Campus Alive

അംബേദ്കറൈറ്റ് മുസ്‌ലിം എന്ന പ്രാക്സിസ്

വി.പ്രഭാകരൻ എന്ന ശംസുദ്ദീന്റെ ഓർമ്മകളാണ് ‘അംബേദ്കറൈറ്റ് മുസ്‌ലിം ജീവിതം, പോരാട്ടം’ എന്ന പുസ്തകം. അംബേദ്കറൈറ്റ് മുസ്‌ലിം എന്നത് സ്വാഭാവികമായും കൗതുകമുളവാകുന്ന ഒരു പേരാണ്. ഒരു മുസ്‌ലിം അംബേദ്കറേറ്റ് ആവുന്നതെങ്ങനെയാണ്? എന്നതാണ് ലളിതമായ ആ കൗതുകം. “ഒരു നല്ല മുസ്‌ലിം നല്ല അംബേദ്കറെറ്റ് കൂടിയാണ്” എന്നതാണ് ഗ്രന്ഥകാരന്റെ പക്ഷം. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ‘മുസ്‌ലിം’ എന്ന സംവർഗ്ഗം നിർവചിക്കപ്പെട്ടതിനെക്കുറിച്ചുള്ള ആലോചനകളിൽ നിന്നും ഹിന്ദു എന്ന നിർമിതിയെക്കുറിച്ച ആലോചനകളിൽ നിന്നും അംബേദ്കറൈറ്റ് മുസ്‌ലിം എന്നതിനെ ഇന്ത്യൻ മുസ്‌ലിമിന് സാധ്യമാകുന്ന ഒരു പ്രാക്സിസ് ആയി മനസ്സിലാക്കാൻ കഴിയും എന്നാണ് തോന്നുന്നത്. “മുസ്‌ലിമിന് ഒരു ഇന്ത്യക്കാരനാകാൻ കഴിയുമോ?” എന്ന് ഗ്യാനേന്ദ്ര പാണ്ഡേ ചോദിക്കുന്നുണ്ട്. ദേശരാഷ്ട്രത്തോട് സംവദിച്ചും പോരാട്ടം നടത്തിയുമാണ് ന്യൂനപക്ഷങ്ങൾ ജീവിതം സാധ്യമാക്കുന്നത് എന്ന് നിരീക്ഷിക്കുന്ന അദ്ദേഹം ‘ദേശീയ മുസ്‌ലിം’ എന്ന പദാവലി പോലെ എന്തു കൊണ്ട് ‘ദേശീയ ഹിന്ദു’ എന്ന പ്രയോഗം ഇല്ലാതിരുന്നു എന്നും പരാമർശിക്കുന്നുണ്ട്. വിഭജനാനന്തരം ഇന്ത്യയിൽ ബാക്കിയായ മുസ്‌ലിംകളോട് “നിങ്ങൾക്ക് കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞു.. നിങ്ങൾക്കൊരു സ്വതന്ത്ര രാഷ്ട്രം ലഭ്യമായിരിക്കുന്നു, പാകിസ്ഥാനിലുള്ളവരല്ല, നിങ്ങളാണ് അതിനുത്തരവാദികൾ” എന്ന് സർദാർ വല്ലഭായ് പട്ടേൽ പറയുന്നുണ്ട്. ദേശക്കൂറ് തെളിയിക്കേണ്ടവനായി ഇന്നും ഇന്ത്യയിലെ മുസ്‌ലിംകൾ മാറുന്നതിന്റെ പശ്ചാത്തലം ഇത് കൂടിയാണ്.

മറ്റൊരു പ്രധാന ചോദ്യം ‘ഭൂരിപക്ഷ ഹിന്ദു’ എന്ന നിർമിതിയെക്കുറിച്ചാണ്, അത് മറ്റൊരർത്ഥത്തിൽ ചരിത്രപരമായി ഇന്ത്യയുടെ സാമൂഹിക ഘടനയുടെ ആണിക്കല്ലായ ജാതീയതയെക്കുറിച്ച ചോദ്യം കൂടിയാണ്. അതിനെ അഭിമുഖീകരിക്കുന്ന ഒരു വ്യവഹാരത്തെ സാധ്യമാക്കാൻ പരിശ്രമിച്ചു എന്നതാണ് അംബേദ്കറിന്റെ പ്രസക്തി. അതുകൊണ്ട് തന്നെ ‘അബേദ്കറൈറ്റ് മുസ്‌ലിം’ എന്നതിലെ അംബേദ്കറിനെ സവിശേഷമായ ഒരു സാമൂഹിക സന്ദർഭം (Context) എന്ന നിലയിലാണ് മനസ്സിക്കാൻ കഴിയുന്നത്. അതോടൊപ്പം തന്നെ ‘മുസ്‌ലിം’ എന്നതിനെ ആ കോണ്ടക്സ്റ്റിലേക്കുള്ള ടെക്സ്റ്റ് ആയി കൂടി തിരിച്ചറിയാൻ കഴിയുമ്പോൾ ‘അംബേദ്കറൈറ്റ് മുസ്‌ലിം’ എന്നത് ഇന്ത്യൻ മുസ്‌ലിമിന് സ്വീകരിക്കാൻ സാധ്യമാവുന്ന ഒരു പൊസിഷനായി മാറുകയാണ്. ഇന്ത്യയുടെ സന്ദർഭത്തിൽ സാമൂഹിക നീതി എന്ന ആശയത്തെ സാമൂഹിക ശാസ്ത്രത്തിന്റെ തലത്തിൽ അംബേദ്കറിലൂടെയാണ് നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്. രണ്ടാം റൗണ്ട് ടേബിൾ കോൺഫറൻസിൽ കമ്മ്യൂണൽ റിവാർഡുമായി ബന്ധപ്പെട്ട അംബേദ്കർ-ഗാന്ധി സംവാദം ഇവിടെ സ്മരണീയമാണ്. ദലിതുകളെ ‘ഹിന്ദു’ എന്നതിൽ തന്നെ നിലനിർത്താനായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. അങ്ങനെ അവർ തങ്ങൾ അല്ലാത്ത ഒന്ന് ആകേണ്ടി വന്നതിനെ അതേപടി നിലർനിർത്തുകയാണ് തന്റെ സത്യാഗ്രഹത്തിലൂടെ ഗാന്ധിജി ചെയ്തത്. തങ്ങളുടേതല്ലാത്ത ആരാധനകൾ നിർവഹിക്കാനും ക്ഷേത്രപ്രവേശനത്തിനുള്ള ‘അവകാശം’ ലഭ്യമാവുകയും ചെയ്തു എന്നുള്ളതാണ് ആത്യന്തികമായി ഇവിടുത്തെ ‘നവോത്ഥാന’ത്തിന്റെ ഫലം എന്ന് പറയുന്നത്.

‘അസവർണർക്ക് നല്ലത് ഇസ്‌ലാം’ എന്ന കൃതി ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇസ്‌ലാമിലേക്കുള്ള വരവ് തടയപ്പെടുകയും അക്കത്തിൽ (ആനുകൂല്യങ്ങളിലും അധികാര പങ്കാളിത്തത്തിലും ഇല്ല) ഹിന്ദുവായി തുടരുകയും ചെയ്യേണ്ടി വന്നു എന്ന ദുരന്തത്തെയാണ് അങ്ങനെ നാം ‘നവോത്ഥാനം’ എന്ന് പേരിട്ട് വിളിക്കുന്നത്. സൂരജ് യെങ്ഡേ ‘ദ പ്രിന്റി’ൽ എഴുതിയ (Adivasis are not Hindus. Lazy colonial census gave them the label) എന്ന ലേഖനം ഫെയ്സ് ബുക്കിൽ ഷെയർ ചെയ്ത് കൊണ്ട് ഇർഫാൻ അഹ്മദ് സൂചിപ്പിക്കുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ആദിവാസികളെ ഹൈന്ദവവൽക്കരിക്കാനുള്ള ഹിന്ദുത്വ ദേശീയ വാദ പോളിസിയെ എങ്ങനെയാണ് ഇന്ത്യൻ സാമൂഹിക ശാസ്ത്രവും നരവംശശാസ്ത്രവും സാധൂകരിക്കുന്നത് എന്നതിന്റെ തെളിവായാണ് പ്രസ്തുത ലേഖനത്തെ അദ്ദേഹം ഷെയർ ചെയ്യുന്നത്. ഇന്ത്യൻ സാമൂഹിക ശാസ്ത്രത്തിന്റെ പിതാവ് ജി എസ് ഗുരേ നേതൃത്വം നൽകുകയും ഡി.എൻ മജുംദാറും എൻ.കെ ബോസും വികസിപ്പിക്കുകയും ചെയ്ത പ്രൊജക്റ്റ് ആയാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഗുരേയെ സംബന്ധിച്ചേടത്തോളം ഇന്ത്യ എന്ന ദേശത്തെ വിഭജിച്ചു നിർത്തുന്ന ഘടകം മുസ്‌ലിമിന്റെ സാന്നിധ്യമാണ് എന്ന് ‘ദി ഹിന്ദു നാഷണലിസ്റ്റ് സോഷ്യോളജി ഓഫ് ജി എസ് ഗുരേ’ എന്ന തന്റെ പ്രബന്ധത്തിൽ കരോൾ ഉപാദ്ധ്യായ് നിരീക്ഷിക്കുന്നതായി കാണാൻ കഴിയും.

1911 ലെ ഗെയ്റ്റ് സർക്കുലർ നടപ്പായിരുന്നെങ്കിൽ ഇല്ലാതായിപ്പോകുന്ന ഒരു കാറ്റഗറിയായിട്ടാണ് ഹിന്ദുയിസത്തെക്കുറിച്ച് ജെ. രഘു തന്റെ ‘ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. അന്ന് ക്ഷേത്രത്തിൽ പ്രവേശനമുള്ളവരും, പൂജാദികർമ്മങ്ങൾ പോലെയുള്ള ബ്രാഹ്മണ സേവനങ്ങൾക്ക് അർഹതയുള്ളവരും. ഹിന്ദുമഹാ ദൈവങ്ങളെ ആരാധിക്കുന്നവരും, തൊട്ടുകൂടായ്മക്ക് വിധേയമാവാത്തവരുമായ വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രമാണ് ഹിന്ദു എന്ന കാറ്റഗറിയെ നിർവചിക്കുന്നിടത്ത് ഗെയ്റ്റ് സർക്കുലർ നിഷ്കർഷിച്ചത്. വിവാദങ്ങൾക്കൊടുവിൽ അത് പിൻവലിക്കുകയാണുണ്ടായത്. കാരണം, അധികാര പങ്കാളിത്തത്തിന് ഈ സംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു രാഷ്ട്രീയ ഘടനയിൽ ‘ഭൂരിപക്ഷ ഹിന്ദു’വിന്റെ നിർമാണം സവർണാധിപത്യത്തെ സംബന്ധിച്ചേടത്തോളം നിർണ്ണായകമായിരുന്നു. അതിനാൽ തന്നെ മുസ്‌ലിമിനെ അപരസ്ഥാനത്ത് നിർത്തുകയും ഇസ്‌ലാം പേടിയുടെ പ്രചരണത്തിൽ മാത്രം നിലനിൽക്കുകയും ചെയ്യുന്ന ഒന്നായി ‘ഭൂരിപക്ഷ ഹിന്ദു’വിനെ തിരിച്ചറിയുക എന്നതാണ് ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിലെ ഒന്നാമത്തെ ബോധ്യമായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ വികാസവും, മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെക്കുറിച്ച വ്യവഹാരവും ഇന്ത്യയിൽ സാധ്യമാക്കാൻ കഴിയുന്നതിലും ഈ ബോധ്യം പ്രധാനമാണ്. ഈ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്ന് ‘അംബേദ്ക്കറൈറ്റ് മുസ്‌ലിം’ എന്ന പുസ്തകം വായിക്കുമ്പോൾ അതിന് വലിയ പ്രസക്തിയുണ്ട്.

വി. പ്രഭാകരൻ (ശംസുദ്ദീൻ)

സവർണാധിപത്യത്തിനെതിരെയുള്ള നിരന്തരമായ പോരാട്ടമായിട്ടാണ് വി.പ്രഭാകരന്റെ ജീവിതത്തെ അടയാളപ്പെടുത്താൻ കഴിയുക. അംബേദ്കറൈറ്റ് ആശയങ്ങളുടെ പ്രചാരകനായി ജീവിക്കാൻ ആഗ്രഹിച്ച് 2003 ൽ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ച് ശംസുദ്ധീനായി മാറിയ അദ്ദേഹം സവർണാധിപത്യത്തോടുള്ള ആ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. ‘ഭൂരിപക്ഷ ഹിന്ദു’ എന്ന ഹിംസാത്മകമായ ഒരു അനുഷ്ഠാനത്തെ ഘടനാപരമായി നിലനിർത്തിയ ഗാന്ധിയെക്കാൾ, ജാതിമേൽക്കോയ്മക്കെതിരെ സാമൂഹിക നീതിയുടെ ബദൽ രാഷ്ട്രീയത്തെ മുന്നോട്ടുവെച്ച അംബേദ്കറിലാണ് ഇന്ത്യൻ മുസ്‌ലിം എന്ന പൊളിറ്റിക്കൽ പൊസിഷനിൽ നിന്ന് നമുക്ക് സന്ധിക്കാൻ കഴിയുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയം. അത് കൊണ്ട് തന്നെ ഒരു അംബേദ്കറൈറ്റ് മുസ്‌ലിമായാണ് താൻ സ്വയം തിരിച്ചറിയുന്നത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പൊതുബോധത്തിനകത്ത് വിമർശനാതീതനായി നിലനിന്ന ഗാന്ധിയെക്കുറിച്ച് പുസ്തകം പരാമർശിക്കുന്നുണ്ട്. യുക്തിവാദ പ്രസ്ഥാനത്തിൽ പോലും നിലനിന്ന ഇത്തരം പ്രവണതകളെ “എപ്പോഴാണ് യുക്തിവാദികൾ വിഗ്രഹാരാധന തുടങ്ങിയത്?” എന്ന ചോദ്യം കൊണ്ട് മുനയൊടിച്ച ഗ്രന്ഥകാരനെ നമുക്കിതിൽ കാണാൻ കഴിയുന്നുണ്ട്. ‘അവർണന് അധികാരം’ എന്ന മുദ്രാവാക്യത്തിലേക്ക് മഅ്ദനിയെത്തുന്നതിനെ പുസ്തകം വിശദീകരിക്കുന്നുണ്ട്. ശേഷം കോയമ്പത്തൂർ ജയിലിൽ നിന്ന് ഗ്രന്ഥകാരനെ ചൂണ്ടി “ഞാൻ ഇവിടെ കിടക്കാനുള്ള കാരണക്കാരനാണ് ഇദ്ദേഹം” എന്ന് മഅ്ദനി പറയുന്നത് സവർണാധിപത്യത്തോടുള്ള പോരാട്ടം മുസ്‌ലിമിന് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്. കാൻഷിറാമും മഅ്ദനിയും തമ്മിൽ നടന്ന ചരിത്രപരമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ച വിവരണം വേദനയോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല. കേരളത്തിലെ മുസ്‌ലിം, കീഴാള രാഷ്ട്രീയത്തിന് ഉജ്ജ്വലമായ സംഭാവനയാകുമായിരുന്ന ആ കൂടിക്കാഴ്ച, ചില കുബുദ്ധികളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾ കാരണം അനുകൂലമായ ഒരു തീരുമാനവും നൽകാതെ അവസാനിക്കുകയായിരുന്നു.

‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന സിമിയുടെ മുദ്രാവാക്യം പുസ്തകത്തിലെ ഒരധ്യായമാണ്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് വളരെ റാഡിക്കലെന്ന് തോന്നുന്ന ഈ വാചകം ഗ്രന്ഥകാരന്റെ ജീവിതത്തിലേക്ക് തന്നെയും സന്നിവേശിച്ചതിന്റെ അനുഭവമാണ് പുസ്തകത്തിലെ ഏകദേശം അവസാന ഭാഗത്തെ ‘മുസ്‌ലിം’ എന്ന അധ്യായം. അങ്ങനെ ലിബറേഷനെക്കുറിച്ച് മാത്രമല്ല സാൽവേഷനെക്കുറിച്ച് കൂടിയുള്ള ഗ്രന്ഥകാരന്റെ ഉത്തരം കൂടിയിവിടെ ലബ്ധമാവുകയാണ്. അത്തരത്തിൽ ആത്യന്തികമായി സവർണ കേരളത്തിന്റെ വിരിമാറിൽ വലിയ ആഘാതം ഏൽപ്പിക്കുന്ന കൃതിയാവുകയാണ് ‘അംബേദ്കറൈറ്റ് മുസ്‌ലിം’.

ഹാമിദ് മഞ്ചേരി