Campus Alive

നക്ബ ഓർമ്മകളുടെ കശാപ്പുകൾ

സെർബ് ജനതയോടൊപ്പം മറ്റു ജനതകളും ബോസ്നിയയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറയെ ഓർമ്മിപ്പിക്കുന്ന എല്ലാതരം ഭൗതിക ശേഷിപ്പുകളെയും തുടച്ചുമാറ്റാൻ തീവ്ര ദേശീയവാദികളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചരിത്രപ്രധാനമായ പള്ളികൾ, ചർച്ചുകൾ, സിനഗോഗുകൾ എന്നിവക്കൊപ്പം നാഷണൽ ലൈബ്രറികളും, ആർക്കൈവുകളും, മ്യൂസിയങ്ങളും ചുട്ടെരിക്കപ്പെടുകയും ഇടിച്ചുനിരത്തപ്പെടുകയും ചെയ്തു. ഭൂതകാലത്തിന്റെ സ്മരണകളെയും അവർക്ക് ഇല്ലാതെയാക്കണം.

-Sevdalinka.net

ഏഴു ലക്ഷത്തിലധികം ഒലീവ്-ഓറഞ്ച് മരങ്ങൾ ഇസ്രായേലികൾ നശിപ്പിച്ചുകളഞ്ഞു. പ്രകൃതി സംരക്ഷകർ ചമയുന്ന ഒരു രാഷ്ട്രത്തിന്റെ തനി വിധ്വംസക പ്രവർത്തനമാണിത്. എത്ര നീചവും ലജ്ജാവഹവുമാണിത്!

 

-Address by Ronnie Kasrils, Minister ofWater Affairs and Forestry, South Africa, London 30 November, 2002

ഫലസ്തീന്റെ അഴിച്ചുപണി

ഇസ്രായേലിൽ സ്റ്റേറ്റ് ഭൂമി കയ്യാളുന്ന ഇസ്രായേൽ ലാൻഡ് അതോറിറ്റി, ആർമി, ഗവണ്മെന്റ് എന്നീ ഏജൻസികൾക്കൊപ്പം, തകർക്കപ്പെട്ട ഫലസ്തീനിയൻ ഗ്രാമങ്ങളിൽ പുതിയ ജൂത വാസകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ജൂവിഷ് നാഷണൽ ഫണ്ടും (ജെ.എൻ.എഫ്) പങ്കുകൊണ്ടിരുന്നു. കുടിയൊഴിപ്പിക്കലിനോടൊപ്പം ഇസ്രായേൽ അധീനപ്പെടുത്തുകയും തകർക്കുകയും പുനർനിർമ്മിക്കുകയും ചെയ്ത പ്രദേശങ്ങളുടെ പുനർനാമകരണവും നടത്തിയിരുന്നു. ഫലസ്തീൻ ഭൂമിശാസ്ത്രത്തെ ഹീബ്രുവത്കരിക്കാൻ ചുമതലയുള്ള ഔദ്യോഗിക നാമകരണ കമ്മിറ്റിയിൽ (Naming Committee) പ്രവർത്തിക്കുന്ന ബൈബിൾ പണ്ഡിതരുടെയും പുരാവസ്തു ഗവേഷകരുടെയും സഹായത്തോടെയാണ് ഈ ദൗത്യം നടത്തിവന്നിരുന്നത്.

ഈ നാമകരണ കമ്മിറ്റി യഥാർഥത്തിൽ 1920-ൽ തന്നെ സ്ഥാപിക്കപ്പെട്ട ഒരു പഴയ സംഘടനയാണ്. ജൂതന്മാർ വാങ്ങിയിരുന്ന പുതിയ പ്രദേശങ്ങൾക്കും നിലങ്ങൾക്കും ഹീബ്രു നാമങ്ങൾ കൊടുക്കുന്ന ജൂത പണ്ഡിതരുടെ അനൗപചാരിക സംഘം എന്ന നിലക്കായിരുന്നു അന്നത് പ്രവർത്തിച്ചിരുന്നത്. നക്ബയുടെ അവസരത്തിൽ ജൂതർ പിടിച്ചടക്കിയ ഭൂമിയുടെ കാര്യത്തിലും അവർ അതേ ദൗത്യം തുടർന്നു. 1949-ൽ ബെൻ ഗുരിയോണിന്റെ അധ്യക്ഷതയിലാണ് ഈ കമ്മിറ്റി വീണ്ടും വിളിച്ചു ചേർക്കപ്പെടുന്നത്. ജെ.എൻ.എഫിന്റെ (ജൂവിഷ് നാഷണൽ ഫണ്ട്) ഒരു ഉപ-ഘടകമായി അയാൾ അതിനെ പരിവർത്തിപ്പിച്ചു.

ജെ.എൻ.എഫ്

ശൂന്യതയിൽ നിന്നായിരുന്നില്ല ഈ നാമകരണ കമ്മിറ്റി പ്രവർത്തിച്ചിരുന്നത്. ഹീബ്രു നാഗരികത ഉൾപ്പെടെയുള്ള കാലാവശേഷമായ പൂർവ നാഗരികതകളുടെ ശേഷിപ്പുകളിൽ ആയിരുന്നു ചില ഫലസ്തീനിയൻ ഗ്രാമങ്ങൾ നിർമിക്കപ്പെട്ടിരുന്നത്. പക്ഷേ, അവയെല്ലാം പരിമിതവും അവ്യക്തവുമായ പ്രതിഭാസമായിരുന്നു. അവർ പരികൽപ്പന ചെയ്തിരുന്ന ഹീബ്രു പ്രദേശങ്ങൾ കൃത്യമായ സ്ഥാനനിർണയം നടത്താൻ സാധിക്കാത്ത വിധം പുരാതനമായിരുന്നു. ആയതിനാൽ, കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങളുടെ പേരുകൾ ഹീബ്രുവത്കരിക്കുന്നതിന്റെ ലക്ഷ്യം പണ്ഡിതോചിതമല്ല, മറിച്ച് പ്രത്യയശാസ്ത്രപരമായിരുന്നു. ഈ കുടിയൊഴിപ്പിക്കലിനെ സാധൂകരിക്കുന്ന ആഖ്യാനം വളരെ ലളിതമാണ്: “ഇസ്രായേൽ ഭൂമിയിലേക്കുള്ള വൈദേശിക കുടിയേറ്റത്തിനിടക്ക് ഈ സ്ഥലങ്ങളുടെ യഥാർഥ ഹീബ്രു നാമം മായ്ക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു. ചില സമയങ്ങളിൽ വൈദേശിക രൂപങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്”. ‘പുരാതന ഇസ്രായേലിന്റെ’ ഭൂപടം പുനസൃഷ്‌ടിക്കാനുള്ള പുരാവസ്തു സംബന്ധിയായ ഈ ഗവേഷണ ത്വരയുടെ യഥാർഥ ഉദ്ദേശ്യം, വ്യവസ്ഥാപിതമായും അക്കാദമികമായും രാഷ്ട്രീയപരമായും സായുധമായും ഈ ഭൂപ്രദേശത്തിന്റെ പേരും ഭൂമിശാസ്ത്രവും എല്ലാത്തിലുമുപരി അതിന്റെ ചരിത്രവും അറബ് മുക്തമാക്കുക (De-Arabise) എന്നതാണ്.

മുൻപ് സൂചിപ്പിച്ചതു പോലെ, 1950കളിലും 60കളിലും ജെഎൻഎഫ് ഭൂമി പിടിച്ചെടുക്കുന്ന തിരക്കിലായിരുന്നു. അത് അവിടം കൊണ്ടവസാനിച്ചുമില്ല. 1967ലെ യുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു കിടന്ന ഭൂമികൾ ഉൾപ്പെടെ ജെറുസലേം പ്രദേശത്തും അവർ ഭൂമികൾ കൈവശപ്പെടുത്തി. 1980കളുടെ തുടക്കത്തിൽ ജെഎൻഎഫ് ഈ ഭൂമി അന്നും ഇന്നും കിഴക്കൻ ജെറുസലേമിനെ ജൂതവത്കരിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇസ്രായേലി എൻ.ജി.ഓ ‘ഇലാദിന്’ (Elad) കൈമാറി. ഈ എൻ.ജി.ഓ സിൽവാൻ പ്രദേശത്തെ ലക്ഷ്യമിടുകയും, ആ ഗ്രാമത്തിലെ യഥാർഥ ഫലസ്തീനിയൻ നിവാസികളെ തുടച്ചുനീക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 2005ൽ ‘അനധികൃത നിർമാണപ്രവർത്തനങ്ങളുടെയും കുടിയേറ്റത്തിന്റെയും’ പേരു പറഞ്ഞ് മൂന്ന് ഡസനോളം വീടുകൾ തകർത്തുകളയാൻ ഉത്തരവിട്ട ജെറുസലേം മുൻസിപ്പാലിറ്റിയുടെ സഹായവും അവർക്ക് ലഭിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജെഎൻഎഫ് നേരിട്ട പ്രധാന വെല്ലുവിളി ബെഞ്ചമിൻ നെതന്യാഹുവിന്റെയും (1996-1999) ഏരിയൽ ഷാരോണിന്റെയും (2001-2004/2003-2006) കീഴിൽ ത്വരിതപ്പെട്ട ഭൂവുടമസ്ഥതയുടെ സ്വകാര്യവത്കരണത്തിനുള്ള ഗവണ്മെന്റ് നയങ്ങളായിരുന്നു. ഇത് ജെഎൻഎഫിന്റെ അധികാരങ്ങൾക്ക് ഭീഷണിയുയർത്തി. എന്നാൽ, ഈ രണ്ട് വലതുപക്ഷ പ്രധാന മന്ത്രിമാരും സയസണിസത്തിന്റെയും മുതലാളിത്വത്തിന്റെയും ഇടയിൽപ്പെട്ട് ജീർണിച്ചുതീർന്നു. ഭാവിയിൽ എത്രത്തോളം ഭൂമി ജെഎൻഎഫിന്റെ കൈവശം വെക്കാൻ ഇവരുടെ പിന്മുറക്കാർ അനുവദിക്കും എന്ന് കണ്ടറിയണം. ഇസ്രായേലി വനങ്ങൾക്കു മേൽ ജെഎൻഎഫിനുള്ള ശക്തമായ പിടിപാട് മാത്രമാണ് മാറ്റമില്ലാതെ തുടരാൻ പോകുന്നത്.

ജെഎൻഎഫിന്റെ പരിധിയിലുള്ള ഈ വനങ്ങളിൽ നക്ബയുടെ നിഷേധം വളരെ വ്യാപകമാണ്. പ്രസ്തുത വനമ്പ്രദേശങ്ങൾക്കടിയിൽ കുഴിച്ചു മൂടപ്പെട്ട ഗ്രാമങ്ങളുടെ സ്മരണകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന ഫലസ്തീനി അഭയാർഥികളുടെ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായി അവ മാറിയിരിക്കുന്നു. അവിടെ നട്ടുപിടിപ്പിച്ചിരിക്കുന്ന പൈൻ-സൈപ്രസ് മരങ്ങൾക്കു കീഴെ വെറും പാഴ് നിലങ്ങൾ മാത്രമാണെന്നു വാദിക്കുന്ന ജെഎൻഎഫിന് എതിരെയാണ് അവർ നിലകൊള്ളുന്നത്.

ജെഎൻഎഫും വെർച്വൽ കൊളോണിയലിസവും

കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനിയൻ ഗ്രാമങ്ങളിൽ ദേശീയോദ്യാനങ്ങൾ നിർമിക്കാൻ തീരുമാനിക്കപ്പെട്ടപ്പോൾ, എന്താണ് അവിടെ നട്ടുപിടിപ്പിക്കേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം പൂർണമായും ജെഎൻഎഫിനായിരുന്നു. തുടക്കം മുതൽക്കേ ഫലസ്തീനിലെ തദ്ദേശീയമായ ഫ്ലോറ വൃക്ഷങ്ങൾക്കു പകരം കോനിഫർ മരങ്ങളായിരുന്നു ജെഎൻഎഫ് എക്‌സിക്യൂട്ടീവ് തെരഞ്ഞെടുത്തത്. ഒരു ഔദ്യോഗിക രേഖകളിലും ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, രാഷ്ട്രത്തെ യൂറോപ്പ്യനായി തോന്നിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. അതേസമയം പൈൻ-സൈപ്രസ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ലക്ഷ്യം രാജ്യത്തെ വളർന്നുവരുന്ന തടി വ്യവസായങ്ങളെ ത്വരിതപ്പെടുത്തുകയുമായിരുന്നു. ഇത് പരസ്യമായി പറയപ്പെടുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രത്തെ ജൂതരാഷ്ട്രമായും യൂറോപ്പ്യനായും ഹരിതാഭമായും നിലനിർത്തുക എന്നീ മൂന്ന് ലക്ഷ്യങ്ങളും ഒന്നായി ചേർന്നു. അതുകൊണ്ടാണ് ഇസ്രായേലി വനങ്ങളിൽ പതിനൊന്നു ശതമാനം മാത്രം തദ്ദേശീയ ഇനം വൃക്ഷങ്ങളുള്ളത്. ചില സമയങ്ങളിൽ ആശ്ചര്യകരമെന്നോണം ഫ്ലോറ ചെടികൾ തിരിച്ചുവരും. ഇടിച്ചുനിരത്തപ്പെട്ട വീടുകളിൽ മാത്രമല്ല, വയലുകളിലും ഒലീവ് തോട്ടങ്ങളിലും പൈൻ മരങ്ങൾ നട്ടുപിടിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, മിഗ്ദാൽ ഹാ-എമക് നഗരത്തിന്റെ പുതിയ വികസനങ്ങൾക്കിടയിൽ, മുജായ്ദിൽ എന്ന ഫലസ്തീനിയൻ ഗ്രാമത്തിന്റെ ശേഷിപ്പുകളെ മറച്ചുപിടിക്കാൻ ജെഎൻഎഫ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനായി നഗരത്തിന്റെ കിഴക്കൻ കവാടത്തിൽ പൈൻ മരങ്ങളുടെ ഒരു നിര തന്നെ നട്ടുപിടിപ്പിച്ചു.

ഇത്തരം ഉദ്യാനങ്ങൾ നശിപ്പിക്കപ്പെട്ട ഫലസ്തീനി ഗ്രാമങ്ങളെ മറച്ചുപിടിക്കുന്ന തരത്തിൽ വികസിക്കപ്പെടുന്ന ഓരോ ഇസ്രായേലി നഗരങ്ങളിലും നിർമിക്കപ്പെട്ടിട്ടുണ്ട് (തിറാത്ത് ഹൈഫക്കു മേൽ തിറാത്ത് ഹക്കാർമൽ, ഖൽസക്കു മേൽ ഖിർയത്ത് ഷെമോണ, മജ്ദലിനു മേൽ അഷ്‌കെലോൺ എന്നിവ ഉദാഹരണം). എന്നാൽ ഇത്തരം ഇനം മരങ്ങൾക്ക് പ്രാദേശിക മണ്ണുമായി പൊരുത്തപ്പെടാൻ കഴിയാതെ വരികയും, നിരന്തര ചികിത്സകൾക്കു ശേഷവും രോഗം ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മുജായ്ദയാലിലെ യഥാർഥ ഗ്രാമവാസികളുടെ ബന്ധുക്കളിൽ ചിലർ പിന്നീട് നടത്തിയ സന്ദർശനങ്ങളിൽ ചില പൈൻ മരങ്ങൾ അക്ഷരർത്ഥത്തിൽ രണ്ടായി പിളർന്നതായി കാണപ്പെട്ടു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അമ്പത്-അറുപതു വർഷങ്ങൾക്കു മുൻപ് തങ്ങളെ തഴഞ്ഞു വെച്ചുപിടിപ്പിക്കപ്പെട്ട വൈദേശിക ഇനങ്ങളുടെ നിരാകരണമെന്നോണം രണ്ടായി പിളർന്ന പൈൻ തടികൾക്കിടയിലൂടെ ഒലീവ് മരങ്ങൾ മുളപൊട്ടിയ അവസ്ഥയിലായിരുന്നു അവ.

ഇസ്രായേലിനകത്തും മൊത്തം ജൂത ലോകത്തു തന്നെയും ഏറെ ഉത്തരവാദിത്വ ബോധമുള്ള പാരിസ്ഥിതിക സംഘമായാണ് ജെഎൻഎഫ് അറിയപ്പയെടുന്നത്. ഏറെ ശുഷ്‌കാന്തിയോടെ മരങ്ങൾ നട്ടു പിടിപ്പിക്കുന്നവർ, തദേശീയമായ ഫ്ലോറകളും നിലങ്ങളും പുനസൃഷ്‌ടിക്കുന്നവർ, പാർക്കുകളും റിസോർട്ടുകളും ഉണ്ടാക്കാൻ വഴിയൊരുക്കുന്നവർ, കുട്ടികൾക്ക് കളിയിടങ്ങളും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരുക്കുന്നവർ ഇങ്ങനെ പോകുന്നു അവരുടെ വിശേഷണങ്ങൾ. ജെഎൻഎഫിന്റെ വെബ്സൈറ്റിന്റെ സഹായത്താലും, ഇത്തരം പാർക്കുകളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും അടുത്ത് സ്ഥാപിക്കപ്പെട്ട ബോർഡുകളുടെ സഹായത്താലും ഇവിടങ്ങളിലേക്ക് ഇസ്രായേലികൾ എത്തിപ്പെടുന്നു. വിനോദങ്ങളിൽ ഏർപ്പെടാനോ വിശ്രമിക്കാനോ ആണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ പോലും പോകുന്നിടത്തൊക്കെ ഈ സന്ദേശങ്ങളും സൂചകങ്ങളും അവർക്ക് വിവരങ്ങൾ നൽകി സഹായിച്ചുകൊണ്ടിരിക്കും.

പാർക്കിങ് സ്പേസുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കളിസ്ഥലങ്ങളും പ്രകൃതി സുന്ദരമായ കാഴ്ചകളും തരപ്പെടുത്തുക മാത്രമല്ല ജെഎൻഎഫ് ചെയ്യുന്നത്, മറിച്ച് ഒരു പ്രത്യേക ചരിത്രത്തെ കുറിച്ചു പറയുന്ന ദൃശ്യമായ ചില സൂചനകൾ നൽകുക കൂടിയാണ്. വീടുകളുടെ ശേഷിപ്പുകൾ, കോട്ട, ഉദ്യാനങ്ങൾ, കള്ളിമുൾചെടികൾ തുടങ്ങിയവ ഉദാഹരണം. അവിടെ അനേകം ആൽമണ്ട് മരങ്ങളും അത്തി മരങ്ങളുമുണ്ട്. ശിശിരത്തിനൊടുവിൽ വസന്തകാലത്തിന്റെ ഭംഗി വിളംബരം ചെയ്തുകൊണ്ട് ആസകലം പൂവിട്ടുനിൽക്കുന്ന അവയെ കാണുമ്പോൾ ‘കാട്ടു മരങ്ങൾ’ എന്നാണ് ഇസ്രായേലികൾ ചിന്തിക്കുന്നത്. എന്നാൽ ഈ ഫലവൃക്ഷങ്ങൾ മനുഷ്യ കരങ്ങളാൽ നട്ടു നനക്കപ്പെട്ടതാണ്. എവിടെയെല്ലാം അത്തി-ആൽമണ്ട് മരങ്ങളുണ്ടോ, ഒലീവ് കാടുകളും കള്ളിച്ചെടികളുമുണ്ടോ അവിടെ ഒരിക്കൽ ഒരു ഫലസ്തീനിയൻ ഗ്രാമമുണ്ടായിരുന്നു.

നിലവിൽ തരിശായികിടക്കുന്ന നിലങ്ങൾക്കും, ഉദ്യാനങ്ങളിലെ ഊഞ്ഞാലുകൾക്കും, യൂറോപ്പ്യൻ പൈൻ കാടുകൾക്കും കീഴെ 1948-ൽ ഇസ്രായേലി സൈന്യം കുടിയിറക്കിയ ഫലസ്തീനികളുടെ വീടുകളും വയലേലകളും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അധിനിവേശ പ്രദേശങ്ങളിൽ അഭയാർഥികളായും, ഇസ്രായേലിലെ രണ്ടാംകിട പൗരന്മാരായും, ഫലസ്തീനി അതിർത്തികളിൽ അലഞ്ഞുതിരിയുന്നവരായും കഴിയുന്ന ഒരു ജനത ഒരുകാലത്ത് ഇവിടെ വസിച്ചിരുന്നു എന്ന് ജെഎൻഎഫിന്റെ സൂചനകൾ കൊണ്ടു മാത്രം നയിക്കപ്പെടുന്ന സന്ദർശകർ ഒരിക്കലും തിരിച്ചറിയുകയില്ല.

മറ്റൊരുതരത്തിൽ പറഞ്ഞാൽ, തങ്ങൾ നട്ടുവളർത്തുന്ന മരങ്ങളിലൂടെയും ഫലസ്തീനിന്റെ അസ്തിത്വം നിഷേധിച്ചുകൊണ്ട് നിർമ്മിക്കുന്ന ആഖ്യാനങ്ങളിലൂടെയും ഫലസ്തീനിന്റെ ശേഷിപ്പുകളെ മറച്ചുവെക്കുക എന്നതാണ് ജെഎൻഎഫിന്റെ യഥാർഥ ലക്ഷ്യം. ജെഎൻഎഫിന്റെ വെബ്സൈറ്റിലായാലും ഇത്തരം പാർക്കുകളിലായാലും, സുസജ്ജമായ ഓഡിയോ-വീഡിയോ ഉപകരണങ്ങളിലൂടെ ജൂത ജനതയുടെയും ഇസ്രായേൽ ഭൂമിയുടെയും ദേശീയ ബൃഹത് ആഖ്യാനങ്ങൾക്കകത്ത് പ്രദേശങ്ങളെ പശ്ചാത്തലവത്ക്കരിച്ചു കൊണ്ടുള്ള സയണിസ്റ്റ് കഥകൾ കേൾപ്പിച്ചുകൊണ്ടിരിക്കും. സയണിസത്തിന്റെ കടന്നുവരവിന് മുൻപ് ഫലസ്തീൻ ശൂന്യവും തരിശുമായി കിടന്ന ഭൂപ്രദേശമായിരുന്നു എന്ന മിഥ്യാഖ്യാനമാണ് ഇത് നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സയണിസം അതിന്റെ കെട്ടിച്ചമച്ച ജൂത ഭൂതകാലത്തിനു വിരുദ്ധമായ സകല ചരിത്രങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്.

ഇസ്രായേലിന്റെ ഒരു ഉദ്യാനമെന്ന നിലക്ക്, ഈ വിനോദ കേന്ദ്രങ്ങൾ ചരിത്രത്തെ ഓർമിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അതിനെ മുച്ചൂടും മായ്ച്ചുകളയുകയാണ്. ജെഎൻഎഫ് സാഹിത്യങ്ങളിലൂടെ 1948-ന് മുൻപുണ്ടായിരുന്ന ദൃശ്യമായ സംഗതികളോട് ബന്ധമുണ്ടാക്കുകയും തദ്ദേശീയമായ ചരിത്രത്തെ ബോധപൂർവം നിഷേധിച്ചുകളയുകയും ചെയ്യുന്നു. സ്വന്തമായി വ്യത്യസ്തമായ മറ്റൊരു കഥ പറയാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടവയല്ല ഈ ഉദ്യാനങ്ങൾ, മറിച്ച് തുടച്ചുനീക്കപ്പെട്ട ഫലസ്തീനിയൻ ഗ്രാമങ്ങളെ കുറിച്ചുള്ള സകല ഓർമകളെയും കശാപ്പ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. ഇപ്രകാരം ജെഎൻഎഫിന്റെ പ്രദേശങ്ങളിൽ നൽകപ്പെട്ടിരിക്കുന്ന വിവരണങ്ങൾ ഇസ്രായേലിന്റെ സകല വ്യാപിയായ നിഷേധ രീതിശാസ്ത്രമാണ്. ജനമനസ്സുകളിൽ ആഴത്തിൽ വേരോടുന്ന ഈ ഘടന, ഫലസ്തീനികളുടെ മുറിവുകളെയും ഓർമകളെയും മായ്ച്ചുകളഞ്ഞ് ഇസ്രായേലികളുടെ ആനന്ദ കേന്ദ്രങ്ങളായി അവയെ പരിവർത്തിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ‘പരിസ്ഥിതി പരിരക്ഷ’ എന്ന വ്യാജേനയുള്ള ജെഎൻഎഫ് വിവരണങ്ങൾ നക്ബയെ നിരാകരിക്കാനും, ഫലസ്തീൻ ദുരന്തത്തിന്റെ ഭീകരതകളെ മറച്ചുവെക്കാനുമുള്ള ഇസ്രായേലിന്റെ മറ്റൊരു ഔദ്യോഗിക തന്ത്രം മാത്രമാണ്.

ഇസ്രായേലിലെ ജെഎൻഎഫ് റിസോർട്ട് പാർക്കുകൾ

ജെഎൻഎഫിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോംപേജിൽ ഒരു അറബ്-മരുഭൂ പ്രദേശത്തെ യൂറോപ്യൻ പരിവേഷം നൽകി പരിവർത്തിപ്പിക്കാൻ ചുമതലപ്പെട്ട ഏജൻസിയായി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഈ ഇസ്രായേലി വനങ്ങളും പാർക്കുകളും ഇവിടെ ഉണ്ടായിരുന്നില്ലെന്നും, അവയെല്ലാം തരിശായി കിടന്ന ഭൂമികളിൽ വെച്ചുപിടിപ്പിക്കപ്പെട്ടവയാണ് എന്നും അവർ അഭിമാനപൂർവം പ്രഖ്യാപിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ഇസ്രായേലിലെത്തിയ ആദ്യ ജൂത കുടിയേറ്റക്കാർ ഒരിറ്റു തണൽ പോലുമില്ലാത്ത നിർജ്ജനമായ ഭൂമിയായിരുന്നത്രെ കണ്ടത്!

ഇസ്രായേലിലെ ഹരിതോദ്യാനങ്ങളുടെ നിർമാതാക്കൾ മാത്രമല്ല ജെഎൻഎഫ്, അവയുടെ സംരക്ഷകർ കൂടിയാണ്. എല്ലാ ഇസ്രായേലി പൗരന്മാർക്കും വിനോദ ദായിയായും, അവരിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ഈ വനങ്ങൾ സ്ഥാപിക്കപ്പെട്ടതെന്ന് ജെഎൻഎഫ് വാദിക്കുന്നു. എന്നാൽ, ഇതിനു പുറമെ, ഈ വനങ്ങൾക്കും പാർക്കുകൾക്കും കീഴെ തകർന്നടിഞ്ഞു കിടക്കുന്ന തങ്ങളുടെ വീടുകളെയും വാസകേന്ദ്രങ്ങളെയും കുറിച്ച എല്ലാ സ്മരണകളിൽ നിന്നും ഫലസ്തീനിയൻ അഭയാർഥികളെ തടയുന്ന പ്രധാന ഏജൻസിയാണ് ജെഎൻഎഫ് എന്നതു മാത്രമാണ് സന്ദർശകരോട് പറയപ്പെടാത്ത സംഗതി. ജെഎൻഎഫിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്ന വലുതും ജനകീയവുമായ നാല് വിനോദ കേന്ദ്രങ്ങൾ (ബിരിയ ഫോറസ്റ്റ്, റാമത്ത് മെനാഷെ ഫോറസ്റ്റ്, ജെറുസലേം ഫോറസ്റ്റ്, സതാഫ് ഫോറസ്റ്റ്) ഇസ്രായേലിലെ മറ്റേത് സ്ഥലങ്ങളെക്കാൾ നക്ബ യെയും നക്ബാ നിഷേധത്തെയും പ്രതീകവത്കരിക്കുന്നുണ്ട്.


(ഇലാൻ പെപ്പിന്റെ ‘The Ethnic Cleansing of Palestine’ എന്ന പുസ്തകത്തിൽ നിന്നെടുത്ത ഭാഗമാണിത്. വിവർത്തനം: അഫ്സൽ ഹുസൈൻ)

ഇലാൻ പെപ്പെ