Campus Alive

പാരമ്പര്യവും ഭാഷയും: ചില അസദിയൻ ആലോചനകൾ

“ഒരാൾ പദങ്ങൾ ഉപയോഗിച്ച് കാര്യങ്ങളെ ശരിയായി ഗ്രഹിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന പ്രക്രിയയെ ആണ് പാരമ്പര്യം എന്ന് പറയുന്നത്”. പ്രശസ്ത നരവംശശാസ്ത്ര ഗവേഷകനായ പ്രൊഫ.തലാൽ അസദ് പാരമ്പര്യത്തെ സംബന്ധിച്ച് പറയുന്ന വാക്കുകളാണിത്.

ആധുനികതയും പാരമ്പര്യവും തമ്മിലുള്ള വ്യാവഹാരിക സംഘർഷത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന വേളയിൽ, ഭാഷയുമായി ബന്ധപ്പെട്ട വ്യാവഹാരിക സംവാദങ്ങൾ അത്യധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള വേർതിരിവ് യഥാർത്ഥത്തിൽ ഒരു വ്യാവഹാരിക നിർമ്മിതിയായി, അല്ലെങ്കിൽ ജനപ്രിയ ആഖ്യാനങ്ങളെ തിരിച്ചറിയുവാനുള്ള സൂക്ഷ്മ രേഖകളായി മനസ്സിലാക്കുവാൻ എവ്വിധമാണ് പ്രസ്തുത ബന്ധങ്ങൾക്ക് അകത്തു നിന്നുക്കൊണ്ടുള്ള വ്യത്യസ്ത അന്വേഷണങ്ങൾ നമ്മളെ സഹായിക്കുന്നതെന്നതിനെ സംബന്ധിച്ച് നമ്മൾ കാര്യക്ഷമമായി ആലോചിക്കേണ്ടതുണ്ട്. പാരമ്പര്യം എന്നൊരു സങ്കല്പം നമ്മുടെ ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിരന്തരം കടന്നുവരുന്ന ഒരു സംജ്ഞയാണ്. കേവലം രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാത്രമല്ല, മതത്തിനെ സംബന്ധിച്ച് സംസാരിക്കുന്ന വേളയിലും, ദൈനംദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന വേളയിലുമൊക്കെ നിരന്തരം ഈയൊരു സംജ്ഞയെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ആപേക്ഷികമെന്നോണം, പാരമ്പര്യത്തെ നിർവചിക്കുവാനുള്ള പ്രബലമായ ശ്രമങ്ങൾ നമ്മൾക്ക് ചുറ്റും അരങ്ങേറുന്നുണ്ട്. എന്നാൽ, പ്രസ്തുത വിവക്ഷകളിലുള്ള ഭാഷ സംബന്ധിയായ ഇടപെടലുകൾ പ്രത്യേകം ചർച്ച ചെയ്യേണ്ടുന്ന ഒന്നാണെന്ന് കരുതുന്നു. പാരമ്പര്യവും സംശയവും തമ്മിൽ അഥവാ പാരമ്പര്യവും ഭാഷയും തമ്മിൽ നിരന്തരമായ ഒരു സംഘർഷിതാവസ്ഥയുണ്ട്. ആധുനികതയെ സംബന്ധിച്ച് പറയുന്ന വേളയിൽ, പലപ്പോഴും നമ്മൾ ഊന്നൽ നൽകാറുള്ള ഒരു കാര്യമാണ് സംശയമെന്ന് പറയുന്നത്. ആധുനിക നിർണയങ്ങളെ സംശയിക്കുന്നത് വഴി ഒരു വിമർശനാത്മക ഇടപെടലിനെ സാധ്യമാക്കുകയെന്നതാണ് അതിൻറെ മുഖ്യ ലക്ഷ്യമായി അനുവർത്തിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് സംഗ്രഹിക്കുന്ന സന്ദർഭത്തിൽ, ഒരു വ്യാഖ്യാന സാധ്യതയെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഭാഷയെന്നു പറയുന്നത്. ഭാഷയുടെ വ്യാഖ്യാന സാധ്യതകളിലാണ് സംശയം എല്ലായ്പ്പോഴും പ്രകടമാകുന്നത്. സംശയമില്ലായ്മ എന്ന് പറയുന്നത് ഭാഷയുടെ വ്യാഖ്യാന സാധ്യതകളിലൂടെ സംശയത്തെ മറികടക്കുന്ന ഒരു പ്രതിഭാസമല്ല. മറിച്ച്, ഭാഷയെ മാറ്റിമറിച്ചുകൊണ്ടുള്ള ഒരു ജീവിതാവസ്ഥയാണ്. അതിനാൽ, സംശയത്തിന്റെ വംശാവലിയെ കണ്ടെടുക്കുകയെന്നുള്ളത് നിർബന്ധമായ ഒന്നായി ഇവിടെ മാറുന്നു. പാരമ്പര്യത്തെ സംബന്ധിച്ചുള്ള സമകാലിക സംവാദങ്ങളിൽ പലപ്പോഴും കടന്നുവരുന്ന ഒരു ചർച്ചയാണ്, പല ആചാരങ്ങളും പ്രസ്തുത പാരമ്പര്യത്തിൽ ഉൾപ്പെടുന്നതല്ല, മറിച്ച് അത്തരം ആചാരങ്ങളും നവീകരണങ്ങളും പിൽകാലത്ത് രൂപപ്പെട്ടതാണ് എന്ന വാദം. സാമ്പ്രദായിക രീതിയിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഭാഷ പ്രയോഗങ്ങളാണ് പാരമ്പര്യത്തിന്റെ ഭാഗമായ പ്രസ്തുത സംവാദങ്ങൾക്ക് നാന്ദി കുറിക്കുന്നത്. അതാണ് പാരമ്പര്യവും സംശയവും തമ്മിലുള്ള ബന്ധം. അവയാണ് സംഘർഷിത പ്രവർത്തനങ്ങളെ പാരമ്പര്യത്തിനകത്ത് സൃഷ്ടിക്കുന്നത്. തുടർന്ന്, പാരമ്പര്യത്തിൽ നവീകരണം വേണമെന്ന് നിരന്തരം ഉന്നയിക്കപ്പെടുകയും ചെയ്യുന്നു. “Discursive tradition” എന്ന ആശയത്തെ സംബന്ധിച്ച് വിവരിക്കുന്ന സന്ദർഭത്തിൽ അസദ് പറയുന്നത് ഇവ്വിധമാണ്, “ഭാഷയെ എവ്വിധം ഉപയോഗിക്കുന്നു എന്നതിലാണ് പാരമ്പര്യത്തിന്റെ അന്തസ്സത്ത നിലനിൽക്കുന്നത്”. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വ്യത്യാസം നിലനിൽക്കുന്നത് ഭാഷയുടെ ഉപയോഗത്തിലാണെന്ന് അസദ് ഇവിടെ വ്യക്തമാക്കുന്നു. ഇവിടെ ആധുനികതയുടെ ഭാഷ പ്രകടനങ്ങളുടെ വംശാവലി എന്താണെന്നും, അവ എവ്വിധമാണ് പാരമ്പര്യ ചട്ടക്കൂടിനെ അപ നിർമ്മിക്കുന്നതെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ആധുനികതയുടെ കടന്നുവരവിന് സഹായകമായി അനുവർത്തിച്ച ഒന്നാണ് ദെകാർത്തയുടെ “I think , therefore I am” എന്നുള്ള പ്രയോഗം. “Discourse and method” എന്ന പുസ്തകത്തിലാണ് അദ്ദേഹം പ്രസ്തുത പ്രയോഗം കൊണ്ടുവരുന്നത്. അദ്ദേഹം എല്ലാത്തിനെയും സംബന്ധിച്ച് വളരെയധികം സന്ദേഹിയായ ഒരു വ്യക്തിയായിരുന്നു. ഞാൻ കഴിക്കുന്ന ഭക്ഷണം, ഭക്ഷണം തന്നെയാണോ?, ശ്വസിക്കുന്ന വായു, വായു തന്നെയാണോ?, എന്നിങ്ങനെയുള്ള ആലോചനകളാണ് അദ്ദേഹം നടത്തിയിരുന്നത്. ഒരു വ്യക്തിയുടെ അന്വേഷണപരതയ്ക്ക് സംശയം അത്യന്താപേക്ഷികമായ ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. അപ്പോൾ എങ്ങനെയാണ് നമ്മുടെ അസ്തിത്വത്തെ നിർവചിക്കുവാൻ സാധിക്കുക?. ഒരാൾ നിത്യം സംശയാലുവാണെങ്കിൽ, അയാളുടെ അസ്തിത്വത്തെ സംബന്ധിച്ചും സംശയാലുവാകാമല്ലോ? അപ്പോൾ പിന്നെ എന്താണ് അസ്തിത്വം? പ്രസ്തുത ചോദ്യത്തിന് പരിഹാരം കണ്ടെത്തുവാൻ വേണ്ടി അദ്ദേഹം നടത്തിയ പ്രയോഗമാണ് “ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാനുണ്ട്” എന്നുള്ളത്. സന്ദേഹിയാവുക എന്ന പ്രക്രിയ തന്നെയാണ് നിങ്ങളുടെ നിലനിൽപ്പിന് ആധാരം. നിങ്ങൾ സന്ദേഹിയാവുക എന്നതിന് അർത്ഥം നിങ്ങൾ ചിന്താവിഷ്ടരാവുക എന്നുള്ളതാണ്. അത് തന്നെയാണ് നിങ്ങളുടെ അസ്തിത്വമെന്ന് അദ്ദേഹം സംഗ്രഹിച്ചു. സംശയാതീതമായ പാരമ്പര്യത്തെ നിഷേധിക്കുക എന്ന ആധുനിക വ്യവഹാരിക നിർമ്മിതി ഉടലെടുക്കുന്നത് ഇവിടെ നിന്നാണ്.


മതപാരമ്പര്യവും സംശയവും അല്ലെങ്കിൽ ഭാഷയും തമ്മിലുള്ള സംഘർഷിത ചരിത്രത്തെ നമുക്ക് ക്രൈസ്തവതയുടെ പ്രൊട്ടസ്റ്റന്റ് നവീകരണത്തിലേക്ക് ചേർത്തു വായിക്കാവുന്നതാണ്. ക്രൈസ്തവ ദൈവശാസ്ത്ര പണ്ഡിതനായ മാർട്ടിൻ ലൂഥറാണ് പ്രസ്തുത മൂവ്മെന്റിന് നേതൃത്വം നൽകുന്നത്. പതിനഞ്ച്-പതിനാറ് നൂറ്റാണ്ടിൽ യൂറോപ്പിൽ നിലനിന്നിരുന്ന ഒരു ക്രൈസ്തവ ആചാരമായിരുന്നു “sales of intelligence”. പ്രസ്തുത ആചാര പ്രകാരം, പാപം ചെയ്യുന്ന വിശ്വാസികൾക്ക് പാപമോചനം ഇഹലോകത്ത് നിന്നു തന്നെ ലഭ്യമാകും. ഒരു പ്രത്യേക സമയത്ത് നിങ്ങൾ ചർച്ചിലേക്ക് വരികയും, പാപപരിഹാരമായി ഒരു നിശ്ചിത തുക നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങൾക്ക് പാപ മുക്തി ലഭ്യമാകും. എന്നാൽ, പ്രസ്തുത ആചാരം ഒരു ദുർമാർഗ്ഗമായി രൂപപ്പെട്ടു. സമ്പന്നർക്കിടയിൽ വ്യാപകമായി ഇത് നടത്തുവാൻ തുടങ്ങി. കുമ്പസാരത്തിന്റെ വ്യാപാരവൽക്കരണമായി ഇവ രൂപപ്പെട്ടു. തദ്ഫലമായി, ബൈബിളിന്റെ വ്യാഖ്യാന ചട്ടക്കൂട് എവ്വിധമാകണമെന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഉടലെടുത്തു. കത്തോലിക്ക സഭയുടെ വ്യാവഹാരിക നിർമ്മിതികളെ ലൂഥർ നിശിതമായി വിമർശിച്ചു. എന്നാൽ, സഭയിൽ നിന്ന് പുറത്താക്കിയ ലൂഥറിനെ വിറ്റിൻസ്ബർഗിലെ ജനങ്ങൾ സ്വീകരിച്ചു. ഇതിലൂടെയാണ് പ്രൊട്ടസ്റ്റന്റ് മൂവ്മെന്റിന് നാന്ദി കുറിക്കുന്നത്.

പ്രസ്തുത മൂവ്മെന്റിന്റെ ഭാഗമായി ജനങ്ങൾ കത്തോലിക്ക വ്യവഹാരങ്ങളിൽ നിന്നും മാറി, ബൈബിളിനെ വ്യക്തിപരമായി വായിക്കുവാൻ ആരംഭിച്ചു. കത്തോലിക്സും പ്രൊട്ടസ്റ്റൻ്റ്സും പ്രധാനമായും വേർതിരിയുന്ന ഒരു ഘടകമിതാണ്. ബൈബിളിന്റെ വ്യത്യസ്തവും വൈയക്തികവുമായ വായനകൾ കേവലമൊരു വായന ഗ്രന്ഥമായി അവയെ രൂപപ്പെടുത്തി. പാരമ്പര്യത്തിലൂന്നിക്കൊണ്ടുള്ള നിർണിതമായ വായന രീതി തീർത്തും അവഗണിക്കപ്പെട്ടു. എന്നാൽ, വ്യക്തിപരമായ വ്യാഖ്യാനങ്ങൾ പ്രൊട്ടസ്റ്റൻറ് ദൈവശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ തന്നെ ആശങ്ക ജനിപ്പിച്ചു. പ്രസ്തുത വായനയ്ക്ക് തന്നെ ഒരു ഏകീകൃത സ്വഭാവം നൽകുവാൻ അവർ തീരുമാനിച്ചു. അങ്ങനെ, ബൈബിളിന് ഒരു ഏകീകൃത പ്രൊട്ടസ്റ്റൻറ് വ്യാഖ്യാന രീതി രൂപീകരിച്ച് നൽകി. യഥാർത്ഥത്തിൽ, പ്രസ്തുത പ്രവർത്തിയിലൂടെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയുടെ കത്തോലിക്ക് ക്രിസ്ത്യാനിറ്റിയിലേക്കുള്ള പുനരാവിഷ്കരണമാണ് അരങ്ങേറിയത്. പ്രൊട്ടസ്റ്റൻറ് ദൈവശാസ്ത്ര പണ്ഡിതന്മാർ കൊണ്ടുവന്ന വ്യാഖ്യാന രീതിശാസ്ത്രമാണ് പിന്നീട് “ഭാഷ്യതന്ത്രം”(Hermenuetics) എന്ന പഠനശാസ്ത്രത്തിന് വഴിയൊരുക്കിയത്. നമ്മൾ ഒരു പഴയ ഗ്രന്ഥം വായിക്കുന്ന സന്ദർഭത്തിൽ, ആ ഗ്രന്ഥത്തിൻ്റെ സാമൂഹിക പശ്ചാത്തലം എന്താണ്? അവിടെ അതിനെ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന അർത്ഥങ്ങൾ എന്തെല്ലാമാണെന്നുള്ള ചർച്ചകളാണ് ഇതിൽ പ്രധാനമായും ഉണ്ടാവുന്നത്. ഇതിലൂടെ മതകീയ ഗ്രന്ഥം വായിക്കുകയെന്നുള്ളത് ഒരു സാഹിത്യ-വിമർശക സമ്പ്രദായമായി മാറി. പിന്നീട് ഇതൊരു പ്രത്യേക വിമർശകരീതിയായി തന്നെ രൂപപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട ആലോചനകൾ ആധുനിക തത്വചിന്തയിലും ഉത്തര-ഘടനാമനശാസ്ത്രത്തിലുമൊക്കെ കാണുവാൻ സാധിക്കും. പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ പോൾ റിക്കോവറിൻ്റെ “Hermenuetics of suspicion” എന്ന പുസ്തകം ഇതിനൊരുദാഹരണമാണ്. “സംശയത്തിന്റെ വ്യാഖ്യാനം” എന്ന് ലളിതമായ രീതിയിൽ നമുക്കതിനെ വിവർത്തനം ചെയ്യാം. മേലുദ്ധരിച്ച പ്രൊട്ടസ്റ്റന്റ് സ്വാധീനം പ്രസ്തുത പുസ്തകത്തിൽ നല്ല രീതിയിൽ പ്രതിഫലിക്കുന്നുണ്ട്. വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് അല്ലെങ്കിൽ അർത്ഥതലങ്ങൾക്ക് സാധ്യമാകുന്ന രീതിയിൽ ഒരു മതഗ്രന്ഥത്തെ സമീപിക്കാമെന്നതാണ് പ്രൊട്ടസ്റ്റൻ്റ് സിദ്ധാന്തം. മതവ്യാഖ്യാന നിയമങ്ങളോ രീതികളോ ഒന്നും അതിന് ബാധകമല്ല. ആപേക്ഷികമെന്നോണം, പോൾ റിക്കോവർ ജീവിതത്തെ തന്നെ ഒരു ഗ്രന്ഥമായിട്ടാണ് കാണുന്നത്. ഒരാൾക്ക് പ്രത്യക്ഷത്തിൽ നൽകുന്ന അർത്ഥത്തിനു പുറമേ മറ്റൊരർത്ഥത്തെ ജീവിതം രഹസ്യമാക്കി വെക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനാൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്ക് ജീവിതമെന്ന ഗ്രന്ഥം സാധ്യത തുറന്നു നൽകുന്നു. ജീവിതമെന്ന ഗ്രന്ഥത്തിന് (text) മറ്റൊരു ഉപഗ്രന്ഥം (subtext) അല്ലെങ്കിൽ ആന്തരികാർത്ഥമുണ്ട്. അപ്പോൾ എല്ലാ ഗ്രന്ഥവും ഇവ്വിധത്തിൽ വിഭജിച്ചു വരികയെന്നുള്ളതാണ് റിക്കോവറിന്റെ സിദ്ധാന്തം.

പിന്നീട്, ഈയൊരു സിദ്ധാന്തത്തെ ഗ്രന്ഥം, ജീവിതം എന്നതിൽ നിന്നെല്ലാമുപരി വിശാലാർത്ഥത്തിൽ ഉപയോഗപ്പെടുത്താൻ തുടങ്ങി. വ്യക്തി, മതാചാരങ്ങൾ എന്നിങ്ങനെ എല്ലാത്തിനെയും ഒരു ഗ്രന്ഥമായി കാണുവാൻ തുടങ്ങി. അപ്പോൾ, മതമെന്ന് പറയുന്നത് എല്ലായ്പ്പോഴും എന്തോ മറച്ചുവെക്കുന്ന, അതുപോലെതന്നെ വെളിപ്പെടുത്തുന്ന ഒന്നായി മാറി. ഭാഷ്യതന്ത്രത്തിലെ പ്രധാനപ്പെട്ട മൂന്നും പ്രവർത്തനങ്ങളായി അദ്ദേഹം പറയുന്നത്, “വാക്യം, വ്യാഖ്യാനം, വിവർത്തനം” എന്നിവയെയാണ്. മേൽപ്പറഞ്ഞവയെല്ലാം, ഭാഷ്യതന്ത്രത്തിന്റെ വ്യത്യസ്ത ഘടകങ്ങളാണ്. ഇവ മൂന്നിനും സംശയമെന്നുള്ള ഘടകത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഉത്തര-ഘടനാമനശാസ്ത്ര ഇടപെടലുകളിലൂടെയാണ് ഭാഷ്യതന്ത്ര വ്യവഹാരങ്ങൾക്ക് കൂടുതൽ പ്രാവീണ്യത കൈവരുന്നത്. പ്രസ്തുത ഇടപെടലുകൾ മതപാരമ്പര്യ ചർച്ചകളിൽ കൂടുതൽ സ്വാധീനമുണ്ടാക്കി. ഈയൊരു സന്ദർഭത്തിലാണ്, ഇവയെ വേറൊരു തരത്തിൽ സമീപിച്ചുകൊണ്ട് പ്രശസ്ത ജർമ്മൻ ചിന്തകനായ ഹാൻസ് ജോർജ് ഗാഡമർ കടന്നുവന്നത്. നിങ്ങൾക്ക് ഒരു വസ്തുവിന്റെ അർത്ഥം മനസ്സിലാക്കണമെങ്കിൽ, പ്രസ്തുത വസ്തുവുമായി ഒരു പൂർവാനുഭവം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാൾ ഒരു ഗ്രന്ഥത്തെ സമീപിക്കുമ്പോൾ, ആ ഗ്രന്ഥവുമായി ഒരു പൂർവാനുഭവം നിർബന്ധമാണെന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തം. മേലുദ്ധരിച്ച രണ്ട് ചിന്തകന്മാരും ഭാഷ വിഷയകമായ ഒരു ഇടപെടലിലൂടെയാണ് സംശയത്തെ ചേർത്തു വായിക്കുന്നത്. നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയെ അതല്ലെങ്കിൽ ഒരു മതാചാരത്തെ ഭാഷ വിഷയകമായി സ്വീകരിച്ചുകൊണ്ടുള്ള വ്യവഹാരിക നിർമ്മിതികളാണ് ഇവർ രൂപീകരിക്കുന്നത്. ഉദാഹരണത്തിന്, ഒരാൾ പരമ്പരാഗതമായി ഉപയോഗിച്ചു വന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാഷാപ്രയോഗം നടത്തുന്ന സന്ദർഭത്തിലാണ് സംശയം ഉടലെടുക്കുന്നത്. അതിലൂടെയാണ് വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാധ്യതയൊരുക്കുന്നത്. ഇവിടെ പാരമ്പര്യത്തെ ഒരു ഭാഷ്യതന്ത്ര ഇടപെടലിലൂടെ സമീപിക്കുന്ന സന്ദർഭത്തിൽ, ഭാഷയെ കേവലമൊരു ആശയവിനിമയ മാർഗ്ഗം(way of communicating), അതല്ലെങ്കിൽ ഒരു ഭാഷ പ്രയോഗം എന്ന രീതിയിൽ കാണുകയെന്നുള്ളതാണ് ആധുനികത ചെയ്യുന്നത്. മറിച്ച്, വ്യവഹാരിക നിർമിതികൾക്ക് പുറത്ത് നിന്നുകൊണ്ട്, തങ്ങളുടെ ജീവിത രീതിയിലൂടെ(way of living) രൂപപ്പെടുത്തിയെടുത്ത ഒരു മതപാരമ്പര്യമുണ്ട്. പ്രസ്തുത മതപാരമ്പര്യം കേവലം ഭാഷ നിർവചനങ്ങൾ കൊണ്ട് സംഗ്രഹിക്കാൻ സാധിക്കുന്നതല്ല. ഇതിനർത്ഥം പാരമ്പര്യത്തിനകത്ത് സംശയങ്ങൾക്ക് സാധ്യതയില്ല എന്നുള്ളതല്ല. മറിച്ച്, പ്രസ്തുത സംശയത്തിന് വേറൊരു പാരമ്പര്യമുണ്ടെന്നും, ആ പാരമ്പര്യം ആധുനികതയുടെ ചട്ടക്കൂടിലാവാതിരിക്കുകയെന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അസദ് വ്യക്തമാക്കുന്നു. പ്രശസ്ത ഓസ്ട്രിയൽ തത്വചിന്തകനായ ലുഡ്വിഗ് വിറ്റിങ്സ്റ്റെൻ “On certainity” എന്ന തൻ്റെ പുസ്തകത്തിൽ പാരമ്പര്യത്തെ ഒരാളുടെ ജീവിതരീതിയുമായി(form of life) ചേർത്തു വായിക്കുന്നുണ്ട്. അയാളുടെ ജീവിതരീതിയുമായി ഭാഷ നിരന്തരം സംഭാഷണത്തിലേർപ്പെടുന്നുണ്ട്. ബ്രിട്ടീഷ്-പോളിഷ് നരവംശ ശാസ്ത്രജ്ഞനായ മലിനോസ്കി ആധുനിക പ്രയോജനവാദത്തിൻ്റെ പ്രതലത്തിൽ നിന്ന് കൊണ്ട് പറയുന്നത് പോലെ, ഒരു മതാചാരമെന്ന് പറയുന്നത് അതല്ലെങ്കിൽ പാരമ്പര്യമെന്ന് പറയുന്നത് വിശ്വാസികളുടെ സാമുഹിക അവകാശത്തെയോ സ്ഥാപനവൽക്കരണത്തെയോ ന്യായീകരിക്കുവാനുള്ള പുരാണ സങ്കൽപ്പങ്ങളോ നിർമിതികളോ അല്ല. ഭാഷയെ(പാരമ്പര്യത്തെ) കൃത്യമായി ഉപയോഗിച്ചു കൊണ്ടുള്ള, വിന്യസിച്ച് കൊണ്ടുള്ള ജീവിത രീതിയാണ്. ഒരാളുടെ ജീവിത രീതിയിൽ അതല്ലെങ്കിൽ പാരമ്പര്യത്തിൽ ഭാഷയെ എവ്വിധം കൈകാര്യം ചെയ്യുകയെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മതത്തെ സംബന്ധിച്ചുള്ള നരവംശ ശാസ്ത്ര പഠനങ്ങളിലും ഇത്തരത്തിലുള്ള ഭാഷാപരമായ ഇടപെടലുകൾ നമ്മുക്ക് കാണുവാൻ സാധിക്കും. മതത്തെ ഒരുകൂട്ടം പ്രതിരൂപങ്ങളായി മനസ്സിലാക്കുന്ന സന്ദർഭത്തിൽ, കേവലമൊരു പ്രതിനിധാനങ്ങൾക്കപ്പുറമുള്ള വ്യത്യസ്ത അവതരണങ്ങളെയും പ്രതീകാത്മകമല്ലാത്ത മതത്തിന്റെ സ്വാധീനങ്ങളെയും അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗ്രീറ്റ്സിൻ്റെ പഠനങ്ങൾ അവഗണിക്കുന്നുണ്ട്. ഉദാഹരണത്തിന്, മുസ്ലിങ്ങളുടെ ആരാധനാകർമമായ നമസ്കാരത്തെ ഒരു പ്രതീകമായി(symbol) കാണുന്ന സന്ദർഭത്തിൽ, അതിൻറെ പ്രതീകാത്മകമില്ലാത്ത സ്വാധീനങ്ങളായ സാമൂഹികതയെയും മനോവികാരത്തെയും പ്രേരണകളെയുമൊക്കെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിർവചനമാണ് അവിടെ സാധ്യമാക്കുന്നത്. പ്രസ്തുത നിർവചനത്തിലൂടെ ഉണ്ടായി വരുന്ന മതമെന്ന് പറയുന്നത്, സാമൂഹിക യാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മറ്റൊരു യാഥാർത്ഥ്യമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ, ചിഹ്നങ്ങളെന്നു പറയുന്നത് ഒരേസമയം പ്രതീകമാകാനും ആശയഗ്രഹണമാവാനും സാധ്യമായ ഒന്നാണ്. ഇതിനെ ഇഴപിരിച്ചുകൊണ്ടുള്ള, മതത്തെ സംബന്ധിച്ചുള്ള ആധുനിക നിർവചനങ്ങളെയാണ് വിവിധ വംശാവലി പഠനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. ആപേക്ഷിമെന്നോണം, ഒരു സാമൂഹിക ആചാരത്തെ മനസ്സിലാക്കുന്ന സന്ദർഭത്തിലും പ്രസ്തുത വിഭജനത്തെ നമുക്ക് കാണുവാൻ സാധിക്കും. ഉദാഹരണത്തിന്, ട്രാഫിക് സിഗ്നൽ കണ്ടാൽ വണ്ടി നിർത്തുകയെന്നുള്ളത് ഒരു സാമൂഹിക ആചാരമാണ്. ഇതിനെ മനസ്സിലാക്കാൻ രണ്ട് സാധ്യതകളെ നമുക്ക് കണ്ടെടുക്കുവാൻ സാധിക്കും. ഒന്നാമത്തേത്, ഭാഷാപരമായി നിർണ്ണിതമായ വ്യവഹാരങ്ങളും(discourse ) മറ്റൊന്ന് നമ്മുടെ സ്വാഭാവിക മനസ്സിലാക്കലുകളും(understanding). ഇവ രണ്ടും പരസ്പരബന്ധിതമായ ഒന്നാണ്. ഇത് തമ്മിൽ വിഭജിച്ചു കൊണ്ടുള്ള കേവല നിർണയങ്ങൾ സ്വാഗതാർഹമായ ഒന്നല്ല. ഒരു സാമൂഹിക ആചാരത്തെ മനസ്സിലാക്കുന്ന സന്ദർഭത്തിൽ നിർമ്മിതമായ പല നിർവചനങ്ങൾക്കുമപ്പുറം അവയുടെ വ്യത്യസ്ത സാമൂഹിക സ്വാധീനങ്ങളെയും അവതരണങ്ങളെയും നാം സ്വാംശീകരിക്കേണ്ടതുണ്ട്. പ്രസ്തുത നരവംശ ശാസ്ത്ര നിർവചനങ്ങളെ കൈകാര്യം ചെയ്തു കൊണ്ടാണ് അസദ് പാരമ്പര്യത്തെ സംബന്ധിച്ചുള്ള തൻ്റെ ആശയങ്ങളെ മുന്നോട്ടു വെക്കുന്നത്.

കാലിഫോർണിയ സർവകലാശാലയിലെ നരംവംശ ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ചാൾസ് ഹിച്ച്കിന്ദ് തൻ്റെ “The Feeling of History: Islam, Romanticism, and Andalusia” എന്ന പുസ്തകത്തിൽ പറയുന്നത് പോലെ, മുസ്ലിം സ്പെയിനിൻ്റെ യുറോപ്യൻ അധിനിവേശത്തിൽ വംശീയ ഉന്മൂലത്തിന് സമാന്തരമായി തന്നെ അവിടെ അരങ്ങേറിയ സംഭവമായിരുന്നു അന്തലൂസ്യൻ ജനതയുടെ മേലുള്ള ജ്ഞാനാധിപത്യമെന്ന് പറയുന്നത്. പ്രസ്തുത ജ്ഞാനഹത്യയുടെ പ്രാരംഭത്തിൽ അവിടുത്തെ മുസ്ലിം വിശ്വാസികളുടെ പാരമ്പര്യ-ചരിത്ര വികാരത്തെ ഇല്ലാതാക്കുകയെന്നുള്ളതായിരുന്നു യൂറോപ്യരുടെ മുഖ്യലക്ഷ്യം. വ്യവഹാരിക ഇടപെടലുകൾക്കതീതമായ മുസ്ലിം(മത) വികാരത്തെ അതല്ലെങ്കിൽ ‘അയുക്തികമായ’ ഭൂതകാലത്തെ ഇല്ലാതാക്കുകയെന്ന ആധുനിക- ദേശരാഷ്ട്ര ആസക്തിയെ നമ്മുക്ക് മേൽപ്പറഞ്ഞവയോട് ചേർത്ത് വായിക്കുവാൻ സാധിക്കും. ആപേക്ഷികമെന്നോണം, പാരമ്പര്യത്താൽ വിവരം നൽകപ്പെട്ട അതല്ലെങ്കിൽ സംഗ്രഹിക്കപ്പെട്ട ജീവിതരീതിയെ അയുക്തികമായ ഒന്നായി ചിത്രീകരിക്കുകയെന്നുള്ളത് ആധുനികത നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്. അസദ് തൻ്റെ “Geneologies of religion”ൽ പ്രസ്തുത സിദ്ധാന്തത്തെ നിശിതമായ വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. ബ്രിട്ടീഷ് നരവംശ ഗവേശകനായ മോറിസ് ബ്ലോക്കിനെ പോലുള്ളവർ മതത്തിനകത്ത് നടക്കുന്ന ഭാഷ സംബന്ധിയായ ഇടപെടലുകളെ പഠനവിധേയമാക്കുന്നുണ്ട്. മതാചാരങ്ങളെയും മതനിർദ്ദേശങ്ങളെയുമൊക്കെ ഒരുതരത്തിലുള്ള പ്രതീതാത്മക പ്രവർത്തനങ്ങളായാണ് അവർ നിർവചിക്കുന്നത്. പാരമ്പര്യ പ്രാമാണികത്വങ്ങളോടുള്ള വിശ്വാസിയുടെ സമർപ്പണം( മാക്സ് വെബറിൻ്റെ നിയമാനുസ്വത അധികാര സിദ്ധാന്തത്തിൽ മൂന്നാമത്തേത്), അവരുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ നിയന്ത്രിക്കുകയും അതിലൂടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്ലോക്ക് വ്യക്തമാക്കുന്നു. പ്രസ്തുത ആചാരങ്ങൾ അയുക്തകവും മർദ്ദനപരവുമായ സ്വാധീനങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഭൂതകാലത്തിന്റെ തുടർച്ചയിലൂന്നികൊണ്ടുള്ള ക്രിയാത്മകമല്ലാത്ത പാരമ്പര്യത്തെ വെടിഞ്ഞുകൊണ്ട്, തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന(കത്തോലിക്ക് ആചാരങ്ങളെ നേരിട്ട പ്രൊട്ടസ്റ്റന്റ് പരിഷ്കരണം) ലിബറൽ- സെക്കുലർ മതത്തെ സ്വീകരിക്കണമെന്നാണ് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. ആധുനിക ലിബറൽ രാഷ്ട്രീയ മൂല്യങ്ങളെ മറികടന്നു കൊണ്ടുള്ള മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ അയുക്തകവും അരോചകവുമായി തോന്നുന്നത് സ്വാഭാവികമാണെന്ന് ഇവയെ വിമർശനാത്മകമായി നേരിട്ടുകൊണ്ട് അസദ് പറയുന്നുണ്ട്. തുടർന്ന്, പാരമ്പര്യത്തെ നിർവചിച്ചുകൊണ്ട് അസദ് പറയുന്നത്, “പാരമ്പര്യമെന്നു പറയുന്നത് മതത്തിന് കേവലം അമൂർത്തമായ ഒരു സങ്കൽപമല്ല.മറിച്ച്, ഒരു വിശ്വാസിയുടെ സമകാലികതയെ നിർണയിക്കുന്ന ഭൂതകാല സമ്യദ്ധിയാൽ സ്വാധീനിക്കപ്പെട്ട ക്രിയാത്മക ജീവിതരീതിയാണ്”.

 

അബൂബക്കർ എം.എ