തൂഫാനുൽ അഖ്സ ആരംഭിച്ച് ഒരു വർഷം പൂർത്തിയാവുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സ്വദേശം വിട്ട് റഫയിലേക്ക് പലായനം ചെയ്ത ഗസയിലെ ജനങ്ങളെ റഫയിലും ഇസ്രായേലിന്റെ സൈന്യം ആക്രമിക്കുന്നതാണ് നാം കാണുന്നത്. ഹമാസ് പ്രവർത്തകരെയും ഗസ്സയിലെ ജനങ്ങളെയും ഒന്നടങ്കം കൊന്നൊടുക്കുന്നതിനു പുറമെ, വേറെയും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇസ്രായേലിന് ഈ വംശഹത്യയിലുണ്ടെന്നാണ് ഈ ലേഖനം പ്രധാനമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
അമേരിക്കൻ ഗവൺമെന്റിന്റെ സഹായത്തോടെ 520 ആണവ സ്ഫോടനങ്ങൾ നടത്തി സൂയസ് കനാലിന് ബദൽ വഴി നിർമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുടെ പൂർത്തീകരണവും ഈ വംശഹത്യയുടെ പിറകിലുള്ള ഇസ്രായേലിന്റെ താൽപര്യമായി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 1963-ൽ ആലോചിച്ചിരുന്ന ഈ പദ്ധതിയിൽ നിന്ന് യു.എസ് പിന്നീട് പിന്മാറിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങളും ഭരണകൂടതലത്തിൽ നടന്ന ചർച്ചകളുടെയും വിശദാംശങ്ങൾ പുറത്ത് വരുന്നതും ലോകം ഇതിനെക്കുറിച്ച് അറിയുന്നതും.
“Strategically valuable alternative to the present Suez Canal” എന്നായിരുന്നു അന്ന് ഈ പദ്ധതിയുടെ റിപ്പോർട്ടിന് നാമകരണം ചെയ്തിട്ടുണ്ടായിരുന്നത്. സമുദ്രത്തിലും, അതുവഴി സാമ്പത്തിക രംഗത്തും ആഗോള ചരക്കു നീക്കത്തിലും ആധിപത്യം ഉറപ്പിക്കുക എന്നത് രൂപീകരണ സമയത്തു തന്നെ ഇസ്രായേലിൻറെ അജണ്ടയിലുണ്ടായിരുന്നു. ഈജിപ്‌തിൻറെ അധീനതയിലുള്ള സൂയസ് കനാൽ പിടിച്ചെടുക്കുക എന്നതാണ് കുടിയേറ്റ രാഷ്ട്രമായ ഇസ്രായേൽ അതിനുവേണ്ടി കണ്ടെത്തിയ പ്രതിവിധി. പിന്നീട് 1956-ൽ രണ്ടാം അറബ്- ഇസ്രായേൽ യുദ്ധം നടക്കുന്നതും യു.കെയും ഫ്രാൻസും ഈ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം കൂടുന്നതും ഇങ്ങനെയാണ്. സൂയസ് ക്രൈസിസ് എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ഒമ്പത് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഇസ്രായേലിന് പിന്മാറേണ്ടിവന്നു.
പിന്നീടാണ് സൂയസ് കനാലിന് ബദൽ ആയി ബൻഗൂരിയൻ കനാൽ എന്ന ആശയവുമായി ഇസ്രായേൽ മുന്നോട്ടുവരുന്നത്. 1963-ൽ നിയന്ത്രിത ആണവ സ്ഫോടനങ്ങൾ നടത്തി ബൻഗൂരിയൻ കനാൽ പണിയുക എന്ന ആശയത്തിൽ നിന്ന് യു.എസ് പിന്മാറിയതോടെയാണ് ഇതിൻറെ ആദ്യ നീക്കങ്ങൾ പുറം ലോകമറിയുന്നത്. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര പാതയാണ് സൂയസ് കനാൽ. ചെങ്കടലിനേയും മെഡിറ്ററേനിയൻ സമുദ്രത്തേയും പരസ്‌പരം ബന്ധിപ്പിക്കുന്ന ഈ പാതക്ക് 193.3 കി മി നീളവും 205 മീറ്റർ വീതിയും 24 മീറ്റർ ആഴവുമാണ് ഉള്ളത്. ആഗോള ചരക്ക് ഗതാഗതത്തിൻറെ 12-13 ശതമാനവും കണ്ടൈനർ ട്രാഫിക്കിൻറെ 30 ശതമാനവും നടക്കുന്നത് ഈ കനാൽ വഴിയാണ് എന്നതു തന്നെയാണ് സൂയസ് കനാലിനെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സമുദ്ര പാതയാക്കി തീർക്കുന്നത്. ആകെ എണ്ണ വിനിമയത്തിൻറെ 10 ശതമാനവും നാചുറൽ ഗ്യാസിൻറെ 8 ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്. സൂയസ് കനാൽ യാഥാർഥ്യമാകുന്നതിന് മുമ്പ് ആഫ്രിക്ക ചുറ്റി Cape of Good Hope മാർഗ്ഗമായിരുന്നു ഏഷ്യയിൽ നിന്നു യൂറോപ്പിലേക്കും തിരിച്ചുമുള്ള സഞ്ചാരികളും ചരക്കുകളും എത്തിയിരുന്നത് . മുംബൈ പോർട്ടിൽ നിന്നും ലണ്ടനിലേക്കുള്ള ദൂരം 41% ആണ് സൂയസ് കനാൽ കുറക്കുന്നത്. സൂയസ് കനാൽ നൽകുന്ന സമയ, സാമ്പത്തിക നേട്ടം അത്ര ചെറുതല്ല എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഒരു ട്രില്യൺ യു എസ് ഡോളർ മൂല്യമുള്ള ചരക്കുകളാണ് പ്രതിവർഷം സൂയസ് കടന്ന് പോകുന്നത്.
സൂയസ് കനാലും ബൻഗൂരിയൻ കനാലും
സൂയസ് കനാലിന് വീതി കുറവായതിനാൽ ഇടക്കിടെ തടസ്സങ്ങൾ നേരിടുന്നതും ഭീമൻ കപ്പലുകൾക്ക് അതുവഴി കടന്നു പോകാനുള്ള പ്രയാസവും ഒരേ സമയം ഇരു വശത്തേക്കുള്ള കപ്പലുകൾക്കു നേരിടേണ്ടി വരുന്ന ഗതാഗത പ്രശ്നവും ബൻഗൂരിയൻ കനാലിൻറെ വലിയ സാധ്യതയായി ഇസ്രായേൽ മനസ്സിലാക്കുന്നു. തങ്ങളുടെ പ്രധാന മന്ത്രിയും ജൂത രാഷ്ട്ര പിതാവുമായ ഡേവിഡ് ബെൻഗൂരിയൻറെ പേരാണ് അവർ തങ്ങളുടെ ഈ സ്വപ്‌ന പദ്ധതിക്ക് നൽകിയത്. ബെൻഗൂരിയൻ കനാൽ സാധ്യമായാൽ അഖബ ഉൾക്കടലിൽ നിന്ന് തുടങ്ങി ഇസ്രായേൽ-ജോർദാൻ അതിർത്തി വഴി അറബ താഴ്വരയും നെഗേവ് കുന്നുകളും കടന്ന് ഗാസക്കരികിലൂടെ മെഡിറ്ററേനിയൻ കടലിലെത്താൻ ഇസ്രായേലിന്റെ കച്ചവട സംഘങ്ങൾക്ക് സാധിക്കും.
ഭീമമായ ചെലവും സൂയസ് കനാലിനേക്കാൾ 100 കിലോമീറ്റർ എങ്കിലും നീളം കൂടും എന്നതും ഭൂമിശാസ്ത്രമായ പ്രത്യേകതകളാൽ നിർമാണ പ്രവർത്തനം അതിസങ്കീർണമാകൂം എന്നതുമെല്ലാം ഇസ്രായേലിന് ഈ പദ്ധതിയുമായി മുന്നോട്ടു പോക്കുന്നതിന് മുമ്പിൽ വിഘ്‌നമായി നിൽക്കുന്നുണ്ട് . മേഖലയിലെ പ്രധാന ശക്തികളും അതുവഴി വലിയ തോതിൽ വ്യാപാരം നടത്തുകയും ചെയ്യുന്ന അറബ് രാഷ്ട്രങ്ങളുടെ എതിർപ്പുകളും ഇസ്രായേല് നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. പക്ഷെ, അതിലുപരി ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയായി ഇസ്രായേൽ മനസ്സിലാക്കുന്നത് ഈ സമുദ്രപാത കടന്ന് പോകുന്നത് ഗസ്സ മുനമ്പിലൂടെയാണ് എന്നുള്ളതാണ് . ക്രൂരമായ ഫലസ്തീൻ അധിനിവേശത്തോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമായും ഈ പാതയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നതും ഉറപ്പാണ്. മിസൈൽ ടെക്നോളജിയും ബോംബുകളും കൈവശമുള്ള ഹമാസ് ഉൾപ്പെടെയുള്ള സംഘങ്ങൾക്ക് ഈ മേഖലയിലുള്ള ആധിപത്യം മൂലം, ഈ കനാൽ സുരക്ഷിത പാതയായി മറ്റു രാഷ്ട്രങ്ങളോ കമ്പനികളോ ഗണിക്കില്ല. അതുകൊണ്ട് തന്നെ സൂയസ് കനാലിന് പകരം സുരക്ഷാ ഭീഷണി നിറഞ്ഞ ഈ പാത ആരും തിരഞ്ഞെടുക്കുകയുമില്ല എന്നതും ഇസ്രായേൽ നേരിടുന്ന പ്രശ്നമാണ് . മറ്റു പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്താലും ഈ സുരക്ഷാ ഭീഷണിയുടെ സാഹചര്യം നിലനിൽക്കുന്ന കാലത്തോളം ഈ പദ്ധതി സാക്ഷാൽകരിക്കാൻ സാധിക്കില്ലെന്ന് ഇസ്രായേൽ മനസിലാക്കുന്നു .
തത്ഫലമായി സമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും അതുവഴി സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾ നേടാനും പൂർണമായും ഗസ്സയെ അധീനതയിലാക്കണം ഇസ്രായേലിന്.
പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശത്തിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിഷ്ടൂരമായ കൂട്ടക്കുരുതിക്കും പിന്നിൽ ഈ ലക്ഷ്യം കൂടി ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് അവസാനമായി സൂചിപ്പിക്കാനുള്ളത്. ബെൻഗൂരിയൻ കനാൽ പ്രോജക്ട് അവരുടെ പരിഗണനയിലുള്ളതു കൊണ്ടാണ് 2021-ൽ ബെൻഗൂരിയൻ കനാൽ നിർമിക്കുമെന്ന് ഈ പദ്ധതിയെ ബലപ്പെടുത്തി ഇസ്രായേൽ സർക്കാർ പ്രസ്‌താവനയിറക്കിയത്.