Campus Alive

ഭീകരതയുടെ യുദ്ധത്തെ അനുഭവിക്കുമ്പോൾ

കിട്ടിക്കൽ ടെററിസം സ്റ്റഡീസ് കമ്യൂണിറ്റിയെ പുനരാലോചിക്കുമ്പോൾ

 

2007-ൽ റിച്ചാർഡ് ജാക്സൺ, മേരി ബ്രീൻ സ്മിത്ത്, ഷാർലെറ്റ് ഹീത്ത് കെല്ലി എന്നിവർ ചേർന്ന് സംഘടിപ്പിച്ച ചർച്ച സദസ്സുകളിൽ പങ്കെടുക്കുവാൻ എന്നെ ക്ഷണിക്കുകയുണ്ടായി. അന്നുമുതലാണ്, ക്രിട്ടിക്കൽ ടെററിസം സ്റ്റഡീസ് (CTS) കമ്മ്യൂണിറ്റിയുമായുള്ള എൻറെ ബന്ധം ആരംഭിക്കുന്നത്. പ്രസ്തുത സമയത്ത്, എൻറെയും മുസ്ലിം സമുദായങ്ങളിൽ വേരൂന്നിയ മറ്റുള്ളവരുടെയും ശബ്ദങ്ങളെ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ അവർ താൽപര്യപ്പെട്ടു. തീവ്രവാദ വിരുദ്ധ നയങ്ങളെയും സംഘർഷങ്ങളെയും സംബന്ധിച്ചുള്ള കമ്മ്യൂണിറ്റിയുടെ വിമർശനങ്ങൾ, ഹിംസാത്മക പ്രവർത്തികൾ നേരിട്ട് അനുഭവിച്ചവരെ എവ്വിധം സ്വാധീനിച്ചുവെന്ന് വ്യക്തമായി കേൾക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. 2018 ഏപ്രിൽ മാസത്തിൽ, പ്രോഗ്രാം കൺവീനർ എന്നെ സമീപിച്ചത് ഒരു പ്രത്യേക ഊന്നലുമായാണ് . അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് ഇപ്രകാരമാണ്, “ഈ മേഖലയിൽ കൂടുതൽ അനുഭവ സമ്പത്തുള്ള ആരെങ്കിലുമുണ്ടെങ്കിൽ അത് നന്നായിരിക്കും. കൂടാതെ, കർശനമായ അക്കാഡമിക് ചട്ടക്കൂടിന് പുറത്ത് ചർച്ചകൾക്ക് ഇടം കണ്ടെത്തുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുക”.
ഈയൊരു സന്ദർഭത്തിൽ, യുകെയിലെ റിസർച്ച് എക്സലന്റ് ഫ്രെയിം വർക്കിന്റെ(REF)ന്റെ ഭാഗമായി, കമ്മ്യൂണിറ്റി നയങ്ങളുടെ സാമൂഹിക സ്വാധീനത്തിന്റെ പ്രാധാന്യത്തെ തെളിയിക്കുന്നതിൽ വ്യാപൃതരായ, ആന്തരിക വിമർശനങ്ങൾ സാധ്യമാക്കാതെ, എന്റെ സഹപ്രവർത്തകരുമാത്തുള്ള ചർച്ചകളിൽ ഞാൻ കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഈ പ്രതിഫലനം അവർക്കുള്ള എൻ്റെ ഉൽബോധനമായിരുന്നു. മറുവശത്ത് പ്രസ്തുത നയങ്ങൾ അനുദിനം വ്യത്യസ്ത സമുദായങ്ങളെ ദ്രോഹിക്കുന്ന ഒരു അക്രമ സംവിധാനമായി രൂപപ്പെടുന്നുവെന്നുള്ള ഓർമ്മപ്പെടുത്തലായിരുന്നു അത്. സിടിഎസ് കമ്മ്യൂണിറ്റിയുടെ കീഴിൽ രൂപീകരിക്കപ്പെടുന്ന ഗ്ലോബൽ കൗണ്ടറിംഗ് വയലന്റ് എക്സ്ട്രീമിസം അല്ലെങ്കിൽ യുകെ കേന്ദ്രീകരിച്ചുള്ള പ്രതിരോധ സംരംഭങ്ങൾ, കേവലം വംശീയ അനുമാനങ്ങളുടെയും ജ്ഞാനശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ മൗഢ്യമായി നിർമ്മിക്കേണ്ട ഒരു സംവിധാനമല്ല. മറിച്ച്, കുറെ സങ്കീർണതകൾ നിറഞ്ഞ പദ്ധതി രൂപീകരണമാണത്.
സിടിഎസി-ന് ഞാൻ ഇതുവരെ നൽകിയിട്ടുള്ള സംഭാവനകളെന്ന് പറയുന്നത്, ആഗോള അടിസ്ഥാനത്തിലുള്ള എൻ്റെ നിരവധി ക്ലൈന്റുകളുടെയും ഗവേഷണ വിഷയികളുടെയും യഥാർത്ഥ ജീവിതാനുഭവങ്ങളാണ്. യുദ്ധം, കലാപം, തീവ്രവാദ വിരുദ്ധ നിയമങ്ങൾ പോലുള്ളവ എവ്വിധമാണ് അവരുടെ ജീവിതത്തെ നേരിട്ട് ബാധിച്ചതെന്ന് ഞാൻ മനസ്സിലാക്കി കൊടുത്തു. ഈയൊരു ഗവേഷണത്തിലൂടെ, ഭീകരതയ്ക്കെതിരായ യുദ്ധത്തിന് അന്ത:സ്ഥിതമായ “യുദ്ധ”ത്തിന്റെ അനുഭവം എവ്വിധമായിരിക്കുമെന്നതിനെ സംബന്ധിച്ചുള്ള എന്റെ സങ്കീർണമായ ഒരു കാഴ്ചപ്പാടിനെ പ്രധാനം ചെയ്യുവാൻ എനിക്ക് സാധിച്ചു.
ഗവേഷകർ അവരുടെ വൈജ്ഞാനിക നിർമിതികൾ കാലിക പ്രസക്തമാക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രസ്തുത സംവാദത്തിന്റെ അർത്ഥവത്തായ ഗതിമാറ്റത്തെ ഉറപ്പുവരുത്തുക എന്നുള്ളത് ഒരു ആവശ്യകതയായി അവർ മനസ്സിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും, എൻ്റെ പ്രധാന തർക്കവിഷയം എന്ന് പറയുന്നത്, യുദ്ധത്തിന്റെയോ തീവ്രവാദ വിരുദ്ധതയുടെയോ അനുഭവങ്ങൾ എന്താണെന്നതിനെ സംബന്ധിച്ചുള്ള ഒരു ഇൻറർ ഡിസിപ്ലിനറി പഠനരീതിയിലൂടെയെല്ലാതെ, അക്രമത്തെ സംബന്ധിച്ചുള്ള ദൃഢീകരണ സംവിധാനത്തെ അവലംബമാക്കുന്നതിലോ അല്ലെങ്കിൽ ശരീര ഹാനിയെ ശരിപ്പെടുത്തുന്ന പ്ലാസ്റ്ററിന്‍റെ രൂപത്തിലോ ഗവേഷക പഠനങ്ങൾ എത്തിച്ചേരുമെന്നുള്ളതാണ് വസ്തുത. വിമാനത്താവളങ്ങളിൽ തടഞ്ഞുനിർത്തുന്നതും, അന്യായമായി അറസ്റ്റ് ചെയ്യുന്നതും, ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന് ക്ലാസ് മുറികളിൽ നിന്നും പുറത്താക്കുന്നതും, തുടങ്ങിയ ചെയ്തികൾ ഒരു “ആശ്വാസ”മായി അവരിൽ അനുവർത്തിക്കും. കാരണം, ഭരണകൂടം, സമൂഹം എന്നിവയുമായുള്ള അവരുടെ മൗലികമായ ബന്ധം ഇതിനകം എന്നന്നേക്കുമായി മാറ്റപ്പെട്ടിട്ടുണ്ട്.
ഞാൻ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചില സുപ്രധാന ചോദ്യങ്ങളെ മുന്നോട്ടുവെക്കാം- ഭരണകൂടത്താൽ നിർമ്മിക്കപ്പെടുകയും മനുഷ്യൻ അനുഭവിക്കുകയും ചെയ്യുന്ന ഭീകരതയ്ക്കെതിരായ യുദ്ധം, യുദ്ധമേഖലയ്ക്ക് ബാഹ്യമായ ഒരു യുദ്ധാനുഭവത്തെ രൂപപ്പെടുത്തുന്നുണ്ടോ? യുദ്ധമേഖലയ്ക്ക് കണിശമായ അതിർവരമ്പുകൾ നിശ്ചയിക്കപ്പെടാത്ത ആഭ്യന്തര തീവ്രവാദ വിരുദ്ധ നയത്തെ, ഒരു യഥാർത്ഥ യുദ്ധാനുഭവം സൃഷ്ടിക്കുന്ന മാത്രയിൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുമോ?, പ്രസ്തുത ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ മുഖ്യ ലക്ഷ്യം, സിടിഎസ് കമ്മ്യൂണിറ്റിയുടെ നയരൂപീകരണരീതിയെ സംബന്ധിച്ച് ചില പുനരാലോചനകൾ ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒരു ആഗോള ഭീകരത വിരുദ്ധ യുദ്ധം അനുഭവിക്കുക എന്നതിന്റെ അർത്ഥത്തെ സംബന്ധിച്ച് നമ്മൾ ആലോചിക്കുമ്പോൾ, ക്രിസ്ത്യൻ സിൽവസ്റ്റർ ഉയർത്തിയ ഒരു സുപ്രധാന ചോദ്യം ഇവിടെ അത്യധികം പ്രാധാന്യമർഹിക്കുന്നുണ്ട്, “സാധാരണ ജനങ്ങൾ അവരുടെ ജീവിതമേഖലയുടെ അടിസ്ഥാനത്തിൽ ശാരീരികമായും വൈകാരികമായും നിരീക്ഷിക്കുകയും ക്ലേശതത അനുഭവിക്കുകയും ചെയ്യുന്ന രൂപത്തിൽ കേവലമൊരു അനുഭവമായി യുദ്ധത്തെ സംബന്ധിച്ചു നമുക്ക് ആലോചിക്കുവാൻ സാധിക്കുമോ?(Sylvester 2012, 483).
“ഒരു രാഷ്ട്രീയ അജണ്ടയെ സാക്ഷാത്കരിക്കുവാൻ ഉപയോഗിക്കുന്ന സംഘടിത അക്രമം” എന്നുള്ളതാണ് യുദ്ധത്തെക്കുറിച്ചുള്ള ഇൻറർനാഷണൽ റിലേഷന്റെ(IR) പരമ്പരാഗത നിർവചനമെന്ന് സിൽവസ്റ്റർ വിശദീകരിക്കുന്നുണ്ട്. എന്നാൽ, പ്രസ്തുത നിർവചനത്തെ ഒരു വസ്തുതയായി സ്വീകരിക്കാതെ, അവ പ്രധാനം ചെയ്യുന്ന അക്രമത്തിന്റെ സംഘടിത സ്വഭാവത്തെ സ്വാംശീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു(2011, 3). യുദ്ധത്തിന്റെ ഈയൊരു സ്വഭാവം കണക്കിലെടുക്കുമ്പോൾ, ബാർകവിയും ബ്രൈറ്റണും ഇതിനെ വിശദീകരിച്ചത്, “സാമൂഹിക ജീവിതത്തിന്റെയും വ്യവസ്ഥിതിയുടെയും മുഴുവൻ സമുച്ചയവുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പ്രവർത്തനം” എന്നാണ് (2011, 132). മേലുദ്ധരിച്ച പ്രതികരണത്തിലൂടെ, നിർണ്ണിതമായ ഒരു ഇടത്തിനപ്പുറം ഒരു യുദ്ധമേഖലയുടെ നിർവചനം എവ്വിധമാണെന്നതിനെ സംബന്ധിച്ച് ഞാൻ ഏറെ താൽപര്യവാനാണ്.
ഞാൻ മനസ്സിലാക്കിയിടെത്തോളം, യുദ്ധമേഖലയെന്ന് പറയുന്നത് ഒരു പ്രത്യേക പ്രദേശത്ത് പരിമിതപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് , ഒരു അനുഭവമായി മനസ്സിലാക്കപ്പെടേണ്ട ഒന്നാണത്. ഭീകരത വിരുദ്ധ യുദ്ധത്തെ ജനങ്ങൾ സ്വീകരിക്കുന്നത് എത്തരത്തിലാണെന്നതിനെ ചിത്രീകരിച്ചുകൊണ്ട്, “എന്ത്”, “എവിടെ”, “എപ്പോൾ” “എങ്ങനെ” പോലുള്ള ചോദ്യങ്ങളുടെ പിൻബലത്തിൽ അവയുടെ സ്വഭാവത്തെ സംബന്ധിച്ച് പൂർണമായ ഒരു ധാരണ ലഭ്യമാക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. യുദ്ധം എങ്ങനെ അനുഭവിക്കപ്പെടുന്നു എന്ന് ഗ്രഹിക്കുന്നതിലൂടെ, ആരെൻഡിന്റെയോ ഗ്രാംഷിയുടെയോ ഫൂക്കോയുടെയോ ഉദ്ധരിണികളെ കേവലം വിരസോക്തിയിൽ നിന്ന് ഗവേഷക വ്യവഹാരമാക്കി മാറ്റുവാൻ സിടിഎസ് കമ്മ്യൂണിറ്റിക്ക് സാധ്യമായേക്കാം. പൗലോ ഫ്രെയർ തൻറെ “Pedagogy of the Oppressed” എന്ന പുസ്തകത്തിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നത് പോലെ, “ഒരു വിപ്ലവ നേതൃത്വം സ്ഥാപിക്കുന്നതിൽ വെച്ച് ഫലപ്രദമായ ഏക മാദ്ധ്യമമെന്നു പറയുന്നത്, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുമായിട്ടുള്ള സുസ്ഥിരസംവാദത്തെ സാധ്യമാക്കുന്ന മാനവിക ബോധനശാസ്ത്രമാണ്”(Freire 2017, 42).

സിടിഎസ് ജ്ഞാനശാസ്ത്രത്തിനതീതമായി സഞ്ചരിക്കുമ്പോൾ

” ഹിംസയെ സംബന്ധിച്ചുള്ള ജീവിതാനുഭവങ്ങളെയോ, ഹിംസയെ സംബന്ധിച്ചുള്ള ജ്ഞാന ശാസ്ത്രത്തെയോ( അക്രമത്തെക്കുറിച്ച് അറിയുന്നതിനും പ്രതികരിക്കുന്നതിനുള്ള വഴികൾ) തമ്മിൽ പ്രായോഗികമായി വേർപ്പെടുത്തുക സാധ്യമാണോ? പ്രസ്തുത മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിലേക്ക് അക്രമത്തെ സ്ഥാപിക്കുവാനുള്ള കേവല ശ്രമങ്ങൾ പോലും ഇവിടെ സാധ്യമാണോ? ഹിംസാത്മകയുടെ പ്രകടനത്തിന്റെ വ്യത്യസ്ത രൂപങ്ങളായി പ്രവർത്തികൾ, വികാരങ്ങൾ, പ്രതികരണങ്ങൾ, ആന്തരിക ത്വരകൾ അല്ലെങ്കിൽ അവസ്ഥകൾ( states of being )എന്നിവയെ മനസ്സിലാക്കുന്ന സന്ദർഭത്തിൽ, ഹിംസയുടെ നിർവചനത്തെ സത്താവൽക്കരിക്കുന്നത് അപകടകരമല്ലേ? ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ, മനുഷ്യ അസ്തിത്വത്തിന്റെ അവിഭാജ്യ മാനങ്ങളെ സംബന്ധിച്ച് വാർപ്പുമാതൃകകൾ നിർമിക്കുവാൻ കാരണമാകും. കൂടാതെ, ഹിംസയ്ക്ക് “സാർവ്വത്രിക”മായ ആവിഷ്ക്കാരങ്ങൾ വകവെച്ചു നൽകിക്കൊണ്ട്, ഒരു “സ്വഭാവിക” സംജ്ഞയായി വിഭാഗീകരിക്കാനുളള പ്രവണതകളും ഉടലെടുക്കുന്നു”(Nordstrom 1997, 116).
ഹിംസയെ സംബന്ധിച്ച് പഠിക്കുന്ന വേളയിൽ, അവയുടെ ഭവശാസ്ത്രപരമായ, ജ്ഞാനശാസ്ത്രപരമായ തലങ്ങളെ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ നോർഡ്സ്ട്രോം സ്പഷ്ടമായി കണ്ടെത്തുന്നുണ്ട്. അവയ്ക്ക് പരസ്പര വിഭിന്നമായ ഒരു നിലനിൽപ്പും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സിടിഎസിന്റെ വ്യാവഹാരിക ഇടത്തിനുള്ളിൽ, തീവ്രവാദ വിരുദ്ധ നയത്തിന്റെ സ്വാധീനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ജ്ഞാനശാസ്ത്ര മേഖലയിലാണ്.
നയങ്ങളും അനുഭവങ്ങളും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്നതിനുള്ള ജ്ഞാനശാസ്ത്ര പങ്കാളിത്തത്തെ വ്യക്തമായി മനസ്സിലാക്കുന്നതിനു വേണ്ടി, 2016 ൽ പുറത്തിറങ്ങിയ പ്രൊഫസർ മാർക്ക് സേജ്മാന്റെ “Misunderstanding Terrorism” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഞാൻ എഴുതിയ ഒരു നിരൂപണ പഠനത്തെയാണ് മുഖ്യ അവലംബമാക്കിയത്. പടിഞ്ഞാറൻ മുസ്ലിംങ്ങളാൽ നിർമ്മിക്കപ്പെട്ട തീവ്രവാദത്തിന്റെ യഥാർത്ഥ “ഭീഷണി” കളെ അഭിസംബോധന ചെയ്യുവാനാണ് ഇതിലൂടെ ഞാൻ ആഗ്രഹിച്ചത്. നിരൂപണം പ്രധാനമായും പുസ്തകത്തിനുള്ള സമർപ്പണമാണെങ്കിലും, ആദ്യഭാഗം പൊതുവായി ചർച്ച ചെയ്യുന്നത് തീവ്രവാദ സംബന്ധിയായ പഠനങ്ങളുടെ വൈദഗ്ധ്യ നിലവാരത്തെയാണ്. സവിശേഷമായും, തീവ്രവാദ വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുന്ന റാഫെല്ലോ പൻതൂഷിനെയും ഷിറാസ് മഹറിനെയും പോലുള്ള വിദഗ്ധരുടെ സൃഷ്ടികളെയാണ് പഠനവിധേയമാക്കുന്നത്. സംശയാസ്പദമായ പ്രായോഗിക അറിവുകളെ അടിസ്ഥാനമാക്കിക്കൊണ്ട് രചിക്കുന്ന ഇത്തരം പഠനങ്ങൾ, തീവ്രവാദത്തിന്റെ സാധ്യതകളെ സ്വയം ദൃഢീകരിക്കുന്ന ജ്ഞാനോൽപ്പാദനമാണ് സാധ്യമാക്കുന്നതെന്ന് നിസ്സംശയം ഞാൻ വാദിക്കുന്നു. കൂടാതെ, ഇത്തരം പഠനങ്ങളെ, തീവ്രവാദ വിരുദ്ധ നയങ്ങളുടെ ആവശ്യകതയെ അഭിവൃദ്ധപ്പെടുത്തുന്നതിന് വേണ്ടി പ്രയോഗിക്കുകയും ചെയ്യുന്നുണ്ട് (Qureshi 2017, 4).
തീവ്രവാദ പഠനങ്ങളുടെ വീക്ഷണകോണിൽ നിന്നുള്ള ഒരുപാട് വ്യാഖ്യാനങ്ങളിൽ, പ്രസ്തുത നയങ്ങളുടെ മാനുഷിക അനുഭവങ്ങളെ സ്വാംശീകരിക്കുന്നു എന്നുള്ളതാണ് എന്റെ പ്രധാനപ്പെട്ട ഒരു തർക്കവിഷയം. അവാസ്തനമായ ഒരു ജ്ഞാനശാസ്ത്രം എവ്വിധമാണ് ഒരു സമുദായത്തെ സ്വാധീനിക്കുന്നതെന്ന് പുസ്തകം കൃത്യമായി സംഗ്രഹിക്കുന്നുണ്ട്. അദ്ദേഹം വിശദീകരിക്കുന്നത് പോലെ, പടിഞ്ഞാറിലെ വൈയക്തിക വ്യായാമങ്ങളെ പ്രൊഫൈൽ ചെയ്തുകൊണ്ട്, അതിനനുരൂപമായ മാർഗ്ഗങ്ങളിലൂടെ അവർ മുസ്ലീം സമുദായത്തെ സർവഥാ ഉന്നം വയ്ക്കുന്നു. തീവ്രവാദത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിൻറെ ബയേസിയൻ(Bayesian) സംഭവ്യത വിശകലന രീതിയിലൂടെ പത്തു വർഷത്തെ സ്ഥിതി കണക്കുകളെ ശേഖരിക്കുന്നുണ്ട്. മേലുദ്ധരിച്ച ആരോപണങ്ങളോടുള്ള കമ്മ്യൂണിറ്റിയുടെ പ്രതികരണം തികച്ചും അനനുരൂപമാണെന്നുള്ള നിഗമനത്തിലാണ്, പ്രസ്തുത കണക്കുകളെ സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം എത്തിച്ചേരുന്നത് :
“മേലുദ്ധരിച്ച പ്രൊഫൈലുകൾ അവരുടെ തദ്ദേശീയ മുസ്ലിം ജനസംഖ്യയിൽ പ്രയോഗിച്ചുകൊണ്ട്, പടിഞ്ഞാറൻ മേഖലയിലെ വിവിധ പോലീസ് വിഭാഗങ്ങൾ സഹകരിച്ച്, അതത് സമൂഹങ്ങളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടുവാനുള്ള സ്ഥൂലമായ ഒരു ശുചീകരണപ്രക്രിയ ആവിഷ്കരിച്ചാൽ, ഒരു വർഷത്തിൽ ഉയർന്നുവരുന്ന 22 ഭീകരരെയും ബന്ധിതരാക്കുവാൻ അവർക്ക് സാധിക്കും. എന്നിരുന്നാലും, 0.25 ആളുകളിലേക്ക് എത്തുന്ന രീതിയിൽ 25 മില്യൺ ആളുകളുടെ കാര്യത്തിൽ സസൂക്ഷമം അവർ അശ്രദ്ധ കാണിക്കും. അതിനാൽ 22 നവീന ആഗോള നവ-ജിഹാദി ഭീകരരെ പൂർണമായും പിടികൂടുന്നതിന് വേണ്ടി 250,000 മുസ്ലീങ്ങളെ അവർ അന്യായമായി ജയിലിലടക്കുന്നു. 99.99 ശതമാനമെന്ന പ്രസ്തുത അബദ്ധനിരക്ക് ഒരു ലിബറൽ ജനാധിപത്യ സംവിധാനത്തിന് സ്വീകാര്യയോഗ്യമല്ല”(Sageman 2016, 63).

അറിവിന്റെ പ്രാധാന്യത്തെയും അവ നിർമിക്കുന്ന തീവ്രവാദ ഭീഷണിയെയും നിർണ്ണയിച്ചു നൽകുന്നതിലൂടെ ഈ വിശകലനം സിടിഎസ് കമ്മ്യൂണിറ്റിക്ക് മഹത്തായ ഒരുപാട് സംഭാവനകൾ പ്രധാനം ചെയ്യുന്നുണ്ട്. സേജ്മാൻ കണ്ടെത്തുന്നതുപോലെ, ഏത് മാനദണ്ഡമനുസരിച്ചും ഒരു വിവേചനമായി കണക്കാക്കപ്പെടുന്ന തരത്തിൽ നിലവിലെ സമീപനം മുസ്ലീങ്ങളുടെ വ്യാപകമായ സൂക്ഷ്മ നിരീക്ഷണത്തിന് കാരണമായിട്ടുണ്ട്(Kiai 2017, 3). “അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യും”(What if) എന്ന ആശയം വേരൂന്നുന്നതിലൂടെ, ഒരു ധ്രുവീകരണ അന്തരീക്ഷത്തെ അവ സൃഷ്ടിക്കുന്നുണ്ട്. ആപേക്ഷികമെന്നോണം, ഭീഷണി ഉയർത്താത്ത ബഹുഭൂരിപക്ഷം ജനങ്ങളെയും ഭീഷണിയുടെ ഭൂമികയിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ജ്ഞാനശാസ്ത്രത്തിന്റെ വിഷയകമായി അനുവർത്തിച്ചുകൊണ്ട്, ഏത് രീതിയിലാണ് “പ്രശ്ന”ത്തെ നിർമ്മിക്കുന്നതെന്നതും ഈ ചർച്ചയുടെ ഭാഗമാണ്. തീവ്രവാദ വിരുദ്ധ നയങ്ങളുടെ ഹിംസാത്മക സ്വഭാവത്തെ മനസ്സിലാക്കുന്ന സന്ദർഭത്തിൽ, കേവലം ശാരീരിക തലത്തിലേക്ക് മാത്രമായി അവയുടെ സ്വാധീനത്തെ ചുരുക്കുവാൻ സാധിക്കുമോ, അതോ ജ്ഞാനശാസ്ത്ര തലത്തിലും അത് പ്രാവർത്തികമാകുന്നുണ്ടോ?. മാർക്ക് സേജ്മാന്റെ പുസ്തക നിരൂപണത്തെ അടിസ്ഥാനമാക്കി, ജ്ഞാനശാസ്ത്രം സ്വമേധയാ സൃഷ്ടിക്കുന്ന അനുഭവങ്ങളിലൂടെ ഒരു ‘യുദ്ധ’ഇടമായി അവ രൂപാന്തരപ്പെടുന്നുണ്ടെന്ന് നമുക്ക് വാദിക്കാം. രാഷ്ട്രീയ പോരിന്റെ പേരിലുള്ള തീവ്രവാദ നിർണ്ണയവും പ്രസ്തുത വിഷയത്തിന്റെ ഭാഗമാണ്. ഈ വിപ്രതിവത്തിയെ സംബന്ധിച്ച് സിടിഎസ് ഗവേഷകർ പരിശോധിച്ച വേളയിൽ, തീവ്രവാദ വിരുദ്ധ ജ്ഞാനശാസ്ത്രത്തെ എവ്വിധമാണ് പൊതുജനങ്ങളുടെ അനുഭവങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് അവർ പുനരാലോചന നടത്തിയില്ല. സേജ്മാൻ വിശദീകരിക്കുന്നത് പോലെ:
” ഈ മേഖലയിലെ സത്യസന്ധരായ ഗവേഷകർ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി സ്വയം വർഗ്ഗീകരിക്കുന്നു. ആപേക്ഷികമെന്നോണം, സംവാദാത്മകമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾ എന്ന നിലയ്ക്ക്, ഏതൊരു അക്രമത്തിനും സ്വകീയമായ അംഗങ്ങൾ പ്രദാനം ചെയ്യുന്ന സംഭാവനകൾക്ക് നേരെ അന്ധത നടിക്കുകയും, മുഴുവൻ അധിക്ഷേപങ്ങളും പുറമേയുള്ള വിഭാഗങ്ങൾക്ക് വകവച്ചു നൽകുകയും ചെയ്യുന്നു. പ്രസ്തുത മേഖലയിൽ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്ത സുപ്രധാനമായ വിഷയങ്ങളിൽ ഒന്നാണ് രാഷ്ട്രീയത നയിക്കുന്ന ഭരണകൂട സംഭാവനകൾ . ഈ സംഭാവനകളെ സംബന്ധിച്ചുള്ള യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിലൂടെ, ഹിംസാത്മക പ്രക്രിയകളെക്കുറിച്ച് നമ്മൾ ബോധവാൻമാരാകുന്നു. കൂടാതെ, ഇത്തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അവയെ ഉന്മൂലനം ചെയ്യാനുള്ള പ്രതിപ്രവർത്തനങ്ങൾ തുടങ്ങുവാനും സഹായിക്കും. “(Sageman 2016, 131).

അനുഭവങ്ങളുടെയും ഇടങ്ങളുടെയും കാര്യത്തിൽ മാത്രമല്ല, അർത്ഥതലങ്ങളുടെ പരിപ്രേക്ഷ്യത്തിലും ഭീകരതയ്ക്കെതിരായ യുദ്ധം സംഘട്ടനങ്ങളുടെ പരമ്പരാഗത അതിരുകളെ അതിലംഘിക്കുന്നുണ്ട്. സേജ്മാൻ,ജാക്സൺ, ബ്രീൻ സ്മിത്ത് എന്നിവരും വിമർശാത്മക ലോകത്ത് പ്രസിദ്ധരായ മറ്റു വ്യക്തിത്വങ്ങളും ഭീകരവിരുദ്ധ യുദ്ധത്തെ സംബന്ധിച്ചുള്ള നമ്മുടെ അറിവുകളെ പുനർവിചിന്തനത്തിന് വിധേയമാക്കുവാൻ നിർദ്ദേശിക്കുന്നുണ്ട്. എന്റെ പഠനം പ്രദാനം ചെയ്യുന്ന യഥാർത്ഥ മാനുഷിക അനുഭവങ്ങൾ, ഭീകരത വിരുദ്ധ യുദ്ധത്തെ സംബന്ധിച്ചുള്ള പഠനങ്ങൾ ലഭ്യമാക്കുന്ന വൈജ്ഞാനിക കണ്ടെത്തലുകളെ മെച്ചപ്പെടുത്തുന്നുണ്ട്.
ക്രിട്ടിക്കൽ വാർ അല്ലെങ്കിൽ ക്രിട്ടിക്കൽ മിലിറ്ററി സ്റ്റഡീസ് എന്ന പേരിലുള്ള പുതിയ പഠന മേഖലയിൽ, യുദ്ധങ്ങൾ നിർമ്മിക്കപ്പെടുന്ന മാർഗ്ഗങ്ങളെ സംബന്ധിച്ച് ബാർകാവിയും ഷൈൻ ബ്രൈറ്റണും ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കൂടാതെ, യുദ്ധത്തെ സംബന്ധിച്ചുള്ള നിലവിലെ പഠനങ്ങൾ അവ വിശദീകരിക്കുവാൻ പര്യാപ്തമാണെന്ന വാദത്തെയും അവർ നിരസിക്കുന്നുണ്ട് (Barkawi and Brighton 2011, 130). അവരെ സംബന്ധിച്ചിടത്തോളം, യുദ്ധത്തെ മനസ്സിലാക്കുന്നതിന്റെ “അനിശ്ചിതത്വ”ത്തെ വിശകലന വിധേയമാക്കുവാൻ വേണ്ടി, യുദ്ധത്തിന്റെ ഭാവശാസ്ത്രപരമായ പ്രത്യേകതകളെ അവലംബമാക്കേണ്ടതുണ്ട് (Barkawi and Brighton 2011, 138). സങ്കീർണമായ അസംഖ്യം പ്രതിഭാസങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പൂർണമായും അപര്യാപ്തമായ ഒരു സംവിധാനമായാണ് യുദ്ധത്തെ കുറിച്ചുള്ള നിലവിലെ പഠനങ്ങളെ അവർ വിലയിരുത്തുന്നത്:
“യുദ്ധത്തെ സംബന്ധിച്ചുള്ള വിഭാവനകളിലെ മൗലിക പ്രശ്നമായ വ്യവഹാരിക ശൂന്യത, മറ്റു സാമൂഹിക മണ്ഡലങ്ങളിൽ നിന്നുള്ള അവയുടെ വികേന്ദ്രീകരണവും ന്യൂനീകരണവും മുഖേന ബാധിച്ചതാണ്. എന്താണത്? അതിനെക്കുറിച്ച് നാം എവ്വിധം ചിന്തിക്കണം, അന്വേഷിക്കണം, മറ്റു രാഷ്ട്രീയ സാമൂഹിക പ്രതിഭാസങ്ങളുമായി ബന്ധപ്പെടുത്തി അവയെ എങ്ങനെ സ്ഥാപിക്കണം?, ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് സംഘടിതവും സുസ്ഥിരവുമായ പണ്ഡിതോചിതമായ പരിശ്രമവും സംവാദവും അനിവാര്യമാണ്. “യുദ്ധ”ത്തെ കേന്ദ്ര വിശകലന ഉപാധിയായി പരിഗണിച്ചു കൊണ്ടുള്ള ഒരു പണ്ഡിതോചിത പദ്ധതിയുടെ കുറവാണ് നിലവിൽ ഇവിടെ നിഴലിക്കുന്നത്” (Barkawi and Brighton,2011).

ഗ്രന്ഥകർത്താക്കൾ കൃത്യമായി നിരീക്ഷിക്കുന്നതുപോലെ, യുദ്ധത്തിന്റെ ഭവശാസ്തത്രത്തിൽ കേന്ദ്രീകരിക്കുന്ന ഉപകരണത്തിന് ദൗർബല്യമുണ്ട്. കൂടാതെ, യുദ്ധവുമായി ബന്ധപ്പെട്ട ജ്ഞാന ശാസ്ത്ര രൂപീകരണത്തിലെ അവരുടെ സംഭാവനകളെ സംബന്ധിച്ച് അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നുമുണ്ട്. കാരണം, യുദ്ധത്തെ “അറിയത്തക്ക”(Knowable) ഒന്നായി നിർമ്മിക്കുന്നതിൽ അവർ പരസ്പരം കൈകോർക്കുന്നു(Barkawi and Brighton 2011, 134). പ്രസ്തുത ദൗർബല്യത്തെ ഭീകരതയിലും ഭീകരതാ വിരുദ്ധ പഠനങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും. അതിനാൽ, തെറ്റായ നയങ്ങൾ ഉണ്ടാക്കുന്ന ദോഷം കുറയ്ക്കുന്നതിന് ഈ വിടവ് അഭിസംബോധന ചെയ്യപ്പെടുക പ്രധാനമാണ്.

വിവർത്തനം : അബൂബക്കർ എം.എ

ആസിം ഖുറൈശി