Campus Alive

ഫീലിംഗ് ഓഫ് ഹിസ്റ്ററി; ചാൾസ് ഹിഷ്കിന്ദ് സംസാരിക്കുന്നു

(ചാൾസ് ഹിഷ്കിന്ദ് തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുന്നു, ഒന്നാം ഭാഗം)


 ഷേർ അലി തരീൻ: പുസ്തകത്തിലേക്ക് കടക്കുന്നതിന് മുൻപ്, ആദ്യം താങ്കളുടെ ബൗദ്ധിക യാത്രയെക്കുറിച്ചും എങ്ങനെയാണ് ഒരു നരവംശശാസ്ത്രജ്ഞനും ഇസ്‌ലാമിനെ കുറിച്ചുള്ള പണ്ഡിതനുമായി താങ്കൾ മാറിയതെന്നും ഞങ്ങളുമായി പങ്കുവെക്കാമോ?

ചാൾസ് ഹിഷ്കിന്ദ്: നരവംശശാസ്ത്രത്തിലേക്കും ഇസ്‌ലാമിനോടുള്ള എന്റെ താൽപ്പര്യത്തിലേക്കും ഞാൻ എത്തിപ്പെട്ടത് കുറച്ച് വളഞ്ഞ വഴിയിലൂടെയാണ്. ബിരുദത്തിന് ചേരുന്നതിന് മുമ്പ് ഏകദേശം എട്ട് വർഷത്തോളം എനിക്ക് സംഗീതജ്ഞനായി ഇറ്റലിയിൽ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അവിടെ ആയിരുന്നപ്പോൾ, എല്ലാ സംഗീതജ്ഞരെയും പോലെ, എനിക്കും ഒരു ജോലി ഉണ്ടായിരുന്നു. ഒരു സ്റ്റീൽ പൈപ്പ് ഫാക്ടറിയിൽ 4 വർഷത്തോളം ഞാൻ ജോലി ചെയ്തു, അവിടെ എന്റെ കൂടെ ജോലി ചെയ്യുന്ന ധാരാളം ആളുകൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ളവരായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുമ്പോൾ തന്നെ ഞാൻ ചെറിയ രീതിയിലൊക്കെ അറബി ഭാഷ സ്വായത്തമാക്കാൻ തുടങ്ങി. പിന്നീട് ഞാൻ സ്കൂളിൽ പോകാൻ തീരുമാനിച്ചപ്പോൾ, എനിക്ക് ഒരു ഭാഷ പഠിക്കേണ്ടതുണ്ടെന്നും, മുൻപുണ്ടായിരുന്ന ബന്ധങ്ങളിൽനിന്നുണ്ടായ അറബിയോടുള്ള ചെറിയ താല്പര്യം കാരണം അറബി തന്നെ പഠിക്കാമെന്നും ഞാൻ കരുതി. ഇസ്‌ലാമിനോടും മിഡിൽ ഈസ്റ്റിനോടുമുള്ള എന്റെ താൽപര്യം വളർന്നത് ശരിക്കും അറബിയിലൂടെയാണ്. അത് കേവലം ഭാഷാ പഠനത്തിലൂടെയും പിന്നെ കെയ്റോയിലുള്ള എന്റെ അറബി വിദ്യാഭ്യാസത്തിന്റെ സമയത്തും ഇസ്‌ലാമിന്റെ ചരിത്രത്തിലേക്കും, ഇസ്‌ലാമിന്റെ മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും തുടങ്ങി എല്ലാ തലത്തിലും എന്റെ താൽപര്യം കൂടുതൽ കൂടുതൽ വർദ്ധിക്കുന്നതായി ഞാൻ കണ്ടെത്തി.

അതാണ്, എന്നെ ഇവിടെ എത്തിച്ചത്. തീർച്ചയായും, ഈ വഴിയിൽ ധാരാളം ഉപദേഷ്ടാക്കൾ ഉണ്ടായിരുന്നുവെന്നതിൽ ഭാഗ്യവാനായിരുന്നു ഞാൻ. ആ താൽപര്യം വളർത്തിയെടുക്കാൻ അവരെന്നെ സഹായിക്കുകയും ഇസ്‌ലാമിനോടുള്ള എന്റെ ആസ്വാദനത്തെ പോഷിപ്പിക്കാൻ പ്രയോജനകരമായ ദിശയിലേക്ക് എന്നെ നയിക്കുകയും ചെയ്തു.

ഷേർ അലി തരീൻ: ഈ പുസ്തകത്തെക്കുറിച്ചുള്ള നമ്മുടെ സംഭാഷണത്തിന്റെ തുടക്കമെന്ന നിലയിൽ, പുസ്തകത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള, അന്തലൂസിസ്റ്റ (andalucista), അന്തലൂസിസ്മോ (andalucismo), മൂന്നാം സ്പെയിൻ (the third spain) എന്നീ മൂന്ന് പ്രധാന പദങ്ങളെക്കുറിച്ച് സംസാരിച്ചതിന് ശേഷം പുസ്തകത്തിലൂടെ താങ്കൾ എന്താണ് മുന്നോട്ടുവെക്കുന്നത് എന്ന് പറയാമോ. ഒരുപക്ഷേ, ഇതിന്റെ പശ്ചാത്തലത്തേ പറ്റി ധാരണയില്ലാത്ത നമ്മുടെ പ്രേക്ഷകർക്ക് അത് ഉപകാരപ്രദമാവും. തുടർന്ന്, അതിൽ നിന്ന് ഉയർന്നുവരുന്ന ചില പ്രധാന വിഷയങ്ങളെ എങ്ങനെ കൂടുതൽ വിശകലനം ചെയ്യാമെന്ന് നമുക്ക് നോക്കാം.

ചാൾസ് ഹിഷ്കിന്ദ്: ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിക്കുന്ന തെക്കൻ സ്പെയിനിലെ ഒരു പ്രാദേശിക ദേശീയവാദ പ്രസ്ഥാനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ന്തലൂസിസ്‌മോ. വിശാലമായ ഒരു പാരമ്പര്യത്തിന്റെ പ്രത്യേക രാഷ്ട്രീയ ഘട്ടം മാത്രമാണത്. ഈ വിശാലമായ പാരമ്പര്യത്തിന്റെ അടിസ്ഥാന ആശയത്തെ താഴെ പറയുന്ന രീതിയിൽ പ്രസ്താവിക്കാം; സമകാലിക അന്തലൂസിയയും ഒരു പരിധി വരെ സ്പെയിനും അന്തലൂസിയ ഭാഗമായ യൂറോപ്പും മധ്യകാല അൽ-അന്തലൂസുമായി (അതായത്, മധ്യകാല ഇസ്‌ലാമിക് ഐബീരിയ) വളരെ നിർണ്ണായകമായ രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു.

ഇന്ന് യൂറോപ്യന്മാർ അല്ലെങ്കിൽ അന്തലൂസിയക്കാർ നേരിടുന്ന വെല്ലുവിളി എന്നത് ഈ മേൽ പറഞ്ഞ ചരിത്ര സ്വത്വവും തുടർച്ചയും അംഗീകരിക്കപ്പെടുന്നതിന്റെ അത്യാവശ്യകതയാണ്. തെക്കൻ ഐബീരിയയിലെ മുസ്‌ലിം, ജൂത സമൂഹങ്ങളുടെ ചരിത്രങ്ങളെയും പാരമ്പര്യങ്ങളെയും സംസ്കാരസമ്പന്നമായ ഒന്നായി കൊണ്ടാടുന്ന ഒരു പാരമ്പര്യമാണ് അന്തലൂസിസ്മോ. ഒപ്പം സ്പാനിഷ് – യൂറോപ്യൻ രാഷ്ട്രീയത്തെയും സംസ്കാരങ്ങളെയും മനസ്സിലാക്കുവാൻ ഒരു വിമർശനാത്മക പ്രതിഫലനം വികസിപ്പിച്ചെടുക്കുന്നതിൽ ഈയൊരു ആചാരം പ്രധാനമാണെന്നും കരുതുന്നു. വ്യതിരിക്തമായ ഒരു പ്രസ്ഥാനമെന്ന നിലയിൽ അന്തലൂസിയയുടെ ഉത്ഭവം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ കാണാൻ കഴിയും. പലിവിധത്തിൽ ഇത് സ്പാനിഷ് ഓറിയന്റലിസവുമായും വടക്കേ ആഫ്രിക്കയിലെ സ്പാനിഷ് കൊളോണിയൽ താൽപ്പര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ അതേസമയം തന്നെ മുസ്‌ലിം – ജൂത മധ്യകാലഘട്ട ചരിത്ര സ്വാധീനത്താൽ രൂപംകൊണ്ട ഒരു പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ അനുഭവങ്ങളോടും ഇത് പ്രതികരിക്കുന്നു. അതിനാൽ ഈ പാരമ്പര്യത്തെ കേന്ദ്രീകരിച്ചു തങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്ന ആളുകളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് അന്തലൂസിസ്റ്റാസ്. മധ്യകാല അൽ-അന്തലൂസിൽ അധിഷ്ടിതമായ ഈ അതുല്യ പ്രദേശത്തിന്റെ നിവാസികളായി ജീവിക്കാൻ ശ്രമിച്ച സംഗീതജ്ഞരോ പത്രപ്രവർത്തകരോ രാഷ്ട്രീയക്കാരോ ചരിത്രകാരന്മാരോ ഒക്കെയാവാം അവർ. സംഗീതത്തിൽ, വാസ്തുവിദ്യയിൽ, ഭാഷയിൽ, കലയിൽ, കാവ്യശാസ്ത്രത്തിൽ, അങ്ങനെ ജീവിതത്തിന്റെ പല തലങ്ങളിലും ഭൂതകാലം നിലനിർത്തിയിട്ടുള്ള അടയാളങ്ങളെ കൊണ്ടാടിക്കൊണ്ടാണ് അവർ ജീവിക്കുന്നത്. അതിനാൽ വർത്തമാനകാലത്തിൽ തന്നെ നിലനിൽക്കുന്ന ഭൂതകാലത്തോട് ഒരു പ്രത്യേക അവബോധവും വൈകാരികതയും ആർജ്ജിച്ചെടുത്തവരാവാൻ അവർക്ക് സാധിക്കുന്നു.

അവസാന പദമായ ‘മൂന്നാം സ്പെയിനി’നെക്കുറിച്ച് (the ‘third spain’) താങ്കൾ ചോദിച്ചു.  ഈ മൂന്നാം സ്പെയിൻ, അതിന്റെ ജൂത – മുസ്‌ലിം പാരമ്പര്യങ്ങളെ ആശ്ലേഷിക്കുന്ന ഒന്നാണ്. മധ്യകാല അൽ-അന്തലൂസിന്റെ വിത്തിൽ നിന്ന് സമഗ്രമായി ഉയർന്നുവന്ന ഒന്നാണ് ഈ സ്പെയിൻ. അതിനാൽ മറ്റു രണ്ട് സ്പെയിനുകളിൽ നിന്നും വ്യത്യസ്തമായി ഇതിനെ തിരിച്ചറിയാൻ കഴിയും. ഒരു സ്പെയിൻ എന്നത് ‘സ്പെയിൻ ഓഫ് എക്സൈൽ’ ആണ്. 15, 16, 17 നൂറ്റാണ്ടുകളിൽ കത്തോലിക്കാ ഐബീരിയയിലെ സൈന്യങ്ങളെയും അന്വേഷകരുടെയും നിർബന്ധത്തിൽ പാലായനം ചെയ്യേണ്ടിവന്നവരുടെ സ്പെയിൻ ആണത്. ഒരു ആധുനിക രാഷ്ട്രീയ ക്രമമെന്ന് പറയാവുന്നതാണ് രണ്ടാമത്തെ സ്പെയിൻ; ഐബീരിയയിൽ നിന്ന് ജൂതന്മാരെയും മുസ്‌ലിംകളെയും പുറത്താക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. സ്വത്വപരമായി കത്തോലിക്കനും യൂറോപ്യനുമാണത്.  എന്നാൽ, മധ്യകാല അൽ-അന്തലൂസിനൊപ്പം സ്വന്തം തുടർച്ചയെ ഉൾക്കൊള്ളുകയും അതിന്റെ പിന്തുടർച്ചക്കാരായി സ്വയം മനസ്സിലാക്കുകയും ആ പാരമ്പര്യത്തിന് ഇന്നത്തെ വർത്തമാന ജീവിതത്തിൽ സ്ഥാനം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് മൂന്നാം സ്പെയിൻ.

ഇത്തരം വശങ്ങളെ അടയാളപ്പെടുത്താൻ വേണ്ടിയാണ് പല ചിന്തകരും മതസ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള പുറന്തള്ളലിൽ ഊന്നിയ ഒരു സ്പെയിൻ മാതൃകയെ സൂചിപ്പിക്കുന്ന ‘സ്പെയിൻ ഓഫ് ഇൻക്വിസിഷൻ’ (മതവിചാരണയുടെ സ്പെയിൻ) എന്ന പദത്തിന് വിരുദ്ധമായി ‘ദ തേഡ് സ്പെയിൻ’ (മൂന്നാം സ്‌പെയിൻ) എന്ന പദം വികസിപ്പിച്ചെടുത്തത്.

ഷേർ അലി തരീൻ: അടുത്തതായ്, ‘ദി ഫീലിംഗ് ഓഫ് ഹിസ്റ്ററി’ എന്ന പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് സംസാരിക്കുന്നത് പ്രയോജനകരമാണെന്ന് തോന്നുന്നു.  തീർച്ചയായും, ഈ കൃതിയുടെ ഒരു സുപ്രധാന ഇടപെടലായി പുസ്തകം വായിച്ചപ്പോൾ തോന്നിയത് നാം ചരിത്രത്തെ എങ്ങനെ വിഭാവന ചെയ്യുന്നു എന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തുകയും പുനരവതരിപ്പിക്കുകയും ചെയ്യുക എന്നതാണ്. പരസ്പരബന്ധിതമായ രണ്ട് വാദങ്ങൾ അതിന്റെ ഭാഗമായി താങ്കൾ ഉന്നയിച്ചു. ഒന്ന്, സെൻസോറിയയിൽ (sensoria) നിന്ന് അഥവാ ചരിത്രത്തോടുള്ള വൈകാരികമായ ഇടപെടലുകളിൽ നിന്ന് ഏറെക്കുറെ വൈജ്ഞാനിക തരത്തിലുള്ള ഇടപെടലുകളിലേക്ക് വന്ന മാറ്റമാണ്. തീർച്ചയായും, പുസ്തകത്തിലുടനീളം നിങ്ങൾ ചോദ്യം ചെയ്യുന്ന മറ്റ് ചരിത്രപരമായ അവകാശവാദങ്ങൾ ആധുനിക സ്പാനിഷ് ചരിത്രരചനയിൽ നിന്നുള്ള മുസ്‌ലിങ്ങളുടെയും ജൂതന്മാരുടെയും തുടച്ചുനീക്കലാണ്. അതിനാൽ ഈ ശീർഷകത്തെക്കുറിച്ച് അൽപ്പം സംസാരിച്ചുകൊണ്ട് താങ്കൾ ഈ പുസ്തകത്തിൽ അവതരിപ്പിച്ച പരസ്പരബന്ധിതമായ രണ്ട് വാദത്തെക്കുറിച്ച് വിശദീകരിക്കുമെന്ന് കരുതുന്നു. പുസ്തകത്തിന്റെ ആമുഖഭാഗത്ത് താങ്കളെഴുതിയ ഒരു വാചകം തികച്ചും കൗതുകകരമാണ്:

“നമ്മുടെ താൽപ്പര്യങ്ങളുടെ കേവല ടൂളുകൾ മാത്രമല്ല ഭൂതകാലം, മറിച്ച് സ്നേഹിക്കപ്പെടുന്ന ഒരു വസ്തു പോലെ, നമ്മുടെ ജീവിതത്തിലെ ദുർബലതയുടെ ഒരു പോയിന്റ് അതിന്റെ പ്രതിഫലന ഗ്രഹണത്തെ കവിയുന്നു”. എന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ ഈ വാചകത്തെ കുറിച്ചും ചെറിയൊരു വ്യാഖ്യാനം നൽകാൻ താങ്കൾക്ക് കഴിയുമെന്ന് കരുതുന്നു.

ചാൾസ് ഹിഷ്കിന്ദ്

ചാൾസ് ഹിഷ്കിന്ദ്: ആ തലക്കെട്ടിലൂടെ, ചരിത്രത്തിന് എല്ലായ്പ്പോഴും നിസ്സംഗമായ പഠനത്തിന്റെയും പ്രതിഫലനത്തിന്റെയും വസ്തുവായിരിക്കാൻ കഴിയില്ലെന്നാണ് ഞാൻ പറഞ്ഞുവെക്കാൻ ആഗ്രഹിച്ചത്. ചിലപ്പോൾ നാം ഭൂതകാലവുമായി അല്ലെങ്കിൽ ഭൂതകാലത്തിന്റെ പ്രത്യേക ഭാഗങ്ങളുമായി, മനോഭാവങ്ങളിലൂടെയും വൈകാരികമായും (Feeling and emotion) ബന്ധപ്പെട്ട് കിടക്കുന്നു. അവ നാം ഭൂതകാലത്തെ അല്ലെങ്കിൽ വർത്തമാന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്ന രീതിയെ നിർണയിക്കുന്നു. എന്നാൽ  മുഖ്യധാരാ ചരിത്രരചനയുടെ കാഴ്ചപ്പാടിൽ, ചരിത്രപരമായ പ്രതിഫലനത്തിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട ഒന്നാണ് വൈകാരികത(passion), കാരണം അവ ഭൂതകാലവുമായുള്ള നമ്മുടെ ബന്ധത്തെ വളച്ചൊടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ പുസ്തകത്തിലെ എന്റെ അവകാശവാദം, ഭൂതകാലത്തോടുള്ള എന്റെ ബന്ധം അടിസ്ഥാനപരമായി വികാരങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്.  ഭൂതകാലത്തിന്റെ ചില വശങ്ങൾ നമ്മുടെ ജീവിതത്തെ ശക്തമായി പ്രസക്തമാക്കുന്നു. ഞാൻ സംസാരിച്ച അന്തലൂസിയക്കാർക്കെല്ലാം തന്നെ മധ്യകാല ഐബീരിയയോട് ഭയങ്കര അഭിനിവേശം ആണ്. അവരുടെ രചനകളിലെല്ലാം തന്നെ ഇത്തരത്തിലുള്ള വൈകാരികമായ അടുപ്പം പ്രകടമാക്കുകയും അവരുടെ ജീവിതത്തിൽ ആവശ്യാനുസരണം ആ അടുപ്പത്തിനൊപ്പം അവർ ജീവിക്കുകയും ചെയ്യുന്നു. ഉൾക്കാഴ്ചയുടെ ഉറവിടമായികൂടി അവരതിനെ കാണുന്നു. ദൈനംദിന ജീവിതത്തിലും ഭൂപ്രകൃതിയിലും ഭാഷയിലും സംഗീതത്തിലും അല്ലെങ്കിൽ അവർ വായിച്ച കാര്യങ്ങളിലൂടെയും ഒക്കെ അൽ-അന്തലൂസ് അവരിലുണ്ടാക്കുന്ന ശക്തമായ വികാരങ്ങൾ സമകാലിക ലോകത്തിലെ അവരുടെ അവസ്ഥയുടെ വശങ്ങളെ ഗ്രഹിക്കാൻ അവരെ പ്രാപ്തരാക്കുന്നു. അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവർക്കതിന് കഴിയുമായിരുന്നില്ല.  ഭൂതകാലത്തോടുള്ള നിസ്സംഗ മനോഭാവം ഭൂതകാലത്തിൽ കണ്ടുമുട്ടിയ ഒരു പ്രത്യേക തരം സത്യത്തെ സാധ്യമാക്കുക മാത്രമല്ല മറിച്ച് സത്യത്തിന്റെ തരങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആ വികാരം മെഡിറ്ററേനിയൻ വീക്ഷണം എന്നു വിളിക്കാവുന്ന ഒരു വിമർശനാത്മക വീക്ഷണം അർക്ക് സാധ്യമാക്കി നൽകി എന്നാണ് അവർ മനസ്സിലാക്കുന്നത്; സാമൂഹിക, രാഷ്ട്രീയ, മത, സൗന്ദര്യ ജീവിതത്തിന്റെ സ്പാനിഷ്, യൂറോപ്പ്യൻ ആദർശങ്ങൾക്ക് (Norm) പിന്നിലുള്ള ബഹിഷ്കരണ സ്വഭാവങ്ങളോടുള്ള വിമർശനാത്മകമായ ഒരു കാഴ്ചപ്പാട് അത് മുന്നോട്ടുവെച്ചു.

അതിനാൽ, അന്തലൂസിനെ സംബന്ധിച്ചേടത്തോളം ചരിത്രവിജ്ഞാനശാഖകൾ പൊതുവിൽ വിളംബരം ചെയ്യുന്ന ചരിത്രത്തോടുള്ള നിസ്സംഗമായ നിലപാട് അതിനെ പരിമിതപ്പെടുത്തുന്നത് പോലെയാണ്. അതായത് വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള ആ ദൂരം സുരക്ഷിതമാക്കുന്നതിലൂടെ അന്തലൂസിനെ തന്നെ അത് അപ്രസക്തമാക്കുന്നു. വൈകാരിക ബന്ധങ്ങൾ വിച്ഛേദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ഭൂതകാലം ഒരു പ്രദർശന വസ്തു മാത്രമായി മാറുന്നു. അന്തലൂസിയയിൽ ഇന്നും മധ്യകാല ചരിത്രം ശക്തമായി തന്നെ പ്രസക്തമാണ്. താങ്കൾ മുകളിലുദ്ധരിച്ച ആ വാചകം എഴതുന്ന വേള എന്നെ സംബന്ധിച്ച് ഒരു കാവ്യാത്മക നിമിഷം ആയിരുന്നു. ഭൂതകാലം കേവലം ഒരു ടൂൾ മാത്രമല്ല എന്ന് ഞാൻ എഴുതിയല്ലോ. നമുക്ക് തോന്നുന്ന പ്രത്യയശാസ്ത്രത്തിനനുസരിച്ച് വളച്ചൊടിക്കാൻ പറ്റുന്ന ഉപകരണം അല്ലല്ലോ അത്. അങ്ങിനെ സംഭവിക്കുന്നില്ലാ എന്നോ ചരിത്രത്തെ അങ്ങനെ ഉപയോഗിക്കരുത് എന്നോ അല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. മറിച്ച് ഇത്തരത്തിലുള്ള ഇൻസ്‌ട്രുമെന്റലായ ബന്ധങ്ങൾ കൂടാതെ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിൽ ഭൂതകാലം ഉണ്ടാക്കുന്ന സ്വാധീനങ്ങൾ ഒട്ടും ചെറുതല്ല. നമ്മുടെ ജീവിതത്തിൽ ചില സമയങ്ങളിൽ, ഉദാഹരണത്തിന് പ്രണയത്തിൽ നമുക്ക് മറ്റൊരു വ്യക്തിയുമായി ആഴത്തിൽ ബന്ധം (bound) തോന്നുന്നത് പോലെ തന്നെ ഭൂതകാലത്തിന്റെ ചില ഭാഗങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്ക് തോന്നിയേക്കാം. അതാണ് ഞാൻ ഒഴിവാക്കാൻ കഴിയാത്ത വിധത്തിലുള്ള ‘ബന്ധം’ എന്ന് ഞാൻ പരാമർശിച്ചത്. നിങ്ങൾ പ്രണയത്തിലാവുകയും അതേസമയം പ്രണയത്തിന്റെ ലക്ഷ്യം നിങ്ങൾക്ക് ലഭ്യമാവാതെ വരികയും ചെയ്താൽ, ആ വ്യക്തിയെ അല്ലെങ്കിൽ ആ ബന്ധത്തെ മറികടക്കാൻ ഒരു തെറാപ്പിസ്റ്റിന്റെ സഹായം നിങ്ങൾക്ക് തേടാം. ചരിത്രം പോലുള്ള വിജ്ഞാനശാഖ ഭൂതകാലത്തോടുള്ള നമ്മുടെ അറ്റാച്ച്മെന്റുകൾക്ക് അത്തരമൊരു തെറാപ്പി വാഗ്ദാനം ചെയ്യുന്ന ഒരു ഇടമാണെന്ന് മനസ്സിലാക്കാം. ആ അറ്റാച്ച്മെന്റുകൾ എപ്പോഴും യാഥാർത്ഥ്യത്തെ (reality) തന്നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നില്ല, മറിച്ച് ഗൃഹാതുരത്വത്തെയോ അല്ലെങ്കിൽ റൊമാന്റിക്കായ അടുപ്പങ്ങളുടെയോ ഒക്കെ രൂപങ്ങളായും അതിനെ കാണാം. നമ്മുടെ ജീവിതങ്ങളൊന്നും എപ്പോഴും വസ്തുനിഷ്ഠമായ സത്യങ്ങളിൽ അധിഷ്ഠിതമല്ലല്ലോ… എന്റെ പുസ്തകം ഏറ്റുമുട്ടാൻ ശ്രമിക്കുന്നതും അതിനോടാണ്.

(തുടരും)

 

തയ്യാറാക്കിയത്: സുറയ്യ അബു

ഷേർ അലി തരീൻ