Campus Alive

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ

പാർലമെന്റിന്റെ ഇരുസഭകളിലൂടെയും പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) 2019 ഡിസംബർ 12 ന് ഇന്ത്യൻ രാഷ്ട്രപതി ഒപ്പ് വെക്കുകയും നിയമമാവുകയും ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ‘അനധികൃതമായി’ കുടിയേറിയവരും 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിൽ താമസിക്കുന്നവരുമായ ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, പാർസികൾ, ബുദ്ധമതക്കാർ, ജൈനന്മാർ എന്നിവർക്ക് പൗരത്വം നേടാനുള്ള അവസരം പുതിയ നിയമം നൽകി. പക്ഷേ മുസ്‌ലിംകൾ മാത്രം പൗരത്വം ലഭിക്കാവുന്നവരുടെ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടു. ഇതേ സമയം തന്നെ, ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി) നടപ്പാക്കാനുള്ള കാര്യമായ ശ്രമങ്ങളും നടക്കുന്നു. അതോടെ, ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന്റെ (അസമിൽ മാത്രം ഏകദേശം 2 ദശലക്ഷം ആളുകൾ) പൗരത്വ അവകാശങ്ങൾ ഇല്ലാതായേക്കാം. പൗരത്വപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിലെ മുസ്‌ലിം  ഇതര സമുദായങ്ങൾക്ക് സി.എ‌.എ വഴി പൗരത്വം നേടാൻ കഴിയും. അതേസമയം പൗരത്വമടക്കമുള്ള അർഹതകളിൽ നിന്നും ഇന്ത്യയിലെ മുസ്‌ലിംകൾ പുറന്തള്ളപ്പെട്ടേക്കാം.

സി‌.എ.എക്കും എൻ‌.ആർ.സിക്കും എതിരെ രാജ്യത്തുടനീളം മുസ്‌ലിംകളുടെ നേതൃത്വത്തിൽ വലിയതോതിലുള്ള പ്രക്ഷോഭങ്ങൾ നടന്നു. ജാമിഅഃ മില്ലിയ ഇസ്‌ലാമിയയും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയും പോലെ മുസ്‌ലിം വിദ്യാർഥികൾ കൂടുതലുള്ള സർവകലാശാലകൾ രോശാകുലമാവുകയും വിശാലമായ സമരപരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി. മറ്റ് പല മുസ്‌ലിം  ഭൂരിപക്ഷ പ്രദേശങ്ങളിലും സമാനമായ സമ്മേളനങ്ങൾക്ക് പ്രചോദനമാവുന്ന വിധത്തിൽ ഒരു മാതൃകയായി ഷഹീൻബാഗിലെ പ്രതിഷേധം മാറി. എങ്കിലും, ഇത്തരം പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഹിന്ദുത്വ ഭരണകൂടം വെറുതെയിരുന്നില്ല; പോലീസും സംഘ്പരിവാർ കൂട്ടങ്ങളും പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഈ ആക്രമണങ്ങളെ മുസ്‌ലിം സമുദായം നേതൃത്വം കൊടുത്ത കലാപങ്ങളായി ചിത്രീകരിച്ച് പ്രതിഷേധക്കാർക്കു നേരെ കേസെടുക്കുകയും സമര നേതാക്കളെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചാർത്തി ജയിലിലടക്കുകയും ചെയ്തു.

മേൽപറഞ്ഞ വസ്തുതകളെ കുറിച്ച് വിശകലന രൂപത്തിലും വിവരണ രൂപത്തിലും ഒരുപാട് എഴുത്തുകൾ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. അവയെ പുനരുൽപ്പാദിപ്പിച്ചു കൊണ്ട് സമഗ്രമായ ഒരു വിശകലനത്തിന് ശ്രമിക്കുകയല്ല, മറിച്ച് പൗരത്വനിയമത്തെയും അതിനെതിരായി ഉയർന്നുവന്ന സമരങ്ങളെയും ചുറ്റിപ്പറ്റിയുണ്ടായ വ്യവഹാരങ്ങളെ വിശകലനം ചെയ്യാനുള്ള പരിമിതമായ ശ്രമമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പൗരത്വനിയമവും അതുണ്ടാക്കിയ (ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന) പ്രക്ഷോഭങ്ങളിലേക്കും ഒരു വർഷം പിന്നിടുന്ന ഈ വേളയിൽ തിരിഞ്ഞുനോക്കുമ്പോൾ, അവ ഒരുപാട് പരിപ്രേക്ഷ്യങ്ങൾ ഉൽപാദിപ്പിക്കുന്നതായി കാണാൻ കഴിയും. മുസ്‌ലിം വിഷയിയെ കേന്ദ്ര സ്ഥാനത്തു നിർത്തിക്കൊണ്ട് ഈ പരിപ്രേക്ഷ്യങ്ങളെയും ആഖ്യാനങ്ങളെയും  വിശകലനം ചെയ്യാനുള്ള സാധ്യകളാണ് ഈ കുറിപ്പ് പരിശോധിക്കുന്നത്.

എങ്ങനെ പ്രതിഷേധിക്കണം? നിലവിലുള്ള മൂന്ന് ആഖ്യാനങ്ങൾ

പൗരത്വനിയമത്തോടുണ്ടായ പ്രതികരണങ്ങൾ ഏകസ്വഭാവമുള്ളതായിരുന്നില്ല. നിരവധി പ്രക്ഷോഭ രീതികളും, അതോടൊപ്പം തന്നെ, ഏതൊരു മുന്നേറ്റത്തിലും സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭിന്നതകളും അവക്കിടയിലുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൂന്ന് പ്രധാന വാദങ്ങളാണ് ഉയർന്ന് വന്നത്; ഒന്നാമതായി, അത് ഭരണഘടനയുടെ സ്ഥാപക തത്വങ്ങളെ നശിപ്പിക്കുന്നതു കൊണ്ട് ഭരണഘടനാ വിരുദ്ധമാണ്. രണ്ടാമതായി, വിവിധ മതവിഭാഗങ്ങൾക്കിടയിൽ വ്യത്യാസം സൃഷ്ടിക്കുന്നതിനാൽ മതേതര വിരുദ്ധമാണ്. മൂന്നാമതായി, ദേശീയ താൽപ്പര്യത്തിന് ഭീഷണിയായതിനാൽ ദേശവിരുദ്ധമാണ്. ഭരണഘടനാ തത്വങ്ങളും മതേതരത്വവും ദേശീയ താല്പര്യങ്ങളുമാണ് ‘മാതൃകാ ഇന്ത്യ’യുടെ അടിത്തറയെന്ന അനുമാനമുള്ളതിനാൽ ഈ മൂന്ന് വാദങ്ങളും ഒരുമിച്ചാണ്‌ ഉയർന്നിരുന്നത്.  ഭരണഘടനാ-മതേതര-ദേശീയ മൂല്യങ്ങളുടെ വേരുകളിലേക്കുള്ള ‘തിരിച്ചുപോക്ക്’ വഴിയാണ് ഇന്ത്യയെ രക്ഷിക്കാൻ കഴിയുക എന്നാണ്  ഈ വ്യവഹാരങ്ങളുടെ സാരം.

ഇന്ത്യയിലെ മുസ്‌ലിം വിഷയിസ്ഥാനത്തു നിന്ന് ആലോചിക്കുമ്പോൾ,  ഈ വാദങ്ങൾ പരിമിതവും പ്രശ്‌നകരവുമാണ്. ഒന്നാമതായി, നിരവധി ഭേദഗതികൾക്കും വെട്ടിമാറ്റലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമായിട്ടുള്ളതാണ് ഭരണഘടന. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിലവിൽ പൗരത്വനിയമവും (അതിന്റെ യുക്തിയും) ഭരണഘടനയുടെ തന്നെ ഭാഗമാണ്. പൗരത്വം നിഷേധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിലേക്ക് അയക്കപ്പെടുന്നവർ ‘ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ – we the people of India’ എന്ന ഭരണഘടനയുടെ അഭിസംബോധനാ വാചകത്തിന്റെ പരിധിയിൽ നിന്ന് തന്നെ പുറത്താക്കപ്പെടുന്നു. കാരണം അവർ ഇപ്പോൾ ‘ഇന്ത്യക്കാർ’ അല്ല. രണ്ടാമതായി, ഈയൊരു ഭരണഘടനാ വാദം ആധുനിക ദേശ-രാഷ്ട്ര സംവിധാനത്തിലെ പൗരത്വം എന്ന ആശയത്തെയും സാധൂകരിക്കുന്നു. ‘The Origins of Totalitarianism’ എന്ന പുസ്തകത്തിൽ ഹന്നാ ആരെൻഡ് വാദിക്കുന്നതു പോലെ, ആധുനിക ദേശരാഷ്ട്രത്തിൽ പൗരനായി അംഗീകരിക്കപ്പെടുമ്പോഴാണ് ‘അവകാശങ്ങൾക്ക് അർഹനായ മനുഷ്യൻ’  എന്ന പരികൽപനയിൽ വരുന്നത്.  പൗരത്വം നിഷേധിക്കപ്പെടുന്നതിനാൽ തന്നെ, ഭരണഘടനയുടെ ‘We the People’ എന്ന അഭിസംബോധനാ വാചകത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സി.എ.എയുടെയും എൻ.ആർ‌.സിയുടെയും ഇരകളുടെ അവകാശങ്ങൾ മാനിക്കാൻ ഭരണഘടനക്ക് ബാധ്യതയില്ലാതാവുന്നു. മൂന്നാമതായി, ഭരണഘടന ഇന്ത്യയിലെ മുസ്‌ലിമിനെ നിർവചിച്ചേടത്തുള്ള പ്രശ്നമാണ്. ഭരണഘടനയിൽ ഉൾപ്പെടുത്തേണ്ട വിവിധ ആർട്ടിക്കിളുകളും വ്യവസ്ഥകളും സംബന്ധിച്ച ഭരണഘടനാ നിർമ്മാണ സമിതിയിലെ സംവാദങ്ങൾ പാകിസ്ഥാൻ രൂപീകരണ പരിസരത്തു വെച്ചാണ് നടക്കുന്നത്. ‘പ്രത്യേക രാഷ്ട്രം’ ലഭിച്ചതോടെ മുസ്‌ലിങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾ നിവർത്തിച്ചു കഴിഞ്ഞുവെന്നും, അത് കൊണ്ട് തന്നെ ഇന്ത്യയിലെ ‘ശേഷിക്കുന്ന മുസ്‌ലിംകളുടെ’ രാഷ്ട്രീയ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല എന്നുമായി. ഇതോടെ കൂടിപ്പോയാൽ സാംസ്കാരിക അവകാശങ്ങൾ മാത്രം ഉന്നയിക്കാൻ അർഹതയുള്ള ‘മതകീയ ന്യൂനപക്ഷമായി’ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സ്ഥാനം ചുരുങ്ങി. അതുവഴി, മുസ്‌ലിം രാഷ്ട്രീയ അവകാശവാദങ്ങൾ വളരെ എളുപ്പത്തിൽ ‘വർഗീയം’ എന്ന പേരിൽ മാറ്റി നിർത്തപ്പെടുകയും, ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്നും മുസ്‌ലിം കർതൃത്ത്വം നിരാകരിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ, സി‌.എ‌.എയെ എതിർക്കുക എന്നത് ഭരണഘടനയോട് പ്രതിഷേധിക്കുക, അല്ലെങ്കിൽ ഭരണഘടനയ്‌ക്കെതിരെ ഭരണഘടനയോട് തന്നെ അപേക്ഷിക്കുക എന്ന ഒരു വൈരുദ്ധ്യം കൂടിയാണ്.

ഹന്നാ ആരെൻഡ്

സി.എ.എയ്‌ക്കെതിരായ പ്രതിഷേധം  ‘പുതിയ’ ദേശീയതക്ക് വേണ്ടിയുള്ള ഉയിർത്തെഴുന്നേൽപ്പായി മനസ്സിലാക്കപ്പെട്ടു. ഗാന്ധി, അംബേദ്‌കർ, ഭഗത് സിംഗ്, ത്രിവർണ്ണപതാക, ദേശീയഗാനം, ഭരണഘടനയുടെ ആമുഖം എന്നിവ ഈ പുതിയ ദേശീയതയുടെ നാട്ടക്കുറികളാണെന്ന് ബർഖ ദത്തിനെ പോലുള്ളവർ വാദിച്ചു. ഹിന്ദുത്വ ദേശീയതയെ പ്രതിരോധിക്കാൻ ഈ പുതിയ ദേശീയത കൊണ്ട് സാധിക്കുമെന്നാണ് അവർ കരുതുന്നത്. എന്നാൽ വര്‍ഷങ്ങളായി ഇവയെല്ലാം തന്നെയാണ് ഇന്ത്യയിലെ ദേശീയ വൈകാരിക പ്രകടനങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. നടന്നു കൊണ്ടിരിക്കുന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്തതിനാൽ ‘പുതിയത്’ എന്ന് പറയത്തക്ക വിധം ഒന്നും അതിലില്ല. അതോടൊപ്പം, ഹിന്ദുരാഷ്ട്രത്തെ സംബന്ധിച്ച ധാരണക്കുറവ് കൂടി ഇതിൽ നിഴലിക്കുന്നുണ്ട്. ഹിന്ദു രാഷ്ട്രമെന്നത് ദൈവശാസ്ത്രപരമായ അവകാശവാദത്തിനപ്പുറം ഒരു ഭൂമിശാസ്ത്ര അവകാശവാദമാണ്. ഇന്ത്യയിൽ മാത്രമേ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ. കാരണം, ഹിന്ദു ആവാൻ ആദ്യം ഒരു ഇന്ത്യക്കാരനാകണം. ഇന്ത്യൻ ആവുക എന്നത് ഹിന്ദു ആവുക എന്നതിന്റെ പര്യായമായി ഹിന്ദുത്വയുടെ ഉപജ്ഞാതാവായ സവർക്കർ വാദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭൂമിശാസ്ത്ര കേന്ദ്രീകൃതമായ ‘ദേശീയത’ക്ക് വേണ്ടിയുള്ള ഏതൊരു അവകാശവാദവും സ്വാഭാവികമായും ഹിന്ദുത്വത്തിനും അനുകൂലമാവുന്നത്.

രണ്ടാമതായി, സാംസ്കാരികമോ സാമൂഹികമോ ആയ ഏകശിലാത്മകമല്ലാത്ത ഒരു സമൂഹം എന്നനിലയിൽ മുൻകൂട്ടി നിർവചിക്കപ്പെട്ട ഒരു ദേശം(nation) ഇന്ത്യയിൽ നിലനിൽക്കുന്നില്ല, മറിച്ച് ഭരണോപാധികളിലൂടെ നിലനിൽക്കുന്ന ഒരു രാഷ്ട്രം(state) മാത്രമാണ് ഇന്ത്യ. പൗരത്വം നഷ്ടപ്പെട്ടാൽ ഒരുവൻ രാഷ്ട്രരഹിതനാവും. ഹന്നാ ആരെൻ‌ഡിനെ സംബന്ധിച്ചിടത്തോളം, രാഷ്ട്രരഹിതന്റെ രാഷ്ട്രീയ അവസ്ഥ ഒരു തടവുകാരന്റെ അവസ്ഥയുമായി പോലും താരതമ്യം ചെയ്യാൻ കഴിയാത്തതാണ്. പല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുന്നുണ്ടെങ്കിലും തടവുകാരൻ രാഷ്ട്രീയവും നിയമപരവുമായ ക്രമത്തിനകത്ത് ഉൾപ്പെടുന്നവൻ ആണ്. എന്നാൽ ‘അവകാശങ്ങൾ നേടാനുള്ള അവകാശം’ പോലും ഇല്ലാതാകുന്ന രാഷ്ട്രരഹിതം എന്ന അവസ്ഥ ഏറെ അപകടകരവും സമാനതകളില്ലാത്തതുമാണ്. അങ്ങനെയാകുമ്പോൾ, തടങ്കൽ കേന്ദ്രങ്ങളിൽ നിന്നുള്ളവരുടെ ‘മനുഷ്യാവകാശ’ത്തിനായുള്ള ഏതൊരു ശ്രമത്തിനും മുന്നുപാധിയായി ദേശീയത എന്ന ആശയത്തെ തന്നെ തകർക്കേണ്ടതായി വരും.

‘പുതിയ ദേശീയത’ എന്ന ആശയം പോലെ രസകരമാണ്, എങ്ങനെയായിരിക്കും ഒരു ‘പുതിയ മതേതരത്വം?’ എന്ന ചോദ്യം. മുസ്‌ലിംകളുടെ മതപരമായ ചിഹ്നങ്ങളെ മറച്ചുവെക്കാനും, പ്രതിഷേധങ്ങളെ ‘വർഗ്ഗീയവൽകരിക്കാതിരിക്കാനും’ സഹായിക്കുന്ന ശിക്ഷണശക്തിയായാണ് മതേതരത്വം പ്രവർത്തിച്ചത്. കോൺഗ്രസ് പാർട്ടിയുടെ പാർലമെന്റ് അംഗം ശശി തരൂർ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മുദ്രാവാക്യങ്ങളെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ  ഇതിലേക്ക് സൂചന നൽകുന്നതാണ്. മുദ്രാവാക്യങ്ങൾ വിളിക്കുമ്പോഴും, വസ്ത്രധാരണത്തിലും, വേദിയിൽ സംസാരിക്കാൻ ആളുകളെ ക്ഷണിക്കുമ്പോഴുമെല്ലാം മുസ്‌ലിംകൾ വളരെയധികം ശ്രദ്ധ പാലിക്കേണ്ടിയിരുന്നു. മുസ്‌ലിംകൾ മാത്രമുള്ള കൂടിച്ചേരലുകൾ ഒഴിവാക്കി, പ്രതിഷേധത്തെ ‘മതേതരമായി പ്രകടിപ്പിക്കുന്നതിനു’ വേണ്ടി വേദികളിൽ മുസ്‌ലിംകളല്ലാത്തവരെ അനിവാര്യമായും ഉൾപ്പെടുത്തേണ്ടി വന്നു.

മത സമുദായങ്ങളുടെ (പ്രധാനമായും ന്യൂനപക്ഷങ്ങളുടെ) ഏതൊരു രാഷ്ട്രീയ സംഘാടനത്തെയും ഇന്ത്യയിൽ വർഗ്ഗീയമായി മനസ്സിലാക്കപ്പെടുന്നതിനാൽ, മതേതരത്വം എന്നത് അതിന്റെ നേർവിപരീതം ആയി കണക്കാക്കപ്പെടുന്നു. അങ്ങനെ സി‌.എ‌.എക്കെതിരെ നടന്ന പ്രതിഷേധങ്ങളിലെ മതേതര അവകാശവാദങ്ങൾ സാമുദായിക കർതൃത്വത്തെ നിരാകരിക്കുക വഴി ‘മുസ്‌ലിം  പ്രതിഷേധത്തെ’ അസാധ്യമാക്കുകയും, പകരം ‘പ്രതിഷേധിക്കുന്ന മുസ്‌ലിം’ എന്ന വൈയക്തിക തലത്തിലേക്ക് ചുരുക്കുകയും ചെയ്തു. മുസ്‌ലിങ്ങളെ വ്യക്തിവൽക്കരിച്ചു സാമുദായിക അവകാശങ്ങളിൽ നിന്നും പുറത്താക്കുക എന്നതാണ് പൗരത്വ ഭേദഗതി ബില്ലിന്റെ ഒരു ഉദ്ദേശം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘സംഘടിത സ്വത്വം’, ‘സാമൂഹിക അവകാശങ്ങൾ’ എന്നിവയുടെ നാശത്തെ ചെറുക്കുകയല്ല, പകരം അതിനെ ത്വരിതപ്പെടുത്തുകയാണ് മതേതര ആഖ്യാനങ്ങൾ ചെയ്യുന്നത്. രേഖകളിലില്ലാത്ത ആളുകൾ ഒരു സ്വത്വവുമില്ലാത്ത ‘പൊതുവായ മനുഷ്യർ’ മാത്രമായി മാറുന്നു. അവർ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചാലോ തടങ്കൽ പാളയങ്ങളിൽ ഒടുങ്ങിയാലോ ആരെയും അതൊന്നും ബാധിക്കുന്നില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുന്നു.

പൗരത്വ നിയമത്തെ എങ്ങനെ മനസ്സിലാക്കാം

രണ്ട് കാര്യങ്ങൾ പുതിയ പൗരത്വ നയം അടിവരയിടുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള കെട്ടുറപ്പിനപ്പുറം  ബെനഡിക്റ്റ് ആൻഡേഴ്സൺ സൂചിപ്പിക്കുന്നത് പോലെ ‘അസ്തിത്വത്തിലേക്ക് സങ്കൽപ്പിച്ചു’ കൊണ്ടാണ് ഇന്ത്യ നില നിൽക്കുന്നത്. ഒരു ആസന്ന ശത്രുവിനെ സാങ്കൽപ്പികവും യഥാർത്ഥവുമായി അവതരിപ്പിക്കുന്നതിലൂടെയാണ് അതിന്റെ ഭാവന സാധ്യമാകുന്നത്. അത്തരമൊരു ദേശത്തിന്റെ നിലനിൽപ്പിനെ സാധൂകരിക്കാൻ ‘ശത്രുവിനെ’ ദിനേനെ ജനങ്ങളുടെ മുന്നിൽ പുനരുൽപാദിപ്പിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പിൻവാങ്ങലോടെ ‘കൊളോണിയൽ വിരുദ്ധ ദേശീയത’ അവസാനിച്ചു. അതിനുശേഷം ഇന്ത്യൻ ദേശ ഭാവനയെ ഒരുമിപ്പിക്കാൻ ഒരു പുതിയ ശത്രുവിനെ വേണ്ടി വന്നു. ആ വിടവിലേക്കാണ് മുസ്‌ലിമിനെ പ്രതിഷ്ഠിച്ചത്. പാകിസ്ഥാൻ എന്നത് മുസ്‌ലിം സ്വത്വത്തിന്റെ പര്യായമായിത്തീരുകയും ഇന്ത്യൻ ദേശീയത പാകിസ്ഥാൻ വിരുദ്ധതയെ അടിസ്ഥാനമാക്കി വളർന്നുവരികയും ചെയ്തു. അങ്ങനെ ഇന്ത്യൻ ദേശരാഷ്ട്ര രൂപീകരണത്തിന്റെ അന്തിമഘട്ടത്തിൽ മുസ്‌ലിം വിരുദ്ധ ദേശീയതക്ക് സ്ഥിരത കൈവന്നു. പൗരത്വ നിയമത്തിലൂടെ ഈ മുസ്‌ലിം വിരുദ്ധ ദേശീയത ഔദ്യോഗികമായി പ്രകടമാവുകയും നിയമവിധേയമാവുകയും ചെയ്തു.

രണ്ടാമത്തേത് രൂപരഹിതവും പ്രാദേശികവുമായ ഒരു (പുതിയ) ഹിന്ദു എന്ന ആശയമാണ്. ഹിന്ദുത്വ നേതാവ്  ഗോൾവാൾക്കറുടെ കുപ്രസിദ്ധമായ വാക്കുകളിൽ, ‘ഈ രാജ്യത്ത് ഹിന്ദുക്കൾ മാത്രമാണ് ദേശം. മുസ്‌ലിംകളും മറ്റുള്ളവരും, യഥാർത്ഥത്തിൽ ദേശവിരുദ്ധർ അല്ലെങ്കിലും കുറഞ്ഞത് ദേശമെന്ന ശരീരത്തിന് പുറത്തുള്ളവരാണ്’. ഈ പുറത്തുനിന്നുള്ളവർ രാജ്യവുമായി സമന്വയിക്കണമെങ്കിൽ, അവർക്ക് ഭാരത ഭൂമിയോട് (മക്കയോടോ വത്തിക്കാനോടോ അല്ല) ഒരു ഭക്തി  ഉണ്ടായിരിക്കണം. അതാണ് ഒരുവനെ ഹിന്ദുവാക്കുന്നത്. ഹിന്ദുത്വ ആചാര്യൻ വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം സി‌.എ‌.എ വഴി നിയമവിധേയമാവുകയും, അതിലൂടെ ഹിന്ദു രാഷ്ട്ര വിഭാവന ഔദ്യോഗികമായി അംഗീകരിപ്പെടുകയും ചെയ്തിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ തിരിച്ചു വായിച്ചാൽ, മുസ്‌ലിംകൾ ഒഴികെയുള്ള വിഭാഗങ്ങൾക്ക് (ക്രിസ്ത്യാനികളടക്കമുള്ളവർ) അവരുടെ ‘വിദേശത്വം’ വെടിഞ്ഞ് ‘ഇന്ത്യൻ ദേശ’ പദ്ധതിയിൽ പൂർണ്ണമായ ‘ലയനം’ സാധ്യമാണ് എന്ന് വാദിക്കാൻ കഴിയും. അല്ലെങ്കിൽ എല്ലാ മുസ്‌ലിമേതര സമുദായങ്ങളേയും ഈ ‘പുതിയ ഹിന്ദു’ പ്രൊജക്ടിലേക്ക് ഉൾപെടുത്താനും ഹിന്ദുത്വയെ വികസിപ്പിക്കാനും സാധ്യമായിരിക്കുന്നു. പക്ഷെ, ആയിരത്തിലധികം വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ടായിട്ടും ഇസ്‌ലാം മാത്രം ഇപ്പോഴും ‘സംയോജന സാധ്യമല്ലാത്ത’, ‘ഇന്ത്യൻ ഇതര’ ഘടകമായി തുടരുന്നു.

ഹിന്ദുമതത്തിന്റെ ഈ ഉൾക്കൊള്ളൽ പാർശ്വവത്കൃത സമുദായങ്ങൾക്ക് ചലനസാധ്യത നൽകുമെന്ന് തോന്നിപ്പിക്കുന്ന, അവർക്ക് ചെറുക്കാൻ ബുദ്ധിമുട്ടേറിയ ഒരു പ്രലോഭനമാണ്. ഈ പുതിയ ഹിന്ദു ബ്രാഹ്മണ്യാധികാരത്തിന്റെ കേവല പ്രഖ്യാപനമല്ല. ‘വിരാട് ഹിന്ദു’ അധികാരത്തെ കുത്തകയാക്കുകയല്ല, മറിച്ച് അത് പങ്കുവെച്ചുകൊണ്ട് (അസമമായി) ഒരു പുതിയ ജാതിശ്രേണി തന്നെ സൃഷ്ടിക്കുകയാണ്. അതിലൂടെ ജാതി വിരുദ്ധ പ്രതിരോധത്തെ അധീനപ്പെടുത്തുകയും ഹിന്ദുരാഷ്ട്രം എന്ന വിശാലപദ്ധതിക്ക് കീഴിൽ വ്യത്യസ്തതകളെ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഹിന്ദുത്വയോട് ഏതെങ്കിലും തരത്തിലുള്ള അർത്ഥവത്തായ പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ ജാതി ക്രമത്തെയും സംവിധാനത്തെയും മനസ്സിലാക്കുക അത്യാവശ്യമാണ്. മുസ്‌ലിംകളെ പുറന്തള്ളുന്നത് മാത്രമല്ല, ഹിന്ദു രാഷ്ട്രത്തിന്റെ ഈ ‘ഉൾക്കൊള്ളൽ’ ശേഷി കൂടി നാം നേരിടേണ്ടതുണ്ട്.

ഭരണഘടനാപരമായ ഭൂരിപക്ഷാധിപത്യത്തെക്കുറിച്ചുള്ള സവർക്കറുടെ ആശയം ‘മുസ്‌ലിം ശത്രു’, ‘പുതിയ ഹിന്ദു’ എന്നിവ നിയമസാധുത നേടുന്നതിനെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഭരണഘടനാപരമായി ഉറപ്പുനൽകപ്പെട്ട ‘ജനാധിപത്യ ഹിന്ദു ഭൂരിപക്ഷത്തെ’ അദ്ദേഹം വിഭാവന ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകൾക്ക് തുല്യമായ അവകാശങ്ങൾ എന്നത് മതപരവും സാംസ്കാരികവും ഭാഷാപരവുമായ (നിർഭാഗ്യവശാൽ ഇന്ത്യൻ ഭരണഘടനയും മുസ്‌ലിംകൾക്ക് ഉറപ്പുനൽകുന്നത് ഈ അവാശങ്ങൾ മാത്രമാണ്) അവകാശങ്ങൾ മാത്രമായിരുന്നു. മുസ്‌ലിംകളുടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അവകാശവാദങ്ങൾ ഹിന്ദുരാഷ്ട്രത്തിന് ഭീഷണിയായി കണക്കാക്കപ്പെട്ടു. ഭരണഘടനാപരമായി തുല്യ പൗരത്വം ഉറപ്പുനൽകുന്ന ഒരു പുതിയ ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തോടെ ‘ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളുടെ ആവശ്യം ഇനിയില്ല’ എന്ന് സവർക്കർ പ്രഖ്യാപിച്ചു. ‘ജനാധിപത്യപരവും നിയമാനുസൃതവുമായ ഭരണഘടനയ്ക്ക് കീഴിൽ ഒരു ഭൂരിപക്ഷം എന്ന നിലയിൽ ഹിന്ദുവിന് അനുഭവിക്കാൻ അർഹതയുള്ള അവകാശങ്ങൾ ഒരു നിലക്കും വിട്ടുകൊടുക്കാൻ ആവില്ല’ എന്ന സവർക്കറുടെ പ്രഖ്യാപനമാണ് ഹിന്ദുരാഷ്ട്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഭരണഘടനാപരമായ ഭൂരിപക്ഷാധിപത്യത്തിന്റെ ഈ വിരോധാഭാസം നീക്കം ചെയ്യാതെ, ഒരു മുന്നേറ്റത്തിനും ഹിന്ദു രാഷ്ട്രത്തെ കീഴടക്കാൻ കഴിയില്ല.

ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കൽപോലും ഒരു ‘മാതൃകാ ഇന്ത്യ’ ഉണ്ടായിട്ടില്ല, മറിച്ച് അംബേദ്കർ പറഞ്ഞത് പോലെ വ്യത്യസ്ത താല്പര്യങ്ങളുള്ള സംഘങ്ങൾ തമ്മിലുള്ള നിരന്തര പോരാട്ടമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മാതൃകാ ഇന്ത്യയിലേക്ക് ‘തിരിച്ച് പോകാനുള്ള’ ആഹ്വാനം ഒരു പരിഹാരമല്ല. മുൻ മാതൃകയില്ലാത്ത, പുതിയതിനെ കുറിച്ചുള്ള ഭാവനയാണ് നമ്മെ മുന്നോട്ട് പോകാൻ സഹായിക്കുക. ഈ പുതിയ വിഭാവന മേൽപറഞ്ഞ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതും ഇവിടത്തെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ ഉറപ്പുവരുത്തുന്നതുമാവണം. അഥവാ, മതേതരത്വത്തിന് ഭീഷണിയാണെന്ന് കരുതപ്പെടുന്ന ‘മുസ്‌ലിം  പ്രക്ഷോഭത്തെ’ ജനാധിപത്യ സാധ്യതയായി അംഗീകരിക്കുക എന്നാണ്. ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ പങ്കാളിത്തത്തെ പ്രാപ്തമാക്കുന്നതെന്ന നിലയിൽ മുസ്‌ലിം രാഷ്ട്രീയ ആവിഷ്കാരങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരുമിച്ചുകൂടാനും സംഘടിക്കാനും അവകാശമുള്ള, നിയമാനുസൃത രാഷ്ട്രീയ സംവർഗ്ഗമായി ‘മുസ്‌ലിമിനെ’ അംഗീകരിക്കുക എന്നതാണ് അത്യാവശ്യം.

കാലങ്ങളായി ഇന്ത്യയിലെ മുസ്‌ലിംകൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവഗണനയെ കുറിച്ചുള്ള സാക്ഷ്യപത്രമാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. ഈ പുറംതള്ളലുകളെയും മാറ്റിനിർത്തലിനെയും നിയമാനുസൃതമാക്കുകയാണ് സി‌.എ‌.എ ചെയ്തത്. ഒരു രാഷ്ട്രം സ്വന്തം ജനതയ്‌ക്കെതിരായ വംശഹത്യയ്ക്ക് ഒപ്പു ചാർത്തിയിരിക്കുന്നു. അതിനെ എതിർക്കുന്ന ഏതൊരു നടപടിയും നിയമവിരുദ്ധമായി അടയാളപ്പെടുത്തുന്നു. ഒരു സമുദായം തന്നെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെടുമ്പോൾ, പിന്നീടുള്ള പ്രതിഷേധം നിയമവിരുദ്ധമായി മാറുന്നത് സ്വാഭാവികമാണ്. ആത്യന്തികമായി നിയമവും നിയമസാധുതയും നീതിയുടെയും ധാർമ്മികതയുടെയും തത്വമല്ലല്ലോ.


വിവർത്തനം: ഇവാന

താഹിര്‍ ജമാല്‍ കെ.എം