“വാളെടുത്തവൻ വാളാൽ”
ഭരണകൂടത്തിന്റെ നിസ്സംഗതയോടെ അമേരിക്കൻ വെളുത്ത സായുധസംഘം യു.എസ് കാപിറ്റോൾ ആക്രമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പ്രയോഗമാണ് മുകളിലത്തേത്. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് മാൽകം എക്സ് പറഞ്ഞതായിരുന്നു ആ വാചകങ്ങൾ; “വാളെടുത്തവൻ വാളാൽ” എന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന അന്ന് കോളിളക്കം സൃഷ്ടിച്ചു, അതിന്റെ ഫലമായി അദ്ദേഹത്തെ 90 ദിവസത്തേക്ക് നാഷൻ ഓഫ് ഇസ്‌ലാമിൽ (NOI) നിന്ന് സസ്പെൻഡ് ചെയ്തു. ഈ ചരിത്രനിമിഷത്തെ മുൻനിർത്തിയാണ് ‘വൺ നൈറ്റ് ഇൻ മിയാമി’ (One Night in Miami) പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
ചിന്തോദ്ദീപകമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നാല് അസാധാരണ വ്യക്തിത്വങ്ങൾ; അവർ പരസ്പരം സംസാരിക്കുന്നു, യോജിക്കുന്നു, വിയോജിക്കുന്നു, വിമർശിക്കുന്നു, അവരുടെ പോരായ്മകളെ അവരുടേതായ രീതിയിൽ അംഗീകരിക്കുന്നു, കരയുന്നു, ചിരിക്കുന്നു അവസാനം അവരവരുടെ വഴികളിൽ പിരിയുന്നു. ഇവയെല്ലാം അവരുടെ തൊലിനിറവുമായും അതിന്റെ പേരിൽ അടിച്ചമർത്തുന്ന ലോകവുമായും അതിനോടുള്ള അവരുടെ പോരാട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രോ അമേരിക്കൻ ഐക്കണുകളായ മുഹമ്മദ് അലി, മാൽക്കം എക്സ്, സാം കുക്ക്, ജിം ബ്രൗൺ എന്നിവർക്കിടയിൽ അവിശ്വസനീയമായ ഒരു രാത്രിയിൽ നടക്കുന്ന സ്വകാര്യ സംഭാഷണങ്ങളെ കേന്ദ്രമാക്കിയുള്ള ഒരു ഫിക്ഷൻ സിനിമയാണ് ‘വൺ നൈറ്റ് ഇൻ മിയാമി’.
തങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിന്റെ വക്കിലെത്തുന്ന ഐതിഹാസികമായ ഈ നാല് കറുത്ത വർഗ്ഗക്കാരുടെ ജീവിതാനുഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനത്തിലും അറുപതുകളിലെ സാംസ്കാരിക പ്രക്ഷോഭത്തിലുമുള്ള അവരുടെ പങ്കിനെക്കുറിച്ചും സിനിമ പറയുന്നു. അതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെയും ഒപ്പം കാഴ്ചക്കാരുടെയും മാനവികബോധത്തെ കൂടുതൽ ആഴത്തിൽ വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
കെമ്പ് പവേഴ്സ് (Kemp Powers) എഴുതിയ “വൺ നൈറ്റ് ഇൻ മിയാമി” എന്ന നാടകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. സിനിമയുടെ തിരക്കഥയും കെമ്പ് തന്നെയാണ് എഴുതിയിട്ടുള്ളത്. അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ചുവട് മാറ്റിയ സംവിധായക റെജീന സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ഐ.എം.ഡി.ബി(Imdb)യുമായുള്ള ഒരു അഭിമുഖത്തിൽ സിനിമാ മേഖലയിലെ പ്രാതിനിധ്യത്തെയും സംസ്കാരത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ അവർ പറയുന്നു; “ഞങ്ങളുടെ അനുഭവങ്ങളെ തൊട്ട് അപ്പോളജെറ്റിക്ക് ആവുന്നതിനപ്പുറം ഞങ്ങളെ കുറിച്ച് സംസാരിക്കാൻ കഴിയുന്ന രൂപത്തിൽ ഞങ്ങൾ ശാക്തീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.” തീർച്ചയായും ഈ സിനിമ കറുത്ത വർഗ്ഗക്കാരുടെ ശാക്തീകരണത്തിന്റെയും സ്വയം നിർണ്ണയത്തിന്റെയും പ്രഖ്യാപനമാണ്.
സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങൾ ഒരേസമയം ചരിത്രപ്രസിദ്ധവും കാലിക പ്രസക്തവുമാണ്. കിങ്സ് ലി ബെൻ-അഡീർ(Kingsly Ben-Adir) അവതരിപ്പിച്ച മാൽക്കം എക്സ് ആണ് ചിത്രത്തിലെ പ്രധാന ആകർഷണം. ബോക്സിങ്ങ് റിങ്ങിലേക്ക് പോകാൻ നിൽക്കുന്ന മുഹമ്മദ് അലി ആയി മാറിയിട്ടില്ലാത്ത കേഷ്യസ് ക്ലേയുടെ കഥാപാത്രത്തെയാണ് എലി ഗോറി (Eli Goree) അവതരിപ്പിച്ചത്. അൽദിസ് ഹോഡ്ജ് (Aldis Hodge) സിനിമാമോഹിയും NFL ഫുട്ബോൾ താരവുമായ ജിം ബ്രൗണിന്റെ കഥാപാത്രത്തെയും ലെസ് ലി ഓഡം ജൂനിയർ (Leslie Odom Jr) സംഗീതജ്ഞനായ സാം കുക്കിനെയും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.
യഥാർത്ഥ ജീവിതത്തിലെ സുഹൃത്തുക്കൾ തന്നെയായ ഈ ഇതിഹാസങ്ങൾ മിയാമിയിലെ നാഷൻ ഓഫ് ഇസ്‌ലാമിന്റെ സുരക്ഷാ സന്നാഹങ്ങളോടുകൂടിയ ഹാംപ്റ്റൺ ഹൗസിൽ സോണി ലിസ്റ്റണെതിരായ കേഷ്യസിന്റെ സർപ്രൈസ് ടൈറ്റിൽ വിജയം ആഘോഷിക്കാൻ ഒത്തുകൂടുന്നു. ലോക ചാമ്പ്യൻഷിപ്പ് പട്ടം നേടിയ ശേഷം ഒരു ഇരുപത്തിരണ്ടുകാരൻ ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഒരു ഘട്ടത്തിൽ കേഷ്യസ് കട്ടിലിൽ കയറി തുള്ളിച്ചാടാൻ തുടങ്ങുന്നു. ഇങ്ങനെ കഥാപാത്രങ്ങളുടെ നശ്വരതയെ സ്പർശിക്കാൻ സിനിമ ശ്രമിക്കുമ്പോഴും ബുദ്ധിപൂർവ്വം തന്നെ ചർച്ചയെ അവർക്കിടയിലെ “പൊതുവായ പ്രശ്ന”ത്തിലേക്ക്(cause) തിരികെ കൊണ്ടുവരുന്നു. കഥാപാത്രങ്ങളുടെ സ്വന്തം സംഘർഷങ്ങൾ, തിരഞ്ഞെടുക്കലുകൾ, അനിവാര്യമായ പ്രത്യാഘാതങ്ങൾ എന്നിവ മുറിയിലെ നാലുപേർക്കൊപ്പം ഈ ചരിത്ര സംഭാഷണത്തിന്റെ ഭാഗമാകാൻ കാഴ്ചക്കാർക്ക് കൂടി അവസരമൊരുക്കുന്നു.
സിനിമയുടെ തിരക്കഥക്ക് പിന്നിൽ നടത്തിയിട്ടുള്ള ഗവേഷണങ്ങളും തയ്യാറെടുപ്പുകളും വളരെ സൂക്ഷ്മമാണ്. കഥാപാത്രങ്ങളുടെ ജീവിത യാത്രയെ വളരെ ആവശ്യമായ രീതിയിൽ തന്നെ സൂക്ഷ്മതകളോടെ സിനിമ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ അസ്തിത്വം എന്നതിലുപരി കഥാപാത്രങ്ങളായ ആഫ്രിക്കൻ അമേരിക്കൻ ഐക്കണുകളായി പരകായപ്രവേശം നടത്തുകയാണ് അഭിനേതാക്കൾ.
കേഷ്യസിന്റെ വിജയ പോരാട്ടത്തിന് മുമ്പ്, നേഷൻ ഓഫ് ഇസ്‌ലാമിൽ ചേരാനുള്ള തന്റെ തീരുമാനം അതുവരെയും പരസ്യപ്പെടുത്തിയിട്ടില്ലാത്ത കേഷ്യസിന്റെ അടുത്തുള്ള മുസ്വല്ലയിൽ ഇരുന്ന് മാൽക്കം എക്സ് നിസ്കരിക്കുന്നു (തന്റെ ഹോട്ടൽ മുറിയിൽ കേഷ്യസിന്റെ അതിഥിയാണ് മാൽക്കം). ഇസ്‌ലാമിന്റെ ആചാരങ്ങളെ ആത്മീയതക്കപ്പുറം രാഷ്ട്രീയമായി കൂടി നയിക്കുന്ന ഒരു വെളിച്ചമായി അവതരിപ്പിക്കാൻ ഈ സിനിമ ശ്രമിക്കുന്നു. കെമ്പ് പവേഴ്സ് എന്ന എഴുത്തുകാരൻ ‘നേഷൻ ഓഫ് ഇസ്‌ലാമി’നെ ഒരു വിമോചന ആശയമായി പരിചയപ്പെടുത്തുകയും ഒപ്പം ‘ഒരു ഗ്യാങ്’ എന്ന നിലയിൽ പരിചയപ്പെടുത്തുയും ചെയ്യുന്നു. അത്തരമൊരു (ഗ്യാങ്) സ്വഭാവം നേഷൻ ഓഫ് ഇസ്‌ലാമിന് മുൻപ് നൽകിയതായി വ്യാപകമായി കാണാൻ കഴിയില്ല.
സാമാന്യം ചെറിയ സംസാരങ്ങൾക്ക് ശേഷം, പരസ്പരമുള്ള സംഭാഷണത്തിലേക്ക് കടക്കുമ്പോൾ സിനിമ പ്രേക്ഷകരെ മാൽക്കത്തിന്റെ ലോകത്തേക്ക് നയിക്കുന്നു. മുഹമ്മദ് അലിയിലേക്കുള്ള ക്ലേയുടെ പരിവർത്തനം ആഘോഷിക്കുക എന്നതാണ് അവർ അവിടെ കൂടിയിരിക്കുന്നതിന്റെ ഒരു കാരണം എന്ന് മാൽക്കം പറയുന്നു. ഈ സമയത്ത്, സിനിമയുടെ ബാക്കി ഭാഗങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ആശയം നമുക്ക് സിനിമ നൽകുന്നുണ്ട്; “അവരിലെ പൊതുപ്രശ്നം”. സാമിനും ജിമ്മിക്കും ക്ലേയുടെ തീരുമാനത്തെക്കുറിച്ച് അത്ര ഉറപ്പില്ല. ഒപ്പം സംഭാഷണം എല്ലാ ദിശകളിലേക്കും സഞ്ചരിക്കുന്നു. എല്ലാ കഥാപാത്രങ്ങളും അവരുടെ ജീവിതത്തിൽ നിന്നും ഓരോ അനുഭവങ്ങൾ പറയുന്നു. അവർക്കിടയിലെ ‘സംഭാഷണങ്ങൾ’ ചില ഘട്ടങ്ങളിൽ വലിച്ചിട്ടപോലെ ചിതറിയ ശബ്ദങ്ങളും ദൈർഘ്യമേറിയ വിരാമങ്ങളും വരണ്ട നിശബ്ദതകളുമായി തൂങ്ങികിടക്കുന്നു. ഇവയെല്ലാം അതിനെ യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തുനിർത്തുന്നു.
ഒരു രംഗത്തിൽ, മാൽക്കം ഭാര്യയെ ഒരു ടെലിഫോൺ ബൂത്തിൽ നിന്ന് വിളിക്കുന്നതും മകളുമായി സംസാരിക്കുന്നതും കാണിക്കുന്നുണ്ട്. ആ ഘട്ടത്തിൽ മാൽക്കമിന്റെ മനുഷ്യസഹജമായ വികാരങ്ങളുടെ ആവിഷ്കാരമായത് മാറുന്നുണ്ട്. ചരിത്രപരമായ വിവരണങ്ങൾക്കപ്പുറം ഒരു ഫിക്ഷൻ സിനിമയാണെങ്കിലും മാൽക്കം എക്‌സിനെ അദ്ദേഹത്തിന്റെ എല്ലാ ദൗര്‍ബല്യങ്ങളോടെയും സ്‌ക്രീനിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം മകളുടെ അലമാരയിൽ നിന്നുള്ള ഒരു പുസ്‌തകം തന്നെ മകൾക്ക് സമ്മാനമായി കൊടുക്കുന്നു. ‘മാനസികമായി ഉണർന്നിരിക്കാൻ പ്രചോദിപ്പിക്കുന്നു’ എന്നാണ് മാൽകം എക്സ് വായനയെ വിശേഷിപ്പിച്ചത്.
സിനിമയിലെ മറ്റൊരു മികച്ച കഥാപാത്രം സാം കുക്കിന്റെതാണ്. അത് എല്ലാവിധത്തിലും സിനിമ ചർച്ചചെയ്യുന്ന ‘പൊതുപ്രശ്നത്തിനുള്ളിൽ'(Cause) തന്നെയാണെങ്കിലും അതിനെയും മറികടക്കുന്നതാണ് കഥപാത്രത്തിന്റെ വ്യാപ്തി. “നമ്മളെല്ലാവരെക്കാളും ഫലപ്രദവും മനോഹരവുമായ കൈവഴികൾ” സാമിനുണ്ടെന്ന് മാൽക്കം എക്സ് സാമിനോട് പറയുന്നു. എന്നിട്ടും അദ്ദേഹം അവരുടെ ‘പൊതുപ്രശ്നത്തിന്’ വേണ്ടി കാര്യമായി സഹായിക്കുന്നില്ലെന്നും സാമിനോട് മാൽകം പരിതപിക്കുന്നു. മാൽക്കം വേദികളിൽ പോയി ജനങ്ങളെ പ്രസംഗിച്ച് അസ്വസ്ഥപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ തന്നെ തന്റെ ബിസിനസും സർഗ്ഗാത്മകതയും കറുത്ത വർഗ്ഗക്കാരെ വളരെയധികം പ്രചോദിപ്പിക്കുന്നതായി സാം മറുപടി നൽകുന്നു. ഈ വിഷയത്തിൽ മാൽക്കം എക്സും സാമും തമ്മിലുള്ള സംവാദം മനുഷ്യ ബൗദ്ധികതയുടെ സങ്കീർണ്ണതയെയും സംവേദനക്ഷമതയെയും ഭൗതിക മികവുകളെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്നതും ചെറുത്തുനിൽപ്പിന്റെയും അധികാര പങ്കാളിത്തത്തിന്റെയും സാധ്യതകളെ തിരിച്ചറിയുന്നതുമാണ്.
മാൽക്കം കുറച്ചു പരുക്കാനാവുന്ന ഒരു രംഗത്തിൽ, ജിം ബ്രൗൺ അദ്ദേഹത്തോട് പറയുന്നു, “നിങ്ങൾക്ക് ഒരു യഥാർത്ഥ ജോലി ഇല്ല”. ഒരു യഥാർത്ഥ ജോലിക്കായിരുന്നെങ്കിൽ മാൽക്കം എന്നേ ഷഹബാസ് എൽ മാലിക്കിലേക്ക് രൂപാന്തരം പ്രാപിച്ചേനെ എന്ന് പ്രേക്ഷകർക്ക് ഈ നിമിഷം മനസിലാക്കികൊടുക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ യാത്രയുടെ അവസാന കുറിപ്പ് ഹജ്ജിന് ശേഷമുള്ള മാൽക്കമിന്റെ വിമോചന രാഷ്ട്രീയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ബ്ലാക്ക് അമേരിക്കയുടെ നേതാവ് /പ്രതിനിധി എന്ന നിലയിലുള്ള അനൗദ്യോഗിക നിലപാടിനെയും പരാമർശിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. മുസ്‌ലിം എന്ന നിലയിൽ മുഹമ്മദലിയുടെ നേഷൻ ഓഫ് ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തെ കാണിക്കുമ്പോഴുള്ള പിഴവും സമാനമായിരുന്നു, മതത്തിന്റെ രാഷ്ട്രീയ മുൻതൂക്കമായി അതിനെ എടുത്തുകാണിക്കാമായിരുന്നെങ്കിലും അക്ഷരാർത്ഥത്തിലുള്ള പ്രതിഷേധമെന്ന നിലയിൽ മാത്രമായിരുന്നു അത് അവതരിപ്പിച്ചത്.
“നിങ്ങൾക്ക് പർവ്വതങ്ങളെ വരെ ചലിപ്പിക്കാൻ കഴിയും” തുടങ്ങിയ മാൽക്കം എക്സിന്റെ കരുത്തുറ്റ ഡയലോഗുകൾ, ഒരേസമയം അദ്ദേഹത്തോടൊപ്പം മുറിയിലുള്ളവരിലും പ്രേക്ഷകരിലും രോമാഞ്ചമുണ്ടാക്കുന്ന നിമിഷങ്ങളാണ്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന, ജനാധിപത്യം അക്രമം സംഘടിപ്പിക്കുന്നതിലും പങ്കിടുന്നതിലും ഒരു പാർട്ടിയായി മാറിയ ഈ കാലഘട്ടത്തിൽ, വിമോചനത്തിന്റെയും നീതിയുടെയും പോരാളികളോടൊപ്പം പുതിയ കാലത്ത് പോരാടുന്നതിനുള്ള ഊർജം ഈ സിനിമ നൽകുന്നു. 2021 ജനുവരി 15 ന് റിലീസ് ചെയ്ത ഈ സിനിമ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
കടപ്പാട്: മക്തൂബ് മീഡിയ
വിവർത്തനം: അംജദ് കരുനാഗപ്പള്ളി