മുസ്‌ലിമിന്റെ ഒരു ശാരീരിക പ്രത്യേകതയാണല്ലോ. അതുമായി ബന്ധപ്പെട്ട വിവിധ പ്രയോഗങ്ങൾ മുസ്‌ലിമിന്റെ ശാരീരിക പ്രത്യേകതകളെ അധിക്ഷേപിക്കാൻ സംഘ്പരിവാർ ഉപയോഗിക്കുന്നതു കാണാം. പുരുഷചേലാകർമ്മത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് യുക്തിവാദികളുടെ ഗമണ്ട‌ൻ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ജർമ്മനിയിൽ ജൂതരെ വിഷജന്തുക്കളായി കാണാൻ പഠിപ്പിക്കപ്പെട്ട പോലെ, റുവാണ്ടൻ വംശഹത്യാകാലത്ത് ടുട്സികളെ പാമ്പുകളായും കൂറകളായും വിശേഷിപ്പിക്കപ്പെട്ട പോലെ തന്നെയാണ്  മുസ്‌ലിംകളെ പന്നികളായി വിശേഷിപ്പിക്കുന്നതും.

പ്രവീൺ തൊഗാഡിയ

മൂന്നാമതായി ഇൻഗ്രൂപ്പിന്റെ ആവശ്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് ഔട്ട് ഗ്രൂപ്പിനെതിരായ ശത്രുതക്കും പൊതുവായ ഇൻഗ്രൂപ്പ് മൂല്യങ്ങൾ രൂപീകരിക്കുന്നതിനും ഉപയോഗപ്പെടുത്താറുണ്ട്. ഉദാഹരണത്തിന് ചരിത്രപരമായും വംശപരമായും മുസ്‌ലിംകളും ഹിന്ദുക്കളും ഒന്നാണ് എന്നു പ്രവീൺ തൊഗാഡിയ ഗുജറാത്ത് കലാപത്തിനുശേഷം മില്ലി ഗസറ്റഡുമായുള്ള ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുക. ചരിത്രപരമായ ഈ സാമ്യതയാണ് മുസ്‌ലിംകളെ ശത്രുക്കളായി നിർമ്മിച്ചെടുക്കാൻ സംഘ്പരിവാർ ഉപയോഗിക്കുന്നത്. ഗോധ്രസംഭവത്തെ സീതയെ അപഹരിച്ചതിനോടും ഗുജറാത്ത് കലാപത്തെ ലങ്കാ ദഹനത്തോടുമാണ് അന്ന് തൊഗാഡിയ ഉപമിച്ചത്. ഹിന്ദുത്വ വാദികൾ ഹിന്ദുക്കളുടെ ഇൻഗ്രൂപ്പ് വാല്യൂ ആയിക്കാണുന്ന ‘ടോളറൻസ്’ അപരൻമാരായ മുസ്‌ലിംകൾക്കെതിരെയുള്ള ഇൻടോളറൻസിനായി ഉപയോഗിക്കുന്നതും ഇത്തരത്തിലാണ്. ഉദാഹരണത്തിന് ശശികല ട‌ീച്ചറുടെ  പ്രസംഗമെടുക്കുക, ഹിന്ദുക്കൾ എന്നവർ വിശേഷിപ്പിക്കുന്ന സമൂഹങ്ങളുടെ  സഹിഷ്ണുത എന്നവർ വിവരിക്കുന്ന ഒരു മൂല്ല്യത്തെ പ്രസംഗങ്ങളിലുടനീളം അവർ പരിഹസിക്കുന്നതു കാണാം. ഹിന്ദുക്കളുടെ ഇൻഗ്രൂപ്പ് വാല്യൂ ആയി അവർ തന്നെ വിശേഷിപ്പിക്കുന്ന സഹിഷ്ണുതയെ നിരന്തരം പരിഹസിച്ച് ഔട്ട് ഗ്രൂപ്പായ മുസ്‌ലിംകൾക്കെതിരായ അസഹിഷ്ണുത മൂർച്ഛിപ്പിക്കുന്നതാണ്  അവരുടെ പ്രസംഗങ്ങൾ.

റുവാണ്ട‌ൻ വംശഹത്യാ കാലത്ത് ‘Kangura’ എന്ന ന്യൂസ് പേപ്പർ ടുട്സികളുമായി സഹകരിക്കരുതെന്ന തരത്തിൽ പത്തു കൽപ്പനകൾ പുറപ്പെടുവിച്ചിരുന്നു. Kangura എന്ന പത്രത്തിന്റെ വാക്കർത്ഥം തന്നെ ‘അവരെ ഉണർത്തുക’ എന്നതായിരുന്നു. സമാനമായി, ഇവിടെയും ഹിന്ദുക്കളെ ഉണർത്തുക എന്ന തരത്തിൽ ക്യാമ്പയിനുകൾ ശശികല ടീച്ചർ അടക്കമുള്ള തീവ്രഹിന്ദു വലതുപക്ഷം പ്രചരണം നടത്തിയിരുന്നു. വംശഹത്യക്കുള്ള ശേഷി വരെ  അത്തരം പ്രചരണങ്ങൾക്കുണ്ടെന്നത് നമ്മുടെ തന്നെ മുന്നനുഭവങ്ങൾ തെളിയിക്കുന്നതാണ്.

വംശഹത്യയിലും വെറുപ്പിന്റെ രാഷ്ട്രീയത്തിലും സ്ത്രീ എന്ന സ്വത്വം പല രീതിയിൽ ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും. സാഹചര്യങ്ങൾക്കനുസരിച്ച് ഇവയ്ക്ക് മാറ്റമുണ്ടാവാം. ഉദാഹരണത്തിന്, ഇന്ത്യയിൽ ലവ് ജിഹാദിന്റെ പേരിൽ ഹിന്ദു സ്ത്രീകളെ അപഹരിക്കുന്ന അപകടകാരിയായാണ് മുസ്‌ലിം പുരുഷനെ ചിത്രീകരിച്ചതെങ്കിൽ, റുവാണ്ടയിൽ നേരേ തിരിച്ചായിരുന്നു. ടുട്സി സ്ത്രീകൾ ഹുടു സ്ത്രീകളേക്കാൾ സൗന്ദര്യവതികളാണെന്നും ആ സൗന്ദര്യമുപയോഗിച്ച് ഹുടു പുരുഷൻമാരെ അപകടത്തിൽ പെടുത്തുന്നു എന്നുമാണ് റുവാണ്ടൻ വംശഹത്യാ കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചത്.

RTLM എന്ന റേഡിയോ നടത്തിയ കോമഡി പരിപാടികൾ, ഇന്ററാക്റ്റീവ് പ്രോഗ്രാമുകൾ, ഹോട്ട് ന്യൂസുകൾ എന്നിവ ഹുടു പൊതു സമൂഹത്തെ ഏറ്റവും വിഷമയമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു. കോവിഡ് കാലത്തെ  ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളും  പത്രങ്ങളും എങ്ങനെയായിരുന്നുവെന്ന് നമുക്കറിയാവുന്നതാണ്. Deeply derogatory എന്ന പദമാണ് ടിറൽ തന്റെ ലേഖനത്തിൽ മുന്നോട്ടു വെക്കുന്നത്. അഞ്ച് അടിസ്ഥാന സ്വഭാവങ്ങൾ ഇത്തരം പദങ്ങൾക്കുണ്ടെന്ന് അവർ പറയുന്നു. ഇൻസൈഡർ, ഔട്ട്സൈഡർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ഇത്തരം പദങ്ങൾ സമൂഹത്തെ വേർതിരിക്കുകയും പുറത്തുള്ള ആളുകളെ ഔട്ട്സൈഡർ ആയി മുദ്ര കുത്തുകയും അകത്തുള്ള ആളുകളെ അൺമാർക്ക് ചെയ്യുകയും ചെയ്യുന്നു. ഔട്ട്സൈഡർ ആയി മുദ്രകുത്തപ്പെടുന്ന സമൂഹത്തിന് അടിസ്ഥാനപരമായി തന്നെ പ്രതിലോമകരമായ പല അടിസ്ഥാന സ്വഭാവങ്ങളുമുണ്ടെന്ന (negative essentialism) ധാരണ ടാർഗറ്റ് ചെയ്യപ്പെടുന്ന സമൂഹത്തിനും പൊതു സമൂഹത്തിനും ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. സാമൂഹ്യ ഉച്ഛനീചത്വങ്ങളുണ്ടാക്കി അത് നടപ്പിൽ വരുത്തുക എന്നതാണ് ഇത്തരം പദങ്ങളുടെ ലക്ഷ്യം.

മുസ്‌ലിംകൾ പ്രതികളാക്കപ്പെടുന്ന കേസിന്റെ റിപ്പോർ‌ട്ടിന് കീഴിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ വായിച്ചാൽ പലപ്പോഴും മനസ്സിലാകുന്ന ഒന്നുണ്ട്; ‘സിറിയയിൽ ആടു മേക്കാൻ പോകുന്നില്ലേ…, സിറിയയിൽ പോയി വെടി കൊണ്ട് ചത്തൂടേ’ തുടങ്ങിയ അന്താരാഷ്ട്ര ഭീകരവാദത്തോട് മുസ്‌ലിംമിനെ ചേർത്തു വായിക്കുന്ന കമന്റുകളാണ് ഇവയിൽ പലതും. മുസ്‌ലിം പുരുഷന്റെ അമിത ലൈംഗികത, ഹോമോ സെക്ഷ്വാലിറ്റി തുടങ്ങിയ വാർപ്പു മാതൃകകളെ സൂചിപ്പിക്കുന്ന ഉപമകളും അത്യുക്തികളും കമന്റുകളിൽ കാണാം. ഇത്തരത്തിലുള്ള നെഗറ്റീവ് എസ്സൻഷ്യലിസത്തിലൂടെയാണ് സംഘ്പരിവാർ സൈബറിടങ്ങളിൽ വേരു പിടിപ്പിക്കുന്നത്.

തങ്ങൾ അപരവത്കരിക്കുന്ന സാമൂഹ്യവിഭാഗങ്ങൾക്കു അടിസ്ഥാനപരമായി വ്യത്യസ്തതകൾ ഉണ്ടെന്നാണ് പ്രോപഗണ്ടയിൽ ഉപയോഗിക്കപ്പെടുന്ന പദങ്ങൾ ഉൽപാദിപ്പിക്കുന്ന മുൻവിധിയും അർത്ഥവും. ഭീതിക്ക് ആക്കം കൂട്ടുന്ന, വെറുപ്പ് പ്രചരിപ്പിക്കുന്ന വിവേചനത്തെ ന്യായീകരിക്കാനുദ്ദേശിച്ചിട്ടുള്ളതുമാകുന്നു ഇത്തരം വാക്കുകൾ. മൂന്നാമതായി അവർ പറയുന്നത്, പ്രതിലോമകരമായ ഇത്തരം പദപ്രയോഗങ്ങൾ ചരിത്രപരവും സോഷ്യൽ സെൻസറിങ്ങിന്റേയും പിൻബലത്തോടുകൂടിയുള്ളതും മർദ്ദനത്തിന്റേയും വിവേചനത്തിന്റേയും നെറ്റ് വർക്കുമായി ബന്ധപ്പെട്ടാണെങ്കിൽ കൂടുതൽ ഫലപ്രദം ആകുന്നു എന്നാണ്. സാമൂഹ്യമായും, സാമ്പത്തികമായും, രാഷ്ട്രീയമായുമുള്ള മർദ്ദക സംവിധാനങ്ങളോട് ചേർന്നു നിൽക്കുന്ന ഇത്തരം വാക്കുകൾക്കാണ് ഒറ്റപ്പെട്ട പ്രയോഗങ്ങളേക്കാൾ ശക്തി കൂടുതൽ. ഇന്ത്യയിലെ ജാതി വ്യവസ്ഥയുമായും മുസ്‌ലിം വിരോധവുമായും ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും ഇവിടെ സ്മരണീയമാണ്. നാലാമതായി ഇൻസൈഡർ ഔട്ട് സൈഡർ ഫങ്ഷൻ മാത്രമല്ല, മറിച്ച് ഇത്തരം പദങ്ങൾ കേൾക്കുന്ന ടാർഗറ്റ് ഗ്രൂപ്പിൽ പെട്ട ആളുകൾക്ക് മേൽ ചില സ്വാധീനങ്ങൾ വരുത്താനും ഇവയ്ക്ക് കഴിയും; അതായത് ഭയം, അപകർഷത, തന്റെ പരിധികൾ എന്നിവയെക്കുറിച്ച് ടാർഗറ്റ് കമ്മ്യൂണിറ്റിയിൽ പെട്ട ആളുകൾക്ക് ചില ധാരണകൾ ഇവ നൽകുന്നു. മാത്രമല്ല ഇത്തരം പദങ്ങൾ അധീശ സമൂഹങ്ങൾക്ക് നിരന്തരം അധികാരം നൽകുന്നതോടൊപ്പം, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ക്രൂരതക്ക് യുക്തിപരമായ മാനം നൽകുകയും ചെയ്യുന്നു.

അഞ്ചാമതായി ഇത്തരം പദങ്ങൾ ആക്ഷൻ എൻജെന്ററിങ് ആണ്. ഇത് പലപ്പോഴും ടാർഗറ്റ് സമൂഹത്തിന്റേയോ വ്യക്തിയുടേയോ സ്റ്റാറ്റസിനെയോ ബാധിക്കുന്നതാണ്. ഉദാഹരണത്തിന്, നമ്മുടെ നാട്ടിൽ വ്യാപകമായി ഉണ്ടായിരുന്ന ജാതീയമായ ചില അഭിസംബോധനകൾ (ഉദാ: ചെക്കൻ), തന്റെ കീഴിലുള്ള കുടിയാന്റെ അഡൾറ്റ് ഹുഡിനെ നിഷേധിക്കുന്നതും, അതുവഴി അയാൾ കാര്യപ്രാപ്തിയുള്ള ആളല്ല എന്ന ധാരണയെ കൺവേ ചെയ്യുന്നതുമാണ്. വെറുപ്പ് എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നത് എന്നും ന്യൂനപക്ഷങ്ങൾ അടക്കമുള്ള പാർശ്വവത്കൃത സമൂഹങ്ങൾക്കു മേൽ ശത്രുത ഉളവാക്കാൻ ഏതൊക്കെ തരത്തിലാണ് വെറുപ്പ് ഉപയോഗിക്കപ്പെടുന്നത് എന്നും നമ്മൾ ആഴത്തിൽ പഠനവിധേയമാക്കേണ്ടതുണ്ട്. എന്നിരുന്നാലേ വെറുപ്പ് മൂലധനമാക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരേ സൂക്ഷ്മാർത്ഥത്തിൽ ജാഗ്രത പാലിക്കാൻ കഴിയൂ.


References

  1. Genocide convention, 1948. https://www.un.org/en/genocideprevention/documents/atrocity-crimes/Doc.1_Convention%20on%20the%20Prevention%20and%20Punishment%20of%20the%20Crime%20of%20Genocide.pdf
  2. Lynne Tirrell, Genocidal Language Games. https://philpapers.org/rec/TIRGLG
  3. Shannon Fyfe, Tracking Hate Speech Acts as Incitement to Genocide in International Criminal Law, 30 LJIL 523 (2017).
  4. Suratul Hujurat, https://thafheem.net/thafheem/M

അഡ്വ. അബ്ദുല്‍ കബീര്‍