Campus Alive

ഇസ്‌ലാമിക ഫെമിനിസം: ഒരു മതേതരാനന്തര അപകോളനീകരണ വായന

അടിച്ചമർത്തപ്പെട്ട അല്ലെങ്കിൽ മുസ്‌ലിം ആൺകോയ്മയിൽ നിന്നും രക്ഷിക്കപ്പെടേണ്ട മുസ്‌ലിം സ്ത്രീ എന്ന ഇടതു മതേതര വാർപ്പ് മാതൃകകളാണ്  കേരളീയ സാഹചര്യത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം സ്ത്രീ പഠനങ്ങളിലും  പ്രതിഫലിക്കാറുള്ളത്. ഇതിൽ നിന്നു വ്യത്യസ്തമായി മുസ്‌ലിംസ്ത്രീ വൈജ്ഞാനിക ഇടപെടലുകളും നവസിദ്ധാന്തങ്ങളും പരിചയപ്പെടുത്തുന്നതാണ് ജെ.എൻ.യു ഗവേഷക വിദ്യാർത്ഥിയായ ഉമ്മുൽ ഫായിസ എഴുതിയ ‘ഇസ്‌ലാമിക ഫെമിനിസം: വൈവിധ്യം, സങ്കീർണ്ണത, ഭാവി’ എന്ന കൃതി. അധിനിവേശ അധികാരഘടനക്കും അടിച്ചമർത്തലിനും എതിരായി സ്വയം സംസാരിക്കുന്ന മുസ്‌ലിം സ്ത്രീ എന്ന അനുഭവം ഈ കൃതി സാധ്യമാക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അദർ ബുക്സ് 2020 നവംബറിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

മുസ്‌ലിം സ്ത്രീ എന്ന വിഷയത്തെ പഠനവിധേയമാക്കിക്കൊണ്ട് വികസിച്ചുവന്ന വ്യത്യസ്തവും എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായ ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകളെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ രീതിയിൽ സൈദ്ധാന്തികമായി പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ജെ.എൻ.യു പോലുള്ള പുരോഗമന ഇടങ്ങളിൽ നിന്നും മുസ്‌ലിം സ്ത്രീ എന്ന നിലയിൽ താൻ അനുഭവിച്ച പുറന്തള്ളലിനെതിരായ സൂക്ഷ്മ സമരങ്ങൾ ഈ പുസ്തകത്തിന്റെ ആന്തരികോർജ്ജമാണെന്ന് എഴുത്തുകാരി പ്രതിപാദിക്കുന്നു. അഥവാ, മുഖ്യധാരാ ബോധ മണ്ഡലത്തിന് ബദലായി ഒരു കീഴാള ജ്ഞാന മണ്ഡലത്തിന്റെ പിൻബലം പുസ്തകത്തിൽ ദൃശ്യമാണ്.

ഇസ്‌ലാമിക ഫെമിനിസ്റ്റ് ചർച്ചകളെ അഞ്ച് അദ്ധ്യായങ്ങളിലായാണ് ഈ കൃതിയിൽ പഠനവിധേയമാക്കുന്നത്.

മതേതരാനന്തര വായനകൾ

ഒന്നാമദ്ധ്യായത്തിൽ മതം, മതേതരത്വം, ഫെമിനിസം ഇവ തമ്മിലുള്ള അധികാര ബന്ധത്തെ പുനർവിചിന്തനം നടത്തുന്നു. മുസ്‌ലിം സ്ത്രീ ചർച്ചകളിലേക്ക് വരുമ്പോൾ മതേതരത്വം കൽപ്പിക്കുന്ന അതിർത്തികൾ ഭേദിച്ചു കൊണ്ട് ഫെമിനിസത്തിന്റെ മതങ്ങളുമായുള്ള സംവാദത്തിന്റെ ചരിത്രഘട്ടത്തെയും ഇവിടെ അടയാളപ്പെടുത്തുന്നുണ്ട്. അതോടൊപ്പം എഴുത്തുകാരി മതേതരത്വത്തിന്റെ ചില വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ പ്രധാനമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് (choice) എന്നതിൽ നിന്നും ഇസ്‌ലാം മതത്തിലെ സ്ത്രീകളുടെ തെരഞ്ഞെടുപ്പുകൾ എങ്ങനെ പുറത്താക്കപ്പെടുന്നുവെന്നും മുസ്‌ലിം സ്ത്രീകളുടെ തെരഞ്ഞെടുപ്പുകൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പുകളായി കണക്കാക്കപ്പെടുന്നില്ല എന്നും അവർ ചോദിക്കുന്നു.

The Politics of The Veil

തുടർന്ന് 1980 കൾക്കു ശേഷം മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൈവിധ്യമാർന്ന പോസ്റ്റ് സെക്കുലർ ഫെമിനിസ്റ്റ് ചർച്ചകളാണ് വിശകലനം ചെയ്യുന്നത്.  അതിൽ “The politics of the veil” എന്ന ജോൺ വല്ലാഹ് സ്കോട്ടിന്റെ പഠനത്തെ എഴുത്തുകാരി വളരെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. മുസ്‌ലിം ശിരോവസ്ത്രത്തെ നിരോധിച്ച ഫ്രഞ്ച് മതേതരത്വത്തിന്റെ ജനാധിപത്യ വിരുദ്ധതയെ തുറന്നു കാട്ടിയും മതേതരത്വം എന്നത് ആധുനികതയും പുരോഗതിയും നവോത്ഥാനവുമാണെന്ന വീക്ഷണത്തെയും ചോദ്യം ചെയ്യുന്ന സ്കോട്ടിന്റെ വാദം ഫെമിനിസ്റ്റ് ചർച്ചകളിൽ വളരെയധികം ശ്രദ്ധേയമായതാണ്.

പശ്ചാത്യ മതേതര പൊതുമണ്ഡലമെന്നത് ക്രിസ്തീയ പാരമ്പര്യങ്ങൾ ഉൾചേർന്നതാണെന്നും  അതിനാൽ അധീശ മതഭാവങ്ങളുടെ സ്വാംശീകരണമാണ് മതേതരത്വം എന്നുമുൾക്കൊള്ളുന്നതെന്ന ജൂഡിത് ബട്ലെറുടെ വായനയും എഴുത്തുകാരി  ഇതിൽ   വിശദമാക്കുന്നുണ്ട്. ഈ വായനകൾ മതത്തെക്കുറിച്ചുള്ള മതേതരത്വത്തിന്റെ  മുൻധാരണകളെ ചോദ്യം ചെയ്യുകയും മതവുമായി ഫെമിനിസത്തിന് പുതിയൊരു സംഭാഷണം സാധ്യമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.

മതേതരത്വത്തിന്റെ അടിച്ചമർത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന ലേബലിനെ ഇല്ലായ്മ ചെയ്യാനും, മതത്തിനകത്ത് സ്ത്രീക്ക് സ്വയം സംസാരിക്കാനും, വൈജ്ഞാനിക ഇടപെടലുകൾ നടത്താനും സാധിക്കുമെന്ന് മതേതരാനന്തര, അപകോളനീകരണ മുസ്‌ലിം സ്ത്രീ വായനകളെ മുൻനിർത്തി എഴുത്തുകാരി വിശദമാക്കുന്നു.

ദൈവശാസ്ത്രപരമായ വായനകൾ

‘ഇസ്‌ലാമിക ഫെമിനിസവും ഖുർആന്റെ സ്ത്രീപക്ഷ വായനയും’ എന്ന രണ്ടാമദ്ധ്യായത്തിലാണ് ഖുർആന്റെ വ്യത്യസ്തമായ സ്ത്രീപക്ഷ വായനകളേയും അതിലെ ആന്തരികസംഘർഷങ്ങളേയും കുറിച്ച്  പറയുന്നത്. മതേതരാനന്തര, കോളനിയാനന്തര രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്നുവന്ന ഈ സ്ത്രീപക്ഷ വായനകൾ ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ ദൈവികതയെയല്ല, മറിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നതിലെ പുരുഷാധിപത്യത്തെയാണ് വിമർശന വിധേയമാക്കുന്നത്.

ഖുർആനിലെ സ്ത്രീപക്ഷ വായനയുടെ ഒരു അടിസ്ഥാന രചനയായി കണക്കാക്കുന്ന “Quran and Women: Rereading the Sacred Text from a Women’s Perspective”  എന്ന ആമിന വദൂദിന്റെ ഗ്രന്ഥത്തിലൂടെ പരമ്പരാഗത ഖുർആൻ വ്യാഖ്യാന രീതിശാസ്ത്രത്തിന്റെ പല വിമർശനങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടു പ്രധാന പ്രശ്നങ്ങളാണ് വദൂദ്  മുന്നോട്ടുവെക്കുന്നത്. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന ബോധ്യം എങ്ങനെയാണ് ഖുർആൻ വ്യാഖ്യാനത്തിൽ ലംഘിക്കപ്പെട്ടതെന്നും, പുരുഷന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ തങ്ങളുടെ വിഷയീസ്ഥാനത്തെക്കുറിച്ച് നടത്താതെപോയ സ്വയം വിമർശനം എങ്ങനെയാണ് ഖുർആൻ വ്യാഖ്യാനത്തെ ഒരു പുരുഷ ചരിത്രമാക്കി മാറ്റിയത് എന്നുമുള്ള  പ്രശ്നങ്ങളാണവ.

ആമിന വദൂദ്, അസ്മ ലംറാബിത്

അതോടൊപ്പം മൊറോക്കൻ ഇസ്‌ലാമിക ഫെമിനിസ്റ്റായ അസ്മ ലംറാബിതിന്റെ ചില സ്ത്രീപക്ഷ നിരീക്ഷണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അതിൽ ഒന്നാണ് മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചർച്ച. ആദമിനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്നും ഹവ്വയെ ആദമിന്റെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചതെന്നുമുള്ള ആൺകോയ്മാ വാദത്തെ അപനിർമ്മിക്കുന്നതാണ് അസ്മ ലംറാബിതിന്റെ വായനകൾ. ഖുർആനിക വാക്കർത്ഥങ്ങളുടെ പഠനത്തിലൂടെ ഹവ്വയുടെ സൃഷ്ടി എന്നത് ഇണയും തുണയും എന്ന തുല്യപദവിയെയാണ് കാണിക്കുന്നത് എന്ന ആശയം അവർ മുന്നോട്ടുവെക്കുന്നു.

ഈ ഖുർആനിക സ്ത്രീപക്ഷ വായനകളുടെ വിശദീകരണത്തിൽ ഖുർആൻ സ്ത്രീകളെ ‘അടിക്കാൻ’ കൽപ്പിക്കുന്നുവെന്ന സൂക്തത്തിന്റെ വൈവിധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകളെയും കൃത്യവും ലളിതവുമായ രീതിയിൽ പുസ്തകത്തിൽ  പ്രതിപാദിക്കുന്നുണ്ട്.

ഇസ്‌ലാമിക നിയമവുമായി ബന്ധപ്പെട്ട വായനകൾ

മുസ്‌ലിം ജീവിതവും ഇസ്‌ലാമിക നിയമവും തമ്മിൽ അഭേദ്യമായ ബന്ധം തന്നെയുണ്ട്. ‘ഇസ്‌ലാമിക നിയമം’ എന്ന പ്രയോഗം കൊളോണിയൽ ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ സാധ്യമായ വാക്കാണെന്നും, അതിനുമുൻപ് ശരീഅഃ, ഫിഖ്ഹ്  എന്നിങ്ങനെയുള്ള തത്തുല്യമായ വാക്കുകളാണ് മുസ്‌ലിം സമുദായത്തിൽ നിലനിന്നിരുന്നത് എന്നും ഉമ്മുൽ ഫായിസ വിശദമാക്കുന്നുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ ഇസ്‌ലാമിക നിയമത്തെ മുസ്‌ലിംകളുടെ കുടുംബ/വ്യക്തി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സിവിൽ നിയമം മാത്രമായി ചുരുക്കപ്പെട്ടതോടെ, പൂർവ്വാധുനിക കാലഘട്ടത്തിലെ ബഹുസ്വരവും, ഒത്തുതീർപ്പുകൾക്ക് വിധേയമായതും, വികേന്ദ്രീകൃത സ്വഭാവമുള്ളതുമായ ഇസ്‌ലാമിക നിയമത്തെ ഭരണകൂട ചിന്തയുടെ ഭാഗമാക്കി മാറ്റുകയും, ഇസ്‌ലാമിക നിയമങ്ങളുടെ സ്വതന്ത്രസ്വഭാവത്തെ തന്നെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ഒരേസമയം പാശ്ചാത്യ കൊളോണിയൽ ശക്തികൾക്ക് ഇസ്‌ലാമിനേയും മുസ്‌ലിംകളേയും ഒതുക്കി നിർത്തുവാനും, ഇന്ത്യയിലടക്കം സ്വാതന്ത്ര്യാനന്തരം ഇടത്-വലത് ലിബറലുകളുടെ മുൻകയ്യോടെ  ഇസ്‌ലാമോഫോബിയ ആയുധമാക്കി കൊണ്ട് നവസാമ്രാജ്യത്വ അധിനിവേശ ഇടപെടലുകളുടെ തുടർച്ച സൃഷ്ടിക്കാനും സാധിച്ചു.

ഇസ്‌ലാമിക നിയമത്തിന്റെ ഫെമിനിസ്റ്റ് വായനയിലെ മൂന്നു സമീപനങ്ങളെ വിശകലനം ചെയ്തുകൊണ്ട് അവയെയെല്ലാം സമന്വയിപ്പിച്ച ഇറാനിയൻ ഇസ്‌ലാമിക നിയമ  ഫെമിനിസ്റ്റായ സീബ മിർ ഹുസൈനിയുടെ വായനയാണ് പ്രായോഗികമായ ഇസ്‌ലാമിക നിയമ ഫെമിനിസത്തിന്റെ ഏറ്റവും സജീവമായ ധാര എന്ന് എഴുത്തുകാരി അടിവരയിടുന്നു. ജ്ഞാനശാസ്ത്രത്തിലുള്ള ആൺകോയ്മയുടെ വിമർശനവും, വിവാഹ കരാറിൽ സ്ത്രീകൾക്ക് മുൻകൈ വരുത്തുന്നതും, ഭർത്താവിന്റെ ഏകപക്ഷീയമായ അധികാരത്തെ പരിമിതപ്പെടുത്തുന്നതുമെല്ലാം ഇസ്‌ലാമിക നിയമത്തിന്റെ പ്രശ്ന മണ്ഡലത്തിൽ സ്ത്രീയുടെ പദവി ഉയർത്താനുള്ള മാർഗ്ഗങ്ങളായി ഹുസൈനി എടുത്തുപറയുന്നു. ആധുനിക ദേശ-രാഷ്ട്രങ്ങളിലെ ജനാധിപത്യവിരുദ്ധമായ ശക്തികൾ ഇസ്‌ലാമിക നിയമത്തെ ചുരുക്കുമ്പോഴാണ് കുടുംബ നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത് എന്ന ബോധ്യത്തിൽ നിന്ന് കൊണ്ട് തന്നെ ഒരു പ്രായോഗികമായ മാർഗ്ഗമാണ് ഹുസൈനി മുന്നോട്ടുവെക്കുന്നത്.

സൂഫി വായനകൾ

അടുത്ത അദ്ധ്യായത്തിൽ മൂന്നു ഭാഗങ്ങളാക്കി തിരിച്ചുകൊണ്ട് ഇസ്‌ലാമിലെ ലിംഗഭേദത്തെ സംബന്ധിച്ച ചർച്ചകളിലെ സൂഫി വായനകളെക്കുറിച്ചും വിവരിക്കുന്നു. കൊളോണിയൽ അധികാര ലോകം ചെറുത്തുനിൽപ്പുകളെ ഇല്ലായ്മ ചെയ്യാൻ സൂഫിസത്തെ ഉപയോഗപ്പെടുത്തിയിരുന്നു എന്നും, 9/11 ശേഷം അമേരിക്കൻ അധിനിവേശ രാഷ്ട്രീയത്തെ സൂഫിസം ന്യായീകരിച്ചിരുന്നു എന്നുമുള്ള ചരിത്രത്തെ മുൻനിർത്തിക്കൊണ്ടുതന്നെയാണ് എഴുത്തുകാരി ഇങ്ങനെയൊരു വിശകലനത്തിന് മുതിരുന്നത്. ആണധികാര ലിംഗ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഹുസൈൻ നസ്റിന്റെയും, സാമൂഹിക ജീവിതത്തിലെ ആൺകോയ്‌മാധാരണകളുമായി ഒത്തുപോകാൻ തയ്യാറാകുന്ന സചികോ മുറാത്തയുടെയും ഇസ്‌ലാമിക് ഫെമിനിസത്തിന്റെ സൂഫീ വായനകളോടുള്ള സാദിയ ഷെയ്ഖിന്റെയും  വിമർശനങ്ങളെയും മറുചോദ്യങ്ങളെയുമാണ് ഇവിടെ ഉയർത്തിക്കാണിക്കുന്നത്. അന്തലൂസിയൻ ഇസ്‌ലാമിക ചിന്തകനായ ഇബ്നു അറബിയുടെ പഠനങ്ങളാണ് സാദിയ  ഷെയ്ഖിന്റെ  മറുചോദ്യങ്ങളെ  ശക്തമാക്കുന്നത്.

സാദിയ ഷെയ്ഖ്

സമകാലിക ലോകത്ത് ഒരേ സമയം വിശ്വാസിയായ മുസ്‌ലിം സ്ത്രീയായും, ഗവേഷകയുമായിക്കൊണ്ട് തന്റെ പഠനം നടത്തുന്നതിന്റെ ‘മതേതര’ പ്രതിസന്ധികൾ സാദിയ ഷെയ്ഖിന്റെ എഴുത്തുകളിൽ വ്യക്തമാണ് എന്ന് ഉമ്മുൽ ഫായിസ ചൂണ്ടിക്കാട്ടുന്നു. ഹുസൈൻ നസ്റിന്റെ ‘സ്ത്രീ-പുരുഷ ഗുണ’ങ്ങളെ കുറിച്ചുള്ള (ജമാലിയത്ത്, ജലാലിയ്യത്ത്) പഠനത്തെ വിമർശിച്ചുകൊണ്ട് സൂഫിസത്തിന്റെ അപനിർമ്മാണം ഷെയ്ഖ് സാധ്യമാക്കുന്നുണ്ട്. അല്ലാഹുവിന്റെ ഈ രണ്ടു ഗുണങ്ങളെ സ്ത്രീ-പുരുഷ ദ്വന്ദ്വത്തിലേക്ക് ചുരുക്കേണ്ടതില്ലെന്നും, അങ്ങനെ ചുരുക്കിക്കാണുന്നത് ആണധികാരത്തെ ശക്തമാക്കുന്നതാണെന്നും ഇബ്നു അറബിയുടെ ചിന്തകളെ മുൻനിർത്തി അവർ സമർത്ഥിക്കുന്നു. ഇതേരീതിയിൽ ഇബ്നു അറബിയുടെ ചിന്തകളെ മുൻനിർത്തിക്കൊണ്ട് സചികോ മുറാത്തയുടെ പഠനങ്ങളെയും ഷെയ്ഖ് ചോദ്യം ചെയ്യുന്നുണ്ട്. ഭൗതിക ജീവിതത്തിലെ ആൺകോയ്മയും ആത്മീയ ജീവിതത്തിലെ പെൺകോയ്മയും ദൈവത്തിന്റെ തീരുമാനവും വിഭജനവുമാണെന്ന് വിശ്വസിച്ചുകൊണ്ട് സചികോ മുറാത്ത സമകാലിക ആണധികാര വ്യവസ്ഥയുമായി സന്ധിയിൽ ഏർപ്പെടുമ്പോൾ, സാദിയ ഷെയ്ഖ് മുന്നോട്ട് വെക്കുന്നത് ഇസ്‌ലാമിൽ  ഭൗതികം/ആത്മീയം എന്ന വേർതിരിവ് തന്നെയില്ല എന്ന ഇബ്നു അറബിയുടെ വായനയെയാണ്. ഭൗതിക ലോകത്ത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീക്കും പ്രാധാന്യമുണ്ടെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇങ്ങനെ സമകാലിക സൂഫീ പഠനങ്ങളിലെ ആൺകോയ്മാ വ്യാഖ്യാനങ്ങളെ തിരുത്തി എഴുതാൻ അവർക്ക് സാധിക്കുന്നു.

അധിനിവേശാനന്തര വായനകളും  അപകോളനീകരണ വായനകളും

ഇസ്‌ലാമിക ഫെമിനിസം അധികാരത്തിന്റെ ലോകത്ത് സാധ്യമാക്കുന്ന ദൈവശാസ്ത്രപരമായതും സാമൂഹികവും രാഷ്ട്രീയപരവുമായ ചർച്ചകളെയും വിമർശനങ്ങളെയും അപകോളനീകരണ വായനകളെയുമാണ് അവസാന അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നത്. ശീതയുദ്ധാനന്തരവും 9/11-നു ശേഷവും ആഗോളതലത്തിൽ സൃഷ്ടിക്കപ്പെട്ട ഇസ്‌ലാമോഫോബിയയുടെ തുടർച്ചയായിക്കൊണ്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ (അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാകിസ്ഥാൻ, സിറിയ etc.) അമേരിക്ക നടത്തിയ അധിനിവേശങ്ങൾക്ക് ശേഷം ഉയർന്നുവന്ന കോളനിയാനന്തര ഇസ്‌ലാമിക ചിന്തകളെ രണ്ടു രീതിയിലാണ് ഉമ്മുൽ ഫായിസ വായിക്കുന്നത്. ഫരീദ് ഇസാക്ക്, ലൈല അഹമ്മദ്, ഹൂറിയ ബൂതെൽജ തുടങ്ങിയവരുടെ ഇസ്‌ലാമിക ചിന്തകൾക്കകത്തുനിന്നു കൊണ്ടുള്ള പോസ്റ്റ് കൊളോണിയൽ സമീപനങ്ങളും, സബാ മഹ്മൂദ്, ലൈല അബു-ലുഗോത്, ജോസഫ് മസദ്‌  തുടങ്ങിയവരുടെ ഇസ്‌ലാമിക ചിന്തയുടെ ഭാഗമല്ലാതെ പോസ്റ്റ് കൊളോണിയൽ ചിന്തയുടെ ഭാഗമായുള്ള വായനകളും.

ഈ രീതിയിൽ ഉയർന്നുവന്ന പോസ്റ്റ് കൊളോണിയൽ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചിന്തകളെ പ്രധാനമായും മൂന്നു കാലഘട്ടങ്ങളായി തിരിച്ചുകൊണ്ടുള്ള വിശദീകരണ ശൈലി വായനക്കാർക്ക് ഏറെ എളുപ്പത്തിൽ പോസ്റ്റ് കൊളോണിയൽ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചിന്തയിൽ വന്ന ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു. ശീതയുദ്ധാനന്തരവും, എന്നാൽ 9/11-നു മുമ്പുമായി വികസിച്ചുവന്ന ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകൾ ആണ് പോസ്റ്റ് കൊളോണിയൽ ഇസ്‌ലാമിക് ഫെമിനിസത്തിന്റെ ആദ്യഘട്ടം. അഥവാ മുസ്‌ലിം ആൺകോയ്മയുടെ വിമർശനത്തിന് പാശ്ചാത്യ ഫെമിനിസ്റ്റ് ഉപകരണങ്ങൾ ആവശ്യമില്ലെന്നും, ഇസ്‌ലാമിക ചിന്തയുടെ ആദ്യകാല ആത്മാവിനെ വീണ്ടെടുത്തുകൊണ്ട് മുസ്‌ലിം ആൺകോയ്മയെ  പ്രതിരോധിക്കാനാവുമെന്നുമുള്ള പ്രഖ്യാപനത്തിലൂടെ ഒരേസമയം മുസ്‌ലിം ആൺകോയ്മയെയും പാശ്ചാത്യ ഫെമിനിസത്തെയും എതിർക്കുന്നതായിരുന്നു ലൈല അഹ്മദ്, ഫാത്തിമ മെർനീസി എന്നിവരടങ്ങിയ ഈ  ഒന്നാംഘട്ടം.

Illustration: ‘Generations Lost’, Helen Zughaib

9/11-നു ശേഷം മുസ്‌ലിം രാഷ്ട്രങ്ങളിൽ നടന്ന അമേരിക്കൻ അധിനിവേശങ്ങൾ അഭിമുഖീകരിച്ചു കൊണ്ടാണ് പോസ്റ്റ് കൊളോണിയൽ ഇസ്‌ലാമിക് ഫെമിനിസത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. സ്ത്രീ വിമോചനത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിൽ കൊല്ലപ്പെട്ടവരിൽ 75 ശതമാനവും സ്ത്രീകളും കുട്ടികളുമായിരുന്നിട്ടുകൂടി, അധിനിവേശ രാഷ്ട്രീയത്തെ പിന്തുണച്ചുകൊണ്ടുള്ള ഇർഷാദ് മഞ്ചി, അയാൻ ഹിർസി അലി, മലാല യൂസുഫ് സായ് തുടങ്ങിയവരുടെ മുസ്‌ലിം സ്ത്രീ അനുഭവങ്ങൾ ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ടു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ  സാമ്രാജ്യത്വ/അധിനിവേശ ഫെമിനിസത്തെ(imperialist/colonial feminism) രാഷ്ട്രീയമായി ചോദ്യം ചെയ്തുകൊണ്ട് സബ മഹ്മൂദിന്റെയും സാദിയ ഷെയ്ഖിന്റെയും വായനകൾ വികസിക്കുന്നത്.

ലിബറൽ സെക്കുലറിസത്തിന്റെ ജ്ഞാനശാസ്ത്രപരമായ മേൽക്കോയ്മയുടെ വിമർശനം സാധ്യമാക്കിയ അപകോളനീകരണ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചിന്തകളാണ് മൂന്നാംഘട്ടം. ഫ്രാൻസിലേക്ക് കുടിയേറിയ അൾജീരിയൻ ഇസ്‌ലാമിക ഫെമിനിസ്റ്റ് ചിന്തകയായ ഹൂറിയ ബൂതെൽജയുടെ വായനകളെയാണ് എഴുത്തുകാരി പ്രധാനമായും കേന്ദ്രീകരിക്കുന്നത്. അധിനിവേശം ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ പോരാട്ടങ്ങളെയും ഒത്തുതീർപ്പുകളെയുമെല്ലാം കാണാൻ കഴിയാത്ത അധികാര ഫെമിനിസത്തെ അവർ തള്ളിക്കളയുന്നു. അധിനിവേശ ആൺകോയ്മയും കീഴടക്കപ്പെട്ട ആൺകോയ്മയും രണ്ടാണെന്ന് മനസ്സിലാക്കിക്കൊണ്ട് “എന്റെ രാഷ്ട്രീയ ശത്രു സമുദായത്തിലെ പുരുഷനല്ല. ഒരർത്ഥത്തിൽ കീഴടക്കപ്പെട്ട ഈ സമുദായത്തിലെ ആൺകോയ്മയെ  വിമർശിക്കുക എന്നത്  ആഡംബരമാണെ”ന്ന് പ്രഖ്യാപിച്ചുകൊണ്ട് അധീശ ഫെമിനിസ്റ്റ്  വ്യവഹാരങ്ങളെ അവർ വിമർശിക്കുന്നുണ്ട്.

ഇസ്‌ലാമിക ഫെമിനിസ്റ്റ് പഠനങ്ങളുടെ ചരിത്രപരമായ വളർച്ചയെ സൂക്ഷ്മമായും ലളിതമായും ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നതിൽ ഉമ്മുൽ ഫായിസ നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. അതോടൊപ്പം ‘പുരോഗമന ഇടങ്ങളിൽ’ നിന്നും ഒരു മുസ്‌ലിം വിദ്യാർത്ഥി/മുസ്‌ലിംസ്ത്രീ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനും  രാഷ്ട്രീയവും വൈജ്ഞാനികവുമായ ഇടപെടലുകൾ വികസിപ്പിക്കുന്നതിനും വലിയൊരു  മുതൽക്കൂട്ടാണ് ഈ പുസ്തകം. അധീശ വ്യവഹാരങ്ങളോട് പ്രതിരോധം തീർക്കുന്ന മുസ്‌ലിം സ്ത്രീകൾക്കുള്ള വൈജ്ഞാനിക കരുത്താകുമ്പോൾ തന്നെ, പാശ്ചാത്യ അധിനിവേശ അധികാര വ്യവസ്ഥയോടും ഇടത് ലിബറൽ മതേതര കാഴ്ചപ്പാടുകളോടും ഈ കൃതി പ്രതിരോധത്തിലാണ്.

 

(ഗവ: വിക്ടോറിയ കോളേജിൽ ബി.എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ലേഖിക)

നഹ്‌ല മുഹമ്മദ് കെ.ടി

ഗവ: വിക്ടോറിയ കോളേജിൽ ബി.എ ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർത്ഥി