Campus Alive

‘വേരറുക്കാനാവുമെന്നത് വ്യാമോഹം മാത്രമാണ്’ – ആസിഫ് ഇഖ്ബാൽ തൻഹ സംസാരിക്കുന്നു

(ജയിൽ മോചിതനായ ആസിഫ് ഇഖ്ബാൽ തൻഹയുമായി എസ്ഐഒ സംസ്ഥാന സെക്രട്ടറി തശ്‌രീഫ് കെ പി നടത്തിയ അഭിമുഖം)


പൗരത്വഭേദഗതി നിയമത്തിനെതിരെയും സംഘപരിവാർ വംശീയ അജണ്ടകൾക്കെതിരെയും നിരന്തരമായി പോരാടിയതിന്റെ പേരിൽ ഡൽഹി പോലീസ് വേട്ടയാടിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർത്ഥി നേതാവും എസ്.ഐ.ഒ പ്രവർത്തകനുമായ ആസിഫ് ഇഖ്‌ബാൽ തൻഹ, ജെഎൻയു വിദ്യാത്ഥികളായ ദേവാംഗന കലിത, നതാഷ നർവാൽ എന്നിവർ ജയിൽ മോചിതരായിരിക്കുകയാണ്. അന്യായ അറസ്റ്റുകൾക്കെതിരെ ഒരു വർഷത്തിലധികം നീണ്ട നിയമ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് മൂവർക്കും തിഹാർ ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങാനായത്. സമാനമായ സാഹചര്യങ്ങളിൽ ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരുടെയും രാഷ്ട്രീയ തടവുകാരുടെയും നിയമപോരാട്ടത്തിന് കരുത്തു പകരുന്നത് കൂടിയാണ് മൂവരുടേയും മോചനം.

2020 മെയ് മാസമാണ് പൗരത്വ സമര നേതാക്കളായ മൂന്നുപേരെയും വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന ആസൂത്രിത മുസ്‌ലിം വംശഹത്യയിൽ പങ്കുണ്ട് എന്ന് ആരോപിച്ച് ഭീകര നിയമമായ യുഎപിഎ ചുമത്തി ജയിലിൽ അടക്കുന്നത്. പതിനായിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രത്തിൽ മൂവർക്കുമെതിരെ ഒരു തെളിവും ഹാജരാക്കാനാവാതെ, ഡൽഹി പോലീസിന്റെ ആസൂത്രണങ്ങൾക്കേറ്റ പ്രഹരം കൂടിയാണ് മൂവരുടെയും ജാമ്യം. സമര നേതാക്കളെക്കൂടാതെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ വിവിധ കേസുകളിൽ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്‌ത് പോലീസ് വേട്ടയാടിയിരുന്നു. അക്രമത്തിൽ പരിക്കേറ്റ് സർവ്വതും നഷ്ടപ്പെട്ട മനുഷ്യർക്ക് നേരെയായിരുന്നു ഭൂരിഭാഗം കേസുകളും എന്നത് സമരത്തെ അമർച്ച ചെയ്യാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണിതെന്നാണ് തെളിയിക്കുന്നത്.

ആസിഫ്, ദേവാംഗന കലിത, നതാഷ നർവാൽ എന്നിവർ തീഹാർ ജയിലിന് പുറത്ത്

കോവിഡ് പ്രതിസന്ധികളുടെ ആരംഭ നാളുകളിൽ ഡൽഹിയിലെ തെരുവുകളിൽ സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപോരാട്ടങ്ങൾക്കിടയിൽ അവസാന വർഷ ഡിഗ്രീ പരീക്ഷകൾ പഠിച്ച് എഴുതുകയായിരുന്നു ആസിഫ്. പഠനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും നീതിക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങളുടെ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്ന് ജയിലിൽ നിന്നും സി.എ.എ വിരുദ്ധ വാക്യങ്ങൾ ആലേഖനം ചെയ്ത മാസ്ക് ധരിച്ച് മുദ്രാവാക്യങ്ങളോടെ പുറത്തിറങ്ങിയ നിമിഷം മുതൽ ആസിഫ് ഉറച്ച് പറയുന്നു.

പതിമൂന്ന് മാസങ്ങൾ നീണ്ട നിയപോരാട്ടങ്ങൾക്കൊടുവിലാണ് ആസിഫ് ജയിൽ മോചിതനാകുന്നത്. ആദ്യമായി എന്താണ് ഈ വേളയിൽ പറയാനുള്ളത്..?

ആസിഫ് ഇഖ്ബാൽ തൻഹ: ഞാൻ ഇപ്പോൾ വലിയ സന്തോഷവാനാണ്.. എന്റെ സുഹൃത്തുക്കൾക്കും ആക്ടിവിസ്റ്റുകളും സംഘടനകൾക്കും കുടുംബത്തിനുമെല്ലാം നന്ദി രേഖപ്പെടുത്തുന്നു. ഞാൻ പുറത്തു വരുന്നതിനു വേണ്ടി അവരെല്ലാവരും നന്നായി അധ്വാനിച്ചു. ഞാനിപ്പോൾ മോചിതനാണ്‌. ഇപ്പോൾ ഞാൻ കൂടുതൽ ശക്തനായതായി തോന്നുന്നു. ജയിലിൽ നിന്ന് പുറത്തുവന്ന് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ജാമിഅയിലെ സഹ വിദ്യാർത്ഥികളെയും മറ്റ് പ്രവർത്തകരെയും കണ്ടുമുട്ടിയത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് നൽകിയത്. അതിലേറെ എന്നെ സന്തോഷിപ്പിക്കുയും പ്രചോദിപ്പിക്കുയും ചെയ്യുന്നത് അറസ്റ്റുകളിലും ഭീഷണികളിലും ഭയപ്പെടുകയോ നിശബ്ദരാവുകയോ പിന്മാറുകയോ ചെയ്യാതെ ഈ പ്രക്ഷോഭം വ്യത്യസ്ത രൂപത്തിൽ ഇപ്പോഴും മുന്നോട്ടു പോകുന്നു എന്നതാണ്. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്; ഭരണകൂടത്തിനെതിരെ ആർക്കെങ്കിലും ചോദ്യങ്ങൾ ചോദിക്കണം എന്നുണ്ടെങ്കിൽ ഭയപ്പെടരുത്. ചോദ്യങ്ങൾ നാം ചോദിച്ചു കൊണ്ടേയിരിക്കുക, നമ്മുടെ അവകാശമാണ് മുഴുവൻ മനുഷ്യരുടെയും അവകാശങ്ങളെ കുറിച്ച് സംസാരിക്കുക എന്നത്. ഭരണകൂടം നീതി നിഷേധിക്കപ്പെടുന്ന സമയങ്ങളിൽ, അത് നിഷേധിക്കപ്പെടുന്ന മനുഷ്യർ ആരും ആയിക്കോട്ടെ അവർക്ക് വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനുള്ള അവകാശവും നമുക്കുണ്ട്. ആ ചോദ്യങ്ങളുടെയും ശബ്ദങ്ങളുടെയും പ്രതികരണങ്ങൾ എന്തുതന്നെ ആയാലും, ചോദിക്കുക എന്നത് തന്നെയാണ് നമ്മുടെ ഉത്തരവാദിത്വം. ഈ പ്രക്ഷോഭ സമരങ്ങൾ തന്നെ അവസാനിച്ചിട്ടില്ല. മറ്റൊരു കേസിൽ ഇനിയും തടവിലാക്കപ്പെട്ടേക്കാം, പക്ഷേ ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല എന്നത് തന്നെയാണ് ഇപ്പോഴും പ്രഖ്യാപിക്കാനുള്ളത്.

പൗരത്വ പ്രക്ഷോഭ നാളുകളെ എങ്ങിനെയെല്ലാമാണ് ഇപ്പോൾ ഓർക്കുന്നത്..?

ആസിഫ്: പൗരത്വ പ്രക്ഷോഭ നാളുകളെ കുറിച്ച് ധാരാളം ഓർമ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കാൻ ഉണ്ട്. അതിലൊന്ന്, പോലീസിന്റെ അതിക്രമങ്ങളാണ്. പ്രക്ഷോഭത്തിന്റെ ഒന്നാം നാൾ മുതൽ തന്നെ പോലീസ് അവരുടെ ക്രൂരത ആരംഭിച്ചിരുന്നു. വിദ്യാർഥികളെ പോലീസ് പലതവണ മർദ്ദിച്ചു. ഞങ്ങളുടെ ക്യാമ്പസ് തല്ലിത്തകർത്തു. സമരത്തിനെതിരെ ലൈബ്രറി ഉൾപ്പെടെ കാമ്പസിനകത്ത് ഭീകരമായ നടപടികളാണ് പോലീസ് സ്വീകരിച്ചത്. പുറത്ത് നിന്നെത്തിയ സംഘ്പരിവാർ ഭീകരർ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത് വരെ സമരത്തെ തകർക്കാൻ നോക്കി. ജയിലിൽ ഒറ്റക്കായിരുന്ന സമയത്ത് പലപ്പോഴായി ആ ഓർമ്മകൾ കടന്നു വരാറുണ്ടായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളും ക്യാമ്പസും അനുഭവിച്ച ത്യാഗങ്ങൾ തന്നെയാണ് എപ്പോഴും കടന്നുവരികയും സങ്കടപ്പെടുത്താറുമുള്ളത്. അതിനുശേഷം ജാമിഅയിലെ അതിക്രമങ്ങൾക്ക് നേതൃത്വം നൽകി എന്നതിന്റെ പേരിൽ ഇതേ വിദ്യാർഥികൾക്കെതിരേ തന്നെ പോലീസ് നിയമനടപടികൾ ആരംഭിച്ചു. കള്ളക്കേസ് ചുമത്തി ധാരാളം വിദ്യാർത്ഥികളെ പോലീസ് വേട്ടയാടി. അതിനുശേഷം ആ ശ്രമം പരാജയപ്പെട്ടപ്പോൾ ഭീകര നിയമമായ യുഎപിഎ ചുമത്തി കൊണ്ടുകൂടിയാണ് പോലീസ് സമരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത്. പക്ഷേ രണ്ടാമതും ഈ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും തുടരുകയും ചെയ്യും എന്നത് അവർ മറന്നു പോയി.

ജയിൽ മോചിതനായ ശേഷം ആസിഫ് തന്റെ മാതാവിനോടൊപ്പം

സമര പ്രക്ഷോഭങ്ങളുടെ ഭാവിയെ കുറിച്ച് സംസാരിക്കാമോ?

ആസിഫ്: ഈ സമരം കേവലം അലിഗഢിന് വേണ്ടിയോ ജാമിഅക്ക് വേണ്ടിയോ ഉള്ളതല്ല. അവിടുത്തെ വിദ്യാർഥികൾ തുടക്കമിട്ട, പ്രത്യേകിച്ച് സ്ത്രീകൾ നേതൃത്വം നൽകിയ ഈ സമരത്തിന്റെ ഭാവി എന്നത് പ്രവചിക്കുക അസാധ്യമാണ്.. പ്രക്ഷോഭം ഈ പ്രതിസന്ധി കാലത്തും മുന്നോട്ട് പോകുകയാണ്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ധാരാളമാളുകൾ സമരത്തിൽ പങ്കെടുക്കുകയും സമരത്തിനൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സമരം എല്ലാവരുടേതും ആയിരുന്നു. അതുകൊണ്ടുതന്നെ ഈ സമരത്തിന്റെ ഭാവി എന്നത് എല്ലാവരുടേതുമാണ്. മുഴുവൻ മനുഷ്യരുടേയും മുന്നോട്ടുപോക്ക് തന്നെയാണ്.

തടവിലായിരുന്നപ്പോഴുള്ള ജയിലനുഭവങ്ങൾ പങ്കുവെക്കാമോ?

ആസിഫ്: ഞാനൊരു വിദ്യാർത്ഥിയാണ്, മുസ്‌ലിം കൂടിയാണ്, ജാമിഅയിൽ നിന്നുമാണ്. മാത്രമല്ല സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്താണ് ജയിലിലെത്തിയത്. ജിഹാദിയെന്നും തീവ്രവാദിയെന്നുമുള്ള വിളി ഞാൻ കേട്ടു… മുസ്‌ലിം വിദ്യാർത്ഥികളുടെ കേന്ദ്രം കൂടിയായ ജാമിഅയിൽ തീവ്രവാദികളാവാനാണോ പഠിപ്പിക്കുന്നത് എന്ന് പോലീസുകാർ ചോദിച്ചു. യഥാർത്ഥത്തിൽ ഇത് പുതിയൊരു അനുഭവമായിരുന്നില്ല. ജാമിഅക്കും അലിഗഢിനുമെതിരെ കാലങ്ങളായി ഇത് തന്നെയാണ് കേൾക്കാറുള്ളത്. ശാരീരികമായും മാനസികമായും ധാരാളം പ്രയാസങ്ങൾ നേരിട്ട ദിവസങ്ങൾ കൂടിയായിരുന്നു ജയിലിലെ നാളുകൾ. ഞാൻ ഒരു ഏകാംഗ തടവുകാരൻ കൂടിയായിരുന്നു. പതിനാല് ദിവസവും ശാരീരീകമായും മാനസികമായും പീഡിപ്പിച്ചു. പുറം മുതല്‍ കാല്‍പാദം വരെ എന്നെ അടിച്ചു. വലിയ മര്‍ദ്ദനമായിരുന്നു നേരിട്ടത്.

റമദാനിലാണ് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. നോമ്പ് അനുഷ്ഠിക്കുവാൻ ഭക്ഷണം ലഭിച്ചിരുന്നില്ല.. നമസ്‌കരിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാലും ഞാൻ നോമ്പ് പിടിക്കാനും തുറക്കാനും വേണ്ടി കാത്തിരിക്കും. കോവിഡ് സാഹചര്യത്തിൽ പ്രയാസം നിറഞ്ഞ സമയങ്ങളിലും നമസ്കാരം മറന്നില്ല. ഖുർആന്‍ വേണമെന്ന് പറഞ്ഞു, തന്നില്ല. പുസ്തകം വേണമെന്ന് പറഞ്ഞു അതും ലഭിച്ചില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും കടന്നുവന്ന ധാരാളമാളുകൾ ജയിലിലുണ്ടായിരുന്നു. ജയിൽ മാന്വലിൽ തടവുകാർക്കുവേണ്ടി ധാരാളം നിർദ്ദേശങ്ങളുണ്ട്. ഭക്ഷണം, ആരോഗ്യം, മറ്റ് അവകാശങ്ങൾ എന്നിവയൊക്കെ അതിൽ പറയുന്നുണ്ട്. പക്ഷേ കോവിഡിന്റെ പേരിൽ ചെറിയ ആവശ്യങ്ങൾ പോലും തടയുന്ന സമീപനങ്ങളാണ് ഉണ്ടായിരുന്നത്. ഏകാംഗ തടവുകാരനായതുകൊണ്ടുതന്നെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. ജയിലിൽ പോയതിനുശേഷം ആദ്യത്തെ മൂന്ന് മാസത്തിനിടയിൽ രണ്ട് പ്രാവശ്യം മാത്രമാണ് വീട്ടുകാരുമായി സംസാരിക്കാൻ കഴിഞ്ഞത്. ദിവസങ്ങൾ കഴിഞ്ഞാണ് എന്റെ സെൽ മാറ്റിയത്. മറ്റൊരു തടവുകാരന്റെ അവസ്ഥകളെ കുറിച്ച ആശങ്ക ജയിൽ അധികൃതരുമായി സംസാരിച്ചപ്പോൾ തന്റെ ആക്ടിവിസത്തിനുള്ള സ്ഥലമല്ലെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു പോലീസ്.

പിന്നീട് ജയിലിനകത്തു നിന്നും ഞാൻ ഖുർആൻ ധാരാളമായി പഠിച്ചു. നമസ്കരിക്കുകയും ചെയ്തു. യുഎപിഎ ആയതുകൊണ്ട് നിരവധി കാലം ജയിലിൽ കിടക്കേണ്ടി വരുമെന്ന് എനിക്കറിമായിരുന്നു. പുറത്തുകടക്കുക ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാവുന്ന ദിനങ്ങളായിരുന്നു അപ്പോൾ. അത് ഉൾക്കൊള്ളാനായി സ്വയം തയ്യാറെടുത്തു. ഖുർആൻ മനഃപാഠമാക്കാനുള്ള ശ്രമങ്ങൾ ഞാൻ ആരംഭിച്ചു. മുഴുവനാക്കാൻ പറ്റിയില്ലെങ്കിലും അതിനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. അതുപോലെ എന്റെ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന സമയം കൂടി ആയിരുന്നു ജയിൽ നാളുകൾ. പരീക്ഷ എഴുതാൻ വേണ്ടി ഇടക്ക് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. ഞാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ ലഭിക്കുന്നതിനുവേണ്ടി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, നീതിക്കായി പോരാടുന്ന പ്രവർത്തകർ എന്നിവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാൻ യുഎപിഎ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ഉപകരണമായി ഉപയോഗിക്കുന്നതാണ് ഈ ഭീകരനിയമങ്ങൾ എന്ന് ആവർത്തിച്ച് പറയേണ്ടതുണ്ട്.

ഒരു എസ്.ഐ.ഒ അംഗമെന്ന നിലയിൽ സംഘടനയുടെ ഭാഗത്തുനിന്നുള്ള പിന്തുണയെങ്ങനെയായിരുന്നു?

ആസിഫ്: എസ്.ഐ.ഒ മെമ്പറായി കൊണ്ട് തന്നെയാണ് ഇത്രയും കാലം ഞാൻ നീതിക്കുവേണ്ടി എഴുന്നേറ്റു നിന്നത്. എല്ലാ അർത്ഥത്തിലും എന്റെ പ്രസ്ഥാനം എന്നെ പിന്തുണച്ചു. എന്റെ കുടുംബത്തിന്റെയും  പ്രസ്ഥാനത്തിന്റെയും പിന്തുണയും ശക്തിയും ഇല്ലായിരുന്നുവെങ്കിൽ ഇത്ര ശക്തിയോടെ ജയിൽ നാളുകൾ അതിജീവിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.. സുഹൃത്തുക്കളെല്ലാം വിളിക്കുമ്പോൾ ആസിഫ് ഉടൻ പുറത്തുവരും ഉടൻ മോചിതനാകും   എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആദ്യമായി എന്റെ മാതാപിതാക്കൾ വിളിച്ച സന്ദർഭത്തിലായിരുന്നു കൂടുതൽ ഉന്മേഷം അനുഭവപ്പെട്ടത്. ജീവിതത്തിൽ ആദ്യമായി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷങ്ങളില്ലാത്ത ദിനങ്ങളിലും ആശ്വാസത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു മാതാപിതാക്കൾ. ജയിലിൽ നിന്നും എന്നെ ആദ്യമായി എന്റെ പിതാവ് വിളിച്ചപ്പോൾ വിശുദ്ധ ഖുർആനിലെ സൂറഃ മുഅ്മിനൂനിലെ സൂക്തങ്ങൾ ഓതിതന്നത് ഞാൻ ഓർക്കുന്നു. ‘എന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല. നീ ശരിയായ വഴിയിൽ തന്നെയാണ് അതുകൊണ്ടുതന്നെ നീ ഉടൻ പുറത്തുവരും’ ഉമ്മയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇന്ത്യൻ മുസ്‌ലിങ്ങളുടെ അവസ്ഥയെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് എന്താണ് പറയാനുള്ളത്?

ആസിഫ്: തീർച്ചയായും മുസ്‌ലിം എന്ന നിലക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. നീതിക്കുവേണ്ടി ശബ്ദിക്കുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അവനു മുസ്‌ലിങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നിൽക്കുക അവന്റെ ഉത്തരവാദിത്തമാണ്. നിങ്ങൾ നന്മ കൽപിക്കുക തിന്മ വിരോധിക്കുക എന്നുള്ളത് ഖുർആനിക അധ്യാപനമാണ്, അതിനുവേണ്ടി ഏറ്റവും ചെറിയ ശ്രമം മുതൽ ഏറ്റവും വലിയ അധ്വാനവും ത്യാഗവും വരെ നിർവഹിക്കുക എന്നത് തന്നെയാണ് ഒരു മുസ്‌ലിമിന്റെ ദൗത്യം.

ആസിഫ് ഇഖ്ബാൽ തൻഹ

വിദ്യാഭ്യാസം പ്രധാനമാണ്. വിദ്യാഭ്യാസമില്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല.
ജാർഖണ്ഡിലെ ചെറിയ ഗ്രാമത്തിൽ നിന്ന് ആദ്യമായി ഡൽഹിയിൽ പഠിക്കാൻ വന്ന ഒരാളാണ് ഞാൻ. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും ചെയ്തുകൊണ്ട് എന്റെ അക്കാദമിക പ്രവർത്തനങ്ങൾ തുടരാനാണ് എന്റെ ആഗ്രഹം. 2016 ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി നജീബ് അഹമ്മദിനെ എ.ബി.വി.പി സംഘം മർദ്ദിച്ചതിനെ തുടർന്ന് കാണാതായപ്പോൾ അദ്ദേഹത്തിന്റെ നീതിക്കായുള്ള സമരം പ്രധാനമായിരുന്നു. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നും പഠിക്കാൻ വന്ന ഒരു മുസ്‌ലിം വിദ്യാർത്ഥിക്ക് ഇന്ത്യയിലെ ഒരു പ്രമുഖ കലാലയത്തിൽ നേരിട്ട ദുരനുഭവം എനിക്ക് മനസ്സിലാക്കാൻ കഴിയും. നജീബ് അഹമ്മദിന്റെ ഉമ്മ ഡൽഹി സന്ദർശിക്കുമ്പോഴെല്ലാം ഞാനും അവരെ ചെന്ന് കാണാറുണ്ട്. ഇപ്പോഴും ആ ഉമ്മ മകനെ കാത്തിരിക്കുകയാണ്. നീതി ചോദിക്കുകയാണ്. അത് കൊണ്ട് തന്നെ കാമ്പസിനകത്തും പുറത്തും തുടരുന്ന നീതിക്കായുള്ള സമരപോരാട്ടങ്ങളിൽ ഒന്നാമത്തെ നിരയിൽ ഞാനുണ്ടാവും.

താങ്കളേപോലെ അനേകം രാഷ്ട്രീയ തടവുകാർ ജയിലിൽ കഴിയുന്നുണ്ടല്ലോ?

ആസിഫ്: ധാരാളം ആളുകൾ ഇപ്പോഴും ജയിലിനകത്ത് തന്നെയാണ്. ഒട്ടേറെ രാഷ്ട്രീയ തടവുകാരുടെ നീതിയും അവകാശങ്ങളും ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡൽഹി കലാപം, ഭീമ കൊറേഗാവ്, ഹത്രാസ് തുടങ്ങി വിവിധ സംഭവങ്ങങ്ങളുടെ പേരിൽ വിദ്യാർഥി നേതാക്കളും മാധ്യമ പ്രവർത്തകരും എഴുത്തുകാരും അക്കാദമീഷ്യൻസും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന ഒരുപാട് സുഹൃത്തുക്കൾ അവരിലുണ്ട്. ഒരു തെറ്റും ചെയ്യാത്തവരാണ് അവർ. പലരുടെയും ജയിൽവാസം മുന്നൂറും അഞ്ഞൂറും ദിനങ്ങൾ പിന്നിടുന്നു. ഈ കോവിഡ് സാഹചര്യത്തിൽ പ്രത്യേകിച്ച് ജയിൽ ഭീകരമായ അനുഭവമാണ്. അവരുടെയെല്ലാം മോചനം തന്നെയാണ് ഇപ്പോഴും ആവശ്യപ്പെടാനുള്ളത്. എന്റെ പടച്ചവനെ മാത്രമല്ലാതെ ഒരാളെയും ഞാൻ ഭയപ്പെടുന്നില്ല. അത് കൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടത്തിൽ ഒന്നും തന്നെ എന്നെ തളർത്തുന്നില്ല. സി.എ.എ/എൻ.ആർ.സി/എൻ.പി.ആർ പിൻവലിക്കുന്നത് വരെയും സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടം പരാജയപ്പെടുന്നത് വരെയുമാണ് ഈ മാർഗത്തിലെ നമ്മുടെ പോരാട്ടങ്ങൾ. ഇൻശാ അല്ലാഹ്…


ചിത്രങ്ങൾ: Two circles  

ആസിഫ് ഇഖ്ബാൽ തൻഹ