Campus Alive

ജുഡീഷ്യറിയുടെ ജാതി: മനോജ് മിത്തയുടെ ‘കാസ്റ്റ് പ്രൈഡ്’ വായിക്കുമ്പോൾ

ഇന്ത്യയിലെ ജാതി സംവര്‍ഗങ്ങളെ കണ്ടെത്തുന്നതും അവയെ പുനഃസംഘടിപ്പിക്കുന്നതും കൊളോണിയല്‍ ഭരണകൂടമാണെന്നാണ് സാമൂഹ്യ ശാസ്ത്ര വ്യവഹാരങ്ങളിൽ കാണാൻ കഴിയുക. കൊളോണിയൽ രാഷ്ട്രീയ സ്ഥാപനങ്ങള്‍, പ്രധാനമായും അവരുടെ ജുഡീഷ്യല്‍ സംവിധാനങ്ങളാണ് വ്യത്യസ്തങ്ങളായ വിധിപ്രസ്താവനകളിലൂടെ വ്യക്തികളുടെ രാഷ്ട്രീയ സ്ഥാനങ്ങളെയും വ്യവസ്ഥാപിത അവകാശങ്ങളെയും നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകമായി ജാതിയെ പുനഃസ്ഥാപിക്കുന്നത് എന്നും ജാതിയെ കുറിക്കുന്ന സാമൂഹ്യ ശാസ്ത്ര വ്യവഹാരങ്ങൾ പറഞ്ഞുവെക്കുന്നു.

ഇത്തരം വാദങ്ങളില്‍ ചില സത്യങ്ങളുണ്ടാകാം, പക്ഷേ ആദ്യകാലങ്ങളില്‍ ജാതി പ്രശ്നങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടീഷ് ഭരണകൂടം മടിച്ചിരുന്നെന്നും കൊളോണിയല്‍ ഇന്ത്യയില്‍ നിയമപരമായിത്തന്നെ (Legally)  ഭരിക്കുവാനുള്ള അവകാശം സ്ഥാപിച്ചെടുത്തതിന് ശേഷം മാത്രമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്ക് അനുകൂലമായിക്കൊണ്ടുള്ള സമീപനങ്ങള്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ചിരുന്നത് എന്നും അനുഭവ വിവരണങ്ങളോടെ മനോജ് മിത്തയുടെ പുതിയ പുസ്തകമായ കാസ്റ്റ് പ്രൈഡ് വാദിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനായി രൂപപ്പെട്ടുവന്നിട്ടുള്ള നിയമനിര്‍മ്മാണ ഉത്തരവുകള്‍, പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, സ്‌റ്റേറ്റ് പോളിസികള്‍ തുടങ്ങിയവയെ എല്ലാം സമൂഹത്തിലെ വരേണ്യവര്‍ഗം, പ്രത്യേകിച്ച് ബ്രാഹ്മണര്‍ ആദ്യകാലം മുതൽക്കേ എതിര്‍ത്തിരുന്നതായി ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നുണ്ട്.

ബ്രാഹ്മണവിഭാഗത്തിൻറെ അധികാര-അവകാശങ്ങളില്‍ നിന്നും യാഥാസ്ഥിതികവും ഹിംസാത്മകവുമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ബ്രാഹ്മണേതര സമൂഹങ്ങള്‍ നടത്തിയ ശ്രദ്ധേയമായ പോരാട്ടങ്ങള്‍ക്ക് ആധുനിക ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സത്യശോധക് പ്രസ്ഥാനം, തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം, ഉത്തരേന്ത്യയിലെ ആര്യസമാജത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, കര്‍ണാടകയിലെ ലിംഗായത്ത് വിഭാഗങ്ങൾ എന്നിവയെല്ലാം അധികാര ഘടനകളോട് കൃത്യമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും ബ്രാഹ്മണ പുരോഹിതരുടെ അധികാരത്തെ വെല്ലുവിളിക്കുകയും അവര്‍ക്കു പകരമായി പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നും പുതിയ വൈജ്ഞാനിക വിഭാഗത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അത്തരം ശ്രമങ്ങള്‍ പ്രമാണിവര്‍ഗത്തിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചിരുന്നുവെങ്കിലും, അവരുടെ ആധിപത്യം വ്യത്യസ്ത തരത്തില്‍ തുടർന്നുപോരുകയും വിവിധ മാര്‍ഗങ്ങളിലൂടെ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തിലെ ഉന്നതരുടെ ആധിപത്യം നിലനിര്‍ത്തുന്നതിനായി ജുഡീഷ്യറി എങ്ങനെയെല്ലാമാണ് പ്രവർത്തിച്ചിരുന്നത് എന്ന് ഗ്രന്ഥകാരൻ വിശദമാക്കുന്നുണ്ട്. പ്രത്യേകിച്ച് ജാതി അതിക്രമങ്ങള്‍, ലിംഗപരമായ അതിക്രമങ്ങള്‍, ബലാത്സംഗങ്ങള്‍, ഭരണകൂടസ്ഥാപനങ്ങളില്‍ തുല്യ പങ്കാളിത്തത്തിനായുള്ള കീഴാളവിഭാഗങ്ങളുടെ പരിശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന സമയങ്ങളിൽ  ഇവിടെ നിലനിന്നിരുന്ന ജുഡീഷ്യറി സംവിധാനം എങ്ങനെയെല്ലാമാണ് ഉയര്‍ന്ന ജാതിക്കാരെ സഹായിച്ചിരുന്നതെന്ന് അദ്ദേഹം വരച്ചുകാട്ടുന്നു.

ജാതി പ്രവര്‍ത്തിക്കുന്ന വിധം.

ആധുനിക കാലത്ത് സാമൂഹിക ഘടനയിലും പുതുതായി രൂപം കൊണ്ട അധികാര സ്ഥാപനങ്ങളിലും തങ്ങളുടേതായ അധിനിവേശം നിലനിര്‍ത്താനായി വരേണ്യവിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. നിയമവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ കൃത്യമായി വരച്ചുകാട്ടുന്നു എന്നതുകൊണ്ടാണ് ഈ പുസ്തകത്തിൻറെ പ്രാധാന്യം വർധിക്കുന്നത്;ജുഡീഷ്യല്‍ പ്രക്രിയ ജാതിയുടെ പരസ്പര ബന്ധങ്ങളെ മാറ്റിമറിച്ചെങ്കിലും, ജാതിയുടെ ഘടനാപരമായ മൂല്യങ്ങളെ വലിയ തോതില്‍ തൊടാതെ വിടുകയാണ് ചെയ്തത് എന്ന് പുസ്തകം വാദിക്കുന്നു.

കൊളോണിയല്‍ അധികാര വികാസത്തോടൊപ്പമാണ് ഇന്ത്യയില്‍ ആധുനികത എത്തിച്ചേരുന്നത്, സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തുല്യാവകാശം പോലുള്ള സാമൂഹിക നവോത്ഥാനത്തിന് ബ്രിട്ടീഷുകാര്‍ നേതൃത്വം നല്‍കിയിരുന്നു. എങ്കിലും, പാരമ്പര്യം,ആചാരം, അനുഷ്ഠാനം തുടങ്ങിയവയെ നിലനിര്‍ത്തേണ്ടതുണ്ട് എന്ന വാദത്തെ മുൻനിർത്തി ഇന്ത്യയിൽ ജാതിവിവേചനം തുടര്‍ന്നു പോന്നതായി മിത്ത വാദിക്കുന്നു.

നിയമവ്യവഹാരങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതായി ബ്രിട്ടീഷുകാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പല നിയമവിധികളും പരമ്പരാഗത ജാതി ശ്രേണിയെ പുനഃസ്ഥാപിക്കുന്നതായി കാണാന്‍ കഴിയും. പ്രത്യേകിച്ചും ബ്രാഹ്മണര്‍ കുറ്റക്കാരായ കേസുകളില്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ ലഭിക്കുകയും, എന്നാല്‍ വാക്-അധിക്ഷേപം പോലുള്ള നിസ്സാര കേസുകള്‍ക്ക് പോലും കീഴ്ജാതിക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

മുന്‍വിധിയോടുകൂടിയ ഇത്തരം നിയമവ്യവഹാരങ്ങള്‍ തുടക്കം മുതലേ വെല്ലുവിളിക്കപ്പെട്ടിരുന്നു, നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സമത്വപൂര്‍ണ്ണമാക്കാന്‍ പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെക്കപ്പെട്ടു, എന്നാല്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ പലപ്പോഴും കടുത്ത നിരമ പോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നു. തീര്‍ത്തും പാര്‍ശ്വങ്ങളിലാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കപ്പെടും വിധം ആധുനിക നിയമവ്യവസ്ഥ മാറും എന്ന് ഈ പുസ്തകം പ്രത്യാശിക്കുന്നു.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുള്‍പ്പെടെ, കീഴാള വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലുള്ള വരേണ്യവിഭാഗത്തിന്റെ അലസതയെ ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘The prerogative to cover Breast’ എന്ന ചാപ്റ്ററില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് നാടാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്. പുതിയ ബ്രിട്ടീഷ് ഭരണകൂടം ഇത്തരം ഭയാനകമായ കീഴ്വഴക്കം കൊണ്ടുനടന്നതിന് തിരുവിതാംകൂര്‍ ഭരണകൂടത്തെ ശാസിച്ചപ്പോള്‍, പാതിമനസ്സോടെയാണെങ്കിലും വരേണ്യരുടെ പ്രാമാണികത്വത്തിന് കോട്ടം തട്ടാത്തവിധം പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവിടെ ആരംഭിച്ചതായി പുസ്തകത്തില്‍ പറയുന്നു. തിരുവിതാംകൂറിലെ ബ്രാഹ്മണ ദിവാനായിരുന്ന ടി. മാധവറാവു ആയിരുന്നു എല്ലാ തരത്തിലുമുള്ള നവോത്ഥാന മുന്നേറ്റങ്ങളെയും എതിര്‍ത്തിരുന്നത്.

അധീശത്വ ജാതിവിഭാഗങ്ങള്‍ ജാതീയമായ സാമൂഹിക ആചാരങ്ങള്‍ മാത്രമല്ല, മറിച്ച് സതി പോലുള്ള സാമൂഹിക തിന്മകളെയും ആചരിക്കുകയും അവ നിലനിര്‍ത്താനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണരടക്കമുള്ള പ്രമാണി വര്‍ഗങ്ങള്‍ക്കിടയില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയെ എരിച്ചുകളയുന്ന ആചാരം നിലനിന്നിരുന്നതായും ബ്രിട്ടീഷുകാര്‍ അത് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയപ്പോള്‍ ഉത്തരവിനെ ആദ്യം എതിര്‍ത്തത് ബ്രാഹ്മണരായിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു. സതി ആചരിച്ചതിന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് കോടതിയിലെത്തിയ നാല് പ്രതികള്‍ക്കായി കടുത്ത ഭാഷയില്‍ വാദിച്ചത് മോത്തിലാല്‍ നെഹ്‌റുവായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യവും ഗ്രന്ഥകന്‍ വെളിപ്പെടുത്തുന്നുണ്ട്.

അവകാശ നിഷേധത്തിന്റെ ചരിത്രം

വൈശ്യരും ക്ഷത്രിയരും പരന്പരാഗതമായി അനുഭവിച്ചിരുന്ന മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി 1845 ലും 1857 ലും നടന്ന രണ്ട് പ്രധാന നിയമയുദ്ധങ്ങളില്‍ പരശുരാമൻറെ ഐതിഹ്യത്തെ ഉദ്ധരിക്കാന്‍ ബ്രാഹ്മണര്‍ ശ്രമിച്ചതായി ഈ പുസ്തകം വിവരിക്കുന്നുണ്ട്. മുമ്പും, താന്‍ ക്ഷത്രിയനാണെന്ന ശിവജിയുടെ അവകാശവാദത്തെ എതിര്‍ക്കാനായി ബ്രാഹമണര്‍ സമാനമായ ആഖ്യാനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ബ്രാഹ്മണേതര വഭാഗങ്ങള്‍ക്ക് അനുകൂലമായ വിധിയാണ് അന്ന് ബ്രിട്ടീഷ് കോടതി വിധിച്ചത്, ഇതിനെ തുടര്‍ന്ന് വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ (മഹാരാഷ്ട്രയിലെ മഹര്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ക്ഷത്രിയ സ്റ്റാറ്റസ് അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നു. കൂടാതെ, തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് ജനന നിലയെ അടിസ്ഥാപ്പെടുത്തിയാണ് ജുഡീഷ്യറി ജാതി ക്രമത്തെ നിര്‍വ്വചിച്ചത്. അതോടൊപ്പം തന്നെ, മരണപ്പെട്ട ബ്രാഹമണന്റെ അനന്തരസ്വത്തിന് അവകാശമുന്നയിച്ച് വരുന്ന അബ്രാഹ്മണരുടെ വാദങ്ങള്‍ കോടതിയില്‍ നിരാകരിക്കപ്പെടുകയും ചെയ്തു.

അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള, ജാതിവ്യവസ്ഥക്കെതിരായ ആദ്യ നിയമനിര്‍മാണങ്ങളില്‍ ഒന്നായിരുന്നു 1850ല്‍ ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച  Caste Disabilities Removal Act, 1950. ദേശീയ പരിഷ്‌കര്‍ത്താക്കളിലെ പുതിയ വിഭാഗം (എം.ജി റാനഡെയെയും ഹരിസിംഗ് ഗൗറിനെയും പോലുള്ള) ഈ നിയമത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും യാഥാസ്ഥിതിക ദേശീയവാദികള്‍ (ബാലഗംഗാധര തിലകും എന്‍.സി. കേല്‍ക്കറും) ഇത്തരമൊരു നിയമനിര്‍മ്മാണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ തീരുമാനിച്ചു. 1850ലെ ആക്റ്റ് യഥാര്‍ഥത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പാര്‍ലമെന്റില്‍ നടന്നിട്ടുള്ള ‘ഹിന്ദു കോഡ് ബില്ല്’ അടക്കം ജാതിയുമായി ബന്ധപ്പെട്ട വിവിധ നിയമനിര്‍മാണങ്ങള്‍ക്കുള്ള റഫറന്‍സ് ആയി മാറിയിട്ടുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ 1850ലെ ഈ ഈ ആക്റ്റില്‍ യാതൊരു മൂല്യവും കാണാതിരിക്കുകയും 2018ല്‍ പാര്‍ലമെന്റില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ എങ്ങനെയാണ് ഈ ആക്റ്റ് റദ്ദാക്കിയതെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാരമ്പര്യവാദികളുടെ വാദങ്ങളിലേക്കുള്ള തിരിച്ചുപോക്കായും രാഷ്ട്രീയാധികാരത്തിന് മേലുള്ള സവര്‍ണ-പാരമ്പര്യ ഹിന്ദു അധീശത്വത്തിന്റെ അടയാളവുമായാണ് ഗ്രന്ഥകാരന്‍ ഇതിനെ കാണുന്നത്.

ബ്രാഹ്മണ വരേണ്യവര്‍ഗം സാമൂഹിക പരിഷ്കരണങ്ങളെ ചെറുക്കുകയും മത-സാമൂഹിക- സാമ്പത്തിക സ്ഥാപനങ്ങളുടെ മേലുള്ള തങ്ങളുടെ ആധിപത്യത്തിന് എതിരെ നിൽക്കുന്ന ഏതൊരു മാറ്റത്തെയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. വിരോധാഭാസമെന്തെന്നാൽ, ജാതികേന്ദ്രീകൃത ഹിന്ദു പാരമ്പര്യത്തെ പിന്‍പറ്റിക്കൊണ്ട് പലപ്പോഴും കോടതികള്‍ അധീശത്വ വിഭാഗങ്ങളുടെ, പ്രത്യേകിച്ചും ബ്രാഹ്മണരുടെ പ്രത്യേകാവകാശങ്ങള്‍ സംരക്ഷിച്ചതായി കാണാം.

ദലിതര്‍ക്കെതിരായ ആള്‍ക്കൂട്ട അതിക്രമങ്ങളെ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നതിലൂടെ  കോടതിയുടെ തീർത്തും പക്ഷാപാതപരമായ സമീപനങ്ങള്‍ ഗ്രന്ഥകാരന്‍ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട് . തമിഴ്നാട്ടിലെ കി വെന്‍മണി, ആന്ധ്രാപ്രദേശിലെ സുന്ദൂര്‍, ബിഹാറിലെ ബഥാനി തോല, ലക്ഷ്മണ്‍പൂര്‍ ബത്തേ എന്നിവിടങ്ങളി  ദലിതര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട കേസുകള്‍, മറ്റ് ബലാത്സംഗം, അക്രമം, കൊലപാതകങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്തുകൊണ്ട് എങ്ങനെയാണ് ദലിതര്‍ വരേണ്യവിഭാഗങ്ങളുടെ കടുത്ത വിദ്വേഷത്തിനും ഹിംസാത്മകതക്കും പാത്രമായതെന്ന് വരച്ചുകാട്ടുന്ന പുസ്തകം പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് കോടതികളിലെത്തിപ്പെടാൻ കഴിയാതെ പോവുകയും അവരുടെ നീതി നിഷേധിക്കപ്പെടുന്നുവെന്നും പറഞ്ഞുവെക്കുന്നു.

ഇത്തരം കേസുകളിലെ ജുഡീഷ്യൽ  നടപടികളെല്ലാം തന്നെ ഇരകളായ ദലിതുകളുടെ വാദങ്ങളെയും അവരുടെ ചോദ്യങ്ങളെയും അവഗണിക്കുകയും വരേണ്യ ക്രിമിനലുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നവയുമായിരുന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ, ഭൂത്മാംഗേ കുടുംബത്തിലെ നാല് പേരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അതിദാരുണമായ “ഖൈര്‍ലാഞ്ചി കേസിനെ’ കുറിച്ച് വിവരിക്കുന്ന അവസാന ഭാഗത്ത്, കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷിക്കുന്നതിലും പോലീസ് വരുത്തിയ വീഴ്ച്ചകളെയും ഈ സംഭവത്തിലെ ജാതിഘടകങ്ങള്‍ എങ്ങനെയാണ് മറച്ചുവെക്കപ്പെട്ടത് എന്നും  പ്രാദേശിക മാധ്യമങ്ങള്‍ ഇരകള്‍ക്കുമേൽ  കുറ്റം ചാര്‍ത്തിയത് എന്തിനായിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് വിശദമാക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ദലിത് സിവിൽ  സമൂഹം നേതൃത്വം നൽകിയ ജനകീയ സമരങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ഭരണകൂടം കേസ് സി.ബി.ഐക്ക് വിടുന്നത്. തുടര്‍ന്ന് സ്പെഷ്യൽ  ട്രയൽ  കോടതിയും പിന്നീട് ഹൈക്കോടതിയും എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് ശിക്ഷ വിധിച്ചെങ്കിലും ലൈംഗിക-ജാതി അതിക്രമ കുറ്റങ്ങളിൽ  നിന്നും അവരെ ഒഴിവാക്കുകയാണുണ്ടായത്.

വസ്തുതാന്വേഷണം

വര്‍ത്തമാനകാല ജാതി-ലിംഗ-ദലിത് ചോദ്യങ്ങളെ നിര്‍മ്മിച്ചെടുത്തിട്ടുള്ള ആധുനിക രാഷ്ട്രത്തിന്‍റെ നിയമ-സ്ഥാപനവത്കൃത (Institutional) വ്യവഹാരങ്ങളെ കാലഘണനക്കനുസൃതമായി (Chronological) പുസ്തകം വിവരിക്കുന്നുണ്ട്. ആധുനിക-പരിഷ്കൃത സ്റ്റേറ്റ് സംവിധാനത്തിന്‍റെ സവിശേഷതയായി പലപ്പോഴും ജാതി പ്രശ്നങ്ങള്‍ കാണപ്പെടുന്നതിനാൽ  ഈ പുസ്തകം പുതിയ ചില കാഴ്ച്ചകള്‍ പ്രദാനം ചെയ്യുന്നുണ്ട്. സ്വാഭാവികമായും അത് ഇന്ത്യയിലെ അധഃകൃത വിഭാഗങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും ഏകുന്നു. ഇന്ത്യന്‍ സമൂഹത്തിലെ വരേണ്യ അധികാരവര്‍ഗത്തിന്‍റെ മുന്‍വിധികളെയും പക്ഷാപാതങ്ങളെയും നീതിയോടുള്ള തികഞ്ഞ അവഗണനയെയും കൃത്യമായി വെളിച്ചത്തുകൊണ്ടുവരുന്ന വസ്തുതാന്വേഷണമാണ് പുസ്തകം നടത്തുന്നത്.

ജാതി വിവേചനങ്ങള്‍ക്കെതിരായ ഗാന്ധിയുടെയും അംബേദ്കറിന്‍റെയും സംഭാവനകളെ കുറിച്ച് ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ടെങ്കിലും, മനേക്ജി ദാദാഭോയ്, എം.സി രാജ, വിത്ത ഭായ് പട്ടേ , താക്കൂര്‍ദാസ് ഭാര്‍ഗവ തുടങ്ങി സവര്‍ണ ജാതീയതക്കെതിരായി പോരാടിയ അറിയപ്പെടാത്ത നായകരെ വെളിച്ചത്തു കൊണ്ടുവരുന്നതിനാണ് അദ്ദേഹം കൂടുതൽ  ഊന്നൽ  നൽകുന്നത്. ഇത്തരം നേതാക്കളും ചിന്തകരും തൊട്ടുകൂടായ്മ, അന്തര്‍-ജാതി വിവാഹം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്നും പാര്‍ശ്വവത്കൃത ജാതി വിഭാഗങ്ങള്‍ക്കായി സ്ഥാപനവത്കൃത സംവിധാനങ്ങള്‍ രൂപപ്പെടുത്തിയതെങ്ങനെയെന്നും ഈ പുസ്തകത്തിൽ നാം വായിക്കുന്നു.

സത്യസന്ധവും ചരിത്രപരമായി കൃത്യവുമായ ഈ പുസ്തകനം അധഃകൃത വിഭാഗങ്ങള്‍ക്കായി സവിശേഷമായ വൈജ്ഞാനിക അടിത്തര രൂപപ്പെടുത്തുന്നുണ്ട്. എന്നാൽ  മറുവശത്ത്, കോടതികള്‍ക്ക് പുറത്തുനടന്നിട്ടുള്ള സാമൂഹിക നീതിക്കായുള്ള ദലിത്-ബഹുജന്‍ പോരാട്ടങ്ങള്‍ ഈ പുസ്തകത്തിൽ  കാര്യമായി ചര്‍ച്ച ചെയ്തിട്ടുമില്ല.

ഏറ്റവും അധഃകൃതരായ സാമൂഹിക വിഭാഗങ്ങള്‍ക്ക് ആശ്വാസവും സുരക്ഷയും നീതിയും നൽകുന്നതിൽ  ആധുനിക സ്ഥാപനങ്ങളുടെ ചരിത്രപരമായ പരിമിതികളും പോരായ്മകളും കൃത്യമായി വരച്ചുകാട്ടുന്നു എന്നതിനാൽ  തന്നെ സാമൂഹിക നീതിയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിയമജ്ഞര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും അക്കാദമീഷ്യന്മാര്‍ക്കും ഈ പുസ്തകം ഒരുപാട് ഗുണം ചെയ്യും.

Harish S. Wankhede is Assistant Professor, Centre for Political Studies, School of Social Sciences, Jawaharlal Nehru University, New Delhi.

ഹാരിഷ് എസ്. വാങ്കെഡെ